മലബാർ വിപ്ലവത്തിൻ്റെ പുനർവായനകൾ: പോരാളികളുടെ ചരിത്രം മുതൽ റാപ് സംഗീതം വരെ

ചരിത്രത്തിൻ്റെ പുനരാലോചനകളും വായനയും നയിക്കപ്പെടുന്നത് പുതിയ കണ്ടെടുക്കലുകളിലേക്കാണ്. ചരിത്രം പ്രത്യയശാസ്ത്ര ബന്ധിതമായതു കൊണ്ടാണ് അതിൽ അതിപാഠപരത (multiplicity of texts ) അനുഭവപ്പെടുന്നത്. എഴുതപ്പെടുന്ന വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളിൽ നിന്ന് ശരിയായ വസ്തുതകളെ തിരക്കുന്ന അന്വേഷണം വളരെ ശ്രമകരമാണ്. പൂർണാർത്ഥത്തിൽ ചരിത്രത്തോട് നീതി പുലർത്തിയ പഠനങ്ങൾ (Ranke school) ഇല്ലതാനും. എഴുതുന്നയാളുടെ താല്പര്യങ്ങൾക്കനുസരിച്ചു ചരിത്രം വക്രീകരിക്കപ്പെടാനും രാഷ്ട്രീയ മിത്തായി (political myth) ഉപയോഗപ്പെടുത്താനും ഒട്ടേറെ സാധ്യതകളുണ്ട്. വസ്തുതകളുടെ പിൻബലമില്ലാതെ സ്ഥാപിത താൽപര്യത്തിനു വേണ്ടി പക്ഷം ചേർന്ന് ചരിത്രത്തെ ദുർവ്യാഖ്യാനിക്കുമ്പോൾ തിരസ്‌കരിക്കപ്പെടുന്നത് ധീരനേതാക്കളുടെ വിപ്ലവ സ്മരണകളാണ്.

ഇവിടെ ഒരന്വേക്ഷണത്തിലേക്ക് വഴി നീങ്ങുകയാണ്. നൂറ് വർഷം പിന്നിടുന്ന മലബാർ വിപ്ലവത്തിന്റെ ത്യാഗ്വോജ്ജ്വല പോരാട്ടങ്ങളോട് കൂറ് പുലർത്തുന്ന രണ്ടാം സമരമായി. മലബാർ വിപ്ലവത്തെ പല രീതിയിൽ അടയാളപ്പെടുത്തിയ ചരിത്രങ്ങൾ കാണാൻ കഴിയും. മലബാർ സമരമായും മാപ്പിള ലഹളയായും കാർഷിക വിപ്ലവമായും ജന്മി-കുടിയാൻ സംഘട്ടനമായും വർഗ്ഗീയ സംഘർഷമായും വരെ രേഖപ്പെടുത്തിയ പഠനങ്ങൾ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ആരംഭം വരെ നീണ്ടു നിന്ന ചരിത്രമുണ്ട് മലബാർ വിപ്ലവത്തിന്.

1921ൽ മലബാറിൽ നടന്നത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള ഒരു സായുധ വിപ്ലവം എന്ന രീതിയിലാണ്. സായുധസമരം എന്നും പറയാം. ഭാഷയിലുള്ള പ്രയോഗങ്ങളുടെ വലുപ്പച്ചെറുപ്പം കാരണം ‘വിപ്ലവം’ ആയിരിക്കും കുറെകൂടി ചേർന്നു നിൽക്കുക. മലയാളത്തിലെ പരിമിതമായ അർത്ഥത്തിൽ സമരം എന്നത് ഒരു വിഷയത്തിന് എതിരെ നടക്കുന്ന പ്രതിഷേധമായാണ് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിൽ അതിന് ‘Struggle’ എന്ന് വിവർത്തനം ചെയ്യാമെങ്കിലും മലയാള ഭാഷയിൽ നമ്മൾ ഉപയോഗിച്ച് തേഞ്ഞ സമരത്തിന്റെ അർത്ഥം; നിലവിലുള്ള രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമര പരിപാടികളാണ്. സമരം എന്ന വാക്കിന് മലയാളത്തിലെ പൊതു അർത്ഥനിർമ്മിതിക്കകത്ത് വളരെ പരിമിതമായ അർത്ഥമാണുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ പോലും 1921 ൽ നടന്നതിനോട് നീതി പുലർത്തുന്നത് മലബാർ വിപ്ലവം എന്ന വാക്ക് തന്നെയാണ്.

മലബാർ വിപ്ലവത്തിന്റെ ചരിത്രം 1498ൽ വാസ്കോഡ ഗാമ കേരളത്തിൽ കാലുകുത്തിയത് മുതൽ തുടങ്ങും. ഇവിടുത്തെ കർഷകരുടെ ക്ലേശകരമായ ജീവിതത്തിലെ ചെറുതും വലുതുമായ ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങൾ മുതൽ നീണ്ടു നിവർന്ന ചരിത്രത്തെ മനസ്സിലാക്കാതെ മലബാർ വിപ്ലവത്തെ വായിക്കുന്നത് നീതിയുക്തമല്ല.

പിന്നീട് നടന്ന മൈസൂർ രാജവംശത്തിന്റെ മലബാർ കീഴടക്കലുകളിൽ നിന്നാണ് ജാതീയ ഉച്ചനീചത്വങ്ങളിൽ നിന്ന് ഇന്നാട്ടിലെ ദരിദ്ര വിഭാഗക്കാർക്ക് സ്വാതന്ത്ര്യവും സ്വസ്ഥതയും ലഭിക്കുന്നത്. ഈ ചരിത്രത്തെയും സവർണ്ണ ബ്രാഹ്മണ കൂലി എഴുത്തുകാരായ ഗോപാലൻ നായരെ പോലെയുള്ളവർ വളച്ചൊടിക്കുന്നത് കാണാൻ കഴിയും. 1921 ലെ മലബാർ വിപ്ലവത്തിന്റെ ബഹിർസ്ഫുരണങ്ങൾ ശക്തിയാർജിക്കുന്നത് 1800 മുതൽ 1852 വരെയുള്ള കാർഷിക സമരങ്ങളിൽ നിന്നാണ്. പ്രത്യേകിച്ച് 1836 മുതൽ 1852 വരെയുള്ള കാലഘട്ടം. അന്നത്തെ കർഷകർ അനുഭവിച്ച പ്രധാന പ്രശ്നം അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും പരിഹരിക്കാനും കോളോണിയൽ ബ്രിട്ടീഷ് വ്യവസ്ഥയും ജാതീയ ബ്രാഹ്മണിസവും അനുവദിക്കാത്തതായിരുന്നു. അങ്ങനെയാണ് മമ്പുറം തങ്ങൾക്ക് കീഴിൽ കർഷകർ സംഘടിക്കുന്നതും ജന്മിത്വ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതും. മുട്ടിച്ചിറ, പാണ്ടിക്കാട്, മഞ്ചേരി, മട്ടന്നൂർ, കുളത്തൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പതിനഞ്ചോളം കാർഷിക കലാപങ്ങൾ ഉടലെടുക്കുകയും മമ്പുറം തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. സ്വാഭാവികമായും ഒരു സമാന്തര അധികാരശക്തി അന്ന് മമ്പുറം തങ്ങളെ പോലെയുള്ളവർക്കായിരുന്നു. അറസ്റ്റ് കൂടുതൽ വൈകാരികതയിലേക്ക് നീങ്ങുകയും ഫസൽ പൂക്കോയ തങ്ങൾക്കു കീഴിൽ കർഷക സമരങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. പിന്നീട് ടി എൽ സ്ട്രേഞ്ച് കമ്മീഷൻ പ്രകാരം കൊളോണിയൽ ഭരണകൂടം ഫസൽ പൂക്കോയ തങ്ങളെ മക്കയിലേക്ക് നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു.

ഫസൽ പൂക്കോയ തങ്ങളുടെ ഖബർ (ഇസ്താംബൂൾ)

പക്ഷെ കാർഷിക വിപ്ലവങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. 1885ൽ ഹുസൈൻ ഷിഹാബ് ആറ്റക്കോയ തങ്ങളുടെ അറസ്റ്റ് ജന്മി വിരുദ്ധ പോരാട്ടം നടത്തി എന്ന പേരിലായിരുന്നു. സത്യത്തിൽ സമരം കണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വരെ പേടിച്ചയനുഭവമാണ് ഒരു ചരിത്രപഠിതാവിന് മലബാർ ചരിത്രത്തിൽ നിന്ന് വായിക്കാനാവുക. ഇത്തരത്തിലുള്ള കാർഷിക സമരങ്ങൾ 1900 ങ്ങൾ വരെ നീണ്ടതായി വില്യം ലോഗന്റെ മലബാർ മാന്വലിൽ കാണാൻ കഴിയും. 1768 മുതല്‍ 1921 വരെ ഈ രീതിയില്‍ നിലനിന്ന കൊളോണിയല്‍ വാഴ്ച്ചക്കും ജന്മിത്ത മേല്‍ക്കോയ്​മക്കും എതിരെ ചെറുതും വലുതുമായ ‘ലഹളകള്‍ ‘ എന്നു വിളിക്കാവുന്ന നിരവധി പ്രക്ഷോഭങ്ങള്‍ മലബാറിലുണ്ടായിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോഴാണ് ബ്രിട്ടീഷുകാര്‍ നിലനിര്‍ത്തിയ വൈദേശിക ഭരണവും ജാതി-ജന്മിത്തം നിലനിര്‍ത്തിയ ചൂഷണവും എത്ര ക്രൂരമായ അടിച്ചമര്‍ത്തല്‍ വ്യവസ്ഥയായിരുന്നെന്ന് മനസ്സിലാകൂ.

1921 ലെ മലബാർ വിപ്ലവത്തെ മൂന്ന് പരിപ്രേക്ഷ്യങ്ങളിലൂടെ നമുക്ക് വായിക്കാം. ഒന്ന് കർഷക സമരം, രണ്ട് ഖിലാഫത്ത് മൂവ്മെന്റ്, മൂന്ന് സ്വാതന്ത്ര്യ സമരം. ഖിലാഫത്ത് മൂവ്മെന്റിന്റെ തുടക്കം ഒന്നാം ലോക മഹായുദ്ധകാലത്ത് ജർമനിയുടെ ഭാഗത്തായിരുന്ന തുർക്കിക്ക് പരാജയം സംഭവിച്ചതിനു പിന്നാലെ ഓട്ടോമൻ ഭരണം അവസാനിച്ചതിനെത്തുടർന്നായിരുന്നു. വിശുദ്ധ ഗേഹങ്ങൾ കോളോണിയൽ ശക്തികൾ മലീമസമാക്കിയ തരത്തിലുള്ള സംഭവങ്ങൾ അതിനെത്തുടർന്ന് അരങ്ങേറിയപ്പോൾ 1919 ഒക്ടോബർ 17 ന് മലബാറിലെ കോഴിക്കോട് ജൂബിലി ഹാളിൽ വെച്ച് ഖിലാഫത്ത് കമ്മറ്റി രൂപീകരിക്കപ്പെട്ടു. ദേശീയ നേതാക്കളായ ഗാന്ധിയും മൌലാന ശൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് തമ്പടിച്ച അമ്പതിനായിരത്തിലധികം വിപ്ലവകാരികളോട് ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുകയും സായുധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

ഇതിന്റെ മറ്റൊരു വശം നോക്കുകയാണങ്കിൽ മതപരമായ ആവശ്യവുമായി കൂട്ടികെട്ടി മുസ്‌ലിംകളുടെ പോരാട്ടത്തെ മുതലടുക്കുകയും തൊട്ടപ്പുറത്ത് ഹൈന്ദവ വിശ്വാസികൾക്കിടയിൽ രാമരാജ്യസങ്കൽപ്പത്തെ നിർമിക്കുകയും ചെയ്ത രാഷ്ട്രീയ കുബുദ്ധിയായിരുന്നു ഗാന്ധിയുടെത്. മലബാർ വിപ്ലവത്തിനു ശേഷം മുസ്‌ലിം സമുദായം അപഖ്യാതി അല്ലാതെ എന്ത് നേടി എന്ന ചോദ്യത്തിന് ‘രണ്ട് നൂറ്റാണ്ട് പിറകോട്ടടിപ്പിച്ചു’ എന്ന എം.എൻ കാരശ്ശേരിയുടെ വീക്ഷണം ശരിയാണ്. പിന്നീട് കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തെ കയ്യൊഴിയുകയും മാപ്പിള ലഹളയായി ദേശീയ നേതാക്കൾ തന്നെ വിലയിരുത്തുകയും ചെയ്യുകയുണ്ടായി. തദവസരത്തിൽ മഹാനായ മുഹമ്മദലി ജൗഹർ ഗാന്ധിയെ കുറിച്ച് വിലയിരുത്തിയത് ഇപ്രകാരമായിരുന്നു “ഒരു പിഴച്ച മുസ്‌ലിം ഗാന്ധിയേക്കാൾ ശുദ്ധനായിരിക്കണം”. മലബാറിലെ മുസ്‌ലിംകളുടെ പോരാട്ടത്തെ നിർവീര്യമാക്കുകയല്ല നിരക്ഷരരായ സമുദായത്തെ വീണ്ടും അനാഥത്വത്തിലേക്ക് വലിച്ചിഴക്കുകയാണ് അന്ന് കോൺഗ്രസ് ചെയ്തത്. എം.പി എസ് മേനോന്റെ ‘മലബാർ സമരം’ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

മലബാർ വിപ്ലവത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ച പ്രഗൽഭരായ മൂന്ന് വ്യക്തിത്വങ്ങളെ സ്മരിക്കാതെ നമുക്ക് മലബാർ ചരിത്രം വായിക്കാൻ കഴിയില്ല. തിരൂരങ്ങാടി കേന്ദ്രമായി ആലിമുസ്ലിയാരും, മഞ്ചേരി കേന്ദ്രമായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയും, പാലാക്കാം തൊഴിക്ക് അബൂബക്കർ മുസ്ലിയായും. ഈ മൂന്ന് മഹത് വ്യക്തിത്വങ്ങളുടെ കീഴിലായിരുന്നു അന്ന് സാമ്രാജത്വ വിരുദ്ധർക്കെതിരെയും, ജന്മിത്ത വ്യവസ്ഥതിക്കെതിരെയും, ഒറ്റുകാർക്കെതിരെയും മാപ്പിളമാർ പോരാടിയത്.

കൊളോണിയല്‍ വിരുദ്ധത, ആധുനികതാ വിമര്‍ശനം, മുസ്‌ലിം -കീഴാള ലയനം തുടങ്ങിയ ആശയങ്ങളുടെ തികവാര്‍ന്ന സമന്വയ രൂപമായിരുന്നു മലബാര്‍ സമരം.

ആലി മുസ്ലിയാർ

മലബാര്‍ സമര ചരിത്രത്തിലെ ഇസ്‌ലാമിന്റെ ഈ സാമൂഹിക പ്രതിനിധാനത്തെ ധൈഷണികമായി വികസിപ്പിച്ചെടുത്തുകൊണ്ട് സമകാലിക രാഷ്ട്രീയ മണ്ഡലത്തില്‍ സ്വന്തം പരിസരം കണ്ടെത്താനാകണം മുസ്‌ലിം രാഷ്ട്രീയം ശ്രമിക്കേണ്ടത്. ദേശീയാധുനികതയുടെ സവര്‍ണവും കീഴാള വിരുദ്ധവുമായ പൗരസങ്കല്‍പം കൈയൊഴിഞ്ഞ ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ എന്നീ വിഭാഗങ്ങളുടെ സമരമുഖം വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിമോചനപരമായ രാഷ്ട്രീയ ഇടപെടലിന്റെ സമകാലിക ദൗത്യം. തീര്‍ച്ചയായും ഇത്തരമൊരു ഇടപെടല്‍ കേവലമായ സ്വത്വരാഷ്ട്രീയമെന്ന് നാം തെറ്റിദ്ധരിക്കാനും പാടില്ല.

സാമ്രാജ്യത്വ അധിനിവേശ ശക്തിയെ എതിര്‍ക്കുന്ന ജനസമൂഹങ്ങളെ അപരരും ഹീനരും കലാപകാരികളും പ്രാകൃതരും അപരിഷ്‌കൃതരുമായി വ്യാഖ്യാനിക്കുന്ന പ്രവണത ബ്രിട്ടീഷ് ഭരണക്രമത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്നു. പാശ്ചാത്യ അധിനിവേശ സംസ്‌കാരത്തെ നിരസിച്ചവരും കൊളോണിയല്‍ ഭരണാധിപത്യം ഏര്‍പ്പെടുത്തിയ രാഷ്ട്രീയ പരമാധികാരത്തെ അംഗീകരിക്കാത്തവരുമായ മാപ്പിളമാരെ മതഭ്രാന്തരായി (Fanatic mappila) ചിത്രീകരിക്കുന്ന രീതി കൊളോണിയല്‍ ഭരണ നടപടികളും അതിന്റെ ജ്ഞാന നിര്‍മ്മിതിയും മലബാറിനെ മുന്‍നിര്‍ത്തി വികസിപ്പിച്ചു.

സാമ്രാജ്യത്വത്തിന്റെ ആധുനികമായ സ്ഥാപന രൂപങ്ങളുമായി ഒരുവശത്ത് ഐക്യപ്പെട്ടുകൊണ്ടും മറുഭാഗത്ത് ദേശീയ പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും കൊണ്ടുനടന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ സ്വാംശീകരിച്ചുകൊണ്ടുമാണ് അന്നത്തെ ഇടതുപക്ഷം മുന്നേറിയത്.

കൊളോണിയല്‍ ആധുനികതയെ കേവലം മുതലാളിത്തമെന്ന കള്ളിയില്‍ മാത്രം ഒതുക്കി വിമര്‍ശനം പതിവാക്കിയ ഇടതുപക്ഷം അതേ ആധുനികത ജന്മം നല്‍കിയ ദേശ-രാഷ്ട്ര സങ്കല്‍പങ്ങളെയും അന്ധമായ യുക്തിവിചാരത്തില്‍ കെട്ടിപ്പടുക്കപ്പെട്ട ശാസ്ത്രബോധത്തെയും വിമര്‍ശനമേതുമില്ലാതെ സ്വീകരിക്കുകയാണ് മലബാർ വിപ്ലവാനന്തരവും ചെയ്തത്.

മലബാർ വിപ്ലവത്തിൽ പ്രധാനികളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും മമ്പുറം തങ്ങളും ഫസൽ പൂക്കോയ തങ്ങളുമടക്കം മുന്നൂറ്റി എൺപത്തിയേഴ് ധീരദേശാഭിമാനികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു തിരുത്തുകയാണ് ഐ സി എച്ച് ആർ.
മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇത് ഒരു വർഗ്ഗീയ കലാപമായിരുന്നു എന്നുമാണ് കൗൺസിലിലെ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാവ് രാം മാധവ് കേരളത്തിൽ വന്നുപറഞ്ഞതും കുറച്ചുകാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാർ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഇപ്പോൾ ഇവരുടെ കണ്ടെത്തൽ. ഇനി ഇതിലേക്ക് എഴുതി ചേർക്കാനുണ്ടാവുക ബ്രിട്ടീഷ് അനുകൂലികളായ ഖാൻ ബഹദൂർ ചേക്കുട്ടിമാരും മാപ്പെഴുതി ദേശത്തെ ഒറ്റിയ വിഡി സവർക്കറും പാദ സേവകരായ കൂലി എഴുത്തുകാരുമടങ്ങിയവരുടെ പേരുകളായിരിക്കും.

അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കമ്പളത്ത് ഗോവിന്ദന്‍ നായര്‍ ആ സന്ദര്‍ഭത്തില്‍ രചിച്ച “ഏറനാട്ടിന്‍ വീര മക്കള്‍” എന്ന മാപ്പിളപ്പാട്ട് സുപരിചിതമാണല്ലോ. അക്കാദമിക ചര്‍ച്ചകളും ജ്ഞാനോത്പാദനവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിലും നയരൂപീകരണത്തില്‍ ഇടപെടുന്നതിലും മാപ്പിളമാരുടെ ശ്രമങ്ങള്‍ എത്രമാത്രം വിജയകരമാണ് എന്ന അന്വേഷണത്തിന്റെ ഫലം നിരുത്സാഹപ്പെടുത്തുന്നതാണ്. ജില്ലാ രൂപീകരണത്തിലും വികസനത്തിലും തങ്ങള്‍ വഹിച്ച പങ്ക് പറഞ്ഞ് മത്സരിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഈ രംഗത്ത് നല്‍കിയ സംഭാവനകളെക്കുറിച്ച് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മലപ്പുറം ജില്ലക്ക് അന്‍പത് വയസ്സും മലബാര്‍ കലാപത്തിന് നൂറു വയസ്സും പൂര്‍ത്തിയാവുന്ന ഈ ഘട്ടത്തിലെങ്കിലും നാം ഈ കൂട്ട മറവിയില്‍ നിന്ന് ഉണരേണ്ടതാണ്. അതല്ലാതെ മാപ്പിളപ്പോരാളികളുടെ വീരേതിഹാസം പുകഴ്ത്തിപ്പറഞ്ഞതു കൊണ്ട് മാത്രം ചരിത്രത്തോട് നീതി പുലര്‍ത്തി എന്ന് പറയാനാവില്ല.

ഉദ്യോഗസ്ഥര്‍ ചേറൂര്‍ പടപ്പാട്ടും മലപ്പുറം പടപ്പാട്ടും നിരോധിക്കുകയും കണ്ടുകെട്ടുകയും വരെ ചെയ്തിരുന്നുവെങ്കിലും അവ മാപ്പിളമാരുടെ പോരാട്ട വീര്യത്തെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.”കലാപത്തെയും തുടര്‍ന്നുനടന്ന സംഭവങ്ങളേയും മഹത്വവല്‍ക്കരണത്തിലൂടെയും കാല്‍പനിക വല്‍ക്കരണത്തിലൂടെയും ജന്മിവിരുദ്ധതക്കും കോളനി വിരുദ്ധതക്കും കൂടാതെ അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സമരോല്‍സുകമായ പോരാട്ട പാരമ്പര്യത്തിന്റെ വളര്‍ച്ചയിലും പടപ്പാട്ടുകള്‍ നിര്‍ണായകമായി” എന്ന കെ.എന്‍. പണിക്കരുടെ നിരീക്ഷണം കലാപങ്ങളുടെ പുനര്‍വായനയില്‍ ഏറെ പ്രസക്തമാണ്.

കീടക്കാട്ട് ഫാത്തിമ പറമ്മേൽ മറിയുമ്മയെ പോലുള്ള സത്രീകളുടെ സാന്നിധ്യം മലബാർ വിപ്ലവത്തിൽ വളരെ ശ്രദ്ധേയമാണ്. . മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുത്തൂര്‍ മുഹമ്മദ് (1937-2012) തന്റെ ആത്മകഥയുടെ (കാലം, പത്രം അനുഭവങ്ങള്‍) ഒന്നാം അധ്യായമായ, ‘ശബ്ദമില്ലാതെ കരഞ്ഞ പെണ്‍കുട്ടി’യില്‍ തന്റെ ഉമ്മയെക്കുറിച്ചഴുതിയതു മലബാർ വിപ്ലവ സമയത്തെ മുഴുവന്‍ മാപ്പിള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും യഥാര്‍ഥ ജീവിതത്തെ വിവരിക്കുന്നുണ്ട്. പുരുഷന്‍മാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകള്‍ ഖബറുകള്‍ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.

യഥാർത്ഥത്തിൽ ഡൊണാള്‍ഡ് സിന്ദര്‍ബേ പറഞ്ഞതായിരുന്നില്ല മലപ്പുറത്തെ സ്ത്രീ ജീവിതം. ആ ചരിത്രം ജീവിതകാലമത്രയും നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്ന മാപ്പിള സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. അതംഗീകരിക്കപ്പെടില്ല എന്നതു മറ്റൊരു കാര്യം. സിന്ദര്‍ബേയുടെ നോവലില്‍ കാണുന്ന കൊളോണിയല്‍ യുക്തിയെ (മലപ്പുറം മാപ്പിളയെ അപരവല്‍ക്കരിക്കാനുള്ള ആശയക്കൂട്ട്) കൂടുതല്‍ വിശദമാക്കലാണ് വിപ്ലവാനന്തരം മലപ്പുറത്തുകാർ കേട്ടു സഹിക്കുന്നത്. അതിന്റെ അടരുകള്‍ പലതാണ്. എല്ലും ഇറച്ചിയും തുളച്ചു പോകുന്ന ഒറ്റപ്പെടുത്തലുകളാണ്. മലബാര്‍ വിപ്ലവം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ അത് കൂടുതല്‍ വര്‍ധിതമാക്കാനുള്ള നീക്കം ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട നേതാവിന്റെ പിന്‍ഗാമികള്‍ ശക്തമാക്കിയിരിക്കുന്നു, അതിനെ നേരിടേണ്ടത് ചരിത്രം പഠിച്ചും വക്രീകരണങ്ങളിൽ നിന്ന് വസ്തുതകളെ മറവിക്ക് വിട്ടുകൊടുക്കാതെ രേഖപ്പെടുത്തിയുമാണ്.

ഇവിടെയാണ് മലബാർ വിപ്ലവത്തെ റാപ്പ് സംഗീതത്തിലേക്ക് പകർത്തിയ ദി മാറ്റർ ടീമിന്റെ ‘അന്നിരുപത്തൊന്നിൽ’ എന്ന റാപ്പ് സംഗീതം വ്യത്യസ്തമാകുന്നത്. റാപ്പ് സംഗീതം വിളിച്ചോതുന്ന മൂർത്തമായ വാക്കുകൾ തന്നെ അധികാരത്തെ ചൊടിപ്പിക്കാൻ പ്രാപ്തമായതാണല്ലോ. വിളിച്ചു പറയുന്ന ആശയങ്ങളെക്കാൾ തീവ്രമായ വാക്കുകളാണ് അക്ഷരാർത്ഥത്തിൽ പ്രഹരം കൊള്ളിക്കുക. ഇതു തന്നെയാണ് റാപ്പിനെ യുവാക്കൾ നെഞ്ചേറ്റാനുള്ള മൂലകാരണവും. മലബാർ വിപ്ലവത്തിലെ സവർണ ആഖ്യാനങ്ങൾ എങ്ങനെ കീഴാള സമരത്തെ അട്ടിമറിച്ചതെന്നും, കൊളോണിയൽ അധികാര വ്യവസ്ഥിതി പോറലേൽപ്പിച്ച കീഴാള ജീവിതത്തെയും, മാപ്പിള ലഹളയായി പടച്ചുവിട്ട ഫാഷിസ്റ്റ് ചരിത്രത്തെയും, ആശാന്റെ ദുരവസ്ഥയിലെ നളിനിയുടെ ക്രൂര മുഹമ്മദർ പരാമർശത്തെയും മലബാർ വിപ്ലവത്തിൽ രക്തസാക്ഷികളായ സ്ത്രീ ശബ്ദങ്ങളെയും, ബ്രിട്ടീഷ് സംഘ് സ്ഥാപിതവികല ചരിത്രതാല്പര്യ വ്യവസ്ഥയിലെ ഖാൻ ബഹദൂർ മാരെയും ചടുലമായ വാക്കുകളിലൂടെ ദി മാറ്റർ ടീം ‘അന്നിരുപത്തൊന്നിൽ’ അടയാളപ്പെടുത്തുന്നുണ്ട്. പച്ചമനുഷ്യനും അസ്‌ലഹും ചേർന്ന് പാടിയ റാപ്പ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മുഫാസ് മസൂദാണ്. വരികളെഴുതിയിരിക്കുന്നത് ശമീൽ മോര്യയും സംവിധാനം ചെയ്തിരിക്കുന്നത് മുബഷിർ സിപിയുമാണ്. മലബാർ വിപ്ലവത്തെ ദൃശ്യപ്പെടുത്തുന്ന നാല് സിനിമകളുടെ ആഖ്യാന വ്യത്യാസങ്ങൾ ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. ചരിത്രം പഠിച്ച് മനസ്സിലാക്കലാണ് ചരിത്രത്തോട് കാണിക്കുന്ന പ്രതിബദ്ധത.

By ഉവൈസ് നടുവട്ടം

Student, Darul Huda Islamic University, Chemmad