ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ ആക്റ്റിവിസവും : പുതിയ രാഷ്ട്രീയ ഭാഷകള്‍ തേടുമ്പോള്‍

ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ വ്യക്തികളെയും സംബന്ധിച്ചുള്ള പല വിധ ചർച്ചകളും സജീവമായ ഈ ഘട്ടത്തിൽ വിവിധ വായനകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ച ചില സങ്കീർണതകൾ രേഖപെടുത്തുവാനും അതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കു വെക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം മാത്രമാണ് ശരിയായ മാർഗമെന്നും, ഇസ്‌ലാമിന്റെ വ്യക്തമാക്കപ്പെട്ട സ്രോതസ്സുകളിൽ നിന്നും കൃത്യമായി ഒരു വിധി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പിന്നെ അതിലും കൃത്യമായ ഒരു വിധി ഇല്ലാത്തിടത്തോളം സംശയങ്ങൾ ഉണ്ടാവാൻ തന്നെ പാടില്ല എന്നും ഒരു വിശ്വാസി വിശ്വസിക്കുന്നു. ഇസ്‌ലാം കേന്ദ്രീകൃത ജ്ഞാന ശാസ്ത്രം വളർത്തി കൊണ്ട് വരികയും രാഷ്ട്രീയ തീരുമാനങ്ങൾ അടക്കമുള്ള തീരുമാനങ്ങൾ ഇസ്‌ലാമേതര രാഷ്ട്രീയ സാമൂഹിക ഘടനകളിൽ എടുക്കുമ്പോൾ ഇസ്‌ലാമിക ജ്ഞാനശാസ്ത്രം അനുസൃതമായാവണം നിർമ്മിക്കേണ്ടത് എന്നും പ്രാഥമികമായി പറയട്ടെ.

ഇസ്‌ലാമിന്റെ സാമൂഹിക നിയമ ഘടനയിൽ ഒരു വ്യക്തിയുടെ ലിംഗ നിർണയം പ്രധാനപ്പെട്ടതാണ്, അത് അനുസൃതമായാണ് എല്ലാ ആനുകൂല്യങ്ങളും കടപ്പാടുകളും നിശ്ചയിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ ലിംഗ നിർണയത്തെ കുറിച് ഇസ്‌ലാമിക കർമ ശാസ്ത്ര ഗ്രന്ഥങ്ങളിൽ കൃത്യമായി പറഞ്ഞത് കാണാം.

ഇസ്‌ലാം മനുഷ്യരെ ലിംഗ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങൾ ആയിട്ടാണ് കാണുന്നത്, പുരുഷൻ, സ്ത്രീ, ഇന്റർസെക്സ് അഥവാ ഖുൻസ. പുരുഷൻ എന്നത് പുരുഷ ലിംഗവും ബന്ധപ്പെട്ട സെക്കൻ്ററി ലൈംഗിക അവയവങ്ങളിലും അപാകതകൾ ഇല്ലാത്തവരെയാണ്, സ്ത്രീ എന്നതും അങ്ങനെ തന്നെ. മൂന്നാമത്തെ വിഭാഗം, ഖുൻസാ അഥവാ ഇന്റർ സെക്സിനെ രണ്ടായി തിരിക്കുന്നുണ്ട്, ഖുൻസ ഗയറു മുഷ്കിൽ അഥവാ രണ്ട് വിഭാഗത്തിലെയും ലൈംഗിക അവയവങ്ങൾ ഉണ്ടാവുകയും അതിൽ ഒന്നിനോട് കൂടുതൽ ചായവ് ഉണ്ടാവുകയും ചെയ്യുന്നവർ. രണ്ടാമത്തേത് ഖുൻസാ മുഷ്കിൽ ഒന്നുകിൽ രണ്ട് വിഭാഗത്തിനോടും സാമ്യതയില്ലാത്ത ലിംഗമുള്ളവർ, അല്ലെങ്കിൽ രണ്ട് തരത്തിലുള്ളതും ഉണ്ടായി പ്രാമുഖ്യം കൽപിക്കാനാവാത്ത വിധം രണ്ട് അവസ്ഥകളും ഇട കലർന്നു ഉള്ളവർ. ഇവർക്കുള്ള ചികിത്സ രീതികളെ കുറിച്ചും മറ്റും ഇസ്‌ലാമിക കർമ്മ ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്.

ഇത്രയും വിശദീകരിച്ചു പറയുന്നത് ഇസ്‌ലാം ബയോളജിക്കൽ സെക്സിനെ ആണ് നിയമ നിർമ്മാണത്തിനായി പരിഗണിക്കുന്നത് എന്നതും ജെൻ്റർ അല്ലെങ്കിൽ മാനസികമായ വികാരം/ചോധന/ പ്രകൃതം എന്നിവയെ രണ്ടാമതായും ആണ് കാണുന്നത്. പ്രകൃതിയാൽ സ്ത്രൈണത ഉള്ള പുരുഷന്മാരെയും പൌരുഷം ഉള്ള സ്ത്രീകളെയും ഇസ്‌ലാം മനസ്സിലാക്കുന്നുണ്ട്, ‘മുഖന്നസ്’ എന്നാണ് അത്തരക്കാരെ വിശേഷിപ്പിക്കുന്ന പദം അവരെ പുരുഷനായും സ്ത്രീയായും തന്നെയാണ് പരിഗണിക്കുന്നതും അവർ അത്തരം സ്വഭാവങ്ങളെ മനപ്പൂർവം വളർത്താതിരിക്കുകയോ പ്രോത്സാഹിപ്പിക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം അവരുടെ മേൽ ആക്ഷേപമില്ല എന്ന് മാത്രമല്ല അവരെ നിന്ദിക്കാനോ ഉപദ്രവിക്കാനോ മറ്റേത് മനുഷ്യനെയും പോലെ പാടില്ല, പരിഗണന അധികം കൊടുക്കണമെങ്കിലെ ഉള്ളൂ. ട്രാൻസ്ജെന്റര്‍ വ്യക്തികളെ ഈ വിഭാഗത്തിൽ പെടുത്താവുന്നതാണ്. ഇത്തരം സ്വഭാവങ്ങളുള്ള ആളുകൾ ഇമാം നവവിയുടെ അഭിപ്രായത്തിൽ നേരത്തെ സൂചിപ്പിച്ച പോലെ അവരുടെ പ്രകൃതിയിയുടെ ഭാഗമായുള്ള സ്വാഭാവികമായ പ്രകൃതങ്ങൾ അതിനെ വിചാര പൂർവ്വം വളർത്തുന്നില്ലെങ്കിൽ മാറ്റാൻ ശ്രമിക്കേണ്ടതില്ല എന്നാണ്. ഇബ്നു ഹജർ, അൽ മുനാവി പോലെയുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളിൽ അവർ ഇത്തരം പ്രകൃതം പരമാവധി ശരിപ്പെടുത്താൻ ശ്രമിക്കണം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യത്തെ അഭിപ്രായം പോലെ, തീരെ അതിന് കഴിയാത്തവരുടെ മേൽ, അവർ ആ പ്രകൃതങ്ങളെ കൂടുതൽ പിന്തുടരാത്ത കാലത്തോളം, ആക്ഷേപമില്ല എന്നും പറയുന്നു. അത്തരം പ്രകൃതങ്ങളെ പിന്തുടരുക എന്നാൽ പുരുഷൻ സ്ത്രീ ആവാൻ ശ്രമിക്കുകയോ മറിച്ചോ ആണ്.

ഇത്തരത്തിൽ തശാബുഹ് അഥവാ സ്ത്രീ വേഷം/പുരുഷ വേഷം കെട്ടുന്നവരെ നാട് കടത്താൻ നബി (സ) യും തുടർന്നുള്ള ഖലീഫമാരും ആഹ്വാനം ചെയ്തതായി കാണാം. എന്നാൽ അത്തരത്തിൽ ശ്രമിക്കാതെ, കഴിവിന്റെ പരമാവധി ഇത്തരം പ്രകൃതം/ആഗ്രഹം നിയന്ത്രിക്കുന്നവരെ അവരുടെ സ്വൈര്യത്തിന് വിടണമെന്നും ഇസ്‌ലാം കല്പിക്കുന്നു.

ഇത്തരം ചോദനകളെ അല്ലെങ്കിൽ പ്രകൃതത്തെ ഇസ്‌ലാം മാനസിക വൈകല്യമായി കാണുന്നത് ഇസ്‌ലാമിലെ ലൈംഗിക പൂർത്തീകരണത്തിനുള്ള വഴികളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ബന്ധിതമായ ലൈംഗിക വേഴ്ച മാത്രമാണ് ഇസ്‌ലാം ഹലാൽ ആക്കിയിട്ടുള്ളത്.

അതിനപ്പുറത്തേക്കുള്ളതെല്ലാം; വിവാഹേതര- വിവാഹ പൂർവ്വ ലൈംഗികത, സ്വവർഗ ലൈംഗിക വേഴ്ച, മറ്റുള്ളവയും, ഹറാമായുമാണ് ഇസ്‌ലാം കാണുന്നത്. ആയതിനാൽ തന്നെ പുരുഷൻ സ്ത്രീ എന്നീ ദ്വന്ദ്വങ്ങളും വിവാഹത്തിലൂടെയുള്ള അവയുടെ പൂർത്തീകരണവും മാത്രമാണ് ഇസ്‌ലാം പരിഗണിക്കുന്നത്.

ഇതിൽ നിന്ന് വ്യക്തമാകുന്ന ഒരു സംഗതി എന്തെന്നാൽ ഇസ്‌ലാം ആൺ-പെൺ എന്നീ ദ്വന്ദങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത് എന്നും ഇന്റർ സെക്സ് വിഭാഗത്തിൽ പെട്ടവരെ ശാരീരികമായ വൈകല്യമുള്ളവരായും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരെ മാനസിക വൈകല്യങ്ങൾ ഉള്ളവരായുമാണ് മനസ്സിലാക്കുന്നത്.

ശാരീരിക വൈകല്യമുള്ളവർക്ക് അതിന്റെതായ ചികിത്സയും മാനസിക വൈകല്യം ഉള്ളവർക്ക് അതിനുതകുന്ന ചികിത്സയുമാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. എന്നാൽ മാനസിക വൈകല്യങ്ങൾക്ക് ശാരീരികമായ ശസ്ത്രക്രിയ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നത് മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിലുള്ള ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ കൃത്യമായ തെളിവുകളോടെ വിശദീകരിക്കുന്നുണ്ട്. ശരീരത്തിൽ രോഗമില്ലാത്ത അവസ്ഥയിൽ മനസ്സിന്റെ ഇച്ഛ അനുസരിച്ചു അതിനെ മാറ്റാൻ അനുവാദമില്ല എന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തൽ ആണെന്ന് മനസ്സിലാക്കി കൊണ്ടാണ് ആ തീരുമാനം. മറിച്ച്, ഇന്റർ സെക്സ് വിഭാഗത്തിൽ പെട്ടവർക്ക് ഇത് അനുവദിക്കുന്നുമുണ്ട് കാരണം അവരുടെ വൈകല്യം പ്രഥമമായും ശരീരത്തിനാണ്.

മനപ്പൂർവം അല്ലാതെ അത്തരം സ്വഭാവപരമായ/ മാനസികമായ വൈകല്യങ്ങളുള്ളവരോട് മറ്റേത് മനുഷ്യനോട് എന്ന പോലെയും സഹിഷ്ണുതയോടും ചില സമയങ്ങളിൽ പരിഗണനയോടെയും പെരുമാറേണ്ടതുണ്ട്, അവർക്ക് ആവശ്യമായ മനഃശാസ്ത്ര പരമായ ചികിത്സകൾ എത്തിച്ചു കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. അവരുടെ കഴിവിന്റെ പരമാവധി അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഇഹലോകത്ത് ആക്ഷേപമില്ല, പരലോകത്തു മറ്റേത് പ്രയാസം അനുഭവിക്കുന്നവരെ പോലെയും സ്വർഗ്ഗമുണ്ട് എന്നതിൽ സംശയമില്ല.

ഒരു മുള്ള് പോലും ഒരു മുസ്‌ലിമിന്റെ കാലിൽ അയാൾക്ക് അതിന് പകരം അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം കിട്ടാതെ തറക്കുന്നില്ല എന്ന ആശയത്തിലുള്ള നബിവചനവും, മനസ്സിലുള്ള തെറ്റായ ആഗ്രഹങ്ങളുടെ മേൽ പ്രവർത്തിക്കാതെ ഇരിക്കുകയോ പരസ്യമാക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം എന്റെ സമുദായത്തിലെ ആളുകൾക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന നബി വചനവും ചേർത്ത് വായിക്കേണ്ടത് ആണ്. ഇതിനർത്ഥം ഇത്തരം ആഗ്രഹങ്ങൾ പരമാവധി മറച്ചു വെക്കുകയും ചികിത്സ തേടുകയും ചെയ്യുക എന്നതും അത്തരം ഒരു ഐഡന്റിറ്റിയിന്മേൽ അറിയപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്.

ഇത്രയുമാണ് ഇവ്വിഷയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ വിധി എന്ന് മനസ്സിലാക്കുന്നു. എന്നാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയിൽ വിവേചനം അനുഭവിക്കുന്ന ഒരു വിഭാഗം മനുഷ്യർ എന്ന നിലക്ക് ഇവരോട് നിരുപാധികം ഐക്യപ്പെടാമെന്ന് ഇസ്‌ലാമിസ്റ്റ് ചേരിയിൽ ഉള്ള ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച സങ്കീർണതകൾ അമേരിക്കൻ മുസ്‌ലിം പണ്ഡിതന്മാരായ ഡോ:ജോനാഥൻ ബ്രൗണും ഡോ:ശാദി അൽ മിസ്‌രിയും തമ്മിലുള്ള ചർച്ചയുമായി ബന്ധപ്പെടുത്തി പറയാനാണ് ഉദ്ദേശിക്കുന്നത്.

അതിന് ആമുഖം എന്ന നിലയിൽ മുസ്‌ലിംകൾ ലിബറൽ ജനാധിപത്യ വ്യവസ്ഥയിൽ നില കൊള്ളുന്ന സ്ഥാനം പരിശോധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം എന്നത് അടിസ്ഥാന പരമായി തന്നെ ശിർക്ക് ആണെന്നും അതുമായി ഇടപഴകൽ തന്നെ ഹറാമാണെന്നും ഉസ്താദ് മൌദൂദിയുടെ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ, ആധുനികതയുടെ ഗതിയിൽ ജനാധിപത്യ വ്യവസ്ഥയുമായി ഇടപെടാൻ മുസ്‌ലിംകൾ നിർബന്ധിതരാവുകയും ഒരു ഘട്ടത്തിൽ പൂർണമായും അതിനോട് ഇടപെടുകയും അതിന്റെ ആളുകളായി മാറുകയും ചെയ്തു എന്നത് മനസ്സിലാക്കാൻ സാധിക്കും. എല്ലാ ദർശനങ്ങളെയും മതങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും അകറ്റുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ പ്രധാന വക്താക്കളായി മുസ്‌ലിംകൾ ക്രമേണ മാറേണ്ടി വന്നു എന്നതാണ് വാസ്തവം. തത്ഫലമായി ഇസ്‌ലാം അനേകം മതങ്ങളിലെ കേവലം ഒരു മതമായി കാണപ്പെട്ടു. ഇസ്‌ലാം എന്നത് കേവല മതത്തിനും ഐഡന്റിറ്റി ക്കും അപ്പുറത്ത് ഏക സത്യവും സമ്പൂർണ ജീവിതദർശനവും കൃത്യമായ ഒരു ജ്ഞാനശാസ്ത്ര രീതിയുമാണെന്നത് ആധുനികത ബാധിച്ച മുസ്‌ലിം ഉമ്മത്തിന് പുതിയ രീതികളിലൂടെ സ്ഥാപിക്കാൻ സാധിച്ചില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇനി നിരുപാധികം ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മൂവ്മെന്റുകൾക്കും ഐക്യദാർഢ്യം നൽകുകയും അവരുടെ എല്ലാ വിഷയങ്ങളിലും വ്യക്തി അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിലെ അപാകതകൾ നേരത്തെ സൂചിപ്പിച്ച ചർച്ചയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാൻ ശ്രമിക്കാം.
രണ്ട് തരത്തിലുള്ള വാദങ്ങളിലൂടെയാണ് ട്രാൻസ്ജെൻഡർ മൂവ്മെന്റുകളെ ഇസ്‌ലാമിസ്റ്റ് ചേരിയിലുള്ളവർ നിരുപാധികം പിന്തുണക്കുന്നത്. അവയിൽ ഓരോന്നും പരിശോധിക്കാം:
ഒന്നാമത്തേത് ഇത്തരം മൂവ്മെന്റുകളെ, ജനാധിപത്യ വ്യവസ്ഥയിലെ അവരുടെ അവകാശങ്ങളെ പിന്തുണക്കാതിരിക്കുന്നത് അവരോടുള്ള അക്രമത്തിനു ബോധപൂർവ്വം കൂട്ടു നിൽക്കുന്നതിനും തുടക്കം കുറിക്കുന്നതിനും തുല്യമാണ് എന്നാണ്. ഇതിന് മറുപടിയായി ശാദി അൽ മിസ്‌രി പറയുന്നത് ഇപ്രകാരമാണ്: “ഒരു വിഷയത്തെ പിന്തുണക്കുന്നതിൽ വിലക്ക് ഉണ്ടാവുക എന്നതിന് അർത്ഥം അതിന്റെ ആളുകൾക്ക് എതിരെ അക്രമവും വെറുപ്പും അഴിച്ചുവിടുക എന്നതല്ല. മുസ്‌ലിംകൾ എന്ന നിലയിൽ നമ്മുടെ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത് നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ള പരിധികളാണ്. മാത്രവുമല്ല നമ്മുടെ പിന്തുണ നമ്മളുടേത് ആണ് അതിൽ മറ്റാർക്കും അവകാശമില്ല.”

രണ്ടാമത്തെ വാദം എന്നത് മുസ്‌ലിംകളും ട്രാൻസ് കമ്മ്യൂണിറ്റികളുമൊക്കെ നേരിടുന്ന പ്രശ്നങ്ങൾ ഒന്ന് തന്നെയാണ്, അതായത് സ്വത്വ പരമായ വിവേചനങ്ങളാണ് നേരിടുന്നത്. ആയതിനാൽ തന്നെ ഇന്ത്യ പോലുള്ള ജനാധിപത്യ വ്യവസ്ഥയിൽ കൈ കോർത്തു കൊണ്ട് പരസ്പര അവകാശങ്ങൾക്കായി പോരാടേണ്ടതുണ്ട് എന്നാണ് പറയുന്നത്. അതിൽ മനസിലാക്കേണ്ട ഒരു വസ്തുത, മാനുഷികമായ അവകാശങ്ങളുടെ കാര്യത്തിൽ ആർക്ക് വേണ്ടിയായാലും നമ്മൾ ഇറങ്ങേണ്ടതുണ്ട്, എന്നാൽ മാനുഷികാവകാശങ്ങൾക്ക് അപ്പുറത്ത് ട്രാൻസ് സ്വത്വത്തെ ഒരു പോസിറ്റീവ് സ്വത്വമായി ഉൾകൊള്ളുകയും അവരുടെ മറ്റു അവകാശങ്ങൾക്ക് വേണ്ടി ലിബറൽ ജനാധിപത്യ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നത് അല്ലാഹു നിരോധിച്ച ഒരു സംഗതിയെ പിന്തുണക്കലാണ്. ശാദി അൽ മിസ്‌രി പറയുന്നു: “ആരെയൊക്കെ പിന്തുണക്കാം എന്നതിൽ ശരീഅത്ത്‌ നിബന്ധന വെക്കുന്നില്ല മറിച്ചു എന്തിനെയൊക്കെ പിന്തുണക്കാം എന്നതിന് നിബന്ധനകൾ ഉണ്ട്. അല്ലാഹുവും അവന്റെ ദൂതരും നിർവചിച്ച അവകാശത്തിന്റെയും അനീതിയുടെയും പരിധികൾ അനുസരിച്ചു ഒരു ജൂതനെയോ, സാത്താൻ സേവ നടത്തുന്നവനെയോ LGBTQI ആക്റ്റിവിസ്റ്റിനെയോ എനിക്ക് അവരുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാം. എന്നാൽ ഒരു വിഭാഗം എന്ന നിലയിൽ LGBTQI വിഭാഗങ്ങളെ പിന്തുണക്കുക എന്നാൽ അല്ലാഹുവിന്റെ വിധികൾക്ക് മുന്നിൽ ഇവരുടെ ആശയങ്ങളെ മുൻ നിർത്തുക എന്നാണ്.
ഇത്തരം ആശയങ്ങൾക്ക് നിയമ സാധുത നൽകാൻ വാദിക്കുക എന്നാൽ അല്ലാഹു നിരോധിച്ച ഒരു സംഗതിക്ക് വേണ്ടി വാദിക്കുക എന്നതാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു,: “അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.” (5:47)

അടിസ്ഥാനപരമായി ഇവ്വിഷയത്തിന്റെ കാമ്പ് എന്തെന്നാൽ മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാഷ നിലവിൽ ജനാധിപത്യ ലിബറൽ മൂല്യങ്ങൾ കേന്ദ്രീകൃതമായതാണ് എന്നതാണ്.

നീതിയെ കുറിച്ചും അടിസ്ഥാന അവകാശങ്ങളെ കുറിച്ചുമുള്ള നിർവചനങ്ങൾ ലിബറൽ സെക്കുലർ രൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യ വ്യവഹാരങ്ങളിൽ ഏർപ്പെടേണ്ടി വരുന്ന, പലപ്പോഴും അതിനെ ഏറ്റെടുക്കുന്ന മുസ്‌ലിംകൾ ഉപയോഗിക്കുന്നത്. ഇസ്‌ലാം കേന്ദ്രീകൃത ജ്ഞാന ശാസ്ത്രവും ഇസ്‌ലാം കേന്ദ്രീകൃത രാഷ്ട്രീയ ഭാഷയും രൂപപ്പെടുത്തി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിലവിൽ മുസ്‌ലിം ഉമ്മത്തിന്റെ നേതാക്കളുടെ മേൽ രണ്ട് ചുമതലകളാണ് ഉള്ളത്. ഒന്നാമത്തേത്, ഇവ്വിഷയവുമായി ബന്ധപെട്ടു കൃത്യമായി നിലപാട് എടുക്കുകയും ഐക്യദാർഢ്യത്തിന്റെ നിബന്ധനകളും അതിരുകളും കൃത്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്, അതിൽ മാത്രമാണ് സത്യസന്ധതയും അല്ലാഹുവിന്റെ തൃപ്തിയുമുള്ളത്. രണ്ടാമത്തേത് ഇത്തരം വിഭാഗങ്ങളോടുള്ള (സമുദായത്തിന് അകത്തും പുറത്തും) മുസ്‌ലിംകളുടെ പെരുമാറ്റത്തിൽ മര്യാദക്കേടും വിവേചനവും ഉണ്ടാകുന്നത് തിരുത്തുകയും അവരോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന നീതി നടപ്പിലാക്കാൻ വേണ്ട തീരുമാനങ്ങൾ എടുക്കണം.

അവസാനമായി പറയാനുള്ളത് ലിബറൽ മൂല്യങ്ങളുടെ കടന്നുകയറ്റത്തെ കുറിച്ചാണ്. കൃത്യമായി അവയെ തിരിച്ചറിയുകയും, അവയെ സൂക്ഷ്മമായി പരിശോധിച്ച് ഇസ്‌ലാമിക ഉമ്മത്തിനെ കാൻസർ കണക്കെ കാർന്നു തിന്നുന്നതിൽ നിന്ന് പ്രതിരോധിക്കേണ്ടതുണ്ട് അതിന് കൃത്യമായ ദീർഘ വീക്ഷണവും സൂക്ഷ്മമായി പരിശോധിക്കാനുള്ള രീതികളും വളർത്തി എടുക്കേണ്ടതുണ്ട്.

By സക്കി ഹംദാൻ

Graduate, Al Jamia Al Islamiya, Santhapuram