മുസ്‌ലിം അപരത്വത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ – ഷർജീൽ ഇമാം എഴുതുന്നു

ഇന്ത്യയെ പലപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കാറുണ്ടെങ്കിലും ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ കാര്യം വിഭിന്നമാണ്.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് നിലകൊള്ളുന്ന, എല്ലാ പൗരന്‍മാര്‍ക്കും അവസര സമത്വം ഉറപ്പാക്കുന്ന, തുല്യതയിലധിഷ്ഠിതമായ ഒരു ദീപ്ത രേഖയായിട്ടാണ് ഇന്ത്യന്‍ ഭരണഘടനയെ കാലങ്ങളായി പരിചയപ്പെടുത്തി വരുന്നത്.
ഈ മതേതര ഭരണഘടനയ്ക്ക് ഭീഷണിയായാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ കാണുന്നതും ‘സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്നത് ബിജെപി ശക്തികള്‍ക്കെതിരായ മുദ്രാവാക്യമായി മാറുന്നതും. എന്നാല്‍, രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനപരമായി കൈകാര്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ കൂടി ഉള്ളടങ്ങിയതാണ് ഇന്ത്യന്‍ ഭരണഘടന. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും 200 മില്യണ്‍ വരുന്ന മുസ്‌ലിംകളെ രണ്ടാം കിട പൗരന്മാരായി തരംതാഴ്ത്തുന്നതിന് ഇക്കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ ഭരണഘടനയുടെ പിന്തുണയോടെ തന്നെ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകള്‍ എക്കാലവും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളായ, ദാരിദ്ര്യം, വിദ്യാഭ്യാസം,തൊഴില്‍ എന്നിവയിലെ താഴ്ന്ന നിലവാരം, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അഭാവം എന്നിവയെല്ലാം ഭരണഘടന നിര്‍മാണ പക്രിയയില്‍ ന്യൂനപക്ഷ വിഷയങ്ങളില്‍ പുലര്‍ത്തിയ ഉള്‍ക്കാഴ്ച്ചയില്ലായ്മയെ തുറന്നു കാണിക്കുന്നു. അതുപോലെ, ‘ഭാരത’മെന്ന പേര്, യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സില്‍ ന്യൂനപക്ഷ സംരക്ഷണസംവിധാനങ്ങളുടെ അഭാവം, ഹിന്ദു, പട്ടികജാതി, ഗോ സംരക്ഷണം എന്നീ സംജ്ഞകളുടെ നിര്‍വചനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

ആര്‍ട്ടിക്കിള്‍ ഒന്ന്: ഇന്ത്യ എന്ന ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും

ഇന്ത്യാ ചരിത്രത്തിലെ ഹൈന്ദവതയെ മാത്രം ദ്യോതിപ്പിക്കുന്ന വാക്കാണ് ‘ഭാരതം’. ഹിന്ദുവായാലും മതേതരനായാലും ഒരു ശക്തമായ കേന്ദ്രം അനിവാര്യമാണെന്ന കരുതലില്‍ നിന്നുമാണ് ദേശീയവാദികള്‍ ‘ഫെഡറേഷന്‍’ എന്ന വാക്കിനു പകരമായി ‘യൂണിയന്‍’ എന്ന വാക്ക് തെരഞ്ഞെടുക്കുന്നത്. ആയിരക്കണക്കിന് വ്യത്യസ്ത ഭാഷാസമൂഹങ്ങളും വംശീയ സമുദായങ്ങളും വസിക്കുന്ന വലിയ ഉപഭൂഖണ്ഡത്തില്‍ ‘ഫെഡറേഷന്‍’ എന്നതായിരുന്നു ന്യൂനപക്ഷങ്ങളുടെ സുപ്രധാനമായ ഒരു ആവശ്യം. ചെറിയ ചെറിയ പ്രാദേശിക സമുദായങ്ങളെ അപ്രസക്തമാക്കാനും, കുറഞ്ഞപക്ഷം രാഷ്ട്രീയമായി ദുര്‍ബലമാക്കാനോ ആണ് ഒരു പ്രബലമായ കേന്ദ്രത്തിലൂടെ സാധ്യമാകുക. ദേശീയതലത്തിലെ ഹിന്ദു വോട്ടു ബാങ്കില്‍ ആത്മവിശ്വാസമുള്ള കോണ്‍ഗ്രസിന് പ്രാദേശികമായ ഉണര്‍വുകളെ എളുപ്പത്തില്‍ മറികടക്കാനും കഴിയും.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെയും പഞ്ചാബിന്റെയും ജമ്മു-കാശ്മീരിന്റെയും കാര്യത്തില്‍ മേല്‍പ്പറഞ്ഞ വസ്തുത പ്രകടമായി കാണാം. ഭരണഘടന നിര്‍മ്മാണസമിതിയിലെ അംഗമായിരുന്ന സിഖുകാരന്‍, ഹുകും സിങ് പരാതിപ്പെട്ടു:

“ന്യൂനപക്ഷങ്ങള്‍ പൂർണമായും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രവിശ്യായൂണിറ്റുകളെ മുന്‍സിപ്പല്‍ ബോര്‍ഡുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഭരണകൂടത്തെ ഒരു ഫാഷിസ്റ്റ് ക്രമത്തിലേക്ക് വികസിപ്പിക്കാനാവശ്യമായ വകുപ്പുകളെല്ലാം ഈ ഭരണഘടനയിലുള്ളടങ്ങിയിട്ടുണ്ട്”.

സുരക്ഷാസംവിധാനത്തിന്റെ അഭാവം

ഭരണഘടന നിര്‍മ്മാണ സമിതിയില്‍ ഈ വിഷയത്തെച്ചൊല്ലി സംവാദം നടന്നിരുന്നു. നിയമനിര്‍മ്മാണ സഭകളിലും കാര്യാലയങ്ങളിലും പ്രത്യേക ഇലക്ടറേറ്റുകളും ജനസംഖ്യാനുപാതിക പ്രാതിനിധ്യവും പ്രതിവിധികളായി ചര്‍ച്ച ചെയ്തു. ബ്രിട്ടീഷ് കാലത്ത്, മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പ്രത്യേക ഇലക്ടറേറ്റ് മുഖേനയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വിഭജനത്തിനു ശേഷം മിക്ക കോണ്‍ഗ്രസ് അംഗങ്ങളും ഒരു സുരക്ഷാസംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് വിസമ്മതിക്കുകയാണുണ്ടായത്.

പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അന്നു പറഞ്ഞു: “ലോകത്തിനു മുന്നിലും ഭൂരിപക്ഷത്തിനു മുന്നിലും ഒരു ചെറിയ ഗ്രൂപ്പോ ന്യൂനപക്ഷമോ ‘ഞങ്ങള്‍ നിങ്ങളെ വേറിട്ടു നിര്‍ത്താന്‍ ആഗ്രഹിക്കുന്നു, നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല’ എന്ന തോന്നലുണ്ടാക്കുന്നത് ഒരു മോശം കാര്യമാണ്. ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ കുറേക്കൂടി വ്യക്തമായി പറഞ്ഞു: “പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍, കുറഞ്ഞ പക്ഷം ഇന്ത്യയുടെ ബാക്കി ഭാഗത്ത് രണ്ടു രാഷ്ട്രങ്ങളെക്കുറിച്ചൊരു ചര്‍ച്ചയുണ്ടാകില്ല എന്നാണ് വിചാരിച്ചത്”. സഭയുടെ മനോഗതി വ്യക്തമായിരുന്നു, മുസ്‌ലിംകള്‍ക്കായി ഒന്നും അനുവദിച്ച് നല്‍കപ്പെടില്ല.

ഹസ്‌റത് മൊഹാനി (യുപി), ഹുസൈന്‍ ഇമാം (ബിഹാര്‍), മഹ്ബൂബ് അലി ബെയ്ഗ് (മദ്രാസ്) എന്നിവരടങ്ങുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചു. നിലവിലെ സംവിധാനമായ, സംസ്ഥാനങ്ങളിലെ സ്വയം നിയന്ത്രിത പ്രാദേശിക മണ്ഡലങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള തിരഞ്ഞെടുപ്പുമായി അത് വ്യത്യാസപ്പെട്ടിരിക്കുന്നു. ചെറുതും ഭിന്നിച്ചും കിടക്കുന്ന സമുദായങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടികളെ സഭയിലേക്ക് വോട്ടുചെയ്ത് എത്തിക്കാന്‍ ആ വഴി കഴിയും. ചിതറിക്കിടക്കുന്ന മുസ്‌ലിം സമുദായങ്ങള്‍ക്ക് ഒരു പ്രത്യേക പ്രദേശത്ത് ശക്തിയുണ്ടാവുകയെന്നത് അപൂര്‍വമായിരുന്നു, ഉണ്ടായാലും വോട്ട് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ജനസംഖ്യയില്‍ പത്തുശതമാനത്തിനടുത്ത് മാത്രമുള്ള, അതും സംസ്ഥാനത്താകെ ചിതറിക്കിടക്കുന്ന മുസ്‌ലിംകളുള്ള ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലെ സ്ഥിതി കൂടുതല്‍ അസ്വസ്ഥാജനകമാണ്. അവിടങ്ങളില്‍ രാഷ്ട്രീയമായ പ്രാതിനിധ്യം ഏതാണ്ട് മുഴുവനായും നിഷേധിക്കപ്പെടുന്നു. ഉത്തര്‍പ്രദേശിന്റെയും കര്‍ണാടകയുടെയും ബിഹാറിന്റെയും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഒട്ടേറെ മുസ്‌ലിംകള്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനു വേണ്ടി ആവശ്യമുന്നയിച്ചു. ഇതൊരു രാഷ്ട്രീയപ്രശ്‌നമാണ്, സാമുദായികമല്ലയെന്ന് മൊഹാനി വാദിച്ചു. സാമുദായിക പാര്‍ട്ടികള്‍ വ്യര്‍ഥമാണെന്നു കണ്ട്, മൊഹാനി മുസ്‌ലിംകളോട് എല്ലാ മതത്തിലുമുള്ളവരുമുള്‍പ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ഉപദേശിച്ചു. പക്ഷേ ഇത്തരം ദുര്‍ബലമായ രാഷ്ട്രീയപാര്‍ട്ടികള്‍ അതിജീവിക്കുമോയെന്ന് അദ്ദേഹം ശങ്കിച്ചു. “ആനുപാതിക പ്രാതിനിധ്യത്തിന്റെ ഈ ഇളവ് പോലും അവര്‍ അനുവദിക്കുന്നില്ലെങ്കില്‍, യുപിയില്‍ തിരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട് നേടിയ സോഷ്യലിസ്റ്റ് പാര്‍ട്ടി പോലുള്ള ഒരു പാര്‍ട്ടിക്ക് പോലും ഒരു സീറ്റ് ലഭിക്കില്ല”, അദ്ദേഹം പറഞ്ഞു.

അസ്ഥിരമായ സര്‍ക്കാരുകളിലേക്കും ശൈഥില്യം നിറഞ്ഞ സഭകളിലേക്കുമാണ് ഈ തീരുമാനം എത്തുക എന്ന കാരണം പറഞ്ഞുകൊണ്ട് ആ ആവശ്യം നിരാകരിക്കപ്പെട്ടു. നിയമസഭകളിലും ഓഫീസുകളിലും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായില്ല.

ഒരു മതന്യൂനപക്ഷം വിവേചനം നേരിടുകയും, മതേതരമെന്നവകാശപ്പെടുന്ന ഭരണഘടന അതിനോട് കണ്ണടയ്ക്കുകയും ചെയ്യുന്നിടത്തോളം ആഘോഷിക്കപ്പെടുന്ന മതേതരത്വ സങ്കല്‍പ്പം ഒരു പ്രതീക്ഷയും നല്‍കുന്നില്ല.

രാഷ്ട്രീയരംഗത്തെ പ്രാതിനിധ്യമില്ലായ്മയ്‌ക്കൊപ്പം ഭരണരംഗത്തും സൈന്യത്തിലും പോലീസിലും മറ്റിതര പാരാമിലിട്ടറി സേനകളിലും മുസ്‌ലിംകള്‍ അദൃശ്യരാണ്. ഈ വകുപ്പുകള്‍ ഏഴു പതിറ്റാണ്ടോളമായി തങ്ങളുടം സാമുദായിക പക്ഷപാതിത്വം പ്രകടമാക്കിക്കൊണ്ടിരിക്കുകയും, ഒപ്പം ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിം ജീവനുകളെ ഇല്ലാതാക്കുകയും ചെയതുകൊണ്ടിരിക്കുന്നവയാണ്.

ഹിന്ദു, പട്ടികജാതി എന്നിവയുടെ നിര്‍വചനം

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതോടൊപ്പം ‘ഹിന്ദു’ സ്ഥാപനങ്ങള്‍ക്ക് സാമൂഹിക ക്ഷേമവും നവീകരണവും ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളെ ചുതലപ്പെടുത്തുന്നുമുണ്ട്. ഇവിടെ ‘ഹിന്ദു’ എന്ന പദം ‘സിഖ്, ജൈന, ബുദ്ധ മതങ്ങളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തുന്ന’ പദമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ‘ഹിന്ദു ഫോള്‍ഡില്‍ നിന്ന് ദലിതുകളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്നതാണ് ഈ ആര്‍ട്ടിക്കിളിലൂടെ വ്യക്തമാകുന്ന ‘ആശങ്ക”, പ്രൊഫസര്‍ പ്രിതം സിങ് പറയുന്നു.

ഹിന്ദുക്കളെ വിവേചനപരമായ ശ്രേണികളായി കര്‍ക്കശമായി വിഭജിക്കുന്ന പട്ടികജാതിയുടെ നിര്‍വചനം നാം ശ്രദ്ധിക്കുമ്പോള്‍ ഈ നിലപാട് കൂടുതല്‍ ന്യായീകരിക്കപ്പെടുന്നു. 1950 ലെ ഇന്ത്യന്‍ ഭരണഘടനാ ഉത്തരവ് പറയുന്നു: ‘ഹിന്ദു മതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മതം അവകാശപ്പെടുന്ന ഒരു വ്യക്തിയെയും ഒരു പട്ടികജാതി അംഗമായി കണക്കാക്കരുത്.’

ഇപ്പറയുന്ന ‘ഹിന്ദു’ അ്‌ല്ലെങ്കില്‍ ‘ഇന്‍ഡിക്’ വിഭാഗത്തില്‍ നിന്നും മുസ്‌ലിമും ക്രിസ്ത്യാനിയും പുറത്താണ്. മനുഷ്യരുടെ സമത്വസങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ഇസ്ലാമും ക്രൈസ്തവതയും പോലെതന്നെ, ബുദ്ധമതവും സിഖ് മതവും ജാതി വിരുദ്ധ പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് നിലകൊള്ളുന്ന മുറയ്ക്ക് ഈ വിഭജനം യുക്തിരഹിതമാണ്.

തലമുറകളായി ഹീനമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരഹിതരായ മുസ്ലീം വിഭാഗങ്ങള്‍ക്ക് ഏഴ് പതിറ്റാണ്ടുകളായി അടിയന്തിരമായി ആവശ്യമായ ഈ ‘അധസ്ഥിതത്വം’ നിഷേധിക്കപ്പെട്ടു, കൂടാതെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്തു, കാരണം കേന്ദ്രത്തിലും സംസ്ഥാനതലത്തിലും സ്ഥിരീകരണ പ്രവര്‍ത്തനത്തിനുള്ള പ്രസക്തമായ പരിപാടികളൊന്നും അവരെ പിന്തുണയ്ക്കുന്നില്ല. ഈ പ്രശ്‌നം മിക്ക ദലിത് ആക്ടിവിസ്റ്റുകളുടെയും അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടില്ല, കാരണം ഇത് ഒരേ സംവരണ വിഭാഗത്തിലേക്ക് ഒതുക്കപ്പെടുകയും മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗോരക്ഷ

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോരക്ഷ നിരവധി മുസ്‌ലിംകള്‍ അടിച്ചു കൊല്ലപ്പെടുന്നതിലേക്കാണ് നയിച്ചത്. രക്തപങ്കിലമായ ഈ സംഭവങ്ങള്‍ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് പഞ്ചാബിലെയും ഉത്തരേന്ത്യയിലെയും ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള അടിത്തറ നല്‍കി. ഉത്തര്‍പ്രദേശിലും ബീഹാറിലും ബക്രീദ് സമയത്ത് മുസ്‌ലിംകള്‍ക്കെതിരെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആദ്യത്തെ ആക്രമണം നടന്നത് 1893ലാണ്. യുപി- ബിഹാര്‍ അതിര്‍ത്തിയിലെ ഷഹബാദ് പ്രവിശ്യയില്‍ നൂറോളം ഗ്രാമങ്ങളില്‍ ആക്രമണം അരങ്ങേറിയത് 1917ലെ ബക്രീദ് സമയത്താണ്. 1946 ല്‍ ബീഹാറിലെ 2000 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ട് ഏറ്റവും വലിയ ബക്രീദ് ആക്രമണം നടന്നു.

മുസ്‌ലിംകളുടെ ജീവന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ഭരണകൂടം നടപടികള്‍ കൈക്കൊണ്ടുവെങ്കിലും ഗോരക്ഷ പ്രസ്ഥാനം ഭരണകൂടത്തെ മറികടക്കുകയാണുണ്ടായത്. ഗോരക്ഷ നിയമം പാര്‍ലമെന്റില്‍ ഒരു എംപി അവതരിപ്പിച്ചപ്പോള്‍ രാജി ഭീഷണി മുഴക്കിയ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു, പല നിയമസഭകളിലും നിയമംപാസാക്കിയ സമയത്ത് രാജി വെക്കുകയൊന്നുമുണ്ടായില്ല. ഹിന്ദു വർഗീയവാദികളും നെഹ്‌റുവും സംതൃപ്തരായിരുന്നിരിക്കാം. കോണ്‍ഗ്രസ്- ബിജെപി പാര്‍ട്ടികള്‍ മുസ്‌ലിംകളെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, ബ്രിട്ടീഷ് ഭരണകൂടം ഗോവധത്തിനുള്ള മുസ്‌ലിംകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചു.

ഈയിടെയായി നിഷ്‌കളങ്കരായ മുസ്‌ലിംകളുടെ വോട്ട് ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് ‘സേവ് കോണ്‍സിറ്റിറ്റ്യൂഷൻ’ മുദ്രാവാക്യം ഇറക്കുന്നുണ്ട്. ബിജെപി കൂടുതല്‍ ആക്രമണാത്മകമായി മുസ്ലീം വിരുദ്ധമാണെന്നതും കൂടുതല്‍ വ്യക്തമായ ഹിന്ദു ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നതും ശരിതന്നെ, എന്നാല്‍ ഈ മുദ്രാവാക്യം കൂടുതല്‍ മുസ്‌ലിം വിരുദ്ധ ഭരണഘടനാ മാറ്റങ്ങള്‍ക്ക് കാരണമാകുമോയെന്നത് ആരും ഗൗരവമായി ചര്‍ച്ച ചെയ്യാത്ത ചോദ്യമാണ്.

വളര്‍ന്നു കൊണ്ടിരിക്കുന്ന ഹിന്ദുരാജില്‍, മുസ്‌ലിംകള്‍ ഭരണഘടനപരമായി അനുഭവിച്ചു പോരുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടും. ഭരണത്തിലും രാഷ്ട്രീയത്തിലും ഇതിനകം തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് മുസ്‌ലിംകള്‍.
വഖഫ് ഭൂമി പിടിച്ചെടുക്കല്‍, മുസ്‌ലിംകളുടെ പൗരത്വം നീക്കം ചെയ്യല്‍ പോലുള്ള തീവ്രമായ മുസ്‌ലിം വിരുദ്ധ നടപടികള്‍ ഉണ്ടായാൽ ഒരുപക്ഷേ ദേശവ്യാപകമായ മുസ്‌ലിം പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്രതലത്തിലുള്ള അപലപനങ്ങള്‍ക്കും ഇടവരുത്തിയേക്കും.
നമുക്ക് കുറച്ച് ഫെല്ലോഷിപ്പുകളും, ഒപ്പം സ്ഥാപനസംവിധാനങ്ങളുടെ ന്യൂനപക്ഷ പദവിയും ഒരുപക്ഷേ നഷ്ടമായേക്കും. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കണമെന്ന് നിരന്തരം സംസാരിക്കുന്നത് ഹിന്ദുത്വ ശക്തികളുടെ അരക്ഷിതാവസ്ഥയെയാണ് കാണിക്കുന്നത്. ഭരണഘടന നിഷ്പക്ഷമായതാണെന്നും അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നിര്‍ബന്ധിക്കപ്പെടുന്നുവെന്നും അതിന് ഉദ്ദേശമുണ്ട്. എന്നിരുന്നാലും, തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ വന്‍തോതിലുള്ള ഭേദഗതികള്‍ അവര്‍ കൊണ്ടുവരും. സുസ്ഥിരമായ, ജനാധിപത്യ ഹിന്ദു ഇന്ത്യയില്‍ മുസ്‌ലിംകളുടെ വിധേയത്വം ഉറപ്പുവരുത്താനും പേടിപ്പിച്ചു നിര്‍ത്താനും ‘ഹിന്ദു രാജ്യം’ വരും എന്ന ബോധം കോണ്‍ഗ്രസിനെയും സഹായിക്കും.

Courtesy: TRT World

വിവ: റമീസുദ്ദീൻ വി എം

By ഷർജീൽ ഇമാം

Researcher and Activist who booked under sedition charges by Hindutva Government.