അയ്യൻകാളിയെന്ന ബഹുസ്വര ജ്ഞാനരൂപം

തുല്യനീതിയെ ഹനിക്കുന്ന എല്ലാവിധ വിലക്കുകളെയും മനുഷ്യസമൂഹം ഏതെങ്കിലുമൊരു കാലത്ത് ചോദ്യംചെയ്ത്
ഇളക്കി മാറ്റുകതന്നെ ചെയ്യും. ജാത്യാചാരങ്ങളാൽ മനുഷ്യാവകാശങ്ങളാകെ നിഷേധിക്കപ്പെട്ട തദ്ദേശീയജനസമൂഹത്തിന്റെ അന്തസ്സിനായി വാദിക്കുകയും പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തതിനാലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവിതം മഹദ് ചരിത്രമാകുന്നത്. സമരത്തിന്റെയും സമരസപ്പെടലിന്റെയും ഓർമ്മകൾക്കപ്പുറം ഉത്തരാധുനികമായൊരു ജ്ഞാനരൂപമായി മഹാത്മാ അയ്യൻകാളി ഇന്ന് മാറിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജ്ഞാനങ്ങളുടെ വിശാലമായ ലോകംകൂടിയാണ് ആധുനികത തുറന്നിട്ടത്. പടിഞ്ഞാറൻ നാടുകളിൽ വ്യവസായവൽക്കരണത്തോടൊപ്പം രാഷ്ട്രമീമാംസയുടെ ഭാഗമായിത്തന്നെയാണ് സാമ്പത്തികശാസ്ത്രവും വികസിച്ചത്.
ദേശരാഷ്ട്രത്തിന്റെ സ്വത്തും വിഭവങ്ങളും
പങ്കുവെക്കുന്നതിലുള്ള അസന്തുലിതാവസ്ഥ സമ്പന്നരെയും ദരിദ്രരെയും സൃഷ്ടിക്കുന്നുവെന്ന നിരീക്ഷണങ്ങൾ രാഷ്ട്രമീമാംസയിലൂന്നിയ സാമ്പത്തികശാസ്ത്രം വിലയിരുത്തി.
സമ്പന്ന”വർഗ്ഗ “ത്തിന് ജാതിമേലാളതയും ദരിദ്ര “വർഗ്ഗ”ത്തിന്
ജാതി കീഴാളതയും രാജ്യാവസ്ഥയായി ഉണ്ടെന്ന സത്യമാണ്
ഇന്ത്യയിലെ / കേരളത്തിലെ മുഖ്യമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നമേഖല. അവിടെയാണ് മാർക്സിസം അടക്കമുള്ള ജാതിയെ അഭിമുഖീകരിക്കാൻ കഴിയാത്ത പടിഞ്ഞാറൻ രാഷ്ട്രീയ വിശകലനങ്ങൾ ഇന്ത്യൻ അവസ്ഥയിൽ പരാജയമാകുന്നത്.

Art: PS Banarji

ഇന്ത്യയിലെ/ കേരളത്തിലെ ജാതിവ്യവസ്ഥ മറ്റേതൊരു രാജ്യത്തുള്ളതിനേക്കാളും മനുഷ്യാവകാശങ്ങളുടെ തീവ്രമായ ലംഘനങ്ങളാണ് . അതിനെ അഭിമുഖീകരിക്കുന്നത് അംബേദ്കറിസമെന്ന ബഹുസ്വര സഹവർത്തിത്ത്വത്തിന്റെ പ്രത്യയശാസ്ത്രമാണ്. ദേശരാഷ്ട്രത്തിൻറെ സ്വത്തും വിഭവങ്ങളും ചിലർമാത്രം കൈയ്യടക്കുകയും മറ്റൊരു വിഭാഗം എല്ലാത്തരം മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് മൃഗവൽക്കരിക്കപ്പെടുകയും ചെയ്തിരുന്നു. മൃഗവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ
മനുഷ്യവൽക്കരിക്കാൻ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളാണ് മഹാത്മ അയ്യൻ കാളി നടത്തിയിട്ടുള്ളത്.
കേരളത്തിൽ പൊതുവഴി, പൊതു വിദ്യാഭ്യാസം തുടങ്ങിയ ‘പൊതു'(Public) എന്ന പദത്തിന്, ഇന്ന് ആ പദം
പേറുന്ന അർത്ഥം രൂപപ്പെടുത്തിയത് മഹാത്മാ അയ്യൻകാളിയാണ്.

കല്ലുമാല പൊട്ടിച്ചെറിഞ്ഞ്, മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത്, ഒരു പെൺകുട്ടിയെത്തന്നെ കൈ പിടിച്ചുകൊണ്ടുചെന്ന് കീഴാള സ്ത്രീ വിദ്യാഭ്യാസത്തിനു പോരാടി,
സ്ത്രീ വിമോചനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി ഏറ്റവുമുറക്കെ ശബ്ദിച്ചത് അയ്യൻകാളിയാണ്.

മഹാത്മാ അയ്യൻകാളിയാണ് നീതിയില്ലാത്ത നിയമ സംവിധാനങ്ങളെ കുറിച്ചും അധികാരത്തിൽ തുല്യത വേണമെന്നും പറഞ്ഞത്. അങ്ങിനെ ഐതിഹാസികമായ പല നവോത്ഥാന ശ്രമങ്ങളും മഹാത്മാ അയ്യൻകാളിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു

കാർഷിക വിപ്ലവകാരി എന്നതിനപ്പുറം കീഴാളസമുദായത്തിന്റെ ജ്ഞാനരൂപം കൂടിയായ ആ ചരിത്രമനുഷ്യൻ ഇക്കാലത്ത് കൂടുതൽ ചർച്ചകൾക്ക് ഇടമുള്ള വിജ്ഞാനവും വിശകലന സാധ്യതയുമായി മാറിയിട്ടുണ്ട്. സമൂഹശരീരം മൊത്തത്തിൽ വളരുക എന്നത് ഒരു ദേശരാഷ്ട്ര വികസനത്തിന് അഭികാമ്യമാണ്. അതുകൊണ്ടുതന്നെ അയ്യൻകാളി എല്ലാവരുടെയും ആത്മബോധമായി മാറിയിട്ടുണ്ട്. അത്തരത്തിൽ സാഹോദര്യം ഉയർത്തിക്കൊണ്ട് മുഴുവൻ വിഭാഗങ്ങളും അയ്യൻകാളിയുടെ ജന്മവാർഷിക ദിനം ആഘോഷിക്കുന്നു. ഇത്തരം ആഘോഷങ്ങൾ സമൂഹത്തിന് ഐക്യവും സാഹോദര്യവും ബഹുസ്വരതയുടെ സഹവർത്തിത്വവും തുറന്നിടുന്നു.

ആഗസ്റ്റ് 28, മഹാത്മാ അയ്യൻകാളി ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ നടത്തുന്ന എല്ലാത്തരം ആഘോഷങ്ങൾക്കും ആദര സമർപ്പണങ്ങൾക്കും അഭിമാനപൂർവ്വം ആശംസകൾ നേരുന്നു.

By ഡോ. എ കെ വാസു

Writer and Activist