അറേബ്യൻ ഫുട്ബോൾ അധിനിവേശത്തെ ചെറുത്ത വിധം

അറബ് ലോകത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയലിസം ഫുട്ബോൾ കൊണ്ടുവന്നത് വിനോദത്തിനുമുള്ള ഒരു കളി എന്ന നിലയിൽ മാത്രമായിരുന്നില്ല. മറിച്ച്, അക്കാലത്തെ ഫുട്ബോളിനെ ഒരു പരിഷ്കൃത മരുപ്പച്ചയായി കാണിക്കുകയും മറ്റ് കായിക മത്സരങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ കാഴ്ചയിൽ തന്നെ ഫുട്ബോളിനെ അവർ ഉപയോഗിക്കുകയും ചെയ്തു. പക്ഷെ, ഫുട്ബോൾ ദേശീയ ബോധവും ഐക്യബോധവും രൂപപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു എന്ന് അവർ തിരിച്ചറിയാൻ വൈകി.

അറബികൾ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ്. അറബികളായ ഫുട്ബോൾ ആരാധകരുടെ അധിനിവേശ വിരുദ്ധതതയുടെയും കളിയുടെയും യഥാർത്ഥ ചരിത്രം പലർക്കും അറിയില്ല. ചരിത്ര പുസ്തകങ്ങളിൽ അറബ്യൻ ഫുട്ബോൾ സംസ്കാരം കൊളോണിയലിസത്തെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് നീണ്ട കഥകളുണ്ട്. അറബികളുടെ ഫുട്ബോൾ എന്ന ചെറുത്തുനിൽപ്പ് പരാജയമായിരുന്നെങ്കിലും അതിൽ നിന്നും ഉൾക്കൊള്ളേണ്ട ഒരു ചരിത്രമുണ്ട്. രക്തച്ചൊരിച്ചിലിന്റെയും പോരാട്ടത്തിന്റെയും ചരിത്രം.

അൾജീരിയ

അൾജീരിയയിൽ ഫുട്ബോൾ എന്നാൽ പോരാട്ടമായിരുന്നു. അൾജീരിയൻ പത്രമായ അൽ-ഷറൂക്കിലെ കായിക നിരൂപകൻ സലിം ശക്ആർ, അവിടുത്തെ 132 വർഷത്തെ ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെയുള്ള ഫുട്ബോൾ, അധിനിവേശക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി കൊലപാതകങ്ങൾ, പീഡനങ്ങൾ, ബലാത്സംഗങ്ങൾ, കവർച്ചകൾ എന്നിവയ്ക്ക് എങ്ങനെ അന്ത്യം കുറിച്ചു എന്ന് പ്രതിപാദിക്കുന്നുണ്ട്. ഫ്രഞ്ച് കൊളോണിയലിസത്തിന്റെ കാലത്ത്, അറബ് കളിക്കാരെ ഫ്രഞ്ച് കളിക്കാരെന്ന നിലയിൽ അന്താരാഷ്ട്ര വേദികളിൽ പ്രതിനിധീകരിക്കുന്നതിന് വേണ്ടി ഫ്രഞ്ച് സർക്കാർ അവർക്ക് പൗരത്വം നൽക്കാൻ തയ്യാറാകുകയായിരുന്നു. ഇവിടെ നിന്ന്, പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ബാനറിൽ അൾജീരിയൻ യുവാക്കളെ ഒരുമിച്ചുക്കുട്ടാൻ ഒരു ഫുട്ബോൾ ടീം സ്ഥാപിക്കുക എന്ന ആശയം 1947ൽ കൊണ്ടുവന്നു. കൊളോണിയലിസത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനായി അൾജീരിയക്കാരെ ഏതെങ്കിലും ഇസ്ലാമിക് സ്പോർട്സ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ നിന്ന് തടഞ്ഞത് സങ്കീർണ്ണമായ ഫ്രഞ്ച് നിയമങ്ങളാണെങ്കിലും, പ്രത്യേകിച്ചും എല്ലാ ഫുട്ബോൾ ടീമിലും ഫ്രഞ്ചുകാരെയും ജൂതന്മാരെയും ചാരന്മാരായി ഉൾപ്പെടുത്തി. അത് അൾജീരിയക്കാർക്ക് ബാധ്യതയാവുകയും അവരുടെ തന്ത്രങ്ങളെ ഫ്രഞ്ചുകാരിലേക്ക് എത്തിച്ച് അവരെ അട്ടിമറിക്കാൻ അവസരമൊരുങ്ങുകയും ചെയ്തു.

എന്നിരുന്നാലും, കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ക്ലഫ് അസോസിയേഷൻ സ്ഥാപിക്കുന്നതിൽ അൾജീരിയക്കാർ വിജയിച്ചു. നിരവധി ഫുട്ബോൾ ടീമുകളുടെ ആവിർഭാവത്തിനുശേഷം, ഫ്രഞ്ച് കൊളോണിയലിസത്തെ ഉന്മൂലനം ചെയ്യുന്നതിനായി അവർ ഫുട്ബോൾ പോരാട്ടങ്ങൾ തുടർന്നു. എല്ലാ മുസ്ലീം ഫുട്ബോൾ ടീമുകളും 1956ൽ പ്രവർത്തനങ്ങൾ നിർത്തിയതായി അൾജീരിയയിലെ അൽ ഹദഫ് ടിവിയിലെ കായിക നിരൂപകൻ സമീർ ബഷീർ പറയുന്നു. പിന്നീട്, വിപ്ലവകാരികൾ ഒത്തുകൂടിയ മലനിരകളിൽ ഫുട്ബോൾ കളിക്കാർ പോരാളികളായി ചേരുകയും, വിപ്ലവത്തിൽ രക്തസാക്ഷികളാവുകയും ചെയ്തു. മരിക്കാൻ വരെ തയ്യാറായ ധാരാളം ധീരരായ കളിക്കാരുണ്ടായിരുന്നു. മുഹമ്മദ് കൊറോയ അസ്സൗരി (വിപ്ലവക്കാരി) എന്ന കളിക്കാരനെ മുഹമ്മദ് ബഷീർ പരിചയപ്പെടുത്തുന്നു. വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിലും പന്ത് കോർട്ടിൽ നിന്ന് പ്രതിരോധിക്കുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു.

ഈജിപ്ത്

ഈജിപ്ഷ്യൻ ഫുട്ബോളിന് അഹങ്കരിക്കാവുന്ന ഒരു ചരിത്രവും അവരെ തന്നെ കുറ്റപ്പെടുത്താനുള്ള ഒരു ചരിത്രവും പറയാനുണ്ട്. ഈജിപ്തിലെ അൽ-അഹ്ലി, സമാലെക് ക്ലബുകളിലെ ആരാധകർക്കിടയിൽ ഇന്നും നിലനിൽക്കുന്ന പോരാട്ടം രണ്ട് ക്ലബുകളുടെ സ്ഥാപന ചരിത്രവുമായി പരസ്പരം ബന്ധപ്പെട്ടുക്കിടക്കുന്നു. 1907ൽ ഉമർ ലുത്ഫി ബക്കാണ് അൽ-അഹ്ലി ക്ലബ് സ്ഥാപിച്ചത്. ഇംഗ്ലീഷ് അധിനിവേശത്തിനെതിരായ വിപ്ലവത്തിന്റെ മുന്നിലുണ്ടായിരുന്ന ഹൈസ്കൂളുകളിലെ വിദ്യാർത്ഥികളെയും ബിരുദധാരികളെയും ഒരുമിച്ചുകൂട്ടി വളർന്നതിനാലാണ് അൽ-അഹ്ലി (എന്റെ കുടുംബം) എന്ന പേര് ക്ലബ് സ്വീകരിച്ചത്.

ഈജിപ്ഷ്യൻ യുവാക്കളെ ഒന്നിപ്പിക്കുന്നതിനായി അഹ്ലി ക്ലബ് ദേശീയതലത്തിൽ തന്നെ വളർന്നു. സയണിസ്റ്റ് ക്ലബ്ബുകൾക്ക് മുന്നിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് 1943 ൽ അൽ-അഹ്ലി ക്ലബിന് ചില ഫലസ്തീൻ ക്ലബ്ബുകളിൽ നിന്ന് ക്ഷണം ലഭിച്ചു. ബ്രിട്ടീഷ് അധികാരികളുടെ സമ്മർദത്തെത്തുടർന്ന് ഫലസ്തീനിലേക്ക് പോകാനുള്ള ദൗത്യം അക്കാലത്തെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചു. എന്നിരുന്നാലും, ഈജിപ്ഷ്യൻ കളിക്കാരനും അൽ-അഹ്ലിയുടെ ഇതിഹാസവുമായ മുഖ്താർ ഇൽതിതിഷ് അൽ-അഹ്ലി ടീമിനെ ഒരുമിച്ചുകൂട്ടുകയും ആഭ്യന്തര മന്ത്രി ഫുആദ് സിറാജുദ്ധീന്റെ സഹായത്തോടെ അനൗദ്യോഗികമായി യാത്ര തിരിക്കുകയും ചെയ്തു. ബ്രിട്ടനെതിരെയും കിംഗ് ഫാറൂക്കിനെതിരെയും ഫുട്ബോൾ അസോസിയേഷന്റെ തീരുമാനങ്ങൾക്കെതിരെയും തിരിച്ചടിച്ചു കൊണ്ടാണ് മുഹമ്മദ് ഫുആദ് സിറാജുദ്ധീൻ ഈ തീരുമാനം എടുത്തത്.

തൽഫലമായി, അൽ-അഹ്ലിയെ നിരോധിക്കുകയും പ്രാദേശിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു

സമാലിക്ക് ക്ലബിന്റെ സ്ഥാപകനായ ബെൽജിയൻ പൗരൻ ജോർജ് മെർസ്ബാക്കിന്റെ ജൂത വേര് കാരണം ചിലർ സമാലെക്കിന്റെ ആരാധകരെ വിമർശിക്കുന്നുണ്ട്. സമാലെക് ക്ലബ് സ്ഥാപിക്കുന്നതിനു മുമ്പ് ജോർജ് ഈജിപ്തിലെ പ്രമുഖ കോടതികളിലൊന്നിന്റെ തലവനായി പ്രവർത്തിച്ചിരുന്നു എന്ന് അൽ-അഹറം കായിക നിരൂപകൻ അലാഉ ഇസ്സത്ത് സ്ഥിരീകരിക്കുന്നു. ഈജിപ്തിലെ വലിയ യഹൂദ സമുദായത്തിലെ ഒരാളായിരുന്നു അദ്ദേഹം, അക്കാലത്ത് ജൂതന്മാർ ഈജിപ്തിലെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും പങ്കാളികളായിരുന്നു. സയണിസ്റ്റ് ചുറ്റുപാടുകളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സയണിസവുമായി ബന്ധമെന്നുമുണ്ടായിട്ടില്ലെങ്കിലും, പുതിയ തലമുറ ഈജിപ്ഷ്യൻ ഫുട്ബോൾ ആരാധകർ സമാലിക്കിന്റെ മേൽ സിയോണിസം കെട്ടിച്ചമച്ച് ക്ലബുകളുടെ സ്ഥാപകരുടെ ചരിത്രം നിരസിക്കാൻ നിർബന്ധിതരാകുകയും അതിന്റെ പേരിൽ തമ്മിൽ തർക്കിക്കുകയും ചെയ്യുന്നു.

ലിബിയ

1911ൽ ഇറ്റാലിയൻ അധിനിവേശത്തിനുശേഷം ബെൻഗാസി നഗരത്തിലാണ് ലിബിയയിൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചതെന്ന് ‘അൽ-കുറതു അൽ-നാസ്’ വെബ്‌സൈറ്റിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അലി മഹ്ദി അൽ ഫായിദി പറയുന്നു. അധിനിവേശക്കാലത്ത്, ഫുട്ബോൾ എന്ന കളി പട്ടണങ്ങളിലേക്കും തെരുവുകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ട് അവിടങ്ങളിൽ മൈതാനങ്ങൾ രൂപപ്പെടുകയായിരുന്നു. ലിബിയൻ മണ്ണിൽ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ലിബിയൻ ജനതയെ അനുവദിച്ചിരുന്നില്ല, മാത്രമല്ല അവയിൽ പങ്കെടുക്കുന്നത് ഇറ്റാലിയൻ ആർമി യൂണിറ്റുകളിൽ നിന്ന് രൂപീകരിച്ച ടീമുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. കാലക്രമേണ, അവർക്ക് തമ്മിൽ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദം കിട്ടുകയും, തുടർന്ന് കൊളോണിയലിസം അവർക്ക് സ്വന്തമായി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതിനാൽ നിരവധി ക്ലബ്ബുകൾ രൂപപ്പെട്ടു. കൊളോണിയൽ ജയിലുകളിലെ തടവുകാരോട് ഐക്യപ്പെട്ട് നിൽക്കാനായി 1941 ൽ ആസാദ് ബിൻ ഇമ്രാന് കൈറോ മരുഭൂമിക്ക് സമീപം “ഉമർ അൽ മുക്താർ” എന്ന ഒരു ക്ലബ് സ്ഥാപിക്കാനുള്ള ആശയം ഉണ്ടായിരുന്നുവെങ്കിലും. പിന്നീട്, അൽ മഹ്ദി അൽ മുത്താർദി ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ബെൻഗാസിയിൽ ഒരു ക്ലബ് സ്ഥാപിക്കാൻ അനുമതി വാങ്ങി.

ഈ സംഘം 1947 ൽ അൽ-അഹ്ലി (ഈജിപ്ഷ്യൻ അൽ-അഹ്ലി ക്ലബിനോട് സമാനമായി കൊണ്ട്) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈജിപ്ഷ്യൻ ക്ലബ് സ്ഥാപിച്ച തത്ത്വങ്ങൾക്ക് സമാനമായി തന്നെയാണ് ഈ ക്ലബും സ്ഥാപിച്ചത്. ക്ലബ് നിരവധി മത്സരങ്ങൾ കളിച്ചു, ആ മത്സരങ്ങളിൽ നിന്ന് ലഭിച്ച പണം ലിബിയയിലെ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കാൻ നൽകുകയായിരുന്നു. 1954ൽ രാജാവിനും കൊളോണിയലിസത്തിനുമെതിരെ നടന്ന പ്രകടനങ്ങളിൽ ടീമിന്റെ കളിക്കാരും ആരാധകരും പങ്കെടുക്കുകയും, ഈ പ്രകടനങ്ങളിൽ ടീമിന്റെ ധാരാളം കളിക്കാരും ആരാധകരും കൊല്ലപ്പെടുകയും ചെയ്തു. ക്ലബ്ബിലെ കായിക താരങ്ങളുടെ മരണം ആരാധകർക്കിടയിൽ വലിയ ആഘാതമുണ്ടാക്കിയിരുന്നു. മത്സരങ്ങൾ കളിക്കാൻ ഒരു സ്റ്റേഡിയം സ്ഥാപിക്കുകയും, ഡിസംബർ 24 സ്റ്റേഡിയമായി മാറുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയത്തിന് അൽ-ബറക സ്റ്റേഡിയം എന്ന പേര് നൽകുകയും ചെയ്തു. ഇതേ സമയം തന്നെ രൂപീകരിക്കപ്പെട്ടതും ഇപ്പോഴും ഫുട്ബോൾ കളിക്കുന്നതുമായ ക്ലബ്ബുകളിലൊന്നാണ് അൽ-ഇത്തിഹാദ് ട്രിപ്പോളി ടീം, ഈ ക്ലബ് കുർദുകൾ സ്ഥാപിച്ചതാണ്. അഹ്‌ലി ട്രിപ്പാേളി എന്ന ഫുട്ബോൾ ക്ലബ് സ്ഥാപിച്ചത് ഫലാഷയിലെ ജൂതന്മാരാണ്. ലിബിയയിലെ ഫുട്ബോൾ ആരാധകർ അവരുടെ ക്ലബ് അധിനിവേഷ ശക്തികൾക്കെതിരെ പോരാടിയതിൽ അഭിമാനിക്കുന്നവരാണ്. എങ്കിലും, കൊളോണിയലിസം നിർമ്മിച്ച ക്ലബ്ബുകളിൽ നിന്നുള്ള ലിബിയൻ ആരാധകർ അവരുടെ സ്ഥാപകരുടെ വേരുകൾ കാരണം തല ഉയർത്താൻ മടിക്കുന്നതായി കാണാവുന്നതാണ്.

അൽ ഇത്തിഹാദ് ട്രിപ്പോളി ടീം

തുനീഷ്യ

1915 മുതലാണ് ഫുട്ബോൾ ആവേശം തുനീഷ്യലേക്ക് കടന്നുവരുന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് തുനീഷ്യൻ പൗരൻമാരാൽ ക്ലബ് ആഫ്രിക്കൻ സ്ഥാപിക്കപ്പെടുന്നത്. ഇടക്കാലത്ത് ക്ലബിന്റെ പ്രവർത്തനങ്ങൾ നിലച്ചെങ്കിലും 1920ൽ പുനരാരംഭിക്കുകയായിരുന്നു. ക്ലബ് ആഫ്രിക്കൻ കളിച്ചിരുന്നത് ടുണീഷ്യൻ സ്വത്വത്തിൽ ഊന്നിക്കൊണ്ടായിരുന്നു. ക്ലബ് ആഫ്രിക്കനെ പലരും ഒരു ദേശീയ പ്രസ്ഥാനമായി പരിഗണിച്ചിരുന്നു. 1918 മാർച്ച് 3 ന് ക്ലബ് ആഫ്രിക്കൻ ‘എസ്‌പെറൻസ്’ കപ്പിന്റെ ഫൈനലിൽ ടെൻസോവ ടീമിനെ നേരിടാൻ യോഗ്യത നേടി.

‘എസ്‌പെറൻസ്’ എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം പ്രത്യാശ എന്നാണ്. ഈ സമയത്ത് ഫ്രഞ്ചുകാർ ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു, അതിനായി അവർ വളരെയധികം കഷ്ടപ്പെട്ടിരുന്നു. ക്ലബ് ആഫ്രിക്കൻ-ടെൻസോവ മത്സരത്തിലെ ടുണീഷ്യൻ ആരാധകരുടെ വലിയ സാന്നിധ്യം ഫ്രഞ്ച് കോളനിക്കാരിൽ വലിയ രീതിയിലുള്ള ഭയം ജനിപ്പിച്ചു, ഇസ്ലാമിക പശ്ചാത്തലമുള്ള ഒരു ക്ലബ്ബിന് ചുറ്റും ഈ വലിയ ജനക്കൂട്ടത്തെ പൊതിഞ്ഞതിൽ തുനീഷ്യയിലെ ഫ്രഞ്ച് നിലനിൽപ്പിന് ഭീഷണിവുമോ എന്ന് വരെ അവർ വിചാരിച്ചു.

ഈ മത്സരത്തിന് ശേഷം ക്ലബ് ആഫ്രിക്കയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഫ്രഞ്ച് അധികൃതർ അടിയന്തിര തീരുമാനമെടുക്കുകയായിരുന്നു.

മൊറോക്കോ

1912 മുതൽ 1956 വരെ നീണ്ടുനിന്ന ഫ്രഞ്ച് അധിനിവേശക്കാലത്ത് അധിനിവേശ സാന്നിധ്യത്തെ ചെറുക്കുന്നതിന് ഫുട്ബോൾ ക്ലബുകൾ പല മാർഗങ്ങളും നടപ്പാക്കിയിരുന്നു എന്ന് അൽ ഇത്തിഹാദുൽ ഇഷ്തിറാഖിൽ മഗ്രിബി എന്ന പത്രത്തിലെ കായിക നിരൂപകൻ അബ്ദുൽ അസീസ് ബൽബുദാലി പറയുന്നു. മറ്റെല്ലാ രാജ്യങ്ങളിലും ഫുട്ബോൾ പ്രവർത്തിച്ചതു പോലെ, ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ ചെറുക്കുന്നതിൽ മൊറോക്കോയിലും ഒരു പ്രധാന പങ്ക് വഹിച്ചു. സ്പോർട്സ് ക്ലബ്ബുകൾ സ്ഥാപിച്ച് കോളനിക്കാരനെ നേരിടുന്നതിൽ പ്രതിരോധ പോരാളികൾക്ക് വലിയ പങ്കുണ്ടെന്ന് ചരിത്രം സൂചിപ്പിക്കുന്നുണ്ട്.

കൊളോണിയലിസത്തിനെതിരെ ആയുധമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ക്ലബ്ബുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ടത്ത് വൈഡാഡ് ക്ലബാണ്. കൊളോണിയലിസത്തിനെതിരെ പോരാടുന്ന ഒരു കൂട്ടം ദേശസ്നേഹികളുടെ പങ്കാളിത്തത്തോടെ മുഹമ്മദ് ബിൻ ജലൂൻ സ്ഥാപിച്ച വൈഡാഡ് സ്പോർട്സ് ക്ലബ് രാജ്യത്തുടനീളം പ്രശസ്തമായിരുന്നു.

വൈഡാഡ് ക്ലബ്

എല്ലാ മൊറോക്കൻ വംശജരും “വൈഡാഡിയൻ” (വൈഡാഡ് ക്ലബ് ആരാധകർ) ആവുന്നതിൽ അഭിമാനിച്ചിരുന്നു, വൈഡാഡ് ടീമിലെ ഒരു കളിക്കാരൻ പന്ത് തട്ടിയാൽ, മൊറോക്കൻ കാഴ്ചക്കാരൻ തന്റെ ഫ്രഞ്ച് എതിരാളിയുടെ ശരീരത്തിലെന്നപോലെ ഓരോ പ്രഹരത്തെയും പരിഗണിക്കും. കൊളോണിയൽ കാലഘട്ടത്തിൽ മൊറോക്കൻ വംശജർ ഒരു സ്ഥലത്ത് ഒത്തുകൂടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു, അങ്ങനെയിരിക്കെയാണ് വൈഡാഡ് ടീം അവർക്ക് ഒത്തുചേരാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുകയും സ്റ്റേഡിയങ്ങളിൽ ഒത്തുകൂടുകയും ചെയ്തത്. ഫ്രഞ്ചുകാർ സ്റ്റേഡിയങ്ങളിലെ വൈഡാഡി ക്ലബിന്റെ ആരാധക വർധനവിനെ ഭീതിയോടെയാണ് നോക്കികണ്ടത്. വൈഡാഡിന്റെ ജനപ്രീതിയും അതിനെ ചുറ്റിപ്പറ്റിയുള്ള ജനക്കൂട്ടവും സംബന്ധിച്ച കോളനിക്കാരന്റെ ഭയം, വൈഡാഡ് ടീം മത്സരങ്ങൾക്കിടെ യുദ്ധ ടാങ്കുകൾ കൊണ്ട് സ്റ്റേഡിയങ്ങളെ വളഞ്ഞായിരുന്നു നേരിട്ടത്.

അധിനിവേശകരുടെ ദൃഷ്ടിയിൽ, വൈഡാഡ് ക്ലബിനെ അനുകൂലിക്കുന്ന ഏതൊരാളെയും ദേശസ്നേഹിയായിട്ടും അധിനിവേശ വിരുദ്ധനായിട്ടുമായിരുന്നു കണക്കാക്കിയിരുന്നത്. ഒരിക്കൽ വൈഡാഡ് ക്ലബ് ആൾജീരിയയിൽ നിന്ന് കളികഴിത്ത് തിരികെ നാട്ടിലേക്കുള്ള യാത്രയിൽ ചില ദേശീയ ലഘുലേഖകൾ കൈവശം വെച്ചിരുന്നു. കൊളോണിയിലസത്തിനെതിരെ മൊറോക്കൻ ജനത ഉയർന്നു വന്ന സന്ദർഭത്തിൽ, സുൽത്താൻ മുഹമ്മദ് അഞ്ചാമന്റെ നാടുകടത്തലിനുശേഷം വസ്തുതകൾ അന്വേഷിക്കാൻ ലാറ്റിനമേരിക്കയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം മൊറോക്കോ സന്ദർശിച്ചപ്പോൾ വൈഡാഡിന്റെ മേനേജർമാരെയും കളിക്കാരായ അബ്ദുൽ നബി മുസ്ത്വാത്വി, വലദ് ആയിഷ ഗഫാരി എന്നിവരെയും അറസ്റ്റു ചെയ്യുകയുണ്ടായി. മൊറോക്കോയിൽ നിന്ന് സുൽത്താൻ മുഹമ്മദ് അഞ്ചാമനെ നാടുകടത്തിയതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാണ് ഈ സംഘം വന്നത്. 1953ൽ തന്നെയാണ് വൈഡാഡ് ക്ലബിന്റെ കീഴിൽ കാസബ്ലാൻക കേന്ദ്രമാക്കി മൊറോക്കോയിലെ എല്ലാ നഗരങ്ങളും വ്യാപിച്ച് കൊണ്ട് മുഹമ്മദ് അസ്സർക്കാനിക്ക് കീഴിൽ ഒരു സായുധ സംഘം രൂപം കൊണ്ടത്. 1954 ജൂൺ 18 ന് അസ്സർക്കാനിയെ അറസ്റ്റ് ചെയ്തു. “അദ്ദേഹം പ്രതിരോധത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനുപകരം വിഷ ഗുളിക വിഴുങ്ങി രക്തസാക്ഷിത്വം തിരഞ്ഞെടുത്തു” എന്ന് ബൽബുദാലി പറയുന്നു.

References

• https://en.m.wikipedia.org/wiki/Al_Ahly_SC

• https://en.m.wikipedia.org/wiki/Zamalek_SC

• https://www.noonpost.com/content/35011

• https://www.noonpost.com/content/34934

By സ്വാദിഖ് ചുഴലി

Degree Student, Manhaju Rashad Islamic College, Chelembra