അഫ്ഗാനിസ്ഥാന്റെ പേരിലുള്ള ഉത്കണ്ഠകളും ബേജാറും നിര്‍ത്താനായിരിക്കുന്നു. ഇനിയും അത് ആരെയും വിഢികളാക്കില്ല. അമേരിക്കക്കും ബ്രിട്ടനും അവരുടെ നാറ്റോ രാജ്യങ്ങള്‍ക്കും ആ രാജ്യത്തെ വീണ്ടെടുക്കാന്‍, മനുഷ്യാവകാശം സംരക്ഷിക്കാന്‍, സ്ത്രീ സമത്വം ഉറപ്പുവരുത്താന്‍, അഴിമതി രഹിത- ജനാധിപത്യ ഭരണം കൊണ്ടുവരാന്‍ ഇരുപത് വര്‍ഷത്തെ സമയമുണ്ടായിരുന്നു. അവര്‍ പരാജയപ്പെട്ടിരിക്കുന്നു.
2002 ലും അതിനു ശേഷവുമായി ബില്യണ്‍ കണക്കിന് ഡോളര്‍ ഒഴുകിയെത്തിയിട്ടും, കാബൂളിനപ്പുറത്തേക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. നല്ല ഭരണം കാഴ്ച്ചവെക്കുന്നതിനപ്പുറം സ്വന്തം കീശ നിറക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി ഭരിക്കുന്ന വെറിയന്‍മാരായ രാഷ്ട്രീയക്കാരുള്ള, ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് തലസ്ഥാനത്തുള്ളത്.
മിലിട്ടറി നയതന്ത്രജ്ഞരെ അമ്പരപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ നിയന്ത്രണം കയ്യടക്കാന്‍ താലിബാന്‍ അതിവേഗം മുന്നേറുന്നതില്‍ അത്ഭുതപ്പെടാനില്ല. ചില പ്രദേശങ്ങളില്‍, യാതൊരു ചെറുത്തുനില്‍പ്പും കൂടാതെ തന്നെ അവര്‍ സ്വാഗതം ചെയ്യപ്പെടുന്നു. അഫ്ഗാനിസ്ഥാന്റെ പകുതിയിലധികവും താലിബാന്‍ കയ്യടക്കിയിരിക്കുന്നു.
താലിബാനെ ഇരുപതുവര്‍ഷക്കാലം പൈശാചികവല്‍ക്കരിച്ചതിനു പാശ്ചാത്യ ഭരണകൂടങ്ങളും അവരുടെ അടിമ മാധ്യമങ്ങളും തീര്‍ച്ചയായും ഉത്തരവാദികളാണ്. 9/11 ലെ ഭീകര സംഭവങ്ങള്‍ക്കു ശേഷം, അത് ചെയ്തത് ലോകത്തെ ഏറ്റവും ക്രൂരമായ ഭരണക്രമമാണെന്നു ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, 9/11 ല്‍ താലിബാന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ആ ആഖ്യാനം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും, അദ്ദേഹത്തിന്റെ കൂട്ടാളി ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും വകയായിരുന്നു.
ജോർജ് ബുഷ് ടോണി ബ്ലെയർ
കുട്ടികള്‍ പട്ടം പറത്തുന്നതില്‍ നിന്നും വിലക്കപ്പെട്ടതും, പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയതിനെയും കുറിച്ചവര്‍ വാചാലരായി. അത്തരം അനിഷ്ട സംഭവങ്ങളെക്കുറിച്ചുള്ള വിവരണത്തില്‍ സത്യവുമുണ്ട്. പക്ഷേ, ഏതെങ്കിലും പത്രപ്രവര്‍ത്തകര്‍ വസ്തുതയന്വേഷിച്ചിറങ്ങിയിരുന്നെങ്കില്‍ അടച്ചു പൂട്ടിയ വിദ്യാലയങ്ങളില്‍ പലതും രാജ്യത്തെ അരക്ഷിതാവസ്ഥയുടെയും ആഭ്യന്തര യുദ്ധം വിതച്ച ദുരിതത്തിന്റെയും ബാക്കിപത്രമായുണ്ടായ ക്ഷാമത്തിന്റെ ഫലമായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കുമായിരുന്നു.
പ്രധാന നഗരപ്രദേശങ്ങളിലും മറ്റും പട്ടം പറത്തല്‍ നിരോധിച്ചതിനു കാരണം മുള്‍കമ്പികളും വൈദ്യത കമ്പികളും തലയ്ക്കു മുകളില്‍ ഇഴപിരിഞ്ഞു കിടക്കുന്നതിനാല്‍ പട്ടം പറത്തുന്ന കുട്ടിയെയും വൈദ്യുതിയെത്തുന്ന വീടുകളെയും ഒരേ പോലെ ഇരുട്ടിലാക്കുമെന്നതിനാലാവാം. ലണ്ടനിലെ ഓക്‌സ്‌ഫോഡ് സ്ട്രീറ്റില്‍ പട്ടം പറത്തുന്നതായി സങ്കല്‍പ്പിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ അത് നിരോധിക്കാനുള്ള കാരണം.
താലിബാന്റെ പതനത്തിനു ശേഷം, കാബൂള്‍ സര്‍വകലാശാലയുടെ കവാടങ്ങള്‍ വീണ്ടും തുറക്കുകയാണെന്നും പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെയെത്തുകയാണെന്നും മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞ, ഞാന്‍ താലിബാന്റെ പിടിയില്‍ അകപ്പെട്ടതിന്റെ തൊട്ടടുത്ത വര്‍ഷമായ 2002 ഫെബ്രുവരിയില്‍ ഞാന്‍ അഫ്ഗാനിസ്ഥാനിലേക്കു തന്നെ തിരികെയെത്തി. യുദ്ധം അവസാനിച്ചുവെന്നും ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്നു ഒരുപാടു പേര്‍ വിശ്വസിച്ചു. തീര്‍ച്ചയായും ശരി തന്നെ. പക്ഷേ, താലിബാനു കീഴില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നല്‍കപ്പെടാതിരിക്കുകയായിരുന്നുവെങ്കില്‍ ആണ്‍കുട്ടികളെക്കാളും കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയതെങ്ങനെയെന്ന ചോദ്യത്തിന് വാര്‍ത്ത സമ്മേളനത്തില്‍ നിശബ്ദത മാത്രമായിരുന്നു മറുപടി. മറുപടിയുണ്ടായില്ലെന്നു മാത്രമല്ല, കഴിഞ്ഞ വര്‍ഷം പത്തു ദിവസത്തോളം താലിബാന്റെ തടവില്‍ അതിജീവിച്ച എനിക്ക് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ആണെന്നു പറഞ്ഞ് എന്നെ മൂലക്കിരുത്തകയാണുണ്ടായത്. എന്നെ ബന്ദിയാക്കിവരോട് രമ്യതയോടെ പൊരുത്തപ്പെട്ടു കഴിയുന്നതിനു പകരം ഞാനാ തടവറയിലൊരു ശല്യമായിരുന്നു. സത്യത്തില്‍, ഞാന്‍ തിരികെ ബ്രിട്ടനിലെത്തിയതില്‍ ഞാനാണോ അതോ താലിബാനാണോ കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാവുകയെന്നത് സംശയമാണ്.

എന്റെ മോചനം പ്രഖ്യാപിച്ചുകൊണ്ട് മുല്ലാ അബ്ദുല്‍ സലാം സഈഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്, ‘അവര്‍ വളരെ മോശമായി സംസാരിക്കുന്ന വളരെ മോശം സ്ത്രീയാണ്’ എന്നായിരുന്നു. ഞാന്‍ താലിബാനെ ഇഷ്ടപ്പെടുന്നേയില്ല, താലിബാന്‍ എന്നെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നില്ല. ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ സത്യം ജനത്തെയറിയിക്കല്‍ എന്റെയുത്തരവാദിത്തമാണ്. ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറമായി എന്നെ ബന്ദിയാക്കിവരെന്നോട് അങ്ങേയറ്റം മാന്യമായും ആദരവോടും കൂടിയാണ് പെരുമാറിയിട്ടുള്ളതെന്നതാണ് സത്യം. എല്ലാത്തിലുമുപരി, അമേരിക്കന്‍ അധിനിവേശകരില്‍ നിന്ന് എന്തു വിലകൊടുത്തും തങ്ങളുടെ രാജ്യത്തെ തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്ന, സ്വരാജ്യ സ്‌നേഹികളെയെനിക്കവിടെ കാണാന്‍ കഴിഞ്ഞു.
താലിബാന്‍ അവരുടെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുകയോ, ഏതെങ്കിലും രഹസ്യ അജണ്ട കൊണ്ടുനടക്കുകയോ ചെയ്യുന്നില്ല. നല്ല കാരണങ്ങള്‍ കൊണ്ടു തന്നെ നമ്മുടെ പാശ്ചാത്യ രാജ്യത്ത് താലിബാന്റെ ശൈലികള്‍ അവതരിപ്പിക്കുന്നതും, അവരുടെ ആശയങ്ങളും വിശ്വാസങ്ങളും ചിന്താരീതിയും നമ്മള്‍ പാശ്ചാത്യര്‍ ഇഷ്ടപ്പെട്ടുവെന്നു വരില്ല. പക്ഷേ ഈ ഭൂമിയില്‍ ഒരു പ്രസ്ഥാനവും അതിന്റെ അനുയായികളും നമ്മുടെ സംസ്‌കാരവും ശീലങ്ങളും വിശ്വാസങ്ങളും സ്വാംശീകരിക്കണമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്തു കൊണ്ടാണ്.
ഞാനിതെഴുതുമ്പോള്‍ ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനമെടുത്ത അമേരിക്ക താലിബാന്റെ കേന്ദ്രങ്ങളില്‍ ബോബ് വര്‍ഷിക്കുന്ന തിരക്കിലാണ്. നിര്‍ത്താനായില്ലേ? ഇരുപതു വര്‍ഷത്തെ കൊടിയ നശീകരണത്തിനു പകരമായി ആ രാജ്യത്തിന്റെ പുനഃസൃഷ്ടിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കുന്നതിനപ്പുറമുള്ള സകല ഇടപെടലുകളുമവസാനിച്ച് പൂര്‍ണമായി പിന്‍വലിയാന്‍ പാശ്ചാത്യര്‍ക്ക് സമയമായിരിക്കുന്നു. അമേരിക്ക തങ്ങളില്‍ അടിച്ചേല്‍പ്പിച്ച പാവസര്‍ക്കാരിനെ അഫ്ഗാന്‍ ജനത തുരത്തണമെന്നാണാഗ്രഹിക്കുന്നതെങ്കില്‍ അതവരുടെ പണിയാണ്, നമ്മുടെതല്ല.
കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലെന്ന പോലെ തന്നെ ഈ സംഘര്‍ഷത്തില്‍ ഇന്നും ആളുകള്‍ മരിച്ചു വീഴുകയാണ്. ഇപ്രവശ്യം എങ്കിലും പാശ്ചാത്യ മാധ്യമങ്ങള്‍ സാധാരണക്കാരുടെ ദുരിതചിത്രം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തുകാണുന്നുണ്ട്. ഞാന്‍ 2001 ഒക്ടോബറില്‍ താലിബാന്‍ പിടിയില്‍ നിന്നും മോചതയായി പോകുമ്പോഴേ യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. കാബൂളില്‍ നിന്ന് പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍, അമേരിക്കയുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന സിവിലിയന്‍ പ്രദേശങ്ങള്‍,ആശുപത്രികള്‍ എന്നിവ കണ്‍മുന്നില്‍ കാണാമായിരുന്നു. അന്ന് ആരും അഫ്ഗാന്‍ പൗരന്മാരുടെ അത്യാഹിതത്തെക്കുറിച്ച് അത്ര താല്‍പര്യം കാണിച്ചിരുന്നി്ല്ല.
പാശ്ചാത്യരുടെയും എന്റെ തന്നെ ചില സഹപ്രവര്‍ത്തകരുടെയും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞ സമീപനങ്ങളെ ഞാന്‍ പല കോളങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും താലിബാന്‍ അധികാരശക്തിയായി തിരികെയെത്തുകയാണ്. ഏറ്റവും നല്ല വഴി നയതന്ത്രപരമായ നീക്കുപോക്കുകളാണ്, പക്ഷേ, താലിബാനകത്തെ എന്റെ ബന്ധങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്, നേതൃത്വവും അഷ്‌റഫ് ഗനിയുടെ സര്‍ക്കാരും പരസ്പരമുള്ള വിശ്വാസം നന്നേ കുറവാണ്. മാസങ്ങള്‍ക്കു മുമ്പേ അദ്ദേഹത്തിന് താലിബാനുമായി സമാധാനപരമായ തീര്‍പ്പുകളിലെത്താമായിരുന്നു. പക്ഷേ അമേരിക്ക അദ്ദേഹത്തിന് ഏതുഘട്ടത്തിലും പിന്തുണയുമായുണ്ടാകുമെന്നദ്ദേഹം എപ്പോഴും കരുതി.

അദ്ദേഹമതില്‍ വേണ്ടത്ര ശ്രദ്ധാലുവായിരുന്നില്ല. പാശ്ചാത്യര്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ അവരോധിച്ച ഏകാധിപതികളുടെ പട്ടിക വളരെ നീണ്ടതാണ്. ആ പട്ടികയിലുള്ളവരെയൊക്കെ പില്‍ക്കാലത്ത് അവരുടെ വാഷിങ്ടണിലെയും യൂറോപ്പിലെയും ചങ്ങാതിമാര്‍ കൈവിട്ട കഥയാണ് പക്ഷേ ചരിത്രം. പ്രസിഡന്റുമാരായ സദ്ദാം ഹുസൈന്‍ (ഇറാഖ്, 1979-2003), കേണല്‍ മുഅമ്മര്‍ ഖദ്ദാഫി (ലിബിയ, 1969-2011), സൈനുല്‍ ആബിദീന്‍ ബിന്‍ അലി (തുനീഷ്യ, 1987-2011) എന്നിവരെയാണ് പെട്ടെന്ന് ഓര്‍മയിലേക്കു വരുന്നത്. ഇവരെല്ലാം ഒരിക്കല്‍ പാശ്ചാത്യരുടെ പിന്തുണയില്‍ ഉള്ളവരായിരുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അവരിക്കാര്യം ശരിവെച്ചേനെ.
വരുംനാളുകളില്‍ താലിബാനുമായി ഒരു കരാറിലെത്താന്‍ അഷ്‌റഫ് ഗനി വൈകാതെ തീരുമാനമെടുക്കണം. ശമ്പളമില്ലാതെ യുദ്ധം ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന അഫ്ഗാന്‍ സൈന്യത്തെ ഇനിയും അദ്ദേഹത്തിന് ആശ്രയിക്കാനാവില്ല. സൈനിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അമേരിക്ക നല്‍കിയ ബില്യണ്‍ കണക്കിന് ഡോളറുകള്‍ താഴെയുള്ള പട്ടാളക്കാരിലേക്കെത്തിയില്ല. സൈനികര്‍ക്ക് അവരുടെ നിലതെറ്റി, രക്ഷപെട്ടോടുന്നതിലും താലിബാനില്‍ ചേരുന്നതിലും അത്ഭുതപ്പെടാനില്ല. സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതുകയെന്നത് ഒരു വശത്ത്, പക്ഷേ അധികാരത്തിലുള്ളവര്‍ തങ്ങളുടെ ജീവന്‍ പണയത്തില്‍ വെച്ചു കൊണ്ട് വമ്പിച്ച തുക കീശയിലാക്കുന്നത് വേറെ തന്നെയാണ്.
പാശ്ചാത്യ ഇടപെടല്‍ വഷളായാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഫ്ഗാനിസ്ഥാന്‍. എന്നിരുന്നാലും, ഇത് നിസ്സംഗമായി ശരിവെക്കുന്നതിനു പകരം മറ്റു വിദേശ ശക്തികളുടെ ഇടപെടല്‍ അഫ്ഗാന്‍ ജനതയ്ക്കു വേണ്ടി നിലയുറപ്പിക്കേണ്ട സമയമാണിത്. ഖത്തര്‍ വളരെ സുപ്രധാനവും ക്രിയാത്മകവുമായ ഒരു പങ്കുവഹിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരുന്നതിനായി ദോഹയില്‍ നടന്ന കരാറില്‍ അമേരിക്കയും താലിബാനും സന്നിഹിതരായി. യുദ്ധമുഖരിതമായ ലിബിയയിലും സിറിയയിലും ജനങ്ങളുടെ കൂട്ടക്കുരുതി തടയുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ തുര്‍ക്കിയാണ് വിശ്വസിക്കാന്‍ കഴിയുന്ന മറ്റൊരു മുസ്ലിംശക്തി.

യുഎസ് സൈന്യത്തിന്റെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം തുര്‍ക്കിയുടെ കൈകളിലാണ്. സ്ഥിരത കൈവരിക്കാനുള്ള മാര്‍ഗം ഇതുതന്നെയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. താലിബാനെ സംബന്ധിച്ചെടുത്തോളം, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധമവസാനിച്ച് രാഷ്ട്രീയമായ പരിഹാരം കാണാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സ്വാഗതം ചെയ്യപ്പെടുന്ന ഒന്നാണ്. വരും മാസങ്ങളില്‍ അഫ്ഗാന്‍ സമാധാന സമ്മേളനം ഇസ്തംബൂളില്‍ ചേര്‍ന്നേക്കാം.
അങ്ങനെയാണെങ്കില്‍, ലിബിയ, സിറിയ, യെമന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നമുള്ള മറ്റ് മുസ്ലിം രാജ്യങ്ങള്‍ക്ക് ഇത് ഒരു മാതൃക കാണിക്കും. അല്ലെങ്കില്‍ പടിഞ്ഞാറന്‍ സഹാറ, മൊറോക്കോ, അള്‍ജീരിയ എന്നിവ. കുറഞ്ഞപക്ഷം, പടിഞ്ഞാറ് പുറത്തുനില്‍ക്കണം. അതിന്റെ ട്രാക്ക് റെക്കോര്‍ഡ് ഭയപ്പെടുത്തുന്നതാണ്, അത് ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനെ ‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന് വെറുതെ വിളിക്കുന്നതല്ല.
Courtesy: Middle East Monitor
വിവ: റമീസുദ്ദീൻ വി എം