ഫാദർ സ്റ്റാൻ സ്വാമി ഫാഷിസത്തോട് പൊരുതി മരിച്ചതാണ്

2014ൽ മോഡിയുടെ കീഴിൽ അധികാരത്തിലേറിയ സംഘപരിവാർ സർക്കാർ ‘ദേശവിരുദ്ധരെ’ന്ന് മുദ്രകുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂട്ടിവരികയാണ്. ഭരണകൂടത്തിന്റെ ജാതീയ വിവേചനങ്ങൾക്ക് എതിരെയും ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും അവർ വെച്ചുപുലർത്തുന്ന മുസ്ലിം വിദ്വേഷത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്നവർക്ക് മുഴുവൻ അനായാസം നൽകാവുന്ന ഒന്നായി മാറിയിരിക്കയാണ് ‘രാജ്യദ്രോഹി പട്ട’വും അതിന് ഏർപ്പെടുത്തിയിരിക്കുന്ന യുഎപിഎ ‘പുരസ്കാരവും’. ഇക്കഴിഞ്ഞ ഒക്ടോബർ മാസം അക്രമത്തിന് പ്രേരിപ്പിക്കുകയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് അറസ്റ്റു ചെയ്ത 84 കാരനായ പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമി ഏകദേശം ഒമ്പത് മാസത്തെ മനുഷ്യത്വരഹിതമായ ജയിൽവാസത്തിന് ശേഷം, ഈ ലോകത്തോടിന്ന് വിട പറയുകയുണ്ടായി.

ജാർഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ജെസ്യൂട്ട് സാമൂഹിക കേന്ദ്രമായ ബാഗൈച്ചയിൽ വച്ച്, 2020 ഒക്ടോബർ 8 നാണ് സ്റ്റാൻ സ്വാമിയെ 2018ലെ പ്രമാദമായ ഭീമകൊറെഗാവ്‌ സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ജംഷദ്‌പൂർ ജെസ്യൂട്ട് സഭയിലെ അംഗമായ ഇദ്ദേഹത്തെ ഇന്ത്യയുടെ ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) മുംബൈയിലെ തലോജ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യയിലെ പ്രായം കൂടിയ രാഷ്ട്രീയ തടവുകാരിൽ ഒരാളായ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് സമൂഹത്തിലെ നിരവധി തുറകളിൽ നിന്നുള്ളവരുടെ പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും തീർത്തും മനുഷ്യത്വരഹിതമായ മൗനമാണ് അധികാരവർഗം പുലർത്തിയത്‌. മനുഷ്യാവകാശത്തിന് വേണ്ടിയും ആദിവാസി ക്ഷേമത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയർത്തിയ സ്റ്റാൻ സ്വാമി തീവ്രവലതുപക്ഷം അധികാരത്തിലേറിയത് മുതൽ നടന്നുകൊണ്ടിരിക്കുന്ന തുടർച്ചയായ ഭരണകൂട വേട്ടയുടെ അനേകം ഇരകളിൽ ഒരാൾ മാത്രമാണ്.

ജാർഖണ്ഡിലെ അധഃസ്ഥിത വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയും ഭരണകൂടത്തിന്റെ ദളിത്, ആദിവാസി വിരുദ്ധമായ നയങ്ങൾക്കെതിരെയും സ്വാമി മൂന്നുപതിറ്റാണ്ടായി പോരാടിക്കൊണ്ടിരുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കാത്തതിനെ ചോദ്യം ചെയ്തതും ഇതിൽ ഉൾപ്പെടുന്നു, ഇത് സംസ്ഥാനത്തെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി ആദിവാസി സമുദായത്തിലെ അംഗങ്ങളുമായി ഒരു ഗോത്ര ഉപദേശക സമിതി രൂപീകരിക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. അറസ്റ്റിന് രണ്ട് ദിവസം മുമ്പേ പ്രചരിച്ച ഒരു വീഡിയോയിൽ, സർക്കാർ നയങ്ങൾക്കെതിരായ വിയോജിപ്പുള്ളതിനാൽ തന്നെ കേസുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്.

“എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. ഇത് രാജ്യത്തുടനീളം നടക്കുന്ന ഒരു വിശാലമായ പ്രക്രിയയാണ്. പ്രമുഖ ബുദ്ധിജീവികൾ, അഭിഭാഷകർ, എഴുത്തുകാർ, കവികൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, നേതാക്കൾ, അവർ എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ച് അവർ വിയോജിപ്പോ ചോദ്യങ്ങളോ ഉന്നയിച്ചതിനാലാണ് എല്ലാവരെയും ജയിലിൽ അടയ്ക്കപ്പെടുന്നത്.

ഞാനും ഈ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തിൽ ഈ പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിശബ്ദനായ ഒരു കാഴ്ചക്കാരനാവുന്നില്ലല്ലോ, ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ എന്ത് വില കൊടുത്തും നേരിടാൻ തയ്യാറാണ്.”

2018ൽ നടന്ന ഭീമ-കൊറെഗാവ് എൽഗർ പരിഷത്ത് സമ്മേളനത്തിൻ്റെ പേരിൽ ഫാഷിസ്റ്റ് ഭരണകൂടം പടച്ചുണ്ടാക്കിയ കേസിൽ അറസ്റ്റിലായ 16-ാമത്തെ വ്യക്തിയാണ് സ്വാമി. കേസിൽ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018 ൽ ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകർക്കെതിരായ വലിയ ആക്രമണത്തിന്റെ ഭാഗമായി ഒമ്പത് പ്രമുഖ പ്രവർത്തകരായ സുധ ഭരദ്വാജ്, ഷോമ സെൻ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗത്, അരുൺ ഫെറീറ, സുധീർ ധവാലെ, റോണ വിൽസൺ, വെർനോൺ ഗോൺസാൽവസ്, വരവര റാവു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഭീമ-കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് പൂനെ പോലീസ് രണ്ടുവർഷത്തിനുശേഷം ഗൗതം നവലഖ, ആനന്ദ് തെൽതുംബ്ദെ, പ്രൊഫ. ഹാനി ബാബു, സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ, ജ്യോതി ജഗ്‌താപ്പ് എന്നിവരെ അറസ്റ്റുചെയ്തതോടെ മനുഷ്യാവകാശ സംരക്ഷകർക്കെതിരായ ആക്രമണം തുടരുകയാണ്. കുന്തിയിലെ പതാൽഗുഡി പ്രസ്ഥാനത്തെക്കുറിച്ചുള്ള സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തെ 2020ൽ പോലീസ് അറസ്റ്റ് ചെയ്തത്. 2015 ൽ സുപ്രീംകോടതി പിൻവലിച്ച ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 66 എ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത് എന്നതും വിചിത്രമാണ്. കടുത്തരീതിയിൽ പാർക്കിൻസൺസ്‌ രോഗവും വാർധക്യസഹജമായ രോഗങ്ങളും അലട്ടുന്ന അദ്ദേഹത്തെ അത്യാവശ്യ ചികിത്സ വരെ നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുണ്ടായി. ഇന്ത്യൻ നിയമവ്യവസ്ഥ ഉറപ്പ്‌നൽകുന്ന പൗരന്മാരുടെ മൗലികമായ അവകാശങ്ങളിൽ പലതും രാഷ്ട്രീയ തടവുകാർക്ക് നിഷേധിക്കപ്പെടുകയാണ്.

മനുഷ്യാവാകാശ പ്രവർത്തകനും പിഡിപിയുടെ സ്ഥാപക നേതാവുമായ അബ്ദുൽ നാസർ മഅദനിയും തെലുഗു കവിയും എഴുത്തുകാരനുമായ വരവര റാവുവും അടക്കമുള്ളവരുടെ ജയിൽ വാസം തന്നെ ഇതിനുദാഹരണം.

കോവിഡ് രോഗ ബാധയും പാർക്കിൻസൺസ് രോഗം മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്ന് അവശനിലയിലായ സ്വാമിയെ ജൂലൈ 4 ന് മുംബൈയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിന്റെ പിന്തുണയോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വൈദ്യ ജാമ്യാപേക്ഷയിൽ അടിയന്തര വാദം കേൾക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹിന്ദുത്വ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന തീർത്തും വിവേചനപരമായ നടപടികൾക്കെതിരെ ഉയരുന്ന വിമതശബ്ദങ്ങളെ അടിച്ചമർത്തുന്ന ഈ കാലത്ത് തടവറയിൽ ജീവൻ പൊലിഞ്ഞവരുടെയും തടവറയിലുള്ളവർക്ക് വേണ്ടി കാത്തിരുന്നു ഇഹലോകത്തോട് വിടപറയുകയും ചെയ്തവരുടെ പട്ടികയിലെ അവസാന പേരുമാത്രമാണ് ഫാദർ സ്റ്റാൻ സ്വാമി. മനുഷ്യാവകാശ പ്രശ്നങ്ങളിലും ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും ഗവണ്മെന്റുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന സ്റ്റാൻ സ്വാമിയെക്കുറിച്ചുള്ള വിവരണങ്ങൾ ഇന്നും അപൂർണ്ണവും പലർക്കും അന്യവുമാണെന്നത് വളരെയധികം ഖേദകരമായ വസ്തുതയാണ്. മാനുഷിക അവകാശങ്ങൾക്കും കൊടിയ ജാതി വിവചനങ്ങൾക്കും ഇരയാവുന്ന മനുഷ്യർക്ക് വേണ്ടി ഇനിയും തെരുവുകളിൽ നിലയുറപ്പിക്കുക തന്നെ വേണം.

By നിഹാൽ എ

Graduate Student, Delhi University