2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി

ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുത്വത്തിന്റെ അമരക്കാരൻ പുഷ്പേന്ദ്ര കുൽശ്രേസ്ത ഓൺലൈനിലും ഓഫ്‌ലൈനിലുമായി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ വിദ്വേഷം പരത്തുന്നു, ചൈന സിൻജിയാങ്ങിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകളോട് പെരുമാറണമെന്ന് വാദിക്കുന്നു. ദില്ലി ന്യൂനപക്ഷ കമ്മീഷൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ, ഉത്കണ്ഠയും ദുരിതവും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്. രാഷ്ട്രീയ പക്ഷം ഋജുവാകലും ദേശസ്നേഹം തെളിയിക്കലും അവരുടെ ചുമലിലെ ബാദ്ധ്യതയാണ്. മതേതരത്ത്വമെന്ന പേരിൽ വോട്ട് ചെയ്യുന്ന പാർട്ടികളിൽ നിന്നുള്ള നേതൃത്വമില്ലായ്മ കാരണത്താലുണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനകളിലും ഇത് കാണാൻ സാധിക്കും. സാമുദായിക അക്രമത്തെക്കുറിച്ചുള്ള ഭയം സ്ഥിരമായി നിലനിൽക്കുന്നു എന്ന വസ്തുതയെല്ലാം ഇവയെ മാറ്റിയില്ല. ഇത്തരം സംഭവങ്ങൾ കൂടുതൽ വഷളായത് 2014-ന് ശേഷമാണെന്നുള്ളത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അധികാരത്തിലിരിക്കുന്നവർ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സാധിക്കുന്നതും അതിന്റെ നിയമപരമായ അധികാരം ഉറപ്പാക്കലുമായിരുന്നു 2014-ന് ശേഷം വന്ന മാറ്റം.

സ്വാതന്ത്രാനന്തരം ഹിന്ദു-മുസ്‌ലിം സംയോജനം കൂടുതൽ വഷളാവുകയായിരുന്നു. കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മഹാ നഗരങ്ങളുടെ ഇടതൂർന്ന പുരാതന ഇടങ്ങളിൽ ആയിരുന്നു ഇത് അഗ്നി സ്ഫുരണം പോലെ കത്തിപ്പടർന്നത്. മുസ്‌ലിം ജനസഞ്ചയങ്ങൾ ഗണ്യമായി ഈ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഇതെല്ലാം കുടിൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു. കലാപത്തിൻ്റെ അനന്തരഫലമായി മുസ്‌ലിംകൾ ഭയാശങ്കരായി. അവർ മറ്റൊരിടത്തേക്ക് പാലായനം ചെയ്യപ്പെടാനും നിർബന്ധിതരായി. ജംഷഡ്പൂർ, കാൺപൂർ, അലിഗഢ്, മീരറ്റ്, ഭഗൽപൂർ തുടങ്ങിയവ അതിൽ ചില ഇടങ്ങളാണ്. അക്രമ ഭയം കാരണത്താൽ പാരമ്പര്യ ബിസിനസ്സുകൾ ഉപേക്ഷിക്കേണ്ടിവന്ന ഒത്തിരി മുസ്‌ലിംകളുടെ ഉദാഹരണങ്ങൾ ഉണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ എം. ജെ അക്ബറിന്റെ “Riots after riots” എന്ന പുസ്തകത്തിൽ നിന്ന് ഇതിന്റെ ഉദാഹരണങ്ങൾ കാണാം.

ഏതാനും പതിറ്റാണ്ടുകളായി സംഘർഷങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും മുസ്‌ലിംകൾക്കിടയിൽ ഭയം ജനിപ്പിക്കുന്നതിനായി പുതിയ രീതികൾ ആവിഷ്കരിച്ചു. ഭരണകൂട സംവിധാനങ്ങൾ തന്നെ നിയമം കയ്യിലെടുത്ത് വംശഹത്യ നടത്താൻ തുടങ്ങി. അത്തരം പോലീസ് ഹീനകൃത്യങ്ങളുടെ ഉദാഹരണങ്ങളാണ് ഹാഷിംപുരയും മലിയാനയും. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിഭുട്ടി നാരായണൻ തന്റെ “ഹാഷിംപുര 22 മെയ്” എന്ന പുസ്തകത്തിൽ ഹാഷിംപുരയെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പോലീസിന്റെയും ഭരണകൂടത്തിന്റെയും കൈകടത്തലുകളെ കുറിച്ച് പറയുന്നുണ്ട്. 1980 ഓഗസ്റ്റ് 13-ന് നടന്ന മൊറാദാബാദിലെ ഇട്ഗഹ് കൂട്ടക്കൊല വിസ്മരിക്കാൻ പാടില്ല. കാരണം, പോലീസിന്റെ വെടിവെയ്പ്പും അതിരുവിട്ട കൈയാങ്കളിയും ജനങ്ങളെ പാലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും മുന്നൂറോളം പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു. അന്നത്തെ ജനതാദളിന്റെ എം.പി ആയിരുന്ന സയ്യിദ് ശിഹാബുദ്ധീൻ ഈ സംഭവത്തെ ജാലിയൻവാലാബാഗുമായി താരതമ്യപ്പെടുത്തിയതും ഇതിന്റെ ദൈന്യത വ്യക്തമാക്കുന്നതാണ്. 2011 രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ഗോപൽഗർ എന്നിടത്ത് പോലീസ് മുസ്‌ലിം പള്ളിയിൽ നമസ്കരിച്ചു കൊണ്ടിരുന്ന ഒമ്പത് പേരെ കൊലപ്പെടുത്തി.

അത്തരം “പോലീസ് കൊലകളുടെ” ഉദാഹരണങ്ങൾ അനവധിയാണ്. മുസ്‌ലിംകൾക്കിടയിൽ ഭയം വിതക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് അവ.

ഇപ്പോൾ ഭൂരിപക്ഷ സമുദായത്തെ റാഡിക്കലൈസ് ചെയ്ത് കൊണ്ടാണ് മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തുന്നത്. ഉദാഹരണത്തിന്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ലാൽ കൃഷ്ണ അദ്വാനി രാജ്യമൊട്ടാകെ രഥയാത്ര സംഘടിപ്പിച്ചു. വർഗീയ പ്രഭാഷണങ്ങളിലൂടെ ഹിന്ദുസമൂഹത്തെ പ്രക്ഷുബ്ധമാക്കി. തുടർന്ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. അപ്പോഴേക്കും രാജ്യം വർഗീയ കലാപത്തിന്റെ പിടിയിലമർന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ബോംബെ കലാപങ്ങളുടെ പ്രഭവകേന്ദ്രമായി. മന്ദിറും മസ്ജിദും തമ്മിലുള്ള പിടിവാശിമൂലം രാജ്യമെമ്പാടും പ്രത്യേകിച്ച് ഗൊരക്പൂർ, ഗാന്ധിപൂർ, ഹൈദരാബാദ്, അയോദ്ധ്യ തുടങ്ങി നിരവധി ഇടങ്ങളിൽ സാമ്പത്തികാവസ്ഥ അവതാളത്തിലായി. ഈ നഗരങ്ങളിൽ കുടിൽവ്യവസായം അധികവും മുസ്‌ലിംകളാൽ നിയന്ത്രിക്കപ്പെടുന്നതായിരുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർഗീയ അസ്ഥിരത കാരണം അവർക്ക് അവിടെ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. ഇത് മോശമായി തന്നെ ബിസിനസിനെ ബാധിക്കുകയും കിഴക്കൻ യുപിയിലെ പുരോഗമനം മന്ദഗതിയിൽ ആവുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകത്തിൽ തീവ്രവാദത്തിന്റെ പേരിൽ മുസ്‌ലിംകളെ ഭയപ്പെടുത്താൻ വിജയകരമായ ശ്രമം നടന്നിരുന്നു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പറഞ്ഞാണ് മദ്രസ പശ്ചാത്തലമുള്ള വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

പക്ഷേ, അപ്പോൾ പുറത്തുവന്ന രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് (2004) വ്യക്തമാക്കിയത് മുസ്‌ലിം വിദ്യാര്‍ഥികളില്‍ നാല് ശതമാനത്തിന് താഴെ മാത്രമാണ് മദ്രസയിൽ നിന്നുള്ളവരെന്നായിരുന്നു. അവരുടെ അടുത്ത കരുനീക്കം എൻജിനീയറിങ് മെഡിക്കൽ തുടങ്ങിയ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളെ ആയിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ, സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്നതായിരുന്നു ഇവരുടെ മേലിലുള്ള കുറ്റം. പതിറ്റാണ്ടു കാലം ജയിലിൽ കിടന്നിട്ടും ഒരു കുറ്റത്തിനു പോലും അവർ ശിക്ഷിക്കപ്പെട്ടിട്ടില്ലായിരുന്നുവെന്നതാണ് ഈ കേസിലെ വിരോധാഭാസം. അടുത്താണ് ഒരു സൂറത്ത് കോടതി 127 പേരെ കുറ്റവിമുക്തരാക്കുകയും അവർക്ക് തീവ്രവാദ സംഘടനയായ സിമിയുമായി യാതൊരു ബന്ധമില്ലെന്ന് കണ്ടെത്തിയതും. നീണ്ട 27 വർഷങ്ങൾക്കു ശേഷമാണ് ഈ വിധി പുറത്തുവന്നിരിക്കുന്നത്. ആ സമയം വിദൂര നഗരങ്ങളിലേക്ക് മക്കളെ വിദ്യാഭ്യാസത്തിനയക്കാൻ മാതാപിതാക്കൾ നന്നായി പേടിച്ചിരുന്നു. ബട്ലാ ഹൗസ് ഏറ്റുമുട്ടൽ ശേഷം ജാമിഅയിലേയും അലീഗഢിലേയും സ്ഥിതി വളരെയധികം മോശമായി.

2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിലെത്തിയപ്പോൾ കലാപത്തിൻ്റെ രീതി പെട്ടെന്ന് മാറി. ഡൽഹിയിലെയും മുസഫർ നഗറിലെയും കലാപങ്ങൾ അവർക്ക് വലിയ അപഖ്യാതി നൽകി. ഗുജറാത്ത് കലാപത്തിനു ശേഷം അന്താരാഷ്ട്രതലത്തിൽ മോദിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം പറ്റിയതിനാൽ ഇതിനെ കൂടുതൽ അപകീർത്തിപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ചില ദേശ വ്യാപക ഗൂഢാലോചനകളുടെ ഭാഗമായി മുസ്‌ലിംകൾ വീണ്ടും ആക്രമിക്കപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങൾ മുസ്‌ലിംകൾക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തി പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും തെറ്റായ നിയമ നടപടികളിലൂടെ ഈ ഹീനമായ അക്രമത്തിന് ഭരണകൂടം നിയമ സാധുത നൽകുകയും ചെയ്തു. ലൗ ജിഹാദ്, പശുക്കടത്ത്, പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ തുടങ്ങിയ മിഥ്യാധാരണകളുടെ പേരിൽ മുസ്‌ലിംകളെ വേട്ടയാടാൻ തുടങ്ങി.

അന്നുമുതൽ നൂറിലധികം ആൾക്കൂട്ടക്കൊലകൾ ആണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഇത്തരം വാർത്തകളെ അടിസ്ഥാനമാക്കി ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുതിയ പ്രവണതകൾ പ്രത്യക്ഷപ്പെടുകയാണ്. വൈയക്തിക തർക്കങ്ങൾ പോലും ഇത്തരം സംഭവങ്ങളാക്കി മുസ്‌ലിം മനസ്സുകളെ കൂടുതൽ ഭയചകിതരാക്കുകയാണ്. ധ്രുവീകരണ രാഷ്ട്രീയം കൊലയാളികൾക്കും പീഡകർക്കും പിന്തുണ നൽകിയിട്ടുണ്ട്. രാഷ്ട്രീയ ധ്രുവീകരണത്തോടൊപ്പം തൊഴിലില്ലായ്മയും ഇത്തരം സംഭവങ്ങളുടെ വർദ്ധനവിന് കാരണമായി.

ഹരിയാനയിലെ മേവാത്തിൽ ആസിഫിനെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവവികാസങ്ങൾ ദയനീയമായിരുന്നു.

മുസ്ലിങ്ങളെ കൊല്ലുന്നത് നിയമാനുസൃതമാക്കണമെന്ന ആവശ്യം പരക്കെ ഉയർന്നു. ഈ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിര കേസുകൾ പിൻവലിക്കാൻ മുപ്പതിനായിരം പേരടങ്ങിയ മഹാ പഞ്ചായത്ത് യോഗം നടന്നു.

ഹാഫിസ് ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട നരേഷ് കുമാറും കർണി സേനയുടെ ദേശീയ പ്രസിഡണ്ട് സൂര്യജിത്ത് അമ്മുവും യോഗത്തിൽ പങ്കെടുത്തിരുന്നു അവർ അവർ പ്രസംഗത്തിൽ ഭീഷണിസ്വരത്തിൽ ചോദിച്ചത് “ഞങ്ങൾ അവരെ(പാക്കിസ്ഥാൻ കുട്ടികളെ) കൊലപ്പെടുത്താൻ പോലും പാടില്ലേ? മുസ്ലീങ്ങൾ ഞങ്ങളുടെ സഹോദരന്മാരല്ല.”

അമ്പതിനായിരം പേരടങ്ങിയ മഹാ ജനക്കൂട്ടം ഈ ആവശ്യങ്ങൾക്ക് സമ്മതം അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പഞ്ചായത്തിന് ശേഷം കേസിൽ ഉൾപ്പെട്ടിരുന്ന നാല് പേർക്കെതിരെ കുറ്റം ചേർക്കുന്നതിനു മുമ്പ് തന്നെ ക്ലീൻചീറ്റ് നൽകി. ഈ പഞ്ചായത്തിൽ പങ്കെടുത്തിരുന്ന ആ നാല് പേരെ ആസിഫിൻ്റെ സഹോദരൻ തിരിച്ചറിയുകയും ഇതിനെ തുടർന്ന് എന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല മഹാപഞ്ചായത്ത് ശേഷം മേവട്ടിലെ ജനങ്ങൾ വിദ്വേഷ പ്രസംഗത്തിനെതിരെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് ബിജെപി കരിപ്പാൽ അമ്മുവിനെ സംസ്ഥാന വക്താവാക്കി.

ഇത്തരം വിദ്വേഷ പ്രചാരകർക്കെതിരെ നിയമനടപടി എടുക്കുന്നതിനു പകരം ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിക്കുമ്പോൾ സമൂഹത്തിലെ ചിലർ മുസ്‌ലിംകളെ കൊലനടത്താനും ഭർത്സിക്കാനും നിയമസാധുത തേടുന്നുവെന്നത് വ്യക്തമാണ്. ന്യൂനപക്ഷങ്ങളെ കൊലനടത്തുന്ന നീണ്ട ചരിത്രത്തിന് ഇപ്പോൾ സമൂഹത്തിൽ പതുക്കെ പതുക്കെ സാധുത ലഭിക്കുകയാണ്. ജാർഖണ്ഡിൽ ലിഞ്ചിങ്ങിൽ പ്രതിചേർക്കപ്പെട്ടയാളെ അവിടുത്തെ സിറ്റിംഗ് എം.പി ആയിരുന്ന ജയന്ത് സിൻഹ പൂമാലനൽകി കൊണ്ടാണ് എതിരേറ്റത്. മാത്രമല്ല, അടുത്ത പ്രാവശ്യം അയാൾ അവിടെ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലിബറലുകളും സെക്യുലറിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മോദിയെ വിമർശിച്ചു കൊണ്ടിരിക്കുമ്പോൾ ഇപ്പുറം കൊലയാളികളുടേയും ബലാൽസംഗകരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ വമ്പിച്ച റാഡിക്കലൈസേഷൻ പരസ്യമായി നടന്നുകൊണ്ടിരിക്കുകയാണെന്ന സത്യത്തെ അവഗണിക്കുകയാണ്. ഭൂരിപക്ഷ സമുദായം കൃത്യമായി ചർച്ച ചെയ്യുകയും ഇതിനെ നേരിടലും അത്യാവശ്യമാണ്.

ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള മതേതരവാദികളും ലിബറലുകളും ഇതിനെ വലിയ ഒരു പദ്ധതിയായി കണക്കാക്കി മോദിയുടെ തകർച്ചയ്ക്ക് ശേഷവും കൈവിടാതിരിക്കണം. ഹിന്ദുത്വത്തിന്റെ മുഖം മാറിയേക്കും. പക്ഷേ അടുത്ത തലമുറകളിൽ ഇതിൻ്റെ സ്വാധീനം സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തതാണ്.

Courtesy: Milli Gazette

വിവ: നജീബ് കിഴിശ്ശേരി

By താരിഖ് അൻവർ ചമ്പർണി

Research Scholar at MG University, Bihar