1921-ലെ മലബാര്‍ സമരം ദേശീയ-അന്തര്‍ദേശീയ മാനങ്ങളുള്ള കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു. അതിനാല്‍ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത് ബ്രിട്ടനില്‍ മാത്രമല്ല, അമേരിക്കയിലും റഷ്യയിലുമെല്ലാം വലിയ ചര്‍ച്ചയായി. എന്നാല്‍ ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ പൊതുവെ ഉദാസീനതയാണ് അതിനോട് കാണിച്ചത്. സമരത്തെ കുറിച്ച് വാര്‍ത്തയും വിശകലനങ്ങളും കൊടുത്ത പത്രങ്ങളാകട്ടെ, അത് ഹിന്ദുവിരുദ്ധ ലഹളയാണെന്ന ഹിന്ദു മഹാ സഭയുടെ കുപ്രചാരണം ഏറ്റു പിടിക്കുകയായിരുന്നു. പക്ഷേ അത്ഭുതകരമായ കാര്യം ഖിലാഫത്ത് പ്രക്ഷോഭത്തിന് തിരി കൊളുത്തിയ മൗലാനാ അബുല്‍ കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ശൗക്കത്തലി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാവായ മുഹമ്മദലി ജിന്നയും ഈ സമരത്തെ കുറിച്ച് പൂര്‍ണ മൗനം പാലിച്ചു എന്നതാണ്. സമരകാലത്തോ അതിനു ശേഷമോ മലബാര്‍ സമരത്തെ കുറിച്ച് ഈ നേതാക്കള്‍ ആരും തന്നെ എന്തെങ്കിലും എഴുതിയതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. 1921 സെപ്റ്റംബറില്‍ യംഗ് ഇന്ത്യയില്‍ മഹാത്മാ ഗാന്ധി സമരത്തെ ഹിന്ദുവിരുദ്ധ കലാപമായി വിലയിരുത്തിയപ്പോഴും ഈ നേതാക്കളില്‍നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. പില്‍ക്കാലത്ത് എഴുതപ്പെട്ട മൗലാനാ ആസാദിന്റെ ആത്മകഥയില്‍ പോലും മലബാര്‍ സമരത്തെ കുറിച്ച് ചെറിയ പരാമര്‍ശം പോലും ആസാദ് നടത്തിയിട്ടില്ല. അങ്ങനെയിരിക്കെയാണ് 1921 ഡിസംബര്‍ എട്ടിന് പുറത്തിറങ്ങിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ മുസ്‌ലിമില്‍ അതിന്റെ യുവ പത്രാധിപരായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുസ്‌ലിം നേതൃത്വത്തിന്റെ മൗനം ഭഞ്ജിച്ച് മലബാര്‍ സമരത്തെ കുറിച്ച് തുറന്നെഴുതിയത്. മലബാര്‍ സമരം അവസാനിച്ചതിനു ശേഷം 1922 ഫെബ്രുവരിയിലും സമരത്തെ കുറിച്ച് മൗദൂദി മൂന്ന് കുറിപ്പുകള്‍ എഴുതി. മലബാര്‍ സമരത്തെ കുറിച്ച ഈ നാല് കുറിപ്പുകളും പത്രത്തിന്റെ എഡിറ്റോറിയലായിട്ടാണ് പുറത്തു വന്നത്. മൗദൂദി ഈ കുറിപ്പുകള്‍ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 18 വയസ്സാണ് എന്നു കൂടി ഓര്‍ക്കുക.
1921 മുതല്‍ 1923 വരെ മൗദൂദി മുസ്‌ലിമില്‍ എഴുതിയ എഡിറ്റോറിയലുകള്‍ ‘മഖാലാത്ത് മുസ്‌ലിം’ എന്ന പേരില്‍ പുസ്തക രൂപത്തില്‍ ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത സമാഹാരത്തില്‍ മലബാര്‍ സമരത്തെ കുറിച്ച ഈ നാലു കുറിപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ലേഖനങ്ങള്‍ പ്രബോധനം വാരികക്ക് എത്തിച്ചുകൊടുത്തത് ലണ്ടനില്‍ ഗവേഷകനായ ശഹീന്‍ കെ. മൊയ്തുണ്ണിയാണ്. മൗദൂദിയുടെ മലബാര്‍ സമര കുറിപ്പുകള്‍ തുടര്‍ന്ന് വായിക്കുക.
മലബാറിലെ സംഘര്‍ഷത്തെയും അവിടെ ഇപ്പോഴും നടക്കുന്ന രക്തച്ചൊരിച്ചിലിനെയും കുറിച്ച് നാം ഇതുവരെ ഒരഭിപ്രായ പ്രകടനവും നടത്തിയിരുന്നില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. അതിലൊന്ന്, ഒരു കാര്യത്തെ കുറിച്ചും അതു സംബന്ധമായി കൃത്യവും വ്യക്തവുമായ വിവരം ലഭിക്കാത്ത കാലത്തോളം അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ല എന്നതാണ്. എല്ലാ തരത്തിലുള്ള മുന്‍വിധികളില്‍നിന്നും മുക്തമായും എല്ലാ വശങ്ങളെയും കണക്കിലെത്തും അഭിപ്രായപ്രകടനം നടത്താന്‍ കഴിയാത്ത വിധം അങ്ങേയറ്റം സങ്കീര്‍ണമാണ് മലബാറിലെ പ്രശ്നങ്ങള്‍ എന്നതാണ് ഈ മൗനത്തിനുള്ള രണ്ടാമത്തെ കാരണം.
ഈ രണ്ടു കാരണങ്ങളും മുമ്പത്തെ പോലെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒന്നോ രണ്ടോ മാസത്തിനകം അതില്ലാതാകുമെന്ന പ്രതീക്ഷയുമില്ല. എന്നാല്‍ മലബാറിലെ സംഘര്‍ഷത്തില്‍ നിക്ഷിപ്ത താല്‍പര്യമുള്ളവര്‍ അതിനെ കുറിച്ച് പലതും പറഞ്ഞുകൊണ്ടിരിക്കുകയും പല യാഥാര്‍ഥ്യങ്ങളെയും ഇരുട്ടിന്റെ കരിമ്പടത്തിനുള്ളില്‍ മറച്ചുവെക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും തെറ്റിദ്ധാരണകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയും ചെയ്യുന്ന സഹചര്യത്തില്‍ ഇനിയും മൗനം പാലിക്കുന്നത് ഒട്ടും ഉചിതമാവുകയില്ല.
ഏറ്റവും ദുഃഖകരമായ കാര്യം എന്തെന്നാല്‍ മലബാര്‍ സംഘര്‍ഷത്തിന്റെ പിന്നിലുള്ള കാരണങ്ങളെയും മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിച്ച വസ്തുതകളെയും കുറിച്ച് ശരിയായ ധാരണയുള്ളവര്‍ തങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ വെച്ച് ജനത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനു പകരം അവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മറയിടാന്‍ ശ്രമിക്കുകയാണ് എന്നതാണ്. ഇതില്‍പരം അക്രമമെന്തുണ്ട

ഈ പ്രശ്നത്തെ മനസ്സിലാക്കുന്നതിന് ആദ്യം വേണ്ടത്, മാപ്പിളമാര്‍ക്കിടയില്‍ വിദ്യാഭ്യാസം കുറവാണെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് യാതൊരുവിധ രാഷ്ട്രീയ വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല എന്നും തിരിച്ചറിയുകയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വേറിട്ട് അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന കച്ചവട സമൂഹമോ കര്‍ഷക സമൂഹമോ ആണ് മാപ്പിളമാര്‍. അവരുടെ ഞരമ്പുകളില്‍ ഓടുന്നത് അറബ് രക്തമാണ്. അതിനാല്‍ പ്രകൃത്യാ തന്നെ ധീരരാണവര്‍.
വിദ്യാഭ്യാസം കുറവാണ്, എന്നാല്‍ വലിയ ധീരന്മാരുമാണ്. അതോടൊപ്പം നമ്മുടെ അക്രമരാഹിത്യസമരത്തെ കുറിച്ച് വേണ്ടത്ര ധാരണയുമില്ല. അത്തരമൊരു സമൂഹം, എല്ലാവിധ അക്രമങ്ങളെയും സഹിക്കണമെന്നും യാതൊരുവിധ പ്രതിരോധ നടപടികളും സ്വീകരിക്കരുതെന്നുമുള്ള നമ്മുടെ സിദ്ധാന്തം ഉള്‍ക്കൊള്ളുമെന്ന് വിചാരിക്കാന്‍ മനുഷ്യപ്രകൃതിയെ കുറിച്ച് സാമാന്യ ധാരണയെങ്കിലുമുള്ളവര്‍ക്ക് പ്രയാസമാണ്.
അതിനു പുറമെ മറ്റൊരു കാര്യം കൂടി ചിന്തനീയമാണ്. അതെന്തെന്നാല്‍ മാപ്പിളമാരുടെ കലാപത്തിന് പ്രേരണയായി വര്‍ത്തിച്ച എല്ലാ വസ്തുതകളും ഏറക്കുറെ എല്ലാ പത്രങ്ങളിലും വന്നതാണ്. പ്രത്യേകിച്ച് യഅ്ഖൂബ് ഹസന്‍ സേട്ട് അത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതുമാണ്. അതിനാല്‍ എങ്ങനെയാണ് മാപ്പിള കലാപത്തിന് ആരംഭം കുറിക്കപ്പെട്ടത് എന്ന കാര്യം അറിയാത്തവര്‍ പത്രം വായിക്കുന്നവരില്‍ ആരുമുണ്ടാകില്ല.
മാപ്പിളമാരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും അതിനെ കുറിച്ച് അന്വേഷിക്കാന്‍ പോയ മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നിര്‍ദയം വെടിവെക്കുകയുമായിരുന്നു. അങ്ങനെയാണ് കലാപം തുടങ്ങുന്നത്.
ഇതിനെല്ലാം പുറമെ ഇസ്‌ലാമിക ലോകത്തുണ്ടായ കെടുതികളും മാപ്പിളമാരെ ആഴത്തില്‍ സ്വാധീനിക്കുകയും ശക്തമായ ആദര്‍ശബോധം കാരണം അത് അവരുടെ മനസ്സുകളില്‍ അധിനിവേശ ഭരണകൂടത്തോട് കടുത്ത വെറുപ്പും വിരോധവും വളര്‍ത്തുകയും ചെയ്തിരുന്നുവെന്നതും വസ്തുതയാണ്. ഈ സംഭവവികാസങ്ങള്‍ നേരത്തേ തന്നെ അവരിലുണ്ടായിരുന്ന വികാരങ്ങളുമായി ചേര്‍ന്ന് അവരെ മരിക്കാനും കൊല്ലാനും പ്രേരിപ്പിക്കുകയായിരുന്നു.
മലബാര്‍ യുദ്ധത്തിന്റെ കാരണങ്ങളെ കുറിച്ച സംക്ഷിപ്ത വിവരണമാണിത്. ഈ വസ്തുതയിലൂടെ കണ്ണോടിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാകുന്നത് മാപ്പിളമാര്‍ യുദ്ധം ആരംഭിക്കുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല എന്നു തന്നെയാണ്. തങ്ങളുടെ ശക്തി ശരിയായി മനസ്സിലാക്കുന്നതിലും അവര്‍ക്ക് തെറ്റു പറ്റി. അവരുടെ നടപടി ബുദ്ധിപൂര്‍വകമായില്ല എന്നും നമുക്ക് പറയാം. കാരണം തങ്ങളേക്കാള്‍ ആയിരം മടങ്ങ് ശക്തിയുള്ള ഒരു സാമ്രാജ്യത്തോടാണ് രക്തരൂഷിതമായ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട് അവര്‍ വലിയ നഷ്ടം സ്വയം ഏറ്റുവാങ്ങിയത്. എന്നാല്‍ അതിന്റെ പേരില്‍ നാം അവരെ ആക്ഷേപിക്കുന്നതോ തങ്ങള്‍ ചെയ്ത തെറ്റിന്റെ ഫലം അവര്‍ അനുഭവിക്കട്ടെ എന്ന് കരുതി മൗനം പാലിക്കുന്നതോ ഒട്ടും ശരിയല്ല.
സത്യത്തെ സംരക്ഷിക്കാനോ സ്വജീവന്‍ രക്ഷിക്കാനോ ദുര്‍ബലര്‍ തങ്ങളേക്കാള്‍ ശക്തിയുള്ളവരുമായി ഏറ്റുമുട്ടുകയും സ്വന്തത്തെ കൂടുതല്‍ നാശത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുക എന്നത് നമ്മുടെ ചരിത്രത്തില്‍ പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ അവരെ അതിന്റെ പേരില്‍ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുക എന്നത് നമുക്കൊരിക്കലും അനുവദനീയമല്ല. അത്തരം ദുര്‍ബലരെ നാം ആക്ഷേപിക്കുകയാണെങ്കില്‍ മനസ്സിലാക്കേണ്ട കാര്യം ചരിത്രം അത്തരം ദുര്‍ബലരുടേതാണ് എന്നതാണ്. ആക്ഷേപിക്കുന്നതു പോയിട്ട് അവരെ കുറിച്ച് മോശം വിചാരിക്കുന്നതു പോലും നമ്മുടെ വിശ്വാസത്തില്‍ കളങ്കമുണ്ടാക്കാന്‍ പോന്നതാണ്.
സമുദായത്തിലെ പണ്ഡിതന്മാര്‍ നിര്‍ദേശിച്ച പ്രതിരോധത്തിന്റെ വഴിയായിരുന്നു ശരീഅത്തുമായി ഏറ്റവും യോജിച്ചത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രസ്തുത മാര്‍ഗത്തിലൂടെ ചലിക്കണമെങ്കില്‍ ആയുധമെടുക്കാതിരിക്കുകയും അങ്ങേയറ്റം ക്ഷമയോടുകൂടി രക്തരഹിതമായ യുദ്ധത്തിന് സജ്ജമാവുകയും ചെയ്യുക എന്നത് എത്രയും അനിവാര്യം തന്നെയാണ്. എന്നാല്‍ ഏതെങ്കിലും സംഘം കടുത്ത ആക്രമണങ്ങള്‍ക്ക് ഇരയാവുകയും പ്രസ്തുത ആക്രമണങ്ങള്‍ ക്ഷമാപൂര്‍വം സഹിക്കാന്‍ അവര്‍ക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അവര്‍ ആയുധമെടുത്തെങ്കില്‍ ശരീഅത്തില്‍ അവരെ കുറ്റവാളികളായി ഗണിക്കാന്‍ യാതൊരു വകുപ്പുമില്ല.
മാപ്പിളമാര്‍ രക്തരൂഷിതമായ യുദ്ധം ചെയ്ത് നമ്മുടെ ലക്ഷ്യത്തിന് മാത്രമല്ല, ലക്ഷ്യം നേടാനുള്ള മാര്‍ഗത്തിനും വലിയ പരിക്കുണ്ടാക്കി എന്നത് രാഷ്ട്രീയമായും ശരിയാണ്. അതും ഭവിഷ്യത്തിനെ കുറിച്ച അവരുടെ ബോധമില്ലായ്മയുടെ ഫലം തന്നെയാണ്. അതിലുപരി മദ്രാസ് ഗവണ്‍മെന്റ് മലബാറിലേക്കുള്ള നമ്മുടെ നേതാക്കളുടെ പ്രവേശനം തടഞ്ഞതിലൂടെ മലബാറുകാര്‍ക്ക് സമാധാനത്തിന്റെ പ്രയോജനം വിശദീകരിച്ചുകൊടുക്കാനുള്ള അവസരം നിഷേധിച്ചതിന്റെ ഫലം കൂടിയാണത്. അത്തരം ഒരു സാഹചര്യത്തില്‍ അവര്‍ സമാധാന പാതയില്‍നിന്ന് വ്യതിചലിച്ച് ആയുധമെടുത്ത് പോരാട്ടം തുടങ്ങിയെങ്കില്‍ ഏതെങ്കിലും നിസ്സഹകരണ പ്രസ്ഥാനക്കാരന്‍ അവരെ അക്രമികളായി മുദ്രകുത്തുന്നത് ഒരു നിലക്കും ശരിയല്ല. അജ്ഞത മൂലം അവര്‍ അകപ്പെട്ട വിപത്തില്‍ നമുക്ക് അവരോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യവുമാണ് ഉണ്ടാകേണ്ടത്. ആരുടെയെങ്കിലും ആക്ഷേപമോ പ്രതികാരമോ ഭയന്ന് അവര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതാകട്ടെ നമ്മുടെ മാന്യതക്കോ ധീരതക്കോ ഒട്ടും ചേര്‍ന്നതല്ല.
ഇനി നമുക്ക് പരിശോധിക്കേണ്ടത്, ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി എന്ന വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ട ആരോപണം ശരിയോ തെറ്റോ എന്നതാണ്. അത്തരം സംഭവങ്ങള്‍ വ്യാപകമായി നടന്നുവെന്നോ തീരെ നടന്നില്ല എന്നോ ഉറപ്പിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ നമുക്ക് കിട്ടിയിട്ടില്ല എന്ന് അതിനെ കുറിച്ച് ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ശത്രുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ കളവു പറയുന്നത് പ്രതിഫലാര്‍ഹമാണെന്ന് കരുതുന്നവരാണ് അതിന് പ്രചാരം നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്തു തന്നെയായാലും അമുസ്ലിംകളെ ബലാല്‍ക്കാരം മുസ്‌ലിമാക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല എന്നു പറയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല എന്ന് വ്യക്തമാക്കാനും നാം മടിക്കേണ്ടതില്ല.
നമ്മുടെ ഈ അഭിപ്രായപ്രകടനത്തെ മാപ്പിളമാരോടുള്ള പക്ഷപാതമായി ആരും കരുതേണ്ടതില്ല. നമ്മുടെ മേല്‍ പക്ഷപാതം ആരോപിക്കുന്ന വല്ലവരും ഉണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ട കാര്യം, മലബാര്‍ സംഘര്‍ഷത്തെ കുറിച്ച് നാം പറഞ്ഞതത്രയും ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. അതേസമയം മലബാര്‍ സംഘര്‍ഷത്തെ കുറിച്ച യാഥാര്‍ഥ്യങ്ങള്‍ക്ക് ബോധപൂര്‍വമോ അല്ലാതെയോ മറയിടാന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ക്കറിയുന്ന സത്യം തുറന്ന് വെളിപ്പെടുത്താന്‍ തയാറാവുകയാണ് വേണ്ടത്. അതിലൂടെ മാത്രമേ അവയെ കുറിച്ച തെറ്റായ പ്രചാരണം തടയാനാകൂ.

മാപ്പിളമാരോട് ഇന്ത്യക്കാരായ നാം വലിയ അക്രമമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സമുദായ പത്രങ്ങളില്‍ ഒട്ടുമിക്കവയും ഉത്തരവാദപ്പെട്ട മുസ്ലിം നേതാക്കളും മലബാറിലെ ഇസ്ലാമിക സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പാലിക്കുന്ന മൗനം അക്രമമല്ലെങ്കില്‍ മറ്റെന്താണ്?
ഈ മൗനത്തിന് ഒരേയൊരു കാരണം, മാപ്പിളമാരില്‍ ആരോപിക്കപ്പെട്ട ഹിന്ദുക്കളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം അവരെ പിന്തുണക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന ആശങ്കയാണ്. സഹിഷ്ണുത അഭിനന്ദനാര്‍ഹമായ കാര്യം തന്നെയാണ്. ഇസ്ലാമിന്റെ അനുയായികളില്‍ അത്തരം സഹിഷ്ണുത പൂര്‍ണമായ അര്‍ഥത്തില്‍ ഉണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍ ബലാല്‍ക്കാരം മുസ്ലിമാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം സത്യമാണെങ്കില്‍ അതിനെ ശക്തമായി അപലപിച്ചുകൊണ്ടു തന്നെ മര്‍ദിതരും പീഡിതരുമായ മാപ്പിളമാരുമായി നാം ഐക്യദാര്‍ഢ്യപ്പെടുകയും അവരെ പിന്തുണക്കുകയുമാണ്. ഈ ഐക്യദാര്‍ഢ്യത്തിലും പിന്തുണയിലും പങ്കു ചേരാന്‍ നീതിബോധമുള്ള ഹിന്ദുക്കളോട് നാം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഒരു സമൂഹം എന്ന നിലയില്‍ മാപ്പിളമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ഇസ്ലാമികവിരുദ്ധവും മാനവികവിരുദ്ധവുമായ പ്രവൃത്തി ചെയ്തുവെന്ന് സ്ഥാപിക്കാന്‍ ഇതു വരെ കിട്ടിയ തെളിവുകളൊന്നും പര്യാപ്തമല്ല. ഒരു സമൂഹമെന്ന നിലയില്‍ മാപ്പിളമാര്‍ അത്തരം പ്രവൃത്തി ചെയ്തിട്ടില്ല എന്നു തന്നെയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിച്ചു എന്ന് സ്വയം വെളിപ്പെടുത്തിയവര്‍ തന്നെ വ്യക്തമാക്കുന്നത്, പൊതുവില്‍ മാപ്പിളമാര്‍ തങ്ങളോട് സഹാനുഭൂതിയോടു കൂടിയാണ് വര്‍ത്തിച്ചത് എന്നും ഈ ക്യത്യം ചെയ്തത് സാമൂഹികവിരുദ്ധരായ ചില മാപ്പിളമാരാണ് എന്നുമാണ്. അതിനാല്‍ മുഴുവന്‍ മാപ്പിളമാരെയും അതിന്റെ പേരില്‍ കുറ്റവാളികളാക്കുന്നതും മാപ്പിളമാരെ ഒന്നടങ്കം വെറുപ്പോടെ കാണുന്നതും നീതിബോധമുള്ള ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം ഭൂഷണമല്ല.
ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം സംശയമില്ല, അവര്‍ക്ക് മുഴുവന്‍ മാപ്പിളമാരും ശത്രുക്കളാണ്. മാപ്പിളമാരുടെ വംശഹത്യയാണ് ഭരണകൂടത്തിന്റ ഉദ്ദേശ്യമെന്നും വ്യക്തമാണ്. അവരില്‍ വല്ലവരെയും ബാക്കിവെക്കുന്നുണ്ടെങ്കില്‍ തന്നെ അവര്‍ നിരാലംബരും ഗതിയില്ലാത്തവരുമാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള മുസ്ലിംകള്‍ ഒരിക്കലും ക്ഷമിക്കരുതാത്ത കടുത്ത അനീതിയും അക്രമവുമാണിത്. മലബാര്‍ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയുടെ ഈയിടെ പുറത്തുവന്ന നിര്‍ദേശങ്ങളില്‍ ഭരണകൂടത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപം ഇങ്ങനെയാണ്: ‘ഭാവിയില്‍ പള്ളികളുടെ നിര്‍മാണവും നടത്തിപ്പും ഭരണകൂടത്തിന്റെ കൈവശമായിരിക്കും. പള്ളികളിലെ ഇമാമുമാരെ നിശ്ചയിക്കുന്നതും ഭരണകൂടമായിരിക്കും. കേടുപാടുകള്‍ പറ്റിയ ക്ഷേത്രങ്ങളുടെ നഷ്ടപരിഹാരം മാപ്പിളമാരില്‍ നിന്ന് ബലാല്‍ക്കാരം ഈടാക്കും. ക്ഷേത്രങ്ങളുടെ നിര്‍മാണത്തിനുള്ള പണവും മാപ്പിളമാരില്‍ നിന്ന് ഈടാക്കും. മാപ്പിളമാരെ നേരിടാന്‍ മറ്റു പൗരന്മാര്‍ക്ക് ആയുധം വിതരണം ചെയ്യും….’
ഇന്ത്യയിലെ മുസ്ലിംകളും നീതിബോധമുള്ള ഹിന്ദുക്കളും ഒന്നടങ്കം പ്രതിഷേധിക്കേണ്ടതാണ് ഇതിലെ ഓരോ നിര്‍ദേശത്തോടും എന്ന കാര്യത്തില്‍ സംശയമില്ല. പള്ളികളുടെ നിര്‍മാണവും നടത്തിപ്പും ഇമാമിനെ നിശ്ചയിക്കലുമെല്ലാം മുസ്ലിംകളുമായി മാത്രം ബന്ധപ്പെട്ടതാണ്. അതില്‍ ഇടപെടാന്‍ ഭരണകൂടമല്ല, ആര്‍ക്കും ഇസ്ലാമിക ശരീഅത്ത് ഒരു രൂപത്തിലും അനുവാദം നല്‍കുന്നില്ല. മുസ്ലിംകളുടെ മതകാര്യത്തില്‍ നേരിട്ട് ഇടപെടാനുള്ള ഭരണകൂടത്തിന്റെ ഈ നീക്കം കടുത്ത അക്രമമല്ലാതെ മറ്റെന്താണ്? പള്ളികള്‍ കലാപത്തിന്റെ വളര്‍ത്തുകേന്ദ്രങ്ങളാണ് എന്നാണ് അതിന് പറയുന്ന ന്യായം. പക്ഷേ ഈ ന്യായം തങ്ങളുടെ ലക്ഷ്യം നേടാനുള്ള ഭരണകൂടത്തിന്റെ ഒരു ഉപായം മാത്രമാണ്. പള്ളികളില്‍ കലാപത്തിനുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കില്‍ അവരെ പള്ളിയുടെ വെളിയില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ വേറെ മാര്‍ഗങ്ങളില്ലാത്തതു കൊണ്ടൊന്നുമല്ല ഈ നടപടി. കലാപം അടിച്ചമര്‍ത്തിയതിനു ശേഷം എത്രയോ യുവാക്കളെയും പ്രായം ചെന്നവരില്‍ ആരോഗ്യമുള്ളവരെയും രക്തസാക്ഷികളാക്കുകയോ ജയിലിലടക്കുകയോ ചെയ്ത ശേഷവും അവശേഷിക്കുന്ന ദുര്‍ബലരായ സ്ത്രീകളും പ്രായമുള്ള വരും ഇനിയും കലാപം ചെയ്യുമെന്നാണോ ഭരണകൂടം വിചാരിക്കുന്നത്? ഇനി കലാപം ചെയ്യുകയാണെങ്കില്‍ തന്നെ അവരെ പിടികൂടാന്‍ പള്ളിക്കു പുറത്ത് എന്താണ് തടസ്സം? പള്ളികളില്‍ ഇടപെടാനോ അതിനെ നിയന്ത്രിക്കാനോ ഭരണകൂടത്തിന് ഒരു നിലക്കും അവകാശമില്ല.
മലബാറിലെ സംഘര്‍ഷത്തില്‍ ഹിന്ദുക്കളേക്കാള്‍ മാപ്പിളമാരാണ് ആക്രമിക്കപ്പെട്ടത് എന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുക്കള്‍ക്ക് വല്ല നാശവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികവും താല്‍ക്കാലികവും മാത്രമാണ്. മാപ്പിളമാരാണ് കൊടും നാശത്തിനും തകര്‍ച്ചക്കും ഇരകളായത്. അക്രമികളുടെ ലക്ഷ്യവും അവരായിരുന്നു. ജീവനും സമ്പത്തും അവര്‍ക്കാണ് നഷ്ടപ്പെട്ടത്. അതിനാല്‍ കുറഞ്ഞ നഷ്ടം പറ്റിയവരുടെ നഷ്ടപരിഹാരം കൂടുതല്‍ നാശം നേരിട്ടവരില്‍ നിന്ന് ഈടാക്കുന്നത് എന്തു നീതിയാണ്? മാപ്പിളമാരുടെ സമ്പൂര്‍ണ തകര്‍ച്ച ഉറപ്പാക്കുകയാണ് ഭരണകൂടം ഇതിലൂടെ എന്ന കാര്യം വ്യക്തമാണ്. ഇത് കടുത്ത അക്രമമാണ്.
മാപ്പിളമാരില്‍ ആരെങ്കിലും അകാരണമായി ഹിന്ദുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ കുറ്റവാളികള്‍ തന്നെയാണ്. അവരാകട്ടെ ഇതിനകം കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്. പിന്നെ നിങ്ങള്‍ നിരപരാധികളില്‍ നിന്നാണോ അതിന് നഷ്ടപരിഹാരം തേടുന്നത്? സംസ്‌ക്യതമായ ഒരു നിയമവും കുറ്റവാളിയുടെ ശിക്ഷ കുറ്റം ചെയ്യാത്തവര്‍ക്ക് നല്‍കാന്‍ അനുവദിക്കുകയില്ല.
ഇന്ത്യയിലെ മുസ്ലിംകള്‍ ഒരിക്കലും നിശ്ശബ്ദമാകാന്‍ പാടില്ലാത്ത നിര്‍ദേശങ്ങളാണിത്.അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഒരു ഭാഗത്ത് ഇത്തരം നിര്‍ദേശങ്ങള്‍, മറുഭാഗത്ത് മാര്‍ഷല്‍ ലോ ഭരണത്തിനു കീഴില്‍ മലബാറില്‍ മാപ്പിളമാരുടെ കച്ചവട സ്ഥാപനങ്ങള്‍ തീവെക്കപ്പെടുകയും വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മാപ്പിളമാരെ സമ്പൂര്‍ണമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകള്‍ ഇനിയും അതിനെ കുറിച്ച് അശ്രദ്ധ നടിക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ വലിയൊരു ഭാഗം തുടച്ചുനീക്കപ്പെടുകയായിരിക്കും ഫലം.
(മലബാര്‍ സമരത്തെക്കുറിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ ‘മുസ്ലിമി’ല്‍ 1922 ഫെബ്രുവരിയില്‍ വന്ന കുറിപ്പ്)
Courtesy: Prabodhanam Weekly
വിവ: കെ ടി ഹുസൈൻ