മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ

ഷമീർ കെ മുണ്ടോത്ത്

മഹേഷ്‌ നാരായണൻ മാലിക് സിനിമയിലൂടെ പൈശാചികവൽക്കരിക്കുന്നതും ആക്രമിക്കുന്നതും ബീമാപള്ളിയിലെ മുസ്‌ലിംകളെ മാത്രമല്ല. കേരളത്തിലെ സാമുദായിക മുസ്‌ലിംരാഷ്ട്രീയത്തെ കൂടിയാണ്. കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം നേതാവ് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ആണ് ബീമാപ്പള്ളിയിൽ നിരായുധരായ മത്സ്യതൊഴിലാളികൾക്ക് നേരെ കേരളപോലീസ് വെടിവെപ്പു നടത്തി ആറു പേരെ കൊന്നു തള്ളിയത്. ഈ സമീപകാലചരിത്രം പോലും ഒളിച്ചുവെച്ചാണ് മുസ്‌ലിം സാമുദായികപാർട്ടിയെയും മുസ്‌ലിം ജമാഅത്തിനെയും സിനിമയിലുടനീളം വില്ലനൈസ് ചെയ്യുന്നത്. സാമുദായികകലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്നവരായി ചിത്രീകരിച്ചത്. മുസ്‌ലിംവിരുദ്ധ കേരളീയപൊതുബോധത്തെ ഭയന്ന് ബീമാപള്ളിയിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരിക്കലും ശബ്ദിക്കാത്ത മുസ്‌ലിം സാമുദായികരാഷ്ട്രീയകക്ഷിയെ ആണ് ഇത്തരത്തിൽ കലാപം ആസൂത്രണം ചെയ്യുന്നവരായി സിനിമ ചിത്രീകരിക്കുന്നത്. അന്നത്തെ ഇടതുസർക്കാരിനെതിരെ ഉപയോഗിക്കാമായിട്ടും ഞങ്ങൾ ആ വിഷയം ഒരിക്കലും ഉയർത്തിക്കൊണ്ട് വരാതിരുന്നത് സാമുദായികഅന്തരീക്ഷം മോശമാവാതാരിക്കാൻ ആണെന്ന് ‘കരുതൽ’ കാണിച്ച ഇരകൾക്കൊപ്പം പോലും നിൽക്കാൻ ഭയപ്പെട്ട ഒരു രാഷ്ട്രീയത്തെയാണ് ഈ സിനിമ തക്ബീർ മുഴക്കി ആക്രമണം നടത്തുന്നവരും പള്ളിയിൽ തോക്ക് ഒളിപ്പിക്കുന്നവരുമാക്കുന്നത്. ഇതിലെ വൈരുദ്ധ്യമല്ല വംശീയതയാണ് ചർച്ചയാവേണ്ടത്, മഹേഷ്‌ നാരായണനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണെങ്കിലും. നിറ തീർന്നത് കൊണ്ട് മാത്രമാണ് പോലീസ് ബീമാപ്പള്ളിയിൽ വെടിവെപ്പ് നിർത്തിയതും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷപ്പെട്ടതും എന്നാണ് ചില വസ്തുതാന്വേഷണ റിപ്പോർട്ടുകളിലുള്ളത്. ഇരകളുടെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വെറുപ്പിന്റെ നിറയൊഴിക്കുന്ന സിനിമാവിഷ്ക്കാരങ്ങളാവുമ്പോൾ അത്തരമൊരു സാധ്യതയും ബീമാപള്ളിക്കാർക്ക് ലഭിക്കുന്നില്ല.മഹേഷ്‌ നാരായണനെ പോലുള്ളവരുടെ അപരവംശീയതയുടെ ഭാവനാലോകത്തിന് അതിരുകളും അവസാനങ്ങളുമില്ലല്ലോ.

ഷരീഫ് സാഗർ

ബദരി കടപ്പുറം ചെറിയ തുറയാണെങ്കിൽ, റമദ പള്ളി ബീമാപ്പള്ളിയാണെങ്കിൽ മഹേഷ് നാരായണന്റെ മാലിക് ബീമാപ്പള്ളിക്കാർക്കെതിരായ രണ്ടാം വെടിവെപ്പാണ്. ബീമാപ്പള്ളി വെടിവെപ്പ് പോലീസും ഭരണകൂടവും നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണം ആയിരുന്നു എന്ന കാര്യം സത്യസന്ധമായി പറയുന്നു എന്നത് മാറ്റി നിർത്തിയാൽ സിനിമയിലുടനീളം ബീമാപ്പള്ളിക്കാരെ അധോലോക, മാഫിയ സംഘമായിട്ടാണ് അവതരിപ്പിക്കുന്നത്. ഐ.യു.ഐ.എഫ് എന്ന സമുദായ പാർട്ടി നേതാവിനെയും അലീക്കാ എന്ന അപരനെയും സൃഷ്ടിച്ചത് പോരാഞ്ഞിട്ട് ബീമാപ്പള്ളിക്കാരെ ഭീകരവാദികളുമായി കണക്ട് ചെയ്യാൻ തോക്കും ഇറക്കുമതി ചെയ്യുന്നുണ്ട്. യന്ത്രത്തോക്കുകൾ കൊണ്ട് അവർ കളക്ടറെയും പോലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്നുണ്ട്. ബീമാപ്പള്ളിക്കാരെക്കൊണ്ട് ഇടക്കിടെ ബോലോ തക്ബീർ വിളിപ്പിക്കുന്നതും അത്ര നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല. വേണ്ടി വന്നാൽ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല. സിനിമയിൽ അതുണ്ട്. സുനാമിയിൽ സർവ്വവും തകർന്ന് എത്തുന്ന മനുഷ്യരെ പള്ളിയിലേക്ക് കയറ്റാത്ത ജമാഅത്ത് ബീമാപ്പള്ളിയിൽ എന്നല്ല, കേരളത്തിൽ എവിടെയുമില്ല. പ്രളയകാലത്ത് ഇതര മതസ്ഥരുടെ മൃതദേഹം കുളിപ്പിക്കാൻ പോലും സൗകര്യമൊരുക്കിയ പള്ളികളുള്ള കേരളമാണിത്. മുസ്‌ലിം പള്ളി കോവിഡ് കെയർ സെന്ററാക്കിയ കേരളമാണ്.

ബിരിയാണിച്ചെമ്പിൽ തുടങ്ങുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ സ്റ്റീരിയോ ടൈപ്പുകളെ കടുകിട തെറ്റാതെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിന്റെ മാമോദീസ മുക്കാൻ മാത്രമാണ് ക്രിസ്ത്യൻ പള്ളിയിലൊന്ന് കയറിയത്. ”പോലീസുണ്ടാക്കിയ ലഹള. അല്ലാതെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിൽ ഇവിടെയൊരു ലഹളയില്ല.” – അത് മാത്രമാണ് ഈ സിനിമയിൽ കേട്ട സത്യസന്ധമായ ഒരു ഡയലോഗ്. ഐ.യു.ഐ.എഫ് എന്ന സമുദായ പാർട്ടിയെ മാത്രം രാഷ്ട്രീയ പാർട്ടിയായി അവതരിപ്പിക്കുമ്പോൾ ആ വെടിവെപ്പിന് കാരണക്കാരനായ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയോ ഇടതു സർക്കാരോ ചിത്രത്തിൽ എവിടെയുമില്ല. ഒരു സിനിമ എന്ന നിലയിൽ മഹേഷിന്റെ ടേക്കോഫ് പോലെത്തന്നെ അപാരമാണ് മാലിക്. ശ്വാസമടക്കി കണ്ടിരിക്കാം. കഥാപാത്രത്തിനു വേണ്ടി ശരീരം വിട്ടുകൊടുക്കുന്ന ഫഹദിന്റെ മേക്കോവർ അതിഗംഭീരമാണ്. വിനയ് ഫോർട്ടും നിമിഷയും ഉൾപ്പെടെ എല്ലാവരും അതിൽ ജീവിച്ചു. പക്ഷേ, സുലൈമാൻ ഇറക്കുമതി ചെയ്യുന്ന കള്ളക്കടത്ത് സാധനങ്ങൾ എന്താണെന്നറിയാത്തതു പോലെ കാഴ്ചക്കാരിലേക്ക് ചില ഇറക്കുമതികൾ നടത്താൻ സംവിധായകൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ തങ്ങളുടെ മക്കൾ എന്തിനാണ് കൊല്ലപ്പെട്ടത് എന്നു പോലും അറിയാത്ത ബീമാപ്പള്ളിക്കാർക്കു നേരെയുള്ള സിനിമാക്കാരന്റെ രണ്ടാം വെടിവെപ്പ് എന്നു തന്നെ മാലികിനെ വിശേഷിപ്പിക്കേണ്ടി വരും. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നുമുള്ള സിനിമ തുടങ്ങുമ്പോഴുള്ള ഡിസ്‌ക്ലൈമർ സംവിധായകന്റെ മുൻകൂർ ജാമ്യാപേക്ഷ മാത്രമാണ്. ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല. 2009 മെയ് 17നാണ് ബീമാപ്പള്ളി വെടിവെപ്പ് നടന്നത്. ആറ് പേർ കൊല്ലപ്പെട്ടു. 70 റൗണ്ട് വെടിയുതിർത്തിട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെ പൊലീസ് പൊതിരെ തല്ലി. 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. ഒരാളെ തല്ലിക്കൊന്നത് തോക്കിന്റെ പാത്തികൊണ്ടാണ്. 52 പേർക്ക് പരിക്കേറ്റു. അവരിൽ പലരും ഇന്നും ആ വേദന തിന്നാണ് ജീവിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകളൊന്നും പുറത്തു വന്നില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ് കണ്ണീരു വീഴ്ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്നേഹിയും കേരളത്തിലുണ്ടായിട്ടില്ല. ആകെയുണ്ടായത് ഈ സിനിമയാണ്. അതാണെങ്കിൽ ഈ കോലത്തിലും.

മുഹമ്മദ് ഫർഹാദ് ഇസ്മാഈൽ

മാലിക് സിനിമ, അതിന് പ്രചോദനമായ സംഭവത്തിലെ ഇടതുപക്ഷ സർക്കാറിനെ സിനിമയിൽ കാണിച്ചില്ല, പകരം മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ വില്ലനൈസ് ചെയ്യുന്നു എന്നത് പലരും വിമർശനമായി എഴുതിക്കണ്ടു.

എന്റെ കാഴ്ചയുടെ അനുഭവത്തിൽ സിനിമയിൽ സർക്കാരിന്റെ രാഷ്ട്രീയം മറച്ചു വെച്ചത് ഒരു പോരായ്മയായി തോന്നിയില്ല.കാരണം അതൊരു വസ്തുത ആണല്ലോ? ബീമാപള്ളി വെടിവെപ്പ് നടക്കുന്ന സമയത്ത് ഇടതുപക്ഷ സർക്കാർ ആയിരുന്നു അധികാരത്തിൽ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ, തർക്കമുള്ളത് അതൊരു വർഗീയ കലാപം ആണൊ, അവിടുത്തെ മുസ്‌ലിംകൾ ‘ഹാർഡ് റ്റു ഹാൻഡിൽ’ ആയ ക്രിമിനലുകൾ ആണോ എന്ന കാര്യത്തിൽ അല്ലെ? ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളിലും പത്രകട്ടിങ്ങുകളിലുമൊക്കെ ആ സംഭവത്തിലെ ഇരകളും, സാക്ഷികളും ആക്ടിവിസ്റ്റുകളുമൊക്കെ മുസ്‌ലിംകളുടെ നിരപരാധിത്വവും, ഒന്നുമറിയാത്ത ചെറിയ കുഞ്ഞിനെ അടക്കം വെടിവെച്ച് കൊന്ന് വലിച്ചിഴച്ച പോലീസ് നരനായാട്ടുമൊക്കെ മുഖ്യധാരയോട് സംവദിക്കാൻ ശ്രമിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അതെത്രമാത്രം ഫലപ്രദമായി? കേരളത്തിലെ പൊതു സമൂഹത്തിന് ബീമാപള്ളി വെടിവെപ്പ് ഇനിയും ഒരു പൊതു പ്രശ്നമായിട്ടില്ലല്ലൊ? ആ ഒരിടത്ത് നിന്നാണ് ഭരണകൂടം എങ്ങനെ ആണ് മറ്റൊരു ന്യൂനപക്ഷത്തിന്റെ വൈകാരികതകളെ മുതലെടുത്ത് മുസ്‌ലിംകൾക്കെതിരെ ആക്രമണവും തുടരുന്ന അവകാശ നിഷേധങ്ങളും നടത്തിയെടുക്കുന്നത് എന്നത് ഒരു ആഗോള പ്ലാറ്റ്ഫോമിൽ മാലിക് ചർച്ചക്ക് വെക്കുന്നത്.

സിനിമയിൽ തുടക്കത്തിൽ സുനാമി മുതൽ ഓഖി വരെയുള്ള പ്രകൃതി ക്ഷോഭത്തിലും അല്ലാതെയും വീടും സ്ഥലവും നഷ്ടപ്പെട്ട മുസ്‌ലിംകളെ കാണാം. അതേസമയത്ത് തന്നെ സർക്കാർ ഫ്ലാറ്റ് ലഭിച്ച വിനയ് ഫോർട്ടിന്റെ ക്രിസ്ത്യൻ കുടുംബത്തേയും കാണാം. വളരെ സാധാരണ രീതിയിൽ കാണിച്ചു പോയ ഈ രംഗങ്ങൾ അതിനു സമാനമായി കഴിഞ്ഞ പിണറായി വിജയൻ സർക്കാർ ബീമാപള്ളിയിലെ മുസ്‌ലിംകളെ വംശീയമായി ഭവന പദ്ധതിയിൽ നിന്നും മാറ്റി നിർത്തിയത് ഓർമിപ്പിച്ചു. സിനിമയിൽ അമീറിനേ പോലെ, ബീമാപള്ളിയിൽ വെടിവെച്ചു കൊന്നതിന് ശേഷം പോലീസ് വലിച്ചിഴച്ച ബാലന്റെ പേര് ഫിറോസ് എന്നാണെന്നാണ് ഓർമ. ഇത്തരത്തിൽ ഒരു പ്രദേശത്തെ പല സമയങ്ങളിലെ യഥാർത്ഥ ഇവന്റുകളെ ഒരു ഫിക്ഷനിലൂടെ കോർത്തിണക്കുമ്പോൾ സംവിധായകൻ മറച്ചു പിടിച്ചതൊ, അയഥാർത്ഥ്യമായി അവതരിപ്പിച്ചതൊ ആയ വസ്തുതകൾക്ക് ഫലത്തിൽ സ്വീകാര്യത, ചർച്ചചെയ്യപ്പെടാൻ ഉള്ള സ്ഥലം ലഭിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ആ അർത്ഥത്തിൽ കേരളം മറന്നു തുടങ്ങിയ ഒരു വംശഹത്യയുടെ, ഇടതു സർക്കാർ കേരളത്തിൽ നടത്തിയ മുസ്ലിം കൂട്ടക്കൊലയുടെ, തുടരുന്ന ബീമാപള്ളിയിലെ മുസ്ലിം വേട്ടയുടെ ഓർമപ്പെടുത്തലാണ് മാലിക്.

കേരളത്തിൽ ഒരമ്പലമുറ്റത്ത് ഇത് സാധ്യമാകുമൊ എന്ന സലിം കുമാറിന്റെ ചോദ്യത്തിന്റെ വിവിധ മാനങ്ങൾ കേരളത്തിലെ ഓരോ മുസ്‌ലിം യുവാവും ഒരിക്കലെങ്കിലും സ്വയമെങ്കിലും ചോദിച്ചു കാണും. ചരിത്രപരമായ ആ പുറം തള്ളലിൽ നിന്നാണ് സിനിമയിലെ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്. സെക്രട്ടറിയേറ്റിലെ അടക്കം മാലിന്യം പുറം തള്ളിയ പള്ളിയുടെ ഭൂമിയിൽ പള്ളിക്കൂടം വേണമെന്ന ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കുന്ന, തന്റെ മകളെ അതെ വിദ്യാലയത്തിൽ അയക്കുന്ന ഒരേസമയം ഭരണകൂടത്തിന്റെ ഉപകരണമാവുകയും അതേസമയം സമുദായത്തിന്റെ അരക്ഷിതാവസ്ഥ പേറുകയും ചെയ്യുന്ന മുസ്‌ലിം ഉദ്യോഗസ്ഥനും സിനിമയുടെ അവസാനം താനും കലാപത്തിന്റെ ഇരയാണെന്ന് തിരിച്ചറിയുന്നുണ്ട്. നീതി നിഷേധിക്കപ്പെട്ടവരുടെ നിയമ നിഷേധം നീതിയാണെന്ന് സിനിമക്ക് കൃത്യമായ പക്ഷമുണ്ട്. അത് പറഞ്ഞു വെക്കാൻ പോപ്പുലർ ആയ ചില മുൻലിധികളെ ഒരു ഭാഷയായി സ്വീകരിച്ചതാകാം..

റെനോയ്ർ പനങ്ങാട്ട്

കേരളം എന്ന സ്റ്റേറ്റും അതിന്റെ മെഷിനറികളും മുസ്‌ലിം ക്രിസ്ത്യൻ സമുദായങ്ങളിലുള്ളവരെ തകർക്കാൻ ശ്രമിച്ചു എന്ന കാര്യം മാലിക്കിൽ അവസാനത്തെ ഡയലോഗിൽ ആ കഥാപാത്രത്തിന്റെ വാക്കുകളിലുണ്ട്. പക്ഷേ കേരളം എന്ന സ്റ്റേറ്റ് ഹിന്ദു സ്റ്റേറ്റ് ആയിട്ടാണ് വർത്തിക്കുന്നത് എന്ന കാര്യം സിനിമ മറച്ചു വയ്ക്കുന്നു. പകരം ടിപ്പിക്കൽ വിപ്ലവ ഭാവനയിൽ പറയുന്നത് പോലുള്ള സാമുദായിക ശക്തികൾ എന്ന സമവാക്യം പ്രകാരമുള്ള ഭരണ പങ്കാളിയായ മുസ്‌ലിം രാഷട്രീയ കക്ഷിക്ക് വില്ലൻ പരിവേഷം നൽകുകയാണ് സിനിമയിൽ. ഇവിടത്തെ സിസ്റ്റത്തിൽ അന്തർലീനമായ ഹിന്ദു ആധിപത്യം പോലുള്ള വിഷയങ്ങൾ ഒന്നും തൊടാതെ അതിനെ എല്ലാം ചന്ദ്രൻ എന്ന കഥാപാത്രത്തിലേക്ക് മാത്രം ഒതുക്കി. കലക്ടർ അടക്കം സ്റ്റേറ്റിനായി അക്രമം നടത്തുന്ന എല്ലാവരെയും മുസ്‌ലിംകളാക്കി ചിത്രീകരിച്ചു. അന്ന് വി എസ് അച്യുതാനന്ദൻ കോടിയേരി ബാലകൃഷ്ണൻ എന്നീ ഇടത് ഹിന്ദു ഭരണാധികാരികൾക്ക് കീഴിൽ നടന്ന വെടിവയ്പ് മുസ്‌ലിം നേതാവിന്റെ തലയിലേക്ക് ഇടുകയും ചെയ്തു. കേരളം എന്ന ഇടത് ഹിന്ദു രാജ്യത്ത് സിനിമ എടുക്കാൻ ഈ ഒത്തുതീർപ്പുകൾ സിനിമാക്കാർക്ക് അനിവാര്യത ആണോ . അല്ലെങ്കിൽ അവരും ഈ സോ കോൾഡ് ഇടത് പുരോഗമന നരേറ്റീവുകളുടെ ഭാഗമായി നിൽക്കുന്നവർ ആണോ.

സി യഹിയ

മഹേഷ് നാരായണന്റെ മാലികിനെതിരെയുള്ള കൗണ്ടർ നരേറ്റീവുകൾ ഇടത് ഭരണകൂടത്തിന്റെ മതേതര ഹിംസ, പോലീസ് വെടിവെപ്പ്, മുസ്‌ലിം ജമാഅത്തിനേയും രാഷ്ട്രീയത്തേയും പൈശാചികവൽക്കരിച്ചു, തുറകളിലെ തീരദേശ സാമൂഹിക- സാമ്പത്തിക സ്ഥാനം, ക്രിസ്ത്യൻ – മുസ്‌ലിം വർഗീയ സംഘർഷം, വികസന പ്രൊജക്ട്, സാമുദായിക അരക്ഷിതാവസ്ഥ തുടങ്ങിയവയിലൂടെയാണ്. തീർച്ചയായും ഇവ രാഷ്ട്രീയപരമായി തന്നെ ചർച്ച ചെയ്യപ്പെടണം. പക്ഷേ ഈ കൗണ്ടർ നരേറ്റീവുകൾ പതിവുപോലെ റമദാപള്ളി/ബീമാപള്ളി സബ്ജക്ട് ഒരു ഇര/അപരവത്ക്കരണ ഭാഷയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നത്, നിലനിർത്തുന്നത്. സിനിമയിലെ റമദാപള്ളി, സമുദായം, പ്രദേശം എന്നിവയെ മുൻ നിർത്തിയുള്ള സിനിമാറ്റിക് കാഴ്ചയോട് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിച്ചത് നിയമ സ്വഭാവത്തെ വെല്ലുവിളിക്കുന്ന ബീമാപള്ളിക്കാരുടെ നോൺ ആർക്കീവ്, രേഖീയമല്ലാത്ത/ഔദ്യോഗികമല്ലാത്ത സ്വഭാവമാണ്. റമദാപള്ളിക്കാരുടെ ഉറൂസ് സമ്മേളനത്തിന്റെ മതപരത, ടാക്സ് കൊടുക്കാത്ത ക്രയവസ്തുക്കളുടേയും, വ്യാജ സിഡി ശേഖരണത്തിന്റേതായ അധോലോക മാർക്കറ്റാണ്. സിനിമയിൽ സൂചിപ്പിച്ചത് പോലെ ശരിയായ സ്കൂൾ വിദ്യാഭ്യാസമില്ലേലും (സിനിമയിൽ സൂചിപ്പിക്കാത്ത) പസോലിനിയുടേയും കിം കിം ഡുക്കിന്റെ യുമോക്കെ ലോകസിനിമ ശേഖരം, പൈറസി, ബ്രാന്റ് കൾച്ചർ തുടങ്ങിയവയുടെ തായ ഒരു വലിയ ലോകം തന്നെയാണ്. പക്ഷേ അധികാരികളുടെ കണ്ണിൽ ഇവ ‘ബ്ലാക്ക് മാർക്കറ്റും’ കള്ളക്കടത്തും നിയമ ലംഘനവുമൊക്കെയാണ്. തിരുവനന്തപുരത്തെ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ബീമാപള്ളിക്കാരുടെ സിനിമാ ശേഖരം ഔദ്യോഗികമായി പുറത്തുമാണ്.സിനിമയിലേതുപോലെ രണ്ട് തുറകൾ തമ്മിലുള്ള പ്രശ്നത്തെ (സ്‌റ്റേറ്റ് കോൺസ്പറസി, ഇടനിലക്കാർ) മറികടന്ന് മുസ്ലിം ജമാഅത്തിന്റെ പിന്തുണയോടെ തക്ബീർ വിളികളുമായി സ്‌റ്റേറ്റുമായി മുഖാമുഖം നിന്നുകൊണ്ട് നേരിടുന്നതാണ് കാണുന്നത്. സ്റ്റേറ്റിനും, അധികാരികൾക്കും പോലീസിനും തങ്ങളോടുള്ള പക തിരിച്ച് ആർട്ടിക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട് എന്ന് മാത്രമല്ല റമദാപള്ളിക്കാർ. പോലീസിനെ തിരിച്ച് മർദ്ദിക്കുന്നതിൽ അഭിമാനമുള്ളവരായിരുന്നു. ഈയർത്ഥത്തിൽ സ്റ്റേറ്റ് X റമദാപള്ളി എന്നിവയിൽ നിന്നു വിഭിന്നമായി സ്റ്റേറ്റിനെ നേരിടുന്നതിൽ ബീമാപള്ളി/റമദാപള്ളിക്കകത്തു തന്നെയുള്ള എതിർപ്പിന്റെ, വിയോജിപ്പിന്റെ, നിഷേധത്തിന്റെ, നിയമ സ്വഭാവത്തെ വെല്ലുവിളിച്ച് നിർമിക്കുന്ന ക്രമരഹിതമായ ജനതയുടെ നിലനിൽപ്പ് സവിശേഷമായി മനസ്സിലാക്കണം. ഇവ ആധുനികതക്ക് പുറത്ത്, കീഴാളത, തീരദേശം, സാമ്പത്തികം തുടങ്ങിയ ചോദ്യങ്ങളെ പോലും കീഴ്മേൽ മറിച്ചിടുന്നുണ്ട്, ലംഘിക്കുന്നുണ്ട്.ഇത് മാലിക് സിനിമ, ആർട്ടിക്കുലേറ്റ് ചെയ്യപ്പെട്ടതാണെന്ന അഭിപ്രായമില്ല. പക്ഷേ ഈ രീതിയിൽ കൂടി ബീമാപള്ളി/റമദാപള്ളിയുടെ സാമൂഹിക സ്വഭാവം, സ്ഥാനം, പ്രതിരോധം എന്നിവ വികസിപ്പിക്കാമെന്ന് തോന്നുന്നു. അവലംബം : (ബീമാപള്ളിയുടെ മെരുങ്ങാ കഥകൾ, മുഹമ്മദ് ഷാൻ, കാമ്പസ് അലൈവ്)

ഫസീല മൊയ്തു

അപരവല്‍ക്കരണം നടത്തി അന്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിച്ചും ബീമാപളളിയെക്കുറിച്ചും പ്രതിപാദിച്ചു കൊണ്ടുള്ള സിനിമയെടുക്കുമ്പോള്‍ മഹേഷ് നാരായണ്‍ അറ്റ്‌ലീസ്റ്റ് എന്താണ് വസ്തുതയെന്ന് പൊതുസമൂഹത്തിനോട് കലര്‍പ്പില്ലാതെ സംസാരിക്കാന്‍ ബാധ്യതസ്ഥനാണ്. അല്ലാത്തപക്ഷം അയാള്‍ ചെയ്യുന്നത് കാലാകാലങ്ങളായി അവരനുഭവിക്കുന്ന മുറിവില്‍ എരിവുതേക്കലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കു നേരെ ഭരണകൂടം നടത്തിയ കിരാതമായ, ഏകപക്ഷീയമായ വെടിവെപ്പിന്റെ പശ്ചാത്തലമാണ് മാലികിന്റെ കഥ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വൈകാരികതകള്‍ മുതലാക്കി ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊല. സിനിമയില്‍ എവിടേയും അത്രത്തിലുള്ളൊരു നരേഷന് നില്‍ക്കാതെ മഹേഷ് നാരായണന്‍ നടത്തുന്നത് മുസ്ലിംങ്ങളെ വീണ്ടും പ്രതിസ്ഥാനത്തുനിര്‍ത്തുകയാണ്. അല്ലെങ്കില്‍ മഹേഷ് പറയട്ടെ, ഏത് പള്ളിയില്‍ ഏതു കാലത്താണ് സുനാമി ബാധിതരെ മതം നോക്കി രക്ഷിച്ചെടുക്കാന്‍ സമ്മതിക്കാതെ നിന്ന മുസ്ലിംങ്ങളുള്ളത്? വിദ്യാഭ്യാസത്തിലൂടെ ഒരു ജനത സാമൂഹികമായി മുന്നേറമെന്ന് ആഗ്രഹിച്ച് വിദ്യാലയം പണിയുമ്പോള്‍ ആ പ്രദേശത്തുള്ളവരുടെ ചരിത്രം കള്ളക്കടത്തുകാരുടേയും സാമൂഹ്യവിരുദ്ധരുടേയും ആവുന്നതെവിടെ നിന്നാണ്? മുസ്‌ലിം പശ്ചാത്തലത്തിലുള്ള കഥ പറയുമ്പോള്‍ കള്ളക്കടത്തും വേണ്ടി വന്നാല്‍ ആയുധവും കടത്തുന്നവരാകുന്നത് നിഷ്‌കളങ്കമാണോ? മഹേഷ് നാരായണന്‍ ഇങ്ങനെ സിനിമയെടുക്കണമെന്നില്ല. അല്ലെങ്കില്‍ മുസ്‌ലിംവിരുദ്ധത ഒളിച്ചു കടത്തി സിനിമയെടുക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്ന് കൂടി വ്യക്തമാക്കണം.

By Editor