ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

കഴിഞ്ഞ നവംബർ 10 ന്, ഒരു ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ഒരു ബാഹ്യകക്ഷിക്ക് അസാധാരണമായ ഒരു ഇമെയിൽ സന്ദേശമയച്ചു. യഹൂദവിരുദ്ധതയ്‌ക്കെതിരെ ഫേസ്ബുക് പ്ലാറ്റ്‌ഫോം എങ്ങനെ മോഡറേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. സയണിസ്റ്റുകൾക്കെതിരായ ഫേസ്ബുക് പോസ്റ്റുകളെ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന ചോദ്യമാണ് കത്തിന്റെ ഉള്ളടക്കം. പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകൾ ജൂതരെ അല്ലെങ്കിൽ ഇസ്രായേൽ ജനതയെ വിമർശിക്കുന്നതാണെങ്കിൽ അവ സയണിസത്തിനെതിരാണെന്ന് വ്യാഖ്യാനിക്കണമെന്ന ആ സന്ദേശത്തിന് മറുപടിയാണ് ലഭിച്ചത്.

സയണിസത്തെ വിമർശിക്കുന്ന കണ്ടെന്റുകളെ ബ്ലോക്ക് ചെയ്യുക എന്നത് ഫേസ്ബുകിന്റെ നയമാണ്. Hate speech policy- യിൽ സിയോണിസം എന്ന പദത്തെ ഉൾപ്പെടുത്താനൊരുങ്ങുകയാണ് ഇപ്പോൾ ഫേസ്ബുക്. ഇസ്രായേലിനെതിരെയുള്ള വിമർശനങ്ങളെ തടയിടുക എന്നതാണ് ലക്ഷ്യം. വലതുപക്ഷ തീവ്രവാദ സംഘടനകൾക്ക് വേണ്ടിയാണ് ഫേസ്ബുക് പോളിസി മാറ്റത്തിനൊരുങ്ങുന്നത്.

2015 മുതലാണ് ഫലസ്തീൻ ജനതയോട് ഐക്യപ്പെടുന്ന വലിയൊരു ഭാഗം ഉള്ളടക്കങ്ങൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ കമ്പനികളുടെ നയങ്ങളിലും പ്രയോഗങ്ങളിലും വന്ന മാറ്റങ്ങളുടെ ഫലമാണ് വിവേചനപരമായ ഈ നീക്കംചെയ്യലുകൾ.

ഫലസ്തീൻ അവകാശങ്ങളെക്കുറിച്ചും ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പുറംലോകത്തെയറിയിക്കാനുള്ള ഇടമാണ് ഫലസ്തീനികൾക്ക് സോഷ്യൽ മീഡിയ. വലിയൊരു വിഭാഗം ഫലസ്തീനികൾ ഫേസ്ബുക് ഉപയോക്താക്കളാണ്. അടുത്ത കാലത്തായി ഇസ്രായേൽ സർക്കാർ ഫലസ്തീൻ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഓൺലൈൻ അസംബ്ലിയിലുമുള്ള ഇടവും ചുരുക്കുന്നതിന് തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫലസ്തീൻ ഉള്ളടക്കങ്ങൾ എടുത്തുമാറ്റുക, ഫലസ്തീൻ ആഖ്യാനങ്ങളെ നിയമവിരുദ്ധമാക്കുക, അസത്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി പരസ്യവും രഹസ്യവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ, സർക്കാരിതര ഓൺലൈൻ സൈന്യങ്ങളെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്.

2015 മുതലാണ് ഫലസ്തീൻ വിവരങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിനായി ഇസ്രായേൽ പുതിയ മന്ത്രാലയവും സൈബർ യൂണിറ്റും ആരംഭിക്കുന്നത്. പ്രത്യേക “സൈബർ യൂണിറ്റ്’ പ്രവർത്തിക്കുന്നത് നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ്. ഇസ്രായേൽ ആഭ്യന്തര നിയമങ്ങളുടെ ലംഘനത്തെ അടിസ്ഥാനമാക്കി, ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള ടെക് കമ്പനികൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും “സൈബർ യൂണിറ്റ്’ നൽകുന്നുണ്ട്. ഇസ്രയേലിന്റെ ഈ ശ്രമങ്ങളുടെ ഫലമായി, ഫലസ്തീൻ ഉള്ളടക്കം വലിയ അളവിൽ എടുത്തുമാറ്റുകയും ഫലസ്തീൻ പക്ഷ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത പരിമിതികൾ ഫേസ്ബുക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികളും ഏർപ്പെടുത്തുകയും ചെയ്തു. സയണിസത്തിന്റെ രാഷ്ട്രീയം നിലനിൽക്കുന്നത് ഹിംസയുടെ വ്യാപനത്തിലും അതിന്റെ സുസ്ഥിരമായ വളർച്ചയിലുമാണ്. ഡോക്യുമെന്റ് ചെയ്യപ്പെടുന്ന സയണിസ്റ്റ് ക്രൂരതകളെ മറച്ച് വെക്കാനും വംശീയതയെ മതേതര അളവിൽ നോർമലൈസ് ചെയ്യാനുമാണ് ഇസ്രായേൽ സോഷ്യൽ മീഡിയകളെ കീഴ്‌പ്പെടുത്തുന്നത്.

ഫലസ്തീൻ അനുകൂല വിവരണങ്ങൾ നീക്കം ചെയ്യുന്നതിനായി ഇസ്രായേൽ നീതിന്യായ മന്ത്രാലയം ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനോട് നേരിട്ട് പതിനായിരക്കണക്കിന് അഭ്യർത്ഥനകൾ നടത്തിയതായി Adalah – The Legal Center for Arab Minorities Rights in Israel റിപ്പോർട്ട് ചെയ്യുന്നു. 2017 – 2018 മുതൽ സോഷ്യൽ മീഡിയ കമ്പനികളിൽ ഇസ്രായേൽ നേരിട്ട് ഇടപെടുകയാണ്. ഇസ്രായേൽ സർക്കാർ പറയുന്ന ഉള്ളടക്കം ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ 95% അഭ്യർത്ഥനകളും ഫേസ്ബുക്ക്, ഗൂഗിൾ, യൂട്യൂബ് എന്നിവ പാലിക്കുന്നുണ്ടെന്ന് മുൻ ഇസ്രായേൽ നീതിന്യായ മന്ത്രി അയ്‌ലെറ്റ് ഷെയ്ക്ക വ്യക്തമാക്കിയിരുന്നു.

ഫലസ്തീൻ വിരുദ്ധ ഫേസ്ബുക്ക്

7amleh- The Arab Center for Social Media Advancement ഓൺലൈനിൽ വംശീയവിദ്വേഷം ഉളവാക്കുന്ന ഉള്ളടക്കങ്ങളെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രായേലി സോഷ്യൽ മീഡിയ ഉല്പാദിപ്പിക്കുന്ന വെറുപ്പുകളെ 7amleh സമാഹരിച്ചിരിക്കുന്നു. 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പതിപ്പിൽ, ഇസ്രായേലി സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ ഫലസ്തീനികൾക്കെതിരെയുള്ള പോസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഡാറ്റകൾ അവതരിപ്പിക്കുന്നുണ്ട്. ഓരോ 66 സെക്കൻഡിലാണ് ഫലസ്തീൻ വിരുദ്ധ ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്യപ്പെടുന്നത്. 2017 ൽ ഓരോ 71 സെക്കൻഡിലുമായിരുന്നു.

ഫലസ്തീനികൾക്കെതിരായ വിദ്വേഷ പ്രചാരണം നടക്കുന്ന പ്രധാന പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് (66%). 2017 മുതൽ അറബ് വംശവിരുദ്ധ പോസ്റ്റുകളുടെ എണ്ണം ഇരട്ടിയിലധികമാണ്. 2018 ൽ ഉടനീളം ഇസ്രായേലി സോഷ്യൽ മീഡിയയിൽ 474,250 ലധികം ഫലസ്തീനികൾക്കെതിരായ പോസ്റ്റുകൾ വന്നിട്ടുണ്ട്. അറബികൾക്കെതിരായ പത്ത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്ന്, ഫലസ്തീനികൾക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതാണ്.

ഫേസ്ബുക് പോളിസികളും ഫലസ്തീൻ വിരുദ്ധ നയങ്ങളും

മനുഷ്യ അവലോകനത്തിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സംയോജനത്തിലൂടെയാണ് ഫേസ്ബുക് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾ നടപ്പിലാക്കുന്നത്. ഫലസ്തീൻ നരറേറ്റീവുകളെ തീവ്രവാദ (Extremist Content) ഗണത്തിലാണ് ഉൾപ്പെടുത്തിയാണ് നിലവിൽ ഫേസ്ബുക് പോളിസിയുടെ പ്രവർത്തനം. തീവ്രവാദവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിന്റെ നയങ്ങളുടെ ഭാഗമായി രക്തസാക്ഷി (ഇസ്രായേൽ കൊല ചെയ്യപ്പെട്ട ആളുകൾ), അല്ലെങ്കിൽ രക്തസാക്ഷികളുടെ പേരുകളും പ്രതിരോധപരമായ അറബി പദങ്ങളും ഉൾപ്പെടുന്ന കണ്ടെന്റുകളും ഫേസ്ബുക് നീക്കം ചെയ്യുന്നുണ്ട്.

ഫലസ്തീനിയുടെ ഡിജിറ്റൽ അവകാശങ്ങളെ ഇസ്രയേലിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിഷേധിക്കുകയാണ് ഫേസ്ബുക്. ഫലസ്തീൻ ജനങ്ങളുടെ മനുഷ്യാവകാശ ഉള്ളടക്കങ്ങളെ ഹേറ്റ് സ്പീച്ചിനകത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേലി വിവരണങ്ങളെ പരിരക്ഷിക്കുന്നതിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യത്തിനും ഫലസ്തീൻ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും എങ്ങനെ ഫേസ്ബുക് പോളിസി ഉപയോഗിച്ച് പുറന്തള്ളുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്.

ഫലസ്തീനികളെ നിശബ്ദരാക്കാനുള്ള ആസൂത്രിതവും അന്തർദേശീയവുമായ ഈ ശ്രമം ഇസ്രായേലി അധിനിവേശത്തിന്റെ മറ്റൊരു രീതിയാണ്. ഫെയ്‌സ്ബുക്കിന്റെ പുതിയ പോളിസികൾ ഫലസ്തീനികൾക്ക് അവരുടെ അവകാശങ്ങൾ ഓൺലൈനായി വിനിയോഗിക്കാനുള്ള ശേഷിയെ ഇല്ലാതാക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ഓൺലൈൻ അസോസിയേഷനെയും റദ്ദ് ചെയ്യുന്നു. സയണിസത്തിന്റെ ഭീകരതയെ സ്വതന്ത്രമായി പുറത്ത് കൊണ്ടുവരാൻ സഹായകരകമാകുന്ന സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഇസ്രായേൽ നിയന്ത്രണങ്ങൾക്ക് വിധേയമാകുമ്പോൾ ഫലസ്തീൻ കമ്മ്യൂണിറ്റി കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുകയാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി വാദിക്കുന്നതിനുള്ള ഒരു മാർഗമായി ഫേസ്ബുക്കിനെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളെയും ഏറെ ആശ്രയിക്കുന്നവരാണ് ഫലസ്തീനികൾ. സോഷ്യൽ മീഡിയകളുടെ പുതിയ നയങ്ങളും പ്രയോഗങ്ങളും ഇരകളാക്കപ്പെടുന്ന ജനതയുടെ വാ പൊത്തിപ്പിടിക്കുകയാണ്.

By സലീം ദേളി

Post Graduate Student, Malayalam University, Tirur