പ്രവചന സ്വഭാവമുള്ള സാഹിത്യരചന നടത്തുന്ന എഴുത്തുകാര്‍ കാലാതീതരാകുന്നു. ഓരോ കാലഘട്ടത്തിലും അത്തരം എഴുത്തുകാര്‍ പുനര്‍വായനക്ക് വിധേയരായിക്കൊണ്ടിരിക്കും. എഴുതിയ കാലം, ആ കാലഘട്ടത്തിലെ സാമൂഹിക സാംസ്‌കാരിക, സാമുദായിക, കാലാവസ്ഥ; ആ കാലാവസ്ഥയിലും പിന്നീടും എഴുത്തുകാരന്‍ സ്വീകരിച്ച സ്വന്തം നിലപാടുകള്‍ തുടങ്ങിയ ഭൗതിക ഘടകങ്ങള്‍ എഴുത്തുകാരന്റെ ആന്തരിക ചോദനകളെ എത്രത്തോളം സ്വാധീനിച്ചുവെന്നതും വിലയിരുത്തപ്പെടുന്നു. മലയാള സാഹിത്യത്തില്‍ എല്ലാ കാലങ്ങളിലും പുനര്‍വായന ആവശ്യപ്പെടുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാരണം അദ്ദേഹത്തിന്റെ കൃതികള്‍ അമൂര്‍ത്തമായ ഒന്നായി വായനക്കാരെ തോന്നിപ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ബഷീര്‍ കൃതികള്‍ പല പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട് എന്നത് അനിഷേധ്യമാണ്. എന്നാല്‍ അവയൊക്കെയും കേവലം പ്രസ്തുത കൃതികളിലെ സാഹിത്യ ഘടനയിലോ ആഖ്യാന രീതിയിലോ മാത്രം ഒതുങ്ങിക്കൂടിയവയായിരുന്നു. എന്നാല്‍ ബഷീര്‍ കൃതികളില്‍ ഒറ്റനോട്ടത്തില്‍ തന്നെ പ്രകടമായതും അന്തര്‍ലീനമായതുമായ ഒരു മേഖലയായിരുന്നു സൂഫി ദര്‍ശനങ്ങള്‍. പലരും സൂഫികാല്‍പ്പാടുകള്‍ കണ്ടെത്തിയ ഒരു വ്യക്തിയെന്ന നിലയില്‍ ബഷീറിന്റെ കൃതികളിലെ സൂഫീ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലാതില്ല. അത് കൊണ്ട് ബഷീര്‍ കൃതികളിലെ സൂഫിദര്‍ശനങ്ങള്‍ അന്വേഷിച്ച് കൊണ്ടുളള ഒരു യാത്രയാണിത്.
സൂഫി ദര്‍ശനങ്ങള്‍ കൃതികളില്‍
പരമ്പരാഗതമായി തുടര്‍ന്ന് പോരുന്നതും പ്രകടമാക്കുന്നതുമായ ഒരു വസ്തുതയാണ് കൃതികളിലെ സൂഫിദര്‍ശനങ്ങള്‍. ചിലര്‍ ജീവിതം കൊണ്ടും തങ്ങളുടെ കൃതികള്‍ കൊണ്ടും ലോകത്തിന് സൂഫി ദര്‍ശനങ്ങള്‍ പകര്‍ന്ന് കൊടുത്തു. അതിനുള്ള മകുടോദാഹരണമാണ് റൂമി. ജീവിതത്തിലും അതിലുപരി താന്‍ രചിച്ച കവിതകളിലൂടെയും റൂമി സൂഫിദര്‍ശനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു. അഥവാ,പരമ്പരാഗതമായി പൂര്‍വ്വ സൂഫികളും എഴുത്തുകാരും സൂഫിദര്‍ശനങ്ങള്‍ തങ്ങളുടെ കൃതികളിലൂടെ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലും കേരളക്കരയിലും അത്തരം സൂഫിദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന കൃതികള്‍ കുറവായിരുന്നു. അത് കൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ ഇത്രയും വിശാലമായി സൂഫി ദര്‍ശനങ്ങള്‍ വായനക്കാര്‍ക്ക് നീട്ടിയ ആദ്യ സാഹിത്യകാരനെന്ന നിലക്ക് ബഷീറും ആദ്യ കൃതികളെന്ന നിലക്ക് ബഷീര്‍ കൃതികളും ഒരു പടിമുന്നില്‍ നില്‍ക്കുന്നു. കഥകളിലൂടെയും നോവലുകളിലൂടെയും സൂഫി ദര്‍ശനങ്ങള്‍ ലോകത്തിന് പ്രകടമാക്കി എന്നുള്ളത് ബഷീര്‍ കൃതികളെ വേറിട്ട് നിറുത്തുന്നു. കാരണം പൂര്‍വ്വ കാലം മുതല്‍ക്കെ കവിതകള്‍ മാധ്യമമാക്കിയായിരുന്നു സൂഫി ദര്‍ശനങ്ങള്‍ പകര്‍ന്ന് നല്‍കിയത്.
അദ്ദേഹത്തിന്റെ കൃതികളിലൂടെ സൂക്ഷ്മ വായന നടത്തിയാല്‍ ഓരോ ദര്‍ശനങ്ങള്‍ക്കുമാണ് ബഷീര്‍ ഓരോ കൃതികളും രചിച്ചതെന്ന് നമുക്ക് തോന്നിപ്പോവുക സ്വാഭാവികം മാത്രം.
ഒരോ വാക്കുകളിലും നമുക്ക് അനന്തമായ സൂഫിദര്‍ശനങ്ങള് കാണാന്‍ സാധിക്കും. സാര്‍വ്വലൗകിക സ്‌നേഹം, അനല്‍ ഹഖ്, ദൈവസാമീപ്യം തുടങ്ങി ഒരുപിടി ദര്‍ശനങ്ങള്‍ ബഷീര്‍ കൃതികളില്‍ പുറത്ത് പ്രകടമായി കിടക്കുന്നത് നമുക്ക് കാണാം. ഭൂമിയുടെ അവകാശികള്‍, അനര്‍ഘ നിമിഷം, മതിലുകള്‍, യാ ഇലാഹി, വിശപ്പ്, മാന്ത്രിക പൂച്ച, തുടങ്ങി ഒട്ടുമിക്ക കൃതികളിലും വിവിധ സൂഫിദര്‍ശനങ്ങള്‍ അന്തര്‍ലീനമായി കിടക്കുന്നു എന്നതാണ് സത്യം. ‘ഇമ്മിണിബല്ല്യ ഒന്ന്’, ‘വെളിച്ചത്തിനെന്തൊരു വെളിച്ചം’, തുടങ്ങിയ ചില പ്രയോഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകണമെങ്കില്‍ കേവലം അതില്‍ സാഹിത്യഭംഗിക്കപ്പുറത്ത് എന്തോ ഉണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല.
സാര്‍വ്വ ലൗകിക സൂഫി ബോധത്തിന്റെ സാന്നിധ്യം
സൂഫികളുടെ ആത്മീയമായ- ദൈവോന്മുഖമായ പ്രേമത്തിന്റെ ആദ്യപടിയോ പ്രത്യക്ഷരൂപമോ മാത്രമാണ് സാര്‍വ്വലൗകിക സ്‌നേഹം. ജലാലുദ്ദീന്‍ റൂമി, ഇബ്‌നു അറബി തുടങ്ങിയ സൂഫികളുടെ രചനകളില്‍ അസ്തിത്വത്തിന്റെ കാമ്പായി വര്‍ത്തിക്കുന്നത് സ്‌നേഹമാണ്. ദൈവവുമായി ഒന്നു ചേരുന്ന സ്‌നേഹത്തിന്റെ മതമാണ് സൂഫിസം. എല്ലാ സൂഫികളും സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ മാതൃകകള്‍ വരച്ചു കാട്ടിയവരായിരുന്നു. ഈ ഭൂമിയിലെ ‘അണ്ഡ കടാഹങ്ങളോടും’ ‘പ്രപഞ്ചതാള’ത്തോടും ജീവികളോടും മറ്റു പ്രകൃതിപരമായ മുഴുവന്‍ പ്രതിഭാസങ്ങളോടും ദൈവികവും ആത്മീയവുമായ ബന്ധം പുലര്‍ത്തിയവരായിരുന്നു അവര്‍. ഈ ഒരു സാര്‍വ്വലൗകിക സൂഫിബോധത്തിന്റെ സാനിധ്യം ബഷീറിന്റെ കൃതികളില്‍ പ്രകടമായി കടന്ന് വരുന്നുണ്ട്്.
രാഷ്ട്രത്തിൻ്റെയും മതജാതി വര്‍ഗ്ഗവര്‍ണ്ണങ്ങളുടെയുമെല്ലാം അതിരുകളെ ഭേദിച്ചെത്തുന്നതാണ് ബഷീര്‍കൃതികളിലെ പാരസ്ഥിക ആത്മീയത.
മാന്ത്രിക പൂച്ചയില്‍ ബഷീര്‍ ഇങ്ങനെ എഴുതുന്നു :”എന്നില്‍ നിന്നന്യമായി ഒന്നുമില്ല ! പുല്ലും പുഴുവും മാമരങ്ങളും ജന്തുമൃഗാദികളും സാഗരവും പര്‍വ്വതവും പക്ഷികളും സൂര്യ ചന്ദ്രന്മാരും നക്ഷത്രകോടികളും ക്ഷീര പഥവും സൗരയൂഥവും അണ്ഡകടാഹവും പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളും എല്ലാം ഞാന്‍ തന്നെ ! അനല്‍ഹഖ് ! അഹം ബ്രഹ്മാസ്മി”.
ഇവിടെ അനല്‍ ഹഖ്, അഹം ബ്രഹ്മാസ്മി എന്നീ മന്ത്രങ്ങളുടെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് ബഷീര്‍ സര്‍വ്വചരാചരങ്ങളെയും പ്രവേശിപ്പിക്കുന്നു. വ്യക്തിയിലുള്ള ദൈവാംശം വികസിച്ച് പ്രപഞ്ചങ്ങളിലുള്ള സര്‍വ്വസമ്പത്തുകളെയും ഉള്‍ച്ചേര്‍ത്ത സാര്‍വ്വ ലൗകിക സൂഫി ബോധമായി ഇതിനെ നിര്‍വ്വചിക്കപ്പെടുന്നു. പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും രക്ഷകരും അതിനെ പ്രണയഭാവത്തോടെ ആലിംഗനം ചെയ്യുന്ന സൂഫിദര്‍ശനമാണ് ഈ വരികളിലൂടെ പ്രകടമാകുന്നത്.
ഭൂമിയുടെ അവകാശികളില്‍ നമുക്ക് ഇങ്ങനെ കാണാം:
“അതുവേണ്ട ( ഹിംസ ) . ദൈവം തമ്പുരാന്‍ എന്ത് പറയും. സ്‌നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ തോന്നുന്നുണ്ട്.
ഈ വരികളില്‍ സാര്‍വ്വലൗകിക സ്‌നേഹം തെളിഞ്ഞു കാണാം. ഭൂമിയുടെ അവകാശി എന്ന കൃതിയിലൂടെ സൂക്ഷ്മ വായന നടത്തിയാല്‍ ഈ ദര്‍ശനത്തിന് വേണ്ടി മാത്രം ബഷീര്‍ രചിച്ച കൃതിയാണോ ഇത് എന്ന് തോന്നിപ്പോവുക സ്വാഭാവികം. ഓരോ വസ്തുവിലും ദൈവത്തെ കണ്ടെത്തുന്ന സൂഫി ദര്‍ശനവും പ്രസ്തുത കൃതിയില്‍ തെളിയുന്നു.
ഭൂമിയുടെ അവകാശികളും സാര്‍വ്വലൗകിക സ്‌നേഹവും
ഭൂമിയിലെ ജന്തു ജീവികളാല്‍ ബുദ്ധിമുട്ടി രോഷം കയറുന്ന ഭാര്യയുടെയും എന്നാല്‍ ഭൂമി അവരുടെയും അവകാശമല്ലെയെന്ന രീതിയില്‍ പ്രതികരിച്ച് പെരുമാറുന്ന ഒരു പ്രകൃതി സ്‌നേഹിയായ ഭര്‍ത്താവിന്റെയും ഇടയില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ഈ കൃതിയുടെ ഇതിവൃത്തം. വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ കൊല്ലാന്‍ തുനിയുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുന്നു.
“അതും ഈശ്വര സൃഷ്ടി. അതും ജീവിക്കട്ടെ, ഈ ഭൂഗോളത്തിന്റെ അവകാശിയാണ്”
മറ്റൊരു അവസരത്തില്‍ മനുഷ്യരെയും മറ്റും കടിച്ചു കൊല്ലുന്ന പാമ്പുകളെയും ജീവികളെയും എന്തിന് ദൈവം സൃഷ്ടിച്ചു? എന്ന ഭാര്യയുടെ ചോദ്യത്തിന് ഭര്‍ത്താവ് പറയുന്ന മറുപടി ഇങ്ങനെയാണ്.
“ദൈവ വിഹിതം. ഏതായാലും ഒന്നിനേയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്”.
കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പല സംഭാഷണങ്ങളിലൂടെയും കഥാരംഗങ്ങളിലൂടെയും ഈ ദര്‍ശനം പ്രകടമാക്കുകയാണ് ‘ഭൂമിയുടെ അവകാശികള്‍’. കഥയുടെ മറ്റൊരു ഭാഗത്ത് കൊതുക് കഥാപാത്രത്തിന്റെ കൈയില്‍ കടിക്കുന്ന നേരത്ത് കഥാപാത്രം ചിന്തിക്കുന്നത് ഇങ്ങനെ. “കുടിക്കട്ടെ ! മനുഷ്യരുടെയും മൃഗങ്ങളുടെയും ജന്തുക്കളുടെയും ചോര കുടിച്ചു ജീവിക്കാനായി ദൈവം തമ്പുരാന്‍ കൊതുകുകളെയും സൃഷ്ടിച്ചു. മൂട്ടകളേയും. നിര്‍ബാധം കുടിക്കട്ടെ. ഒരു ലേശം വേദനയോ അസുഖമോ ഒക്കെ ഉണ്ട്. അടിച്ച് കൊല്ലാനുള്ള വ്യഗ്രത. കൊല്ലണ്ട. തൃപ്തിയോളം കുടിക്കട്ടെ. മരിച്ചു പോകുന്ന മനുഷ്യനാണല്ലോ”.
മൂട്ട മുതല്‍ തുടങ്ങി ആന വരെയുള്ള സകല മൃഗങ്ങളേയും പ്രപഞ്ചചരാചരങ്ങളേയും ഈ കൃതിയില്‍ ബഷീര്‍ കൊണ്ട് വരുന്നു.
കടിച്ച പഴുതാരയെ കൊന്നുവെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ആശ്ചര്യത്തോടെ പറയുന്നു. ‘ഭൂമിയുടെ അവകാശികള്‍’.
എലി വിഷം വാങ്ങാന്‍ പോകുന്ന ഭാര്യയെ കണ്ട ഭര്‍ത്താവ് ചിന്തിക്കുന്നത് ഇങ്ങനെയാണ്. “എലികളായ എലികളേ, മാപ്പാക്കുക, എലികളെ സൃഷ്ടിച്ച ദൈവമേ.. ഞങ്ങള്‍ക്ക് പൊറുത്ത് തരിക. എലികളെ ചതിച്ച് കൊല്ലാന്‍ പോകുന്നു. മാസത്തില്‍ തൊള്ളായിരം തേങ്ങയാണു പ്രശ്‌നം. ഞങ്ങളുടെ ജീവിതത്തിന്റെ അനുസ്യൂതമായ നിലനില്‍പ്പ്. ക്ഷമിക്കുക. ക്ഷമിക്കുക !”
കഥയുടെ അവസാന ഭാഗത്തില്‍ വവ്വാലുകള്‍ രക്ഷപ്പെട്ടപ്പോള്‍ അവകളെ കുറിച്ച് പഴിപറയുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുന്നു.
“മറക്കരുത്. വവ്വാലുകള്‍ ആരുടെയും പൂര്‍വ്വകന്മാരുടെയും ആത്മാക്കളല്ല. അന്ധ വിശ്വാസം ഭ്രാന്തു പോലാക്കി മനുഷ്യരേ കൊല്ലാതിരിക്കുക. കടവാതിലുകളെന്ന വവ്വാലുകള്‍ ദൈവം തമ്പുരാന്റെ കോടാനുകോടി സൃഷ്ടികളില്‍ പറക്കുന്ന ജീവികളാണ്. കരിക്കു നശിക്കട്ടെ സാരമില്ല. ബാക്കി കിട്ടുന്നത് മതി. ദൈവ സൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളില്‍ വവ്വാലുകള്‍ക്ക് അവകാശമുണ്ട്. ദൈവം തമ്പുരാന്‍ സൃഷ്ടിയുടെ ദിവ്യ മുഹൂര്‍ത്തത്തില്‍ കല്‍പിച്ചു കൊടുത്ത പുരാതന പുരാതനമായ അാവകാശം ഓര്‍ക്കുക. ജീവികളായ സര്‍വ്വ ജീവികളും ഭൂമിയുടെ അവകാശികള്‍.”
എന്ത് സുന്ദരമായ വരികള്‍ ! സര്‍വ്വ ലൗകിക ദര്‍ശനത്തിന്റെ അമൂര്‍ത്ത തലങ്ങള്‍ വരച്ച് കാട്ടുന്ന വരികള്‍. ഇത്തരത്തില്‍ കഥയിലുടനീളം സാര്‍വ്വ ലൗകിക സൂഫി ദര്‍ശനത്തിലൂടെ ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല. പ്രത്യുത, സര്‍വ്വ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന മഹത്തായ പാഠവും ഈ കൃതി വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നു.
പൊതുവെ ആത്മീയവും ലൗകികവുമായ സ്‌നേഹത്തിന് സൂഫികള്‍ നല്‍കുന്ന സ്ഥാനം തന്നെയാണ് ഇവിടെയും പ്രഥമ പരിഗണനയര്‍ഹിക്കുന്നത്. ജീവിതത്തിലെ സുഖ ദു:ഖങ്ങള്‍ക്കു നേരെ ആത്മാന്വേഷകനായ സൂഫി സ്വാഭാവികമായും നിസ്സംഗത പുലര്‍ത്തുന്നു. ഒപ്പം എന്തിനേയും നര്‍മ്മത്തോടെ നോക്കികാണുകയും ചെയ്യുന്നു. നര്‍മ്മ ബോധമില്ലാതെ സൂഫിയില്ല എന്നത് ഒരു ചൊല്ലായിത്തീര്‍ന്നിട്ടുണ്ട്. സ്‌നേഹം, നിസ്സംഗത തുടങ്ങിയവക്ക് ബഷീര്‍ സാഹിത്യത്തില്‍ ലഭിക്കുന്ന സ്ഥാനം ഏതു വായനക്കാരനും പ്രഥമ വായനയില്‍ തന്നെ തിരിച്ചറിയും. പ്രത്യേകിച്ച് ഭൂമിയുടെ അവകാശികളില്‍.
അനല്‍ ഹഖ്: ഞാനാണ് ലോകം
സ്വന്തത്തിലൂടെ എല്ലാറ്റിനേയും കണ്ടെത്തുവാന്‍ യത്നിക്കുക എന്ന സൂഫി പാത ബഷീര്‍ കൃതികളില്‍ പ്രകടമായി കിടക്കുന്നു. മുല്ലാ നസ്‌റുദ്ധീന്‍, മന്‍സൂര്‍ ഖല്ലാജ്, ജലാലുദ്ദീന്‍ റൂമി തുടങ്ങിയ സൂഫികളിലെല്ലാം തന്നെ വെളിവായ സൂഫി സ്വഭാവമാണിത്. അവര്‍ സ്വയം തങ്ങളിലൂടെ ലോകത്തെയും ദൈവത്തേയും കണ്ടെത്താന്‍ ശ്രമിച്ചപ്പോഴാണ് അനല്‍ ഹഖ്, ഞാനാണ് ലോകം എന്നീ ഭാവങ്ങള്‍ അവരില്‍ രൂപം പൂണ്ടത്. ഈ സൂഫി ദര്‍ശനം ബഷീര്‍ കൃതികളില്‍ നമുക്ക് പലയിടങ്ങളിലും പ്രകടമായി കാണാം. എന്റെ തലയ്ക്കുമീതെ പിടിച്ചിരിക്കുന്ന കുടയാണ് അകാശം. ഞാന്‍ ചക്രവാളത്തിന്റെ മധ്യവും ഈ ഏകാന്തത എന്റെ ഹൃദയത്തിലാണോ ? അതോ ഞാന്‍ തന്നെ ഏകാന്തതയാണോ? അജ്ഞാതമായ ഭാവിയിലേക്ക് എന്ന രചനയില്‍ കാണുന്ന ഈ വരികളില്‍ പ്രസ്തുത സൂഫി ദര്‍ശനം പ്രകടമാണ്. മാത്രമല്ല, വിവിധ കൃതികളില്‍ ബഷീര്‍ ഞാനെന്ന സത്തയെ വെച്ച് ദൈവത്തെ കണ്ടെത്തുന്ന രംഗങ്ങള്‍ ഉണ്ട്. അനര്‍ഘ നിമിഷത്തില്‍ മരുഭൂമിയിലെത്തുമ്പോള്‍ വിവരിക്കുന്ന വിവരണവും, ‘ചെവിയോര്‍ക്കുക അന്തിമ കാഹളം’, ‘മരണത്തിന്റെ നിഴലില്‍’ തുടങ്ങിയ കഥാരംഗങ്ങളിലും പ്രസ്തുത ദര്‍ശനം തെളിഞ്ഞു കാണാം.
ദൈവത്തോടുള്ള പ്രണയം അതിരു കവിഞ്ഞാല്‍ പിന്നെ സൂഫികള്‍ക്ക് ഞാന്‍ എന്ന സത്തയും നീ എന്ന സത്തയും നഷ്ടപ്പെടുന്നു. അവിടെ ഞാന്‍ എന്നതിനും നീ എന്നതിനും പ്രസക്തിയില്ല. ഈ ദര്‍ശനം പല ബഷീര്‍ കൃതികളില്‍ കടന്നു വരുന്നു.

“വേണമെങ്കില്‍ ഞാന്‍ എന്നെ ഈ കടലാസ്സില്‍ ഇറക്കി വെയ്ക്കാം. അല്ലെങ്കില്‍ വേണ്ട. ഞാന്‍ നിങ്ങളാണെന്ന് വിചാരിക്കൂ. നിങ്ങള്‍ അതായത് നിങ്ങള്‍ എന്നില്‍ പ്രവേശിക്കൂ”
(അദ്ധ്യായം 2 മരണത്തിന്റെ നിഴലില്‍)
അനര്‍ഘനിമിഷത്തിലെ വരികളാണ് പ്രസ്തുത ദര്‍ശനത്തെ കൂടുതല്‍ വ്യക്തമാക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നീ മാത്രമാകുന്ന നിമിഷം’.
ഞാന്‍ എളുപ്പത്തില്‍ വലിയൊരു പ്രശ്‌നവും പ്രമേയവും ആയിത്തീരുന്നതിന് പിന്നില്‍ എളുപ്പം വിശദീകരിക്കാനാവാത്ത ദാര്‍ശനിക സമസ്യകളുണ്ട്. എല്ലാം തന്നില്‍ തേടുക ; എല്ലാറ്റിലും തന്നെ തേടുക, അങ്ങനെ ജീവിതത്തിന്റെ പരം പൊരുളുമായി ആത്മാവ് പ്രാപിക്കുക എന്ന സൂഫി മാര്‍ഗ്ഗമാണിത്. എന്നിലുള്ള നീയും നിന്നിലുള്ള ഞാനും പരസ്പരം കണ്ടെത്തി ഒന്നിക്കുന്നതിന്റെ പരമാനന്ദമാണ് ആ ദര്‍ശനത്തിന്റെ ലക്ഷ്യം. നീയും ഞാനും വേറെയല്ല എന്ന വെളിവു തന്നെ.
ജലാലുദ്ധീന്‍ റൂമിയുടെ ആ കഥ ഏറെ പ്രശസ്തമാണ്.
കാമുകന്‍ അടഞ്ഞ വാതിലില്‍ മുട്ടി.
‘ആരാണ്’ ? അകത്ത് നിന്നു കാമുകി ചോദിച്ചു.
”ഞാനാണ് ‘
” ഈ മുറിയില്‍ രണ്ട് പേര്‍ക്ക് സ്ഥലമില്ല ‘
കാമുകന്‍ തിരിഞ്ഞ് നടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാള്‍ വീണ്ടും ആ വാതിലില്‍ മുട്ടി. ‘ ആരാണ് ‘ ?
‘നീയാണ് ‘
ആ വാതില്‍ തുറന്നു.
അനര്‍ഘനിമിഷത്തിലുടനീളം ഈ ദര്‍ശനം പല സന്ദര്‍ഭങ്ങളിലായി പ്രകടമാകുന്നുണ്ട്.
‘നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോവുകയാണ് ‘
‘നീ എനിക്കെപ്പോഴും ഒരു മഹാ രഹസ്യം ‘
(അനര്‍ഘ നിമിഷം . ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ പേജ് : 347 )
ഇവിടെയെല്ലാം ബഷീര്‍ നീയും ഞാനുമെന്നുള്ള യാഥാര്‍ത്ഥ്യത്തിന്റെ പൊരുളന്വേഷിക്കുകയാണ്.
സൂഫികള്‍ ജീവിതത്തെ ഈശ്വരനെ തേടിയുള്ള അലച്ചില്‍ സഫര്‍ (യാത്ര ) ആയും വ്യക്തിയെ സാലിക് ( യാത്രികന്‍ ) ആയും കാണുന്നു.
അത്തരം യാത്ര ചെയ്ത സൂഫികളെല്ലാം തന്നെ ദൈവത്തെ കണ്ടെത്തിയത് സ്വന്തം സത്തയില്‍ തന്നെയായിരുന്നു. ദൈവമെന്ന പരമസത്യത്തെ അവനവനിലൂടെ മാത്രമേ സാക്ഷാത്കരിക്കാന്‍ കഴിയൂ എന്ന ദര്‍ശനമാണ് സൂഫികളെല്ലാം ഒടുവില്‍ പറഞ്ഞു വെച്ചതും. ഹുസൈന്‍ ഇബ്‌നു മന്‍സൂര്‍ ഹല്ലാജ് എന്ന സൂഫിക്കവി പാടുകയുണ്ടായി. ‘ഞാന്‍ എന്റെ ദൈവത്തെ അകക്കണ്ണു കൊണ്ട് കണ്ടു. ഞാന്‍ ചോദിച്ചു. അങ്ങ് ആര് ? അവന്‍ പറഞ്ഞു : നീ തന്നെ.
പ്രവാചകന്‍ ( സ) തങ്ങള്‍ അല്ലാഹു പറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു: എന്റെ ഭൂമി എന്നെ ഉള്‍ക്കൊള്ളുകയില്ല. എന്റെ ആകാശവും എന്നെ ഉള്‍കൊള്ളുകയില്ല. വിശ്വാസിയായ എന്റെ അടിമയുടെ ഹൃദയം എന്നെ ഉള്‍ക്കൊള്ളുന്നു.
അഥവാ, ദൈവത്തിന്റെ ഇരപ്പിടമായി കഴിഞ്ഞ ഹൃദയത്തിന് പിന്നെ ഉള്‍കൊള്ളാന്‍ കഴിയാത്തതൊന്നുമില്ല. ഏത് സ്ഥലവും കാലവും ഏത് വ്യക്തിയും ഏത് പ്രവര്‍ത്തിയും അതിന്റെ ഭാഗം തന്നെ. “ഞാന്‍ പൂങ്കാവനമാകുന്നു ; പൂവും” മതിലുകളിലെ ഈ വാക്യം ഇടക്കിടക്ക് ആവര്‍ത്തിക്കുമ്പോള്‍ ഞാന്‍ രത്‌നവും രത്‌നവ്യാപാരിയുമാകുന്നു എന്നു പാടുന്ന ഫരീദുദ്ധീന്‍ എന്ന സൂഫി കവിയെ വായനക്കാര്‍ ഓര്‍ത്ത് പോവുക സ്വാഭാവികമാണ്. ജലാലുദ്ദീന്‍ റൂമിയുടെ അനുഭവവും ഇതു തന്നെ.
“നരകത്തിലെ അഗാധമായ ഗര്‍ത്തങ്ങളും അവിടത്തെ തീനാളങ്ങളുടെ കൊടും ക്രൂരമായ പീഡനവും അത്യുന്നമായ പറുദീസയും ഈ ഭൂമിയും ഇതിനകത്തുള്ളതെന്തും മലക്കുകളും പിശാചുക്കളും ആത്മാക്കളും മനുഷ്യജീവികളും എല്ലാം ഞാന്‍ തന്നെയാകുന്നു.” (ഇമ്മിണി വല്ല്യ ഒന്ന്).
കണക്കില്‍ മണ്ടനായ മജീദിനോട് ഒന്നും ഒന്നും കൂട്ടിയാല്‍ എത്രയാണെന്ന ചോദ്യത്തിന് മജീദ് നല്‍കുന്ന മറുപടിയാണ് ഇമ്മിണി ബല്ല്യ ഒന്ന്. ഇത് തന്നനെയാണ് അനല്‍ ഹഖും അഹം ബ്രഫ്മാസ്മിയും. ദൈവവും സ്രഷ്ടിയും കാമുകനും കാമുകിയും അദമ്യമായ പ്രണയത്താല്‍ ഒന്നിക്കുമ്പോള്‍ കണ്ട്മുട്ടുമ്പോള്‍ അവര്‍ ഒന്നായി ചേരുന്ന സന്ദര്‍ഭം. അവിടെ രണ്ട് ശരീരങ്ങള്‍ ഒന്നാകുന്നു. ഈ ദര്‍ശനമമാണ് ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്ല്യ ഒന്ന് എന്ന മറുപടിയിലും പ്രകടമായി നില്‍ക്കുന്നത്.
ഒന്നായി കാണുന്ന സൂഫി വീക്ഷണം
സാധാരണ തലത്തിലുള്ള ശരി തെറ്റുകളുടെ വിവേചനത്തെയും എല്ലാറ്റിനേയും ഒന്നായിക്കാണുന്ന സൂഫി വീക്ഷണം ബഷീര്‍ കൃതികളിലുടനീളം നമുക്ക് കാണാം. തെറ്റിനും ശരിക്കുമൊന്നും ഇവിടെ വലിയ കഥയില്ല. കള്ളന്മാരും വേശ്യകളും വിഡ്ഢികളും പോക്കറ്റടിക്കാരുമെല്ലാം സ്‌നേഹത്തിന് പാത്രമായി തീരുന്നു. എല്ലാം നന്മയുടെ കണ്ണ് കൊണ്ട് നോക്കി കാണുന്ന ഒരു സൂഫി ദര്‍ശനം ‘ശബ്ദങ്ങൾ’, ‘മനുഷ്യന്‍’ തുടങ്ങിയ കഥകളില്‍ കാണാം. പൊതുവെ സമൂഹത്തില്‍ വില്ലന്മാരെന്നും, ശത്രുക്കളെന്നും തെമ്മാടികളെന്നും കരുതപ്പെടുന്നവരെ ബഷീര്‍ കൃതികളില്‍ നന്മയുടെ പ്രതീകങ്ങളായി കൊണ്ട് വരുന്നു. ഈ ഒരു സ്വഭാവ രീതിയാണ് സൂഫികള്‍ക്കും ഉള്ളത്. സൂഫികള്‍ക്ക് വില്ലന്മാരെ പരിചയമില്ല. എല്ലാം നന്മയുടെ കണ്ണുകള്‍ കൊണ്ട് വീക്ഷിക്കുന്നു.
ആണ്‍ വേശ്യകളെയും, സ്വവർഗരതിക്കാരെയും കേന്ദ്രപ്രമേയമാക്കി ബഷീര്‍ എഴുതിയ നോവലാണ് ‘ശബ്ദങ്ങള്‍’. പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചപ്പോള്‍ വിഷയ പ്രമേയത്തിനെതിരെ ശബ്ദമുയര്‍ത്തി കൊണ്ട് മുഖ്യധാര ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. സമൂഹത്തില്‍ അവഗണിക്കപ്പെടുകയും ചെയ്ത ഒരു വിഭാഗത്തിന്റെ യഥാര്‍ത്ഥ അവകാശങ്ങളും അനുഭവങ്ങളും ക്രിയാത്മകമായി അല്ലെങ്കില്‍ ഒരു സൂഫി നര്‍മബോധത്തോടെ അവതരിപ്പിക്കുകയായിരുന്നു ‘ശബ്ദങ്ങള്‍’ എന്ന കൃതി.
ഫലിതം കൊണ്ട് ജീവിതത്തെ നേരിടുവാന്‍ പഠിപ്പിക്കുന്ന സൂഫി ഗുരു മുല്ലാ നസറുദ്ദീനെ പോലെ ഏത് ദുരവസ്ഥയുടെയും മറ്റൊരു മാനം തെളിയിച്ചു കൊണ്ട് ജീവിതത്തിലെ അസംബന്ധതയിലേക്ക് ബഷീര്‍ കൃതികള്‍ വെളിച്ചം വീശുന്നു. നാട്ടിലെ വെള്ളപ്പൊക്കത്തില്‍ വിഷമേറിയ ഒരു കരിന്തേളിനെ തങ്ങളോടൊപ്പം രക്ഷപ്പെടുത്തിയ ശേഷം ബഷീറിന്റെ ബാപ്പ പറയുന്ന ഒരു വാചകമുണ്ട്. ‘നന്മ ചെയ്യുമ്പോള്‍ കരടില്ലാത്ത നന്മയായിരിക്കണം’ ഈ ഒരു നര്‍മചിത്രമാണ് ബഷീര്‍ കൃതികളില്‍ അന്തര്‍ലീനമായി കിടക്കുന്നത്.
മതിലുകള്‍ക്കിടിയിലെ സൂഫി ദര്‍ശനം
ബഷീറിന്റെ കൃതികളില്‍ ഏറ്റവും ജനപ്രിയ കൃതിയായി മതിലുകളിലും സൂഫി ദര്‍ശനം നമുക്ക് കണ്ടെത്താം. ജയിലില്‍ എത്തുന്ന ഒരു തടവ് പുള്ളിയും ഒരു മതിലിന്റെ അകലത്തില്‍ മറ്റൊരു ജയിലില്‍ കഴിയുന്ന തടവ് പുള്ളിയായ സ്ത്രീയും തമ്മിലുള്ള പ്രണയമാണ് കഥയുടെ ഇതിവൃത്തം. അവര്‍ രണ്ട് പേരും പരസ്പരം കാണുന്നില്ല. എങ്കിലും അവര്‍ പരസ്പരം പ്രണയിക്കുന്നു.ശേഷം പ്രണയത്തിന്റെ അമൂര്‍ത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുന്ന രണ്ട് ഇണകളായി മാറുന്നു. ഞാനും നീയുമെന്നതില്‍ നിന്ന് ഒന്നാകുന്ന അവസ്ഥ. കാണാതെ തന്നെ മുഖവും ഭംഗിയും ശരീരത്തിന്റെ ഓരോ ഭാഗവും പ്രണയിനികള്‍ പരസ്പരം അറിയുന്നു. സൃഷ്ടാവിനെ കാണുന്നില്ലെങ്കിലും സൃഷ്ടാവ് തന്നെ കാണുന്നുണ്ടെന്ന ബോധ്യത്തിൽ സ്നേഹിക്കുകയും ശേഷം അദമ്യമായ സ്‌നേഹത്താല്‍ സൃഷ്ടാവിന്റെ കണ്ണും കയ്യും കാതുമെല്ലാം അനുഭവിക്കുന്ന സൂഫിയുടെ പ്രണയത്തിൻ്റെ അമൂർത്താവസ്ഥയിലേക്ക് ഈ കഥ വിരൽ ചൂണ്ടുന്നു. ഒടുവില്‍ ആഷിഖ് ( പ്രണിയിതാവ് ) സൃഷ്ടാവില്‍ ലയിച്ചില്ലാതാകും പോലെ ഇതിലെ കഥാപാത്രവും ആയിത്തീരുന്നു.
അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം
ഏത് പ്രതിസന്ധി ഘട്ടങ്ങലും പ്രയാസ ഘട്ടങ്ങളിലും ദൈവത്തിലേക്ക് കാര്യങ്ങളെല്ലാം ഏല്‍പിച്ച് കൊണ്ട് ശരണം പ്രാപിക്കുന്ന സ്വഭാവം സൂഫികളില്‍ പ്രകടമായി കാണാം. ഈ ഒരു സൂഫിസ്വഭാവം ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളിലൂടെ തെളിഞ്ഞു കാണാം. ഭൂമിയുടെ അവകാശകളില്‍ ഇങ്ങനെ കാണാം.
അപ്പുറത്തും ഇപ്പുറത്തും ഭിത്തികളോട് ചേര്‍ന്ന് ഉയര്‍ന്ന തിണ്ണ. ഈ തിണ്ണകള്‍ ഈശ്വര പ്രാര്‍ത്ഥനയ്ക്കു വേണ്ടി പണ്ടാരോ നിര്‍മിച്ചതാണ്. ‘പ്രാര്‍ത്ഥന പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ.. രക്ഷിക്കണേ..’ മാത്രമല്ല ദൈവത്തിലുള്ള ഒരൂ സൂഫിയുടെ അടങ്ങാത്ത പ്രതീക്ഷയും ഈ കൃതിയില്‍ നമുക്ക് കാണാം.
‘ദൈവം നമുക്ക് പൊറുത്ത് തരും. കാരുണ്യവാനാല്ലേ ദൈവം’
ഇത് പോലെ എല്ലാ കൃതികളിലും അവസാനം ഇടക്കിടക്ക് ദൈവത്തെ സ്മരിക്കുന്നതും വിളിക്കുന്നതുമായ രംഗങ്ങള്‍ ഉണ്ട്.
അധിക കഥകളുടെയും അവസാനം ദൈവത്തിലേക്ക് മടങ്ങുന്ന രംഗമായിരുന്നു ബഷീര്‍ കൊണ്ട് വന്നത്. ചെയ്ത പാപങ്ങള്‍ ഓര്‍ത്ത് ഖേദിച്ച് ദൈവത്തില്‍ ശരണം പ്രാപിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബ്ദങ്ങള്‍ ഇതിനുള്ള മകുടോദാഹരണമാണ്. ചുരുക്കത്തില്‍ അനന്തമായ പ്രാത്ഥനയാകുന്നു ജീവിതമെന്ന മഹത്തായ സൂഫി ദര്‍ശനമായിരുന്നു ബഷീര്‍ കൃതികള്‍ ലോകത്തിന് സമ്മാനിച്ചത്.
എവിടെയുമുണ്ടല്ലോ ; തൊട്ടടുത്തും. കാണാന്‍ പറ്റുമോ ? പുറ്റുകയില്ല. പ്രപഞ്ചങ്ങളുടെ എല്ലാം.. ചൈതന്യമാകുന്നു.. വെളിച്ചമാകുന്നു.. സനാതനസത്യമാകുന്നു.. അല്ലാഹ് (യാ ഇലാഹ്)
പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ..രക്ഷിക്കണേ..
(ഭൂമിയുടെ അവകാശികള്‍).
സൂഫി ദര്‍ശനങ്ങളുടെ കലവറയായിരുന്നു ബഷീര്‍ കൃതികളെന്നതിന്റെ ചില ഉദാഹരണങ്ങളും തെളിവുകളുമാണ് ഇതുവരെയും വിശദീകരിച്ചത്. ബഷീര്‍ കൃതികളിലൂടെ സൂക്ഷ്മ വായന നടത്തിയാല്‍ ഇനിയും ധാരാളം സൂഫി ദര്‍ശനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. സൂഫിസം രുചിച്ചറിയാത്തവന് അത് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ജലാലുദ്ധീന്‍ റൂമി പറയുന്നുണ്ട്. അതിനാല്‍ ബഷീര്‍ സൂഫിയാണോ അല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാല്‍ പ്രകടമായി കാണുന്ന അദ്ദേഹത്തിന്റെ കൃതികളിലെ സൂഫി ദര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ നിഷേധിക്കാനോ കഴിയുകയില്ല.