തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ തമിഴ്നാട്ടിലെ ജനങ്ങൾ മതേതര പുരോഗമന സഖ്യത്തിന് വോട്ട് ചെയ്തു. ഈ സന്ദർഭത്തിൽ ബ്രാഹ്മണിക് മാധ്യമങ്ങൾ ഒഴിവാക്കിയ ഒരു നേതാവിലേക്ക് തിരിഞ്ഞുനോക്കൽ അനിവാര്യമാണ്. രണ്ട് സംവരണ സീറ്റുകൾക്ക് പുറമെ രണ്ട് ജനറൽ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പെരിയാറിന്റെ മണ്ണിലെ ജനങ്ങൾ ഈ തമിഴ് നാഷണലിസ്റ്റ് നേതാവിന്റെ കൂടെയാണെന്ന സന്ദേശം ‘സനാഥകർക്ക്’ വ്യക്തമായി കൈമാറി. തോൾ തിരുമാവളവൻ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു. വിടുതലൈ ചിരുതൈഗൾ കച്ചി (വികെസി)യുടെ 6 ൽ 4 സീറ്റുകളിലെ വിജയം ബ്രാഹ്മണിക് ശക്തിയായ ‘തോഴറി’നെതിരെയുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. തോൾ തിരുമാവളവനെ ജാതി നേതാവായി ചിത്രീകരിച്ചോ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ നേതാവായി പരിമിതപ്പെടുത്തിയോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല.

തിരുമാവളവനും അദ്ദേഹത്തിന്റെ കേഡറുകളും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയമാണിതെന്ന് തന്നെ പറയാം. ഒരു രാത്രി കൊണ്ടുണ്ടായ വിജയമല്ലിത്. മറിച്ച്, കഴിഞ്ഞ കുറേ വർഷങ്ങളായും പതിറ്റാണ്ടുകളായുമുള്ള കഠിന പോരാട്ടങ്ങളുടെ ഫലമാണ്.

ഒന്നാമതായി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് കുറച്ചു മാസങ്ങൾക്ക് മുമ്പ് മനുസ്മൃതിയെക്കുറിച്ചുള്ള
അദ്ദേഹത്തിൻ്റെ പഴയ പ്രസംഗത്തിൻ്റെ വീഡിയോ ‘ഹിന്ദു’ സ്ത്രീകളുടെ പാതിവ്രത്യത്തെ നിന്ദിക്കുന്നുവെന്ന പേരിൽ പ്രചരിക്കപ്പെട്ടു . ഡിഎംകെയെയും സഖ്യത്തെയും ഹിന്ദു വിരുദ്ധരായിട്ട് ചിത്രീകരിക്കുന്നതിനും ദുർബലപ്പെടുത്താനുമുള്ള ഹിന്ദുത്വ ശക്തി നടത്തിയ ശ്രമമായിരുന്നുവത്. സംസ്ഥാനത്തെ ധാരാളം ബിജെപി അനുയായികളും ഹിന്ദുത്വ നേതാക്കളും തോൾ തിരുമാവളവനെതിരെ രംഗത്ത് വന്നു. ക്ലേശകരമായ ഈ സാഹചര്യത്തിനിടയിലും സ്വയം പ്രതിരോധിക്കുന്നതിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വഴങ്ങുന്നതിനും പകരം ബ്രാഹ്മണിക ശക്തിയെ വെല്ലുവിളിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. സംസ്‌ഥാനത്തെ ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം നയിക്കുന്നതിലൂടെ ഡോ. അംബേദ്കറുടെയും പെരിയാറിന്റെയും ശിഷ്യനാകാൻ അദ്ദേഹം തീരുമാനിച്ചു. മനുസ്മൃതി എന്തുകൊണ്ട് സ്‌ത്രീ വിരുദ്ധമാണെന്നും എന്തുകൊണ്ട് അത് ജാതീയമാണെന്നും വ്യക്തമായി വിശദീകരിക്കുകയും എന്തുകൊണ്ട് അത് നിരോധിക്കപ്പെടണം എന്ന് വാദിക്കുകയും ചെയ്തു.

രണ്ടാമതായി, ഡിഎംകെ അനുവദിച്ച ആറു സീറ്റുകളിലും സ്വതന്ത്രമായ ചിഹ്നം തെരെഞ്ഞെടുക്കാനുള്ള തീരുമാനം. അദ്ദേഹത്തിന്റെ പാർട്ടി, അംഗീകാരത്തിനും അവരുടേതായ സ്വത്വ രൂപീകരണത്തിനും ക്ലേശകരമായ പാതയാണ് സ്വീകരിച്ചത്. ഡിഎംകെയുടെ ചിഹ്നത്തിൽ മത്സരിക്കുന്നത് ഒരുപക്ഷേ എളുപ്പമായിരിക്കാം. കാരണം, ഉദയ സൂര്യൻ ചിഹ്നം തമിഴ്നാട് സംസ്ഥാനത്ത് സ്ഥാപിതമായ/അംഗീകൃത ചിഹ്നമാണ്. എന്നാൽ വികെസിക്ക് വേണ്ടി ഒരു സ്വതന്ത്ര ചിഹ്നം തെരെഞ്ഞെടുക്കുന്നതിലൂടെ തെരെഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെയാണ് പ്രകടമാക്കുന്നത്. ഇത് വളരെയേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം സ്വതന്ത്ര ചിഹ്നമായ ‘കുടം’ തെരെഞ്ഞെടുപ്പിന് 14 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് അനുവദിച്ചു കിട്ടിയത്. പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ആ ചിഹ്നം ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെയും ജനകീയമാകുന്നതിലൂടെയും അവർ ആ വെല്ലുവിളി മറികടന്നു.

മൂന്നാമതായി, തങ്ങളുമായി സഖ്യത്തിലുള്ള കൂടുതൽ പേർക്കും പരാമവാധി 6 സീറ്റുകൾ മാത്രമെന്ന പരിധി ഡിഎംകെ നിശ്ചയിച്ചിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. എന്നാൽ ഇത് പര്യാപ്തമല്ലെന്ന് മനസിലാക്കി വികെസിയുടെ കേഡറുകൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.കമൽ ഹാസന്റെ മക്കൾ നീതി മൈയം പോലെയുള്ള മൂന്നാം മുന്നണികൾ വികെസിയെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

മതേതര സഖ്യത്തിൻ്റെ കൂടെ ശക്തമായി നിലനിന്ന തോൾ തിരുമാവളവൻ സീറ്റുകളെക്കാൾ പ്രധാനം ഫാഷിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടമാണെന്ന് തന്റെ കേഡറുകളെ ബോധിപ്പിച്ചു. ഫാഷിസത്തിനെതിരെയുള്ള കൂട്ടായ്മകളെ ഏകോപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഇത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവായി അദ്ദേഹത്തെ ഉയർത്തുന്നു.

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ഐക്യദാർഢ്യങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ വ്യത്യസ്ത സമുദായങ്ങളെ ഒരുമിച്ച് കൂട്ടുന്നതിൽ തോൾ തിരുമാവളവൻ എന്ന നേതാവിന്റെ പങ്ക് പ്രധാനമാണ്. ന്യൂനപക്ഷങ്ങളോട് തിരുമാവളവൻ എന്നും തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ അദ്ദേഹം മുസ്‌ലിം സമുദായത്തോട് ഐക്യദാർഢ്യപ്പെടുക മാത്രമല്ല ചെയ്‌തത്. തമിഴ്‌നാട് മുഴുവനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും പൗരത്വ ഭേദഗതി നിയമത്തെ മുസ്‌ലിം വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും വ്യാഖ്യാനിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തെ (സി‌എ‌എ) തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമായികണ്ട് എതിർക്കാൻ ഇന്ത്യയിലുടനീളമുള്ള അംബേദ്കറൈറ്റ് പാർട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. മനുസ്മൃതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹത്തിനും കേഡറുകൾക്കും ബ്രാഹ്മണിക് ശക്തികളിൽ നിന്ന് അക്രമ ഭീഷണികൾ ലഭിച്ചിരുന്നത് ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. ദ്രാവിഡ പ്രത്യയശാസ്ത്രത്തോടൊപ്പം നിൽക്കുന്ന നേതാക്കൾ ‘സനാതനർ’ക്കെതിരെയുള്ള തോൾ തിരുമാവളവന്റെ പോരാട്ടത്തിന് പിന്തുണ നൽകി. ഇവിടെ മനസിലാക്കേണ്ട അടിസ്ഥാനപരവും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ദ്രാവിഡിയൻ രാഷ്ട്രീയവും സാമൂഹ്യനീതി നയങ്ങളും കാരണം തമിഴ്നാട് പുരോഗമന മണ്ണ് ആണെങ്കിലും തമിഴ്‌നാട് സമൂഹം ഇപ്പോഴും ജാതിയിലും പിന്തിരിപ്പൻ ആശയങ്ങളാലും വിഭജിക്കപ്പെട്ടിരിക്കുന്നു

പട്ടാളി മക്കൾ കച്ചി (പിഎംകെ)യുടെ വിദ്വേഷ രാഷ്ട്രീയം തമിഴ്‌നാടിന്റെ വടക്ക് ഭാഗങ്ങളിൽ ദലിതർക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ട് വണ്ണിയാർ സമുദായത്തിലെ യുവാക്കളെ വഞ്ചിക്കുന്നത് കുപ്രസിദ്ധമായ സംഗതിയാണ്. 2012 ൽ ധർമപുരിയിൽ ദലിതർക്കെതിരെ നടന്ന പീഡനങ്ങൾ ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ സാമൂഹ്യനീതിക്ക് വണ്ടി നിലകൊള്ളുന്ന പാർട്ടികൾക്കും ശക്തികൾക്കുമിടയിലെ ഐക്യദാർഢ്യങ്ങൾ ഡോ. അംബേദ്കറുടെയും പെരിയാറിന്റെയും പ്രത്യയശാസ്ത്രങ്ങൾ ഉയർത്തിപ്പിടിക്കാൻ അത്യാവശ്യമാണ്. അതിലൊന്നാണ് വികെസിക്കും അതിന്റെ നേതാവിനുമുള്ള തോഴർ വേൽമുരുകന്റെ പിന്തുണ. വികെസിക്കുള്ള തോഴർ വേൽമുരുകന്റെ പിന്തുണ ഈ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. അദ്ദേഹം വണ്ണിയാർ സമുദായത്തിൽ നിന്നുള്ള വ്യക്തിയും പിഎംകെയുടെ മുൻ നേതാവുമായിരുന്നു. പിഎംകെയിൽ നിന്ന് രാജിവെച്ച് അദ്ദേഹം തമിഴക വാഴ്വുരിമൈ കച്ചി (TVK) എന്ന പേരിൽ തമിഴ് ദേശീയതാ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി സ്വന്തമായി പാർട്ടി രൂപീകരിച്ചു. അദ്ദേഹത്തിന്റെയും പ്രവർത്തകരുടെയും ഈ പിന്തുണ തെരഞ്ഞെടുപ്പ് പ്രചരണതിനിടയിൽ തോഴർ വേൽമുരുഗനും തോൾ തിരുമാവളവനും പരസ്പരം വേദി പങ്കിടുന്നതിലും പ്രചാരണം നടത്തുന്നതിലും കാണാൻ സാധിച്ചു. പാൻരുതി മണ്ഡലത്തിലെ തോഴർ വേൽമുരുഗന്റെ വിജയം ദലിത് ബഹുജൻ ഐക്യത്തിന്റെയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ നിർമിക്കപ്പെട്ട അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന്റെ വിജയമായും ആഘോഷിക്കപ്പെടണം.

തമിഴ്നാട് സംസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ട വിവിധ സ്വത്വങ്ങൾക്കിടയിൽ ഐക്യത്തിന് രൂപം നൽകാൻ സാധിച്ചത് തോൾ തിരുമാവളവന്റെ വിജയമാണ്. അതിനാൽ ബ്രാഹ്‌മണിക് ശക്തികൾക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിൽ നിന്ന് മതേതര സമൂഹത്തിന് പഠിക്കാൻ കഴിയുന്ന ഒരു ചട്ടക്കൂട് തോഴർ തിരുമാവളവൻ മുന്നോട്ട് വെച്ചു.

Courtesy: Gauri Lankesh News

വിവ: മുഷ്താഖ് ഫസൽ

By പ്രഭാകരൻ എ. കെ

Studied Masters in Public Policy and Governance at Tata Institute of Social Sciences, Hyderabad