ആരാണ് തീവ്രവാദി? ടെററിസത്തിന് ഒരു മുഖവുര

9/11 ആക്രമണത്തിന് ശേഷം ജോർജ് ഡബ്ല്യു ബുഷ് 2001 സെപ്റ്റംബർ 16ന് നടത്തിയ ‘War on Terror’ പ്രസ്താവനയുടെ നിഗൂഢ നയം പിന്നീട് അമേരിക്ക നേതൃത്വം നൽകിയ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്നും സുവ്യക്തമാണ്. ഇസ്റാഈൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീതിതമായ ഭീകരാക്രമണത്തെ കണ്ടില്ലെന്ന് നടിച്ച് തുറന്ന പിന്തുണ നൽകിക്കൊണ്ടിരുന്ന പല രാഷ്ട്രങ്ങളും ഫലസ്തീനികൾ നടത്തുന്ന പ്രതിരോധ മുന്നേറ്റങ്ങളെ ടെററിസമെന്ന് (Terrorism) വിളിക്കാൻ മറക്കുന്നില്ല എന്ന വസ്തുത അപലപനീയമാണ്. ഭീകരവാദം ചർച്ച ചെയ്യാനും മൂല്യനിർണയം നടത്താനുമുള്ള അവകാശം ചിലർ മാത്രം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരാണ് ടെററിസ്റ്റ്, ടെററിസ്റ്റുകളെ നിർവചിക്കാനുള്ള അവകാശം ആർക്കാണ് എന്നീ സുപ്രധാന ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒരാളുടെ കാഴ്ചയിലെ ടെററിസ്റ്റ് മറ്റുള്ളവരുടെ സ്വാതന്ത്രസമര പോരാളി ആവാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് ടെററിസത്തെ നിർവചിക്കുന്നത് എന്ന സാർവലൗകിക സിദ്ധാന്തത്തെ മുന്നോട്ടുവെക്കുന്നുണ്ട്. ആയതിനാൽ ഭീകരവാദത്തിന്റെ നിർവ്വചനത്തെ സംബന്ധിച്ചുള്ള ഒരു ചരിത്ര വിശകലനം സുപ്രധാനമാണ്.

യു.കെ. യിലെ ഭീകരവാദ പ്രതിരോധ മന്ത്രാലയത്തിലെ മുഖ്യകാര്യദർശിയായിരുന്ന ഡാവിഡ് ആൻഡേഴ്സൺ ഭീകരവാദത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ഒന്ന് അവലോകനം ചെയ്യാം. ‘ടെററിസം സവിശേഷമായ കുറ്റകൃത്യമാണെന്ന് അധിക രാജ്യത്തെയും രാഷ്ട്രീയപാർട്ടികൾ അവരുടെ സമൂഹത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്’. അവർ ഭീകരവാദികളെ  മനോരോഗികളായാണ് പരിഗണിക്കുന്നത്. അവരെ പരിഷ്കൃത സമൂഹത്തിന്റെ പരിധിക്കപ്പുറത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ ചർച്ചകൾക്കും ഒത്തുതീർപ്പുകളും വിലങ്ങിടുന്നു. പക്ഷേ ഇത് ഒരു തരത്തിലുള്ള മണ്ടത്തരമാണ്. പ്രതിരോധത്തിന്റെയും സുരക്ഷയുടെയും പേരിൽ സമ്പാദിക്കുന്നതും വോട്ട് പെട്ടിയിലാക്കുന്നതും രാഷ്ട്രീയക്കാരാണ്.

ടെററിസത്തിൻറെ നിർവചനത്തെ സംബന്ധിച്ച് പല സംവാദങ്ങളും നിലവിലുണ്ട്. പല പരമാധികാരികളും രാഷ്ട്രീയ പ്രതിയോഗികൾക്കാണ് ഈ പദം ഉപയോഗിച്ചത്. സൗദി അറേബ്യ, ഈജിപ്ത് പോലുള്ള ഗൾഫ് സ്റ്റേറ്റുകൾ സമാധാനപരമായി ജനാധിപത്യ മാറ്റങ്ങൾക്കു വേണ്ടി വാദിക്കുന്നവരെയാണ് ടെററിസ്റ്റ് എന്ന് മുദ്ര കുത്തിയത്. എന്നാൽ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ആക്രമണകാരികളെ മാത്രമല്ല സ്റ്റേറ്റിലെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിത ശൈലിയെ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനവും തീവ്രവാദമാണ്.

ഫ്രഞ്ച് വിപ്ലവാനന്തരമാണ് ടെററിസം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. 1793 ൽ ബോർബൺ സാമ്രാജ്യത്തിൻ്റെ തകർച്ചയോടെ ഫ്രഞ്ച് റിപ്പബ്ലിക് റോബസ്പിയയുടെ കരങ്ങളിലായി. അദ്ദേഹം തൻറെ രാഷ്ട്രീയ പ്രതിയോഗികളെ വിചാരണകൂടാതെ തൂക്കിലേറ്റാൻ സൗകര്യപ്പെടുത്തുന്ന പുതിയ നിയമം നടപ്പിൽ വരുത്തുകയും അതിനെ ‘ടെറർ’ എന്ന് പേരിട്ടു വിളിക്കുകയും ചെയ്തു. പിന്നീട് Proper Noun എന്ന നിലക്ക് ‘T’ക്യാപിറ്റൽ ആക്കി ഗവൺമെൻറ് നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ സൂചിപ്പിക്കാനാണ് അത് ഉപയോഗിച്ചത്.

‘അധികാരത്തിലുള്ള പാർട്ടി നിർദ്ദേശിച്ചതും നടപ്പിലാക്കുന്നതുമായ ഭയാനകമായ സംഘടിത പ്രവർത്തനം’ എന്നാണ് ഓക്സ്ഫോർഡ് ഡിക്ഷ്ണറി ടെററിസത്തിന് നൽകിയിരുന്ന നിർവചനം. ആ നിർവചനം ഇപ്പോഴും നിലനിന്നിരുന്നെങ്കിൽ ഇന്ന് ലോകത്തിലുള്ള മിക്ക സർക്കാറുകളും ഭീകരവാദികൾ ആകുമായിരുന്നു. ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗത്തിൽ വരുന്നത്. റഷ്യയിലെ സാർ ഭരണകൂടം പോലുള്ള ഏകാധിപതികൾക്കെതിരെയുള്ള ആക്രമണങ്ങളെയാണ് അന്ന് ടെററിസം അർത്ഥമാക്കിയിരുന്നത്.

1914 ന് പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വീണ്ടും അതിൻറെ ഉപയോഗം മാറി. ഫാസിസ്റ്റ്- നാസിസ്റ്റ് ഗവൺമെൻറുകൾ നടത്തിക്കൊണ്ടിരുന്ന പട്ടാള നരനായാട്ടായിരുന്നു ടെററിസം. പിന്നീട് 1960-1970 കളിലാണ് ഈ വാക്ക് തിരിച്ചുവരുന്നത്. അപ്പോൾ അത് ETA, PLO, IRA പോലോത്ത ദേശീയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കിടക്കുന്നതായിരുന്നു. അവ പലതും വിമോചന പ്രസ്ഥാനങ്ങൾ ആയിരുന്നെങ്കിലും സ്റ്റേറ്റിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. യുകെയിൽ നിന്ന് അവർക്ക് പ്രത്യേക ഭൂമി കൈമാറ്റം ചെയ്യണമെന്നായിരുന്നു IRA യുടെ ഡിമാൻഡ്. അവരുടെ സംഘടിത പ്രവർത്തനങ്ങൾ ബ്രിട്ടണിലെ പല സിവിലിയൻസിൻറെയും  മരണത്തിന് കാരണമായെങ്കിലും ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും ബ്രിട്ടീഷ് ഗവൺമെൻറിൻറെ വാതിലുകൾ അവർക്കുമുന്നിൽ തുറന്നു വച്ചിരുന്നു.

ചില പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ആഭ്യന്തര ശത്രുക്കൾക്കെതിരെ നയിക്കുന്ന ആക്രമണത്തെയാണ് ഇത് കുറിക്കുന്നതെങ്കിൽ റഷ്യൻ ജനതക്കുനേരെ സ്റ്റാലിൻ നടത്തിയ അതിക്രമങ്ങളും മാവോയുടെ പീഡനങ്ങളും ഹിറ്റ്ലറിൻറെ സൈന്യം യൂറോപ്പിലെ പൌരസമൂഹത്തിനു നേരെ നടത്തിയ ക്രൂരതകളും ഈ നിർവഹിച്ചതോട് യോജിക്കുന്നതാണ്.  പക്ഷേ അവരൊന്നും ടെററിസ്റ്റുകളായി ചരിത്ര ഗ്രന്ഥങ്ങളിൽ ചിത്രീകരിക്കപെട്ടിട്ടില്ല എന്ന സത്യം ടെററിസത്തിന് പിന്നിലുള്ള നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഉയർത്തി കാണിക്കുന്നുണ്ട്.

യുക്ത്യാധിഷ്ഠിത കാഴ്ചപ്പാട്

മുമ്പ് പരാമർശ വിധേയനായ ഡാവിഡ് ആൻഡേഴ്സൺ 2011 ഫെബ്രുവരിയിലാണ് തീവ്രവാദ നിയമ നിർമ്മാണത്തിൻറെ സ്വതന്ത്ര അവലോകകനായി നിയമിതനാകുന്നത്. ഒരു അഭിഭാഷകനായിരുന്ന അദ്ദേഹത്തിന് പ്രത്യേക രാഷ്ട്രീയ താൽപര്യമോ ഈ രംഗത്തുള്ള മുൻപരിചയമോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തീവ്രവാദ അവലോകകൻറെ ജോലി അദ്ദേഹം പുനർനിർവഹിച്ചു. തുറന്ന മനസ്സും സത്യസന്ധമായ അന്വേഷണവുമായി ഇറങ്ങിപ്പുറപ്പെട്ട ഈ യാത്രയിൽ ആൻഡേഴ്സൻ രഹസ്യ ഏജൻസികൾക്ക് പുറമേ സാധാരണ ജനങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അനുഭവങ്ങളും കണക്കിലെടുത്തു. ഇതിനിടയിലാണ് ഭീകരത എന്ന വാക്ക് ഒരു തടസ്സമാണോ എന്ന് അദ്ദേഹം ചിന്തിക്കുന്നത്.

വാസ്തവത്തിൽ രാഷ്ട്രീയ നേതാക്കൾ, പ്രോസിക്യൂട്ടർമാർ, പത്രപ്രവർത്തകർ, അഭിഭാഷകർ, എന്നിവരുടെ കരിയർ മെച്ചപ്പെടുത്താനുള്ള അമൂല്യ ഘടകമാണ് തീവ്രവാദം. സൈനികർ, രഹസ്യാന്വേഷണ ഏജൻസികൾ, പ്രസാധകർ, ഫിലിം സ്റ്റുഡിയോകൾ എന്നിവരുടെ ലാഭം വർധിപ്പിക്കുന്നതിനും ടെററിസം കാരണമായിട്ടുണ്ട്.

9/11 ആക്രമണത്തിൽ അമേരിക്കയിലെ 2800 പേർ മരിച്ചു എന്നത് ഖേദകരമായ വസ്തുതയാണ്. എന്നിരുന്നാലും അതിനുശേഷം 180000 അമേരിക്കക്കാർ തീവ്രവാദികൾ മുഖേന അല്ലാതെ കൊല്ലപ്പെട്ടിട്ടുണ്ടങ്കിലും അവർക്കെതിരെ അമേരിക്ക ഒരു യുദ്ധവും പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രസ്താവനയിലൂടെ ഒരേയൊരു ഭീകരവാദം ഇസ്‌ലാമാണെന്ന തെറ്റിദ്ധാരണയെ അദ്ദേഹം വെല്ലുവിളിച്ചു.

ഇൻറർനാഷണൽ നെറ്റ്‌വർക്കിനാൽ രൂപംകൊണ്ട ആദ്യത്തെ ടെററിസ്റ്റ് ഗ്രൂപ്പ് അൽഖായിദ ആണെന്ന വാദത്തെ അദ്ദേഹം വിമർശിക്കുന്നുണ്ട്. 1880-കളിൽ ലണ്ടനിലുണ്ടായ ഫെനിയൻ ബോബിങ് ക്യാമ്പയിനുകൾ ന്യൂയോർക്കിലെ വിദേശ പരിശീലന ക്യാമ്പുകളെ ആശ്രയിച്ചായിരുന്നു എന്ന കണ്ടെത്തൽ ഇതിനെ ദൃഢീകരിക്കുന്നുണ്ട്. മാത്രമല്ല ചാവേർ ബോംബാക്രമണം ലോകത്ത് പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം സ്ഥാപിച്ചു. 1881 ൽ റഷ്യയിലെ അലക്സാണ്ടർ രണ്ടാമനും, സർഫുകളെ മോചിപ്പിച്ച സാർ ഭരണകൂടവും ഉൾപ്പെടെ നിരവധി ലോക നേതാക്കൾക്ക് ഈ യുദ്ധതന്ത്രം പരിചിതമായിരുന്നു. ഇരുപതാംനൂറ്റാണ്ടിൻറെ അവസാനത്തിൽ ശ്രീലങ്കയിലെ തമിഴ് പുലികളും ചാവേറാക്രമണം വളരെയധികം പരിശീലിച്ചിരുന്നു.

അൽ ഖാഇദ പൊതുജനങ്ങളുടെ നാശനഷ്ടങ്ങൾക്ക് ലക്ഷ്യമിട്ട ആദ്യ വിഭാഗമല്ലെന്ന് 1985-ലെ എയർഇന്ത്യ ബോംബ് ആക്രമണവും 1988-ലെ ലോക്കർബീ ബോംബാക്രമണവും  മുൻനിർത്തി അദ്ദേഹം തെളിയിക്കുന്നുണ്ട്. ഒരു തീവ്രവാദ നിരൂപകൻ എന്ന നിലയിൽ സാമൂഹിക പ്രതിഷേധം അടിച്ചമർത്താൻ ഭീകരതയുടെ ഭീഷണി ഉപയോഗിക്കുന്നതിൻ്റെ അപകടത്തെ നിരന്തരം ഉയർത്തിക്കാട്ടി.  ഭീകരതയിൽ നിന്നും വളരെ വിദൂരം പാലിക്കുന്ന ജനങ്ങളെ അക്രമാസക്തമായ കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെതന്നെ അവരുടെ  മതം കാരണം ആരോപിതരാവാനും അന്വേഷണ വിധേയരാവാനുമുള്ള അന്തരീക്ഷം നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ഖേദകരമാണ്.

ടെററിസമാണോ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി?

2001 സെപ്റ്റംബർ 11 ന് അൽഖായിദ അമേരിക്കയെ ആക്രമിച്ചത് മുതലാണ് പാശ്ചാത്യ ബുദ്ധിജീവികൾ ഈ കാലത്തെ വളരെ അപകടകരമായ പ്രശ്നമായി ടെററിസത്തെ പരിചയപ്പെടുത്തുന്നത്. സോ കോൾഡ് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ഭീകരാക്രമണത്തെക്കാൾ വെള്ള വംശീയതയും മേധാവിത്വവും നിലവിൽ അമേരിക്കൻ പൗരൻമാർക്ക് ഭീഷണിയാണെന്ന വസ്തുത സമീപകാലത്തെ നിരവധി അക്കാദമിക പഠനങ്ങൾ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. എങ്കിലും അതിനെ ഒരു ഭയാനകരമായ പ്രശ്നമാക്കി കാണാൻ അമേരിക്ക തയ്യാറായിട്ടില്ലെന്ന് നിലവിലെ രാഷ്ട്രീയ സമീപനങ്ങളും അതിൻറെ ഒടുവിലത്തെ ഉദാഹരണമായ ജോർജ് ഫ്ലോയ്ഡിൻറെ നിഷ്ഠൂര മരണവും സൂചിപ്പിക്കുന്നുണ്ട്.

‘സെക്യൂരിറ്റി തിങ്ക് താങ്ക് ന്യൂ അമേരിക്ക’ നടപ്പിലാക്കിയ ഗവേഷണത്തിൽ 2001നും 2015 നും ഇടയിൽ സോ കോൾഡ് ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾ മുഖേന കൊല്ലപ്പെട്ട അമേരിക്കക്കാരേക്കാൾ കൂടുതൽ ആളുകൾ ആഭ്യന്തര വലതുപക്ഷ തീവ്രവാദികളാലാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് തെളിവോടെ സമർപ്പിച്ചിട്ടുണ്ട്. പക്ഷേ ഇതിന് തീവ്രവാദമെന്ന പരികല്പന പോലും നൽകാൻ അവിടത്തെ രാഷ്ട്രീയ നേതാക്കളോ നിയമസംവിധാനമോ തയ്യാറായിട്ടില്ല. അതിനുപുറമെ, പുരുഷ-വെള്ള മേധാവിത്വ വാദികൾ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ നിയന്ത്രണം നഷ്ടപ്പെടുക, മാനസിക പ്രശ്നം എന്നീ കാരണങ്ങൾ നൽകിയാണ് അവസാനിപ്പിക്കുന്നത്. ഇതിലൂടെ അവരുടെ രാഷ്ട്രീയ പ്രചോദനവും തീവ്രവാദ ഉദ്ദേശവും മനപൂർവ്വം അവഗണിക്കുകയാണ് ചെയ്യുന്നത്.

By സ്വാലിഹ് നാട്ടുകൽ

PG Student, Darul Huda Islamic University