നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

പുതുതായി അധികാരത്തിലേറിയ ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എന്ന വലതുതീവ്ര ദേശീയവാദിയെക്കുറിച്ച് ചില വസ്തുതകൾ

 • സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ അമേരിക്കൻ മാതാപിതാക്കളിൽ ജനിച്ച ബെന്നറ്റ്, ശക്‌തമായി ഫലസ്‌തീൻ രാഷ്ട്രത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും എതിർത്തുപോന്നിരുന്ന തീവ്ര വലതുപക്ഷ ദേശീയവാദിയാണ്.
 • ഒരു കുടിയേറ്റക്കാരനല്ലെങ്കിലും 2010-2012 കാലഘട്ടത്തിൽ അന്താരാഷ്ട്ര നിയമ ലംഘനം നടത്തി അധിനിവേശ ഫലസ്‌തീൻ ഭൂമിയിൽ താമസിക്കുന്ന ഇസ്രായേൽ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന യെശ കൗൺസിൽ എന്ന രാഷ്ട്രീയ സംഘടനയുടെ തലവനായിരുന്നു.
 • ലിക്കുഡ് പാർട്ടിയിലെ മുൻ അംഗമായ അദ്ദേഹം 2006-2008 കാലഘട്ടത്തിൽ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന ആയിരുന്നു. ജൂയിഷ് ഹോം പാർട്ടിയുടെ (2012-2018) നേതാവെന്ന നിലയിൽ നെതന്യാഹുവിന്റെ സഖ്യസർക്കാരിലെ പ്രധാന പങ്കാളിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയും പ്രവാസകാര്യ മന്ത്രിയായും പ്രവർത്തിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രിയായും മതസേവന മന്ത്രിയുമായിരുന്നു. നെതന്യാഹുവിന്റെ കീഴിൽ വിദ്യാഭാസ മന്ത്രിയും (2015-2019) പ്രതിരോധ മന്ത്രിയുമായി പ്രവർത്തിച്ചു (2019-2020). 2018-ൽ പുതിയ വലത്പക്ഷ പാർട്ടി രൂപീകരിക്കുന്നതിനായി ജൂയിഷ് ഹോം വിട്ടു.
 • അധിനിവേശ പ്രദേശങ്ങളിൽ ഫലസ്‌തീൻ രാഷ്ട്രം സൃഷ്ടിക്കപെടുന്നതിനെതിരെ ബെന്നറ്റ് തന്റെ എതിർപ്പ് ആവർത്തിച്ചു. പകരം താൽകാലിക ഓസ്ലോ ഉടമ്പടി പ്രകാരം കൂടുതൽ ഇസ്രായേൽ കുടിയേറ്റക്കാർ താമസിക്കുന്ന ഫലസ്‌തീൻ വെസ്റ്റ് ബാങ്കിന്റെ ഏകദേശം 60% ഏകപക്ഷീയമായി ഇസ്രായേലിൽ കൂട്ടിച്ചേർക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. 2014 ൽ ബെന്നറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു “ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങളായ ജൂഡിയ, സമരിയ [അധിനിവേശ വെസ്റ്റ് ബാങ്ക്] എന്നിവിടങ്ങളിൽ ഇസ്രായേൽ നിയമം ക്രമേണ പ്രയോഗിക്കാൻ ശ്രമിക്കും.” 2013 ൽ അദ്ദേഹം പ്രഖ്യാപിച്ചു: “400,000 (കുടിയേറ്റക്കാർ) താമസിക്കുന്ന മേഖലയിലും 70,000 അറബികൾ മാത്രമുള്ള മേഖലയിലും ഇസ്രായേൽ പരമാധികാരം നടപ്പാക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു.”
 • ഫലസ്‌തീൻ സ്വയം നിർണ്ണയത്തോടുള്ള എതിർപ്പും വെസ്റ്റ് ബാങ്കിന്റെ 60% കൂട്ടിച്ചേർക്കാനുള്ള തന്റെ പദ്ധതിയും ആവർത്തിച്ചുകൊണ്ട് 2014 ൽ ബെന്നറ്റ് ന്യൂയോർക്ക് ടൈംസിൽ “ഇസ്രായേലിനായി, ദ്വിരാഷ്ട്രം ഒരു പരിഹാരമല്ല” എന്ന ഒരു പതിപ്പ് എഴുതി. 2013 ൽ അദ്ദേഹം ന്യൂയോർക്കർ മാസികയോട് പറഞ്ഞു: “ഇസ്രായേൽ നാട്ടിൽ സ്ഥാപിതമായ ഒരു ഫലസ്‌തീൻ രാഷ്ട്രത്തിനെതിരെ പോരാടുന്നതിന് ഞാൻ എന്നെന്നേക്കുമായി എല്ലാം ചെയ്യും.” ഏതാനും മാസങ്ങൾക്കുശേഷം, ജൂണിൽ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇസ്രായേൽ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പണിയുക, പണിയുക, പണിയുക [കുടിയേറ്റങ്ങൾ] എന്നതാണ്. എല്ലായിടത്തും ഒരു ഇസ്രായേലി സാന്നിധ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ‘ഇസ്രായേൽ ദേശം ഇസ്രായേൽ ജനതയുടേതാണെന്ന് ലളിതമായി പറയാൻ തയ്യാറാവാത്ത ഇസ്രായേലിന്റെ നേതാക്കളാണ് ഇപ്പോഴും ഞങ്ങളുടെ പ്രധാന പ്രശ്നം.
 • 2014 ൽ അന്നത്തെ സാമ്പത്തിക-മത സേവന മന്ത്രി ബെന്നറ്റ് ഇസ്രായേലിലെ ഫലസ്‌തീൻ പൗരന്മാരെ അഭിസംബോധന ചെയ്ത് ഒരു കത്ത് പുറത്തിറക്കി, അവർ ജനസംഖ്യയുടെ 20% വരും, “അഞ്ചാമത്തെ നിര” ആകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. അറബിയിൽ എഴുതിയ കത്തിൽ പിശകുകളുണ്ടെന്ന് പത്ര റിപ്പോർട്ടുകൾ പറയുന്നു.
 • അധിനിവേശ കിഴക്കൻ ജറുസലേമിലെ വിശുദ്ധ പള്ളി സമുച്ചയത്തിന്മേൽ യഹൂദരുടെ നിയന്ത്രണം വർദ്ധിപ്പിക്കണമെന്നും ബെന്നറ്റ് വാദിക്കുന്നു. ജൂതന്മാർക്ക് ടെമ്പിൾ മൗണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമാണ്. വിശുദ്ധ സങ്കേതത്തിൽ ഒരു ക്ഷേത്രം പണിയാൻ തീവ്രവാദ മിശിഹൈക ജൂതന്മാർ ആഗ്രഹിക്കുന്നു, ഇത് പ്രദേശത്തും അതിനപ്പുറത്തും ഒരു വലിയ മതപരമായ സംഘർഷത്തിന് കാരണമാകും. 2014 ഫെബ്രുവരിയിൽ, പ്രധാന ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ ബെന്നറ്റ് വിശുദ്ധ സങ്കേതത്തിൽ കൂടുതൽ നിയന്ത്രണം ചെലുത്താൻ ഇസ്രായേൽ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു, “ആത്യന്തികമായി ജറുസലേമിന്റെ കിഴക്ക് ഭാഗത്തെ സ്വാധീനിക്കുന്ന നടപടികൾ താൻ സ്വീകരിച്ചിട്ടുണ്ടെന്നും ടെമ്പിൾ മൗണ്ടും അതിൽ ഉൾപ്പെടും എന്ന് പറഞ്ഞു”.
 • 2018 ഒക്ടോബറിൽ, താൻ പ്രതിരോധ മന്ത്രിയാണെങ്കിൽ, ഇസ്രയേലിനും ഗാസയ്ക്കുമിടയിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഫലസ്തീനികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടുമെന്ന് ബെന്നറ്റ് പറഞ്ഞു, അവിടെ അനധികൃത ഇസ്രായേലി ഉപരോധത്തിനും നാവിക ഉപരോധത്തിനും കീഴിൽ 2 ദശലക്ഷം ആളുകൾ കഴിഞ്ഞ 15 വർഷമായി കുടുങ്ങിക്കിടക്കുന്നു. ഫലസ്‌തീൻ കുട്ടികളെ കൊല്ലാൻ സൈനികരോട് നിർദ്ദേശിക്കുമോ എന്ന് ചോദിച്ചപ്പോൾ ബെന്നറ്റ് പറഞ്ഞു, “അവർ കുട്ടികളല്ല – അവർ തീവ്രവാദികളാണ്. നമ്മൾ സ്വയം വിഡ്ഢികളാവുകയാണ്. ഞാൻ ഫോട്ടോകൾ കണ്ടിരുന്നു.” ഗ്രേറ്റ് മാർച്ച്‌ ഓഫ് റിട്ടേണിന്റെ ഭാഗമായി യുഎൻ പ്രകാരം 29 കുട്ടികളെങ്കിലും, മെഡിക്കൽ തൊഴിലാളികളും, പത്രപ്രവർത്തകരും ഉൾപ്പെടെ 140 പ്രകടനക്കാർ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. 29,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 • 2013 ൽ, ഫലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിസഭാ യോഗത്തിൽ ബെന്നറ്റ് ഇങ്ങനെ പ്രഖ്യാപിച്ചു: “ഞങ്ങൾ തീവ്രവാദികളെ പിടികൂടുകയാണെങ്കിൽ, അവരെ കൊല്ലേണ്ടതുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഇതിനകം ധാരാളം അറബികളെ കൊന്നിട്ടുണ്ട് – അതിൽ ഒരു പ്രശ്നവുമില്ല.”
  മാധ്യമപ്രവർത്തകർ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഫലസ്തീനികളെ പിടികൂടി ജയിലിലടയ്ക്കുന്നതിനുപകരം കൊലപ്പെടുത്താൻ ഇസ്രായേൽ സൈനികരോട് ഉത്തരവിടണമെന്നാണ് ബെന്നറ്റ് ഉദ്ദേശിച്ചതെന്ന് വക്താവ് പറഞ്ഞു.

Courtesy: IMEU

വിവ: നവാഫ് അബൂബക്കർ

By Editor