സിദ്ധീഖ് കാപ്പനൊപ്പം ഹത്രാസിലേക്കു പോയ മസൂദ് അഹ്മദ്: മുസ്ലിം വേട്ടയുടെ മറ്റൊരു ഇര


ഹത്രാസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കുടുംബത്തെ കാണാൻ ശ്രമിച്ചതിനാണ് നാല് മുസ്‌ലിം യുവാക്കൾ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ സെപ്തംബർ മാസം, പണി ചെയ്തുകൊണ്ടിരിക്കെ വയലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയാണ് അക്രമികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പേരുപറയാതിരിക്കാനായി അവളുടെ നാവ് മുറിച്ചുമാറ്റി. ആക്രമണത്തിനിടെ അവളുടെ നട്ടെല്ലൊടിഞ്ഞു. സെപ്റ്റംബർ 29 ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്ന വരെയും ഈ വേദനയിൽ കിടന്ന് പുളയുകയായിരുന്നു ആ പെൺകുട്ടി. അതേ രാത്രി തന്നെ ഉത്തർപ്രദേശ് പോലീസ് അതീവ രഹസ്യമായി പെണ്കുട്ടിയുടെ കുടുംബത്തിന്റെ അറിവോ സമ്മതമോ കൂടാതെ മൃതദേഹം സംസ്കരിച്ചു. മാത്രവുമല്ല, ശവസംസ്കാരം നടക്കുന്ന നേരം കുടുംബത്തെ വീടിനുള്ളിൽ അടച്ചിടുകയും ചെയ്തു. ദളിത് പെൺകുട്ടിക്ക് നേരെയുള്ള ബലാത്സംഗത്തിന് പുറമെ, നിയമവിരുദ്ധമായി – പോസ്റ്റ്മോർട്ടത്തിന് പോലും കാത്തുനിൽക്കാതെ- പോലീസ് മൃതദേഹം ദഹിപ്പിച്ചത്, സംസ്ഥാനം ഭരിക്കുന്ന ബി. ജെ. പി ക്കുനേരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഉയരാൻ കാരണമായി. ഈ സാഹചര്യത്തിലായിരുന്നു മസൂദ്, മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പൻ ഉൾപ്പടെയുള്ള സഹയാത്രകർക്കൊപ്പം കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഹത്രാസിലെ പെണ്കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ നാലുപേരെയും തടഞ്ഞു നിർത്തിയ പോലീസ്, അവരെ കാറിൽനിന്നിറക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നും, കലാപത്തിന് ഗൂഢാലോചന നടത്തിയെന്നുമാരോപിച്ചാണ് കേസ് ഫയൽ ചെയ്യുന്നത്.

“ആ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ അവനെ വല്ലാതെ ദുഖിതനാക്കിയിരുന്നു. ഒരു വിദ്യാർഥി നേതാവ് എന്ന നിലയിൽ അവർക്ക് ഐക്യദാർഢ്യം അറിയ്ക്കുക, അവരുടെ വേദനയിൽ പങ്കുചേരുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് അവൻ അങ്ങോട്ട് പോയത്”. മസൂദിൻ്റെ സഹോദരൻ മോനിസ് അഹമ്മദ് ഖാൻ പറയുന്നു.

ഉത്തർപ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബഹ്‌റൈച്ചിൽ താമസിക്കുന്ന മസൂദ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ) യുടെ നേതാവ് കൂടിയാണ്. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) യുടെ വിദ്യാർത്ഥി വിഭാഗമാണ് കാമ്പസ് ഫ്രണ്ട്. അധികാരികൾ പലപ്പോഴും അവർക്ക് നേരെ തീവ്രവാദ ബന്ധം ആരോപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊന്നും തെളിയിക്കാൻ സാധിച്ചിട്ടില്ല.

ഉത്തർപ്രദേശിൽ തന്നെ നിന്നുള്ള അതിക്-ഉർ റഹ്മാൻ, മുഹമ്മദ് ആലം, കേരള സ്വദേശിയായ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ എന്നിവരാണ് മസൂദിനൊപ്പം അറസ്റ്റിലായ മറ്റുള്ളവർ.

മസൂദിൻ്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ മോനിസിന് രണ്ട് ദിവസം വേണ്ടി വന്നു. അപ്പോഴേക്കും പോലീസ് മറ്റു പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഒക്ടോബർ ഏഴ് ആയപ്പോഴേക്കും ജാതീയമായ അക്രമങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് അവർക്കെതിരെ യുഎപിഎ യും, രാജ്യദ്രോഹ കുറ്റവും ചുമത്തി. ഈ അയവില്ലാത്ത ഭീകരവിരുദ്ധ നിയമം ആറുമാസം വരെ കുറ്റാരോപിതരെ ജാമ്യമില്ലാതെ തടവിൽവെക്കാൻ പോലീസിന് അധികാരം നൽകുന്നു.

“ഈ വാർത്ത ഞങ്ങളെ എല്ലാവരെയും തളർത്തികളഞ്ഞു. അവൻ ഒരു ഭീകരവാദിയോ കുറ്റവാളിയോ അല്ല, അനീതികണ്ടാൽ ഇടപെടുന്ന ഒരു വിദ്യാർഥി മാത്രമാണ്”. മോനിസ് പറഞ്ഞു.

സിവിൽ സർവീസിൽ ചേർന്ന് ജനങ്ങളെ സേവിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു യുവ പോരാളി ആയിട്ടാണ് മസൂദിനെ വീട്ടുകാരും സുഹൃത്തുക്കളും ഓർത്തെടുക്കുന്നത്. നിരാശാജനകാംവിധം മന്ദീഭവിച്ചു കിടക്കുന്ന രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കുമുന്നിൻ അവൻ നിരപരാധിത്വം തെളിയിച്ചുവരുംപോഴേക്കും അവന്റെ സ്വപ്നങ്ങളുടെ കാലാവധി കഴിഞ്ഞേക്കാം എന്നവർ ഭയപ്പെടുന്നു.

പത്രപ്രവർത്തനവും കാമ്പസ് ആക്ടിവിസവും

എട്ട് വർഷങ്ങൾക്ക് മുമ്പ്, ജാമിഅ മില്ലിയ ഇസ്ലാമിയ (ജെ എം ഐ) യിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് മസൂദ് ദില്ലിയിലേക്ക് പോയത്. താമസിയാതെ, കാമ്പസിലെ വിദ്യാർത്ഥി രാഷ്ട്രീത്തിൽ അവൻ സജീവമായി.

പഠനത്തിനുപുറമെ, വിദ്യാർത്ഥികളുടെ പരാതികൾ സർവകലാശാലാ നേതൃത്വത്തിനോട് സംസാരിക്കാൻ മസൂദ് കൂടുതൽ സമയം ചെലവഴിക്കുമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു പ്രധാന ശബ്ദമായിരുന്നു അവൻ, പരിണതഫലങ്ങളെ ഭയപ്പെടാതെ എല്ലായ്പ്പോഴും നീതിക്ക് വേണ്ടി നിലകൊള്ളുമായിരുന്നു അവനെന്നും ജാമിഅയിലെ വിദ്യാർത്ഥി നേതാവും ഗവേഷകയുമായ സഫൂറ സർഗാർ പറയുന്നു. 2019 ൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സർഗാറിനെ യുഎപി‌എ ചുമത്തി കഴിഞ്ഞ വർഷം ജയിലിൽ അടച്ചിരുന്നു.

കുട്ടികളെ സ്കൂളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നതപഠനത്തിനായി സ്കോളർഷിപ്പ് അപേക്ഷകൾ പൂരിപ്പിക്കുന്നതിനുമായി അഹമ്മദ് തന്റെ സർവ്വകലാശാലക്കടുത്തുള്ള ചേരികളിൽ നിരന്തരം പോകുമായിരുന്നു.

ജേണലിസം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ന്യൂഡൽഹി ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ ബിയോണ്ട്ഹെഡ്‌ലൈൻസിൽ നിന്ന് പരിശീലനം നേടി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് മുസ്‌ലിംകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ- സാമൂഹ്യ പ്രശ്നങ്ങളായിരുന്നു പ്രധാനമായും അവരുടെ വാർത്തകൾ.

2016 ഓഗസ്റ്റിൽ മസൂദ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മറ്റൊരു പി ജി ക്കായി ജാമിയയിൽ തന്നെ വീണ്ടും ചേർന്നു. അതേ വർഷം തന്നെ ആയിരുന്നു, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുറഞ്ഞ പ്രാതിനിധ്യം ഉള്ള മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി 50 ശതമാനം സീറ്റുകൾ നീക്കിവയ്ക്കാൻ അനുവദിക്കുന്ന ജാമിഅയുടെ ന്യൂനപക്ഷ പദവി റദ്ദാക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. ഈ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിവിദ്യാർത്ഥികളുടെ രോഷം ആളിക്കത്തി. അന്ന് സമര നേതാക്കളിൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു മസൂദ്. 2017 ൽ യൂണിവേഴ്സിറ്റി ഭരണകൂടം നിരോധിച്ച ജാമിഅ സ്റ്റുഡന്റ്സ് യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രതിഷേധത്തിലും അവൻ പങ്കാളിയായി.

“കാമ്പസിലെ വിദ്യാർത്ഥികളെ എപ്പോഴും മുന്നിൽ നിന്ന് നയിക്കുകയും, അവരുടെ ആവലാതികൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ ഇടം വേണമെന്ന് ശക്തമായി വാദിക്കുകയും ചെയ്യുമായിരുന്നു മസൂദ് എന്ന് ജാമിഅ യിലെ മറ്റൊരു വിദ്യാർത്ഥി അമാൻ ഖുറേഷി പറയുന്നു.

2018 ൽ തന്റെ രണ്ടാം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, മസൂദ് കാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. യു.കെ യിലെ കാർഡിഫ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ നിന്ന് എം ബി എ യ്ക്കുള്ള പ്രവേശനവും സ്കോളർഷിപ്പ് ഓഫറും അദ്ദേഹം നിരസിച്ചു. പാവപ്പെട്ടവരെയും അരിക്കുവത്കരിക്കപ്പെട്ടവരെയും സേവിക്കാൻ അവൻ ആഗ്രഹിചിരുന്നുവെന്ന് മസൂദിനെ സഹപാഠിയും ഇപ്പോൾ കാർഡിഫിലെ വിദ്യാർത്ഥിയുമായ ഹർമീത് കൗർ പറഞ്ഞു.

അതീഖുർറഹ്മാൻ, മുഹമ്മദ് ആലം, മസൂദ് അഹ്മദ്, സിദ്ധീഖ് കാപ്പൻ

മുസ്‌ലിം അറസ്റ്റുകൾ

മസൂദിന്റെ 51-കാരിയായ ഉമ്മ, ചാന്ദ് ബീവി കഴിഞ്ഞ ഒക്ടോബർ മുതൽ തന്റെ മകനുവേണ്ടി രാപ്പകൽ പ്രാർത്ഥിച്ചുകഴിയുന്നു. തിങ്കളാഴ്ച്ച ദിവസങ്ങളിൽ ജയിൽ അധികൃതർ അനുവദിച്ചു നൽകുന്ന ഒരു മിനിറ്റ് ഫോൺ കോളിൽ മകനോട് സംസാരിക്കാനായി അവർ ഓരോ ദിവസവും തള്ളി നീക്കുന്നു.

ദളിത് യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഉത്തർ പ്രദേശ് പോലീസിന്റെയും, സർക്കാരിന്റെയും അനാസ്ഥ മറച്ചുവെക്കാനും, കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമായി തന്റെ മകനെയും കൂടെയുള്ളവരെയും ബലിയാടാക്കുകയാണ് യു പി സർക്കാർ ചെയ്യുന്നതെന്നാണ് ബീവി പറയുന്നത്.

“എന്റെ മകനെ കാരണമില്ലാതെ ഇരയാക്കുകയാണ്, ഒരു മുസ്‌ലിമിനെ അറസ്റ്റ് ചെയ്യുന്നത് നല്ല വാർത്തയാണല്ലോ. ഹാത്രാസ് കേസിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിനാണ് ഇതെല്ലാം ചെയ്യുന്നത് ” ബീവി പറഞ്ഞു.

മസൂദിനെതിരായ മിക്ക കേസുകളും ബി. ജെ.പി ക്കും ആർ‌.എസ്‌.എസ് നും എതിരെയുള്ള വിമർശനാത്മകമായ ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകൾ ഉൾപ്പെടെയുള്ള ആക്ടിവിസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മസൂദിന്റെ അഭിഭാഷകൻ സൈഫാൻ ശൈഖ് പറഞ്ഞു.

അവന്റെ വിദ്യാർത്ഥി ആക്ടിവിസവും സർക്കാരിനെതിരേയുള്ള ശബ്ദമുയർത്തലുകളുമാണ് അവനെ തടവിൽ വെക്കാനുള്ള പ്രധാന കാരണമെന്ന് ശൈഖ് പറഞ്ഞു. കസ്റ്റഡിയിൽ വെച്ച് മസൂദിനെ പോലീസ് പീഡിപ്പിച്ചുവെന്നും അഭിഭാഷകൻ ആരോപിച്ചു. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ അവനെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിംകളെല്ലാം ജയിലിൽ കിടക്കേണ്ടവരാണെന്നും അവർ പറഞ്ഞുവെന്ന്” ഷെയ്ഖ് പറയുന്നു.

ഏപ്രിൽ 2 ന് ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) മസൂദ്, കാപ്പൻ, റഹ്മാൻ, ആലം, എന്നിവർക്കെതിരെ മഥുര കോടതിയിൽ 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുറ്റാരോപിതരുടെ അഭിഭാഷകർക്ക് ഇതുവരെ കുറ്റപത്രത്തിന്റെ ഒരു പകർപ്പ് പോലും ലഭിച്ചിട്ടില്ല, അവർക്ക് 22 പേജുള്ള ഒരു ചുരുക്കരൂപം മാത്രമേ നൽകിയിട്ടുള്ളൂ. കുറ്റപത്രത്തിന്റെ ചുരുക്കരൂപത്തിൽ, പ്രോസിക്യൂഷൻ സാക്ഷികളായി പേരുള്ള 55 പേരിൽ 44 പേർ പോലീസ് ഉദ്യോഗസ്ഥരുമാണ്.

കാമ്പസ് ഫ്രണ്ടുമായുള്ള മസൂദിന്റെ നേരിട്ടുള്ള ബന്ധത്തിന്റെ തെളിവായി പറയുന്നത് 2018 ൽ അദ്ദേഹം നടത്തിയ 2500 രൂപയുടെ ബാങ്ക് കൈമാറ്റമാണ്. കേരളത്തിൽ മാത്രം സംസാരിക്കുന്ന ഭാഷയായ മലയാളത്തിലെ അദ്ദേഹത്തിൻ്റെ പ്രാവീണ്യമാണ് അവനെ മുസ്‌ലിം ഗ്രൂപ്പിനിടയിൽ വിശ്വസ്തനാക്കിയെതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഒരു കള്ളക്കഥ തയ്യാറാക്കി, വളരെക്കാലം അവനെ തടവിലിട്ട്, കഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പോലീസിന്റെ ഉദ്ദേശ്യമെന്ന് ഷെയ്ഖ് പറഞ്ഞു.

ജയിലിലെ സുരക്ഷയെക്കുറിച്ചുള്ള ഭയം

ജയിലിലെ സുരക്ഷയെക്കുറിച്ച് മസൂദിന്റെ കുടുംബം ഭയപ്പാടിലാണ്. ജയിലിൽ തന്റെ യൂണിറ്റിലേക്ക് മാറ്റിയ തടവുകാരിൽ നിന്ന് ശാരീരിക ആക്രമണം നടക്കുമെന്ന് ഭയക്കുന്നതായി മാർച്ചിൽ നടന്ന ഒരു ഫോൺ കോളിനിടെ മസൂദ് അവരോട് സൂചിപ്പിച്ചിരുന്നു.

“മുസ്‌ലിമായതുകൊണ്ടും കേസുകളുടെ സ്വഭാവംകൊണ്ടും അവനെ ഒരു ദേശവിരുദ്ധനായാണ് എലാവരും കാണുന്നത്. ഇതിന്റെ പേരിൽ അവനെ ആക്രമിക്കാൻ ശ്രമിച്ചവരുമുണ്ട്. തന്നെ കൊല്ലാനായി അവർ ഭക്ഷണത്തിൽ പോലും എന്തെങ്കിലും ചേർത്തേക്കാമെന്ന് അവൻ ഭയപ്പെടുന്നുണ്ട്” സഹോദരൻ മോനിസ് പറഞ്ഞു.

സഹോദരന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് ഡയറക്ടർ ജനറൽ ഹിതേഷ് അവസ്തി ഉൾപ്പെടെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിരവധി കത്തുകൾ എഴുതി. പക്ഷേ ഒന്നിനും ഒരു പ്രതികരണവും ലഭിച്ചില്ല. ജയിൽ അധികൃതർ നിരന്തരമായ മാനസിക പീഡനത്തിനിരയാക്കുകയും അടിമയോടെന്നപോലെ പെരുമാറുന്നതായും ഷെയ്ഖ് ആരോപിച്ചു. “ജയിൽ ഉദ്യോഗസ്ഥർ മസൂദിന് പുസ്തകങ്ങളും കൃത്യസമയത്ത് ഭക്ഷണവും നിരസിച്ചു. കഠിനാധ്വാനം ചെയ്യാൻ നിർബന്ധിച്ചു, ചിലപ്പോൾ അവനെ ഒറ്റപ്പെടുത്തി. അവർ അവന്റെ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്” ശൈഖ് പറഞ്ഞു.

മകനിൽ നിന്നുള്ള വേർപാട് ബീവിയെ ശാരീരികവും മാനസികവുമായി ബാധിക്കുന്നുണ്ടെങ്കിലും മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവളുടെ ദൃഢ നിശ്ചയത്തെ ഇത് ബാധിക്കില്ലെന്ന് അവർ തന്നെ പറയുന്നു.

“അവൻ അനീതിക്കെതിരെ പടവെട്ടിയവനാണ്. അവൾ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു. “മറ്റൊരാൾ അവനെതിരെ അനീതി പ്രവർത്തിക്കുമ്പോൾ എനിക്കെങ്ങനെ തളർന്നിരിക്കാനാകും”.

Courtesy: Al Jazeera

വിവ: സാഹിദ് ഫാരിസ്

By റാഖിബ് ഹമീദ് നായ്ക്

Journalist