‘ലക്ഷദ്വീപില്‍ പൗരത്വസമര മാതൃകയില്‍ പ്രക്ഷോഭങ്ങളുയരണം’: സിനിമ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സംസാരിക്കുന്നു

‘മൂത്തോൻ’ സിനിമയുടെ പ്രൊഡക്ഷൻ ടീമിലംഗമായിരുന്ന, ലക്ഷദ്വീപ് അഗത്തി സ്വദേശി അബൂബക്കർ, ലേഖകന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകങ്ങൾക്കേറ്റ പോറലാണല്ലോ സംഘപരിവാർ കടന്നുകയറ്റം. സംസ്കാരത്തെ മാത്രമല്ല, ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന പരിഷ്കരണങ്ങൾ എത്രമാത്രം ദ്വീപസമൂഹത്തെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട ?

ചെന്നൈയിൽ വച്ച് മുൻ അഡ്മിനിസ്ട്രേറ്റർ മരണമടഞ്ഞതോടെ തന്നെ സംഘപരിവാർ ദ്വീപിനെ ലക്ഷ്യം വച്ചുതുടങ്ങിയിരുന്നുവെന്ന് വേണം പറയാൻ. എന്റെ സുഹൃത്തുകൂടിയായ ഐഷാ സുല്ത്താന പറഞ്ഞതുപോലെ ലക്ഷദ്വീപിൽ ഇപ്പോൾ ബിജെപി സർക്കാർ പ്രഫുൽ പട്ടേൽ എന്ന ബയോ വെപ്പണാണ് (Bio-weapon) ഉപയോഗിക്കുന്നത്. തെങ്ങുകളിൽ കാവി അടിക്കുന്നതിന് പുറമെ മത്സ്യവും മാംസവും കഴിക്കരുതെന്ന നിയമം കൂടി പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. നിർജീവമായ കല്ലുകളിൽ പോലും കാവി പൂശുന്നു. ദ്വീപിൽ ഹൈന്ദവ ആരാധനാലയങ്ങൾ ധാരാളമുണ്ട് പക്ഷേ ഒന്നിനും ഒരു പോറൽ പോലും ഏറ്റിട്ടില്ല. അതാണ് ദ്വീപിന്റെ സംസ്കാരവും സൗഹൃദവും. പക്ഷേ ഇപ്പോൾ പള്ളികളിൽ കയറരുതെന്ന നിയമമാണ് ഇറക്കിയിട്ടുള്ളത്. എത്ര വലിയ വിരോധാഭാസമാണ് ഗവൺമെന്റ് പുലമ്പുന്നത്. പാരമ്പര്യമായി ലഭിച്ച ഭൂമിയിൽനിന്ന് ആട്ടിപ്പായിക്കുന്നു. ടൂറിസം മേഖലയിൽ ജോലി ചെയ്തിരുന്ന ഞാനടക്കമുള്ള തൊഴിലാളികളെ പുറത്താക്കി. ഇത്തരത്തിലുള്ള ഭീകരനിയമങ്ങളാണ് നിലവിൽ ദ്വീപിലെ പതിവ് കാഴ്ച. തികച്ചും ഏകാധിപത്യപ്രവണതയാർന്ന ഭരണമാണ് ദ്വീപിൽ ഇന്നുള്ളത്.

മുൻ എംപി ആയിരുന്ന പി എം സഈദ് സാഹിബിന്റെ അഭാവമാണ് സംഘപരിവാറിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആ ഒരു ധാരണ എത്രമാത്രം വസ്തുതാപരമാണ്? നിലവിലുള്ള എം പിക്ക് കൃത്യമായിട്ടുള്ള ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടില്ലേ? അതോ പ്രഫുൽ പട്ടേലിന്റെ ഭരണത്തിൽ എംപിമാർക്കും ജനാധിപത്യ പ്രതിനിധികൾക്കും കാര്യമായ പങ്കില്ലേ ?

ആ ഒരു ധാരണ ഏറെക്കുറെ ശരിയാണ് എന്ന് തന്നെ പറയാം. കാരണം 36 വർഷം ഭരിച്ച പിഎം സഈദ് സാഹിബിന്റെ ഭരണകാലം ദ്വീപിന്റെ സുവർണ്ണ ഘട്ടമായിരുന്നു. വികസനങ്ങൾ കൊണ്ടുവന്നത് പിഎം സഈദ് സഹിബാണ്. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ഇത്തരത്തിലൊരു ശ്രമകരമായ കടന്നുകയറ്റത്തിന് സംഘപരിവാർ ശ്രമിക്കുമായിരുന്നില്ലെന്ന് വിശ്വാസമുള്ളവരാണ് നല്ലൊരു ഭാഗം ദീപുകാരും .പക്ഷേ നിർഭാഗ്യകരമെന്നോണം നിലവിലെ എംപിക്ക് കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ല, അത് അഡ്മിനിസ്ട്രേറ്റർ മുഖവിലക്കെടുക്കുന്നുമില്ല.

മുൻ അഡ്മിനിസ്ട്രേഷൻമാർക്ക് വിപരീതമായിട്ടാണ് പ്രഫുൽ പട്ടേൽ കാര്യങ്ങൾ നടത്തുന്നത്. ഒരു യോഗം കൂടാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം നിയമം മാറ്റുന്നു. ഭേദഗതി വരുത്തുന്നു.പുതിയത് ഉണ്ടാക്കുന്നു.

മത്സ്യബന്ധന തൊഴിലാളികളെ സംബന്ധിച്ച് കടലിന്റെ സ്വഭാവം അനുസരിച്ചേ വഞ്ചി ഇറക്കാൻ കഴിയൂ. അതു പോലും വകവെക്കാതെ ഓഫീസ് സമയങ്ങളിൽ മാത്രമേ മത്സ്യബന്ധനത്തിൽ ഏർപ്പെടാനാവൂ എന്നുവരെയുള്ള നിയമങ്ങൾ ഇറക്കുകയുണ്ടായി. ബോട്ടിൽ സിസിടിവി വെക്കാനും സർക്കാർ ഉദ്യോഗസ്ഥരെ കൂടെ കൊണ്ടുപോവാനും പറയുന്നവർ സ്വയം അപഹാസ്യരായിത്തീരുകയാണ് ചെയ്യുന്നത് .

മത്സ്യബന്ധനം ക്ഷീരകൃഷി തുടങ്ങിയുള്ള ഉപജീവനമാർഗങ്ങളെ എത്രമാത്രം ഈ സംഭവങ്ങൾ ബാധിച്ചിട്ടുണ്ട്.?അമുൽ കൊണ്ടുവന്നതിലൂടെ വാണിജ്യപരമായ നേട്ടം കൂടി ബിജെപി ലക്ഷ്യം വെക്കുന്നില്ലേ? അധികാരികളും രാഷ്ട്രീയക്കാരും ഫലപ്രദമായ ജനകീയ ഇടപെടലുകൾ നടത്തുന്നില്ലേ ?

എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയക്കാരാണ് ദ്വീപിന്റെ ശാപം. കാരണം ദ്വീപിൽ ഫാമുകളും മത്സ്യ ഷെഡ്ഡുകളും തകർക്കപ്പെടുന്നതിന് മുമ്പ് തന്നെ പല രാഷ്ട്രീയക്കാരും സ്വന്തം ഫാമുകൾ സുരക്ഷിതമാക്കാനുള്ള തിരക്കിലായിരുന്നു. ഇത് എന്റെ വ്യക്തിപരമായ അനുഭവം ആണ്. ജനകീയനായി നടന്ന സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിളിക്കുന്നവരാണ് ഇവിടത്തെ രാഷ്ട്രീയ വേഷധാരികളിൽ ഭൂരിഭാഗവും.

ഇവിടുത്തെ ക്ഷീരോല്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ട് കഴിഞ്ഞു. ഡയറികൾക്ക് അമുൽ ബദലാവിഷ്ക്കാരമാണ് ബിജെപിയുടെ കച്ചവട തന്ത്രം. ഈ അമുലിന്റെ ദേശവും പട്ടേലിന്റെ ദേശവും ഒന്നുതന്നെ. അത് മാത്രമല്ല അമുലിന്റെ മാനേജർ പട്ടേലിനെ മകൻ കൂടിയാണ്.

അധികാരികൾ ഒക്കെ സ്വന്തം ജോലിയുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങൾക്കൊന്നും ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല.

പ്രതിഷേധങ്ങൾ വ്യാപകമായി നടക്കുന്നുണ്ടോ?

പ്രധാനമായും പ്രതിഷേധ പരിപാടികൾ നടക്കുന്നത് ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ മേൽനോട്ടത്തിലാണ്. പക്ഷേ അതിലും ബിജെപി പ്രവർത്തകർ കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരങ്ങളും പ്രതിഷേധങ്ങളും തുടങ്ങുന്നതിനു മുമ്പ് തന്നെ കെട്ടടങ്ങി പോകുന്നു. അതോടൊപ്പം സംഘപരിവാർ അനുഭാവികൾ ഒറ്റി കൊടുക്കുന്നതും പതിവ് കാഴ്ചയാണ്.
ഗാന്ധിയൻ മാർഗ്ഗമവലംബിക്കുന്ന സേവ് ഫോറത്തിന് ഇതുകൊണ്ടൊക്കെ തന്നെ ക്രിയാത്മകത പുലർത്താൻ സാധിക്കുന്നില്ല. ചെറിയ പ്രദേശമാണെങ്കിലും ഒരിടത്ത് നടക്കുന്ന പ്രതിഷേധം സോഷ്യൽ മീഡിയ വഴിയാണ് ഞാൻ തന്നെ പലപ്പോഴും അറിയുന്നത്. സംഘടനാ മികവിന്റെ അഭാവവും നിഴലിക്കുന്നുണ്ട്.

ഇതിനുപുറമേ, തൊഴിൽ പോകുമെന്ന ഭീതിയും ജനങ്ങളെ സമരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഗുണ്ടാആക്റ്റും, രാജ്യദ്രോഹക്കുറ്റവും, ചുമത്തപ്പെടുമെന്ന ഭയം ഉള്ളവരുമുണ്ട്. ഇതിനോടകം കിൽത്താനിൽ ഭീകരവാദം കൂടുന്നുവെന്ന് പറഞ്ഞ കലക്ടറുടെ കോലം കത്തിച്ചതിന് 13 ആളുകൾ അറസ്റ്റിലായിട്ടുണ്ട്. ഇതോടു കൂടെ ഇന്റർനെറ്റ് ഇല്ലാതാകുമെന്ന് ഭീഷണിയും സമരങ്ങളുടെ അംഗബലത്തെ കുറയ്ക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അബൂബക്കർ

ദ്വീപിന്റെ പ്രതിഷേധങ്ങൾക്ക് കേരള ജനത നൽകുന്ന നിരുപാധിക പിന്തുണയെ എങ്ങനെ നോക്കി കാണുന്നു? പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ച്കൊണ്ട് മതസംഘടനകൾ മുന്നിട്ടിറങ്ങുന്ന അവസ്ഥ നിലവിലുണ്ടോ?

കേരളത്തോട് ലക്ഷദ്വീപിലെ ഓരോ പൗരനും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കൃതജ്ഞതയോടയല്ലാതെ മലയാളികളെ ഓർക്കാൻ കഴിയില്ല. പക്ഷേ എന്നെ ഏറ്റവും കൂടുതൽ വിഷമത്തിലാക്കുന്ന കാര്യം കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ നൂറിലൊരംശം പോലും ഇവിടെ നടക്കുന്നില്ലെന്നതാണ്. അവിടെയുമിവിടെയും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടെങ്കിലും ഏകോപന സ്വഭാവം തീരെ ഇല്ല എന്ന് തന്നെ പറയാം.

ഇതിന്റെ ഭവിഷ്യത്ത് ഇതിനോടകം അനുഭവിച്ച് തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം കളക്ടർ പറഞ്ഞത് തന്നെ നോക്കിയാൽ മതി. പക്ഷേ, ലക്ഷദ്വീപുകാർക്കില്ലാത്ത വിഷമം എന്തിന് കേരള ജനതയ്ക്ക് വേണമെന്ന് കളക്ടർ ചോദിക്കാൻ ഉള്ള അവസരമുണ്ടാക്കിക്കൊടുത്തത് ദ്വീപുകൾ തന്നെയാണ്. ചുരുക്കത്തിൽ ഒരു പൗരത്വഭേദഗതി പ്രതിഷേധ മാതൃകയാണ് ഇവിടെയും ആവശ്യം. അത് മാത്രമേ ഫലപ്രദമാവുകയുള്ളൂ. മുസ്ലിം വിദ്യാർഥിസംഘടനകളും മറ്റിതര രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിൽ പങ്കാളിത്തം അറിയിക്കുന്നുണ്ട്.

മദ്യഷാപ്പുകൾ തുറക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായ സ്ഥിതിയാണോ ഉള്ളത്? കോവിഡ്പ്രതിരോധ പ്രവർത്തനം മികവുറ്റതാണെന്ന് കളക്ടർ പറയുമ്പോഴും ദ്വീപിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയരുകയാണ്. സത്യത്തിൽ കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച പാളിച്ചയാണോ റ്റി പി ആർ നിരക്ക് ഉയരാൻ കാരണം.?

പ്രധാനമായും ബംങ്കാരം ദ്വീപിലാണ് ടൂറിസ വിപുലീകരണമെന്ന പേരിൽ മദ്യം ഇറക്കിയിരിക്കുന്നത്. മദ്യം ദ്വീപുകാർക്ക് വേണ്ടിയല്ലെന്ന പ്രചരണമാണ് പൊതുവെ നിലനിൽക്കുന്നത് .
പക്ഷെ, ഇവിടെ നിന്ന് പുറത്തേക്ക് പഠനാവശ്യങ്ങൾക്കും മറ്റിതര കാര്യങ്ങൾക്കും പോയവരിൽ പലരും മദ്യം നുണഞ്ഞവരാണ്. പക്ഷെ അവരാരും തന്നെ ഈ മദ്യ നയത്തെ അനുകൂലിക്കുന്നില്ല. ചുരുക്കത്തിൽ അവരെ ഉൾപ്രേരണയിലൂടെ മദ്യം കുടിപ്പിക്കാനുള്ള തന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത് ഇത് പരസ്യമായ രഹസ്യമാണ്.

കൊവിഡ് പ്രതിരോധത്തിൽ ആദ്യംമുതലേ കർക്കശമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. പക്ഷേ പലരും അറിയാതെ പോയ സത്യം ഉണ്ട്. കോവിഡ് രഹിത പ്രദേശമായ ലക്ഷദ്വീപിൽ കോവിഡ് പരന്നത് പ്രഫുൽ ഖോഡേ പട്ടേലിന്റെ അംഗരക്ഷകനിലൂടെയാണ്. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുക മാത്രമല്ല, അതുവരേക്കും പുലർത്തിയ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുക കൂടിയാണ് പട്ടേൽ ചെയ്തത്. നിലനിന്നിരുന്ന ക്രിയാത്മക നിയന്ത്രണങ്ങൾക്ക് പകരം നിരർത്ഥകമായ രാത്രികാല കർഫ്യൂ, 144 തുടങ്ങിയ പ്രഹസനങ്ങളാണ് നിലവിലുള്ളത്.

By സദഖത്തുള്ള കോതമംഗലം

+2 Humanities, Al Hidaya Islamic Academy, Kalamassery