ഇസ്‌ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്‌ലാമും സ്ത്രീയും. ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം.

രസകരമെന്തെന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി. ആദ്യം തന്നെ പറയട്ടെ, ഇത് എന്നിലെ മുസ്‌ലിം സ്ത്രീയുടെ അഭിപ്രായം മാത്രമാണ്. മറ്റുള്ളവരുടെ കൂടിയാക്കാനുള്ള പരിശ്രമം (ഹിംസ) ഈ നിലയത്തിൽനിന്ന് ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു.

‘സ്ത്രീവിരുദ്ധമായ’ ഇസ്‌ലാമിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടുവന്ന് പരിഷ്കരിച്ച് വിമോചനം നേടിക്കൊടുക്കുക എന്നുള്ളതായിരുന്നു ചർച്ചയുടെ ലക്ഷ്യം എന്ന് മണിക്കൂറുകളോളം കേൾവിക്കാരിയായി നിന്നതിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഇത്രയും ‘സദുദ്ദേശ’പരമായി നടന്ന ചർച്ചകളിൽ സ്വയംപ്രഖ്യാപിത മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം എന്തുകൊണ്ട് അനിവാര്യമാണെന്ന് തോന്നിയില്ല എന്നുള്ളിടത്താണ് രക്ഷകരുടെ കപടമുഖം ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്‌ലാമിനെ കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുക പണ്ഡിതൻമാർക്ക് മാത്രമാണെന്ന ( മുൻവിധികളിൽ നിന്നും മുക്തമായ) ‘പുരോഗമന ബോധ’ത്തിൽ നിന്നാണ് അത്തരമൊരു തീരുമാനമെങ്കിൽ അതേ ഭാഷയിൽ ആണല്ലോ ഞങ്ങളുടെ വിമോചനവും സാധ്യമാകുന്നത് എന്നാലോചിച്ച് രോമാഞ്ചം വരുന്നു. അല്ലെങ്കിലും മതം ആരാണെന്നും എന്താണെന്നും തീരുമാനിക്കുന്നത് മതേതരത്വം ആണല്ലോ!

ഇത്രയും പറഞ്ഞത് മുസ്‌ലിം സ്ത്രീകൾക്ക് പ്രശ്നങ്ങളില്ല എന്ന് പറഞ്ഞു വെക്കാനല്ല. അങ്ങനെ അനുമാനിച്ചവരുണ്ടെങ്കിൽ തിരുത്തി വായിക്കണം. ഇന്ന് കേന്ദ്ര സർവകലാശാലകയിൽ പഠിക്കുന്ന, ലഭ്യമാകുന്ന വിവിധ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന എന്നിലെ മുസ്‌ലിംസ്ത്രീ പോലും നേരിടുന്ന പ്രശ്നങ്ങളെ ആലോചിക്കുമ്പോഴാണ് അതിന് പോലും സാധ്യമാവാത്ത, അവസരങ്ങൾ നിഷേധിക്കപ്പെട്ട ആയിരങ്ങളുടെ വേദന ഊഹിക്കാൻ കഴിയുന്നത്. ഇനി, മറ്റെല്ലായിടത്തും എന്നതുപോലെ സമുദായത്തിനകത്തെ ചൂഷണത്തെ (പടച്ചവൻ അവരോട് പൊറുക്കട്ടെ!) അഭിസംബോധന ചെയ്യേണ്ട സമയം ഇപ്പോഴല്ല എന്ന വാദവും ചിരിച്ചു തള്ളുകയെ ഉള്ളൂ. ഒരു സ്ത്രീയെന്ന നിലയിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിവേചനങ്ങളെ ദൈനംദിനം നേരിടേണ്ടിവരുന്നവരോട്, അവരുടെ പോരാട്ടത്തോട് നിരുപാധികമായി ഐക്യപ്പെടുന്നു, എന്നല്ല അതിനെതിരെ ഏതറ്റംവരെയും പരിശ്രമിക്കുന്നു.

എന്നാൽ ആ പോരാട്ടങ്ങൾ നടത്താൻ മുസ്‌ലിംസ്ത്രീകൾ സ്വയം പര്യാപ്തമല്ലെന്നും അവളുടെ സാധ്യതകളെ ലൈംഗിക വ്യവഹാരത്തിൽ മാത്രം തളച്ചിടുകയും അവളുടെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ‘ധാർമികമായ’ മതേതരത്വത്തിന്റെ മേലാധികാരം അരോചകമാണ്. സ്വാതന്ത്ര്യത്തിനപ്പുറം അതിന്റെ ഭാഷയുടെ പരിധിവരെ നിശ്ചയിച്ച് തരുന്ന സ്വതന്ത്ര നിയമങ്ങളെ ആശ്ലേഷിച്ചാൽ മാത്രം ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ആരാണ് പുരോഗമനമെന്ന് പേരിട്ടത്.

ഇസ്‌ലാം നിങ്ങൾക്ക് വിമർശനാതീതമാണെന്നല്ല. മറിച്ച് ലോകം ചർച്ച ചെയ്യുന്ന ഇസ്ലാമിക ഫെമിനിസത്തിന് സാധ്യത പോലും തള്ളിക്കളയുന്ന അസഹിഷ്ണുതയാണ് പ്രശ്നം. ആമിന വദൂദ്, അസ്മ ബര്‍ലാസ്, അസീസ ഹിബ്‌റി, രിഫാത്ത് ഹസ്സന്‍ തുടങ്ങിയ മുസ്‌ലിം ഫെമിനിസ്റ്റുകൾ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തെ തന്നെ പുനരാലോചിക്കുകയും അതിന്റെ ബഹുമുഖ സാധ്യതകളെ തേടുകയും അതിനെ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന വേളയിലാണ് ഇത്തരം ‘ ആധികാരിക റദ്ദ്’ ചെയ്യൽ നടക്കുന്നതെന്നോർക്കണം.

ടെക്സ്റ്റ് – കോൺടക്സ്റ്റ്- ഇൻട്രാടെക്സ്റ്റ് രീതി ശാസ്ത്രത്തിലൂടെ ഖുർആനിനെ പുനർ വായിക്കുന്ന വേളയിലും റസൂലിനെക്കാൾ പഴക്കമുള്ള ആശയങ്ങൾ തന്നെ വീണ്ടും വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവരുന്നത് ആരുടെ വിവരമില്ലായ്മയാണ്?. ഇപ്പറഞ്ഞ രീതി ശാസ്ത്രത്തോടുള്ള വിമർശനാത്മകമായ Hierarchy – Mutuality ദ്വന്ദ്വത്തിനപ്പുറം ഇസ്‌ലാമിലെ ആധികാരിക സ്രോതസ്സുകളെ മുന്‍നിര്‍ത്തിയുള്ള ആഇശ ഹിദായത്തുല്ലയുടെ Feminist Edges of the Quran പോലുള്ള ലിംഗനീതിയെക്കുറിച്ച പുതിയ ദൈവശാസ്ത്രപരമായ അന്വേഷണങ്ങള്‍ രൂപപ്പെട്ടു വരികയുമാണ്. രസകരമെന്തെന്നാൽ അധീശമായ അധികാരഘടനകളെക്കുറിച്ചും കൊളോണിയലിസത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെയാണ് ഇത്തരം പഠനങ്ങൾക്ക് നേരെ കണ്ണടക്കുന്നത്.

ഇനി രക്ഷാധികാരി ചമയലിനോളം അല്ലെങ്കിൽ അതിനപ്പുറം അസഹനീയമാണ് മുസ്‌ലിം സ്ത്രീകളുടെ വൈവിധ്യത്തെ നിരാകരിക്കുന്ന ഇത്തരം ഇടങ്ങൾ. നരവംശശാസ്ത്രജ്ഞയായ സബ മഹ്മൂദിൻ്റെ പഠനങ്ങളെ മാത്രം വിശകലനം ചെയ്താൽ അതിന് കൃത്യമായ ഒരു ഉൾക്കാഴ്ച ലഭിക്കും. എന്തിനധികം, ഇൻറ്റർ സെക്ഷനാലിറ്റിയുമായി (Intersectionality) ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് അധികം തലപുകഞ്ഞാലോചിക്കേണ്ടതില്ല, ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പൌരത്വ നിയമ വിരുദ്ധ സമരങ്ങളിൽ നേതൃത്വം കൊടുത്തവരുടെ മുഖങ്ങൾ ഓർത്താൽ മതി. ക്യാമറയുടെ മുന്നിലായതിനാൽ മാത്രം വിപ്ലവം രചിക്കുന്നവരായിട്ടാണ് അന്ന് ഒരു ‘പൊതു’ മാധ്യമ പ്രവർത്തകൻ അതിനെ അഭിസംബോധന ചെയ്തത്. ശരിയാണ്, തട്ടം കഴുത്തിലിട്ടാലല്ലെ നൈസർഗിക വിപ്ലവമാവുകയുള്ളൂ.

സ്വയം രക്ഷാകർതൃത്വം ചൂണ്ടിയ വിരലുകളല്ല അതെന്നും തങ്ങളുടെ രാഷ്ട്രീയ തീരുമാനമാണതെന്നും ഹിജാബ് ധാരികളുടെ പ്രഖ്യാപനത്തെ ഒരു നിമിഷം കൊണ്ട് ഏത് തട്ടിലിട്ടാണ് ഇവർ അളക്കുന്നത് ? മുസ്‌ലിം നാമധാരികളെ പോലും തിരഞ്ഞുപിടിച്ചു കൊല ചെയ്യുന്ന നാട്ടിൽ ഹിജാബ് ഇട്ട് ജീവിക്കാൻ തീരുമാനിച്ച സ്ത്രീകളുടെ നിലപാട് എവിടെയാണ് ഇക്കൂട്ടർ പ്രതിഷ്ഠിക്കുക. ജയ് ശ്രീറാം പോർവിളി ആകുമ്പോൾ അതിനെതിരെ പ്രതിരോധത്തിന്റെ അല്ലാഹു അക്ബർ വിളിക്കുന്ന സ്ത്രീകളോട് മതത്തിന്റെ വേലിക്കെട്ടുകളെ കുറിച്ച് ക്ലാസ്സ് എടുക്കാൻ എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്? ഇന്ത്യൻ മണ്ണിലെ ലൗജിഹാദിലെ സ്ത്രീവിരുദ്ധത ഇക്കൂട്ടരെ എന്തേ അലോസരപ്പെടുത്താത്തത്?

ആമിന വദൂദിന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് പറയട്ടെ, ഖുർആനെക്കാളും ബൈബിളിനേക്കാളും പഴക്കമുണ്ട് ഇവിടത്തെ ആണധികാരത്തിന്. ലോകത്തൊരു സ്ഥാപനവും അതിൽനിന്ന് മുക്തവുമല്ല. എന്നാൽ ഇത്തരം ഇടങ്ങളിലൊക്കെയും വിമോചനം നവീകരണ വിധേയമായാൽ സാധ്യമാവുകയും ഇസ്‌ലാമിലെത്തുമ്പോൾ ബഹിഷ്കരണം മാത്രം ഏക പരിഹാരമാവുന്നതിന് കാരണം അതിനുപിന്നിലെ ‘ആകുലതകൾ’ സ്ത്രീശാക്തീകരണത്തേക്കാൾ ഇസ്‌ലാം വിരുദ്ധതയായതിനാലാണ് എന്ന് വ്യക്തം.

ആന്തരിക പുരുഷാധിപത്യം പോലെ തന്നെ ആന്തരിക ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള പ്രബന്ധങ്ങൾ കൂടി വായിച്ചാൽ നന്നാവും. അതും വ്യവസ്ഥാനുസാരമായ അധികാര വ്യവഹാരമായതിനാൽ സ്വയം ഇരകളാവുന്നത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. ‘മതം വിട്ട് മനുഷ്യനാകൂ’ എന്നത് ഉപദേശവും, ‘ഇസ്‌ലാമിലേക്ക് വരൂ’ എന്ന ക്ഷണം തീവ്രവാദവുമാവുന്ന നാട്ടിൽ ‘രാത്രി വെളുക്കുമ്പോഴേക്കും സമുദ്രത്തിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക് ചാടിയ’ കമല സുരയ്യയും ‘വകതിരിവില്ലാത്ത’ ഹാദിയയും ഉണ്ടാവുന്നത് സ്വാഭാവികമാണ്. മതത്തിൽ നിന്ന് പോകുന്നവർക്കുള്ള (മുർത്തദ്) ഇസ്‌ലാമിക രാഷ്ട്രത്തിലെ നിയമങ്ങളെ കുറിച്ച് വ്യാകുലതകൾ പങ്കുവെക്കുമ്പോൾ നമ്മൾ ജീവിക്കുന്നിടത്ത് കൊടിഞ്ഞി ഫൈസലും ആമിന കുട്ടിയും കൊല്ലപ്പെട്ട് കഴിഞ്ഞെന്നോർക്കണം. എന്നിട്ടും അതേ നാട്ടിലെ ഭരണഘടന വേദപുസ്തകമാകുന്നത് സ്വാതന്ത്ര്യവും പുരോഗമനവുമാവുകയും ഖുർആൻ അനുശാസിക്കുന്ന ജീവിത രീതി സ്വീകരിക്കുന്നത് വിഡ്ഢിത്തമാക്കുകയും ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു!

By റാനിയ സുലൈഖ

Graduate Student, Delhi University