ആർഎസ്എസ് അമേരിക്കയിൽ സ്വാധീനമുറപ്പിക്കുന്ന വിധം

അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനത്തില്‍ എട്ടു ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചതായി ഒരു അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ കാശ്മീരി ജേണലിസ്റ്റ് റാഖിബ് ഹമീദ് നായ്ക് അല്‍ ജസീറയില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം വലതുപക്ഷ അനുയായികളുടെ സമ്മര്‍ദ്ദ ഫലമായി വെബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. പക്ഷേ അമേരിക്കയിലെ പൗരസമൂഹത്തിന്റെ ഇടപെടല്‍ നിമിത്തം ഏപ്രില്‍ 27 ന് പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന്, ഈ സംഘടനകള്‍ ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് റാഖിബിനും മറ്റു ആക്ടിവിസ്റ്റുകള്‍ക്കും എതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ലേഖനത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ സുനിത വിശ്വനാഥന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ സഹസ്ഥാപകന്‍ രാജു രാജഗോപാല്‍, ക്രിസ്ത്യന്‍ സംഘടനയുടെ നേതാവ് ജോണ്‍ പ്രഭുദാസ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലിന്റെ റഷീദ് അഹ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലെ നൂലാമാലകള്‍ ഒഴിവാക്കാന്‍ വേണ്ടിയാകാം, ലേഖനം എഴുതിയ റാഖിബിനെ കോ കോണ്‍സ്പിറേറ്റര്‍ ആയാണ് കേസില്‍ ചേര്‍ത്തിരിക്കുന്നത്. ലേഖനം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരില്‍ പ്രശസ്ത ചരിത്രകാരി ഡോ. ഓഡ്രേ ട്രഷ്‌കിയെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ ‘ഹൗ ആര്‍എസ്എസ് ഇസ് ഗെയ്‌നിങ് ഇന്‍ഫ്‌ലുവെന്‍സ് ഇന്‍ ദ യുഎസ്?’ എന്ന ഓൺലൈൻ പരിപാടിയില്‍ റാഖിബ് ഹമീദ് നായ്കുമായി ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥിനി ഫായിസ സി. എ നടത്തിയ സംഭാഷണം.

അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍ ഏതൊക്കെയാണ്? എങ്ങനെയാണ് അവയുടെ പ്രവര്‍ത്തനം?

കോവിഡ് ഫണ്ട് സ്വരൂപിച്ച അമേരിക്കയിലെ അഞ്ച് ഹിന്ദുത്വ സംഘടനകളെക്കുറിച്ചായിരുന്നു എന്റെ ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിച്ചത്. ഔദ്യോഗികമായി അവയെല്ലാം വെവ്വേറെ സംഘടനകളാണ്. പക്ഷേ, അതില്‍ വിഎച്ച്പിഎ (വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക)യുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍, ഇന്ത്യയിലെ വിഎച്ച്പിയുടെ ആദര്‍ശങ്ങളും ലക്ഷ്യങ്ങളുമാണ് തങ്ങളുടേതെന്ന് പ്രസ്താവിച്ചിരിക്കുന്നു. അതായത്, പേരും ലക്ഷ്യങ്ങളും എല്ലാം ഒന്നു തന്നെയെന്നര്‍ഥം. ഈ വിഎച്ച്പിഎ കുറച്ച് ആഴ്ച്ചകള്‍ മുമ്പ് മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്നു വിദ്വേഷം പരത്തിയ യതി നരസിംഹാനന്ദ് സരസ്വതിയെ അവരുടെ പരിപാടിയില്‍ പ്രഭാഷകനായി ക്ഷണിച്ചിരുന്നു. പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ വന്നതിനെ തുടര്‍ന്ന് ആ ക്ഷണം അവര്‍ പിന്‍വലിച്ചു.

ഇന്ത്യയിലെ ആര്‍എസിഎസിന്റെ സേവന വിഭാഗമായ സേവാ ഭാരതിയുടെ ശാഖയായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവ ഇന്റര്‍നാഷണല്‍. ഇന്ത്യയിലെ ഗ്രാമീണ- ആദിവാസി മേഖലകളില്‍ ഒരു ലക്ഷത്തോളം ഏകാധ്യാപക സ്‌കൂളുകളുള്ള ആര്‍എസിഎസിന്റെ വിദ്യാലയ ശൃംഖലയാണ് ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍. 2009 ലെ മാനവിക വിഭവശേഷി വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഈ സ്‌കൂളുകളെക്കുറിച്ച് പറയുന്നത്, ഇത്തരം സ്‌കൂളുകള്‍ വിദ്വേഷം പരത്തുന്നവയാണ്, അവയുടെ കരിക്കുലം വര്‍ഗീയമാണ് എന്നൊക്കെയാണ്. ഈ സ്‌കൂളുകള്‍ അമേരിക്കയിലും പ്രവര്‍ത്തിക്കുന്നു.

കടുത്ത ഹിന്ദുത്വ വാദിയും വിദ്വേഷ പ്രചരകനുമായ എഴുത്തുകാരന്‍ രാജീവ് മല്‍ഹോത്രയുടെ ഇന്‍ഫിനിറ്റി ഫൗണ്ടേഷനാണ് മറ്റൊരു സംഘടന. മറ്റൊന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ്. ഇങ്ങനെ അഞ്ചു സംഘടനകളാണ് പ്രധാനമായും ഹിന്ദു ദേശീയവാദ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്നവ.

ആര്‍എസിഎസിനു തന്നെ അതിന്റെ സമാനമായ അമേരിക്കന്‍ പതിപ്പായി ഹിന്ദു സ്വയം സേവക് സംഘ് (എച്ച്എസ്എസ്) എന്ന പേരില്‍ ഒരു സംഘടനയുണ്ട്. മോദി ഇന്ത്യയില്‍ അധികാരത്തില്‍ വരുന്നതിനും കാലങ്ങള്‍ക്കു മുമ്പേ ഈ സംഘടന അമേരിക്കയില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയതാണ്. വിഎച്ച്പിഎ 1970 ലും എച്ച്എസ്എസ് 1989 ലും സ്ഥാപിതമായതാണ്. ഇതൊന്നും പുതിയ പ്രതിഭാസമേയല്ല. ബാബരി മസ്ജിദ് ധ്വംസന കാലത്ത് എന്താണുണ്ടായത്? അമേരിക്കയില്‍ നിന്നും ഇത്തരം സംഘങ്ങള്‍ ക്ഷേത്രം പണിയാന്‍ പ്രത്യേക കല്ലുകള്‍ അയച്ചു കൊടുത്തിരുന്നു. വിഎച്ച്പിഎ അങ്ങനെ രാമക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ അയച്ചു കൊടുത്ത സംഘടനയാണ്. ഇന്ത്യയിലിന്ന് ഇക്കൂട്ടര്‍ നടത്തുന്നത് കഴിഞ്ഞ നൂറു വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലമാണെങ്കില്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തെ അമേരിക്കയിലെ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

ഇവരെങ്ങനെയാണ് അമേരിക്കന്‍ ഗവണ്‍മെന്റിനും സമൂഹത്തിനുമിടയില്‍ സ്വീകാര്യതയാര്‍ജിച്ചത്?

പ്രത്യയശാസ്ത്രപരമായി ഇന്ത്യയിലെയും അമേരിക്കയിലെയും ഹിന്ദുത്വ സംഘടനകള്‍ സമാനമാണെങ്കിലും അതിന്റെ പ്രകടനം വ്യത്യസ്തമായിരിക്കും. തങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായായിരിക്കും അവരുടെ പ്രവര്‍ത്തനരീതി. അമേരിക്കയിലെ സ്വാതന്ത്ര്യം, സമത്വം, മാനവികത എന്നിവയെക്കുറിച്ചും കറുത്തവരുടെ അവകാശത്തെക്കുറിച്ചും അവര്‍ വാചാലരാകും. എന്നാല്‍ ഇന്ത്യയില്‍ ദളിതരുടെ സമത്വത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവര്‍ ജാതിയെ കൈയ്യൊഴിയും, ജാതി ഹിന്ദുമതവുമായി ബന്ധമില്ലാത്ത ഒരു കൊളോണിയല്‍ നിര്‍മിതിയാക്കി അവതരിപ്പിക്കും. അമേരിക്കയില്‍ നീതിബോധത്തെക്കുറിച്ച് ക്രിയാത്മക നിലപാടെടുക്കുന്ന ഇവര്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നീതിയുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളും. അവര്‍ തങ്ങളെ ബഹുസാംസ്‌കാരികതയുടെ ഭൂമികയില്‍ പ്രവര്‍ത്തിക്കുന്നവരായാണ് അമേരിക്കയില്‍ വ്യാഖ്യാനിക്കുന്നത്.

“ഒരു തീവ്രവലതുപക്ഷ ആശയം പേറുന്ന ഒരു സംഘടനയാണ് എന്നു തിരിച്ചറിയാന്‍ കഴിയാത്തത്ര സൂക്ഷ്മതയോടെ അമേരിക്കന്‍ ലിബറല്‍ മൂല്യങ്ങളെ താലോലിക്കുകയാണ് അമേരിക്കയിലെ ഹിന്ദുത്വര്‍” എന്ന് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ വിക്കര്‍ തന്റെ പഠനത്തില്‍ നിരീക്ഷിക്കുന്നു.

അമേരിക്കയുടെ ഇന്ത്യയോടുള്ള വിദേശ നയത്തെ സ്വാധീനിക്കുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഒരു രാജ്യത്ത് നീതിയെയും മറ്റൊരു രാജ്യത്ത് അനീതിയെയും പിന്തുണക്കുന്ന ഹിന്ദുത്വര്‍ ഡെമോക്രാറ്റുകള്‍ക്കിടയിലെന്ന പോലെ റിപ്പബ്ലിക്കന്‍സിനിടയിലും പുരോഗമനവാദികള്‍ക്കിടയില്‍ പോലും നിങ്ങള്‍ക്ക് കണ്ടെത്താം.

സാധാരണ പൗരന്മാരുടെ കാര്യമെടുത്താല്‍, ഇന്ത്യയില്‍ വളരെ മോശമായതെന്തോ നടക്കുന്നുണ്ടെന്ന ധാരണയ്ക്കപ്പുറം, ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചോ വാര്‍ത്തകളുടെ വിശദാംശങ്ങളെക്കുറിച്ചോ ധാരണയുള്ളവരാകണമെന്നില്ല. സേവ ഇന്റര്‍നാഷണലിന് സാമ്പത്തിക സഹായം നല്‍കുന്ന മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ മുതല്‍ മുസ്‌ലിം കോണ്‍ഗ്രസ് അംഗങ്ങളെ വരെ എനിക്കറിയാം. അവരൊന്നും ഇത്തരം സംഘടനകളുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ബോധവാന്മാരല്ല. അമേരിക്കയിലെ അഞ്ചു സംഘടനകള്‍ ചേര്‍ന്ന് 55 മില്യണോളം ഡോളര്‍ ഇന്ത്യയിലെ ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് സംഭാവന ചെയ്തു. 1994 നും 2000 നും ഇടയിലായി ഇന്ത്യന്‍ ഡെവലെപ്‌മെന്റ് ആന്റ് റിലീഫ് ഫണ്ട് എന്ന നോണ്‍ പ്രോഫിറ്റ് സംഘടന അവരുടെ അമ്പതു ശതമാനത്തോളം സംഭാവനകളും ആര്‍എസ്എസ് അനുകൂലികള്‍ക്കാണ് നല്‍കിയതെന്ന് സബ് രംഗ് ഇന്ത്യയുടെ 2002 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംകളടക്കമുള്ള എല്ലാ സമുദായങ്ങളും ഇത്തരം സംഭാവനകളില്‍ ദാതാക്കളാണ് എന്നതാണ് വാസ്തവം. വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് അത്രയും അമേരിക്കന്‍ മൂല്യങ്ങളുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ടാണെന്നതാണ് കാരണം.

ഏകല്‍ വിദ്യാലയ ഉദാഹരണമായെടുത്താല്‍, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ അധസ്ഥിതരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഏകാധ്യാപക പാഠശാലയ്ക്കു വേണ്ടിയാണ് സഹായം തേടുന്നത് എന്നു അവര്‍ പറയുമ്പോള്‍, മറ്റു വിവരങ്ങളൊന്നും ഒരാള്‍ അന്വേഷിച്ചെന്നു വരില്ല. ഒരു മാസം 200 ഡോളര്‍ ചോദിച്ചാല്‍, അമേരിക്കയിലെ മധ്യവര്‍ഗത്തിന് അതൊരു ഭാരിച്ച സംഖ്യയേയല്ല. “എന്റെ മരണപ്പെട്ട അമ്മയ്ക്കു വേണ്ടി നിങ്ങള്‍ ആ സ്‌കൂള്‍ തുടങ്ങൂ” എന്നു പറഞ്ഞ് അവര്‍ ആ സംഖ്യ നല്‍കിയേക്കും. ഇങ്ങനെ ആയിരക്കണക്കിനു പേരില്‍ നിന്നും അവര്‍ സംഖ്യ കൈപ്പറ്റും. അവരുടെ ഉദ്യേശ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് അമേരിക്കയില്‍ നടത്തേണ്ടത്.

അമേരിക്കയിലെ ഹിന്ദുക്കള്‍ ഹിന്ദുത്വ സംഘടനകളോടും ആശയങ്ങളോടും പുലര്‍ത്തുന്ന സമീപനം എങ്ങനെയാണ്?

രണ്ടു മില്യണോളം ഹിന്ദുക്കള്‍ അമേരിക്കയിലുണ്ട്. ഞാനെല്ലായ്‌പ്പോഴും പറയുന്ന പോലെ, ഹിന്ദുയിസം ഹിന്ദുത്വയില്‍ നിന്നും വ്യത്യസ്തമാണ്. നടന്നു കൊണ്ടിരിക്കുന്നതിനെ കുറിച്ച് വ്യക്തമായി ബോധ്യമുള്ള, ന്യൂനപക്ഷങ്ങളുടെ കൂടെ പാറ പോലെ നിലയുറപ്പിക്കുന്ന വളരെ നല്ല ഹിന്ദുക്കള്‍ ഇവിടുണ്ട്. സുനിത വിശ്വനാഥ് നിയമനടപടി നേരിടുന്നത് പുരോഗമന പക്ഷത്തു നിലയുറപ്പിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും ചെയ്തതു കൊണ്ടാണ്. ഇത്തരം പുരോഗമന ശബ്ദങ്ങള്‍ അമേരിക്കയിലെ ഹിന്ദുത്വ ശക്തികള്‍ക്ക് ഒരു വെല്ലുവിളിയായതു കൊണ്ടാണ് അവര്‍ വേട്ടയാടപ്പെടുന്നത്.

ആർഎസ്എസ് തങ്ങളുടെ ആളുകളെ ഗവൺമെൻ്റിന്റെ ഭാഗമാക്കാൻ വേണ്ടി ഫണ്ടിങ് പോലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടോ?

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിനു വേണ്ട ധനസമാഹരണവും അമേരിക്കയുടെ വിദേശ നയത്തെ സ്വാധീനിക്കലുമാണ് ഇത്തരം ശക്തികളുടെ പ്രധാന ലക്ഷ്യം. തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കാനാണ് അവര്‍ കാലങ്ങളായി പണിയെടുത്തു കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ വളരെ മികച്ച രീതിയില്‍ സ്‌കൂള്‍ നടത്തുന്ന ടെക്‌സസിലെ ഒരു പ്രിസ്റ്റണ്‍ കുല്‍ക്കര്‍ണി, നേരത്തെ പറഞ്ഞ അമേരിക്കന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രത്യക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് ഫണ്ട് ചെയ്യുന്നത് ഹിന്ദുത്വ സംഘടനകളാണ് എന്നു ആക്ടിവിസ്റ്റുകള്‍ കണ്ടെത്തി. അതേ പോലെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുളസി ഗബ്ബാര്‍ഡിനും ഒട്ടേറെ പണം ഇത്തരം സംഘടനകളില്‍ നിന്നും ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസിനു പുറത്ത്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും തലപ്പത്ത് ഒട്ടേറെ ഹിന്ദുത്വരുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു ശലാഭ് കുമാര്‍, 2016 ല്‍ ട്രംപ് അധികാരത്തിലേറിയ സമയത്ത് അദ്ദേഹം 1.5 മില്യണ്‍ ട്രംപിന് സംഭാവന നല്‍കിയിരുന്നു. ഇതേ വ്യക്തിയാണ് അമേരിക്കയില്‍ മുസ്‌ലിം പള്ളികളെ നിരീക്ഷിക്കാന്‍ വേണ്ടി ട്രംപിനു വേണ്ടി നിയോഗിക്കപ്പെട്ടത്. 2014ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് ഇയാൾ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ മൂന്നു കോണ്‍ഗ്രസ് അംഗങ്ങളെ സംഘടിപ്പിച്ചിരുന്നു. 2002 ലെ ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്ന് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചിരുന്ന നരേന്ദ്ര മോദിക്ക്, അമേരിക്കയുമായി ബന്ധം പുതുക്കുന്നതിന് ആ കൂടിക്കാഴ്ച്ചയാണ് അവസരമൊരുക്കിയത്. ഇവരെത്രത്തോളം സ്വാധീന ശക്തിയാണെന്ന് ഈ ഉദാഹരണങ്ങളിലൂടെ നമുക്ക് മനസിലാക്കാം.

2019 ല്‍ അമേരിക്കന്‍ ഫോര്‍ ഹിന്ദു പൊളിറ്റിക്കന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ആന്റി ഇന്ത്യന്‍, ആന്റി ഹിന്ദു സ്ഥാനാര്‍ഥികളെ തങ്ങള്‍ പിന്തുണക്കില്ല എന്ന് ഇക്കൂട്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വക്കെതിരെയോ മോദിക്കെതിരെയോ സംസാരിക്കുന്നവരാണ് അവര്‍ക്ക് ആന്റി ഇന്ത്യന്‍- ആന്റി ഹിന്ദു വ്യക്തികള്‍. അവര്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മതവും രാജ്യവുമായി ഇടകലര്‍ത്തിക്കൊണ്ട് മറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മോദിയുടെ ആരാധക വൃന്ദം ‘ഹൗഡി മോഡി’ റാലികള്‍ അമേരിക്കയില്‍ നടത്തുകയണ്ടായല്ലോ. ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം മാത്രമാണോ ഹിന്ദുത്വ അനുകൂല വികാരം അമേരിക്കയില്‍ ശക്തിപ്പെട്ടത്?

2002 ല്‍ ഗുജറാത്ത് വംശഹത്യക്ക് ശേഷം മുതല്‍ അമേരിക്കയിലെ ഹിന്ദുത്വ സംഘങ്ങള്‍ നരേന്ദ്ര മോദിയെ ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ ആവതും ശ്രമിച്ചിട്ടുണ്ട്. എല്ലാത്തരം ജനാധിപത്യ- മതേതര മൂല്യങ്ങളെയും തച്ചുടച്ചു കൊണ്ട് അധികാരം നിലനിര്‍ത്തുന്ന ഒരു മനുഷ്യനെയാണ് ഹിന്ദുക്കളുടെ രക്ഷകനെന്ന ലേബലില്‍ അവര്‍ ഉയര്‍ത്തിക്കാണിച്ചത്. ‘ഹൗഡി മോദി’യുടെ കാര്യമെടുത്താല്‍, ആ ആള്‍ക്കൂട്ടം പ്രധാനമന്ത്രി മോദിയെയല്ല മറിച്ച് മോദിയെന്ന കള്‍ട്ടിനെയാണ് ആഘോഷിച്ചത്. നിങ്ങള്‍ക്കവരുമായി യുക്തിയുടെയും ന്യായത്തിന്റെയും ബലത്തില്‍ സംവദിക്കാന്‍ കഴിയില്ല, അവര്‍ അവരുടെ ആരാധനാപാത്രത്തിനു പിന്നാലെ അന്ധമായി ചലിക്കുന്നവരാണ്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഈ സംഘടനകളുടെ പ്രവർത്തനം എങ്ങനെയാണ് ബാധിക്കുന്നത്?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് തീവ്രവാദത്തില്‍ നിന്നും, കെടുകാര്യസ്ഥതയില്‍ നിന്നും ജമ്മു കാശ്മീര്‍ മോചിതമായി പുരോഗതി കൈവരിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ ഈ ഹിന്ദുത്വരോട്, കാശ്മീരിലെ ലോക്ഡൗണ്‍ നടപടികളെക്കുറിച്ച് ചോദിച്ചാൽ ഇന്ത്യന്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുളള വിഘടന ശക്തികളുടെ പ്രചാരണമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുക. പൗരത്വ നിയമത്തിന്റെ ഘട്ടത്തിലും, അത്തരമൊരു നിയമം മറ്റു രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദുക്കള്‍ക്ക് രക്ഷ നല്‍കുന്ന മഹത്തായ നിയമമാണെന്നായിരുന്നു പ്രചരണം. ഇത്തരത്തില്‍ ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ നയങ്ങളെ നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് പ്രതിരോധിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

By Editor