രാഷ്ട്രീയ കൊലപാതകങ്ങൾ: മതേതര,ദേശീയവാദ പാർട്ടികൾ വിചാരണ ചെയ്യപ്പെടുമ്പോൾ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തെയും വർത്തമാനത്തെയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലാണ് നാം എത്തിച്ചേരുന്നത്. ഒരു മനുഷ്യന്റെ ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെ തന്നെ റദ്ദ് ചെയ്തും, നിലനിൽക്കുന്ന ക്രമസമാധാന സംവിധാനങ്ങളെ മറികടന്നും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അരുംകൊലകൾക്കു പിന്നിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം കേരളീയ സമൂഹം അറിഞ്ഞു കഴിഞ്ഞതാണ്.

ഈയടുത്ത്,അഥവാ 2021 ഏപ്രിൽ മാസം മാത്രം നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും എത്രതന്നെ പ്രാദേശിക കാരണങ്ങളാൽ സംഭവിച്ചതാണെന്ന് പറഞ്ഞാലും ആർഎസ്എസ്- സിപിഎം ശത്രുതയുടെ,പ്രതികാര കൊലകളുടെ കേരള ചരിത്രവും പശ്ചാത്തലവും മനസ്സിലാക്കുമ്പോൾ അതല്ലെന്ന് മനസ്സിലാക്കാം. പോളിംഗ് ബൂത്തിലുണ്ടായ ചെറിയ തർക്കം മറു ചേരിയിൽ നിൽക്കുന്ന ഒരു വ്യക്തിയെ അതിക്രമിച്ചു കൊല്ലാൻ മാത്രം ഒരു സംഘത്തെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ ധാർമികതയും, സമൂഹത്തോടും തന്റെ സഹോദരന്റെ അവകാശങ്ങളോടുമുള്ള  പ്രതിബദ്ധതയും എത്രയാണെന്ന് ഭയപ്പെടുത്തുന്നതാണ്. ജൻമി- മുതലാളിത്ത വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട്, കേരളത്തിലെ കർഷക- തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി, അവരുടെ അവകാശങ്ങൾ നേടി കൊടുത്തുവെന്ന ചരിത്രപരമായവാദം ഉന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാദർശ  അധഃപതനമാണിതെന്ന് ഓർക്കണം. തെരഞ്ഞെടുപ്പ് ദിവസം വോട്ട് നിരയെ ബാധിക്കാതിരിക്കാൻ കൊല നടത്താൻ രാത്രിസമയം ആസൂത്രണം ചെയ്യുന്നു,ഒരു സംഘം ആളുകൾ ഇരയുടെ വീട്ടിൽ ചെന്ന് ബോംബെറിഞ്ഞ ശേഷം വീണ്ടും വെട്ടി കൊലപ്പെടുത്തുന്നു, സൈബർ ഇടങ്ങളിൽ കൊലയെ ന്യായീകരിക്കുന്നു, ഇതേ മാനസികാവസ്ഥ പിൻപറ്റുന്ന സഖാക്കളടങ്ങുന്ന കേരളീയ സമൂഹം കൊലയെ ആഘോഷിക്കുന്നു. എത്ര ക്രൂരമായാണ് കണ്ണൂരിൽ മൻസൂർ എന്ന മുസ്‌ലിംലീഗ് പ്രവർത്തകൻ സിപിഎം ഗുണ്ടകളാൽ കൊല്ലപ്പെടുന്നതും, അത് ‘മനുഷ്യത്വം’നിറഞ്ഞ’ ഇടത് അധീശ കേരളം ആഘോഷിക്കുന്നതും.

ദിവസങ്ങൾക്കു ശേഷം മാത്രം കേരളം വീണ്ടും ഒരു കൊലപാതകത്തിന് സാക്ഷ്യംവഹിച്ചു. ആലപ്പുഴ ജില്ലയിലെ ഒരു ഇടത് കുടുംബത്തിൽപെട്ട,വെറും 15 വയസ്സ് മാത്രം പ്രായമുള്ള ആലപ്പുഴയിലെ അഭിമന്യുവിനെ ആർഎസ്എസ് ഭീകരർ കൊലപ്പെടുത്തി. ഇത് ചെയ്ത ആർഎസ്എസ് കേരളത്തിലെ ഇടതു പക്ഷത്തിന് വെറും ‘ക്രിമിനലുകൾ’ മാത്രമായിരുന്നു. പ്രതിസ്ഥാനത്ത് മുസ്‌ലിം/ മുസ്‌ലിംസംഘടനകൾ വരുമ്പോൾ മാത്രം ‘ഭീകരവാദവും’ ‘വർഗീയവാദ’വുമായി മാറുന്നതും, എന്തുകൊണ്ട് ഹിന്ദു/ ബ്രാഹ്മണ വംശീയവാദമുയർത്തുന്ന ആർഎസ്എസ്/ബിജെപി സംഘടനകൾ പ്രതിസ്ഥാനത്ത് വരുമ്പോൾ ‘ക്രിമിനൽ’ കുറ്റവുമാകുന്നു എന്നതുതന്നെ ഇടതുബോധം എത്രമാത്രം സവർണവും ഇസ്‌ലാമോഫോബിക്കുമാണെന്ന് മനസ്സിലാക്കിത്തരുന്നതാണ്.

‘ദി വീക്ക്’ റിപ്പോർട്ട് ചെയ്തതുപ്രകാരം 2000 മുതൽ 2019 ഒക്ടോബർ മാസം വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ഈ കാലയളവിൽ കേരളത്തിൽ 173 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ്. കൊല്ലപ്പെട്ടവരിൽ 86 പേരും സിപിഎം പ്രവർത്തകരും, 65 പേർ ബിജെപി പ്രവർത്തകരും, 11 പേർ കോൺഗ്രസ്- മുസ്‌ലിം ലീഗ് പ്രവർത്തകരുമാണ്. 2015 വരെ സിപിഎം- ആർഎസ്എസ് ശത്രുതയിൽ 200 ൽ കൂടുതൽ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും ‘ഫസ്റ്റ് പോസ്റ്റ്’ 2016ൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള പരമ്പരയിൽ നിന്നും കണ്ടെത്താം. കൊല്ലപ്പെട്ടവരിൽ 90% പേരും താഴ്ന്ന ജാതിയായ ‘തിയ്യ’രിൽപ്പെട്ടവരാണ് എന്ന യാഥാർത്ഥ്യവും റിപ്പോർട്ട്‌ മുന്നോട്ടുവെക്കുന്നു.

ഭരണം നടത്താൻ ജാതി മേൽക്കോയ്മയുള്ള സവർണരും, ഭരിക്കപ്പെടാനും പാർട്ടിക്കുവേണ്ടി മരിച്ചുവീഴാനും താഴ്ന്ന ജാതിക്കാരും എന്ന ജാതിബോധം പ്രകടമാണിവിടെ.

ഇതേ പഠനത്തിൽ 1990 മുതൽ 2020 വരെയുള്ള കണക്ക് വ്യക്തമാക്കുന്നത് കേരളത്തിൽ ഇടത് ഭരണകാലത്താണ് ഏറ്റവും വലിയ തോതിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത് എന്നതാണ്. 1991-1996 യുഡിഎഫ് ഭരണകാലത്ത് 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിക്കുന്നത്. എൽഡിഎഫ് ഭരണം നടത്തിയ 1996- 2001 കാലഘട്ടത്തിൽ 28, യുഡിഎഫ് ഭരണകാലമായിരുന്ന 2001 – 2006 ൽ 6, 2006 മുതൽ 2011 വരെ എൽഡിഎഫ് ഭരിച്ചപ്പോൾ 27, 2011-2016 ൽ യുഡിഎഫ് ഭരിച്ചപ്പോൾ പതിനൊന്നുമാണ് കൊലപാതകനിരക്ക്. 2016 മെയ് മുതൽ, അഥവാ ഇടതുസർക്കാർ അധികാരത്തിൽ വന്നതു മുതൽ ഇന്നുവരെ കേരളത്തിൽ 38 രാഷ്ട്രീയ കൊലപാതകങ്ങൾ സംഭവിച്ചു എന്നത് ഭീതിജനകമായ വസ്തുതയാണ്. ഭരണത്തിൽ വന്ന അതേ വർഷം മാത്രം 9 കൊലപാതകങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒക്ടോബർ മാസം രണ്ടാഴ്ചക്കുള്ളിൽ മൂന്ന് കൊലപാതകങ്ങൾ. 2016ൽ 4 ബിജെപി പ്രവർത്തകരും, രണ്ട് സിപിഎം പ്രവർത്തകരും, രണ്ടു മുസ്‌ലിം ലീഗ് പ്രവർത്തകരും, ഒരു മുൻ സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടു. 2017ൽ 5 ബിജെപി പ്രവർത്തകരും, 2018ൽ ഒരു എസ്എഫ്ഐ പ്രവർത്തകനും, രണ്ട് ബിജെപി പ്രവർത്തകരും, ഒരു കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടു.

2019 ഫെബ്രുവരി 17നാണ് കാസർഗോഡ് പെരിയയിലെ ശരത് ലാൽ, കൃപേഷ് എന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെടുന്നത്. 14 സിപിഎം പ്രവർത്തകർ പ്രതിചേർക്കപ്പെട്ട കേസ് സിബിഐക്ക് കൈമാറാതിരിക്കാൻ ഗവൺമെന്റ് ചെലവഴിച്ചത് 90 ലക്ഷത്തിൽ കൂടുതൽ തുകയാണ് (Rs.90, 92,337).എന്നാൽ സുപ്രീം കോടതി സർക്കാർ അപ്പീൽ നിരസിച്ചുകൊണ്ട് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. പൊതുഖജനാവിൽ നിന്നും പണം ചെലവഴിച്ചുകൊണ്ട് സർക്കാർ സിബിഐ അന്വേഷണം തടയുന്നത് എന്തുകൊണ്ടായിരിക്കും? സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്? യഥാർത്ഥത്തിൽ ആരെയാണ് സർക്കാർ സംരക്ഷിക്കുന്നത്?

ഈ രീതിയിൽ തന്നെയായിരുന്നു 2018 ലെ ശുഹൈബ് വധക്കേസിലും സർക്കാർ കുറ്റാരോപിതരെ രക്ഷിക്കാൻ ശ്രമിച്ചത് എന്നതും വസ്തുതയാണ്. 2018 ഫെബ്രുവരി 12നാണ് കണ്ണൂർ മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകനായ ശുഹൈബ് വധിക്കപ്പെടുന്നത്. പെരിയാർ കൊലപാതകത്തിലെ അതേ കൊലപാതക രീതി തന്നെയായിരുന്നു ഇവിടെയും. കാൽമുട്ടിന് കീഴെ വെട്ടി, ഇരക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു കൊണ്ടാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്നതും ദുരുഹതയാണ്. ശുഹൈബിന് അരക്കുതാഴെ 37 വെട്ടുണ്ടായിരുന്നു എന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. പിടിയിലായ 11 പ്രതികളിൽ നാല് സിപിഎം പാർട്ടി പ്രവർത്തകരുണ്ടായിരുന്നു. 56.4 ലക്ഷത്തോളം പണം പൊതുഖജനാവിൽ നിന്നും ചെലവഴിച്ചാണ് കേസ് മുകൾ കോടതിയിലേക്ക് പോകുന്നത് തടയാൻ സർക്കാർ ഡൽഹിയിൽ നിന്നും സുപ്രീംകോടതി അഭിഭാഷകരെ വാദിക്കാൻ കൊണ്ടുവന്നത്.കേസ് സിബിഐയ്ക്ക് കൈമാറേണ്ടെന്ന് പറഞ്ഞുകൊണ്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും കോടതി അംഗീകരിക്കുകയും ചെയ്തു.

ഈ രീതിയിൽ സിപിഎം പ്രവർത്തകർ പ്രതികളായി വരുന്ന കേസുകളിൽ പ്രതികളെ സംരക്ഷിച്ചും, സിബിഐക്ക് കേസ് കൈമാറുന്നതിനെ രാഷ്ട്രീയ-സാമ്പത്തിക അധികാരമുപയോഗിച്ച് തടഞ്ഞു വെച്ചും, ശിക്ഷ ലഘൂകരിക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചും, സാക്ഷികളുടെയും കുറ്റാരോപിതരുടെയും വ്യാജ ലിസ്റ്റ് പോലീസിന് കൈമാറിയും പലരീതിയിൽ കൊലപാതകങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ടു കൂടെയാണ് കേരളത്തിൽ ഇന്നും രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായി കൊണ്ടിരിക്കുന്നത്. 2012-ലെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന സിപിഎം പൂനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തനെ അദ്ദേഹം രോഗിയാണെന്നും, ശുശ്രൂഷ ആവശ്യമാണെന്നും വാദിച്ചുകൊണ്ട് സിപിഎം അദ്ദേഹത്തിന്റെ ജീവപര്യന്ത കാലാവധി  ലഘൂകരിച്ചു. 36 കുറ്റാരോപിതരിൽ 24 പേർ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. കുറ്റവിമുക്തരായവരിൽ ഏഴ് പേർ സിപിഎം നേതാക്കളായിരുന്നു. ഫസ്റ്റ് പോസ്റ്റിന്റെ പരമ്പരയിൽ കുറ്റാരോപിതരുടെയും സാക്ഷികളുടെയും വ്യാജ ലിസ്റ്റ് പാർട്ടി പോലീസിന് നൽകുന്നതായും, അത് സ്വീകരിക്കുന്ന പാർട്ടിയോട് കൂറുള്ള പോലീസുകാരെ കുറിച്ചും, പേര് പരാമർശിക്കാൻ തയ്യാറാകാത്ത കണ്ണൂരിലെ ഒരു സീനിയർ പോലീസ് ഓഫീസർ പരാമർശിക്കുന്നുണ്ട്.

തന്ത്രപ്രധാന പ്രദേശങ്ങളിൽ പാർട്ടിയോട് നല്ല കൂറുള്ള പോലീസ് ഓഫീസർമാരെ മാത്രമേ സർക്കാർ നിയമിക്കുകയുള്ളൂ എന്നും,പണം ലഭിക്കുന്നതിനാൽ പാർട്ടിക്കുവേണ്ടി കൊലപാതകക്കുറ്റം ഏറ്റെടുക്കുന്ന പാർട്ടിപ്രവർത്തകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ കാരണങ്ങൾ കൊണ്ടെല്ലാമാണ് കണ്ണൂരിൽ കഴിഞ്ഞ പത്ത് വർഷത്തിൽ 21 കൊലക്കേസുകളിലായി 173 സിപിഎം പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും, പല കേസുകളിലും കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയും ആരും ശിക്ഷിക്കപ്പെടാതെ പോയതും.

2020ൽ 45 ദിവസത്തിനുള്ളിൽ നാല് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഇവ നാലും സിപിഎം പ്രവർത്തകരുമാണ്. ആഗസ്റ്റ് 18ന് കായംകുളത്തെ സിപിഎം പ്രവർത്തകനായ സിയാദ് കൊല്ലപ്പെടുന്നു. കായംകുളം നഗരസഭാ ഏഴാം വാർഡ് കോൺഗ്രസ് കൗൺസിലർ അടക്കം നാല് പ്രതികൾ. അതിനു ശേഷം അതേ മാസം 20- നാണ് വെഞ്ഞാറമൂട് മിഥിലാജ്,മുഹമ്മദ് ഹഖ്  എന്നിവർ രാത്രി റോട്ടിൽവെച്ച് ധാരുണമായി കൊല്ലപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർ പ്രതികളായ കേസിൽ രണ്ട് പേർ മറ്റൊരു വധക്കേസിലെ പ്രതികൾകൂടെയായിരുന്നു. ഇതിനുശേഷമാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു സനൂപിനെ ആർഎസ്എസ് പ്രവർത്തകർ കൊല്ലുന്നത്.

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ നേതാക്കളുടെ പങ്കും ചെറുതല്ല എന്ന്  കാണാം. ടിപി വധക്കേസിൽ സിപിഎം നേതാവായിരുന്ന പി കെ കുഞ്ഞനന്തനായിരുന്നു കൊല ആസൂത്രണം  ചെയ്തവരിൽ വിദഗ്ധൻ.പക്ഷേ അദ്ദേഹം പാർട്ടി സഹായത്താൽ ശിക്ഷയിൽനിന്നും ഭാഗികമായി രക്ഷപ്പെടുകയാണുണ്ടായത്. 2012 ൽ മുസ്‌ലിംലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.ആർഎസ്എസ് പ്രവർത്തകനായ കതിരൂർ മനോജ് വധക്കേസിലും അദ്ദേഹം കുറ്റാരോപിതനായിരുന്നു. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിലെ കോൺഗ്രസ് നേതാവായ അടൂർ പ്രകാശ് എം.പി യുടെ പങ്കും കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്.

“ദ വീക്ക് “ റിപ്പോർട്ട് ചെയ്തത് പ്രകാരം കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ 60 ശതമാനത്തിനടുത്ത് സംഭവിച്ചത് കണ്ണൂർ ജില്ലയിലാണെന്ന് കാണാം. 2000 നും 2016 -നുമിടക്ക് കണ്ണൂരിൽ 69 കൊലപാതകങ്ങൾ നടന്നതിൽ 31 പേർ ബിജെപി പ്രവർത്തകരും,30 പേർ സിപിഎം പ്രവർത്തകരുമായിരുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പരിശോധിച്ചുകൊണ്ട് ‘ഫാക്ട് ചെക്കർ ‘റിപ്പോർട്ട് ചെയ്തത് സിപിഎം ഭരണം നടന്ന 2000ലും 2006-2011 കാലയളവിലും കേരളത്തിൽ റിപ്പോർട്ട് ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളുടെ പകുതിയും കണ്ണൂരിൽ സംഭവിച്ചതാണ് എന്നതാണ്. യുഡിഎഫ് ഭരണകാലത്തും 20 മുതൽ 30 ശതമാനം വരെ കണ്ണൂരിൽ തന്നെയാണ് കൊലപാതകങ്ങൾ സംഭവിക്കുന്നത്. കമ്മ്യൂണിസത്തിന് ശക്തമായ സ്വാധീനമുള്ള കണ്ണൂരിൽ 1940കളിൽ ആർഎസ്എസിന്റെ കടന്നുവരവോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചതെന്നും ‘ഫസ്റ്റ് പോസ്റ്റ്’ പരമ്പര പറഞ്ഞു വെക്കുന്നുണ്ട്.

കേരളത്തിൽ ആർഎസ്എസ് തങ്ങളുടെ പ്രവർത്തകർക്ക് സായുധ പരിശീലനം നൽകുന്നതിന് കേരളം സാക്ഷിയാണ്. 2016 ൽ തന്നെ കണ്ണൂരിൽ 25 അമ്പലങ്ങളിലും, 20 സ്കൂളുകളിലും, 13 പൊതുഇടങ്ങളിലും ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുകയും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ആർഎസ്എസും സിപിഎമ്മും കണ്ണൂരിൽ പ്രവർത്തകർക്ക് സായുധ പരിശീലനം നൽകിയിരുന്നുവെന്നും സിപിഎം ഒരുകാലത്ത് പ്രതിരോധമായി കണ്ടുകൊണ്ടാണ് പരിശീലനം നൽകിയിരുന്നതെന്നും, ഇന്നവ പരിശീലനങ്ങളിൽ നിന്നും മാറി പണം കൊടുത്ത് കേരളത്തിന് പുറത്തുനിന്നും കൊണ്ടുവരുന്ന ‘ക്വട്ടേഷൻ’ സംഘങ്ങളായി വികസിച്ചിട്ടുണ്ട് എന്നും പത്രപ്രവർത്തകനായ ഉല്ലേഖ് .എൻ. പി. തന്റെ “Kannur:Inside India’s bloodiest revenge politics” എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറ്റാരോപിതരായ പ്രതികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങളും കേരളീയസമൂഹം ഈയടുത്തായി കണ്ടുവരുന്നു.

2021 ഏപ്രിൽ മാസം നടന്ന മൻസൂർ വധക്കേസിലെ രണ്ടാംപ്രതി സിപിഎം പുല്ലൂർക്കര ബ്രാഞ്ച് കമ്മിറ്റി അംഗം രതീഷിന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണം ഏറെ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. ഈ രീതിയിൽ കുറ്റാരോപിതരുടെ ദുരൂഹസാഹചര്യത്തിൽ ള്ള മരണങ്ങൾ കേരളത്തിൽ ഇതാദ്യമല്ല. 1999 ൽ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ബിജെപി നേതാവ് കെ. ടി ജയകൃഷ്ണൻ മാഷ് വധക്കേസിലെ പ്രതി കാരായി സജീവന്റെ മൃതദേഹം 2003 ആഗസ്റ്റിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് ദുരൂഹമായിരുന്നു. മുഴുവൻ സത്യവും അദ്ദേഹം കോടതിയിൽ പറയാൻ പോകുന്നു എന്ന് തന്നോട് പറയാറുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ അമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2006ലെ ഫസൽ വധക്കേസിൽ പ്രതിയായിരുന്ന പഞ്ചാരഷിനിലിന്റെ മൃതദേഹം 2007 ൽ ന്യൂ മാഹി എടന്നൂർ റെയിൽവേ പാളത്തിൽ നിന്നും ലഭിച്ചു.പിന്നീട് മറ്റൊരു പ്രതി മുഴിക്കര കുട്ടനും മട്ടന്നൂരിൽ സിപിഎം ഓഫീസിന് അടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി. 2012ലെ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയായായിരുന്ന കണ്ണൂർ മൊറാഴ സ്വദേശി സതീഷിനെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കുറ്റാരോപിതരുടെ ദുരൂഹമരണങ്ങൾ  ‘ജീവനൊടുക്കി’ എന്നും ‘അസ്വാഭാവിക മരണ’മെന്നും എഴുതിത്തള്ളുമ്പോൾ സ്വന്തം പാർട്ടി പോലും തുടരന്വേഷണം ആവശ്യപ്പെടാത്തതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.

2014 മുതൽ 2019 ഫെബ്രുവരി വരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ സിപിഎം പ്രവർത്തകർ കുറ്റാരോപിതരായിരിക്കുന്നത് 25 കേസുകളിലും, ബിജെപി 11 കേസുകളിലും, മുസ്‌ലിംലീഗ്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്  എന്നിവർ ഓരോ കേസുകളിലുമാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതരായിട്ടുള്ളത് സിപിഎം, ബിജെപി  പ്രവർത്തകരായിരുന്നിട്ടും, കേരള /ഇന്ത്യൻ പൊതുമണ്ഡലത്തിൽ അവർ ‘മതേതരത്വത്തി’ന്റെയും ‘ദേശസ്നേഹത്തി’ന്റെയും ബിംബങ്ങളാവുകയും, മുസ്‌ലിം ലീഗ്,എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്  പോലുള്ള മുസ്‌ലിം ന്യൂനപക്ഷം ഏറ്റവും കൂടുതലുള്ള സംഘടനകൾ ‘വർഗീയത’യുടെയും ‘ഭീകരവാദ’ത്തിന്റെയും  ചിഹ്നമാവുകയും ചെയ്യുന്നിടത്താണ് സമൂഹം എത്രമാത്രം മുസ്‌ലിം വിരുദ്ധവും സവർണവുമാണെന്ന് മനസ്സിലാക്കാൻ സാധിക്കുക.

By നഹ്ല മുഹമ്മദ്

BA History, Govt. Victoria College, Palakkad