ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നോടിയായി വിധിയെ പിന്തുണച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകൾ രംഗത്തു വന്നിരുന്നു. രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് മുസ്ലീം സമുദായമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന പേരിൽ സ്കോളർഷിപ്പ് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയത്. അതിലേക്ക് ക്രിസ്ത്യൻ വിഭാഗത്തിലെ ലത്തീൻ- പരിവർത്തിത സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി 20 ശതമാനം നൽകുകയായിരുന്നു. സംഘപരിവാർ കുപ്രചരണങ്ങളെ ശരിവെക്കുന്ന കോടതിയിടപെടലാണ് പുതിയ വിധി എന്ന വിമർശനങ്ങൾ ശക്തമാണ്. വിഷയത്തിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ്, കേരള സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ജനറൽ സെക്രട്ടറി എൻ കെ അലി സംസാരിക്കുന്നു.
നിലവിലെ കോടതി വിധിയിലേക്ക് എത്തിയ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘപരിവാര്‍- ഫാഷിസ്റ്റു ശക്തികള്‍ സാമൂഹ്യമാധ്യമങ്ങളടക്കമുപയോഗിച്ചു കൊണ്ട് നടത്തിയ കുപ്രചരണങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ആ പ്രചരണങ്ങളെ കൂട്ടുപിടിച്ച ക്രിസ്ത്യൻ സഹോദര സമുദായത്തിലെ ചിലര്‍ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ലത്തീന്‍ ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും തെറ്റിദ്ധിരിപ്പിച്ചു കൊണ്ട് കൂടെ കൂട്ടി, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം താമരശ്ശേരി, അങ്കമാലി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി ഒപ്പം തിരുവന്തപുരത്തെ എല്ലാ ബിഷപ്പുമാരും ഇത്തരം കുപ്രചരണങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളുകയുണ്ടായി. മലങ്കര യാക്കോബായ മാര്‍ത്തോമാ സഭകളും സംഘപരിവാര്‍ ശക്തികളുടെ നുണപ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന തരത്തില്‍ സഹകരിക്കുകയും ചെയ്ത
ഈ കോടതിവിധിക്കു പിന്നാലെ ഭരണപക്ഷത്തും പ്രതിപക്ഷത്തും പെട്ട മുന്നാക്ക കക്ഷികളും ചില പിന്നാക്ക കക്ഷികളുമടക്കം വിധിയെ സ്വാഗതം ചെയ്തു കൊണ്ട്, അത് നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തി. മറുവശത്ത്, ഈ വിധിയില്‍ അപമാനവും അപകര്‍ഷതാബോധവും പേറിക്കൊണ്ടാണ് മുസ്‌ലിം ന്യൂനപക്ഷം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
കോടതിയിലേക്ക് എത്തിയ വിഷയത്തെക്കാള്‍ അമിതമായ സവര്‍ണ മേല്‍ക്കോയ്മ പ്രകടമാകുന്ന, ചീഫ് ജസ്റ്റിസ് ചെയര്‍മാനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ ഖേദകരമാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മുപ്പത്തിയൊന്ന് പേജുള്ള വിധിയിലെ 29ആം നമ്പര്‍ പേജിലെ 36ആം ഖണ്ഡിക ഇപ്രകാരമാണ്: “Therefore, deducing the facts, circumstances and the laws, we are of
the considered opinion that the action of the State Government in subclassifying the minorities by providing merit-cum-means scholarship at 80% to Muslim community and 20% to the Latin Catholic Christians and Converted Christians cannot be legally sustained. In that view of the matter, we quash Exhibits P2, P3 and P4 orders of the State Government deliberated above in detail, and hereby direct the Kerala State Government to pass requisite and appropriate Government orders providing merit-cum-means scholarship to the members of the notified minority communities within the State equally and in accordance with the latest population census available with the State Minority Commission.”
സര്‍ക്കാര്‍ നിശ്ചയിച്ച 80:20 എന്ന അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നാണ് വിധി. ഇതില്‍ പറയുന്ന P2, 2008 ആഗസ്റ്റ് 16 ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ ക്ഷേമ സെല്‍ തുടങ്ങണമെന്നുള്ള പാലോളി കമ്മിറ്റിയുടെ ശിപാര്‍ശയാണ്. P3 ഉത്തരവ് 22 ഫെബ്രുവരി 2011 ലെതാണ്. അച്യുതാന്ദന്‍ സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പ് ഇറക്കിയ ഈ ഉത്തരവില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ- ബിരുദാനന്തര കോഴ്‌സുകളില്‍ സ്‌റ്റൈപെന്റ്, ഹോസ്റ്റല്‍ ഫീ, സ്‌കോളര്‍ഷിപ്പ് എന്നിവ അനുവദിക്കുന്നതിനെ സംബന്ധിച്ചാണ് P3 ഉത്തരവ്.

സിഎ, ഐസിഎഡബ്ല്യു കോഴ്‌സുകള്‍ പഠിക്കുന്ന ആറു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള ഉത്തരവാണ് (മെയ് 8, 2015) P4. ഈ സ്‌കോളര്‍ഷിപ്പ് 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍- പരിവര്‍ത്തിത ക്രൈസ്തവര്‍ക്കുമാണെന്നും മുന്‍ഗണന ബിപിഎല്‍ കാര്‍ഡുകാര്‍ക്കുമായിരിക്കുമെന്നും വിശദമാക്കുന്നുണ്ട്. ഈ മൂന്നു ഉത്തരവുകളാണ് ഇന്നലത്തെ വിധിയിലൂടെ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഇതിലെ P3 ഉത്തരവിന്‌റെ റദ്ദാക്കലിലൂടെ, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കപ്പെടുകയും, അതിന്റെ കീഴില്‍ വരുന്ന പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, ഭവന പദ്ധതി എന്നു തുടങ്ങി എല്ലാ ക്ഷേമ പദ്ധതികളുടെയും നിര്‍ത്തലാക്കലാണ് നടപ്പാക്കപ്പെടുന്നത് എന്നു കരുതാവുന്ന തരത്തില്‍ വിധിയെഴുത്ത് സങ്കീര്‍ണമാണ്.
എതിര്‍കക്ഷിയായ കേരള സര്‍ക്കാരിനാണ് കേസില്‍ സുപ്രീകോടതിയിലേക്ക് അപ്പീല്‍ പോകാന്‍ കഴിയുക. എന്നാല്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു കൊണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും ക്രിയാത്മകമായി ചെയ്യാനുള്ളത് വിധിയിലെ ഉത്തരവുകള്‍ പാലിച്ചുകൊണ്ട് കഴിയുന്നത്ര വേഗത്തില്‍ ഒരു തീരുമാനത്തിലെത്തലാണ്. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പൊതു ഖജനാവില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയതെല്ലാം വിശ്വാസപരമായി അവര്‍ക്ക് നിഷിദ്ധമാണ്. അതിനാല്‍ തന്നെ, മുന്‍വര്‍ഷങ്ങളില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അന്യായമായ വിതരണം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുകയും, ഉണ്ടെങ്കില്‍ അവ തിരിച്ചു പിടിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഒപ്പം, പുതിയ ജനസംഖ്യാ അനുപാതമനുസരിച്ചു കൊണ്ട് ക്ഷേമപദ്ധതികള്‍ പുനര്‍നിര്‍ണയിക്കാനും എത്രയും വേഗത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. കഴിഞ്ഞ പല മാസങ്ങളിലായി മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പദ്ധതി നടപ്പിനെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ തയ്യാറാകണം.
165ഓളം പൗരത്വ സമര കേസുകള്‍ കെട്ടിക്കിടക്കുന്ന, സാമ്പത്തിക സംവരണം നടപ്പാക്കിയ വിഷയത്തില്‍ മുപ്പതോളം ഹരജികള്‍ കെട്ടിക്കിടക്കുന്ന സുപ്രീകോടതിയിലേക്ക് അപ്പീല്‍ കൊടുക്കുന്നതിന് പകരം മുസ്‌ലിം വോട്ടുകളുടെ എഴുപതു ശതമാനവും നേടി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നീതിപൂര്‍വ്വമായ പരിഹാരം വിഷയത്തില്‍ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത്.