‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ.

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്‌ ഐ ഒ

നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്ത ലക്ഷദ്വീപിൽ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്‌ പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്‌ ഐ ഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ വഴി ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികൾ ദ്വീപിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്ന വംശീയ നടപടികളാണ്.ദ്വീപ് ജനത പാലിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടും CAA-NRC വിരുദ്ധ ബോർഡുകൾ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ രംഗപ്രവേശനം നടത്തിയിരുക്കുന്നത്, 99 ശതമാനം മുസ്ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിൽ അവിടുത്തെ സാംസ്കാരിക പൈതൃകത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേൽ നിലവിൽ മദ്യത്തിന് നിയന്ത്രണമുള്ള ദ്വീപിൽ മദ്യമൊഴുക്കാനും മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു.തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്നവർക്ക് രണ്ടു കുട്ടികൾ കൂടുതൽ പാടില്ലെന്ന തിട്ടൂരത്തിലൂടെയും കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയും നിരപരാധികളായ ദ്വീപ് നിവാസികളെ വേട്ടയാടുന്ന നടപടികളെ ചെറുക്കണമെന്നും എസ്‌ ഐ ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റി.ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമായ ദീപിലെ ജനങ്ങൾക്ക് വലിയ നഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടായത്. ട്രാഫിക് പ്രശ്‌നങ്ങൾ അനുഭവിക്കാത്ത റോഡുകൾ അനാവശ്യമായി വികസനം നടത്താനായി വീടുകളും മറ്റു കെട്ടിടങ്ങളും തകർക്കുന്നതടക്കം നിരവധി ജനദ്രോഹ നടപടികളാണ് തുടരുന്നത്.പുതിയ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ ദ്വീപുകാർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിൻ്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മുഴുവൻ മേഖലകളെയും മുച്ചൂടും തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാർ ഒരുക്കുന്നത്കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കോവിഡ് പ്രട്ടോകോളുകൾകർശനമായി പാലിച്ചിരുന്നിടത്ത് അതെല്ലാം എടുത്തു കളഞ്ഞു ,ഇന്ന് കൊവിഡിന്റെ എഴുപതിനായിരത്തോളം വരുന്ന ജനസംഖ്യയിൽ പത്തോളം ശതമാനം പേരും കോവിഡിൻ്റെ പിടിയിലായിരിക്കുകയാണ്.ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആരോഗ്യം സാമൂഹ്യക്ഷേമം വകുപ്പുകൾ വെട്ടിക്കളഞ്ഞു .സ്കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കി.മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി.അംഗനവാടികളിലെ ടീച്ചേഴ്സിനെ പലരേയും പിരിച്ചു വിട്ടു. ഇങ്ങനെ തുടങ്ങി നിരവധി വിചിത്രവും അന്യായവുമായ നടപടികളാണ് തുടരുന്നത്.ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.99 ശതമാനവും മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിനെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെ ദ്വീപ് ജനതയോട് ഉപാധികളില്ലാതെ ഐക്യപ്പെടേണ്ടുന്ന സമയമാണിത്.ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉയരുന്ന പ്രതിരോധങ്ങൾക്കൊപ്പം എസ് ഐ ഒ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിലെ കാവിവല്‍ക്കരണം ജനാധിപത്യ വിരുദ്ധം. കേന്ദ്ര സര്‍ക്കാരിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെയും അന്യായ നടപടികള്‍ പിന്‍വലിക്കുക: എംഎസ്എഫ്

ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ഇടപെടൽ പ്രതിഷേധാർഹം – എസ്.എഫ്.ഐ

തിരുവനന്തപുരം – മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശർമ്മയുടെ വിയോഗത്തിന് ശേഷം പ്രഫുൽ .കെ .പട്ടേൽ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്‌ട്രേറ്റർ ചുമതല എടുത്തതിന് ശേഷം ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വർഗ്ഗീയപരമായ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റെടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

ലക്ഷദ്വീപിലെ ജനതയുടെ ഭീഷണിയായി മാറിയ ഇദ്ദേഹത്തിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റുകയും ,ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

നജ്ദ റൈഹാൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ്

ലക്ഷദ്വീപ് വിഷയത്തിൽ സംഘ്പരിവാർ കടുത്ത അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ദ്വീപിൽ നടപ്പിലാക്കുന്ന സംഘ് പരിവാർ നയങ്ങൾ മാത്രമല്ല, അവയോടുള്ള പ്രതികരണങ്ങളെയും കടുത്ത ഫാസിസ്റ്റ് സമീപനത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ഭരണകൂടം. മൗലികവും ജനാധിപത്യപരവുമായ അവകാശങ്ങളോരോന്നായി താഴിട്ടു പൂട്ടുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടി അതിനവർക്ക് സർവപിന്തുണയും നൽകുന്നു. ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾക്ക് മണിക്കൂറുകളോളം തടസം സൃഷ്ടിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വാർത്ത ചെയ്തു എന്നതിൻ്റെ പേരിലായിരുന്നു വിലക്കേർപ്പെടുത്താൻ ശ്രമിച്ചത്. കൂടാതെ,പ്രഫുൽ പട്ടേലിനും ബി ജെ പിക്കുമെതിരെ ട്വീറ്റ് ചെയ്ത കെ എസ് യു വിൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻറ് ചെയ്യപ്പെട്ടു. സംഘ്പരിവാറിനെതിരായ ഇടപെടലിനെ തുടർന്നുണ്ടായ ഈ നടപടിയെ കെ എസ് യു നേതൃത്വത്തിന് ഒരു അംഗീകാരമായി മനസ്സിലാക്കാവുന്നതാണ്. ട്വീറ്റുകളെ മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ വീണ്ടും വീണ്ടും ട്വീറ്റ് ചെയ്തു കൊണ്ടു തന്നെ അതിനോട് പ്രതികരണങ്ങളുണ്ടാകണം.ലക്ഷദ്വീപിനെയും ഒക്യുപൈ ചെയ്യാനാണ് സംഘ് പരിവാർ ലക്ഷ്യം വയ്ക്കുന്നത്. ദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ അനുവദിക്കാതിരിക്കുക!

കെ എം അഭിജിത്ത്, കെ എസ് യു സംസ്ഥാന പ്രസിഡൻ്റ്

ലക്ഷദ്വീപിലെ ജനങ്ങളുടെസമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ.പട്ടേലിൻ്റെയും നടപടികൾ അവസാനിപ്പിക്കുക.

ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വക്താവായി പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ.പട്ടേലിൻ്റെ നടപടികൾക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിൻ്റെ പേരിൽ കെ.എസ്‌.യു ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഫാസിസ്റ്റ് നടപടികൾക്കെതിരെ പ്രതിഷേധിക്കുക.

അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിനെ തകർക്കാനുള്ള ആർ.എസ്.എസ് അജണ്ടയെ ചെറുക്കുക: കാംപസ് ഫ്രണ്ട്

അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിനെ തകർക്കാനുള്ള ആർ.എസ്.എസ് അജണ്ടയെ ചെറുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ ആവശ്യപ്പെട്ടു. 96 ശതമാനത്തിലധികം മുസ്​ലിംകൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി 2020 ഡിസംബര്‍ അഞ്ചിന് പ്രഫുൽ പട്ടേൽ ചുമതലയേറ്റെടുത്തതു മുതലാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവില്‍ നിന്നും മാംസാഹാരങ്ങളെ പൂര്‍ണമായും ഒഴിവാക്കി ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പിലാക്കുക, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, തുടങ്ങിയ നടപടികളിലൂടെ ദ്വീപ് ജനതയെ മുഴുവൻ വേട്ടയാടുകയാണ് സംഘപരിവാർ ഭരണകൂടം. അധികാരമുപയോഗിച്ച് വിചിത്രവും ക്രൂരവുമായ നിയമ പരിഷ്കരണങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെയും അവരുടെ സംസ്കാരത്തെയും ഇന്മൂലനം ചെയ്യുക എന്നതാണ് സംഘപരിവാർ തങ്ങളുടെ പാവയായ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കതിരെ ലക്ഷദ്വീപ് ജനതയോടൊപ്പം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും മുസമ്മിൽ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് : കേന്ദ്ര സർക്കാരിന്റേത് ഫാസിസ്റ്റ് കൊളോണിയൽ ബോധം. ഭരണകൂട ഭീകരതയെ ചെറുക്കാൻ ജനാധിപത്യ സമൂഹം കൈകോർക്കുക എസ്എസ്എഫ്

കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു ജനതയെ ഒന്നാകെ അരക്ഷിതമാക്കുകയാണ്. കുറ്റകൃത്യങ്ങളോ നിയമലംഘനങ്ങളോ ഇല്ലാത്ത നാടെന്ന ഖ്യാതികേട്ട, സമാധാനം മാത്രം പുലര്‍ന്ന ലക്ഷദ്വീപിലെ അന്തരീക്ഷം ഇല്ലാതാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നിരന്തരം പ്രഖ്യാപിക്കപ്പെടുന്ന നിയമങ്ങള്‍ ആ ജനതയുടെ സാംസ്‌കാരിക ജനാധിതപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കയ്യേറ്റമാണ്. ഗുണ്ടാ നിയമം പ്രഖ്യാപിക്കുകയും പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുകയും ചെയ്തത് മുതല്‍ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ട് വന്ന നിയമങ്ങളൊന്നും അംഗീകരിക്കാവതല്ല. കൊവിഡ് കടന്ന് ചെല്ലാതെ സൂക്ഷിക്കുന്നതിന് ദ്വീപ് സമൂഹം പാലിച്ച് പോന്ന പ്രത്യേക സുരക്ഷാ പ്രോട്ടോക്കോള്‍ എടുത്ത് കളഞ്ഞത്, തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാംസാഹാര നിരോധം, മദ്യ വിലക്ക് പിന്‍വലിക്കല്‍, ഗോവധ നിരോധനം തുടങ്ങി ഓരോ നിയമങ്ങളും ജനാധിപത്യ ആധുനിക സമൂഹത്തിന് നിരക്കാത്തതും ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിഷേധിക്കുന്നതുമായിരുന്നു. ദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷക്കുന്നതിന് ജനാധിപത്യ സമൂഹം കൈകോർക്കാണമെന്ന് എസ്എസ്എഫ് ആവശ്യപ്പെടുന്നു.

ലക്ഷദ്വീപ് ജനതയെ വേട്ടയാടരുത് :
എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യ ഇടപെടൽ നടത്തി അവിടുത്തെ ജനതയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മദ്യമുപയോഗമില്ലാത്ത ദ്വീപിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. ഗുണ്ടാ നിയമം കൊണ്ട് വന്നും രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിക്കുന്നതും കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കണം. ലക്ഷദ്വീപിലെ ജനഹിതം മാനിച്ചായിരിക്കണം അവിടെ പുതിയ നിയമങ്ങൾ നടപ്പാക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.

By Editor