ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

ഹിംസയിൽ അധിഷ്ഠിതമായ ഭൂരിപക്ഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ അധികാര വ്യവസ്ഥയും അവരുടെ ദൈവശാസ്ത്രപരമായ അവകാശ വാദങ്ങളും ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മേൽ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ബാബരി മസ്ജിദും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി വിശകലനം അർഹിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദും ജാതിയിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ദൈവശാസ്‌ത്രപരമായ വാദങ്ങളും പൗരത്വ സമരവും അതിലെ ദൈവശാസ്ത്രപരമായ ശബ്ദങ്ങളും അതിന്റെമേലുള്ള ഭരണകൂട ഹിംസയും മുസ്‌ലിം സമുദായത്തിന്റെ നിലപാടുകളും സവിശേഷമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്നിട്ടുള്ള മുസ്‌ലിം വംശഹത്യകൾ എല്ലാം തന്നെ സംഘപരിവാർ അജണ്ട നിശ്ചയിച്ച് നടപ്പിലാക്കിയതാണ്. ഹിന്ദുത്വ ദൈവശാസ്ത്രത്തെ സംബന്ധിക്കുന്ന വാദങ്ങൾ പല വംശഹത്യകളുടെയും പിന്നിൽ കാണാവുന്നതാണ്.  അതിലൊന്നാണ് ‘ഗോമാതാവ്’ വാദം. പശു അഥവാ ‘ഗോ’ ഹിന്ദുത്വ വിശ്വാസ പ്രകാരം ദൈവമാണ്. ഈ വിശ്വാസ പ്രകാരം ഇന്ത്യയിൽ ഗോ സംരക്ഷണ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടു. ആ ‘വിശ്വാസ സംരക്ഷണ’ ഭാഗമായി ഒന്നാം മോദി സർക്കാർ കാലത്ത് നിരവധി മുസ്‌ലിംകൾ സംഘപരിവാറിന്റെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായി. അഖ്ലാക്കും പെഹ്ലുഖാനുമൊക്കെ ഉദാഹരണങ്ങളാണ്. എന്നാൽ ‘ഗോ രക്ഷ’ എന്ന ഹിന്ദുത്വ വിശ്വാസത്തിന് രക്ത രൂക്ഷിതമായ ഒരു നീണ്ട ചരിത്രമുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിലും പഞ്ചാബിലും ജനകീയത കൈവരിച്ച ഒരു മൂവ്മെന്റായി അത് മാറിയിരുന്നു. 1893 ലെ ബലി പെരുന്നാൾ ദിവസത്തിലാണ് കിഴക്കൻ ഉത്തർപ്രദേശിലും ബീഹാറിലുമായി പശു സംരക്ഷണത്തിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ ആദ്യത്തെ ആക്രമണം നടക്കുന്നത്. 1917 ൽ ബലി പെരുന്നാൾ ദിനത്തിലെ ആക്രമണങ്ങൾ വലിയ തോതിൽ സംഭവിച്ചു. അന്ന് ഉത്തർ പ്രദേശ് – ബീഹാർ അതിർത്തിയിലെ ഷദാബ് മേഖലയിൽ നൂറുകണക്കിന് ഗ്രാമങ്ങൾ ഉന്നം വെക്കപ്പെട്ടു. 1920 കളിലാണ് ബലി പെരുന്നാൾ ദിനങ്ങളിലെ ഏറ്റവും രക്ത രൂക്ഷിതമായ സംഭവങ്ങളിലൊന്ന് നടക്കുന്നത്. 1946 ൽ നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ ബീഹാറിലെ രണ്ടായിരത്തോളം ഗ്രാമങ്ങൾ ആക്രമിക്കപ്പെടുകയും പതിനായിരത്തോളം മുസ്‌ലിംകൾ കൊല്ലപ്പെടുകയും ചെയ്‌തു. ബ്രിട്ടീഷ് ഭരണകൂടം പല അവസരങ്ങളിലും മുസ്‌ലിം ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പശു സംരക്ഷണ പ്രസ്ഥാനം ആ ഭരണത്തെ കൈ പിടിയിലൊതുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പശുക്കളെയും പശുക്കുട്ടികളെയും അറുക്കുന്നത് നിരോധിക്കുന്നതിന് വേണ്ട നടപടികൾ ഭരണകൂടം സ്വീകരിക്കാൻ പാർലമെന്റിൽ ചർച്ച വന്നു. സഭയിലെ മുസ്‌ലിംകളും ഗോത്ര അംഗങ്ങളും ബീഫ് ഭക്ഷിക്കുന്ന സമുദായങ്ങളുടെ ഇതിനെ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾ മുന്നിൽ കണ്ടുകൊണ്ട് അതിനെ എതിർത്തുവെങ്കിലും വോട്ടെടുപ്പിലൂടെ അവരുടെ എതിർപ്പിനെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. ഒരു പാർലമെന്റ് അംഗം പശു സംരക്ഷണ നിയമം എന്ന നിർദേശം മുന്നോട്ട് വെച്ചപ്പോൾ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയ ജവഹർലാൽ നെഹ്റു നിരവധി നിയമസഭകൾ പ്രസ്തുത നിയമം പാസാക്കിയപ്പോളും അദ്ദേഹം രാജിവെച്ചില്ല എന്നതാണ് കൗതുകം.

വിവിധ നിയമസഭകൾ പാസാക്കിയ ഗോ സംരക്ഷണ നിയമത്തിന്റെ പിൻബലത്തിൽ മുസ്‌ലിം വംശഹത്യ നിയമപരമായി സാധുവാകുന്നു എന്ന ഗുരുതരമായ പ്രശ്നത്തെ ഹിന്ദുത്വ ദൈവശാസ്ത്ര കാഴ്ചപ്പാടിനെ മുൻനിർത്തി മനസിലാക്കേണ്ടതുണ്ട്. മോദി സർക്കാരിന് കീഴിൽ പശു സംരക്ഷണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ജനകീയാടിത്തറ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം പശു സംരക്ഷണങ്ങൾക്ക് ഹിന്ദുത്വ ദൈവശാസ്ത്രപരമായ ആഖ്യാനങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണ് മുസ്‌ലിംകൾക്കുമേൽ മാരകമായ ഹിംസകൾ നടന്നിട്ടും ഇന്ത്യയുടെ ഭൂരിപക്ഷ പൊതുബോധത്തിന് അതൊരു പ്രശ്നമേ ആയി തോന്നാത്തത്.

അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ പോലും അപര്യാപ്തതമായ രാജ്യത്ത് പശുക്കൾക്ക് പ്രത്യേക ആശുപത്രികളും ആംബുലൻസുകളും ആധാർ കാർഡുകൾ വരെ ഉണ്ട് എന്ന, ഒരു മിത്തിന്റെ മുകളിൽ നിർമിക്കപ്പെട്ട, ഹിംസയുടെ ദൈവശാസ്ത്രത്തിൽ ആളുകൾ കൂട്ടമായി വിശ്വസിക്കുന്നു എന്നത് ആശങ്കയോടെ തന്നെ കാണേണ്ടതുണ്ട്. 

ഇത്തരം മിത്തുകളുടെ പ്രചാരണംകൊണ്ടുകൂടിയാണ് ഇന്ത്യപോലൊരു രാജ്യത്ത് ഒരു ഭരണകൂടം അധികാരത്തിലേറാൻകാരണമായത് എന്ന് മനസിലാക്കണം.

മിത്തുകളുടെ മേലുള്ള വിശ്വാസ പ്രചാരണങ്ങൾ കോവിഡ് കാലത്തും കാണാവുന്നതാണ്. ഗോമൂത്രത്തിന് ജനങ്ങളെ കോവിഡിൽ നിന്ന് തടയാൻ സാധിക്കുമെന്ന് പറഞ്ഞുകൊണ്ട് പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകൻ കഴിഞ്ഞ വർഷം ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചിരുന്നു. മറ്റു പാർട്ടി പ്രവർത്തകരും വലതുപക്ഷ അനുഭാവമുള്ള അക്കാദമീഷ്യൻമാരും പൊതു ഉദ്യോഗസ്ഥർ പോലും ഗോമൂത്രം ഒരു മെഡിസിൻ പോലെയാണെന്നും കാൻസർ, പ്രമേഹം, ഹൃദയാഘാതം പോലെയുള്ള അസുഖങ്ങൾ ഭേദമാക്കാൻ അതിന് സാധിക്കുമെന്നും അംഗീകരിച്ചു. യോഗക്ക് കോവിഡ് ഭേദമാക്കാൻ സാധിക്കുമെന്നും ഇന്ത്യയുടെ ഉയർന്ന ഈർപ്പം (Humidity) കൊറോണയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമെന്നുമുള്ള ആശയത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ പിന്തുണച്ചു. ഇന്ത്യയിൽ കോവിഡ് 19 ന്റെ പ്രാരംഭ ദിവസങ്ങളിൽ കൈ കൊട്ടാനും പാത്രത്തിലടിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിലൂടെ ജനങ്ങൾ ഇപ്പോഴും തന്റെ വാക്കുകളും നാടകവും വിശ്വസിക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് ചെയ്തത്. നരേന്ദ്ര മോദിക്ക് തന്റെ പ്രസംഗം കൊണ്ട് ജനങ്ങളെ മിത്തുകളിൽ വിശ്വസിപ്പിക്കാൻ കഴിഞ്ഞുവെന്നും അയാളും അയാളുടെ പാർട്ടിയും ഇന്ത്യക്കാരെ കൂട്ടമായി ബ്രെയിൻവാഷ് ചെയ്തുവെന്നും ഇത് തെളിയിച്ചു. 

ബാബരി മസ്ജിദ് ധ്വംസനം

സ്വാതന്ത്ര്യാന്തര ഇന്ത്യയിൽ സംഭവിച്ച ഏറ്റവും വലിയ സാമുദായിക – രാഷ്ട്രീയ പ്രശ്നം ബാബരി മസ്ജിദിനെ സംബന്ധിച്ചുള്ളതാകണം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി താഹിർ ജമാലിന്റെ ‘മതേതരദേശീയ ഉദ്ഗ്രഥനവും ന്യൂനപക്ഷ സമുദായചോദ്യങ്ങളും: ഭരണഘടനാ നിര്‍മാണസഭയിലെ ഇസ്‌ലാംപേടി എന്ന ലേഖനത്തിന്റെ ഒരു ഭാഗം ഈ വിഷയവുമായി ബന്ധപ്പെട്ട് വായിക്കേണ്ടതുണ്ട്. അദ്ദേഹം തന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. “മുസ്‌ലിംകൾ ബാബരി മസ്ജിദിന്റെ മുകളില്‍ ദൈവപ്രോക്തമായ ആരാധനാവകാശമല്ല, മറിച്ചു ആ കെട്ടിടത്തിനു മുകളിലുള്ള വസ്തു അവകാശമാണ് ഉന്നയിച്ചിട്ടുള്ളത് എന്ന് ഇന്ത്യന്‍ സാമൂഹിക ശാസ്ത്രഞ്ജന്‍ ദീപക് മേത്ത തന്റെ പഠനത്തില്‍ പറയുന്നുണ്ട്. അതേസമയം, രാമജന്മഭൂമി എന്ന നിലക്ക് ഹിന്ദുത്വ ശക്തികള്‍ അയോധ്യയുടെ മേല്‍ അത്തരമൊരു പ്രാര്‍ത്ഥനാവകാശം കൂടെ ഉന്നയിക്കുന്നുണ്ട് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഖിബ്‌ലക്ക്  തിരിയുന്നതോടെ മുസ്‌ലിങ്ങള്‍ക്ക് ഭൂമിയില്‍ എല്ലായിടവും പള്ളിയാകുന്നത്/പള്ളിയാക്കാന്‍ കഴിയുന്നത് കൊണ്ടാണ് ബാബരി മസ്ജിദിനു മുകളില്‍ സവിശേഷമായ ആരാധനാവകാശം ഉന്നയിക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ദീപക് മേത്തയുടെ മറ്റു വാദങ്ങളിലേക്ക് കടക്കാതെ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇതൊരു ദൈവശാസ്ത്രബന്ധിത അവകാശവാദം അല്ലാത്തതിന്റെ പ്രശ്‌നമാണോ? അതല്ല, ഭരണഘടനാനുസൃതവും മതേതരവുമായി  പ്രതികരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ അനിശ്ചിതത്വം കൂടിയല്ലേ?

ഇതിലേക്ക് വെളിച്ചം വീശുന്നതിനായി ഇന്ത്യാവിഭജനത്തിനു മുമ്പ് നടന്ന മലപ്പുറം വലിയ പള്ളിയുടെ ചരിത്രം കൂടി പരിശോധിക്കാവുന്നതാണ്. പള്ളി തകര്‍ക്കാന്‍ വേണ്ടി നായര്‍ പടയാളികള്‍ വന്നപ്പോള്‍ അതിനെ ചെറുത്തുനിന്ന മാപ്പിളപോരാളികളെ കുറിച്ച് ടി.മുഹമ്മദ് തന്റെ കൃതിയില്‍ പറയുന്നുണ്ട്. പള്ളിയുടെ പരിസരപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിം സമുദായം ഒന്നാകെ ജന്മിയുടെ അടുത്തു പോവുകയും തങ്ങളുടെ ധനവും സ്വര്‍ണവുമെല്ലാം വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. പകരം, അവര്‍ മുന്നോട്ട് വെച്ചത് ഒരേയൊരു ആവശ്യമാണ്: ‘പടച്ചോന്റെ പള്ളിയില്‍ തൊടരുത്’.  ഇവിടെ പടച്ചോന്റെ പള്ളിയെന്നത് ഒരു ദൈവശാസ്ത്ര അവകാശവാദമാണ്. ഇങ്ങനെയൊരു അവകാശവാദം ബാബരി മസ്ജിദിലേക്ക് വരുമ്പോള്‍ എന്ത് കൊണ്ട് അസന്നിഹിതമാവുകയും പകരം മതേതരത്വത്തിന്റെ താഴികക്കുടം  എന്നാവുകയും ചെയ്യുന്നു? അത് ദീപക് മേത്ത പറയുന്നത് പോലെ പള്ളിയുടെ മുകളില്‍ മുസ്‌ലിംങ്ങള്‍ക്ക് സവിശേഷമായ ആരാധനാവകാശം ഇല്ലാഞ്ഞിട്ടല്ല, മറിച്ച്, അത് ഉന്നയിക്കാന്‍ സാധ്യമായ ഒരു വ്യാവഹാരിക പരിസരം നിലവില്ല എന്നത് കൊണ്ട് കൂടിയാണ്”.

മുകളിൽ പരാമർശിക്കപ്പെട്ട പ്രകാരം ഇന്ത്യൻ മുസ്‌ലിംകൾക്ക് ദൈവശാസ്ത്രപരമായ സവിശേഷമായ ആരാധനാവകാശം ഉന്നയിക്കാനുള്ള വ്യാവഹാരിക പരിസരം ഇല്ലാതെ പോകുന്നു എന്നത് പരിശോധിക്കപ്പെണ്ടതാണ്. ഇവിടെ നിലനിൽക്കുന്ന ഭയത്തിന്റെ കാലാവസ്ഥയാണ് അതിന്റെ പ്രധാന പ്രശ്നമായി മനസിലാക്കേണ്ടത്. “ഇന്ത്യന്‍ ഫാഷിസം/ വംശീയത രണ്ട് തരത്തിലുള്ള ഭയം ഉല്‍പാദിപ്പിക്കാന്‍ തുടക്കം മുതലെ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും. അതില്‍ ഒന്ന് അവര്‍ ഏറ്റവും കൂടുതല്‍ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിങ്ങളില്‍ ഭയം ജനിപ്പിക്കുക. മുസ്‌ലിങ്ങളെ പേടിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുക.

മുസ്‌ലിങ്ങളെ കുറിച്ചുള്ള ഭീതി മറ്റുള്ളവരില്‍ ജനിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി. ഇവിടുത്തെ ആര്യവംശീയ ദേശീയത പ്രധാനമായും ഈ രണ്ട് രീതിയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ബംഗാളിയായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി അദ്ദേഹത്തിന്റെ ദുര്‍ഗേശനന്ദിനി, ആനന്ദമഠം തുടങ്ങിയ, ചരിത്രത്തോട് പുലബന്ധം പോലും ഇല്ലാത്ത സാങ്കല്‍പിക കഥകളിലൂടെയും നോവലുകളിലൂടെയും വളരെ മുന്നേ മുസ്‌ലിംകളെ അപരന്മാരായി ചിത്രീകരിച്ച് അവര്‍ക്കെതിരെയുള്ള വിരുദ്ധ മനോഭാവം ജനിപ്പിച്ചുകൊണ്ടേയിരുന്നു. അതിന് കുറേക്കൂടി ചരിത്ര പരമായിട്ടുള്ള ആഖ്യാനം നല്‍കാനാണ് വി.ഡി സവര്‍ക്കര്‍ ശ്രമിച്ചത്. രണ്ടാമത്തെ ഘട്ടമാണ് സവര്‍ക്കറിന്റെത്. സവര്‍ക്കറിന് ശേഷം അത്തരം രചനകള്‍ക്ക് ആദര്‍ശപരവും വിശ്വാസപരവുമായ മാനം നല്‍കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്. ഇത്തരം ആചാര്യന്മാരിലൂടെ വളര്‍ത്തപ്പെട്ടത് ഭയത്തിന്റെ കാലാവസ്ഥയല്ലാതെ (climate of fear) മറ്റൊന്നുമല്ല.”

ഇന്ത്യയിൽ നടന്നിട്ടുള്ള മുഴുവൻ മുസ്‌ലിം വംശഹത്യകളും ഇന്ത്യൻ മുസ്‌ലിംകളെ ഇത്തരം ഭയത്തിന്റെ കാലാവസ്ഥയിലേക്ക് മാറ്റി എടുക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മുസ്‌ലിംകളോളം പങ്കുവഹിച്ച മറ്റൊരു സമുദായത്തെ കാണാൻ കഴിയില്ല.

നൂറ്റാണ്ടുകളോളം കൊളോണിയൽ ശക്തികളോട് സായുധപരമായും അല്ലാതെയും പോരടിച്ചു നിന്ന ഇന്ത്യയിലെ മുസ്‌ലിംകൾ തീർത്തും ഭയത്തിന്റെതായ ഒരു സാഹചര്യത്തിലേക്ക് മാറ്റപ്പെട്ടു എന്നത് രാഷ്ട്രീയപരമായും സാമൂഹ്യപരമായും അവർ എത്രത്തോളം അടിച്ചമർത്തപ്പെട്ടതിന്റെയും അപരവൽക്കരിക്കപ്പെട്ടതിന്റെയും ഉദാഹരണമാണ്.

ഇന്ത്യൻ മുസ്‌ലിംകൾ കൊളോണിയൽ ശക്തികൾക്കെതിരെ സർവതും ത്യജിച്ച് പോരാടുമ്പോൾ ആർഎസ്എസ് ബ്രിട്ടീഷ് ഭരണത്തിന് ഒത്താശ ചെയ്യുക മാത്രമായിരുന്നില്ല, ഇന്ത്യയിലെ ‘മുസ്‌ലിം കൊളോണിയലിസത്തിനെതിരെ’ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുകകൂടിയായിരുന്നു. അതിന്റെ ഉൽപ്പന്നങ്ങളാണ് ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദ മഠം’, വി.ഡി സവർക്കറുടെ ‘ഇന്ത്യാ ചരിത്രത്തിലെ ആറ് സുവർണ ഘട്ടങ്ങൾ’, ‘ഹിന്ദുത്വം’, എം.എസ് ഗോൾവാക്കറുടെ ‘വിചാരധാര’ എന്നിവ. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ബ്രിട്ടീഷ് ഭരണകാലത്തെ സ്വാതന്ത്ര്യ സമരം ശക്തമായി നിലനിന്ന സമയത്ത് രചിക്കപ്പെട്ടതാണ് എന്നിരിക്കിലും അതിൽ ബ്രിട്ടീഷ് കൊളോണിയലിസത്തെ കുറിച്ചോ അതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ കുറിച്ചോ പരാമർശങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷെ, മുസ്‌ലിം ഉന്മൂലനത്തെയും വംശഹത്യകളെയും ഇന്ത്യൻ മുസ്‌ലിംകളെ പൗരത്വരഹിതരാക്കുന്നതിനെയും കുറിച്ചുള്ള വൈകാരിക ന്യായങ്ങളുണ്ട്.

ചരിത്ര രചനകളും ചരിത്ര വായനകളും എങ്ങനെയാണ് മുസ്‌ലിംകളെയും ഇന്ത്യൻ മുസ്‌ലിംകളെ സമീപിച്ചതെന്ന് മനസിലാക്കേണ്ടതുണ്ട്. ‘വംശീയമായ ചരിത്ര വായന’യാണ് ഇന്ത്യയിൽ കൊളോണിയൽ ശക്തികളും ‘ഇന്ത്യാ ചരിത്രത്തിലെ ആറ് സുവർണ ഘട്ടങ്ങൾ’ എന്ന പുസ്തകത്തിലൂടെ വി.ഡി സവർക്കറുമൊക്കെ ഏറ്റെടുത്തത്. “ഏറ്റവും അപകടവും വിധ്വംസകാത്മകവുമായ ചരിത്ര വായനാ രീതിയാണ് വംശീയമായ ചരിത്ര വായന. പടിഞ്ഞാറൻ ചരിത്രരചനാ രീതിയുടെ അടിത്തറ തന്നെ വംശീയമായ ചരിത്ര വായനയാണ്. തങ്ങൾ വംശീയമായി ഉത്കൃഷ്ടരായതിനാൽ തങ്ങളെന്നും ആധിപത്യത്തിന് ഉടമകളാണെന്നും മറ്റുള്ളവർ തങ്ങളുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരാണെന്നുമുള്ള മുൻവിധിയോടുകൂടി മാത്രമേ വംശീയ ചരിത്ര വായന ഏതൊരു സമൂഹത്തിന്റെയും  ചരിത്രത്തെ സമീപിക്കുകയുള്ളൂ. ചരിത്രത്തിലെ എല്ലാ അധിനിവേശങ്ങളും ആധിപത്യ വാസനകൾക്കുമുള്ള പ്രത്യയശാസ്ത്രപരമായ ന്യായീകരണമായി മാറിയത് ഈ വംശീയ ചരിത്ര വായനയാണ്. കൊളോണിയൽ ചരിത്രരചനയുടെ ഊടും പാവം നിർണയിച്ചത് ഇതുതന്നെയാണ്. ഇന്ത്യയിലെ മുസ്‌ലിംകളെ  കുറിച്ചുള്ള കൊളോണിയൽ ചരിത്ര രചനയും ഈ രീതിയിലായിരുന്നു. പാശ്ചാത്യരുടെ മുൻകൈയിൽ രൂപംകൊണ്ട ഇന്തോളജി പഠനങ്ങളും ഓറിയന്റലിസ്റ്റ്- കൊളോണിയൽ ചരിത്ര രചനയും മുസ്‌ലിംകളെയും കീഴാളരേയും  അപരവത്കരിക്കുകയും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ തീരാപ്പക ഉണ്ടാക്കും വിധം സാമൂഹിക ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിച്ചു. ഇന്തോളജിപഠനങ്ങൾ ഇന്ത്യക്ക് ബ്രാഹ്മണാധിപത്യമുള്ള ഒരു സുവർണ്ണ ഭൂതകാലമുണ്ടായിരുന്നു എന്ന സങ്കല്പം സൃഷ്ടിച്ചു കൊടുത്തു.” 1

വി ഡി സവർക്കർ, ഗോൾവാൾക്കർ

ഇന്ത്യയിൽ നടന്നിട്ടുള്ള മുസ്‌ലിം വംശഹത്യകളുടെ ഒരു വശം അവരെ സാമൂഹികപരമായും രാഷ്ട്രീയപരമായും അപരവൽക്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുക എന്നതാണെങ്കിൽ അതിന്റെ മറു വശം അവരെ സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു. അസ്ഗറലി എഞ്ചിനീയർ എഡിറ്റ് ചെയ്ത Communal Riots in Post Independent India എന്ന പുസ്തകത്തിൽ വസ്തുത സഹിതം ഈ കാര്യം സമർഥിക്കുന്നുണ്ട്. ഇന്ത്യയിലെ വ്യവസായ നഗരങ്ങളായ ജംഷഡ്പൂർ, റൂർക്കല, മുറാദാബാദ്, അലീഗഢ്, ഭീവണ്ടി, അഹ്മ്ദാബാദ്, മുബൈ, ഡൽഹി എന്നിവടങ്ങളിൽ വർഷങ്ങളായി അരങ്ങേറിയ ആസൂത്രിത വർഗീയ കലാപങ്ങൾ ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് കനത്ത ആഖാതം സൃഷ്ടിച്ചിരുന്നു.

രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടു കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് ‘അയോധ്യ പ്രക്ഷോഭം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സമാനമാണ്’ എന്നാണ്. സംഘപരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിലേക്കുള ചുവടുവെപ്പിന്റെ പ്രഖ്യാപനമായി കൂടി അതിനെ കാണേണ്ടതുണ്ട്. ‘ഹിന്ദു രാഷ്ട്രം’ എന്ന പ്രയോഗത്തിന്റെ സാധ്യത ചരിത്രപരമായി കൂടി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. ഹിന്ദു മതം എന്നത് കൊളോണിയൽ നിർമിതിയുടെ ഭാഗമാണ്. കൊളോണിയൽ ആധിപത്യങ്ങൾക്ക് മുമ്പ് ഹിന്ദു എന്നൊരു മതം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല,  ഹിന്ദു എന്ന പ്രായോഗം പോലും സിന്ധിനെ അറബിയിൽ സൂചിപ്പിക്കാൻ വേണ്ടി വികസിച്ചു വന്ന ഒന്നാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. ശക്തമായ ജാതി ശ്രേണീവ്യവസ്ഥയിലായിരുന്നു അന്നത്തെ സാമൂഹ്യഘടന നിലനിന്നിരുന്നത്. ബ്രാഹ്മണ അധീശത്വമായിരുന്നു ഇന്ത്യയിൽ. എന്നാൽ അടിസ്ഥാനപരമായി കൊളോണിയൽ നിർമിതമായ ‘ഹിന്ദു മതം’ ഇന്ന് ധാരാളം ജാതികളേയും ഉപജാതികളെയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും ഉൾക്കൊള്ളുന്ന/വഹിക്കുന്ന മതം എന്ന നിലയിലേക്ക് അത് പരിവർത്തിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ സംഘപരിവാർ വിഭാഗം ചെയ്യുന്ന രാഷ്ട്ര സങ്കൽപ്പത്തെ ഹിന്ദു രാഷ്ട്രം എന്ന് വിളിക്കാൻ കഴിയില്ല എന്നും വേണമെങ്കിൽ ഹിന്ദുത്വ രാഷ്ട്രമെന്ന് വിളിക്കാമെന്നും പ്രമുഖ ചരിത്രകാരൻ കെ.ടി. ഹുസൈൻ നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു : “സവർക്കറിന് മുമ്പും ഹിന്ദു മതം ഉണ്ടായിരുന്നുവെങ്കിലും അതിനെ ഹിന്ദുത്വമായി പുനർ വ്യാഖ്യാനിക്കുകയോ വ്യവഹാരവൽക്കരിക്കുകയോ ചെയ്തത് സവർക്കറാണ്. അദ്ദേഹത്തിന്റെ നിർവചനപ്രകാരം ഹിന്ദു എന്നത് എന്തെങ്കിലും വിശ്വാസ സങ്കൽപമോ മൂല്യവിചാരമോ അല്ല. മറിച്ച്, തങ്ങൾ വിദേശികളായി കാണുന്ന മുസ്‌ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ ഇടമില്ലാത്ത ഭാരതം എന്ന ഭൂപ്രദേശത്തെ ദൈവമായി കാണുകയും ഇന്ത്യയിലെ അടിസ്ഥാന വർഗമായി തങ്ങൾ കാണുന്ന ആര്യ ബ്രാഹ്മണരുടെ ആചാരങ്ങളും സംസ്കാരങ്ങളും പിന്തുടരുകയും ചെയ്യുന്ന വിഭാഗമാണ്. അതിനാൽ ഭാരതത്തെ പുണ്യഭൂമിയോ ദൈവമോ ആയി കാണാൻ തയാറാവുകയും ബ്രാഹ്മണ സംസ്കാരം സ്വീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സവർക്കരുടെ ഹിന്ദുത്വ രാഷ്ട്രത്തിൽ പൗരത്വത്തിന് അർഹത ഉണ്ടാവുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ വംശീയതയിലും ഏക സംസ്കാരവാദത്തിലും അധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ഹിന്ദുത്വത്തിലെ ദൈവവും മതവും. അത്തരമൊരു രാഷ്ട്രത്തിനാണ് നരേന്ദ്ര മോദി അയോധ്യയിൽ ശിലയിട്ടത്.” 2

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പത്തിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും എന്തുകൊണ്ടാണ് ‘വിദേശികളാകുന്നത്’ എന്ന് പരിശോധിച്ചാൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇവിടത്തെ ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചതു കൊണ്ടാണെന്ന് ബോധ്യമാകും.

ഹിന്ദുത്വം എന്നത് സംഘപരിവാർ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ ദൈവമായി കാണുമ്പോഴും വിരാട് പുരുഷന്റെ മുതുകിൽ നിന്ന് ജനിച്ച ബ്രാഹ്മണനാണ് അവരുടെ സാംക്ഷാൽ ദൈവം. അവരെ സംബന്ധിച്ചിടത്തോളം അതിനെ വെല്ലുവിളിക്കുന്നവർ ആരായാലും അത് രാഷ്ട്രത്തെ കളങ്കപ്പെടുത്തൽ കൂടിയാണ്.

ഇന്ത്യൻ ഫാഷിസം ‘ഭാരതത്തെ’ പുണ്യഭൂമി എന്ന സങ്കൽപ്പത്തിലാണ് കാണുന്നത്. രാമജന്മ ഭൂമി എന്ന ഹിന്ദുത്വ ദൈവശാസ്ത്ര അവകാശ വാദം ഇപ്പോഴും സംഘപരിവാർ ഉന്നയിക്കുകമാത്രമല്ല, ഇന്ത്യൻ സമൂഹത്തിന് വർഷങ്ങളായി നൽകി വരുന്ന വാഗ്ദാനമായി കൂടി അതിനെ കാണേണ്ടതുണ്ട്.  രാമ ക്ഷേത്രത്തിന് വേണ്ടി നടന്ന ധന സമാഹരണത്തിലൂടെ ബാബരി മസ്ജിദിന്റെ മണ്ണിൽ രാമ ക്ഷേത്രമെന്നത് ഒരു ജനകീയ ആവശ്യമായി ഉയർത്താൻ കൂടി ഹിന്ദുത്വത്തിന് സാധിച്ചിട്ടുണ്ട്. ഇനി അവിടെ തന്നെ രാമ ക്ഷേത്രം നിർമിക്കപ്പെട്ടില്ലെങ്കിലും വംശീയതയിലും ഹിംസയിലും അധിഷ്ടിതമായ ഒരു സങ്കൽപത്തിന്റെ ജനകീയാവശ്യം എന്ന അർഥത്തിൽ സംഘപരിവാർ വിജയിപ്പിച്ചെടുത്തിട്ടുണ്ട്.

1992 ൽ കർസേവർ പള്ളി പൊളിച്ചപ്പോൾ അത് അനീതി ആണെന്നും ആ ഭൂമിയിൽ  തന്നെ പള്ളി സ്ഥാപിച്ചാലെ അത് നീതിയാകൂ എന്നും ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ബുദ്ധിജീവികളും മാധ്യമങ്ങളും നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം രാമ ക്ഷേത്ര നിർമാണം എന്നത് അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് അടക്കം അവരുടെ തെരെഞ്ഞടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയ കാര്യങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. മുസ്‌ലിംകളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ നിർമിക്കാൻ പോകുന്ന രാമക്ഷേത്രത്തെ ദേശീയ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സ്‌മാരകമായിട്ടാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്.  അയോധ്യ, തർക്ക മന്ദിരം എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലാണ് 1992 ന് ശേഷം ബാബരി മസ്ജിദ് വിശേഷിപ്പിക്കപ്പെട്ടത്. ‘

മതേതരത്വത്തിന്റെ താഴിക കുടങ്ങൾ തകർന്നു’ എന്നാണ് ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട മതേതര വ്യവഹാരങ്ങളിൽ നിഴലിച്ചതും. അതിനപ്പുറം മസ്ജിദിന്റെ മിനാരങ്ങൾ തകർത്തു എന്ന് പറയാൻ മാത്രമുള്ള സാമാന്യ പ്രതിബദ്ധത സോ-കോൾഡ് മതേതര സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

ജയ് ശ്രീ റാം ഒരു ശ്ലോകമല്ല

ഒന്നാം മോദി സർക്കാർ കാലത്തെ പശു സംരക്ഷണത്തെ ചൊല്ലിയുള്ള ആൾകൂട്ട മുസ്‌ലിം കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ജയ് ശ്രീറാം എന്ന് വിളിക്കാത്തതിന്റെ പേരിൽ ആൾക്കൂട്ട മുസ്‌ലിം കൊലപാതകങ്ങൾ സംഭവിച്ചതായി കാണാം. ജയ് ശ്രീറാം എന്നത് മതേതര ഇന്ത്യയിൽ കാലങ്ങളായി ഉപയോഗിക്കപ്പെടുന്ന മുദ്രാവാക്യമോ പ്രയോഗമോ ആണ്. മുസ്‌ലിംകളെ നിയമപരമായി വംശീയ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമിച്ചെടുത്ത പൗരത്വ നിയമത്തിനെതിരെ ജാമിഅഃ മില്ലിയയിലെയും അലീഗഢ് മുസ്‌ലിം സർവകലാശാലയിലെയും മുസ്‌ലിം വിദ്യാർത്ഥികളാണ് ആദ്യം സമരത്തിന് ഇറങ്ങുന്നത്. എന്നാൽ പൗരത്വ സമരത്തിൽ ഉപയോഗിക്കപ്പെട്ട ‘ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ’ പോലെയുള്ള മുദ്രാവാക്യങ്ങൾക്കെതിരെ മുസ്‌ലിം സമുദായത്തിന്റെ ഉള്ളിൽ നിന്ന് പോലും എതിരഭിപ്രായങ്ങൾ ഉണ്ടായി. ഒരുവേള കേരളത്തിലെ പൗരത്വ സമരത്തിൽ അത്തരം മുദ്രാവാക്യങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. അത്തരം മുദ്രാവാക്യങ്ങൾ ബഹുസ്വരതയെ ബാധിക്കും എന്നായിരുന്നു ന്യായം. എന്നാൽ മുസ്‌ലിംകൾ നേതൃത്വം വഹിക്കുന്ന സമരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന മുസ്‌ലിം ശബ്ദങ്ങളും ചിഹ്നങ്ങളും ബഹുസ്വരതയെ ദോഷകരമായി ബാധിക്കുമെന്നതിനുള്ള കാരണം എന്തായിരിക്കും ? മതേതരത്വയും ബഹുസ്വരതയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുസ്‌ലിം സംഘടനകളുടെ അമിത ബാധ്യതയായി ആര് കല്പിച്ചു കൊടുത്തു?

ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ നേതൃത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സമര പോരാളികൾ ഏറ്റു ചൊല്ലാൻ വിശുദ്ധ ഖുർആനിലെ ഒരു ആയത്ത് ചൊല്ലി കൊടുത്തു എന്ന് ചരിത്ര രേഖകളിൽ കാണാം. ഇവ്വിധമാണ് ആ സൂക്തം :

“(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല”. (സൂറത്തു തൗബ : 24).

ഖുർആൻ എന്നത് ദൈവിക ഗ്രന്ഥമാണ്. ആ ദൈവിക ഗ്രന്ഥത്തിലെ വചനം ഉരുവിട്ട് കൊണ്ടാണ് കൊളോണിയൽ വിരുദ്ധ സമരത്തിന് ജനങ്ങൾ സജ്ജരായത്. അന്ന് അത് ഉരുവിട്ടത് കൊണ്ട് മതേതരത്വ പ്രതിസന്ധിയോ ബഹുസ്വരതയുടെ തകർച്ചയോ ഉണ്ടായില്ല.

മുസ്‌ലിം വംശഹത്യകളും മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ ദൈവശാസ്ത്ര വിഷയങ്ങളും പ്രചാരണായുദ്ധമാക്കിയാണ് സംഘപരിവാർ ഇന്ത്യയിൽ അധികാരത്തിൽ വന്നിട്ടുള്ളത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും കഴിവുകെട്ട, സാമ്പത്തികമായി രാജ്യത്തെ തകർത്ത, ദശലക്ഷ കണക്കിന് ആളുകളെ പട്ടിണിക്കിട്ട ഭരണകൂടമായിട്ടു പോലും രാജ്യം നേരിടുന്ന സകല പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനും എല്ലാ പ്രശ്നങ്ങളുടെയും കാരണം മുസ്‌ലിംകളാണ് എന്ന് പ്രചരിപ്പിക്കാനും ഭരണകൂടത്തിന് സാധിക്കുന്നു. എല്ലാ പ്രശ്നങ്ങളും ഉണ്ടായിരിക്കെ തന്നെ മോദിയാണ് ഏറ്റവും നല്ല ഭരണാധികാരി എന്ന് വിശ്വസിക്കാൻ മാത്രം രാജ്യത്തെ നല്ലൊരു വിഭാഗം ആളുകൾ നിർബന്ധിതരാകുന്നു എന്നതാണ് വസ്തുത. മതേതരത്വ പ്രതിസന്ധികളിൽ നിന്ന് മാറി മുസ്‌ലിം ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കി ഇന്ത്യയിൽ മുസ്‌ലിം രാഷ്ട്രീയം കുറെക്കൂടി വികസിക്കേണ്ടതുണ്ട്.

അതിന് പര്യാപ്തമായ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഉയർന്ന് വരുന്നുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ പ്രതിസന്ധികളേയും ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അടിത്തറകളിൽ നിന്നുകൊണ്ട് അഭിമുഖീകരിക്കാൻ കഴിയുന്ന തരത്തിലുള്ള വികാസക്ഷമത മുസ്‌ലിം വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ സവിശേഷതയാണ്. ഇന്ന് വിദ്യാഭ്യാസ പ്രശ്നങ്ങളിൽ മാത്രമല്ല പൗരത്വ സമരം പോലെയുള്ള പൊതു പ്രക്ഷോഭങ്ങൾ നയിക്കാൻ മുസ്‌ലിം വിദ്യാർത്ഥി രാഷ്ട്രീയത്തിന് കഴിയുന്നുവെന്ന് അനുഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. അതിന് കൂടുതൽ ദിശാ ബോധം നൽകേണ്ട ബാധ്യത മുസ്‌ലിം സമുദായത്തിനും നേതൃത്വത്തിനും ഉണ്ട്.

1. ചരിത്ര രചനയിലെ ഇസ്‌ലാമും മുസ്‌ലിംകളും – കെ ടി ഹുസൈൻ

2. പ്രബോധനം വാരിക – 2020 ആഗസ്റ്റ് 21

അവലംബം

  1. The Hindu Republic: Seven decades of Muslim exclusion in India – Sharjeel Imam

2. മതേതരദേശീയ ഉദ്ഗ്രഥനവും ന്യൂനപക്ഷ സമുദായചോദ്യങ്ങളും: ഭരണഘടനാ നിര്‍മാണസഭയിലെ ഇസ്‌ലാംപേടി – താഹിര്‍ ജമാല്‍ കെ.എം

3. പൗരത്വം, അധികാരം, നുണകള്‍ – പ്രഭാഷണം/ ടി.പി മുഹമ്മദ് ഷമീം- Transcription/ മുഷ്താഖ് ഫസൽ

4. ബാബരി മസ്ജിദും മുസ്‌ലിം അജണ്ടയും –  കെ.ടി ഹുസൈൻ

പ്രബോധനം ആഴ്ചപ്പതിപ്പ് – 2020 ആഗസ്റ്റ് 21

5. കശ്‌മീരും ഹിന്ദുത്വരാഷ്ട്രത്തിന്റെ തറക്കല്ലിടൽ കർമവും –

എ. റശീദുദ്ദീൻ പ്രബോധനം ആഴ്ചപ്പതിപ്പ് – 2020 ആഗസ്റ്റ് 21

6. ഇന്ത്യയുടെ സാമൂഹ്യ രൂപീകരരണവും മുസ്‌ലിംകളും –

കെ. ടി ഹുസൈൻ/ഐപിഎച്ച്

7. COVID-19, Right-Wing Myths And The ‘Other’ Ashraf Lone

By മുഷ്താഖ് ഫസൽ

Graduated from Al Jamia Al Islamiyya, Shanthapuram