ഗസ്സ: അധിനിവേശം, അതിജീവനം

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലം. ഇറ്റലിയിൽ നിന്ന് മോചനം നേടാൻ ലിബിയ പോരാടുന്ന സമയം. മരുഭൂമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമർ മുഖ്താറിനോട് ചിലർ പറഞ്ഞു. “ഇറ്റലിക്ക് പോർവിമാനങ്ങൾ പോലുമുണ്ട് നമുക്കതില്ലല്ലോ?”

“അവ പറക്കുന്നത് ആകാശത്തിന് താഴെയോ മീതെയോ?”

“താഴെ തന്നെ” അവർ പറഞ്ഞു. അദ്ദേഹം പ്രതിവചിച്ചു.”ആകാശത്തിന് മുകളിലുളളവൻ നമ്മോടൊപ്പമുള്ളപ്പോൾ ആകാശത്തിന് താഴെയുള്ളവരെ നാമെന്തിന് ഭയക്കണം?”.

ജൂത രാഷ്ട്രം സ്വപ്നം കണ്ട് ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച സയണിസ്റ്റുകൾക്ക് ബ്രിട്ടൻ നൽകിയ വാഗ്ദാന പൂർത്തീകരണമായാണ് കോളനിവൽക്കരണത്തിൽ നിന്നും മുക്തമായ ഫലസ്തീൻ എന്ന രാജ്യത്തെ ബാൽഫർ ഉടമ്പടിയിലൂടെ സയണിസ്റ്റ് നരനായാട്ടിന് കൂട്ടിക്കൊടുത്തത്. ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുടെ ഫലമെന്നോണം ഹോളോകോസ്റ്റിന് ശേഷം ജൂതന്മാർ കൂട്ടംകൂട്ടമായി പലായനം ചെയ്യാൻതുടങ്ങി. യൂറോപ്പിലും മറ്റു ഭൂഖണ്ഡങ്ങളിലും ഛിന്നഭിന്നമായി കിടന്ന ജൂതന്മാർക്ക് അഭയവും കൂട്ടുകുരുതികളിൽ നിന്ന് രക്ഷയും നേടിക്കൊടുത്തത്, അറബ് രാഷ്ട്രങ്ങളിൽ വൈദ്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിന്ന ഫലസ്തീൻജനത മാത്രമാണ്. അതേ രാഷ്ട്രത്തെ തന്നെ ജൂത അധിനിവേശത്തിന്റെ മായാത്ത മുറിപ്പാടുകൾ ആക്കിമാറ്റുന്നതിന്, ഇഷാക് റബീൻ മുതൽ ബെൻ ഗൂറിയൻ വരെയുള്ളവർക്ക് അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങൾ നിരുപാധിക പിന്തുണ നൽകിയതും ചരിത്രമാണ്.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം

1948 മുതലാണ് ഔദ്യോഗിക കണക്കനുസരിച്ച് ഫലസ്തീൻ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലയളവിൽ ബ്രിട്ടൻ കോളനിവൽക്കരണത്തിൽ നിന്നും സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രത്തിന് ബ്രിട്ടൻ ഒരുക്കിയത് ചതിക്കുഴികൾ മാത്രമാണ്. ബാൽഫർ ഉടമ്പടിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട സമരങ്ങളെയും ധർമ്മ പോരാട്ടങ്ങളെയും ഉപയോഗപ്പെടുത്തി ജൂതന്മാർ ജൂതരാഷ്ട്രമെന്ന സ്വപ്നത്തിലേക്ക് നടന്നു നീങ്ങാൻ തുടങ്ങി.ക്രമേണ പ്രദേശങ്ങൾ പിടിച്ചടക്കുകയും കോളനികൾ സ്ഥാപിച്ച് ഫലസ്തീനിന്റെ ഭൂരിഭാഗം മേഖലകളും നിഷ്പ്രയാസം കൈക്കലാക്കുകയും ചെയ്തു.

ഇസ്രായേൽ പ്രധാനമന്ത്രിപദം ഇഷാക് റബീൻ തന്റെ കാൽച്ചുവട്ടിൽ അടക്കിഭരിച്ചപോലെ തനിക്കും കഴിയണമെന്ന് വാശിപ്പുറത്താണ് ബെഞ്ചമിൻ നെതന്യാഹു ഈ പ്രാവശ്യവും ഷെയ്ഖ് ജറാഹിൽ ആക്രമണങ്ങൾക്ക് കല്പന കൊടുത്തത്. കുറഞ്ഞുവരുന്ന ജനപിന്തുണ നിലനിർത്താൻ വേണ്ടിമാത്രം പിഞ്ചുബാല്യങ്ങളെ കൊന്നൊടുക്കി ജൂതപ്രീതി കരസ്ഥമാക്കാൻ ശ്രമിക്കുന്ന നെതന്യാഹു തന്നെയാണ് എക്കാലത്തും ഫലസ്തീനിൽ ചോരപ്പുഴ ഒഴുക്കിയിട്ടുള്ളത്.

1960കളിൽ നടത്തിയ ഗൂണ്ഡാലോചന ഓസ്‌ലോ കരാറിലൂടെയാണ് പുറംലോകം അറിയുന്നത്. വൈറ്റ്ഹൗസിൽ വച്ച് ഇഷാക് റാബീനും യാസർ അറഫാത്തും, സാക്ഷിയായി ബിൽ ക്ലിന്റണും ചേർന്ന് ഒപ്പുവച്ച ഓസ്‌ലോ ഉടമ്പടി എന്തുകൊണ്ട് വൈറ്റ് ഹൗസിന് പകരം ഓസ്‌ലോ എന്ന പേരിലറിയപ്പെടുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം തന്നെ ഓസ്‌ലോ ഒരു കരാറല്ലാ എന്നും അധിനിവേശത്തെ അവകാശമാക്കാൻ സൃഷ്ടിച്ചെടുത്ത പുകമറയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഓസ്‌ലോ നോർവേ രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയാണ്. സയണിസ്‌റ്റുകൾക്ക് പ്രത്യേക മമത തോന്നിയ രാഷ്ട്രമാണ് നോർവേ. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു വെള്ളവും വളവും ഒളിച്ചിരിക്കാൻ ബങ്കറുകളും ഒരുക്കിയ തലസ്ഥാനനഗരിയോടുള്ള ആദരസൂചനയെന്നോണമാണ് പി എൽ ഒ യും ഇസ്രായേലും സംയുക്തമായി ഒപ്പുവച്ച കരാർ ഓസ്‌ലോ എന്ന നാമത്തിൽ അറിയപ്പെടുന്നത്.

ഇഷാക് റബീൻ, യാസർ അറഫാത്ത്, ബിൽ ക്ലിൻ്റൺ ഓസ്ലോ കരാർ ഒപ്പുവെക്കുന്ന സമയത്ത്Reuters

പക്ഷേ പിഎൽഒയിൽ അംഗത്വമുള്ള ഫത്തഹ് പാർട്ടി മറ്റു സംഘടനകളെ അവഗണിച്ച് കരാറിൽ ഒപ്പു വെച്ചപ്പോൾ തന്നെ ഫലസ്തീനികൾക്ക് അപകടം മണത്തിരുന്നു. ഹമാസും ഇസ്‌ലാമിക് ജിഹാദും പ്രകടിപ്പിച്ച പരസ്യഎതിർപ്പിനെ മറികടന്നു കൊണ്ടാണ് യാസർ അറഫാത്ത് കരാറിൽ സംബന്ധിച്ചത്. പിന്നീടങ്ങോട്ട് ഫലസ്തീനിന് ഏൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അതെ കരാർ തന്നെയാണെന്ന് മനസ്സിലാവാൻ തുടങ്ങി. ഫലസ്തീനിന്റെ തകർച്ച യഥാർത്ഥത്തിൽ ആരംഭിച്ചത് ഓസ്‌ലോ കരാർ പ്രാബല്യത്തിൽ വന്നത് മുതലാണ്.

ഹമാസിൻ്റെ പോരാട്ടവീര്യം

നിരന്തരമായ ആക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കും പുറമെ ഓസ്ലോ കരാർ കൂടിയായപ്പോൾ ഫലസ്തീനികൾക്ക് പിടിച്ചുനിൽക്കാൻ പ്രയാസങ്ങൾ ഏറിവന്നു. ഇത്തരത്തിൽ സ്വന്തം രാഷ്ട്രത്തെ സുരക്ഷിതമാക്കാൻ വേണ്ടി 1987ലാണ് ശൈഖ് അഹ്മദ് യാസീൻറെ നേതൃത്വത്തിൽ ഹമാസ്(ഹർകത്തുൽ മുകാവമത്തിൽ ഇസ്ലാമിയ്യ) എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്.

ഫലസ്തീനിൽ സമാധാനം കൊണ്ടുവരാൻ നിരായുധസമരങ്ങൾക്ക് ആവില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ഹമാസ് രൂപീകൃതമാവുന്നത്. ഫതഹ് പാർട്ടിയും മറ്റു ചില സംഘടനകളും ഉണ്ടെങ്കിലും അവർക്കാർക്കും തന്നെ ജനപിന്തുണ നേടാനോ ക്രിയാത്മക ഇടപെടലുകൾ നടത്താനോ സാധിച്ചിട്ടില്ല.

ഫലസ്തീൻ വിമോചനം എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് ഹമാസ് സ്ഥാപിതമാവുന്നത്. നിരന്തരമായ നാശനഷ്ടങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയുന്ന ഒരു ശൈലി ഫലസ്തീൻ ജനത ഹമാസിനോട് പ്രകടിപ്പിക്കാത്തതും ഇതുകൊണ്ട് തന്നെയാണ്. സ്ഥാപിതമായി അരനൂറ്റാണ്ട് പിന്നിട്ട് 2007ൽ ഫലസ്തീൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 132 സീറ്റുകളിൽ 74ലിലും വിജയിച്ച് ഭരണത്തിലേറിയ ഹമാസിന്എന്തുകൊണ്ടാണ് ഭരിക്കാൻ കഴിയാതെ പോയതെന്നതിന്റെ ഉത്തരത്തിലാണ് സയണിസ്റ്റു തന്ത്രം എത്രത്തോളം സ്വാധീനശക്തിയാണെന്ന് വ്യക്തമാകുന്നത്. ഹമാസ് അധികാരത്തിലേറുകയും ഇസ്മാഈൽ ഹനിയ്യ പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ അന്താരാഷ്ട്ര ജൂതലോബി അപകടം മനസ്സിലാക്കി. ഈ അസഹിഷ്ണുത മഹ്മൂദ് അബ്ബാസിന് കപട പിന്തുണ നൽകി അധികാരത്തിലേറ്റിയതിലൂടെയാണ് അവർ പ്രകടിപ്പിച്ചത്.

ശൈഖ് അഹ്മദ് യാസീൻ

തുടർന്ന് ഗസ്സയിൽ മാത്രം ഒതുങ്ങേണ്ടി വന്നെങ്കിലും ഇന്ന് ഹമാസ് ഫലസ്തീനിന്റെ പ്രതീക്ഷയാണ്. മൊസാദടക്കം സർവ്വ സന്നാഹങ്ങളുമായി ചാരവൃത്തി നടത്തുന്ന ഇസ്രായേൽ രാഷ്ട്രത്തിന് ആയുധത്തിന്റെ വഴിയെ ഇൻതിഫാദകൾ നയിക്കാനും ഹമാസ് തന്നെയാണ് മുൻകൈയെടുത്തത്. 2008ലും പന്ത്രണ്ടിലും പതിനാലിലും തുടർന്ന് നീണ്ട കാലയളവിനുശേഷം 2021ലും ചെറുത്തുനിൽപ്പുകൾ നടത്തുമ്പോഴും അതിജീവനത്തിലൂടെ കരകയറുന്നവർക്ക് വൻകിട വിദ്യകളെ പോലും ചെറുത്ത്തോൽപ്പിക്കാൻ എങ്ങനെ കഴിയുന്നുവെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അത് തന്നെയാണ് ഇസ്രായേലിന്റെയും ആശങ്ക.

2014 ന് ശേഷം നീണ്ട 7 കൊല്ലം ഹമാസ് പണിപ്പുരയിലായിരുന്നു. 2014 ലേറ്റ യുദ്ധസമാനമായ ആഘാതങ്ങൾക്കും നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതോടൊപ്പം ഇനിയൊരു പരാജയം ഉണ്ടാവാതിരിക്കാനുള്ള കഠിന പ്രയത്നങ്ങളും നടത്തി. ഇസ്രായേൽ മിസൈലുകളും ബോംബുകളും ബാക്കിയാക്കിയ അവശിഷ്ടങ്ങളെ പഠനവിധേയമാക്കിയതിലൂടെ സാങ്കേതികവിദ്യകൾ നേടിയെടുക്കുകയും അതേ അവശിഷ്ടങ്ങൾ കൊണ്ട് തന്നെ മിസൈലുകളും ബോംബുകളും നിർമ്മിച്ചെടുക്കുകയും ചെയ്തു. കേവലമൊരു സായുധസംഘം മാത്രമല്ല ഹമാസ്, ആതുരസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമടക്കം പ്രത്യേക വിഭാഗങ്ങൾ ഉണ്ട്.

ഹമാസിന്റെ സായുധ സംഘമാണ് ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്. ഐആർഎസ് റോക്കറ്റുകൾ 16 നു പകരം 96കിലോമീറ്റർ താണ്ടാൻ മാത്രം ശേഷി നേടിയപ്പോഴും ഹമാസ് നിർത്തിയില്ല. ഒളിപ്പോരാട്ടം ആണെന്ന് ആരോപിക്കപ്പെടുമ്പോഴും, റാമെല്ല വെസ്റ്റ്ബാങ്ക് തുടങ്ങിയ ഇടങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾ കൂടി തിങ്ങിപ്പാർക്കുന്ന ഗസ്സൻ തെരുവുകൾ ഭൂമിശാസ്ത്രപരമായി ഒരു ഒളിപോരാട്ടത്തിന് തീരെ അനുയോജ്യമല്ലാത്തതാണ്.കേവലം 40കിലോമീറ്റർ നീളവും 20കിലോമീറ്റർ വീതിയുമുള്ള ഗസ്സയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞുകരങ്ങളിലും പാൽക്കുപ്പിയോടൊപ്പം നല്കപ്പെടുന്ന മറ്റൊരു വസ്തുവും കൂടിയുണ്ട്. കൽചീളുകൾ. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യുമ്പോഴും ഗസ്സ ലോകത്തിന് തന്നെ മാതൃകയാണ്. സുന്ദരമായ തെരുവുകൾ ആക്രമണത്തിന്റെ ബാക്കിപത്രമായ അവശിഷ്ടങ്ങൾ കൊണ്ട് പൂന്തോട്ടം സൃഷ്ടിക്കുന്ന തിരക്കിലാണ്. അനന്തമായ പ്രതീക്ഷ മാത്രമാണ് എല്ലാത്തിനെയും കാതൽ.

അയൺ ഡ്രോമുകളിൽ ദൈവത്തെ കണ്ടിരുന്നവർക്കുള്ള മറുപടി കൂടിയാണ് ഹമാസിന്റെ അയ്യാശ് മിസ്സൈലുകൾ. നിലനിൽപ്പിനുവേണ്ടി ചെറുത്തുനിൽക്കുന്ന ഫലസ്തീൻ ജനതയ്ക്ക് മുന്നിൽ മുട്ടുകുത്തേണ്ടി ഖർക്കദ് അഭയാർത്ഥികൾക്ക് ഹമാസിന്റെ നേതാക്കളുടെ നിഴൽപോലും കണ്ടെത്താൻ ആയില്ല എന്നതാണ് സത്യം. അവസാനിപ്പിക്കാൻ ഒരുങ്ങിയ ഇസ്രായേൽ ഇന്ന് തകർച്ചയുടെ വക്കിലാണ്. അതിന്റെ മറ്റൊരു രൂപമാണ് വ്യാജ വെടിനിർത്തൽ പ്രഖ്യാപനത്തിലൂടെ പുറംലോകം കണ്ടത്. എല്ലാം ജാള്യത മറച്ചുവെക്കാൻ വേണ്ടിമാത്രം.

വേണ്ടത് പൂർണസ്വാതന്ത്ര്യം മാത്രം

7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫലസ്‌തീൻ സ്വതന്ത്രമല്ല. അതിന് കാരണവുമുണ്ട്. അഖ്സാ പള്ളിക്കെതിരെ ജൂതകരങ്ങൾ നിലകൊള്ളുമ്പോഴും ഫലസ്തീനിൽ അധികാര വടംവലിക്കും ആഭ്യന്തര ഭിന്നിപ്പുകൾക്കും പഞ്ഞമുണ്ടായിട്ടില്ല. ഐക്യമാണ് പ്രധാനം. ഉപരോധങ്ങൾ ഒന്നൊന്നായി വന്നുപതിച്ചിട്ടും ഫലസ്തീന് ലവലേശം നീരസമോ അവകാശപോരാട്ടത്തിൽ നിന്ന് പിറകോട്ട് മാറാനുള്ള പരാജയഭീതിയോ ഇല്ല.

മെഡിറ്ററേനിയൻ കടലിനും ടെൽഅവീവിനുമിടക്കുള്ള ഗസ്സ കൊളുത്തിയ പോരാട്ടത്തിന്റെ തിരി മറിയം അഫീഫിയിലൂടെയും റസാൻ നജ്ജാറിലൂടെയും അയ്യാഷിലൂടെയും ഇന്നും തെളിഞ്ഞുകത്തുന്നുണ്ട്.

യാസർ അറഫാത്തും അഹമ്മദ് യാസീനും ഖാലിദ് മിശ്അലുമെല്ലാം അധികാരക്കൊതി മാറ്റിവച്ച് വിമോചനസമരങ്ങൾക്ക് മുന്നിൽ നിന്ന് തന്നെ നേതൃത്വം കൊടുത്തവരാണ്. വീഥികൾക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു കെട്ടിടം തകരുന്നിടത്ത് മറ്റൊന്ന് ഉയർന്നുവരും. ലഭ്യമായ പ്രകൃതി സ്രോതസ്സുകൾ കൊണ്ടാണ് അതിജീവനവും സാധ്യമാക്കുന്നത്.

പിറന്നുവീഴുന്ന ഓരോ കുട്ടിയേയും സമരത്തിനയക്കുന്ന ഉമ്മമാരുടെ കണ്ണിൽ നിന്നും ഒഴുകുന്ന പ്രതീക്ഷയുടെ കണങ്ങൾ തന്നെയാണ് വിമോചനത്തിന്റ പ്രതീക്ഷകൾക്ക് ജീവൻ പകർന്നു നൽകുന്നത്. ലോകം കണ്ട ഏറ്റവും നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ നീതി.ആ നീതി പുലരാത്ത കാലത്തോളം അധിനിവേശ വിരുദ്ധപോരാട്ടം തുടരും.

By സദഖത്തുള്ള കോതമംഗലം

+2 Humanities, Al Hidaya Islamic Academy, Kalamassery