‘സേവ് ലക്ഷദ്വീപ്’ കാമ്പയിന്‍ സാമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ദ്വീപിലെ ജനങ്ങളുടെ ഭക്ഷ്യശീലങ്ങളെയും, ഭൂഅവകാശങ്ങളെയും മതകീയ സംസ്‌കാരത്തെയും ഹനിക്കുന്നതും, ഒപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുടുംബാസൂത്രണം മാനദണ്ഡമാക്കുകയും കോര്‍പറേറ്റുകള്‍ക്ക് ദ്വീപില്‍ പ്രവേശനം കൊടുക്കുകയും ചെയ്യുന്ന നിയമനടപടികള്‍ക്കെതിരാണ് പ്രധാനമായും പ്രതിഷേധങ്ങള്‍. പക്ഷേ, ഇംഗ്ലീഷ് പത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും വളരെ കുറഞ്ഞ കവറേജ് മാത്രമാണ് വിഷയത്തിന് ലഭിക്കുന്നത്. ദ്വീപിലെ ആദ്യത്തെ ഓണ്‍ലൈണ്‍ പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
പുതുതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന ഭേദഗതികളെയും നിയന്ത്രണങ്ങളെയും ജനങ്ങളുടെ മേല്‍ വേഗത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ദ്വീപ് ഡയറി പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച പത്ത് വര്‍ഷം പഴക്കമുള്ള വാര്‍ത്താ വെബ്സൈറ്റ് 2021 മെയ് 23 ന് അതിന്റെ ആദ്യത്തെ നിരോധനത്തെ നേരിട്ടു. ദ്വീപ് ഡയറിയുടെ ചീഫ് എഡിറ്റര്‍ കെ ബാഹിര്‍ കീബോര്‍ഡ് ജേണലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു.
ഒരു വിപ്ലവഗാനം സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന്റെ പേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ബാഹിര്‍ കരുതുന്നത്. ബാഹിര്‍ താമസിക്കുന്ന കില്‍താന്‍ ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് പാട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചറിവില്ല. “വര്‍ഷങ്ങള്‍ക്കുമുമ്പ്, പ്രാദേശിക വാര്‍ത്തകള്‍ പങ്കിടാന്‍ ഞങ്ങള്‍ ഒരു ബ്ലോഗ് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീടത് ഒരു വാര്‍ത്താ പോര്‍ട്ടലാക്കി മാറ്റി. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്ത സംഘം (ലക്ഷദ്വീപ് ലിറ്റററി ആക്ടിവിസ്റ്റ് ഗ്രൂപ്പ്) 2010 ല്‍ വെബ്‌സൈറ്റ് സ്ഥാപിച്ചു. വാര്‍ത്തകള്‍ക്കൊപ്പം, കഥകളും കവിതകളും ദ്വീപുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.’ ഈ വെബ്‌സൈറ്റിലൂടെയാണ് ദ്വീപ് നിവാസികള്‍, പ്രവാസി ദ്വീപുകാർ, മലയാളി സമൂഹം എന്നിവര്‍ക്ക് ദ്വീപിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി ഒരു തടസ്സവുമില്ലാതെ അത് തുടര്‍ന്നു. ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ നേരിടുമ്പോള്‍ മാത്രം അപ്ഡേറ്റ് തടസ്സപ്പെടും.
“പുതിയ സംഭവവികാസങ്ങളില്‍ ദ്വീപുകാര്‍ക്ക് വലിയ പ്രതിഷേധമുണ്ട്. സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ആ ഗാനത്തില്‍ ആ പ്രതിഷേധങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. കില്‍താന്‍ ദ്വീപില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതു കൊണ്ട് വീഡിയോ കാണാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെ സൈറ്റ് വിലക്കാന്‍ പ്രേരിപ്പിച്ചത് ആ വീഡിയോ ആവാം. ഏഴ് സ്റ്റാഫുകളുള്ള ദ്വീപ് ഡയറി വളരെ വസ്തുനിഷ്ഠമായ ഭാഷയില്‍ കുറഞ്ഞ ഉള്ളടക്കത്തോടെയാണ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നത്” കെ ബാഹിര്‍ ദ്വീപ് ഡയറിയുടെ ചരിത്രവും വികാസവും വിശദീകരിക്കുന്നു.
“മൂവായിരത്തോളം ആളുകള്‍ താമസിക്കുന്ന ഒരു ദ്വീപിലാണ് ഞാന്‍ താമസിക്കുന്നത്. ദിവസേന മുപ്പതോളം കോവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കില്‍ത്താന്‍ ദ്വീപില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമേയുള്ളൂ, അവിടെ ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് കരാര്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിച്ചിട്ടുണ്ട്. കൂടാതെ, 10 മുതല്‍ 15 വരെ കിടക്കകള്‍ മാത്രമേ ലഭ്യമാകൂ. ആരോഗ്യസ്ഥിതി വഷളാകുകയാണെങ്കില്‍, രോഗിയെ ഹെലികോപ്റ്ററിലോ കപ്പലിലോ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണം. രോഗിയെ കവരത്തിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകും അല്ലെങ്കില്‍ അഗത്തിയിലെ രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും. അവിടെ കുറച്ചുകൂടി മികച്ച സൗകര്യമുണ്ട്. അവിടെയും പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, രോഗിയെ എറണാകുളത്തേക്ക് മാറ്റും. യാത്രാചെലവ് രോഗി വഹിക്കേണ്ടി വരും. ചിലര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിക്കുന്നു.
പകര്‍ച്ചവ്യാധിയുടെ സമയത്ത് ദ്വീപിലേക്ക് പ്രവേശിക്കുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാരന്റീനില്‍ കഴിയണം. ശേഷം ടെസ്റ്റിന് വിധേയമായി നെഗറ്റിവ് ആണങ്കില്‍ കപ്പലില്‍ കയറ്റി ഹോം ക്വാരന്റീനിന് വിടും. പിന്നീടൊരു ടെസ്റ്റ് കൂടെ നടത്തി നെഗറ്റിവ് ആണെങ്കില്‍ മാത്രമാണ് ദ്വീപില്‍ നടക്കാന്‍ കഴിയൂ. ഈ നിയന്ത്രണങ്ങള്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കിയതിനു ശേഷമാണ് കോവിഡ് ഇവിടെ പ്രവേശിച്ചത്. ദിനേനയുള്ള കോവിഡ് കേസുകള്‍ ഇപ്പോള്‍ മുപ്പതോളം വരും. നിലവില്‍ പരിശോധനകള്‍ നടത്തുകയും രോഗികളെ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്നു. അവസ്ഥ വഷളായാല്‍ അവര്‍ ആശുപത്രിയിലേക്കു മാറ്റും.
ഫിഷിംഗ് ബോട്ടുകള്‍ നങ്കൂരമിടുകയും എല്ലാ ഇടപാടുകളും നടക്കുകയും ചെയ്യുന്ന സ്ഥലമാണ് വൈറ്റ് സാന്‍ഡ് ഏരിയ. മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശത്ത് ഷെഡുകള്‍ നിര്‍മ്മിച്ചു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പുതന്നെ ഈ ഷെഡുകള്‍ അവിടെ ഉണ്ടായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങള്‍ ശക്തമായി. ടൂറിസം പദ്ധതികള്‍ക്കുള്ള ശ്രമമാണിതെന്നാണ് സൂചന. ഈ ഭൂമികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബിജെപി നേതാക്കള്‍ക്ക് ഒരു അജണ്ടയുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഈ പ്രദേശം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഞങ്ങളില്‍ ആര്‍ക്കും ഞങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ലക്ഷം രൂപ വിലവരുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ നശിപ്പിച്ചു.
പഞ്ചായത്ത് ബൈലോ ഭേദഗതിയുടെ കരട് അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലെ ഒരു നിബന്ധനയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരു വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് പറയുന്നു. 70 പേജുകളാണ് ഡ്രാഫ്റ്റ്. ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും ഈ കരട് വായിക്കാന്‍ സമയം നല്‍കിയിട്ടില്ല. ഞങ്ങളെ ബാധിക്കുന്ന വാര്‍ത്തകളും ദേശീയ തലത്തില്‍ ഇന്ത്യന്‍ പൗരനെ ബാധിക്കുന്ന സംഭവങ്ങളും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . പക്ഷേ, ദ്വീപിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണ് മുന്‍ഗണന” അദ്ദേഹം പറഞ്ഞു.
(നിര്‍ദ്ദിഷ്ട ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷന്‍ 2021 പ്രകാരം, ദ്വീപുകളെ നാല് മേഖലകളായി തിരിക്കും. വാസയോഗ്യമായത്, വാണിജ്യ മേഖല, വ്യാവസായിക മേഖല, കാര്‍ഷിക മേഖല. ജനങ്ങള്‍ക്കു തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനു മേല്‍ ഒരു ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അധികാരമേര്‍പ്പെടുത്തും. 2011 സെന്‍സസ് പ്രകാരം പട്ടിക വര്‍ഗ വിഭാഗം ഭൂരിപക്ഷമുള്ള ദ്വീപില്‍ പുറമെ നിന്നുള്ളവര്‍ സ്ഥിരവാസമാക്കുന്നതിന് സഹായിക്കുന്ന റെഗുലേഷന്‍ പിന്‍വലിക്കാന്‍ ദ്വീപുകാര്‍ അഡ്മിനിസ്‌ട്രേഷന് കത്തു നല്‍കിയിരുന്നു. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ ഭാവി നിശ്ചയിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ അനുവദിക്കുന്ന റെഗുലേഷനാണ് ഇത്. പ്ലാനിങ് അതോറിറ്റിയാണ് ഇത്തരം നടപടികള്‍ ചെയ്യുന്നത്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ വിവര പ്രകാരം ഏറ്റവും കുറവ് കുറ്റകത്യങ്ങള്‍ നടക്കുന്നയിടമാണ് ലക്ഷദ്വീപ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ അഡ്മിനിസിട്രേഷന്‍. ബീഫിന്റെ ഉപഭോഗം, വില്‍പന, സംഭരണം, ഗതാഗതം എന്നിവ നിരോധിക്കുന്നതാണ് ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റെഗുലേഷന്‍സ് 2021. ദ്വീപുകാരുടെ ഭക്ഷണ ശീലങ്ങളെ നേരിട്ടാക്രമിക്കുന്നതാണ് ഈ നടപടി. മദ്യത്തിന്റെ വില്‍പനയും ഇറക്കുമതിയും സാംസ്‌കാരികമായി നിരോധിക്കപ്പെട്ട ദ്വീപില്‍ ആ നിരോധനവും എടുത്തു കളഞ്ഞിരിക്കുകയാണ് പുതിയ നിയമം).