“ആദിവാസിക്കുട്ടികൾക്ക് പഠിക്കാൻ സർക്കാർ സൗകര്യമൊരുക്കുന്നില്ല”: ചിത്ര നിലമ്പൂർ

2021 മാർച്ച് 20, 21 തീയതികളിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ഭീംയാന കളക്ടീവും നീലം കൾച്ചറൽ സെന്ററും സംയുക്തമായി നടത്തിയ Redefining Kerala Model എന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആദിവാസി പ്രവർത്തക ചിത്ര നിലമ്പൂർ സംസാരിക്കുന്നു.

ഒരുപാട് കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാനാണ് ഞാൻ വന്നത്. കാരണം എന്റെ മുന്നിലിരിക്കുന്നത് നിസ്സാരക്കാരല്ല. വിദ്യാർത്ഥികളും അധ്യപകരും എഴുത്തുകാരും എല്ലാം ആണ്. നമ്മൾ പറയുന്ന കാര്യങ്ങൾ ഗവണ്മെന്റ്ലേക്കെത്തിക്കാൻ പറ്റുന്ന ആളുകളാണ് എന്റെ മുന്നിലിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറച്ചു കാര്യങ്ങൾ അവതരിപ്പിക്കാമെന്ന് വിചാരിക്കുന്നു. നമുക്കറിയാം കേരള മോഡൽ, കേരള നമ്പർ വൺ എന്നൊക്കെ പറയുമ്പോളും ഈ പറയുന്ന വികസനം നമ്മളിലേക്കല്ല എത്തിയത് എന്ന് നമുക്കെല്ലാവർക്കുമറിയാം, പ്രത്യേകിച്ചും ആദിവാസി മേഖലയിൽ.

ഇപ്പൊ ഈ അഞ്ചു വർഷം- 2018,2019, 2020 വർഷങ്ങൾ നമ്മുടെയിടയിൽ എങ്ങനെ കടന്നു പോയി എന്ന് നമുക്കറിവുള്ളതാണ്. പ്രത്യേകിച്ചും 2019 ൽ മലപ്പുറം, വയനാട് പോലുള്ള ജില്ലകളിൽ പ്രളയ ദുരന്തം എത്രത്തോളമാണ് ആദിവാസികളുടെ ജീവനെടുത്തതെന്ന് നമുക്കറിയാം. കവളപ്പാറയിൽ 59 പേരാണ് മരണപ്പെട്ടത്. അതിൽ 29 പേരും പണിയ സമുദായത്തിൽ പെട്ട ആദിവാസികളാണ്. അതുപോലെത്തന്നെ വയനാടും സംഭവിച്ചത് നമുക്കറിയാം. 2018 ൽ മലപ്പുറം ജില്ലയിൽ ചാലിയാർ ഗ്രാമ പഞ്ചായത്തിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഏഴു അമ്മമാരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. ഈ രണ്ടു സ്ഥലങ്ങളിലും ഇന്നും അവർക്ക് ഭൂമിയോളം വീടോ കൊടുത്തിട്ടില്ല. ചാലിയാർ പഞ്ചായത്തിൽ 2018 ൽ മതിൽ മൂല, അകമ്പാടം ഭാഗങ്ങളിൽ 2018ൽ ഇരുന്നൂറോളം ആദിവാസി വീടുകൾ നഷ്ടപ്പെട്ടിട്ട് ഇന്ന് 9 വീടുകൾ മാത്രമാണ് ഗവണ്മെന്റ് പണിതു കൊടുത്തത്. ഇന്നും കവലപ്പാറയിലെ ജനങ്ങൾ ക്യാമ്പുകളിലാണ് കഴിയുന്നത്. ചിലർ വാടക വീടുകളിലും, ആ വാടക കൊടുക്കുന്നത് പോലും വളരെ കുറഞ്ഞ മാസങ്ങൾക്ക് ശേഷം ഗവണ്മെന്റ് നിർത്തി.

ചിത്ര നിലമ്പൂർ

അതുപോലെത്തന്നെ കോവിഡ് കാലത്ത് പതിനാല് ജില്ലകളിലെയും ആദിവാസികൾ പറയുന്നത് ഞങ്ങൾ പട്ടിണിയിലാണ് എന്നാണ്. ആദിവാസി വിഭാഗങ്ങൾക്ക് പൊതു സമൂഹത്തിനെപ്പോലെ സമ്പാദ്യ ശീലം ഇല്ല, അരി പോലും വാങ്ങി വെക്കുന്ന ആളുകളല്ല ആദിവാസികൾ. പെട്ടെന്ന് വന്ന ലോക്ക്ഡൌൺ അവരെ ശരിക്കും പട്ടിണിയിലാക്കി. ഇന്നും അതിൽ നിന്നുമവർ മോചിതരായിട്ടില്ല. അത് പോലെത്തന്നെ പിവിടിജി വിഭാഗത്തിൽ പെടുന്ന കാട്ടു നായ്ക്കർ, ചോല നായ്ക്കർ, കൊറക, കാടർ, കുറുമ്പർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ തേൻ പോലുള്ള വനവിഭവങ്ങൾ ശേഖരിക്കുന്ന സമയത്താണ് ലോക്ക്ഡൌൺ വന്നത്. ആ സമയത്ത് അവർ ശേഖരിച്ച തേൻ എല്ലാം തന്നെ പാഴായിപ്പോയി. ഈ വിഭാഗത്തിന്റെ തേൻ വാങ്ങിച്ചിരുന്ന വന സംരക്ഷണ സമിതിക്കും ഫണ്ട്‌ നിന്ന് പോയതിനാൽ അവർക്കും വാങ്ങാനായില്ല.പിന്നീട് നാല് മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളെ വിളിച്ചറിയിച്ച് വാർത്തകൾ നൽകിയതിന്റെയും അടിസ്ഥാനത്തിൽ ചില സംഘടനകളാണ് തേൻ ശേഖരിച്ചത്. അതും വെറും മുന്നൂറ് രൂപക്കാണ് അവർ തേൻ ശേഖരിച്ചത്.

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതിന് ശേഷം ഇപ്പോളും ആദിവാസി കുട്ടികൾക്ക് പഠിക്കാനാവുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസം എന്ന് സർക്കാർ അവതരിപ്പിക്കുകയല്ലാതെ അതിനു വേണ്ടിയുള്ള യാതൊരു സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തിട്ടില്ല.

മലപ്പുറം ജില്ലയിൽ ആത്മഹത്യാ ചെയ്ത ദേവിക അതിനൊരുദാഹരണമാണ്. അതുപോലെയുള്ള, നന്നായി പഠിക്കനാഗ്രഹിക്കുന്ന ഒരുപാട് കുട്ടികൾ ഇന്നും നമുക്കിടയിലുണ്ട്. അവർക്ക് കിട്ടിയ മൊബൈൽ ഫോണും ലാപ്ടോപ്പും ടി വി യുമെല്ലാം പൊതു പ്രവർത്തകർ ശേഖരിച്ചു കൊടുത്തതാണ്. ഇതെല്ലാം ഇവിടെ യഥാർഥ്യമായി നിൽക്കുമ്പോഴാണ് ‘കേരള മോഡൽ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്.

ആദിവാസി വിഭാഗത്തിലെ വിദ്യാഭ്യാസത്തിന്റെ കാര്യമാണ് എനിക്ക് പ്രധാനമായും പറയാനുള്ളത്. രണ്ട് ദിവസം മുന്നേ പോലും എനിക്ക് ഈ വിഷയത്തിൽ ഇടപെടേണ്ടി വന്നു. പത്തനംതിട്ട ജില്ലയിലെ ഒരു പെൺകുട്ടി എന്നെ ഫോണിൽ വിളിച്ചു എനിക്ക് ആരുമില്ലാ, അച്ഛനില്ല, അമ്മയില്ല, എനിക്ക് പഠിക്കണം ഇവിടെ ഞാൻ പല ചൂഷണങ്ങളും പീഡനങ്ങളും അനുഭവിക്കുകയാണ് എന്ന് പറഞ്ഞു. ഞാൻ പല സംഘടനകളുമായും ബന്ധപ്പെട്ടു, ആരും സഹകരിച്ചില്ല. അവസാനം റൈറ്റ്സ് എന്നൊരു സംഘടന രണ്ടായിരം രൂപ തന്നു സഹായിച്ചു. ആ പെൺകുട്ടിക്ക് പഠിക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് എത്താൻ വേണ്ടിയാണ് ഞാൻ ആ പണം ആവശ്യപ്പെട്ടത്. അത് പോലെത്തന്നെ മിനിഞ്ഞാന്ന് എനിക്കൊരു ഫോൺ കാൾ വന്ന്, “ചേച്ചി, നിലമ്പുരിൽ MRS ൽ സർട്ടിഫിക്കറ്റ് നു വേണ്ടി പോയതാണ്. തിരിച്ചു വരാൻ കയ്യിൽ കാശില്ല. എന്റെ സാമ്പത്തിക സ്ഥിതി അറിയാലോ, ഞാൻ അപ്പോൾതന്നെ ഒരു മാഷിനെ വിളിച്ചു കാര്യം പറഞ്ഞു. ആദ്യം മാഷ് മടിച്ചുവെങ്കിലും പിന്നീട് സഹായിച്ചു.

ചിന്തിക്കേണ്ട സമയമാണ്. നമ്മുടെ മുഖ്യമന്ത്രി ഹൈ ടെക് വിദ്യാലയങ്ങളുണ്ടാക്കിയെന്നൊക്കെ പറയുമ്പോളും വയനാട്ടിലെ രണ്ടായിരത്തോളം ആദിവാസി കുട്ടികൾ പ്ലസ് ടു വിന് സീറ്റില്ലാതെ പുറത്തു നിൽക്കേണ്ടി വരുന്നതിനെതിരെ നിൽപ്പു സമരം സംഘടിപ്പിക്കേണ്ട അവസ്ഥയാണ് നമ്മൾക്ക്. അതേപോലെതന്നെ അട്ടപ്പടിയിലെയും കോട്ടയത്തെയും ഹോസ്റ്റലും അടച്ചു പൂട്ടുകയുണ്ടായി. “നമ്മുടെ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ”യെന്നാണ് അംബേദ്കർ പറഞ്ഞിട്ടുള്ളത്, പക്ഷെ എവിടെയാണ് നമുക്ക് വേണ്ടി വിദ്യാഭ്യാസത്തിനുള്ള അവസരം സർക്കാർ തന്നത്? എന്റെ പ്രവർത്തനത്തിൽ ഞാൻ ഏറ്റവുമധികം മുൻ‌തൂക്കം നൽകുന്നത് വിദ്യാഭ്യാസത്തിനാണ്. സാധ്യമാവുന്ന എല്ലാ വേദികളിലും ഞാൻ വിദ്യാഭ്യാസത്തിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൊടും വനത്തിനുള്ളിൽ താമസിക്കുന്ന കാട്ടു നായ്ക്ക, ചോല നായ്ക്ക വിഭാഗത്തിൽ നിന്നുള്ളയൊരാളാണ് ഞാൻ. ഞങ്ങൾക്ക് വേണ്ടി 1993 ൽ സ്ഥാപിതമായ, പ്ലസ് ടു വരെയുള്ള സ്ഥാപനമായ IGMMRS ൽ നിന്നും വിനോദ് ചോലനായ്ക്കൻ എന്നാ ഒരു കുട്ടി മാത്രമാണ് ഉപരിപഠനം നടത്തിയത്. പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലുകൾ ഇല്ലാത്തതിനാലും കൊടും വനം താണ്ടി ദിവസവും യാത്ര ചെയ്യുന്നതിലെ അസാധ്യതയും കാരണം വേറൊരു കുട്ടി പോലും അവിടെ നിന്നും ഡിഗ്രിക്ക് പോയിട്ടില്ല. ഇക്കൊല്ലം ഒടുവിൽ അഞ്ചു കുട്ടികൾ ഞങ്ങളെ സമീപിച്ചു പഠിക്കാനുള്ള ആവശ്യമുന്നയിച്ചു. അങ്ങനെ മലപ്പുറം ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ എടുത്ത ശേഷമാണ് അറിയുന്നത് അവിടെ ഹോസ്റ്റൽ ഇല്ലായെന്നുള്ളത്. തുടർന്ന് ഞങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി എഴുതി പലരോടും യാചിച്ചു ഒരു വീട് വാടകക്കെടുത്തു കൊടുത്തു. സർക്കാരിനോട് പോലും യാചിച്ചു. സർക്കാർ അനുവദിച്ച ഗ്രാൻഡിൽ നിന്നും താമസ സ്ഥലത്തിന്റെ വാടക മാത്രമേ കിട്ടുന്നുള്ളൂ. ആ കുട്ടികൾക്ക് മൊബൈൽ ഇല്ല, ചെരിപ്പില്ല, വസ്ത്രങ്ങളില്ല, എന്തിനേറെ ഭക്ഷണം പോലുമില്ല. കാരണം അക്ഷരഭ്യാസമില്ലാത്ത ഗോത്ര ഭാഷ മാത്രം സംസാരിക്കുന്ന കൊടും വനത്തിൽ താമസിക്കുന്ന അവരുടെ രക്ഷിതാക്കൾക്ക് ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. അത് കൊണ്ടാണ് കുട്ടികൾ നമ്മളെപ്പോലെയുള്ള ആളുകളോട് ഇങ്ങോട്ട് വന്നു ആവശ്യപ്പെടുന്നത്. കുട്ടികൾക്ക് പഠിക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല, മറിച്ചു പഠിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ല എന്നതാണ് ഞാൻ വീണ്ടും പറയുന്നത്. പലരും കുറ്റപ്പെടുത്തുന്നത് പോലെ ‘ആദിവാസിക്കുട്ടികൾ പഠിക്കാൻ താല്പര്യമില്ലാത്തവരല്ല’.

ആയിരവും രണ്ടായിരവുമായി എത്ര പേർക്ക് എത്ര കാലം തരാൻ പറ്റും? ഇതൊക്കെയാണ് ആദിവാസി മേഖലയിലെ സ്ഥിതി എന്ന് പറയുന്നത്.

ഭൂമിയുമായി ബന്ധപ്പെട്ടു പറയുകയാണെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമമാണ് 2006ൽ പാസ്സ് ആക്കിയ വനാവകാശ നിയമം പതിനഞ്ചു വർഷങ്ങൾക്കിപ്പുറവും നടപ്പിലാക്കപ്പെട്ടിട്ടില്ല. വനാവകാശ നിയമം ഭൂമിയുമായി ബന്ധപ്പെട്ടു മാത്രമല്ല നിലനില്കുന്നത്. സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായുമെല്ലാം മുന്നോട്ടു പോവാൻ സാധ്യത തരുന്ന നിയമമാണത്. ഈ നിയമം നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. അത് പോലെത്തന്നെ 1996 ൽ നിലവിൽ വന്ന ആദിവാസികൾക്ക് സ്വയം ഭരണം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന PESA ആക്റ്റും ഗവണ്മെന്റ് ഇത് വരെ നടപ്പിലാക്കീട്ടില്ല. ഈ രണ്ട് നിയമങ്ങളും വേണ്ട വിധത്തിൽ നടപ്പിലാക്കിയാൽ തന്നെ ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടിവരുകയില്ല. പക്ഷേ അരിയും പയറും കിറ്റും നൂറു രൂപയും പെൻഷനും ഒക്കെയാണ് സർക്കാർ കണക്കുപറയുന്നത്. പക്ഷേ എന്നും ഇത്തരം ആശ്വാസ പദ്ധതികൾ കൊണ്ട് ആദിവാസികളുടെ അവകാശങ്ങളെ മറച്ചുവെക്കാനാണ് ഏതൊരു പാർട്ടിയുടെ സർക്കാരും ശ്രമിച്ചിട്ടുള്ളത്.

പാർട്ടികളുടെ പ്രകടനപത്രികയിൽ ആദിവാസികളുടെ ഭൂമിയെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ ആരും സംസാരിച്ചിട്ടില്ല. എന്നാൽ വോട്ടു ചോദിച്ചു തുടങ്ങുന്നത് ആദിവാസിക്കുടികളിൽ നിന്നാണ്.

വികസനത്തെക്കുറിച്ച് പറയുമ്പോൾ, ആദിവാസികളുടെ വികസനം ഊരുകൂട്ടത്തിൽ നിന്നു തന്നെയാണ് ഉരുത്തിരിയേണ്ടത്. ഊരുകൂട്ടത്തിൻ്റെ അധിപനായ ഊരുമൂപ്പനെ അംഗീകരിക്കാതെയാണ് കാര്യങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് വികസനപ്രവർത്തനങ്ങളിൽ ക്രമക്കേടുകളും മറ്റും നടക്കുന്നത്. മറ്റൊരു വേദനിപ്പിക്കുന്ന കാര്യം, ഈ രണ്ടു മാസത്തിനിടെ പതിമൂന്നോളം പോക്സോ കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതായി അറിയുന്നത്. എന്നാൽ ഈ കേസുകളെക്കുറിച്ച് പഠിച്ചപ്പോൾ മനസിലായത്, കുട്ടികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തവയല്ല മറിച്ച്, പ്രായപൂർത്തിയെത്തും മുമ്പെ വിവാഹം നടത്തിയതിനാണ് പോക്സോ ചുമത്തിയിരിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാം, പക്ഷേ പോക്സോ ചുമത്തിയതിൻ്റെ ഉദ്യേശ്യമാണ് മനസിലാകാത്തത്. ഗോത്ര ഭാഷ മാത്രം സംസാരിക്കാനറിയുന്ന ചോല നായ്ക്കർ, കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട, പോക്സോയെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത ചെറുപ്പക്കാരെ അനേകം വർഷങ്ങൾ ജയിലിലടയ്ക്കുന്ന നടപടിയാണ് അത്. കുറഞ്ഞപക്ഷം, ഗോത്ര ഭാഷയിൽ പോക്സോയെക്കുറിച്ച് അവബോധം നൽകുന്ന എഴുത്തുകൾ എങ്കിലും ലഭ്യമാക്കേണ്ടതുണ്ടായിരുന്നു. എനിക്കു നേരിട്ടറിയുന്ന ഒരു കുട്ടി, പതിനാറോ പതിനേഴോ വയസുള്ള അയാളുടെ ഭാര്യയും മൂന്നു വയസു പ്രായമുള്ള കുഞ്ഞുമുണ്ട്. ആ കുട്ടി ഇപ്പോൾ ജയിലിൽ പോകാൻ പോവുകയാണ്. ഇത് ആദിവാസി മേഖലയനുഭവിക്കുന്ന വളരെ വലിയ പ്രശ്നം തന്നെയാണ്. വീണ്ടും ആവർത്തിക്കുന്നു, ഒരു പെൺകുട്ടിയെപ്പോയി പീഡിപ്പിക്കുന്നതല്ല, അവരുടെ ആചാരപ്രകാരം മൂപ്പൻ്റെ കാർമികത്വത്തിൽ വിവാഹം ചെയ്യപ്പെടുന്നതാണ്.

പെസ നിയമം, വനാവകാശ നിയമം, അട്രോസിറ്റി ആക്ട്, പോക്സോ നിയമം എന്നിവ ഗോത്രഭാഷയിൽ ലഭ്യമാക്കാൻ സംവിധാനങ്ങളുണ്ടാകണം എന്നാണ് ഒടുവിലായി പറഞ്ഞു വെക്കാനുള്ളത്. ഇതെല്ലാം സർക്കാരിനെ പലപ്പോഴായി രേഖാമൂലം ആവശ്യപ്പെട്ട കാര്യങ്ങൾ തന്നെയാണ്. എന്നാൽ, അനുകൂലമായി ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. തീർച്ചയായും ഞങ്ങളെ മനുഷ്യരായിപ്പോലും സർക്കാർ പരിഗണിച്ചിട്ടില്ലയെന്നതാണ് മനസിലാകുന്നത്.

By Editor