നീതി ബോധമുള്ള മനുഷ്യർ സിദ്ധീഖ് കാപ്പനു വേണ്ടി ശബ്ദിക്കണം: വിവിധ സംഘടന നേതാക്കൾ പ്രതികരിക്കുന്നു

ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ പീഡനങ്ങൾക്കിരയായി ജയിലിൽ കഴിയുകയാണ്. യുഎപിഎ ചുമത്തപ്പെട്ട അദ്ദേഹത്തിൻ്റെ മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി സർക്കാരും പൊതു സമൂഹവും പ്രതികരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിവിധ സംഘടന നേതാക്കൾ എക്സ്പാറ്റ് അലൈവിനോട് സംസാരിക്കുന്നു.

മുനവ്വർ അലി ഷിഹാബ് തങ്ങൾ (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ)

കൃത്യമായ മനുഷ്യാവകാശ ലംഘനത്തിനാണ് നാം സാക്ഷിയാവുന്നത്. വിചാരണ കൂടാതെ ജയിലിൽ പാർപ്പിക്കുകയും കോവിഡ് ബാധിച്ചതിനു ശേഷം മൃഗതുല്യമായ സമീപനമാണ് ജയിൽ അധികൃതരും ആശുപത്രി അധികൃതരും അദ്ദേഹത്തോട് പുലർത്തുന്നത്. നമ്മുടെ ആവശ്യം അദ്ദേഹത്തെ ഉടനെ ജയിൽ മോചിതനാക്കുക അല്ലെങ്കിൽ വിചാരണ ചെയ്യുക എന്നതാണ്. വിചാരണ കൂടാതെ അന്യായമായി ജയിലിൽ കഴിയുന്ന ഒട്ടനവധി പേരുടെ കൂട്ടത്തിലേക്ക് അദ്ദേഹവും ചേർക്കപ്പെടുകയാണ്. കേരളത്തിലെ എംപിമാരും മറ്റും അദ്ദേഹത്തെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് കത്തെഴുതിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി ഉറപ്പുവരുത്തണം.

എം ഐ അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള അമീർ)

കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കുറിച്ച് ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. തടവിൽ കഴിയുന്ന അദ്ദേഹത്തിന്ന് കോവിഡ് ബാധയുണ്ടായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മഥുര കെ വി.എം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടതു മുതൽ കേരത്തിന്റെ സാമൂഹ്യ മനസാക്ഷി അദ്ദേഹത്തോടൊപ്പമുണ്ട്. മനുഷ്യാവകാശവും കോവിഡ് പ്രതിരോധവുമെല്ലാം പ്രഹസനമായി മാറിയ ഒരു സംസ്ഥാനത്ത് സിദ്ദീഖ് കാപ്പന്റെ അവസ്ഥ ആശങ്കാജനകമാണ് .ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശം സംരക്ഷിക്കാനും മതിയായ ചികിൽസ ഉറപ്പു വരുത്താനുംകേരളത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദം ഉയരേണ്ടതുണ്ട്.സാങ്കേതിക പരിമിതികളുണ്ടായിരിക്കെ തന്നെ, ദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്താനും അഭിപ്രായ രൂപീകരണം സാധ്യമാക്കാനും കേരളത്തിന്റെ ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവാത്ത ബാധ്യതയുണ്ട്.കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും ഈ അനീതിക്കെതിരെ രംഗത്തു വരേണ്ടതായിട്ടുണ്ട്.

ഡോ. ഹുസൈൻ മടവൂർ (ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻ്റ് ജനറൽ സെക്രട്ടറി)

സിദ്ദീഖ് കാപ്പന്റെ നീതിക്കു വേണ്ടി മുഖ്യമന്ത്രിയെക്കൂടാതെ മുഴുവൻ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സമുദായ നേതാക്കളുമെല്ലാം ഇടപെടേണ്ടതുണ്ട്. വിചാരണത്തടവുകാരൻ എന്ന നിലയിൽ ഒരാളെ പീഡിപ്പിക്കുന്നത് ശരിയല്ല. കേരള സർക്കാരിൻറെ ഇടപെടലിനുപരിയായി എംപിമാരെ പോലുള്ളവരുടെ ഇടപെടലാണ് കാര്യക്ഷമമാകുക. അദ്ദേഹം ഒരു മുസ്ലിം ആയതു കൊണ്ട്, ഇതൊരു മുസ്ലിം പ്രശ്നം മാത്രമായി ചുരുങ്ങിപ്പോകാൻ പാടില്ല. പൊതുരംഗത്തുള്ള മനുഷ്യാവകാശ- രാഷ്ട്രീയ പ്രവർത്തകരുടെയും പത്രപ്രവർത്തകരുടെയും ഇടപെടൽ ഉറപ്പുവരുത്തണം.

ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്)

ഹാഥറസ് വിഷയത്തില്‍ ഇടപെട്ടതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് യു.പി പൊലീസിന്റെ മുസ്‌ലിം വേട്ടയുടെ ഇരയായി വിചാരണാ തടവുകാരനായി കഴിയുയുകയും ചെയ്യുന്ന സിദ്ദീഖ് കാപ്പന് അടിയന്തരമായി ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാറും ഇടപെടണം. കോവിഡ് കാരണം മഥുര മെഡിക്കല്‍ കോളേജിലാക്കിയ കാപ്പനെ കൈ കട്ടിലില്‍ ബന്ധിച്ചാണ് പീഡിപ്പിക്കുന്നത്. അതിന് പുറമേ കട്ടിലില്‍നിന്ന് വീണ് കാലിന് പൊട്ടും മറ്റു പരിക്കുകളും ഉണ്ടെന്നും പറയുന്നു. അതിനാല്‍ അടിയന്തര സഹായം അനിവാര്യമാണ്.
കേരളത്തിന് പുറത്ത് മറ്റ് പല മലയാളികളുടെയും വിഷയത്തില്‍ ഇടപെടുകയും കത്തുകളയക്കുകയും ചെയ്ത മുഖ്യമന്ത്രി കാപ്പന്റെ വിഷയത്തില്‍ ഇടപെടാത്തത് ദുരൂഹമാണ്. ഒരു മലയാളി പത്രപ്രവര്‍ത്തകനെന്ന നിലയില്‍ വിവിധ മേഖലയില്‍നിന്ന് ആവശ്യങ്ങളുയര്‍ന്നിട്ടും കേരള സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. തങ്ങളുടെ അധികാര പരിധിയിലല്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ സര്‍ക്കാറിനാകില്ല. ഒരു മലയാളി പൗരനെന്ന നിലയില്‍ ചികിത്സക്കും മറ്റ് സഹായങ്ങള്‍ക്കുമുള്ള അവകാശം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും നിലവിലുള്ള അവസ്ഥയില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് മറ്റ് പല വിഷയങ്ങളിലുമുള്ള മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

അഡ്വ. ഫാത്തിമ തഹ്ലിയ (എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ്)

സമ്മർദ്ദങ്ങൾക്കൊടുവിൽ കേരള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു എന്നാണ് അറിയുന്നത്. ഇത്രയും മോശപ്പെട്ട സാഹചര്യത്തിലേക്കു കാര്യങ്ങൾ എത്തുന്നതിനു മുമ്പേ അദ്ദേഹത്തിനത് സാധ്യമായിരുന്നു. എന്തൊക്കയായാലും, ഒരു തടവുപുള്ളിക്ക് ലഭിക്കേണ്ട ചില മൌലികമായ അവകാശങ്ങളുണ്ടല്ലോ. ജനാധിപത്യവിരുദ്ധമായി തടവിലാക്കപ്പെട്ട സിദ്ധീഖ് കാപ്പനു ലഭിക്കേണ്ട അത്തരം അവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്നതാണ്. നിലവിൽ ജയിൽവാസികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഒരു കോഡിഫൈഡ് ആയ നിയമങ്ങൾ നമുക്കില്ല. മിനിമം അവരുടെ ആരോഗ്യം സംരക്ഷിക്കാനും, ജീവിക്കാനുമുള്ള അവകാശം വകവെച്ചു കൊടുക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്. അത് സർക്കാരുകൾ ചെയ്തിട്ടില്ലെങ്കിൽ സർക്കാരിനെ അലർട്ട് ആക്കാനുള്ള ബാധ്യതയുള്ളവരുണ്ട്. സിദ്ധീഖ് കാപ്പന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകർ പോലും വിഷയത്തിൽ മൌനം പാലിക്കുന്നതാണ് കാണുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇത്രയേറെ വഷളാകുന്നതിന് മുമ്പേ തന്നെ മതത്തിനപ്പുറത്തു നിന്നും വിഷയത്തെ സമീപിക്കാൻ മുഖ്യമന്ത്രിക്കു കഴിയുമായിരുന്നു.

അബ്ദുസ്സമദ് പൂക്കോട്ടൂർ (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി)

സിദ്ദീഖ് കാപ്പന് നീതി ലഭിക്കണം. എത്രയും പെട്ടെന്ന് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. കേരള മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തിലടപെട്ട് അദ്ദേഹത്തിനു നീതി ലഭ്യമാക്കാനാവശ്യമായത് ചെയ്യണം.

വി എച്ച് അലിയാർ ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, കേരള ഘടകം)

സിദ്ധീഖ് കാപ്പൻ വളരെ അപകടകരമായ സ്ഥിതിയിലാണെന്നാണ് അറിയുന്നത്. യോഗിയുടെ സർക്കാർ തികച്ചും മൃഗീയമായാണ് ആ മനുഷ്യനോട് പെരുമാറുന്നത്. യോഗിയുടെ സർക്കാർ ഒരു അധോലോകമാണ്. അവിടെ ബഹുജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയുമെല്ലാം ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ അതിലകപ്പെട്ട മനുഷ്യൻ പിന്നീട് വെളിച്ചം കാണില്ലയെന്നാണ് മനസിലാക്കേണ്ടത്. ഒരു നിയമ വാഴ്ചയില്ലാത്ത സംസ്ഥാനമായി യുപി മാറിയിരിക്കുന്നു. ഇത് സിദ്ധീഖ് കാപ്പൻ്റെത് മാത്രമായ ഒരു വിഷയമല്ല, നീതിയും ന്യായവും പുലർന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഇതിനെതിരെ നിലകൊള്ളേണ്ടത് അത്യാവശ്യമാണ്. ഫാഷിസ്റ്റു പ്രവണതകൾക്കെതിരെ തുടക്കത്തിൽ കാണിക്കുന്ന നിസ്സംഗതക്ക് വലിയ വില നൽകേണ്ടി വരും. സിദ്ധീഖ് കാപ്പനെന്ന മാധ്യമപ്രവർത്തനു വേണ്ടി ശബ്ദിക്കാതിരിക്കൽ മാധ്യമ ലോകത്തിനു തന്നെ അപമാനമാണെന്ന് അവർ മനസിലാക്കണം.മനസാക്ഷിയുള്ള മുഴുവൻ മനുഷ്യരും പ്രതികരിക്കണം. കുറച്ചു കഴിഞ്ഞാൽ പ്രതികരണത്തിന് അവസരമുണ്ടായെന്നു വരില്ല.

ഡോ: ജാബിർ അമാനി (കെഎൻഎം മർകസുദ്ദഅ്വ, സംസ്ഥാന സെക്രട്ടറി)

ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ തടവ് ആറുമാസം പിന്നിടുകയാണ്. വിചാരണ തടവുകാരനായി കഴിയുന്ന അദ്ദേഹത്തിൻ്റെ ഭാര്യ പത്രസമ്മേളനത്തിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അവരുടെ നിസ്സഹായത പലതവണ പങ്കുവച്ചതാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് ഭാര്യയുടെ കഴിഞ്ഞദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയുന്നത്. കോ വിഡ് ബാധിച്ച് സ്ഥിതി ഏറെ വഷളായപ്പോഴും ചങ്ങലയിൽ ബന്ധിച്ച് പൈശാചികത താണ്ഡവമാടുകയാണ് ജയിലിൽ. ഫാഷിസത്തിനെതിരിൽ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുകയെന്ന അജണ്ടയുടെ ഭാഗമാണിത്.

കേരളത്തിൽ സംഘപരിവാർ അജണ്ടകളെ നഖശിഖാന്തം എതിർക്കുന്നവർ പോലും സിദ്ദീഖ് വിഷയത്തിൽ നിസ്സംഗത പാലിക്കുന്നതാണ് ഏറെ സങ്കടകരം’ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണമെന്ന കാര്യത്തിൽ ആർക്കാണ് അഭിപ്രായവ്യത്യാസമുണ്ടാവുക? പക്ഷേ വിചാരണ തടവുകാരനായി പീഡിപ്പിച്ച് നാമവശേഷമാക്കുകയെന്ന അജണ്ട മാത്രമാണിത്. കൊടും ക്രൂരതയുടെ ഇര. മാനുഷിക പരിഗണ പോയിട്ട് നീതിയുടെ ഒരു തരിമ്പു പോലുമില്ലാത്ത സമീപനം. പക്ഷേ പതിഞ്ഞ പ്രതികരണമാണ് പലരും നിർവ്വഹിക്കുന്നത്. രാഷ്ടീയ വൈര്യ നിര്യാതനബുദ്ധിയാണ് പലർക്കും. ഇത് അവസാനിപ്പിക്കണം. ഭരണകൂടങ്ങൾ കുറ്റകരമായ ഈ നിസ്സംഗതവെടിയണം.

നിരപരാധികളെ അറസ്റ്റ് ചെയ്ത് തീവ്രവാദത്തിൻ്റെ ചാപ്പ കുത്തിയാൽ വിഷയത്തിൽ ആരും ഇടപെടില്ലന്ന തോന്നൽ സാർവത്രികമായാൽ ഈ പ്രശ്നം ഒരു കാപ്പനിൽ മാത്രം ഒതുങ്ങില്ലന്ന് നാം തിരിച്ചറിയണം.
സിദ്ദീഖ് കാപ്പന് ജീവൻ നിലനിർത്താൻ ഉള്ള സൗകര്യത്തിനാണ് നാം ഒരുമിച്ച് ശബ്ദ്ദിക്കുക. ഇല്ലെങ്കിൽ ഇന്ന് ഞാൻ നാളെ നീയെന്ന ഫാസിസ്റ്റജണ്ടകൾക്ക് ഈ നാട് മെല്ലെ അരികു ചേർന്ന് പോവും.

ജബീന ഇർഷാദ് (വുമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ്)

ഭരണകൂട ഭീകരതക്കും വർഗ്ഗീയവിഷംവമിപ്പിക്കലിനും കുപ്രസിദ്ധി നേടിയ യോഗി യുടെ ഫാസിസ്റ്റു ഭരണകൂടം ഒരു പൗരനെ എങ്ങനെയെല്ലാം വേട്ടയാടും എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് സിദ്ധീഖ് കാപ്പൻ.
ജനാധിപത്യത്തിന്റെ കാവലാളുകളാവേണ്ട തൂണുകളൊക്കെയും ഭരണകൂട ഭീകരതയുടെ സ്തുതിപാഠകരാവുമ്പോൾ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർത്തികൊണ്ട് വരേണ്ടത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കുന്ന ഓരോരുത്തരുടെയും ബാദ്ധ്യതയാണ്,
യു.പിയിലെ ഹാഥറസിൽ ബലാത്സംഗക്കൊലക്കിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ 2020 ഒക്ടോബർ 5 ന് യു പി പോലിസ് അറസ്റ്റ്‌ ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ കോവിഡ് ബാധിച്ച്
ആരോഗ്യസ് ഥിതി മോശമായതിനെ തുടർന്ന്
ജയിൽ ആശുപത്രിയിൽ നിന്നും
മഥുരയിലെ കെ.വി.എം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഹൃദ്രോഗം, പ്രമേഹം എന്നിവ കാരണം നേരത്തെതന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള സിദ്ദീഖ് കാപ്പൻ കഴിഞ്ഞ പത്തു ദിവസത്തിലേറെയായി കടുത്ത പനി ബാധിച്ച് അവശതയിലാണെന്നും
മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്നും, അദ്ദേഹത്തെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ പോലും സാധിക്കുന്നില്ല എന്നും അദ്ദേഹവുമായി സംസാരിച്ച അദ്ദേഹത്തിന്റെ പത്നി റൈഹാനത്ത് ഫേസ്ബുക്കിൽ കുറിച്ചതോടെ ഉയർന്നു വന്ന ജനകീയ പ്രതിഷേധത്തിന്റെ ഫലമായാണ്
പരിമിതികൾ ഉണ്ടെന്ന് പറഞ്ഞു മടിച്ചു നിന്ന മുഖ്യമന്ത്രി പിണറായി ഉൾപ്പെടെ ഉള്ളവർ വൈകിയാണെങ്കിലും കത്തയക്കാനലും തയ്യാറായത്.

സിദ്ധീഖ് കാപ്പന് നീതി കിട്ടും വരെ ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

നജ്ദ റൈഹാൻ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്)

2020 സെപ്റ്റംബറിൽ യുപിയിലെ ഹഥ്റാസിൽ സവർണ്ണ സമുദായമായ ഠാക്കൂർ വിഭാഗത്തിൽപ്പെട്ടവരാൽ ദലിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുകയും തുടർന്ന് നിയമപാലകർ ധൃതി പിടിച്ച് അവളുടെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തിരുന്നു. ഈ സംഭവം രാജ്യത്താകെ ചർച്ച ചെയ്യപ്പെടുകയും നിരവധി പ്രതിഷേധ സ്വരങ്ങളുയരുകയും ചെയ്തു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഈ സംഭവത്തിന്റെ വസ്തുതാന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനുമായി പോയ സിദ്ദീഖ് കാപ്പൻ എന്ന മലയാളിയായ മാധ്യമപ്രവർത്തകനെ യുപി പോലീസ് അകാരണമായാണ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹം അന്യായമായ തടവും അനുഭവിച്ചു വരികയാണ്. ഇപ്പോൾ അദ്ദേഹം കോവിഡ് രോഗ ബാധിതനാകുകയും ഒപ്പം ശാരീരികമായി പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. സംഘപരിവാർ ഭരണകൂടം അതിൻറെ എല്ലാ ദംഷ്ട്രകളോടും കൂടി ഭരണം നടത്തി കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. മുസ്‌ലിംകൾക്കും ദളിതുകൾക്കും നേരെയുള്ള അതിക്രമങ്ങൾ അവിടെ നിന്നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണ്. സംഘപരിവാറിൻറെ റേപ് സ്റ്റേറ്റ് പരീക്ഷണശാല മാത്രമല്ല യുപി; ജനാധിപത്യമൂല്യങ്ങളുടെയും മൗലികാവകാശങ്ങളുടെയും ശവപ്പറമ്പു കൂടിയാണ് അവിടം. ജനാധിപത്യത്തിൻ്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവർത്തനം നിർവഹിക്കുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ഏറ്റവും ഉറക്കെ ശബ്ദിക്കേണ്ട രാജ്യത്തെ മാധ്യമ സമൂഹം കാപ്പൻ വിഷയത്തിൽ കുറ്റകരമായ മൗനവും നിസ്സംഗതയും പുലർത്തിയതായാണ് അനുഭവം. ജനാധിപത്യത്തിൻറെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും മേൽ ഓരോതവണ സംഘപരിവാർ കത്തി വെക്കുമ്പോഴും നാം പാലിച്ചു പോന്ന നിശബ്ദത അവരെ കൂടുതൽ ഫാസിസത്തിൽ ഉൻമത്തരാക്കുകയാണുണ്ടായത്.

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ഒരു മനുഷ്യൻ അന്യായമായി തടവിലാക്കപ്പെട്ട, അയാൾ ഒരു മുസ്ലീമാണ് എന്നത് ആ അനീതി നടപ്പാക്കാൻ സംഘപരിവാറിന് ഏറ്റവും നല്ല കാരണമായിരിക്കുകയും ചെയ്യുന്ന ഈ ജനാധിപത്യ രാജ്യത്തെ മാധ്യമപ്രവർത്തകർ ഇനിയെങ്കിലും കുറ്റകരമായ നിശബ്ദത വെടിയാൻ തയ്യാറാവണം. അദ്ദേഹത്തിൻറെ ജീവൻ അങ്ങേയറ്റം അപകടത്തിലായിരിക്കുന്ന ഒരു സന്ദർഭത്തിലെങ്കിലും അത് ഭേദിക്കേണ്ടതുണ്ട്. സംഘപരിവാർ വിരുദ്ധതയും വിരോധവും വാക്കുകൾക്കപ്പുറം പ്രവൃത്തികളിൽ പ്രകടിപ്പിക്കാനുള്ള ബാധ്യത ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ശ്രീ പിണറായി വിജയന് ഉണ്ടായിരുന്നിട്ടും കടുത്ത സമ്മർദങ്ങൾക്കൊടുവിൽ മാത്രമാണ് സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരലെങ്കിലുമനക്കാൻ അദ്ദേഹം തയ്യാറായത്. നീതി എന്നത് നിരന്തരമായി ചോദിച്ചാൽ മാത്രം ലഭ്യമാകുന്ന ഒന്നായി മാറിയിരിക്കുകയാണിവിടെ. സ്വാഭാവിക നീതി അസംഭവ്യമായ ഒന്നായിരിക്കുന്നു.ഒരു സംഘ്പരിവാർ ഭരണകൂടം ഒരു മാധ്യമപ്രവർത്തകനെ അന്യായമായി തടവിലാക്കുകയും അയാളുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചുകൊണ്ട് അയാളുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തെ മാധ്യമ സമൂഹവും കോടതിയും പൊതുസമൂഹവും ഒന്നായി ആ അനീതിക്കെതിരെ ശബ്ദമുയർത്തിയേ മതിയാകൂ. സിദ്ദീഖ് കാപ്പൻ എന്ന നിരപരാധിയായ മാധ്യമ പ്രവർത്തകൻ്റെ നിരുപാധിക മോചനമാണ് നാമുയർത്തേണ്ടത്.

By Editor