നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?

Quo Vadis Aida അഥവാ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയെന്ന ഇടുക്കമേറിയ ഈ യന്ത്രത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അഭയാര്‍ഥികള്‍ ആഴമറിയാ കടലിലേക്ക് എടുത്തു ചാടുമ്പോഴും, അറ്റമില്ലാ മരുഭൂമികള്‍ നടന്ന് തീര്‍ക്കുവാന്‍ തുനിയുമ്പോഴും, എല്ലാം നഷ്ടപ്പെട്ട് അഭിമാനത്തിന്റെ അവസാന കണികയിലെ പിടുത്തവും വിട്ടു കൊല്ലാന്‍ വരുന്നവരുടെ മുന്നില്‍ നിശ്ചലരായി ശവം കണക്കെ നില്‍ക്കുമ്പോഴും അവരുടെ മനസ്സുകള്‍ അവരോട് തന്നെ ചോദിക്കുന്ന ചോദ്യമാണിത്, ഇനി എങ്ങോട്ട്?

മനുഷ്യ ചരിത്രത്തില്‍ ഒട്ടനേകം വംശഹത്യകള്‍ നടന്നിട്ടുണ്ട്, കൂട്ട പലായനങ്ങളും, തിരിച്ച് വരവുകളും എല്ലാം. എന്നാല്‍, എന്നു മുതലാണ് മനുഷ്യന് പോകുവാന്‍ ഇടമില്ലാതായത്, എന്നു മുതലാണ് ഗോളകൃതിയിലുള്ള ഭൂമിക്ക് അറ്റങ്ങളും അറ്റങ്ങള്‍ക്കപ്പുറം നരകവും ഉണ്ടായത്?

1995ല്‍ ബോസ്നിയന്‍ അതിര്‍ത്തി പ്രദേശമായ സ്രെബ്രെനിക്ക കയ്യേറുകയും അവിടെയുണ്ടായിരുന്ന 40,000 ത്തോളം ബോസ്നിയന്‍ മുസ്ലിംകളെ കുടിയിറക്കുകയും, അവരില്‍ എണ്ണായിരത്തോളം പുരുഷന്മാരെ യാതൊരു കാരണവുമില്ലാതെ അന്ധമായ വെറുപ്പിന്റെയും മുസ്ലിം വിരുദ്ധതയുടെയും പേരില്‍ കൂട്ട കൊല ചെയ്യുകയും ചെയ്തതിന്റെ വേദനാജനകമായ ആവിഷ്ക്കാരമാണ് Quo Vadis, Aida? എന്ന സിനിമ. യു എന്‍ സുരക്ഷാ മേഖലയായി ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് കാര്യമായ നടപടികളൊന്നും എടുക്കാതെ അവഗണിക്കുകയും ചെയ്ത സ്രെബ്രെനിക്ക, റാക്കോ മാള്‍ടിച്ച് എന്ന സെര്‍ബിയന്‍ യുദ്ധതലവന്റെ നേതൃത്വത്തില്‍ കീഴടക്കപ്പെടുകയും, തുടർന്ന് അവിടെയുണ്ടായിരുന്ന യു എന്‍ മേധാവികളുടെ കഴിവ് കേടുകൊണ്ട് നാല്‍പ്പതിനായിരത്തോളം ബോസ്നിയന്‍ മുസ്ലിംകള്‍ നിസ്സഹായവസ്ഥയിലേക്ക് തള്ളപ്പെടുകയും, കുരുതിക്ക് ഇരയാവുകയുമാണ് ഉണ്ടായത്. നിസ്സഹായവസ്ഥ പ്രതിഫലിക്കുന്ന കണ്ണുകളിലൂടെയും ഭയവും അപമാനഭാരവും തിങ്ങി നിറയുന്ന അഭയാര്‍ഥി കൂടാരങ്ങളിലൂടെയും കടന്നുപോകുന്ന ക്യാമറ അതിന്റെ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞിരിക്കുന്നു. ചോദ്യം അപ്പോഴും ബാക്കിയാവുന്നു. ‘നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്?’

അധികാരത്തിന്റെ ഉറവിടം എവിടെയാണ് എന്നതാണ് ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥക്കിടയില്‍ പെട്ട് പോകുന്ന അതാത് ന്യൂന പക്ഷങ്ങളെ സംബന്ധിച്ചുള്ള ചോദ്യം. ഭൂരിപക്ഷ വിഭാഗം അധികാര കേന്ദ്രങ്ങള്‍ വഴി നൂലില്‍ ഇറക്കി തരുന്ന അധികാരം യഥാര്‍ത്ഥത്തില്‍ പൌരത്വമെന്ന ഔദാര്യം മാത്രമല്ലേ എന്ന് ചിന്തിക്കേണ്ട രീതിയിലേക്ക് ലോകത്തിലെ ജനാധിപത്യ വ്യവസ്ഥകളില്‍ ന്യൂനപക്ഷ ജീവിതങ്ങള്‍ യാതനകള്‍ അനുഭവിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. മ്യാന്‍മാറിലെയും, ശ്രീലങ്കയിലെയും ന്യൂനപക്ഷങ്ങള്‍ ഒരു ഉദാഹരണം മാത്രമാണ്. ജനങ്ങളുടെ ആധിപത്യം എന്ന് കൊട്ടി ഘോഷിക്കപ്പെടുന്ന, നിരന്തരമായി വാഴ്ത്തപ്പെടുന്ന ജനാധിപത്യം ഭൂരിപക്ഷ ആധിപത്യം എന്ന ഒഴിയാനാവാത്ത ചുഴിയിലേക്ക് അനു നിമിഷം നീങ്ങുന്ന വ്യവസ്ഥയാണ്. വ്യവസ്സ്ഥയില്ലായ്മ അരാജകത്വം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍, വ്യവസ്ഥ തന്നെ ജനങ്ങളുടെ അധികാരം അവരുടെ കൈകളില്‍ നിന്ന് ഊരിയെടുത്ത് അവരെ കുരുതിക്ക് ഇരയാവാന്‍ അവസരം സൃഷ്ടിക്കുന്നുവെങ്കില്‍ ആ വ്യവസ്ഥക്ക് കാര്യമായ തകരാറുണ്ടെന്ന് അനുമാനിക്കാതെ വയ്യ.

ജനങ്ങള്‍ അധികാരത്തിന്റെ മരീചികകളിലേക്ക് കണ്ണും നട്ടിരിക്കുകയും തങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ സ്വയം പൊരുതാന്‍ സാധിക്കാത്ത അത്ര ദേശരാഷ്ട്രത്തിന്‍ മേല്‍ ആശ്രയിക്കുന്നുമുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അത് ജനാധിപത്യത്തിന്റെ പരാജയമല്ലേ, ജനങ്ങളുടെ കൈകളില്‍ നിന്ന് അവരുടെ അധികാരം പതുക്കെ എടുത്തു കളയുകയും രാഷ്ട്ര വ്യവസ്ഥയുടെ അറ്റമില്ലാ അറ്റത്ത് അവരെ കാലികളെ പോലെ ബന്ധിക്കുകയുമല്ലേ ചെയ്യുന്നത്. ഒടുവില്‍ അധികാര കേന്ദ്രങ്ങളില്‍ അഭയം പാലിച്ച്, അവയും കയ്യൊഴിയുമ്പോള്‍ മരണത്തിന് കീഴടങ്ങേണ്ടി വരുകയല്ലേ ചെയ്യുന്നത്. മറ്റൊരു ജീവിതം സാധ്യമാണോ എന്ന ചോദ്യം ആധുനിക ജനാധിപത്യ വ്യവസ്ഥകളില്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് അല്‍പ്പം കാലമാകുന്നു.

ആധുനികത എന്നത് ഒരു മതമായും, ദേശ രാഷ്ട്രവ്യവസ്ഥയെ അതിന്റെ പ്രധാന മൂര്‍ത്തിയായും കാണേണ്ടിയിരിക്കുന്നു. ദേശ രാഷ്ട്രം എന്ന ദൈവം, അതാത് രാഷ്ട്രങ്ങളിലെ വരേണ്യ വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ക്കു ഉതകുന്ന രീതിയില്‍ അധികാരം വീതിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു എന്ന് കാണാം. ഇത്തരം അതിര്‍ത്തികള്‍ ലോകത്താകമാനം വരുന്നതോടെ ജനങ്ങളുടെ സ്വാതന്ത്ര്യം അവരറിയാതെ അവരുടെ കൈകളില്‍ നിന്ന് എടുത്തു മാറ്റപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ ഔദാര്യത്തിനായി കൈ നീട്ടേണ്ടിയും വരുന്നു. മനുഷ്യന് അധികാരം നല്കിയത് അല്ലാഹുവാണ്, ആ അധികാരത്തിന്റെ അതിരുകള്‍ നിശ്ചയിച്ചതും അവനാണ് എന്നതത്രെ ഇസ്ലാമിക വിശ്വാസം. എല്ലാ മനുഷ്യര്‍ക്കും ഒരു പോലെ നല്‍കിയിട്ടുള്ള ഈ അധികാരത്തെ ചിലരിലേക്ക് മാത്രം ചുരുക്കുകയും സ്വയം ദൈവ പദവി സ്ഥാപിച്ചതും അതാത് ജനതയിലെ വരേണ്യ വിഭാഗങ്ങളാണ്.

അതിരുകളില്ലാത്ത ജനങ്ങളുടെ അധികാരം എന്ന വര്‍ണ്ണ പൊതിയില്‍ പൊതിഞ്ഞ ഈ ചീഞ്ഞു നാറിയ വ്യവസ്ഥക്കെതിരെ സ്രെബ്രെനിക്കയിലെ, മ്യാന്മാറിലെ, ചൈനയിലെ ജനങ്ങള്‍ക്ക് പോരാടാമയിരുന്നു, അഭിമാനത്തോടെ മരിക്കാമായിരുന്നു. എന്നാല്‍ അവരെ നിസ്സഹായരാക്കിയത്, അവരില്‍ നിന്ന് അവരുടെ ആയുധങ്ങളും അധികാരവും ഊരിയെടുത്തത് ആധുനികതയും ദേശ രാഷ്ട്ര വ്യവസ്ഥയുമാണ്

ഇത്തരം ചൂഷിത വ്യവസ്ഥകള്‍ക്കെതിരെ കലഹിക്കുന്നവര്‍, അവര്‍ അനുഭവിക്കുന്ന വ്യവസ്ഥാപിത ഹിംസയായ ജനാധിപത്യത്തിലൂടെ തന്നെ നീതി ലഭിക്കാന്‍ അപേക്ഷയും നല്കി കാത്തു നിന്നു കൊണ്ട് പതിയെ ഉള്ള വംശഹത്യക്ക് ഇരയാവാണമെന്നുമുള്ള ആഖ്യാനത്തിന് പുറത്തു കടക്കുന്നവര്‍ വര്‍ഗീയ വാദികളും തീവ്ര ആശയക്കാരുമായി ചാപ്പ കുത്തപ്പെടുന്നു. ഹിംസ എന്നത് അടിസ്ഥാനപരമായി തന്നെ തെറ്റാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും, അതോടൊപ്പം വലിയ രൂപത്തിലുള്ള യുദ്ധങ്ങളും വംശ ഹത്യകള്‍ നടത്തുകയും, സ്വയം രക്ഷക്ക് വേണ്ടി ആയുധം ഏന്തുന്നവന്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന വ്യവസ്ഥയില്‍ നിന്ന് പുറത്തു കടക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് പറയാതെ വയ്യ. ഇവിടെ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം സമാധാനമാണോ നീതിയാണോ പ്രഥമ പരിഗണയില്‍ ഉണ്ടാവേണ്ടത് എന്നതാണ്, നീതി ലഭിക്കാത്ത അല്ലെങ്കില്‍ പതുക്കെ എടുത്ത് മാറ്റപ്പെടുന്ന ഇടങ്ങളില്‍ സമാധാനമെന്നത് ഒരു നൈമിഷിക വികാരമല്ലാതെ മറ്റൊന്നുമല്ല, തുടരെയുള്ള നീതി നിഷേധങ്ങള്‍ ഒരു നാള്‍ നൈമിഷികമായ, നമ്മള്‍ തകര്‍ക്കപെടില്ല എന്നു കരുതുന്ന സമാധാനത്തിന്റെ കുമിളയെ പൊട്ടിച്ച് കളയും. ശാശ്വതമായ സമാധാനം ഈ ലോകത്ത് സാധ്യമല്ല എന്നതും നീതിക്ക് വേണ്ടിയുള്ള, ചൂഷണത്തിനെതിരെയുള്ള അടിമതത്തിനെതിരെയുള്ള യഥാര്‍ത്ഥ പാതയില്‍ നില കൊള്ളേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുന്നു.

സ്വന്തം ശരീരത്തിന്റെ, സ്വത്തിന്റെ, വസ്തുക്കളുടെ, പ്രദേശത്തിന്റെ, ദേശത്തിന്റെ അധികാരം അല്ലാഹു അനുവദിച്ച് തന്ന പരിധിക്ക് അകത്തു നിന്നുകൊണ്ട് സ്വന്തം കൈകളിലാണെന്ന തിരിച്ചറിവ് വളര്‍ത്തി കൊണ്ട് വരികയും,അതനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്താലേ ഇത്തരം വ്യവസ്ഥകളില്‍ അഭിമാനത്തോടു കൂടെയുള്ള നിലനില്‍പ്പ് തന്നെ സാധ്യമാവുകയുള്ളൂ. ഇത്തരം ‘തിരിച്ചു പിടിക്കലുകള്‍’ സാധ്യമാവണമെങ്കില്‍ ഇസ്‌ലാം അടിസ്ഥാനമാക്കിയിടുള്ള ഒരു ജ്ഞാന വ്യവസ്ഥ (epistemic system) തന്നെ രൂപീകൃതമാക്കുകയും ഇസ്‌ലാമിന്റെ നിയമങ്ങളെ മുസ്‌ലിംകള്‍ക്ക്‌ എല്ലാവിധ ആന്തരിക ആധുനിക വെറുപ്പുകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു അടിസ്ഥാന ജ്ഞാന വ്യവസ്ഥയുടെ അഭാവം ആധുനിക ഭരണ-സാമൂഹിക വ്യവസ്ഥയിലേക്ക് തന്നെയുള്ള ഒരു ചുരുളിയിലേക്ക് നയിക്കും എന്നതില്‍ സംശയമില്ല.

ദേശ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ക്കും അഭയാര്‍ഥിത്വത്തിനും നിയമചുഴികള്‍ക്കുമപ്പുറമുള്ള ഒരു ലോകത്തെ കുറിച്ച്, ഒരു പ്രാപഞ്ചിക ഘടനയില്‍ ജീവിക്കുന്ന മനുഷ്യന് ആത്മാഭിമാനത്തിന്റെയും അധികാരത്തിന്റെയും യഥാര്‍ത്ഥ പരിധിയെ കുറിച്ചു യാഥാര്‍ഥ്യ ബോധത്തോട് കൂടി വ്യക്തമായി രൂപം നല്കാന്‍ ഇസ്‌ലാമിനല്ലാതെ മറ്റൊന്നിനും കഴിയില്ല. യഥാര്‍ത്ഥ ദൈവത്തെ തിരിച്ചറിയുക, ഇസ്‌ലാമിന്റെ സത്യ വചനം അതിന്റെ പൂര്‍ണതയില്‍, അതിന്റെ എല്ലാ ആഴത്തിലും വ്യാപ്തിയിലും മനസ്സിലാക്കി അല്ലാഹുവിന്റെ മാത്രം അടിമയാവുക എന്നത് മാത്രമാണ് വിമോചനത്തിലേക്കുള്ള പാത എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എല്ലാ സ്വസ്ഥതയും സമാധാനവും അല്ലാഹുവില്‍ നിന്ന് മാത്രമാകുന്നു.

By സക്കി ഹംദാൻ