പ്രൊഫ. കെ. എ. സിദ്ധീഖ് ഹസന്‍ സാഹിബിനെ അനുസ്മരിക്കുമ്പോള്‍ എനിക്കനുഭവപ്പെടുന്നത് വലിയ ഒരു നൊമ്പരമാണ്. എന്റെ ജീവിതത്തില്‍ ഗുരുതുല്യനായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖം മരണശേഷം ഓടിയെത്തി ഒരുനോക്കു കാണുവാന്‍ കഴിഞ്ഞില്ലയെന്ന വേദനയാണത്. പരിഹാരം കാണാന്‍ കഴിയില്ല എന്നു വിചാരിക്കുന്ന ഏതു സമസ്യകള്‍ക്കും, പ്രതിസന്ധികള്‍ക്കും ലളിതമായി ഉത്തരം പറഞ്ഞു തരാന്‍ കഴിയുന്ന ഒരു അധ്യാപകനാണ് എന്നെ സംബന്ധിച്ചെടുത്തോളം സിദ്ധീഖ് ഹസന്‍ സാഹിബ്. ലോകത്തില്‍ ഗുരുതരമായ സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധികളിലകപ്പെട്ട്, മുന്നോട്ടുള്ള ചലനം അസാധ്യമാണെന്ന് കരുതുന്ന ജനതയ്ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കി മുന്നോട്ടു നയിക്കാന്‍ വെളിച്ചം പകരുന്ന മനുഷ്യരാണ് യഥാര്‍ഥത്തില്‍ മഹാനായ മനുഷ്യര്‍. ആ നിലയ്ക്ക്, സ്വാതന്ത്ര്യാനന്തര- സമകാലിക ഇന്ത്യയില്‍ വളരെ ദുരിതപൂര്‍ണമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് താന്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിലൂടെ വ്യത്യസ്ത സ്ഥാപനങ്ങളെയും മനുഷ്യരെയുമെല്ലാം പ്രതീക്ഷയും പ്രത്യാശയും ആത്മവിശ്വാസവും കൊടുത്ത് നയിച്ച വലിയ നേതൃത്വമായിട്ടാണ് സിദ്ധീഖ് ഹസന്‍ സാഹിബിനെ മനസിലാക്കുന്നത്.
മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ള സഞ്ചാരത്തില്‍, മാനവികതയ്ക്ക് വേണ്ടിയുള്ള ക്രിയാത്മകമായൊരു ധൈഷണികതയെ മുറുകെപ്പിടിച്ച ഓര്‍ഗാനിക് പേഴ്‌സണാലിറ്റിയുള്ള ഒരു ധീര വ്യക്തിത്വമായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിങ് കോളജില്‍ വയസു പ്രായമുള്ള, അസമത്വത്തോടും ഉച്ചനീചത്വങ്ങളോടും അനീതിയോടും അമര്‍ഷവും വിദ്വേഷവും നിറഞ്ഞ മനസോടെ ഇരുപതുകാരനായ ഞാന്‍ പഠിക്കുന്ന കാലത്താണ് സിദ്ധീഖ് ഹസന്‍ സാഹിബിന്റെ പ്രഭാഷണം ആദ്യമായി ശ്രവിക്കുന്നത്. അതെന്റെ വേദനകള്‍ക്കുള്ള പരിഹാരമായി എനിക്കനഭവപ്പെട്ട, എന്റെ ഹൃദയത്തിലേക്കിറങ്ങിയ വാക്കുകളായിരുന്നു. ആ വാക്കുകള്‍, വിദ്വേഷത്തിന്റെയും ദേഷ്യത്തിന്റെയും തലങ്ങൾക്കപ്പുറം നിന്ന്, മര്‍ദിതനോടും മര്‍ദകനോടും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന പരിവര്‍ത്തനത്തിന്റെ ഘടകങ്ങള്‍ കാറ്റുവീശുന്നതു പോലെ എനിക്കു ലഭ്യമാക്കി. ജീവിത സഞ്ചാരത്തില്‍ അവ ശരിവെക്കുന്ന സന്ദര്‍ഭങ്ങളുണ്ടായി, പല ഘട്ടങ്ങളിലും ഒരു ഉണര്‍ത്തു പാട്ടായി അദ്ദേഹത്തിന്റെ ആശയങ്ങള്‍ എനിക്കു അനുഭവേദ്യമായി.
ഒരു വലിയ പ്രസ്ഥാനത്തിന്റെ അമീര്‍, മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ എന്ന നിലയിലൊക്കെ ഉന്നത സ്ഥാനീയനായ ഒരു മനുഷ്യനിലേക്ക് എത്തിപ്പെടാന്‍, പ്രത്യേകിച്ച് സാമൂഹിക- രാഷ്ട്രീയ മേഖലയിലേക്ക് പിച്ചവെച്ചു തുടങ്ങുന്ന എന്നെപ്പോലൊരാള്‍ക്ക് നാട്ടുനടപ്പനുസരിച്ച് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, കോളേജ് ഹോസ്റ്റലില്‍ നിന്ന് ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നു. പതിവായി അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നു. സാവധാനം ഭക്ഷണം കഴിക്കുന്നതിനിടയില്‍ മുഖത്തേക്കു നോക്കി ആ തിരക്കുള്ള മനുഷ്യന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുന്നു. കൊടുമുടി പോലെ കൂടിക്കിടക്കുന്ന എന്റെ പ്രശ്‌നങ്ങളെ വാക്കുകള്‍ കൊണ്ട് നിസാരമായി കെട്ടഴിക്കുകയും, ഞാനുള്‍പ്പെടുന്ന മര്‍ദിത ജനതയെ സ്വന്തം ജനതയെപ്പോലെ കണ്ടുകൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. എന്നിട്ടദ്ദേഹം പറയുന്നു, “വന്‍ മരങ്ങളെ നോക്കൂ, അത് കൊടുങ്കാറ്റിനെയും പേമാരിയെയും അതിജീവിച്ചു കൊണ്ട് നിലയുറപ്പിക്കുന്നത് അതിന്റെ വേരുകള്‍ കൊണ്ടാണ്. ഓരോ ജനതയും അതിന്റെ സംസ്‌കാരവും, വിശ്വാസവും, ചരിത്രവുമായ വേരുകളില്‍ നിലയുറപ്പിക്കുമ്പോഴാണ് ഏതൊരു കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ പറ്റുക. അതുകൊണ്ട് അതിജീവനം സാധ്യമാണ്. ഈ പ്രതിസന്ധികളിൽ തളരേണ്ടതില്ല. ദളിതര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നൊരു കാലം വരും. അതിനുള്ള പ്രതീക്ഷയും ആത്മവിശ്വാസവും, പ്രത്യാശയുമാണ് വേണ്ടത്.”എന്റെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ രീതിശാസ്ത്രത്തെ രൂപപ്പെടുത്തുകയും, സാമൂഹ്യ പ്രവര്‍ത്തനത്തിന് ഒരു പാഠപുസ്തകം എനിക്കു സമ്മാനിക്കുകയും ചെയ്ത വലിയ മനുഷ്യനാണ് അദ്ദേഹം. എനിക്കത് മറക്കാന്‍ കഴിയില്ല.
തട്ടിത്തെറിച്ചു പോകുമായിരുന്ന ഒരു പാതയില്‍ നിന്ന്, സാമൂഹിക പരിവര്‍ത്തനത്തിന്റെ മേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നതിനുള്ള ഒരു ദിശാബോധം അദ്ദേഹമെനിക്ക് നല്‍കിയിരുന്നു.

ഒരു പ്രശ്‌നം പറഞ്ഞ് സിദ്ധീഖ് ഹസന്‍ സാഹിബിന്റെ മുന്നില്‍ ചെന്നിട്ട്, പിന്നീടൊരു വട്ടം കൂടി അതേ പ്രശ്‌നം പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍ ചെല്ലാന്‍ കഴിയില്ല. കാരണം അദ്ദേഹമത് ആദ്യത്തില്‍ തന്നെ പരിഹരിച്ചിരിക്കും. ഞാനനുഭവിച്ച മറ്റൊരു കാര്യം, അദ്ദേഹം പറയുന്ന വാക്കുകള്‍ കേട്ട് അത് ബോധ്യപ്പെട്ടാല്‍ അതുപേക്ഷിക്കാന്‍ പറ്റാത്തത്രയും അസ്വസ്ഥതയാണ്. ബോധ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ഉള്ള പ്രേരണ അദ്ദേഹം പ്രദാനം ചെയ്തു. ഇന്നും എനിക്കത് ഊര്‍ജമാണ്.
തീര്‍ച്ചയായും എന്നെ വിസ്മയിപ്പിച്ച ഒരു മനുഷ്യന്‍, എളിമ, തനിമ, ലാളിത്യം അതിനോടൊപ്പം തന്നെ തീക്ഷണമായ നിലപാടുകളും കാഴ്ച്ചപ്പാടുകളും മുറുകെപ്പിടിച്ച മനുഷ്യനാണ്. അദ്ദേഹമൊരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു, ആ പ്രസ്ഥാനത്തിന്റെ പദ്ധതികളുടെ നടത്തിപ്പുകാരനായിരുന്നു, എന്നാല്‍ സിദ്ധീഖ് ഹസന്‍ സാഹിബിനെ പരിചയിക്കുമ്പോഴും അനുഭവിക്കുമ്പോഴും ആ പ്രസ്ഥാനത്തി്‌ന്റെ പ്രതിനിധി ആയിട്ടല്ല തോന്നിയത്, ആ പ്രസ്ഥാനം നിര്‍വഹിക്കുന്ന സാമൂഹ്യ ദൗത്യത്തിന്റെയും നന്മയുടെയും പ്രതിനിധിയായാണ് തോന്നിയത്. ആ നന്മകള്‍, അതിനു പിന്നിലുള്ള ദര്‍ശനത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കുമൊക്കെ നമ്മളെ കൂടുതല്‍ അടുപ്പിക്കുകയാണുണ്ടായത്.
അദ്ദേഹത്തോട് അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യം എനിക്കു കിട്ടിയത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നു. തൊണ്ണൂറുകളിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ മൂര്‍ധന്യത്തിലുയര്‍ന്നു കേട്ട ആ പ്രാര്‍ഥന ഞാന്‍ ഓര്‍ത്തു പോവുകയാണ്. ‘നാഥാ, മനുഷ്യന് പ്രയോജനപ്പെടാത്ത ഒരറിവുകളും നീയെനിക്കു നല്‍കരുതേ, മനുഷ്യസമൂഹത്തിന് പ്രയോജനം ചെയ്യാത്ത ഒരു കഴിവുകളും നീയെനിക്ക് നല്‍കേണ്ടതില്ല. വലിയ തീക്ഷണമായ ചിന്തകളുടെ ഇടയില്‍ സാധാരണ മനുഷ്യന്റെ, പാവപ്പെട്ടവന്റെ വേദനകള്‍ കാണാതിരിക്കും വിധം നീയെന്നെ വഴിമാറ്റരുതേ’ സ്വസമുദായത്തിനപ്പുറം, ഏതു പാവപ്പെട്ടവനും തന്റെ പദ്ധതിയുടെ ഗുണം കിട്ടുന്ന തരത്തിലുള്ള സാമൂഹ്യ ഭാവന അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്നത്തെ സ്ങ്കീര്‍ണമായ സാമൂഹ്യാവസ്ഥകളില്‍, മനുഷ്യര്‍ക്ക്, സമൂഹങ്ങള്‍ക്ക് സൗഹാര്‍ദപരമായി മുന്നോട്ടു പോകാന്‍ കഴിയുന്ന ഒരു വെളിച്ചവും മാതൃകയുമായിട്ടാണ് സിദ്ധീഖ് ഹസന്‍ സാഹിബ് നമ്മുടെ മുന്നിലുള്ളത്.
(ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നടത്തിയ സംസാരം)