ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം മൂന്ന്

രണ്ടാം ഭാഗം വായിക്കുന്നതിന് ക്ലിക്കു ചെയ്യുക

വഞ്ചനയുടെ പ്രകടനം

2018ൽ ‘ഇൻ മൈ ഹമ്പിൾ ഒപീനിയൻ’ എന്ന സീരീസിലേക്ക് അക്രമം എന്ന വിഷയത്തിൽ ഒരു ചെറിയ വീഡിയോ നിർമിക്കാൻ സുഹൈമാ മൻസൂർ ഖാനെ ബിബിസി ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് അതിന്റെ സ്ക്രിപ്റ്റ് മാറ്റിയെഴുതാൻ എഡിറ്റർ അവരോട് ആവശ്യപ്പെട്ടു. അക്രമത്തെ  സുഹൈമ ന്യായീകരിക്കുന്നുവെന്ന് ജനങ്ങൾ ആരോപിക്കാനിടയുള്ള സാഹചര്യത്തെ മുൻകൂട്ടിക്കണ്ടാണത്രേ എഡിറ്റർ അതാവശ്യപ്പെട്ടത്. എന്നാൽ താനെഴുതിയതിൽ തെറ്റൊന്നുമില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുകയായിരുന്നു അവർ ചെയ്തത്. ഒന്നാലോചിച്ചു നോക്കൂ, അവിടെ എഡിറ്റർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായേനെ.

അധികാരശക്തികളുടെ ചട്ടങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുന്നിടത്തോളം കാലം അവരുടെ എല്ലാ അനുഗ്രഹാശിസ്സുകളും ലഭിച്ചുകൊണ്ടിരിക്കും. നമുക്ക് നന്നായറിയുന്ന പല പൊതു വ്യക്തിത്വങ്ങൾക്കും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ഇത്തരം ‘അനുഗ്രഹാശിസ്സുകളോട്’ ചില ഇടപാടുകൾ നടത്തേണ്ടതായി വരുന്നുണ്ട്. അപകടം പിടിച്ച ഒരു ഞാണിന്മേൽ കളിയാണിത് – ഒന്നുകിൽ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെടും; അല്ലെങ്കിൽ സ്വന്തത്തെയും സമുദായത്തെയും വഞ്ചിക്കേണ്ടിവരും. ഇവിടെ എടുത്തുപറയേണ്ടത് കൊമേഡിയനായ ആമിർ റഹ്മാൻ, ഫാഷൻ ബ്ലോഗറായ ഹോഡ കാതെബി, റാപ്പറായ കരീം ഡെന്നിസ് എന്ന ലോക്കീ, കവയിത്രിയായ സുഹൈമ എന്നിവരുടെ അനുഭവങ്ങളാണ്. ഇടങ്ങൾ ലഭിക്കുക എന്നതിന് അവർക്കു പറയാനുള്ള സന്ദേശത്തേക്കാൾ മുൻഗണന കൊടുക്കുന്ന പ്രകടനാത്മകതയുടെ (performativity) രാഷ്ട്രീയത്തോട് സന്ധിചെയ്യാൻ വിസമ്മതിച്ചവരാണ് ഇവർ ഒരോരുത്തരും. സ്വന്തം രാഷ്ട്രീയത്തോട് സത്യസന്ധത പുലർത്തണമെന്ന ആമിറിന്റെ നിർബന്ധം മൂലം അയാൾക്ക് കിട്ടുന്ന കാണികൾ കുറഞ്ഞ്, ഒടുക്കം മുസ്‌ലിം കാണികൾ മാത്രമായി. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. ആരെങ്കിലും ഒരു മുസ്‌ലിമിനെ പോലീസുകാരനാക്കി ഒരു ടിവി ഷോ ചെയ്താൽ ജനം ഇളകിമറിയുമെന്ന്. കാരണം എപ്പോഴത്തെയും പോലെ തീവ്രവാദികളായിട്ടല്ല മുസ്‌ലിംകളെ കാണിക്കുന്നത്. അതേ സ്ഥാനത്ത് തന്നെ ഒരു കറുത്ത വംശജനെ ഉപയോഗിക്കുന്നത് പോലീസിനെ പോലെയൊരു മർദ്ദക സ്ഥാപനത്തെ സാധൂകരിക്കാനും സ്തുതിപാടാനുമാണെന്ന് ആമിർ പറയുന്നു.

ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീ എന്ന നിലയ്ക്കുള്ള ഹോഡയുടെ ഫാഷൻ വ്യവസായത്തിലെ സാന്നിധ്യം പലപ്പോഴും അവരെ ചില പ്രത്യേക കാര്യങ്ങളിലേക്ക് മാത്രമായി ഒതുക്കുന്നുണ്ട്. മെയ് 2016ൽ ഷിക്കാഗോ ഹ്യുമാനിറ്റീസ് ഫെസ്റ്റിവലിലേക്ക് അവർ ക്ഷണിക്കപ്പെടുന്നത് വലിയ ‘മുസ്‌ലിം പരിഷ്കർത്താവും’ ട്രംപ് അനുകൂലിയുമായ അസ്രാ നൊമാനിയുമായി സംവാദം നടത്തുന്നതിനായിരുന്നു. അതിലൂടെ അവതരിപ്പിക്കപ്പെട്ടത് ഒരു ഹിജാബ് ധാരിയും ധരിക്കാത്തയാളും തമ്മിൽ ഹിജാബിനെ കുറിച്ച് നടന്ന വളരെ ‘സന്തുലിതമായ’ ഒരു സംവാദമായിരുന്നു. വിഷയത്തെ ശരിക്കും കൈകാര്യം ചെയ്യാൻ സംഘാടകർക്ക് ഉദ്ദേശമുണ്ടായിരുന്നെങ്കിൽ വിഷയത്തിൽ അവഗാഹമുള്ള ഇസ്‌ലാമിക പണ്ഡിതരെ ഇരുപക്ഷത്തുനിന്നും കൊണ്ടുവരികയായിരുന്നു വേണ്ടത്. എന്നാൽ അവിടെ അന്ന് നടന്നത് ഒരുപറ്റം മേത്തരക്കാരായ, വെള്ളക്കാരായ അമുസ്‌ലിം സ്ത്രീപുരുഷന്മാർക്ക് വേണ്ടി നടന്ന ഒരു ‘പ്രദർശനമായിരുന്നു’ എന്ന് ഹോഡ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഫലസ്ത്വീനു വേണ്ടിയും ഇറാഖ് അധിനിവേശത്തിനെതിരെയും നിലകൊള്ളുന്ന തന്റെ രാഷ്ട്രീയ ശബ്ദത്തെ ബിബിസി റേഡിയോയുടെ മുഖ്യധാരയിൽ നിന്ന് അതിന്റെ ഡിജെയായ ടിം വെസ്റ്റ്‌വുഡ് മാറ്റിനിർത്തിയതിനെ കുറിച്ച് റാപ്പറായ ലോക്കീ എഴുതുന്നുണ്ട്. ഇതേ വെസ്റ്റ്‌വുഡ് തന്നെയാണ് ലോക്കീയുടെ സഹറാപ്പറായ അകാലയെ കമ്മ്യൂണിസ്റ്റെന്ന് വിളിക്കുകയും പിന്നീട് അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് സേനയ്ക്ക് ഗാനമേള നടത്തുകയും ചെയ്തത്. ഇതിനു ശേഷം ടിം വെസ്റ്റ്‌വുഡ് ടിവിയിലേക്ക് ക്ഷണം കിട്ടിയപ്പോൾ അതിനെ ലോക്കീ പരസ്യമായി നിരസിച്ചു. ഇതിനെ കേവലം വ്യക്തികൾ തമ്മിലുള്ള തർക്കം എന്നതിനപ്പുറം ഘടനാപരമായി മനസിലാക്കണം എന്നാണ് തോന്നുന്നത്. മുന്നേ സൂചിപ്പിച്ച പ്രിവന്റ് പോലുള്ള ‘ഭീകരവിരുദ്ധ’ പദ്ധതികൾ സൃഷ്ടിക്കുന്ന ആഴമേറിയ പ്രതിസന്ധികൾ കൂടിയാണ് വെസ്റ്റ്‌വുഡിന്റെ സമീപനങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ലോക്കീ നിരീക്ഷിക്കുന്നു.

ഇനി വേറെ ചിലരുണ്ട്. സ്വന്തം നൈതികതയെ വഞ്ചിച്ചുകൊണ്ടിരിക്കെത്തന്നെ അധികാരവുമായി ബന്ധമില്ലെന്ന് അവകാശപ്പെടുകയും വൈവിധ്യങ്ങളുടെ ഉൾക്കൊള്ളലിനെ കുറിച്ച തത്വശാസ്ത്രങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവർ. 2019ൽ സുഹൈമയും വേറെ ചിലരും ബ്രാഡ്ഫോർഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നത് അത്തരക്കാരെ വെളിവാക്കിയ ഒരു സന്ദർഭമായിരുന്നു. വംശീയമായ പ്രിവന്റ് പ്രോഗ്രാമുമായി നേരിട്ട് ബന്ധമുള്ള ‘ബിൽഡിങ് സ്ട്രോങ് ബ്രിട്ടൻ റ്റുഗെതർ’ എന്ന ഗവണ്മെന്റ് ഫണ്ടിങ് പദ്ധതിയിൽ നിന്നാണ് പ്രസ്തുത സാഹിത്യോത്സവം ഫണ്ടുകൾ സ്വീകരിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവർ പങ്കാളിത്തത്തിൽ നിന്ന് ഒഴിഞ്ഞത്. അതോടെ സുഹൈമയെ മുൻപ് പിന്തുണച്ച പലരും അവരെ വിമർശിക്കാൻ തുടങ്ങി.

സുഹൈമ

അധികാരവുമായുള്ള അടുപ്പം മൂലം ഉണ്ടാവുന്ന സാംസ്കാരിക മൂലധനം ഉപയോഗപ്പെടുത്തി വംശീയ പദ്ധതികളുടെ ഭാഗമാകുന്ന ആളുകൾ അവരുടെ തീരുമാനങ്ങൾ കാരണം ഉപദ്രവിക്കപ്പെടുന്ന മനുഷ്യരെ കുറിച്ച് എപ്പോഴെങ്കിലും ആലോചിക്കാറുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. പ്രതിരോധത്തെ കുറിച്ച പ്രയുക്തി ഒന്നുമില്ലാതെ ബോധമുള്ളവരെന്നും ഉൾക്കൊള്ളാൻ കഴിയുന്നവരെന്നും സ്വയം അവകാശപ്പെടുന്നത് വെറും പൊള്ളത്തരമാണെന്ന് ഓർമിപ്പിക്കുകയാണ്.

പ്രതിരോധത്തിന്റെ പ്രയുക്തി

1978 മെയ് നാലിന് അൽത്താബ് അലി കൊല്ലപ്പെട്ടത് കിഴക്കൻ ലണ്ടനിലെ തെരുവുകളിൽ ബംഗ്ലാദേശികളുടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. വംശീയവാദികളിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവരായിരുന്നിട്ടും പൊലീസോ മറ്റേതെങ്കിലും ഭരണകൂട ഏജൻസിയോ അവരെ സംരക്ഷിച്ചില്ല. അങ്ങനെ പ്രതിഷേധത്തിലൂടെയും പ്രകടനങ്ങളിലൂടെയും സ്വന്തം നിലനിൽപ്പിനായി എഴുന്നേറ്റ് നിൽക്കാൻ അവർ തീരുമാനിക്കുന്നത് വ്യക്തിപരമായും സമുദായികമായും ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ തന്നെയാണ്. പൗരത്വവും കുടികിടപ്പാവകാശവുമൊക്കെ പൊരുതി നേടേണ്ടവയായിത്തീരുമ്പോൾ അവിടെ സാന്നിധ്യമോ സ്ഥിരതയോ ഇല്ല. എല്ലാം പൊരുതി നേടേണ്ടതായി വരുന്നു.

അടിച്ചമർത്തലിന്റെ യുക്തിക്കുള്ളിൽ ഒരിക്കലും പരിഹാരമുണ്ടാവില്ല എന്നാണ് ‘പെഡഗോഗി ഓഫ് ദി ഒപ്പ്രെസ്ഡ്’ എന്ന രചനയിലൂടെ പൗലോ ഫ്രെയർ വിശദീകരിക്കുന്നത്. “അവരെ അടിച്ചമർത്തലിന്റെ ഘടനയ്ക്കുള്ളിലേക്ക് ഉൾച്ചേർക്കുന്നത് പരിഹാരമല്ല. മറിച്ച്, അവർക്ക് സ്വയംഒരു നിലനിൽപ്പ് സാധ്യമാവുന്ന തരത്തിൽ ആ ഘടനയെ മാറ്റുകയാണ് വേണ്ടത്. അത്തരത്തിലുള്ള ഒരു മാറ്റം തീർച്ചയായും മർദ്ദകരുടെ താൽപര്യങ്ങളെ തകിടംമറിക്കും.”

ഘടന തന്നെ അതിഭീകരമാം വിധം അക്രമകാരിയാവുമ്പോൾ നമ്മുടെ നിലനിൽപ്പ് എങ്ങനെയാണ് സാധ്യമാവുക? പലരും കുടുംബത്തെയാണ് പ്രതിരോധത്തെ കുറിച്ച അവരുടെ വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദുവാക്കുന്നത്. ഫഹദ് അൻസാരി പങ്കുവെക്കുന്ന അനുഭവം ശ്രദ്ധയർഹിക്കുന്നതാണ്. രാഷ്ട്രീയപ്രവർത്തനം നടത്തിയതിന് പാകിസ്താനിലെ തടവറയിൽ വെച്ച് ഉമ്മയുടെ പിതാവിന് നേരിടേണ്ടി വന്ന പീഡനങ്ങളോർത്ത് ഫഹദിന്റെ ഉമ്മ തന്റെ മകന്റെ ആക്ടിവിസത്തെ പലപ്പോഴും വിലക്കുമായിരുന്നു. എങ്കിലും തന്റെ വെല്ലുപ്പയുടെ പൈതൃകം കാത്തുസൂക്ഷിക്കാനാണ് ഫഹദ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ പ്രയുക്തി പഠിപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല. കുട്ടിയായിരിക്കുമ്പോൾ മുതൽ കണ്ടു ശീലിച്ച് ഓർമയിൽ ആഴത്തിൽ പതിഞ്ഞ, ആവശ്യ സമയത്ത് ഊർജസ്രോതസ്സായി മാറിയ ഒന്നാണത്.

“ഒരിക്കലും ഉലയാത്ത വിശ്വാസദാർഢ്യം കൈമുതലാക്കി സാമൂഹിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ പോരടിച്ച വല്ലുപ്പ ഒടുക്കം പ്രദേശവാസികൾക്ക് മൊത്തം ഇഷ്ടപ്പെട്ട വ്യക്തിയായി മാറി. എത്രത്തോളമെന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ആത്മശാന്തിക്കായി കുർബ്ബാന നടത്താൻ അവർ ഒരു വൈദികനെ തന്നെ ഏർപ്പാട് ചെയ്യുക വരെ ചെയ്തു. ഇതൊക്കെയും ഇന്നത്തെ ഒരു മുസ്‌ലിമിന് ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണ്. മറ്റുള്ളവർ അവരുടെ സ്വത്വത്തിന്റെ മൗലികമായ സങ്കൽപങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്തുകൊണ്ട് നേടാൻ ശ്രമിക്കുന്ന സ്വീകാര്യതയാണ് അദ്ദേഹം കരസ്ഥമാക്കിയത്. തന്റെ വിശ്വാസത്തിൽ അടിയുറച്ച് നിലകൊണ്ടും അപലപനത്തിന്റെ രാഷ്ട്രീയത്തിലൂടെ സ്വന്തം സമുദായത്തിൽ നിന്ന് ആശയപരമായി വേർപ്പെടുത്താൻ മറ്റുള്ളവരെ അനുവദിക്കാതെയുമാണ് അദ്ദേഹം ഇത് സാധിച്ചെടുത്തത്.” ഷാഹിദ് എഴുതുന്നു.

ഇതൊരു ബോധനശാസ്ത്രമാണ് (pedagogy). പ്രവൃത്തികൊണ്ടും ദൃശ്യതകൊണ്ടും നേടുന്നതിനേക്കാൾ കൂടുതൽ പലപ്പോഴും നമ്മൾക്ക് അൽപം ബുദ്ധിമുട്ടിയും ചിലത് ത്യജിച്ചുകൊണ്ടും നേടാൻ കഴിയുമെന്ന ബോധ്യമാണ് ഇത് നൽകുന്നത്. ചിലപ്പോൾ ആ നേട്ടം ചിലരുടെ മനസിൽ മാത്രമേ ഉണ്ടാവുകയുളളൂ. എന്നാൽ അതൊരു നഷ്ടക്കച്ചവടമല്ല; വളർന്ന് പന്തലിക്കുക തന്നെ ചെയ്യും. ഇത്തരം സ്വയം വിചാരണകളിൽ നമ്മുടെ സത്യത്തെ മുറുകെപ്പിടിക്കുന്നതിലൂടെ പലപ്പോഴും നാം ശുഷ്കമായ അക്കാദമിക ലേബലുകളിലേക്ക് സ്വയം ചുരുങ്ങാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ വിശ്വാസികളും ചെയ്യുന്നത് പോലെ ദൈവത്തിന്റെ സജ്ജീകരണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന ബോധമാണ് നമുക്ക് ഉണ്ടാവേണ്ടത്. അങ്ങനെ സ്വന്തത്തെ ആന്തരികമായ ഒരിടത്തിലേക്ക് പിൻവലിക്കാൻ വിസമ്മതിക്കുന്നത് സംവാദങ്ങളിൽ നിന്ന് സ്വയം മാറ്റിനിർത്തലാണ്. നമ്മുടെതന്നെ സമഗ്രത കാത്തുസൂക്ഷിക്കാൻ നമുക്കങ്ങനെ ചെയ്യേണ്ടതായി വരുന്നു.

പ്രയുക്തി ഇപ്പോഴുള്ളതിനെ കുറിച്ച് മാത്രമല്ല. അത് ഭാവിയെ കുറിച്ചും കൂടിയാണ്. നമ്മുടെ പ്രവൃത്തികൾ വരാൻ പോകുന്ന തലമുറകളെ ഒരുവിധത്തിലും ഉപദ്രവിക്കരുത് എന്ന് തീരുമാനമെടുക്കുന്നതിനെ കുറിച്ചുകൂടിയാണ്.

ഭരണകൂട അക്രമങ്ങൾക്കും വിവേചങ്ങൾക്കുമെതിരിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മനുഷ്യാവകാശ സംഘടനയാണ് ലണ്ടൻ ആസ്ഥാനമായിട്ടുള്ള കേജ്. കേജിന്റെ റിസർച്ച് ഡയറക്ടറായ ആസിം ഖുറേഷി എഡിറ്റ്‌ ചെയ്ത് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച I Refuse to Condemn (അപലപിക്കാൻ ഞാൻ സന്നദ്ധനല്ല) എന്ന കൃതിയുടെ ആമുഖം സംഗ്രഹിച്ച് വിവർത്തനം ചെയ്തതാണ് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

(അവസാനിച്ചു)

വിവ: ബാസിൽ ഇസ്‌ലാം

By Editor