ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം രണ്ട്

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക

പൊതുസുരക്ഷാ വംശീയത

ഘടനാപരമായ തലത്തിൽ ‘പൊതു സുരക്ഷയുടെ’ മറവിലാണ് വംശീയത നടപ്പിലാക്കപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവരുടെ നയരൂപീകരണത്തെയും നിയമപാലനത്തെയും രൂപപ്പെടുത്തുന്നത് വംശീയമായ മുൻവിധികളാണ്. പൊതുസമൂഹത്തെ സംരക്ഷിക്കുക എന്ന പേരിൽ ആ നയങ്ങളെ ഭരണകൂടം നിലനിർത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങളെ പൊലീസിങ് ചെയ്യുന്ന സമകാലിക അവസ്ഥ യു.കെയിൽ ഉടലെടുക്കുന്നത് 1980കളോടെയാണ്. 1824 വാഗ്രൻസി ആക്റ്റിലെ നാലാം സെക്ഷൻ പ്രകാരം ഉണ്ടാക്കിയ ‘സസ്’ നിയമങ്ങൾ ഉപയോഗപ്പെടുത്തി പോലീസ് കറുത്ത വംശജരെ പൊതുവിടങ്ങളിൽ തടഞ്ഞുനിർത്തി പരിശോധിക്കലും കാരണം കൂടാതെ അറസ്റ്റ് ചെയ്യലും പതിവായിരുന്നു. ഇത്തരത്തിലുള്ള പ്രൊഫൈലിങ് ചട്ടങ്ങൾ വീണ്ടും ശക്തമാകുന്നത് പിന്നീട് 9/11ന് ശേഷമാണ്. ഭീകരതയ്ക്കെതിരായ യുദ്ധമെന്ന (War on terror) പേരിൽ നടക്കുന്നത് വംശീയ വിവേചനമാണെന്ന ആരോപണമുയർന്നിട്ടും ബ്രിട്ടീഷ് ഭരണകൂടം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടാണ് മുസ്‌ലിം സമുദായങ്ങളെ കണക്കാക്കിയത്.

രാജ്യത്ത് പ്രവേശിക്കുമ്പോൾ തന്നെ ബ്രിട്ടനിലെ മുസ്‌ലിംകൾ കൃത്യമായ പ്രൊഫൈലിങിന് വിധേയമാകുന്നുണ്ട്. അതിന് സഹായിക്കുന്ന തരത്തിൽ വർഷംതോറും ആയിരക്കണക്കിന് പൗരന്മാരെ എയർപ്പോർട്ടുകളിലും തുറമുഖങ്ങളിലും തടഞ്ഞുനിർത്തി പരിശോധിക്കാനുള്ള സമ്പൂർണ അധികാരം യുകെ ബോർഡർ എജൻസിക്കുണ്ട്. ആളുകളുടെ പോക്കുവരവുകൾ അജ്ഞാതമാണെന്നും അതുകൊണ്ട് തന്നെ അവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയും ചോദ്യംചെയ്യുകയും വേണമെന്നും പറഞ്ഞ് ഈ നടപടികളെ ഒരു സുരക്ഷാ മുൻകരുതലായാണ് ഭരണകൂടം ന്യായീകരിച്ചത്. ഇത്തരം പരിശോധനകൾക്കിടയിലെ ചോദ്യംചെയ്യൽ ഒൻപത് മണിക്കൂർ വരെ നീളാറുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയാൻ സന്നദ്ധമായില്ലെങ്കിൽ അതൊരു ഭീകരവാദ കുറ്റകൃത്യമാവുകയും ചെയ്യും. ഇതെല്ലാം ഉപകാരപ്പെടുന്നത് സുരക്ഷയ്ക്കപ്പുറം യുകെയിലെ മുസ്‌ലിംകളുടെ ബൃഹത്തായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും അതുപയോഗിച്ച് ഭരണകൂട നിരീക്ഷണം ശക്തമാക്കുന്നതിനും വേണ്ടിയാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ സംവിധാനം ഇപ്പോൾ സാങ്കേതികമായി വികസിച്ചിട്ടുണ്ട്. പ്രശ്നക്കാരായ ആളുകളെ കണ്ടെത്തുന്നത് കമ്പ്യൂട്ടർ അൽഗോരിതങ്ങൾ ഉപയോഗിച്ചാക്കി. അങ്ങനെ ഒരുകൂട്ടം മനുഷ്യർ നടത്തിപ്പോന്ന വിവേചനങ്ങൾ ഇപ്പോൾ അവർ നിർമിച്ച സോഫ്റ്റ്‌വെയറുകൾ നിർവഹിക്കുന്നു. ഈ മാറ്റം ഉണ്ടാക്കിയ ഗുണമെന്തെന്നാൽ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നയാൾ തനിക്കുമേൽ വംശീയമായ വിവേചനം നടത്തുകയാണെന്ന് പരാതിപ്പെട്ടാലും ഭരണകൂടത്തിന് സോഫ്റ്റ്‌വെയറിനെ പഴിചാരി സ്വയം ഒഴിവാകാം എന്നുള്ളതാണ്. ഇവിടെ മനുഷ്യരെ പോലെ വിവേചനബുദ്ധി അൽഗോരിതങ്ങൾക്കില്ല എന്ന വാദത്തെ അംഗീകരിച്ചാൽ പോലും അവ വികസിപ്പിക്കുന്നവരുടെ വംശീയ വാർപ്പുമാതൃകകൾ അതിന്റെ നിർമാണത്തിൽ സ്വാധീനിക്കില്ല എന്ന് പറയാനാവില്ല.

വിവേചനങ്ങളെ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, കിഴക്കൻ തുർക്കിസ്ഥാനിലെ ഉയ്ഗൂറുകൾക്കെതിരെ ചൈന നടത്തുന്ന ‘തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾ’ യഥാർഥത്തിൽ ഫേഷ്യൽ റെകഗ്നിഷൻ (Facial Recognition) സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ആഗോളതലത്തിൽ കോടിക്കണക്കിന് ആളുകളെ നിരീക്ഷണത്തിലാക്കാനാണ് ഉപയോഗിച്ചത്. കുറ്റകൃത്യത്തെ മുൻകൂട്ടി കണ്ട് നേരിടുന്ന ഇത്തരം ‘പ്രീ-ക്രൈം’ നയങ്ങളുടെ തുടക്കം കണ്ടെത്താനാകുന്നത് 2006ൽ യുകെ നടപ്പാക്കിയ പ്രിവന്റ് സ്ട്രാറ്റജിയിലാണ്. പ്രസ്തുത പദ്ധതിയുടെ ഭാഗമായാണ് പിന്നീട് കൂടിയേറ്റക്കാർക്കെതിരായ ‘ഹോസ്റ്റൈൽ എൺവിറോൺമെന്റ്’ എന്ന പോളിസി തെരേസ മേയ് നടപ്പിലാക്കിയത് എന്ന് വിദ്യാർഥി ആക്റ്റിവിസ്റ്റായിരുന്ന സഫ്ഫ പറയുന്നു. സർവകലാശാലാ കാമ്പസുകളിലെ മുസ്‌ലിം പ്രാർഥനാ മുറികളിൽ പ്രത്യേകമായി കാമറകൾ ഘടിപ്പിച്ചതും ഇസ്ലാമിക വിദ്യാർഥി കൂട്ടായ്മകളോട് അവരുടെ അംഗങ്ങളുടെ പേരുവിവരങ്ങൾ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടതും അടക്കമുള്ള സംഭവങ്ങൾ പ്രിവന്റ് സ്ട്രാറ്റജിയുടെ തീവ്രവാദവിരുദ്ധതയ്ക്കുള്ളിൽ ഒളിച്ചുവെച്ച മുസ്‌ലിം വിരുദ്ധതയെ വെളിവാക്കുന്നുണ്ട്.

സർവകലാശാലകളുടെ ഘടനകൾക്കുള്ളിലേക്ക് പ്രിവന്റ് പദ്ധതി പടർന്നുപിടിക്കുന്നത് ഷിറീൻ ഫെർണാണ്ടസിന്റെ അനുഭവം നമുക്ക് കാട്ടിത്തരുന്നുണ്ട്. പ്രിവന്റ് പോളിസി പ്രകാരം ‘തീവ്രവാദത്തോട് ആഭിമുഖ്യം പുലർത്തുന്നുവെന്ന്’ തോന്നുന്ന കുട്ടികളെ കുറിച്ച് അധികൃതർക്ക് വിവരം കൈമാറാം എന്ന് അംഗീകരിച്ചാൽ മാത്രമേ ഗവേഷണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ അഭിമുഖം നടത്താൻ അനുവദിക്കുകയുള്ളൂ എന്നാണ് ഷിറീനോട് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കിയത്. എന്നാൽ അവരതിന് തയ്യാറല്ലായിരുന്നു. തന്റെ ഗവേഷണ വിഷയികളെ ഒറ്റുകൊടുക്കാൻ സ്വാഭാവികമായും ഗവേഷകർ തയ്യാറായിക്കോളും എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ഗവേഷണാനുമതിയുടെ മാനദണ്ഡങ്ങൾ പോലും നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത ഏറെ ഞെട്ടിക്കുന്നതാണ്.

സർവകലാശാലകളിലും സ്കൂളുകളിലും ഇപ്പോൾ തുറന്ന ഇടങ്ങളോ അതിന്റെ നിഷ്പക്ഷതയോ ഇല്ലാതായിരിക്കുന്നു. ഒരു ഭീകരാക്രമണം സംഭവിച്ചാലുടനെ ‘ഇതാ നിങ്ങളിൽ പെട്ട ഒരാൾ വീണ്ടുമത് ചെയ്തിരിക്കുന്നു’ എന്ന അധ്യാപകരുടെ കുറ്റപ്പെടുത്തലുകൾക്ക് മുസ്‌ലിംകളും കറുത്ത വംശജരും വിധേയമാക്കപ്പെടുന്നുണ്ട്.

മുസ്‌ലിംകൾ തന്റെ അയൽപക്കങ്ങളിൽ താമസമാക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്ന അധ്യാപകനും താലിബാനെന്നും നീഗ്രോയെന്നും ഒട്ടകയോട്ടക്കാരനെന്നും വിളിച്ച് അധിക്ഷേപിക്കുന്ന സഹപാഠികളുമൊക്കെ അത്തരം ഇടങ്ങളിൽ യുവാക്കൾ ദിവസവും അനുഭവിക്കേണ്ടി വരുന്ന വംശീയമായ അതിക്രമങ്ങൾക്ക് ഉദാഹരണമാണ്. ഈ സ്ഥാപനങ്ങളിൽ അധികാരം കയ്യാളുന്നത് അധ്യാപകരായതിനാൽ അവർക്കെതിരെ പ്രതികരിക്കുന്നതിനും ഒട്ടേറെ പരിമിതികളുണ്ട്. ഇവിടെയെല്ലാം അധ്യാപകർ അവരുടെ വംശീയ വാർപ്പുമാതൃകകളെ അടിസ്ഥാനപ്പെടുത്തിയാണ് സമൂഹത്തെ ‘സുരക്ഷിതമാക്കാൻ’ ശ്രമിക്കുന്നത് എന്നതാണ് പ്രശ്നം.

യുകെയിലെ വംശീയതയെ പരിഗണിക്കുമ്പോൾ നിഖാബ് ധരിച്ച മുസ്‌ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരായും തപാൽപെട്ടികളായും അധിക്ഷേപിച്ച, കറുത്തവരെ ‘പിക്കാനിന്നികളെന്നും’ തണ്ണിമത്തൻ ചുണ്ടുകളെന്നും വിളിച്ച് അവഹേളിച്ച ബോറിസ് ജോൺസണാണ് ഈ രാജ്യത്തെ ഇപ്പോൾ നയിക്കുന്നതെന്ന കാര്യം നാം മറക്കരുത്. ഇതാണ് പൊതുസുരക്ഷാ വംശീയതയുടെ കാര്യം; ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂട അക്രമങ്ങൾക്ക് ക്രമേണ അധികാരത്തിന്റെ ഉന്നതങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കുന്നു. ഉന്നത രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമങ്ങളും ഒരേസ്വരത്തിൽ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ പിന്നെ വംശീയതയാവാൻ വഴിയില്ലല്ലോ!

അപലപിക്കുന്നതിനെ കുറിച്ച പ്രതീക്ഷകൾ

മുസ്‌ലിംകൾക്കെതിരെ രാജ്യത്ത് നിലനിൽക്കുന്ന എതിർപ്പിനെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് യുകെയിലെ സർവേ ഏജൻസിയായ ബ്രിട്ടൻ തിങ്ക്സ് നടത്തിയ പഠനം ഒന്നാമതായി നിർദേശിച്ചത് എല്ലാ മുസ്‌ലിം സംഘടനകളും ഭീകരാക്രമണങ്ങൾ സംഭവിക്കുമ്പോൾ തന്നെ ശക്തമായ ഭാഷയിൽ അതിനെ അപലപിച്ചുകൊണ്ട് പ്രതികരിക്കണം എന്നതായിരുന്നു. ഇത്തരമൊരു നിർദേശം രൂപപ്പെടുത്തുന്നതിന് അവലംബിക്കപ്പെട്ട വിവരങ്ങളെ നാം ആദ്യം തന്നെ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്.

ബ്രിട്ടൻ തിങ്ക്സിന്റെ സർവേയിൽ മറ്റ് മത/മതരഹിത ഗ്രൂപ്പുകളേക്കാൾ മോശം സ്കോറാണ് മുസ്‌ലിംകൾക്ക് ലഭിച്ചത് (മതരഹിതർ – 7.01, കൃസ്ത്യാനികൾ – 6.76, ജൂതർ – 6.19, മുസ്‌ലിംകൾ – 4.96). മുസ്‌ലിംകൾ ഭീകരവാദത്തെ അപലപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിന് ശേഷമുള്ള സ്കോറിങിലും നേരത്തേതിൽ നിന്ന് വളരെ ചെറിയ മാറ്റം മാത്രമാണ് സംഭവിച്ചത് (പുതിയ സ്കോർ – 5.39). അപ്പോഴും മറ്റുള്ളവരേക്കാളും അടിയിലാണ് മുസ്‌ലിംകൾ. അപലപിക്കുന്നത് മുസ്‌ലിംകളെ കുറിച്ച് നല്ല അഭിപ്രായം രൂപീകരിക്കുന്നതിൽ കാര്യമായി സഹായിക്കുന്നില്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്. പിന്നെന്തിനാണ് മുസ്‌ലിംകൾ ഇങ്ങനെ മെനക്കെടുന്നത് എന്നാണ് ഈ കണക്കുകൾ നിരത്തിക്കൊണ്ട് ഷെനാസ് ബങ്കാവാല ചോദിക്കുന്നത്.

ഞാനീ ആമുഖത്തിന്റെ തുടക്കത്തിൽ വിവരിച്ച ജോൺ സ്നോയുമായുള്ള അഭിമുഖത്തിലേക്ക് മടങ്ങുകയാണ്. പൊതുവ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ എന്തുകൊണ്ട് പ്രധാനമാവുന്നു എന്നും അവർക്ക് സമൂഹത്തിനുള്ളിലുള്ള അധീശത്വപരമായ സ്ഥാനം എന്തെന്നും വിവരിക്കാൻ ആ സംഭവം സഹായിക്കും. അന്നത്തെ രാത്രി ആ അഭിമുഖത്തോടെ അവസാനിച്ചില്ല. ചാനൽ ഫോറിന്റെ സ്റ്റുഡിയോയിൽ നിന്നും തിരിച്ചെത്തിയ ഉടനെ തന്നെ മൈക്കേലിന്റെ ഒരുപാട് മെസേജുകൾ എനിക്ക് കിട്ടി. ഫലസ്ത്വീനിൽ വെച്ച് പരിചയപ്പെട്ട ഞങ്ങൾ പിന്നീട് ആഴ്ചകളോളം ഒരുമിച്ച് യാത്രചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു വെള്ളക്കാരനാണ് ജോൺ സ്നോ ആവശ്യപ്പെട്ട പോലെ അപലപിക്കാൻ കൂട്ടാക്കിയില്ല എന്നതിന്റെ പേരിൽ എന്നെ ചീത്തവിളിക്കുന്നത്.  ഞാനയാളോട് കാര്യങ്ങൾ വിശദീകരിക്കാൻ പരമാവധി ശ്രമിച്ചു. അത്തരത്തിൽ അപലപിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ചുരുക്കം ചിലർ ചെയ്യുന്ന അക്രമങ്ങൾക്ക് എല്ലാ മുസ്‌ലിംകളെയും ഉത്തരവാദികളാക്കുന്നതിലെ പ്രശ്നത്തെ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ അയാൾ തയ്യാറായില്ല. ഒടുവിലെനിക്ക് അയാളെ ബ്ലോക്ക് ചെയ്യേണ്ടി വന്നു. അത് മുതലാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി എന്നെ അധിക്ഷേപിക്കാനാണ് അയാൾ തുനിഞ്ഞത്. ഏറെ വഞ്ചിക്കപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത്. പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നതും ആരോപണങ്ങൾ ഉയർത്തുന്നതും മുസ്‌ലിം സമുദായത്തെ എത്രത്തോളം മോശമായി ബാധിക്കും എന്നത് മനസിലാക്കാൻ പോലും അയാൾ തയ്യാറായില്ല.

വംശീയത എത്രത്തോളം അദൃശ്യമാണെന്ന് ഇതെന്നെ ഓർമിപ്പിക്കുന്നു. നമുക്ക് ഇടയ്ക്കിടെ അനുഭവിക്കാൻ പറ്റുന്ന ഒന്ന് എന്നതിനപ്പുറം, നമ്മൾ ജീവിക്കുന്നത് തന്നെ അതിനുള്ളിലാണ് എന്നതാണ് ഈ അദൃശ്യതയ്ക്ക് കാരണം. എന്തെങ്കിലും ഒരു ആക്രമണം സംഭവിച്ച ഉടനെ തന്നെ അതിന്റെ കുറ്റം തങ്ങളുടെ മേൽ ആരോപിക്കപ്പെടുമോ എന്നോർത്ത് മുസ്‌ലിംകളും കറുത്തവരും അനുഭവിക്കുന്ന പിരിമുറുക്കം ഒരു യാഥാർഥ്യമാണ്. പ്രതികരിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് സ്വയം തോന്നുന്നത് കൊണ്ടല്ല; മറിച്ച്, മാധ്യമങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കൾ പോലും ആ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് അവർക്കിങ്ങനെ സംഭവിക്കുന്നത്. നമ്മളെ ദിവസവും പിന്തുടരുന്നതും വേട്ടയാടുന്നതും വീർപ്പുമുട്ടിക്കുന്നതും നിശബ്ദരാക്കുന്നതും അപലപിക്കാനുള്ള ആവശ്യപ്പെടലുകളാണ്. സ്വന്തം സമുദായത്തെയോ മറ്റ് അരികുവത്കരിക്കപ്പെട്ടവരെയോ അപലപിക്കാനുള്ള സമ്മർദ്ദം എപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുണ്ട്. അത് കേവലം ഭീകരതയ്ക്കെതിരായ യുദ്ധത്തെ മുസ്‌ലിംകളും കറുത്തവരും എങ്ങനെ ആന്തരികവത്കരിക്കുന്നു എന്നതിനെ കുറിച്ചുള്ള സമ്മർദ്ദമല്ല. മറിച്ച് നമുക്ക് ബാക്കിയുള്ളവരോടുള്ള ബന്ധത്തെ കുറിച്ചുള്ള ഒന്നുകൂടിയാണ്.

ചില പ്രത്യേക രീതിയിൽ പ്രതികരിക്കാൻ നമ്മെ പരിശീലിപ്പിക്കുന്ന ഒരു ‘സാമൂഹിക കോടതിയിലാണ്’ നമ്മൾ നിലനിൽക്കുന്നത്. അതിലൂടെ നമ്മൾ ചെയ്യുന്ന അപലപിക്കലുകളാണ് നമ്മെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്.

അതായത്, കുഴപ്പക്കാരല്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനായി അപലപിക്കാൻ തയ്യാറാവുന്നതോടെ നാം സ്വഭാവികതയിൽ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ആ നിമിഷം വരെ നമ്മളെ ഉൾക്കൊള്ളാൻ കൂട്ടാക്കാതിരുന്ന ഒരു ‘മാനുഷികതയിലേക്കാണ്’ അതോടെ നമ്മൾ എത്തിച്ചേരുന്നത്. പൊളിറ്റിക്കൽ സൈക്കോളജി ഓഫ് ദി വീയ്ൽ എന്ന തന്റെ പുതിയ പുസ്തകത്തിൽ സഹർ ഗുംഖോർ പറയുന്നത് പലപ്പോഴും നമ്മൾ അപലപിക്കുന്നത് കൊണ്ട് മാത്രം ഒന്നുമാവുന്നില്ല എന്നാണ്. നമ്മുടെ ‘ആത്മാർഥത’ മറ്റുള്ളവർ അംഗീകരിച്ചു തരേണ്ടതുണ്ട്. കേവല അപലപനത്തിനപ്പുറം കൂടെയുള്ള വിശ്വാസികളെക്കൂടി അപലപിക്കാനും ഇസ്ലാമിക പ്രമാണങ്ങളുടെ ചില വ്യാഖ്യാനങ്ങളെ നിരാകരിക്കാനും മതത്തെ വിമർശിക്കാനുള്ള അവരുടെ ശേഷി പ്രദർശിപ്പിക്കാനും അത് മുസ്‌ലിംകളെ പരീക്ഷിക്കുന്നുണ്ട്. മതേതര ആധുനികതയുടെ മുസ്‌ലിം ശേഷിയെ അളക്കുന്നവയാണ് സുരക്ഷയുടെ പേരിലുള്ള ഇത്തരം ഉദ്ഗ്രഥന നടപടികൾ.

ഇങ്ങനെയൊക്കെയായിട്ടും നമുക്കിടയിലെ നല്ല ബോധ്യമുള്ളവരും സജീവരുമായവർ പോലും അപലപിക്കുന്നത് എന്തുകൊണ്ടാണ്? മറിച്ചൊരു നിലപാടെടുക്കുന്നത് മടുപ്പിക്കുന്നു എന്നതാണ് ലളിതമായ ഉത്തരം. അപലപിക്കാതിരുന്നാൽ പിന്നെ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരോടും വിശദീകരിക്കേണ്ടി വരും. ഒരുപാട് സമ്മർദ്ദം താങ്ങേണ്ടി വരും. അതിൽ നിന്നൊക്കെ രക്ഷപെടാനാണ് എല്ലാം അറിഞ്ഞിട്ടും അവർ അപലപിക്കുന്നത്.

ഭാഗം മൂന്ന്

വിവ: ബാസിൽ ഇസ്‌ലാം

By Editor