ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം ഒന്ന്

ഭരണകൂട അക്രമങ്ങൾക്കും വിവേചങ്ങൾക്കുമെതിരിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മനുഷ്യാവകാശ സംഘടനയാണ് ലണ്ടൻ ആസ്ഥാനമായിട്ടുള്ള കേജ്. കേജിന്റെ റിസർച്ച് ഡയറക്ടറായ ആസിം ഖുറേഷി എഡിറ്റ്‌ ചെയ്ത് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഐ റെഫ്യൂസ് റ്റു കണ്ടെം I Refuse to Condemn (അപലപിക്കാൻ ഞാൻ സന്നദ്ധനല്ല) എന്ന കൃതിയുടെ ആമുഖം സംഗ്രഹിച്ച് വിവർത്തനം ചെയ്തതാണ് ഇത്.

ആമുഖം  

ചാനൽ ഫോറിന്റെ വാർത്താ അവതാരകൻ ജോൺ സ്നോ എന്നെ ഇൻറർവ്യൂ ചെയ്യുകയാണ്. അദ്ദേഹം എന്നോട് ചോദിച്ചു: ‘നിങ്ങളിപ്പോൾ ഇയാൾ ചെയ്യുന്നതിനെ അപലപിക്കുന്നുണ്ടോ?’

അയാളിൽ നിന്ന് ആ ചോദ്യം ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. എനിക്കാകെ വല്ലായ്മ തോന്നി. കാരണം ആ ചോദ്യം എന്നോട് ചോദിച്ചത് ജോൺ സ്‌നോയാണ്! മികച്ച റിപ്പോർട്ടിങ്ങിന്റെ പേരിൽ പരക്കെ ബഹുമാനിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ ഞാൻ പോലും പല തവണ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളാണ് എന്നോട് ഐസിസിന്റെ കൊലയാളിയായ ‘ജിഹാദി ജോൺ’ എന്ന, കുപ്രസിദ്ധനായ മുഹമ്മദ് എംവാസിയുടെ പ്രവൃത്തികളെ അപലപിക്കുമോ ഇല്ലയോ എന്ന് ചോദിക്കുന്നത്. 

ഞങ്ങളുടെ അഭിമുഖ സംഭാഷണത്തിന് തൊട്ടുമുൻപായി ചാനലിൽ റെക്കോർഡ് ചെയ്ത മറ്റൊരു വീഡിയോ കാണിക്കുകയുണ്ടായി. അതിൽ എംവാസിയുടെ അധ്യാപികയായിരുന്ന സ്ത്രീ തന്റെ പൂർവവിദ്യാർഥിയുടെ സൽസ്വഭാവത്തെ പുകഴ്ത്തുകയായിരുന്നു. എംവാസിയുടെ പ്രവൃത്തികളെ അപലപിക്കേണ്ട യാതൊരു ബാധ്യതയും അവർക്കുമേൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുമ്പോൾ, ഞാനും ആ അധ്യാപികയും തമ്മിലുള്ള വ്യത്യാസമായി ഞാൻ തിരിച്ചറിയുന്നത് എന്റെ ഇസ്‌ലാമിക വിശ്വാസത്തെയാണ്.

അഭിമുഖത്തിന്റെ ആ വീഡിയോയിൽ എന്റെ കണ്ണുകളിലെ അമ്പരപ്പ് എനിക്കിന്നും കാണാൻ കഴിയും. ആദ്യമായല്ല ഇത്തരത്തിൽ എന്നോടൊരാൾ ചോദിക്കുന്നത്. പക്ഷേ അത് ജോൺ സ്നോയിൽ നിന്ന് കേട്ടതാണ് എന്നെ അമ്പരപ്പിച്ചത്. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരാളാണ് താങ്കളെന്നും ഇത്തരത്തിലുള്ള ചോദ്യങ്ങളിൽ എനിക്ക് പ്രശ്നങ്ങൾ ഉണ്ടെന്നും ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. പക്ഷേ എന്നെ ബുദ്ധിമുട്ടിക്കുന്നതായാൽ പോലും ആ ചോദ്യത്തിന് ഉത്തരം നൽകണമെന്നാണ് അദ്ദേഹം വാശിപിടിച്ചത്. 

അലൻ ഹെന്നിങിന്റെ (ഐസിസ് പിടികൂടി എംവാസിയാൽ കൊല്ലപ്പെട്ട സന്നദ്ധ പ്രവർത്തകൻ) ജീവൻ രക്ഷിക്കാൻ ഒരു സംഘടന എന്ന നിലക്ക് കേജും വ്യക്തിപരമായി ഞാനും അക്ഷീണം പ്രയത്നിച്ചുവെന്നും ആ മരണത്തിന്റെ വേദന അയാളുടെ കുടുബത്തെ പോലെത്തന്നെ ഞങ്ങളും അനുഭവിച്ചുവെന്നും ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. ഞാൻ അപലപിക്കണം എന്ന് നിങ്ങൾ ആവശ്യപ്പെടുന്നതിന് പിന്നിലുള്ള ചേതോവികാരം ഞാൻ മുസ്‌ലിം ആണെന്നുള്ളത് മാത്രമാണെന്ന് ഞാൻ വാദിച്ചു. എന്നാൽ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ജോൺ സ്നോ പറഞ്ഞു: “ഞാൻ നിങ്ങളെ ഒരു മുസ്‌ലിമായല്ല കാണുന്നത്. പ്രശ്നങ്ങളിൽ അകപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമായ ഒരാളെന്ന നിലക്കാണ് നിങ്ങളെ കാണുന്നത്.”

ആ പറഞ്ഞത് മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം, ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളോട് ഇതേവരെ അവരുടെ നിയന്ത്രണത്തിലില്ലാത്തവരുടെ അക്രമപ്രവർത്തനങ്ങളെ അലപിക്കാൻ ആവശ്യപ്പെട്ട് കണ്ടിട്ടില്ല. ആംനസ്റ്റി ഇന്റർനാഷണലിനോടോ ലിബർട്ടിയോടോ അവരുടെ മുൻ ഇടപാടുകാർ ഭാവിയിൽ നടത്തിയ അക്രമങ്ങളെ അലപിക്കാൻ നിങ്ങളൊരിക്കലും ആവശ്യപ്പെടില്ല എന്ന് സ്‌നോയോട് ഞാൻ പ്രതികരിച്ചു. എന്നാൽ അവരായാലും താനിങ്ങനെ ചോദിക്കുമെന്ന് സ്‌നോ ഉറപ്പിച്ചു പറഞ്ഞു. ആ പറഞ്ഞത് ജോൺ സ്‌നോ ആണെന്നതിനാൽ അതിനെ മുഖവിലക്കെടുത്തുകൊണ്ട് എല്ലാ തരത്തിലുമുള്ള ഏകപക്ഷീയ കൊലപാതകങ്ങളെയും അക്രമത്തെയും അപലപിക്കുന്നുവെന്ന് ഞാൻ വ്യക്തമാക്കി. അദ്ദേഹം ആവശ്യപ്പെടുന്ന ഭാഷയിലും സ്വഭാവത്തിലും അത് പറയാൻ എനിക്ക് സാധിക്കില്ല. കാരണം, എന്റെ ജീവിതത്തെയും പ്രവൃത്തികളെയും ഒരു വെള്ളക്കാരന്റെ ആവശ്യത്തിനനുസരിച്ച് വസ്തുവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നത് തന്നെ. അപരൻ എന്ന എന്നെക്കുറിച്ച അയാളുടെ ഭയത്തിനുള്ളിൽ എന്റെ ജീവിതവും പ്രവർത്തനവും നൈതികതയും തടവിലാക്കപ്പെട്ടിരിക്കുകയാണ്. 

ജോൺ സ്‌നോ, നിങ്ങൾക്കൊന്നുമറിയില്ല..” എന്ന ഗെയിം ഓഫ് ത്രോൺസ് ടെലിവിഷൻ പരമ്പരയിലെ പ്രശസ്തമായ വരിയാണ് അന്ന് ആ അഭിമുഖം കഴിഞ്ഞപാടെ എനിക്കോർമ്മ വന്നത്. ആ ചോദ്യംചെയ്യൽ എന്തുകൊണ്ട് എന്നെ വേദനിപ്പിക്കുന്നുവെന്നോ അയാളെക്കുറിച്ച എന്റെ ധാരണകളെ എങ്ങനെ അട്ടിമറിക്കുന്നുവെന്നോ അയാൾക്കറിയില്ല. ജോൺ സ്‌നോ ആയാൽ പോലും ആദ്യം നമ്മുടെ മനുഷ്യത്വം പരിശോധിക്കപ്പെടാതെ നമുക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. താനുണ്ടാക്കുന്ന ട്രോമയെ കുറിച്ച അയാളുടെ കൂസലില്ലായ്മ അഞ്ചു വർഷങ്ങൾക്കിപ്പുറം ഞാനിത് എഴുതുമ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഇനി ഒരിക്കലും അത്തരമൊരു നിമിഷത്തെ നേരിടരുതെന്ന ആഗ്രഹമാണ് എനിക്ക് ഉണ്ടായിരുന്നത്. എനിക്കോ കേജിനോ എതിരായ ഏതൊരു വാർത്ത വരുമ്പോഴും എന്റെ ശരീരം ആ വേദന അനുഭവിക്കുകയും വീണ്ടും ആ ചാനൽ റൂമിലേക്ക് എന്നെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്; എനിക്കിഷ്ടമില്ലാത്ത ഒരവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കാനുള്ള ശരീരത്തിന്റെ തന്നെ പ്രതികരണമാണ് ഇതൊക്കെയെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ് ആശ്വസിപ്പിക്കാറാണ് പതിവ്. എന്നാൽ ഞാനിനി ഒരിക്കലും പഴയപോലെ ആവില്ല എന്ന് നിസ്സഹായതയോടെ തിരിച്ചറിയുന്നുണ്ട്. ഞാൻ അപലപിക്കണമെന്ന ജോൺ സ്നോയുടെ നിർബന്ധബുദ്ധിയിൽ ഞാൻ എന്നെന്നേക്കുമായി മാറ്റപ്പെട്ടു. 

ഒരു തരത്തിൽ ഞാൻ ഭാഗ്യവാനാണ്. കാരണം, ട്രോമയുടെ ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ളതിനാൽ എനിക്കതിനെ മനസിലാക്കാനും അതിന് വഴങ്ങാതിരിക്കാനും കഴിയും. നിർഭാഗ്യവശാൽ ഈയൊരറിവില്ലാത്ത കുറേ പേരുണ്ട്. അവർക്ക് ഇത്തരം മാനസികാഘാതങ്ങളെ നിരന്തരം അനുഭവിക്കേണ്ടി വരിക എന്നത് എത്ര ഭീകരമായിരിക്കും!

2015 ഫെബ്രുവരിയിലെ ആ കാലയളവിൽ എന്നെ മോശമായി ചിത്രീകരിച്ചത് ജോൺ സ്നോ മാത്രമായിരുന്നില്ല. ദി ഡെയ്ലി മെയിൽ, ദി ടെലഗ്രാഫ് തുടങ്ങിയ മാധ്യമങ്ങളും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണും എല്ലാം എംവാസിയുടെ പ്രവൃത്തികളെ വിശാലമായ പശ്ചാത്തലത്തിൽ നിന്ന് മനസിലാക്കണമെന്ന എന്റെ പ്രസ്താവനയെ ഞാൻ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നതിനുള്ള തെളിവായിട്ടാണ് കണ്ടത്. മാധ്യമങ്ങളുടെ വേട്ടയാടൽ ക്രൂരമായിരുന്നു. എന്നെയും എന്റെ പ്രസ്താവനയെയും വംശീയമായി അപരവൽക്കരിക്കുന്ന വ്യാഖ്യാനങ്ങൾക്കപ്പുറം ഞാൻ എന്താണ് യാഥാർഥത്തിൽ പറഞ്ഞത് എന്ന് അന്വേഷിക്കാൻ വളരെ ചുരുക്കം അവതാരകർ മാത്രമാണ് തയ്യാറായത്.

വലതുപക്ഷ മാധ്യമങ്ങൾ ചാർത്തിത്തന്ന ലേബലിലാണ് പിന്നീട് കേജും ഞാനും പൊതുമധ്യത്തിൽ അറിയപ്പെട്ടത്. ഘടനാപരമായ വംശീയതക്കെതിരെ നിലകൊള്ളാനും ഉത്തരവാദിത്വപരമായി പെരുമാറാനുമുള്ള ഞങ്ങളുടെ ആഹ്വാനങ്ങളോട് ചിന്തകരും രാഷ്ട്രീയക്കാരും മുഖംതിരിക്കുകയാണുണ്ടായത്. ആ സാഹചര്യത്തെ അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ റദ്ദുചെയ്യാനുള്ള അവസരമായി ഉപയോഗിക്കുക മാത്രമല്ല, അതിലൂടെ മുസ്‌ലിം സമുദായത്തിനുള്ളിൽ ഭയം വ്യാപിപ്പിക്കുക കൂടി ചെയ്തു. ഒരു കാലത്ത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളെ ഞാൻ ഏറ്റുപറഞ്ഞതിനും അതിലേക്ക് പുറത്തുനിന്നുള്ള ഒരു അന്വേഷണം കേജ് നടത്തിയതിനും അതിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചതിനും ഒക്കെ ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഇവിടെ കാര്യം വ്യക്തമാണ്: ഭരണകൂടം അനുവദിക്കുന്ന ആഖ്യാനങ്ങളുടെ നിർണിതമായ അതിർത്തികൾക്ക് പുറത്താണ് നിങ്ങളുടെ വിശദീകരണങ്ങളെങ്കിൽ, അധികാരികൾ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്നത് തീർച്ചയാണ്.

പശ്ചാത്തലം

അപലപിക്കുക എന്ന വിഷയത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. അതിൽതന്നെ പ്രശസ്തമായ ഒന്ന് ടോഡ് ഗ്രീനിന്റെ ‘പ്രെസ്യൂംഡ് ഗിൽറ്റി: വൈ വി ഷുഡ്ന്റ് ആസ്ക് മുസ്ലിംസ് റ്റു കണ്ടെം ടെററിസം’(Presumed Guilty: Why We Shouldn’t Ask Muslims to Condemn Terrorism) എന്ന രചനയാണ്. അപലപിക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ല എന്നുമാത്രമല്ല, അത് യഥാർഥത്തിൽ സമുദായങ്ങളെ പരസ്പരം സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം എഴുതുന്നു. അപലപിക്കേണ്ട ബാധ്യത വെള്ളക്കാരല്ലാത്ത സമുദായങ്ങളുടെ മേൽ മാത്രമേ വരുന്നുള്ളു എന്ന പ്രശ്നം സയീദ വാർസിയും ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് പാർലമെന്റേറിയനായിരുന്ന ജൊആന കോക്സിനെ വെള്ള ദേശീയവാദിയായ ടോമ്മി മെയർ കൊലപ്പെടുത്തിയ സംഭവം അതിനുദാഹരണമാണ്. 

ഐസിസിൽ ചേരുന്നതിന് മുന്നേ മുഹമ്മദ് എംവാസി ഒരു മാന്യനായ ചെറുപ്പക്കാരനായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ അതിനെ എനിക്കെതിരെയുള്ള പ്രചാരണായുധമായി ഉപയോഗിച്ച അതേ മാധ്യമങ്ങൾ തന്നെയാണ് ഒരു പാർലമെന്റേറിയനെ കൊലപ്പെടുത്തിയ മെയറെ കരുണ്യവാനായ, ഒറ്റപ്പെടലനുഭവിച്ച ഒരു പാവം കുട്ടിയായി അവതരിപ്പിക്കുന്നത്! എന്നെ ചിത്രവധം ചെയ്ത ദി ഡെയ്ലി മെയിൽ കോക്സിന്റെ കൊലപാതകത്തെ മുൻപേജിൽ കവർ ചെയ്തില്ലെന്ന് മാത്രമല്ല, പിന്നീടുള്ള ദിവസങ്ങളിൽ കൊലപാതകിയെ നാണംകെട്ട രീതിയിൽ ന്യായീകരിക്കുകയും ചെയ്തു. എംപിയെ കൊലപ്പെടുത്താൻ കാരണമായത് സ്വന്തം വീട് കുടിയേറ്റക്കാർ തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നുവത്രേ! വെള്ള ദേശീയവാദികളുടെ അക്രമത്തെ റിപ്പോർട്ട് ചെയ്യുന്നതിൽ അവർ പുലർത്തുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കാനാണ് ഡെയ്ലി മെയിലിന്റെ ഈ പ്രതികരണത്തെ കുറിച്ച് ഞാനിവിടെ പറഞ്ഞത്.

സാമ്രാജ്യത്വത്തിന്റെ മറവിരോഗം

കെഹിന്ദെ ആൻഡ്രൂസ്

യൂണിവേഴ്സിറ്റി ഓഫ് ബിർമിങ്ഹാമിലെ പ്രൊഫസറായ കെഹിന്ദെ ആൻഡ്രൂസിന്റെ പ്രസ്താവന ഈയടുത്ത് മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഗുഡ് മോർണിങ് ബ്രിട്ടൻ എന്ന ടിവി ഷോയിൽ വെച്ച് ബ്രിട്ടീഷ് സാമ്രാജ്യമാണ് നാസി പ്രത്യയശാസ്ത്രത്തിന് വഴിയൊരുക്കിയതെന്നും അതാണ് യഥാർഥത്തിൽ യുകെയിലുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ പേരിൽ മാധ്യമങ്ങൾ അദ്ദേഹത്തെ ധിക്കാരിയും വെള്ളക്കാരോട് വെറുപ്പുള്ളവനുമായി ചിത്രീകരിച്ചു. ഇത്തരത്തിൽ പാശ്ചാത്യ ലോകത്തെ വംശീയതയുടെ നിലനിൽക്കുന്ന രൂപങ്ങളെ കുറിച്ച് സംസാരിക്കുന്ന ഗവേഷകരോടും ആക്ടിവിസ്റ്റുകളോടും നിരന്തരം കൽപ്പിക്കപ്പെടുന്നത് അതൊക്കെയും ഇന്നത്തെ ‘വംശീയാനന്തര’ സമൂഹത്തിൽ യാതൊരു പ്രധാന്യവുമില്ലാത്ത, പഴയ കാര്യങ്ങൾ മാത്രമാണെന്നാണ്.

ബ്രിട്ടന്റെ ഭൂതകാലത്തെ കുറിച്ച നിറംപിടിപ്പിച്ച ഓർമകൾ വളരെ വിചിത്രമാണ്. ദേശസ്നേഹികൾ ഇപ്പോഴും ആഗ്രഹിക്കുന്ന ‘സമാധാനവും ശാന്തതയും കളിയാടിയിരുന്ന’ അതേ കാലഘട്ടത്തിലാണ് തങ്ങളുടെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ലേബർ ക്യാമ്പുകളും സൈനിക അധിനിവേശങ്ങളും നടത്തിയിരുന്നത്. ഇത്തരത്തിൽ എവ്വിധമൊക്കെയാണ് ബ്രിട്ടൻ മൂഢമായി കൊണ്ടാടപ്പെടുന്നത് എന്ന് കണ്ടെത്തുന്നത് ചരിത്രത്തെ തിരുത്തുക മാത്രമല്ല ചെയ്യുന്നത്. അത് ‘ശോഭനമായ ഒരു ഭൂതകാലത്തെ’ സങ്കൽപ്പിക്കുന്നതിലും ആധുനിക ബഹുസാംസ്കാരികതയെ അപലപിക്കുന്നതിലും വംശീയതയ്ക്കുള്ള പങ്കിനെ വെളിവാക്കുകയും ചെയ്യുന്നുണ്ട്. 

ബ്രിട്ടീഷ് കൊളോണിയൽ ചരിത്രത്തോടുള്ള മറവി (amnesia) ഉടലെടുക്കുന്നത് ലിബറലിസത്തിന്റെയും ആധുനികതയുടെയും തായ്‌വേരിലാണ്. ഇമാനുവൽ കാന്റിനെ പോലുള്ള നവോത്ഥാന ചിന്തകർ വെച്ചുപുലർത്തിയ വംശീയ ശ്രേണീകരണം സൂചിപ്പിക്കുന്നതും അതാണ്. ദേശരാഷ്ട്രത്തിന്റെയും നിയോലിബറലിസത്തിന്റെയും കീഴിലുള്ള കേവല വിഷയികൾ എന്നതിനപ്പുറം ബദൽ ചിന്തയും നിലനിൽപ്പും സാധ്യമായ സമുദായങ്ങളായി മുസ്ലിംകളെയും വെള്ളക്കാരല്ലാത്തവരെയും സ്ഥാനപ്പെടുത്തണമെങ്കിൽ അപരത്വത്തെ കുറിച്ച സമൂഹത്തിന്റെ ധാരണകളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന പരിസരങ്ങളെ തന്നെ പുനഃക്രമീകരിക്കേണ്ടതായി വരും. 

നിങ്ങളെ ഒരു രാഷ്ട്രത്തിന്റെ ശത്രുവാക്കുന്നത് പ്രത്യയശാസ്ത്ര ഭിന്നതകളാവണമെന്നില്ല. മറിച്ച് സ്വന്തം അധീശത്വത്തിന് ഭീഷണിയായി രാഷ്ട്രം കണക്കാക്കുന്നവരൊക്കെയും അനിവാര്യമായും ഉന്മൂലനം ചെയ്യപ്പെടേണ്ട ‘ഭീഷണികൾ’ ആയിത്തീരുന്നു.

ദേശസുരക്ഷയുടെ ഈ വംശീയവൽക്കരണത്തിന് ഉദാഹരണമാണ് പാറ്റ് ഫിനുകെയ്നിന്റെ കൊലപാതകം. 1989 ജനുവരി 17ന് അഭിഭാഷകനായ ഫിനുകെയ്ൻ കൊല്ലപ്പെട്ടതിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പങ്കുണ്ടായിരുന്നു. ഐആർഎ (ഐറിഷ് റിപ്പബ്ലിക്കൻ ആർമി) അംഗങ്ങളുടെ വക്കാലത്ത് ഏറ്റെടുത്തതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിയത്. ഇന്നും ഇത്തരത്തിലുള്ള വേട്ടയാടലുകൾ തുടരുന്നുണ്ട്. നല്ല പൗരൻ/ചീത്ത പൗരൻ എന്ന ദ്വന്ദത്തിന് പുറത്ത് സ്വയം അടയാളപ്പെടുത്തുന്നത് നിങ്ങളെ വലിയ അപായങ്ങളിലേക്ക് നയിക്കുമെന്നാണ് പറഞ്ഞുവരുന്നത്.  

സർവവ്യാപിയായ ആധിപത്യം

വംശീയതയെ ആശയവൽക്കരിക്കുന്നിടത്ത് ‘വെളുപ്പ്’ എന്ന പദത്തെ സാമാന്യമായി പ്രയോഗിക്കുന്നതിന് പരിമിതികളുണ്ട്. ‘അധികാരം’ എന്ന പ്രയോഗമാണ് കൂടുതൽ മെച്ചപ്പെട്ടതായി തോന്നുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു ദേശീയതയുടെ വളർച്ചയും കിഴക്കൻ തുർക്കിസ്ഥാനിൽ ഉയ്ഗൂറുകൾക്കുമേൽ ഹാനുകൾ നടത്തുന്ന സാംസ്കാരിക വംശഹത്യയുമെല്ലാം ‘വെളുപ്പി’നേക്കാൾ ‘അധികാരം’ എന്ന പ്രയോഗം തിരഞ്ഞെടുക്കുന്നതിന് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഒപ്പം ഒരുപാട് വെള്ളക്കാരായ മുസ്‌ലിംകളും വംശീയവൽക്കരണത്തിന് ഇരയാവുന്നുണ്ട് എന്നതും അധികാരം പ്രവർത്തിക്കുന്ന ഘടനയുടെ പശ്ചാത്തലത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ആയതിനാൽ, അക്രമത്തിന്റെ ഘടനയെ വിശദീകരിക്കാൻ കൂടുതൽ യോജിച്ചതായി അവർക്ക് തോന്നിയ പ്രയോഗം എന്ന നിലയ്ക്കാണ് പലരും വെളുപ്പ് എന്ന് ഉപയോഗിക്കുന്നത്. ആ പ്രയോഗത്തെ അവരെങ്ങനെ വിശദീകരിക്കുന്നു എന്നത് മനസിലാക്കൽ അതുകൊണ്ടുതന്നെ പ്രധാനമാണ്. സാംസ്കാരികം എന്നതിനേക്കാൾ രാഷ്ട്രീയപരമായി അധികാരത്തെ എങ്ങനെ ആശയവൽക്കരിക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സംജ്ഞ.

വെള്ളക്കാരുടെ അധീശത്വത്തിന് കീഴിലാണ് നാം നടക്കുന്നതും ശ്വസിക്കുന്നതുമെല്ലാം. എന്നിട്ടും വെള്ളക്കാരന്റെ നിഷ്കളങ്കതയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിന്തിക്കാനാണ് നമ്മളോട് കൽപിക്കപ്പെടുന്നത്. നമ്മളിൽ എത്ര പേർ കൊല്ലപ്പെട്ടാലും അതിന്റെയെല്ലാം മുറിവുകളെ അവഗണിച്ചുകൊണ്ടാണ് ഇവിടെ അക്കാദമിക സംവാദങ്ങളും സഹവർത്തിത്വവുമൊക്കെ (collegiality) ഉണ്ടാവുന്നത്.

മറ്റൊന്ന്, വെള്ളക്കാരല്ലാത്തവരുടെ യാതനകളെ ആഖ്യാനിക്കാനുള്ള അധികാരവും അവകാശവും ആർക്കാണുള്ളത് എന്ന ചോദ്യമാണ്. ‘വെളുപ്പിന്റെ’ സർവവ്യാപ്തി കാരണം നമ്മുടെ ആഖ്യാനം പലപ്പോഴും വെള്ളക്കാർ എങ്ങനെ നമ്മളെ മനസിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പറയപ്പെടുന്നത്. നാം നമ്മളെ തന്നെ മനസിലാക്കുന്നത് അവർ നിശ്ചയിച്ച സങ്കൽപങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ്. ആദ്യമായി നാം ചെയ്യേണ്ടത് തലമുറകളായി നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള ഈ സങ്കൽപങ്ങൾക്ക് പുറത്തു കടക്കുക എന്നതാണ്.

ഭാഗം 02

വിവ: ബാസിൽ ഇസ്‌ലാം

By Editor