സ്ത്രീയുടെ പദവി, സുരക്ഷിതത്വം: വനിത ദിന ആലോചനകൾ

സ്ത്രീകളുടെ അസ്തിത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിൻ്റേയും പ്രതീക്ഷയുടേയും ദിനം. കൊറോണ എന്ന ഭീതി ഈ വനിതാ ദിനത്തിലും വിട്ടുമാറിയിട്ടില്ല. അതോടൊപ്പം സ്ത്രീകളും പെൺകുട്ടികളും കൂടുതലായി ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഈ ഒരു അവസരത്തിലാണ് ഒരു വനിതാദിനം കൂടി കടന്നു പോകുന്നത്.

എല്ലാ തരത്തിലുമുള്ള അസമത്വം വർധിപ്പിച്ചുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് മുന്നോട്ടുപോകാൻ ആവൂ എന്നത് ലോക സാഹചര്യങ്ങളെ വെളിപ്പെടുത്തുകയാണ്. സ്ത്രീകൾ ഒരേസമയം ഇരകളാക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ഏത് വിഭാഗത്തിൽ പെട്ടവരാണെങ്കിലും അവഗണനയും അപമാനവും അക്രമവും നേരിടുന്നു നമ്മുടെ രാജ്യത്ത്. ദളിത്, പിന്നോക്ക സമൂഹങ്ങൾക്ക് മേലുള്ള ലൈംഗികാതിക്രമങ്ങൾ വലിയ സംഭവമൊന്നുമല്ല എന്ന സവർണ മേൽക്കോയ്മ രാജ്യ ബോധ്യമായി നിലനിൽക്കുന്നു. ജാതി സ്വാധീനവും അധികാരവും ഉപയോഗിച്ച് ഇത്തരം അതിക്രമങ്ങളെ അട്ടിമറിക്കാനും അവർക്കാകുന്നു. കേന്ദ്ര സർക്കാറുകളും സംസ്ഥാന സർക്കാറുകളും ഈ കാര്യത്തിൽ ഒന്നിനൊന്നു മത്സരിക്കുന്നു. ഹഥ്റസ്,കഠ്വവ, ഉന്നാവ, പാലത്തായി, വാളയാർ എന്നിങ്ങനെ പേരുകൾ മാറിമാറി വരുമ്പോഴും അതിലെ ഇരകൾക്ക് മാറ്റമുണ്ടാകുന്നില്ല. പാർലമെൻറിലും ഭരണനിർവഹണ സമിതിയിലും സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ നീതിന്യായ കോടതികൾ പോലും കൈമലർത്തുമ്പോൾ, ജനാധിപത്യത്തിൽ വിശ്വസിച്ചുകൊണ്ട് ശാന്തമായി സമരം ചെയ്തവർ തീവ്രവാദികളും അക്രമികളുമായി ചിത്രീകരിക്കപ്പെടുമ്പോൾ, മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾ ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്തു അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുമ്പോൾ, സവർണ്ണഫാസിസം പത്തിവിടർത്തി വിഷം ചീറ്റുമ്പോൾ നമ്മൾ ആരിലാണ് പ്രതീക്ഷയർപ്പിക്കേണ്ടത്? ജീവിതത്തിലും മരണത്തിലും നീതി നിഷേധിക്കപ്പെടുന്ന, മക്കൾ നഷ്ടപ്പെടുന്ന അമ്മമാർ ആരോടാണ് യാചിക്കേണ്ടത് ?

സംവരണവും ബില്ലും ആക്റ്റും ആക്ടിവിസ്റ്റുകളും എല്ലാമുണ്ടായിട്ടും വ്യക്തി സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും എന്നും സ്ത്രീക്ക് അപ്രാപ്യമാണ്.രാഷ്ട്രീയ മേഖലകളിലും ഭരണകൂടങ്ങളിലും അവൾക്ക് മതിയായ പ്രാതിനിധിവും ഇല്ല. സർഗാത്മക ചിന്തകളിലൂടെയും കർമ്മങ്ങളിലൂടെ സ്വന്തം ആവിഷ്കാരങ്ങളെ അടയാളപ്പെടുത്താൻ സ്ത്രീകൾ നിരന്തരമായി പരിശ്രമിക്കുമ്പോഴും സ്വന്തം അസ്തിത്വത്തിനു മേലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ അവൾക്ക് സാധിക്കുന്നില്ല.

ഇന്ന് പല സമരങ്ങളുടെയും മുൻനിര പോരാളികൾ ആയി മാറുന്നത് സ്ത്രീകളാണ്. കുട്ടികളും പ്രായമായവരുമായ സ്ത്രീകൾ ഒരുപോലെ സമരത്തെ മുന്നോട്ട് നയിക്കുകയും അത് വിജയത്തിലേക്ക് എത്തിക്കുന്നതും സർവ്വ സാധാരണമായിരിക്കുന്നു. ഇത് ആശാവഹമാണ്. സമൂഹത്തിന്റെ പകുതി വരുന്ന സ്ത്രീ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഉന്നയിക്കുന്നതിന് ഭരണ പങ്കാളിത്തത്തിൽ അവളുടെ സാന്നിധ്യം കൂടിയേ തീരൂ.

ആത്മാഭിമാനമുള്ള, നാനാവിധ അധികാര വ്യവസ്ഥയുടെയും ഉപോൽപ്പന്നം എന്ന നിലയിൽ തഴച്ചുവളരുന്ന മേധാവിത്ത നടപ്പു ശീലങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടമായി സ്ത്രീസമൂഹത്തെ വളർത്തിയെടുക്കാൻ പറ്റുന്ന സാമൂഹിക പദ്ധതികൾ രൂപപ്പെടേണ്ടതുണ്ട്. സ്ത്രീ സുരക്ഷക്ക് ജാഗ്രതാ സമിതികൾക്ക് രൂപം കൊടുക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്യാനുള്ള ഉൾക്കരുത്ത് ഉണ്ടാവണം. സ്ത്രീകളെ അരിക് വൽക്കരിക്കുകയാണ് സ്ത്രീ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പൊതുവേ ചെയ്യുന്നത്. അതിനുപകരം സാമൂഹിക രാഷ്ട്രീയത്തിലേക്ക് അവളെ പിടിച്ചുയർത്തണം. വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക ഉണർവേകുന്ന കർമ്മ പദ്ധതിയിലൂടെ സ്വയം കരുത്തരായ ആത്മാഭിമാനമുള്ള ഒരു സ്ത്രീ കൂട്ടത്തെ വളർത്തിയെടുക്കാൻ ശ്രമിക്കണം.

സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സാമ്പത്തിക ഗാർഹിക രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാതെ പൂർണമായ ഒരു മാറ്റത്തിന് സാധ്യമല്ല. പുരുഷനെ അംഗീകരിക്കാൻ സ്ത്രീയും സ്ത്രീയെ അംഗീകരിക്കാനും ആദരിക്കാനുമുള്ള കഴിവ് പുരുഷനും ഉണ്ടാകേണ്ടതാണ്. അത് സ്വന്തം കുടുംബങ്ങളിൽ നിന്നാണ് ഉണ്ടാകേണ്ടത്. ആൺകുട്ടികളെ സ്വയംപര്യാപ്തതയുടേയും ആത്മവിശ്വാസത്തിൻ്റേയും പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ പെൺകുട്ടികളെ ഒതുങ്ങിക്കൂടലിൻ്റെ രീതിശാസ്ത്രമാണ് നമ്മൾ പഠിപ്പിക്കുന്നത്. ശരിയായ ധാർമിക വിദ്യാഭ്യാസവും ലൈംഗിക വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകണം. സ്വന്തം അഭിപ്രായങ്ങൾ തല ഉയർത്തിപ്പിടിച്ചുകൊണ്ട് ഭയപ്പാടില്ലാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ടാവണം. സമൂഹത്തിൻെറ അർദ്ധാംഗയായ സ്ത്രീയെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റത്തിന് മാത്രമേ പൂർണമായ സാമൂഹ്യമാറ്റം ഉണ്ടാവുകയുള്ളൂ. അതിലൂടെ മാത്രമേ ഒരു നല്ല കുടുംബം ഉണ്ടാവുകയുള്ളൂ.

ജാതി ,മത ,വർഗ്ഗ ,ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യ നീതിയും സമത്വവും ഉറപ്പുവരുത്തുന്ന, മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമരാഷ്ട്രം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.

By സുനില സലീം

പ്രവാസി സാംസ്കാരിക വേദി, വനിത വിഭാഗം പ്രസിഡൻ്റ്. ദമ്മാം