എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? ഭാഗ്യവതി നിലപാട് പറയുന്നു

വാളയാറില്‍ കൊല്ലപ്പെട്ട രണ്ടു ദളിത് പെണ്‍കുട്ടികളുടെ കേസ് നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഇരകളുടെ അമ്മ നീതിക്കു വേണ്ടി സമരം തുടരുകയാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഭാഗ്യവതി എക്‌സ്പാറ്റ് അലൈവിനോട് നിലപാട് വ്യക്തമാക്കുന്നു.

മക്കൾക്ക് നീതി തേടിക്കൊണ്ട് നടത്തുന്ന സമരപോരാട്ടത്തിനിടയിൽ, ധര്‍മടത്ത് മത്സരിക്കാനുള്ള നി ർണായക തീരുമാനത്തിലേക്കെത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കാമോ?

ഈ തീരുമാനമെടുത്തതിന്റെ കാരണം- മുഖ്യമന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും എനിക്ക് നീതി കിട്ടിയില്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്ത് ജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞറിയിക്കാനായിരുന്നു തീരുമാനം. ആ യാത്ര തൃശൂര്‍ എത്തുന്നതിനു മുമ്പായി ധര്‍മ്മടം മണ്ഡലത്തിലൂടെ കടന്നുവരുമ്പോള്‍, അവിടെ ഞാന്‍ കണ്ടുമുട്ടിയ അമ്മമാര്‍ക്കൊരു കത്ത് കൊടുത്തു. സ്ഥാനാര്‍ഥികള്‍ നിങ്ങളോട് വോട്ടു ചോദിച്ചു വരുന്നേരം, വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് ഇതിലൂടെ കടന്നു പോയെന്നും, അവരുടെ നീതിക്ക് വേണ്ടി ആവശ്യപ്പെട്ടുവെന്നും പറയണമെന്ന അപേക്ഷയായിരുന്നു ആ കത്തില്‍. യാത്ര തൃശൂര്‍ എത്തുന്നേരം ധര്‍മ്മടത്തെ ഒരുപാട് അമ്മമാര്‍ എന്നെ ഫോണില്‍ വിളിക്കുകയും, അമ്മയ്ക്ക് പറയാനുള്ളത് പറയാന്‍ ഒരു അവസരം ലഭിച്ചിട്ടില്ല, അവിടെ അതിനൊരു വേദിയൊരുക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് എന്നോട് ചോദിച്ചു. ഞാന്‍ സമരസമിതിയുമായി ആലോചിക്കുകയും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്.

ഞാനിതില്‍ രാഷ്ട്രീയമല്ല കാണുന്നത്, ഇതെന്റെ സമരത്തിന്റെ ഭാഗമാണ്. മുഖത്തോട് മുഖം നോക്കി എനിക്ക് നീതി ചോദിക്കാനൊരു അവസരം കിട്ടി, ഞാനതിനെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വാഹനയാത്ര ചെയ്ത് പറയുന്നതിനെക്കാളും ഒരിടത്ത് നിന്ന് സംസാരിച്ചാല്‍ മതിയല്ലോ എന്ന നിലക്കും കൂടിയാണ് ഞാനിതിനെ സമീപിക്കുന്നത്.

സിബിഐക്ക് അന്വേഷണം കൈമാറിയെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നിരത്തുന്ന ന്യായത്തോട് എങ്ങനെ പ്രതികരിക്കുന്നു.

സിബിഐക്ക് അന്വേഷണം വിട്ടുവെന്ന് പറഞ്ഞു, അതിനെ വിശദീകരിച്ചു കൊണ്ട് അദ്ദേഹമെന്തെങ്കിലും പറഞ്ഞിരുന്നോ? ഇല്ല. അവര്‍ വിശദീകരിക്കാത്തതിനു കാരണം കൂടി ഞാന്‍ പറഞ്ഞുതരാം. എനിക്കു നഷ്ടപ്പെട്ടത് എന്റെ രണ്ടു കണ്ണുകളാണ്. സിബിഐക്ക് കേസ് കൈമാറിയിട്ട്, എന്റെ മൂത്ത കുട്ടിയുടെ കേസ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ട് എന്റെ രണ്ടാമത്തെ കുട്ടിയുടെ മരണം കൂടി അതില്‍ ഉള്‍പ്പെടുത്തിയില്ല? അത് ചതിയല്ലേ? ഞാന്‍ പുനരന്വേഷണത്തിന് വേണ്ടിയാണ് ആവശ്യപ്പെട്ടത്. തുടക്കം മുതല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ കേസന്വേഷിക്കണമെന്നായിരുന്നു എന്റെ ആവശ്യം. അല്ലാതെ തുടരന്വേഷണമല്ല വേണ്ടത്. സിബിഐ തുടരന്വേഷണത്തിനാണ് കേസില്‍ വന്നിരിക്കുന്നത്. അത് ചതിയല്ലേ? ഇത് പത്രസമ്മേളനത്തില്‍ കൃത്യമായി ചോദിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെതല്ലേ? നിങ്ങളെന്തു കൊണ്ടത് ചെയ്തില്ല?

യുഡിഎഫ് തെരഞ്ഞെടുപ്പിൽ പിന്തുണ അറിയിച്ചിട്ടുണ്ടോ?

എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് പറയാനറിയില്ല. എന്നെ സംബന്ധിച്ചെടുത്തോളം എനിക്കു വാക്കു തന്ന മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദിക്കാനുള്ള അവസരമാണ് ഞാനിപ്പോള്‍ മുന്നില്‍ കാണുന്നത്. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും എന്നെ ബാധിക്കുന്ന വിഷയമല്ല. ജയിച്ചാലും തോറ്റാലും സമരം തുടരും. ജയിച്ചാല്‍ നിയമസഭയ്ക്കകത്ത്, തോറ്റാല്‍ പാലക്കാട്ടെ സമരപ്പന്തലില്‍. എനിക്കിങ്ങനെ ജനങ്ങള്‍ക്കിടയിലിറങ്ങാനും ചോദ്യം ചെയ്യാനുമുള്ള ധൈര്യം കിട്ടി, അങ്ങനെയല്ലാത്ത എത്രയോ അമ്മമാര്‍ വീട്ടിനുള്ളിലിരുന്ന് കരഞ്ഞു തീര്‍ക്കുന്നുണ്ട്, പല ഭീഷണി നിമിത്തം തുറന്നു പറയാത്തവരുണ്ട്. എന്റെയീ സമരം അവര്‍ക്കുംകൂടി വേണ്ടിയാണ്. കൊല്ലത്ത് വാഴയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടികളെ, അവരെ തൂക്കിയതാണെന്ന് ജനമറിഞ്ഞത് അങ്ങിനെ തുറന്നു ചോദിച്ചതും, പുറത്തറിഞ്ഞതും കൊണ്ടല്ലേ?

നീതി യാത്രയ്ക്ക് ലഭിച്ച പിന്തുണയെക്കുറിച്ച്..

കാസര്‍ഗോഡു നിന്നും തുടങ്ങി, വളരെ ഹൃദ്യമായ പിന്തുണ അമ്മമാരില്‍ നിന്നും അച്ചന്‍മാരില്‍ നിന്നും കൂടപ്പിറപ്പുകളില്‍ നിന്നും ലഭിച്ചു. ഒരുപാടു പേര്‍ വന്നു, പിന്തണച്ചു. നേതാക്കന്മാര്‍ വന്നുവെന്ന് ഞാന്‍ പറയില്ല, പക്ഷേ പ്രവര്‍ത്തകരായ ഒട്ടേറെ പേര്‍ വന്നു. എനിക്കു നൂറു ശതമാനം പിന്തുണ നല്‍കിയതും കൂടെ നിന്നതും ഇവിടുത്തെ അമ്മമാരാണ്.

By Editor