കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്ലിം വിരുദ്ധ ഇടയലേഖനങ്ങളും

വാഷിങ്ടണ്‍ ഡിസിയിലെ കാപിറ്റോള്‍ മന്ദിരത്തെ കയ്യടക്കിക്കൊണ്ട് ട്രംപ് അനുകൂലികള്‍ തീര്‍ത്ത പ്രക്ഷോഭത്തിനിടയിലൊരു ഇന്ത്യന്‍ ദേശീയ പതാക ഇടംപിടിച്ചത് ചർച്ചയായിരുന്നു. വിന്‍സണ്‍ പാലത്തിങ്കലെന്ന മലയാളിയായ ക്രിസ്ത്യാനിയായിരുന്നു ആ ധ്വജവാഹകനെന്നത് കൂടുതല്‍ അമ്പരിപ്പിച്ചു.

വാസ്തവത്തില്‍, വിന്‍സന്‍ പാലത്തിങ്കല്‍ എന്ന വ്യക്തി ക്രൈസ്തവ- വംശീയ- ദേശീയതയുടെ വക്താക്കളായ അനേകം മലയാളി ക്രൈസ്തവരില്‍ ഒരാള്‍ മാത്രമാണ്. വെള്ള വംശീയതയുടെ മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന് അടിവേരായ ട്രംപിയന്‍ രാഷ്ട്രീയത്തോട് ഈ ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആഭിമുഖ്യമെന്താണെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയിലെ കേരളീയ സമൂഹത്തില്‍ ഇവരുടെ സാമൂഹിക പരിസരത്തു നിന്നും തന്നെ കണ്ടെത്താവുന്നതാണ്.

സുറിയാനി ക്രിസ്ത്യാനികളും കേരളത്തിലെ ജാതി ശ്രേണിയും

ക്രൈസ്തവരെന്ന പൊതുവായ പദത്തിനപ്പുറം, പാലത്തിങ്കലിനെപ്പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന സൂക്ഷ്മമായ പിരിവുകളുള്ള സമുദായമാണ് – സുറിയാനി ക്രിസ്ത്യാനികള്‍. തങ്ങളുടെ വേരുകള്‍ യേശുവിന്റെ ശിഷ്യനായി എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ മതപരിവര്‍ത്തന ദൗത്യവുമായെത്തിയ വിശുദ്ധ തോമാശ്ലീഹായില്‍ ചെല്ലുന്നതാണെന്ന് കരുതുന്ന പരമ്പരാഗതമായി ഉന്നത ശ്രേണി കയ്യാളുന്ന സമുദായമാണ് അവര്‍. തോമയാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ബ്രാഹ്മണരാണ് തങ്ങളെന്നതാണ് അവരെക്കുറിച്ചുള്ള ഏറ്റവും പ്രചാരത്തിലുള്ള മിത്ത്.
എന്റെ ലേഖനത്തിന്റെ ഉദ്യേശമല്ലെങ്കില്‍ കൂടിയും, ഇത്തരം അവകാശ വാദങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്, മറ്റു ‘കീഴ്ജാതി’ ക്രിസ്ത്യാനികളെക്കാള്‍ പദവിയില്‍ ഉന്നതരാണ് തങ്ങളെന്ന് സ്ഥാപിക്കുകയായിരുന്നു ഇതിന്റെയൊക്കെ ഉദ്ദേശ്യം.

കൊളോണിയല്‍ കാലത്തിനു മുമ്പേ സുറിയാനി ക്രിസ്ത്യാനികള്‍ കേരളത്തിലെ സവര്‍ണ സമുദായങ്ങളുമായി ഏറെ യോജിച്ച് കഴിഞ്ഞിരുന്നവരാണെന്ന് കേംബ്രിഡ്ജ് ചരിത്രകാരി സൂസന്‍ ബെയ്‌ലി തന്റെ ‘സെയ്ന്റ്, ഗോഡസസ് ആന്റ് കിങ്‌സ്’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയലിസ്റ്റുകളുടെ ഇടപെടല്‍ കേരളത്തിന്റെ സാമൂഹിക ഘടനയെ തകിടം മറിക്കുകയും, സുറിയാനി ക്രിസ്ത്യാനികള്‍ ആയോധന നിപുണരും കച്ചവടക്കാരുമെന്ന സ്ഥിതിയില്‍ നിന്നും തങ്ങളുടെ പരമ്പരാഗത പ്രിവിലേജുകള്‍ക്ക് കോട്ടം തട്ടാതെ തന്നെ ഭൂവുടമകളായും കര്‍ഷകരായും മാറി. സംസ്ഥാനത്തെ പുരയിടങ്ങളും ഭൂസ്വത്തും കൈവശമുള്ള ഏറ്റവും വലിയ സമുദായമായിരുന്നു അവരെന്ന് ‘ദി സിറിയന്‍ ക്രിസ്ത്യന്‍സ്: ഡെമോഗ്രഫിക് ആന്റ് സോഷ്യോ എകണോമിക് ട്രാന്‍സിഷന്‍ ഇന്‍ ദി 20th സെജ്വറി’ എന്ന പുസ്തകത്തില്‍ കെ. സി സകറിയ പറയുന്നു. താരതമ്യേന സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മേല്‍ക്കൈ നേടിയവരും കൂടിയായിരുന്നു അവര്‍. എല്ലാ സാമൂഹിക- സാമ്പത്തിക അളവുകോലിലും, “കേരളത്തില്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഏറെ മുന്നോക്കം നില്‍ക്കുന്ന സമുദായമായിരുന്നു” എന്ന് ‘സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് സ്റ്റഡീസിലെ കേരള മൈഗ്രേഷന്‍ സ്റ്റഡി’ (1998) ഉപസംഹരിച്ചു കൊണ്ട് സകറിയ പറയുന്നുണ്ട്.

സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ച് പറയുമ്പോള്‍ ജാതി സമ്പ്രദായത്തെ അതില്‍ ഉള്‍ച്ചേര്‍ക്കുന്നത് മൂര്‍ച്ചയേറിയ വിശകലനങ്ങള്‍ക്ക് വഴി തുറന്നേക്കും. എന്നിരുന്നാലും സാമൂഹ്യവിഭജനത്തിന് വേണ്ടി ഇന്നും ഉപയോഗിക്കുന്ന രീതി എന്ന നിലയില്‍ മറ്റു പദാവലികള്‍ തേടുന്നതിനെക്കാൾ ജാതി എന്നു തന്നെ ഉപയോഗിക്കലാണ് എന്റെ ലേഖനത്തിനുചിതമെന്നും കരുതുന്നു.

ഉദാഹരണത്തിന്, പാരമ്പര്യ സാമൂഹിക- സാമ്പത്തിക മൂലധനം സംരക്ഷിക്കുന്നതിനായി സ്വസമുദായത്തില്‍ നിന്നുമുള്ള വിവാഹത്തെ കര്‍ക്കശമായി പാലിക്കുന്നവരാണ് സുറിയാനി ക്രിസ്ത്യാനികള്‍. കാത്തലിക് ചര്‍ച്ചുമായി ബന്ധപ്പെട്ടു കിടക്കുന്ന സുറിയാനി സമുദായങ്ങളില്‍ ഇത് പ്രകടമായി കാണാം, ദളിത്- മത്സ്യ തൊഴിലാളി കീഴാള ലത്തീന്‍ കത്തോലിക്കരുമായി അവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയില്ല.

ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം, ന്യൂനപക്ഷാവകാശങ്ങള്‍

കേരളീയ സമൂഹത്തിലെ ഏറ്റവും പ്രിവിലേജുള്ള സമുദായമായിരുന്നിട്ടു കൂടി, കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളോട് വിവേചനപൂര്‍വ്വം പെരുമാറുന്നുവെന്ന് പറഞ്ഞുകൊണ്ട് സീറോ മലബാര്‍ സഭ (സിറിയന്‍ ക്രിസ്ത്യാനികളെ ഏറ്റവും വലിയ വിഭാഗം) ധ്രംഷ്ടകള്‍ കാട്ടി കടന്നുവന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ വിഭവ വിതരണത്തിന് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ തഴഞ്ഞ് മുസ്‌ലിംകള്‍ക്ക് പ്രയോജനം ചെയ്യുന്നുവെന്നതായിരുന്നു പ്രധാന പരാതി. ദുര്‍ബലരും ഭൂരിപക്ഷ അധികാര ഘടനയില്‍ നിന്ന് ഭീഷണി നേരിടുന്നവരുമെന്ന രീതിയില്‍ കാണാതെ, ന്യൂനപക്ഷമെന്നതിനെ സംഖ്യാപരമായി കണ്ടുകൊണ്ടുള്ള കേവലമായ മനസിലാക്കലാണ് ഇതിന്റെയടിസ്ഥാനം. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ തെളിവില്ലയെന്ന് പലയാവര്‍ത്തി പറഞ്ഞ, സിറിയന്‍ ക്രിസ്ത്യന്‍ യുവതികളെ മുസ്‌ലിം യുവാക്കള്‍ ‘തട്ടിയെടുക്കുന്നു’വെന്ന വാദവുമായി ‘ലൗ ജിഹാദ്’ കാമ്പയിനും അതിന്റെ ബാക്കിപത്രമാണ്. (നിലവിലില്ലാത്ത) ‘ലൗ ജിഹാദ്’ കുരുക്കില്‍ പെടാതെ പെണ്‍മക്കളെ കാത്തുകൊള്ളാന്‍ പുരോഹിതരും സഭാ മേലാളരും മാതാപിതാക്കൾക്ക് സ്ഥിരമായി ഉപദേശം നല്‍കിവരുന്നു.

ആശ്ചര്യകരമെന്നു പറയട്ടെ, ഹലാല്‍ ഭക്ഷണം വിളമ്പുന്ന ഭക്ഷ്യശാലകള്‍ ബഹിഷ്‌കരിക്കാനുള്ള വിവിധ സിറിയന്‍ ക്രൈസ്തവ ഗ്രൂപ്പുകളുടെ കാമ്പയിനുകളില്‍ വരെ ഇതെല്ലാം എത്തി നില്‍ക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരാണ് ആദ്യമായി ഹാഗിയ സോഫിയ തകര്‍ത്തതെന്ന സത്യത്തെ സൗകര്യ പൂര്‍വ്വം മറന്നു കൊണ്ട്, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗാന്റെ ഹാഗിയ സോഫിയയെ മസ്ജിദായി മാറ്റിക്കൊണ്ടുള്ള തീരുമാനത്തെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആഗോള മുസ്‌ലിം പദ്ധതിയായി വ്യാഖ്യാനിക്കുന്നു. കൊള്ളക്കാരായ കത്തോലിക്കര്‍ ഹാഗിയ സോഫിയയെ കത്തോലിക്കന്‍ ആരാധാനാലയമാക്കി മാറ്റുന്ന സമയത്ത് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസിന് തന്റെ ജീവനും കൊണ്ട് ഓടേണ്ടി വന്ന ചരിത്രമാണുള്ളത്.

അമേരിക്കയിലെ വിന്‍സണ്‍ പാലത്തിങ്കലിനെ പോലെ, ട്രംപിന്റെ അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി നിലകൊള്ളുകയും പ്രാര്‍ഥിക്കുകയും പിന്തുണയറിയിച്ചു കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്ത സമുദായ ഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്.

എല്ലാത്തിലുമുപരി, മുസ്‌ലിംകള്‍ക്കെതിരായ ഗൂഢാലോചന സിദ്ധാന്തവുമായി നിറഞ്ഞു നില്‍ക്കുകയാണ് സിറിയന്‍ ക്രൈസ്തവരുടെ സാമൂഹ്യ മാധ്യമങ്ങളും ഫാമിലി വാട്ട്ആപ് ഗ്രൂപ്പുകളും. ഒട്ടുമിക്ക വര്‍ഗീയ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന നോബിള്‍ പാറക്കലിനെ പോലുള്ള കത്തോലിക്കാ പുരോഹിതര്‍ തന്നെയാണെന്നതാണ് വസ്തുത. ഈ ഗൂഢാലോചന സിദ്ധാന്തങ്ങളും ഇരവാദവുമെല്ലാം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ വിദൂരമായ ആധികാരികത നേടിയെന്നു മാത്രം പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇത്തരം യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ജാഗരൂകരാണ്. പലവിധത്തില്‍ സമുദായം രാഷ്ട്രീയ ബദലായും കഴിവുറ്റ കൂട്ടാളികളായും ബിജെപിയെ പരസ്യമായി തന്നെ ഉയര്‍ത്തിപ്പിടിക്കാനും തുടങ്ങിയിട്ടുണ്ട്. 47 ശതമാനത്തോളം ന്യൂനപക്ഷ ജനസംഖ്യയുള്ള കേരളത്തില്‍ കാലുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപി അവസരം മുതലെടുത്ത് സിറിയന്‍ ക്രിസ്ത്യാനികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. സിറിയന്‍ കത്തോലിക്കനായ പി സി തോമസ് എംപിയാണ് 2004 ല്‍ ആദ്യമായും അവസാനമായും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന സത്യവും നിലനില്‍ക്കുന്നു.

ക്രിസ്ത്യാനികളില്‍ സിറിയന്‍ ക്രിസ്ത്യാനികളുടെ സ്വാധീനം

എല്ലാ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെക്കാളും വളരെ പ്രകടവും അനന്യസാധാരണവുമായി ഇസ്ലാം വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നത് സിറിയന്‍ കത്തോലിക്ക ചര്‍ച്ചാവുന്നത് എന്തുകൊണ്ടാണ്? അത്തരമൊരു പ്രതിഭാസത്തിലൂടെ വ്യക്തമാവുന്ന സമുദായത്തിന്റെ അരക്ഷിതാവസ്ഥകളെന്തെല്ലാമാണ്? ഏറ്റവും പ്രധാനമായി, ഹിന്ദു ഭൂരിപക്ഷ വര്‍ഗീയത രാജ്യമൊട്ടാകെ വ്യാപിക്കുന്ന വേളയില്‍ ഹൈന്ദവ ദേശവാദികള്‍ക്കെതിരെ തിരിയുന്നതിനു പകരം മറ്റൊരു ന്യൂനപക്ഷ സമുദായത്തെ കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉന്നം വെക്കുന്നതെന്തു കൊണ്ടാണ്? മുസ്‌ലിംകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ വിദ്വേഷാഗ്നിയുടെ അബോധ തലങ്ങളും അടിസ്ഥാന കാരണങ്ങളും വെളിയില്‍ കൊണ്ടുവരാന്‍ തക്കതായ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

മുസ്‌ലിംകളോടുള്ള ശത്രുത പുതിയ കാര്യമല്ലെന്നു മാത്രമല്ല മുന്‍കാല തിരുവിതാംകൂര്‍ പ്രവിശ്യയിലാകെ വളരെ സ്വകാര്യവും ജനകീയവുമായ വികാരം കൂടിയായിരുന്നു അത്. പക്ഷേ പെട്ടെന്ന് ഇത്ര തീക്ഷണതയോടെ ഇതിപ്പോള്‍ പൊതുവിടത്തിലേക്ക് രംഗപ്രവേശം ചെയ്തതിന്റെ കാരണങ്ങള്‍ തേടേണ്ടതുണ്ട്.
‘ലവ് ജിഹാദ്’, ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി മാറ്റുക, ഹലാല്‍ ഭക്ഷ്യ വിവാദം, ഭീകരവാദം തുടങ്ങിയവ മുസ്‌ലിംകളോടുള്ള പ്രാദേശിക വൈരാഗ്യത്തെ ആഗോള വ്യവഹാരത്തിലേക്ക് എത്തിക്കുന്നതിന് ഉപകരണമായി ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. മുസ്‌ലിം വിരുദ്ധ സാമൂഹിക ഭാവനയ്ക്ക് അത് മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഈ വിദ്വേഷത്തെ ‘കോമണ്‍ സെൻസ്’ പോലുള്ള ജനകീയമായ പദങ്ങളിലേക്ക് മാറ്റിപ്പണിതു കൊണ്ട് സൃഷ്ടിക്കുന്ന ആഖ്യാനങ്ങള്‍ അവയ്ക്ക് കൂടുതല്‍ സാധാരണത്വവും സാധുതയും പ്രദാനം ചെയ്യും.

ക്രിസ്തു മതത്തിന്റെ ‘സമ്പൂര്‍ണത

ഈ പ്രതിഭാസത്തിന്റെ അവസാനത്തേതും പ്രധാനപ്പെട്ടതുമായ ഒരു വശം, ഈ ആഖ്യാനത്തിന് നേതൃത്വം നല്‍കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ എങ്ങനെയാണ് അവരുടെ വാചാടോപത്തില്‍ ‘ക്രിസ്തുമതം’ മുഴുവനായും സമാഹരിക്കുന്നത് എന്നതാണ്. ഇത് പരസ്പരവിരുദ്ധമാണ്. സുറിയാനികൾ എല്ലായ്പ്പോഴും മറ്റെല്ലാ ക്രിസ്ത്യാനികളില്‍ നിന്നും സ്വയം വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുന്നതെങ്ങനെയെന്ന് കണക്കിലെടുക്കുമ്പോള്‍ ഇത് വിമര്‍ശനാത്മക വായന ആവശ്യപ്പെടുന്നു. ജാതി പാരമ്പര്യത്തിന്റെ പരിപാലനത്തിന് സജീവമായി സഹായിക്കുന്ന ഒരു ക്രിസ്ത്യാനിറ്റി-ജാതി അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് അവരുടെ അസാധാരണത്വവും സവര്‍ണ മനോഭാവവും നയിക്കുന്നത്.

ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ സെന്റ് തോമസിന്റെ മതപരിവര്‍ത്തന ദൗത്യവുമായി ബന്ധപ്പെട്ട അവരുടെ ഉത്ഭവ കഥകള്‍ പോലും, ‘താഴ്ന്ന’ ജാതി വിശ്വാസികളില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു, അവരെ അടുത്തകാലങ്ങളിലായി മതത്തിലേക്ക് വന്നവരെന്ന് സൂചിപ്പിക്കാനായി ‘മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍’ എന്ന് വിളിക്കുന്നു. സിറിയന്‍ കത്തോലിക്കര്‍ പുരോഹിതരുടെ പൂര്‍ണ അംഗീകാരത്തോടെയും പ്രോത്സാഹനത്തോടെയും ലത്തീന്‍ കത്തോലിക്കരെ വിവാഹം കഴിക്കാന്‍ പോലും വിസമ്മതിക്കുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഈ ജാതിവ്യത്യാസത്തിന്റെയും വിവേചനത്തിന്റെയും വ്യാപ്തി വ്യക്തമാണ്.

പച്ചയ്ക്ക് ജാതിവാദികളായി ദൃശ്യപ്പെടാതിരിക്കാന്‍ വേണ്ടി, ഏകശിലാ പാരമ്പര്യവും പരമ്പരാഗതമായ കുടുംബ ‘സാംസ്‌കാരിക വ്യത്യാസങ്ങളും’ പോലുള്ള മിഥ്യാധാരണകള്‍ ഉദ്ധരിക്കുന്നു. മാത്രമല്ല, ആഗോള മുസ്ലിം ഗൂഢാലോചന എന്ന് വിളിക്കപ്പെടുന്നതിനെതിരെ പോരാടുന്ന ‘ക്രിസ്തുമത’ത്തിന്റെ ഈ സ്വയം പ്രഖ്യാപിത സംരക്ഷകര്‍, ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള കീഴാള ക്രൈസ്തവര്‍ക്കും ദളിതര്‍ക്കും മേല്‍ നടത്തിയ അക്രമങ്ങളുടെ ചരിത്രത്തെ കണ്ടില്ലെന്നു നടിക്കാന്‍ തങ്ങളുടെ ജാതിഅന്ധതയെ ഉപയോഗിക്കുന്നു. അതുപോലെ, മുസ്ലിംകള്‍ക്കെതിരായ വാചാടോപത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന ക്രിസ്തുമതത്തിന്റെ കെട്ടുകഥകള്‍ അവതരിപ്പിക്കുന്നതിനാല്‍, ‘സവര്‍ണ’ സുറിയാനി ക്രിസ്ത്യാനികള്‍ ജാതി ഹിംസ വളര്‍ത്തുന്നത് നാം തുറന്നു കാണിക്കേണ്ടത് അനിവാര്യമാണ്.

Courtesy: The Wire

വിവ: റമീസുദ്ദീൻ വി എം

By ബിപിന്‍ സെബാസ്റ്റ്യന്‍

PhD student at Northwestern University, Evanston, Illinois