സ്ലാപ് ഓൺ ഇസ്ലാമോഫോബിക് പു.ക.സ

ഇടതുപക്ഷത്തിൻ്റെ ‘പുരോഗമന കലാ സാഹിത്യ സംഘം’ എന്ന സംഘടനയുടെ, മുസ്ലിം വിരുദ്ധമായ ഉള്ളടക്കവുമായി പുറത്തിറങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടേറെ വിമർശനങ്ങൾക്കിരയായി. സവർണ പ്രീണനം വ്യക്തമാവുന്ന മറ്റൊരു വീഡിയോയും പരക്കെ വിമർശിക്കപ്പെട്ടതിനെത്തുടർന്ന് നീക്കം ചെയ്തു. ‘തീണ്ടാപ്പാടകലെ’ എന്ന ജാതി വിവേചനത്തെ ന്യായീകരിക്കുന്ന ഒരു ഹ്രസ്വചിത്രവും ഈ സംഘടന മാസങ്ങൾക്കു മുമ്പ് പുറത്തിറക്കുകയും വിമർശനങ്ങളെത്തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. അവസാനമിറങ്ങിയ വീഡിയോകൾക്കെതിരെ ഫേസ്ബുക്കിൽ വന്ന ചില പ്രതികരണങ്ങൾ.

ഷമീമ സക്കീർ

പു.ക.സ ഖാക്കളേ, സവർണവും വൈദികവുമായ ‘പുരോഗമന’ത്തിന്റെ അരികുപിടിച്ചാണ് നിങ്ങൾ വളർന്നതെന്ന് അറിയാഞ്ഞിട്ടല്ല, നാള് കൊറേയായില്ലെ നിങ്ങള് കാച്ചിതട്ടമിട്ട് ദുനിയാവിലെവിടേം കേൾക്കാത്ത ഭാഷയിൽ സംസാരിക്കുന്ന മുസ്‌ലിം പെണ്ണിനെ ‘സിൽമെയിലെടുക്കാൻ’ തുടങ്ങിയിട്ട്. നിങ്ങൾടെ ആശയ ദാരിദ്ര്യം കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ട് പറയാണ് എന്ന് തന്നെ വിചാരിച്ചോളൂ, മാറു മറയ്ക്കുന്നത് അഹങ്കാരത്തിന്റെ വേഷംകെട്ടലായും സ്വന്തം മതമണ്ഡലത്തില്‍ നിന്നുള്ള വ്യതിയാനമായും കണ്ട് സ്ത്രീവിരുദ്ധ കാഴ്ചപ്പാട് അത്രമേല്‍ പ്രാക്ടീസ് ചെയ്ത് ജന്മിത്വത്തിന്റെ സവര്‍ണ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഉടുക്കലുകളില്ലാത്ത ലോകത്തുനിന്ന് തോളത്ത് തുണി അഴിച്ചിട്ടും മറ്റൊരു മുണ്ടു പുതച്ചും കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ അറ്റങ്ങള്‍ കക്ഷത്തിലിറുക്കിപ്പിടിച്ചും ഒക്കെയുള്ള വിചിത്രങ്ങളായ പലതരം മാറുമറയ്ക്കല്‍ രീതികളിലൂടെയാണ് കേരളീയ സ്ത്രീസമൂഹം കടന്ന് വന്നിട്ടുള്ളത്. ആ കാലത്താണ് മുസ്‌ലിം സ്ത്രീ ഉടുക്കുന്ന കാലത്തിന് അപവാദമായി കാച്ചിയും തട്ടവുമണിഞ്ഞ് ജീവിതം അന്തസുറ്റതാക്കിയിരുന്നത്.

പിന്നീട് കാലാനുസൃതമായി സാരിയിലേക്കും ചുരിദാറിലേക്കും പര്‍ദയിലേക്കും ഒരുപോലെ സഞ്ചരിച്ചും തന്റെ ജൈവികമായ സ്‌ത്രൈണതയെ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. പിന്നെ നിങ്ങൾ ഈ വീഡിയോയിൽ ഉപയോഗപ്പെടുത്തിയ ഭാഷ കേരളത്തിൽ ഏതു ജില്ലയിലെ മുസ്‌ലിംകൾ സംസാരിക്കുന്നതാണ് എന്നത് കൂടെ പറഞ്ഞ് തരാമോ? വലിയ ‘പുരോഗമന ‘ കലാ സാഹിത്യ സംഘങ്ങളാകുമ്പോൾ ഭാഷാ പണ്ഡിതരും കാണുമല്ലൊ കൂട്ടത്തിൽ. അറബി മലയാളത്തില്‍ എഴുതാനും വായിക്കാനും കഴിയുന്ന മുസ്‌ലിം സ്ത്രീകള്‍ എമ്പാടുമുണ്ടായിരുന്ന സമുദായത്തിൽ അവര്‍ മതാധ്യയനം, മതാധ്യാപനം വരെ പരിശീലിച്ചും പാരമ്പര്യ വിദ്യാഭ്യാസം നേടിയും പഠിപ്പിക്കുകയും വായിക്കുകയും പാടുകയും ചെയ്യുന്ന ഒരു മുസ്‌ലിം സ്ത്രീ ചരിത്രം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മുസ്‌ലിം പുരുഷനെപ്പോലെ സ്ത്രീക്കും നല്‍കിയ അതിരുകളും പരിധികളുമെല്ലാം പാലിച്ചുകൊണ്ടുതന്നെ തന്റെ ഇടത്തെ അവള്‍ സാര്‍ഥകമാക്കിയിട്ടുണ്ട്. അടിമ – ഭക്ത സഖാക്കൾ പടച്ചുവിട്ട പാട്ടും മൂളി നടക്കേണ്ട ഗതികേടൊന്നും ഇന്നേവരെ കേരളത്തിലെ മുസ്‌ലിം പെണ്ണിന് വന്നിട്ടില്ല പു.ക.’സംഘ’മേ…ഓള് സ്വന്തായി നല്ല ഉശിരുള്ള ബെയ്ത്തുകളും പാട്ടുകളും എഴുതിയിരുന്നവളാണ്. താൻ പാടുന്ന പാട്ടിനെ ആയുധമാക്കിയവളാണ്.അതോണ്ട് പറയാണ്. മേലാൽ ഇമ്മാതിരി നാടകങ്ങളുമായി ഈ വഴിക്ക് വന്നാൽ

“പാട്ടുകൊണ്ട് ചൂട്ടുകെട്ടിമോത്തുകുത്തും ഞാന്‍”

തമന്ന സുൽത്താന

സ്വന്തം മകന്റെ മയ്യത്ത് കാണേണ്ടയെന്ന ഒരു ഉമ്മയുടെ വാക്ക് ‘ദേശസ്നേഹത്തിന്റെ’ പ്രതീകമായി ഉയർത്തിക്കാട്ടുകയും, അവരെക്കൊണ്ട് അത് പറയിച്ച സാമൂഹിക ഘടനയെ വീണ്ടും വീണ്ടും സംരക്ഷിക്കുകയുമാണ് ഇവിടത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നോളം മുസ്‌ലിം സമൂഹത്തിലെ ഉമ്മമാരും ഭാര്യമാരും മക്കളും ഭരണകൂട ഭീകരതയെ തുറന്നുകാട്ടിക്കൊണ്ട്, ഫേക്ക് എൻകൗണ്ടറുകളെ ചോദ്യം ചെയ്തുകൊണ്ട് നടത്തിയ പോരാട്ടങ്ങളൊന്നും ഇക്കൂട്ടർക്ക് കാണാൻ കഴിയുന്നില്ല. ഒടുവിൽ “യു. പി കേരളത്തിൽ അല്ല” എന്ന ഇരട്ടച്ചങ്കന്റെ ഇരട്ടത്താപ്പിനെതിരെ റൈഹാന കാപ്പൻ ഉയർത്തിയ ചോദ്യം പോലും അവകാശ ലംഘനങ്ങൾക്കെതിരെ കൃത്യമായി നിലപാടെടുക്കുന്ന മുസ്‌ലിം പെണ്ണിനെ രേഖപ്പെടുത്തുന്നതാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമഞ്ഞുകൊണ്ട് മുസ്‌ലിം സമൂഹത്തെ പ്രാകൃതവൽകരിച്ചും തീവ്രവാദി,ഭീകരവാദി ചാപ്പയടിച്ചും നിങ്ങൾ കാട്ടിക്കൂട്ടുന്നത് തീവ്രവലതുപക്ഷത്തിനുവേണ്ടി നിലം ഉഴുന്നതിന് തുല്യമാണ്. ഒരു പക്ഷെ അതുകൊണ്ട് തന്നെയാവാം ‘തുടർ ഭരണം’ എന്നത് അവരുടെ കൂടി അജണ്ടയാവുന്നത്!

പ്രശാന്ത് കൂളിയൂർ

കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് പുകസ തങ്ങളുടെ ഇടത്പക്ഷ പ്രചരണ വീഡിയോകൾ തിരുത്താൻ തയ്യാറായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വരുത്തിയ തിരുത്തലും അവർ സമൂഹത്തിൽ പടർത്താൻ ശ്രമിക്കുന്ന വർഗ്ഗീയ ആശയങ്ങളെ തുറന്ന് കാണിക്കുന്നതാണ്. പുകസയുടെ രണ്ട് വീഡിയോകളാണ് കൂടുതൽ വിമർശിക്കപ്പെട്ടത്. ഒന്ന്, ബ്രാഹ്മണ വീട്ടിലെ ദാരിദ്യം പറയുന്നതും മറ്റൊന്ന് മുസ്‌ലിംകൾക്കെതിരായ വർഗ്ഗീയത പടർത്തുന്നതും. ഇതിൽ ബ്രാഹ്മണരുടെ ദാരിദ്ര്യം പറയുന്നത് പൂർണ്ണമായും പിൻവലിച്ചു. എന്നാൽ രണ്ടാമത്തേത് ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുന്നു. ബ്രാഹ്മണ ദാരിദ്ര്യം പറയുന്ന വീഡിയോയിൽ സംവരണ വിരുദ്ധമായ യുക്തിയാണ് ഉണ്ടായിരുന്നത്. സാമ്പത്തിക സംവരണത്തിനായുള്ള സിപിഎം നിലപാടാണ് അതിന്റെ അടിസ്ഥാന ഘടകമായി വർത്തിച്ചത്. അതേ സമയം ഒരു സമുദായത്തെയും നേരിട്ടോ പരോക്ഷമായോ ആക്രമിക്കുന്ന ഒന്നും തന്നെ ആ വീഡിയോയിൽ ഇല്ലായിരുന്നു. സംവരണീയ സമുദായങ്ങളിൽ പ്രകോപനം ഉണ്ടാക്കും എന്നതൊഴികെ. ഈ വീഡിയോ പൂർണ്ണമായും നീക്കിയിട്ടുണ്ട്.

രണ്ടാമത്തെ വീഡിയോ മുസ്‌ലിം സമുദായത്തെ നേരിട്ട് പരാമർശിക്കുന്നതാണ്. തുടക്കം മുതൽ ഒടുക്കം വരെ മുസ്‌ലിംകൾക്കെതിരായ സൂചനകൾ കുത്തിനിറച്ചതായിരുന്നു ആ വീഡിയോ. ആശയപരമായി നോക്കിയാലും സൗന്ദര്യ ശാസ്ത്രപരമായി നോക്കിയാലും മുസ്‌ലിം സമുദായത്തിന് എതിരായ ഘടകങ്ങളായിരുന്നു അതിൽ നിറയെ. എന്നാൽ അതിലെ രാജ്യദ്രോഹി പരാമർശം മാത്രം നീക്കം ചെയ്ത് ബാക്കി അതുപോലെ പ്രദർശിപ്പിച്ചിരിക്കുകയാണ് ഈ ഇടത് സംഘം. വസ്ത്രധാരണത്തിലും ഭാഷാ പ്രയോഗത്തിലും കുടുംബ സൂചനകളിലും എല്ലാം മുസ്‌ലിം സമുദായത്തെ പ്രാകൃതവത്ക്കരിക്കുന്ന, ക്രിമിനൽവത്ക്കരിക്കുന്ന പ്രതിലോമ ഘടകങ്ങൾ അപ്പടി നിലനിർത്തി വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് ആ സമുദായത്തോടുള്ള വെല്ലുവിളി തന്നെയാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏതൊക്കെ വിഭാഗങ്ങളുടെ വോട്ടാണ് ലക്ഷ്യമിടുന്നത് എന്നാണ് ഈ പ്രചരണത്തിലൂടെ വ്യക്തമാകുന്നത്. മുസ്‌ലിംകളെ പൈശാചികവത്ക്കരിക്കുമ്പോൾ ആനന്ദം തോന്നുന്നവരുടെയും കടുത്ത ഹിന്ദുത്വരുടെയും വോട്ടുകൾ ഉറപ്പാക്കാനാണ് ഇടത്പക്ഷത്തിന്റെ തീവ്രശ്രമം.

റെനോയിർ പനങ്ങാട്ട്

കേരളത്തിൽ ആർഎസ്എസ് അജണ്ടകളും ഭൂരിപക്ഷ ആധിപത്യത്തിന് അനുകൂലമായ സാഹചര്യങ്ങളും മുസ്‌ലിം വിരുദ്ധതയുമെല്ലാം ഏറ്റവും കൂടുതൽ വളർത്തിയെടുത്തത് ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷം അടക്കമുള്ള ഇടത് പുരോഗമന മതേതര ഇടങ്ങളിലുള്ളവരാണെന്ന് തോന്നാറുണ്ട്. പുകസയുടെ വീഡിയോ ഒക്കെ വളരെ ചെറുത് മാത്രം. പുകസ എന്നത് തന്നെ കാലഹരണപ്പെട്ട ഒരു കാര്യമായതിനാൽ അവരുടെ ഷോർട്ട് ഫിലിം സിഡി – ഡിവിഡി കാലത്തേക്കുള്ള പ്രോഡക്ട് മാത്രമാവുകയും അവ പെട്ടെന്ന് തന്നെ എളുപ്പത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. പുകസക്കാർക്കൊന്നും വലിയ സ്വാധീനം ഇന്ന് ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ ഇടത് സൈബർ അണികളും പ്രാദേശിക അണികളും അനുഭാവികളും മറ്റ് പുരോഗമന മതേതര വാദികളുമെല്ലാം കുറേ കാലങ്ങളായും ഇപ്പോഴും ഇതേ മുസ്‌ലിം വിരുദ്ധ അജണ്ടകൾ കാലത്തിന് അനുസൃതമായ തരത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മോശമായി കരുതുന്ന കാര്യങ്ങളെ മുസ്‌ലിം സമുദായത്തിന്റെ സ്വഭാവമെന്ന് ആരോപിച്ച് മുസ്‌ലിം വിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്ന എത്രയോ ഇടത് ആളുകളെ കണ്ടിട്ടുണ്ട്. സദാചാര വാദികളുള്ള ഒരു ഹിന്ദു കുടുംബത്തിലുള്ളവരോടുള്ള ഒരു കാഷ്വൽ ടാക്കിൽ ഒരു ഇടത് അനുഭാവി പറയുക “മുസ്‌ലിംകൾ എല്ലാം സദാചാരമില്ലാതെ അഴിഞ്ഞാടി നടക്കുന്നവർ ആണെ”ന്നാണെങ്കിൽ സദാചാരത്തെ മോശമായി കാണുന്ന മറ്റൊരു ഇടത്ത് ഒരു പുരോഗമന വാദി പറയുക “മുസ്‌ലിംകൾ എല്ലാം സദാചാരവാദികളാണെ”ന്നായിരിക്കും. ഒപ്പം സമൂഹത്തിൽ എല്ലാ മത, സാമുദായിക വിഭാഗങ്ങൾക്കിടയിലും നില നിൽക്കുന്ന പ്രശ്നങ്ങളെ മുസ്‌ലിം സമുദായത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെന്ന തരത്തിൽ വളച്ചൊടിച്ച് അവതരിപ്പിക്കുകയും ചെയ്യും ഇപ്പറയുന്ന പുരോഗമന ഇടങ്ങളിലുള്ളവർ. തൊഴിലാളി വർഗ രാഷ്ട്രീയവും ഫെമിനിസവും അടക്കമുള്ള പല രാഷ്ട്രീയങ്ങളെയും മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്കായി ഉപയോഗിക്കാനും അവർക്ക് കഴിയുന്നു. ഹിന്ദുയിസത്തെ മതേതരമായി അവതരിപ്പിച്ച് വിമർശനങ്ങളുടെ പരിധിയിൽ നിന്ന് അതിനെ രക്ഷപ്പെടുത്തുകയും സ്വന്തം മുസ്‌ലിം വിരുദ്ധതയെയും ഹിന്ദുത്വ ബോധത്തെയുമെല്ലാം മതേതരത്വമായി അവതരിപ്പിച്ച് പ്രചാരണം നടത്തുകയുമാണ് ഇവിടത്തെ ഇടത് പുരോഗമന മതേതര ഇടങ്ങളിലുള്ളവർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ആർഎസ്എസ് ലൈറ്റ് മുതൽ ആർഎസ്എസ് പ്രോ മാക്സും അൾട്ടിമേറ്റും വരെയുള്ള ആളുകളുടെ ഇടമായാണ് പലപ്പോഴും പല ഇടത് പുരോഗമന ഇടങ്ങളയും തോന്നിയിട്ടുള്ളത്.

ആശറാണി ലക്ഷ്മിക്കുട്ടി

ഒരു മകൻ ഉമ്മയെ തല്ലിയോടിച്ചിട്ട് പിന്നെ തിരിഞ്ഞ് നോക്കുന്നില്ല… അത് നാട്ടുകാർക്കും അറിയാം…അടുത്ത മകൻ രാജ്യദ്രോഹിയായി അന്തരിച്ചു. മലയാളി ഇസ്ലാമോഫോബിയയുടെ തുഞ്ചത്ത് നിന്ന് പു.ക.സ ഉണ്ടാക്കിയ മറ്റേ സാധനം. എന്തൊരു ധെെര്യമാണ് ഇവന്മാർക്ക് ഇതൊക്കെ പബ്ളിക്കായി പ്രദർശിപ്പിക്കാൻ. രണ്ടാമത്തെ സിനിമയിലെ നമ്പൂതിരി അഷ്ടിക്ക് വകയില്ല, പൂജയില്ല. നമ്പൂതിരിടെ ഒരു മോൻ ഹിന്ദുത്വ തീവ്രവാദിയും, മറ്റേവൻ കഞ്ചാവ് അഡിക്ടും എന്നുപറയുന്ന വീഡിയോ ലവന്മാർ ഉണ്ടാക്കുമോ?? പക്ഷെ അതല്ല, സവർണ്ണരൊക്കെ ശുദ്ധാത്മക്കളും സ്വാതികരും. പകരം അഗ്രഹാര പട്ടിണി നല്ല ഐറ്റം ആണ്. എന്നിട്ടും പുരോഗമന കലാസാഹിത്യ സംഘം എന്നാണ് ലവന്മാർക്ക് പേര്. ഡോണ്ട് യൂ സീ ദ ഐറണി. പുകസ ദുരന്തം. ഇതൊക്കെ പിരിച്ച് വിടേണ്ട കാലം കഴിഞ്ഞു.

ഷബ്ന സുമയ്യ

ഷബ്‌ന സുമയ്യ എന്നാണ് എന്റെ പേരെങ്കിലും എന്നെ പാത്തുവെന്നോ ഉമ്മുകുൽസുവെന്നോ വിളിക്കുന്ന ചുറ്റുവട്ടങ്ങൾ നിരന്തരം അനുഭവിക്കുകയുണ്ടായിട്ടുണ്ട്… പേര് വീണ്ടുമാവർത്തിക്കുമ്പോൾ എന്റെ പേര് വിളിക്കാൻ ബുദ്ധിമുട്ടായിട്ടല്ലേ എന്നവർ പരിഭവിക്കും…ആണ്ടിലും കൊല്ലത്തിലും പെരുന്നാളിനോ കല്യാണങ്ങൾക്കോ വീട് താമസങ്ങൾക്കോ മാത്രം നെയ്‌ച്ചോറോ ബിരിയാണിയോ കഴിച്ചിരുന്ന എന്നോട് എടീ ഇന്നെന്താ നിന്റെ വീട്ടിൽ ബിരിയാണിയാണോ… ഇടക്ക് കുറച്ചു ഞങ്ങൾക്കും കൊണ്ട് താ എന്ന് പറയുന്ന കൂട്ടുകാർ ഉണ്ടായിട്ടുണ്ട്… ഞാനപ്പോൾ രാത്രി കഴിച്ചേക്കാവുന്ന ചമ്മന്തിയുടെ പുളി ഞൊട്ടി നുണയും…എന്റെ ചുറ്റുമുള്ള ആണുങ്ങളിലാരും നാല് കെട്ടിയതായി ഞാൻ കണ്ടിട്ടില്ലെങ്കിലും സിനിമ കണ്ടു വന്നിട്ടവർ ഉയർത്തുന്ന വിദ്വേഷ ചർച്ചകൾക്ക് ഞാൻ നിർബന്ധിത മറുപടികൾ പറയേണ്ടി വരും…

വസ്ത്രത്തിലും വർണ്ണങ്ങളിലും വൈവിധ്യമാർന്ന എന്റെ സുഹൃദ് വലയത്തെ അവരായി തന്നെ സ്നേഹിച്ചും ആ നിറങ്ങളെ അത്ര കണ്ടു ആഘോഷിച്ചും ജീവിക്കുമ്പോഴും എന്റെ സ്വപ്നങ്ങളെ ഏറ്റവും മനോഹരമായി പ്രാപിക്കുമ്പോഴും നിനക്ക് ഈ അടിമത്തത്തിൽ തുടരാൻ നാണമില്ലേയെന്നും പണ്ടത്തെ മാപ്പിള വസ്ത്രങ്ങൾ എന്ത് രസമായിരുന്നെന്നും എപ്പോഴാണ് നിങ്ങളീ മൂടിപ്പുതക്കലിൽ തളച്ചിടപ്പെട്ടതെന്നും അവർ വേദനിക്കും. തീവ്രത നിങ്ങളുടെ വിശ്വാസത്തിൽ മാത്രമേ ഉള്ളൂവെന്നു അലറിക്കൊണ്ട് തന്നെ അവർ തെളിയിക്കപ്പെട്ട കേസുകളിലെ കാവി ഭീകരരെപ്പറ്റി മിണ്ടാതിരിക്കും. കാലങ്ങളായി വിചാരണ തടവിൽ ജീവിക്കുകയും ഒരായുസ്സ് മുഴുവൻ ഊറ്റിയെടുത്ത ശേഷം മയ്യിത്തുക്കളെപ്പോലെ വെറുതെ വിട്ടവരുമായ മനുഷ്യരെ ചൂണ്ടി ഞങ്ങളെയാകമാനം തീവ്രവാദികളെന്നു വിളിക്കും. ഏതോ രാജ്യത്തെ കുൽസിത സംഘങ്ങൾ ചെയ്യുന്നതിന് മറുപടി പറയേണ്ടവരായി ഞങ്ങളെ കൂട്ടിലിടും. അവരുടേതും നിങ്ങളുടേതും നമ്മൾക്കറിയാത്തിടങ്ങളിലേതും പോലെ പുഴുക്കുത്തുകൾ ഉള്ള കൂട്ടം തന്നെയാണ് ഞങ്ങളുടേതും. പക്ഷേ നിങ്ങൾ പറയുന്നത് പോലെയല്ല ഞാൻ. നിങ്ങൾ അവതരിപ്പിക്കും പോലെയല്ല ഞാൻ. എന്നെ നിർണ്ണയിക്കുന്നത് ഞാൻ തന്നെയാണ്. നിങ്ങളുടെ വികട സങ്കൽപ്പങ്ങളിൽ കാച്ചിതുണിയും കുപ്പായവും ഇട്ടു എവിടെയും കേൾക്കാത്ത ഭാഷയിൽ ഇമ്പമില്ലാത്ത പാട്ടുകൾ പാടി, കള്ളം പറഞ്ഞു പിടിച്ചു കൊണ്ട് പോയ പ്രിയപ്പെട്ടവരെ തള്ളിപ്പറഞ്ഞു ജീവിക്കുന്ന ഏതോ ‘താത്ത’യല്ല ഞാൻ. പെണ്ണാണ്, കൃത്യമായ പേരുള്ള പെണ്ണ്. ഇമ്പമുള്ള പാട്ടുകൾ പാടിപ്പഠിച്ചവരിൽ ഒരാൾ, അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് പഠിച്ചു വളർന്നവരിൽ ഒരാൾ, ഈ വൃത്തികെട്ട ആക്ഷേപങ്ങളോടും ഒപ്പം സ്വന്തം ചുറ്റുവട്ടങ്ങളിലെ മനുഷ്യത്വമില്ലായ്മകളോടും ഒരേ സമയം പോരാടുന്ന പെണ്ണുങ്ങളിൽ ഒരാൾ, അപമാനിക്കരുത്, ഇത് തുടരരുത്.

ഉമ്മുൽ ഫായിസ

“ശരിയായ” ഒരു മുസ്‌ലിം സ്ത്രീയെ മറച്ചു വെക്കുകയല്ല പുകസയുടെ വീഡിയോ ചെയ്യുന്നത്. അറിവുകേടും അല്ല. മറിച്ച്, വ്യത്യസ്തമായ ഒരു തൃഷ്ണാലോകത്താണ് അവരുള്ളത്. പുകസയുടെ മലയാളി ഇടതുപക്ഷ മെയിൽ ഫെമിനിസ്റ്റ് തൃഷ്ണയുടെ ഭാഗമാണ് “അടിച്ചമർത്തപ്പെട്ട മുസ്‌ലിം സ്ത്രീയുടെ വിമോചനം”. എന്നാൽ അവർക്ക് ആ വിമോചനത്തിൽ യഥാർഥത്തിൽ താൽപര്യമില്ലെന്നിടത്താണ് തൃഷ്ണയുടെ രാഷ്ട്രീയം പ്രവർത്തിക്കുന്നത്. അതിനാലാണ് പുകസയുടെ മുസ്‌ലിം സ്ത്രീ പ്രതിനിധാനം ഇടതുപക്ഷ ഫെമിനിസത്തിന്റെ ഒത്തനടുക്കുതന്നെ നിലനിൽക്കുന്നത്.”വിമോചിപ്പിക്കപ്പെടേണ്ട മുസ്‌ലിം സ്ത്രീ” എന്ന തൃഷ്ണയുടെ അഭാവത്തിൽ ഇടതുപക്ഷ മെയിൽ ഫെമിനിസം തന്നെ അപ്രസക്തമായി പോവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം പ്രതിനിധാനങ്ങൾ പുനരുൽപാദിപിച്ചു കൊണ്ടു മാത്രമെ അവർക്ക് അസ്തിത്വം കണ്ടെത്താൻ കഴിയുകയുളളൂ.

റുക്സാന ഷംസീർ

സിനിമയിലായാലും നാടകത്തിലായാലും “പുരോഗമനക്കാർക്ക് ” കേരളത്തിലെ മുസ്‌ലിം ജീവിതം ആർക്കും തിരിയാത്ത ഭാഷയും പണ്ടുകാലത്ത് മുസ്ലിം സ്ത്രീകൾ ഉപയോഗിച്ചിരുന്ന ഇപ്പോൾ മരുന്നിനുപോലും കാണുവാൻ സാധിക്കാത്ത കാച്ചിത്തട്ടവും ബ്ളൗസും തന്നെയാണ്. കിതാബ് നാടകത്തിന് തിരക്കഥ എഴുതിയപ്പോഴും ഇത് തന്നെ ഗതി. ഊശാൻ താടിയും പളപള മിന്നുന്ന കുപ്പായവും ആർക്കും മനസ്സിലാവാത്ത ഭാഷയും ഒക്കെക്കൂടി സമുദായത്തെ തേച്ചു കുളിപ്പിക്കാൻ പാടുപെട്ടു. ഇപ്പോ വയസ്സുകാലത്ത് ഉമ്മാനെ ചവിട്ടിപ്പുറത്താക്കുന്ന മകനുള്ള താക്കീത് കൂടിയുള്ള പുതിയ കഥ. പുരോഗമന വാദികൾ ആണ്ടുകൾക്കു മുമ്പുള്ള പേന ആണല്ലോ കയ്യിൽ പിടിച്ചിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ സഹതാപം മാത്രം. അവൻ ദേശദ്രോഹി യാണെങ്കിൽ അവൻറെ മയ്യിത്ത് എനിക്ക് കാണേണ്ടതില്ല എന്ന ഒരു ഉമ്മയുടെ നിസ്സഹായാവസ്ഥ നിറഞ്ഞ ചോദ്യം മാത്രമേ അവരിപ്പോഴും കേട്ടിട്ടുള്ളൂ ആ ചോദ്യത്തെ അപ്രസക്തമാക്കുന്ന ,ആ ചോദ്യം ചോദിക്കേണ്ടി വരുന്ന രാഷ്ട്രീയ പരിസരത്തെ ആർജവത്തോടെ തുറന്ന് കാട്ടിയ മുസ്ലിം സ്ത്രീയുടെ ചോദ്യങ്ങൾ അവർ കേൾക്കാറേയില്ല . സൂഫിയ മദനി, സക്കരിയയുടെ ഉമ്മ, സിദ്ദിഖ് കാപ്പൻ്റ ഭാര്യ റൈഹാന അങ്ങനെ പലരിലൂടെയും മൂർച്ചയുള്ള ചോദ്യങ്ങൾ നമുക്കുചുറ്റും ഉയർന്നുവന്നു കൊണ്ടേയിരിക്കുന്നുണ്ട്. പുരോഗമന കാഴ്ചപ്പാടുള്ളവർ എന്നല്ല, “പുറം ലോകത്തെ കാ ണാൻ സാധിക്കാത്തവർ” എന്നിവരെ വിളിക്കേണ്ടിവരും . കാച്ചി തട്ടവും സിന്ദാബാദ് വിളിയും ദേശ സ്നേഹത്തിൻറെ വഴിഞ്ഞൊഴുക്കും തരുന്ന ഓക്കാനം ചില്ലറയല്ല .സ്വയം കോമാളി ആവാം പക്ഷേ മറ്റുള്ളവരെല്ലാം കോമാളികളാണെന്ന് ധരിച്ചു വെക്കരുത്. UAPA ,NIA ടാഡ ,പോട്ടയും ഭരണകൂട ഭീകരതയും അന്യായ തടങ്കലും ഇസ്ലാമോഫോബിയ ചർച്ചകളുമൊക്കെ രാഷ്ട്രീയമണ്ഡലത്തിൽ ചർച്ചയാകുമ്പോഴും കൂടെയുണ്ടായിരുന്നവർക്ക് വേണ്ടി പോലും ചെറുവിരലനക്കാർ സാധിക്കാതിരുന്ന കുട്ടി സഖാക്കൾ വാകമര തണലിൽ സഖിയുടെ പാട്ട് കേട്ട് ഇരിപ്പാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം. ഫാഷിസത്തിൻ്റെ പേനയും പിടിച്ചു നിങ്ങളിങ്ങനെ സ്ക്രിപ്റ്റ് എഴുതിക്കോളൂ. ഞങ്ങളുടെ വഴികളിൽ കോമാളികളായി വരരുത് , കോമാളികളെ കൊണ്ടു വരരുത്. ഫാഷിസ്റ്റ് ഭീകരതക്കെതിരെ ചോദ്യങ്ങളുയർത്തി ഞങ്ങളിങ്ങനെ നെഞ്ചുവിരിച്ച് തലയുയർത്തിപ്പിടിച്ച് നടക്കട്ടെ.

By Editor