മലബാർ സമരങ്ങളെപ്പറ്റിയുള്ള പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇന്ന് ചർച്ചയാകുന്നുണ്ട്. ഈ ആഖ്യാനങ്ങളിൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒന്ന്, “ജന്മിത്വ – ബ്രട്ടീഷ് വിരുദ്ധ മതസൗഹാർദ്ദ കർഷക കലാപം” എന്നാണ്. കലാപം കൊളോണിയൽ വിരുദ്ധവും ജന്മിത്തത്തിനെതിരായ കാർഷിക സായുധ കലാപം എന്നത് സ്വീകാര്യത നേടിയ ഒരു ആഖ്യാനമാണ്. സൗമേന്ദ്ര ടാഗോർ മുതൽ ഇ എം എസ്, കെ.എൻ പണിക്കർ വരെയുള്ളവർ പാരമ്പര്യ മാർക്സിസം മുതൽ ഗ്രാംഷിയൻ നവ മാർക്സിസം വരെയുള്ള വിശകലനങ്ങൾ കൊണ്ടാണ് ഈ വ്യാഖ്യാനങ്ങൾ നിർമ്മിച്ചിട്ടുള്ളത്. കേരളത്തിലെ ലിബറൽ ഇടതുപക്ഷത്തിന് ഇന്ത്യയിലെ സ്വാതന്ത്ര്യ പൂർവ്വകാലഘട്ടങ്ങളിലെ കാർഷിക സമരങ്ങളെ ബ്രട്ടീഷ് – ജന്മി വിരുദ്ധ സമരങ്ങളായി സ്ഥാനപ്പെടുത്തുന്ന രാഷ്ട്രിയം ഈ വ്യഖ്യാനങ്ങളിൽ കാണാവുന്നതാണ്. മലബാർ സമരങ്ങളെ കോളോണിയൽ വിരുദ്ധ -ജന്മി വിരുദ്ധ കാർഷിക സമരങ്ങളുടെ പ്രധാന മുൻ പാഠമായി സ്ഥാനപ്പെടുത്തുന്നതിന് കാർഷിക സമരങ്ങളെ ആധാരമാക്കുന്ന കമ്യുണിസ്റ്റ് വ്യാഖ്യാനങ്ങൾക്ക് അനിവാര്യമാണ്
മറ്റൊന്ന്, ഇന്നത്തെ ഹിന്ദുത്വവാദ പരിവാർ ആഖ്യാനങ്ങളാണ്. കലാപാനന്തരഘട്ടം മുതൽ കലാപത്തിനിരയായ ഹിന്ദുക്കളെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ചു ഉണ്ടായി വന്ന ഹിന്ദു സംരക്ഷണ സംഘങ്ങൾ വടക്കേ ഇന്ത്യയിൽ ലഭ്യമായ കലാപത്തെപ്പറ്റിയുള്ള കൊളോണിയൽ വിവരണങ്ങളെ മാത്രം ആശ്രയിച്ചു ഉണ്ടാക്കി കൊണ്ടുവന്ന വ്യാഖ്യാനങ്ങളാണവ. ഹിന്ദു ശുദ്ധി പ്രസ്ഥാനങ്ങളും ആര്യസമാജവും ഹിന്ദുമഹാസഭയും മറ്റും ‘മുസ്ലിം കലാപകാരികൾ ഹിന്ദുക്കളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു’ എന്ന ബ്രട്ടീഷ് വിവരണങ്ങളെയും മറ്റ് മുസ്‌ലിം വിരുദ്ധ മുൻവിധി കഥകളെയും ആശ്രയിച്ചാണ് പ്രധാനമായും വരേണ്യ ജാതി ഹിന്ദുക്കളുടെ സാമൂഹ്യ പേടിയായി ഇത്തരം വിവരണങ്ങൾ ഉണ്ടായി വന്നത്. മൈസൂർ സുൽത്താന്മാരുടെ കേരളത്തിലേക്കുള്ള അധികാര വ്യാപനത്തെ വിദേശിയായ ടിപ്പുവിൻ്റെ കേരളാധിനിവേശവും മുസ്‌ലിം ആക്രമണങ്ങളുമായി ചിത്രീകരിക്കുന്ന ഒരു രീതി ഇതിനകം തന്നെ ടിപ്പു വിരുദ്ധ ബ്രിട്ടീഷ് ആഖ്യാനങ്ങളെ ആധാരമാക്കി നിർമ്മിക്കപ്പെട്ടിരുന്നു. കൊള്ളയും ക്ഷേത്ര ധ്വംസനവും ഹിന്ദുക്കളെ നിർബന്ധിച്ചു മതപരിവർത്തനവും നടത്തിയതുമായ ക്രൂരതകളാണ് ടിപ്പുവിൻ്റെ മലബാറിലെ ചെയ്തികൾ എന്നതായിരുന്നു ഈ വ്യാഖ്യാനങ്ങളുടെ സ്വഭാവം. ഇത്തരം ആഖ്യാനങ്ങളുടെ തുടർച്ചയിലാണ് ഹിന്ദുത്വ വാദങ്ങൾ മലബാർ കലാപത്തെപ്പറ്റി നിർമ്മിച്ചതും മലബാർ കലാപത്തെ സമകാലികമായി സ്ഥാനപ്പെടുത്തുന്നതും.
ഹിന്ദുവിരുദ്ധ ലഹളയും ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയ പരമ്പരാഗത വിശദീകരങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ച് കൂടി തീവ്രമായി ദേശീയ തലത്തിൽ മലബാർ സമരത്തെ സമകാലികമായി അവതരിപ്പിക്കാനാണ് സംഘപരിവാർ ആഖ്യാനങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദു വംശഹത്യയുടെ വ്യാഖ്യാനങ്ങളായി മലബാർ സമരങ്ങൾ സംഘ്പരിവാർ വാദങ്ങളിൽ മാറുന്നത്.
കേരളത്തിൽ ഖിലാഫത്ത് രാജ്യം സ്ഥാപിക്കാനായി ജിഹാദി മുസ്‌ലിംകൾ നടത്തിയ ഹിന്ദു വംശഹത്യയായിട്ടാണ് മലബാർ കലാപത്തെ സമകാലിക ഹിന്ദുത്വ വ്യാഖ്യാനങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
മലബാറിൽ ഹിന്ദുക്കൾ വംശഹത്യക്കിരയായ ഒരു പീഡിതജനതയാണ് എന്ന് ദേശീയമായി അവതരിപ്പിക്കുന്നതിന് ഇപ്പോൾ നിർമ്മിക്കുന്ന പല തരത്തിലുള്ള വിശദീകരണങ്ങളും പ്രതിനിധാനങ്ങളും ഉപയോഗിക്കുന്നു. സമകാലീന മലപ്പുറം ജില്ല മുസ്‌ലിം ഭൂരിപക്ഷമുള്ള പീഡിത ഹിന്ദുക്കൾ താമസിക്കുന്ന ഒരു പ്രദേശമായി സ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ ഭൂപടം ദേശീയമായി നിലനിർത്തുന്നു എന്നത് ഇതിൻ്റെ ഭാഗമാണ്. പൗരത്വ ഭേദഗതിയിലൂടെ ലക്ഷ്യം വയ്ച്ച പുന്തള്ളൽ രാഷ്ട്രിയത്തിൻ്റെ ലക്ഷ്യം തന്നെയാണ് വംശഹത്യക്കിരയായ ഹിന്ദു നിർമ്മിതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ ചിത്രം ദേശീയമായി സംഘപരിവാർ നിർമ്മിക്കുന്ന രാഷ്ട്രീയ ഭാഷ്യമാണ്. ജിഹാദിരാഷ്ട്രം നിർമ്മിക്കാൻ മത തീവ്രവാദികളായ മുസ്‌ലിംകൾ നടത്തിയ ഹിന്ദു വംശഹത്യ എന്നതാണത്. സംഘപരിവാറിൻ്റെ സമകാലീന ദേശിയ വ്യാഖ്യാനം ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്കാവശ്യമായ മുസ്‌ലിം അപരത്വ നിർമ്മിതിയുടെ ഭാഗമാണ്.
വരേണ്യകോൺഗ്രസ് (പഴയ ചാലപ്പുറം മേനോൻ കോൺഗ്രസ് )
ആഖ്യാനമാണ് മറ്റൊന്ന്. ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ മുസ്‌ലിം പോരാളികളുടെ പ്രതിരോധവും രക്തസാക്ഷിത്വവും കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വഴി തെറ്റിയ ഒരു അപഭ്രംശ ദുരന്ത സംഭവമായിട്ടാണ് ഈ വ്യാഖ്യാനം സ്ഥാനപ്പെടുത്തുന്നത്. എന്നാൽ ജന്മിത്വ വിരുദ്ധതയും ബ്രിട്ടീഷ് വിരുദ്ധതയും ഈ ദേശിയ ആഖ്യാനം പൂർണ്ണമായി വകവച്ചു കൊടുക്കുന്നില്ല. ഒരർത്ഥത്തിൽ ഈ വരേണ്യദേശീയ കോൺഗ്രസ് നിലപാടിൻ്റെ തുടർച്ചയിൽ കൂടിയാണ് മലബാർ സമരങ്ങളെ മതപരിവർത്തന ലഹളകളായി കാണുന്ന ഹിന്ദുത്വ നിലപാടുകൾ വികസിച്ചുവന്നത്.
മറ്റൊന്ന്, മലബാറിലെ വിവിധങ്ങളായ വരേണ്യ മുസ്‌ലിം സംഘടനകളും മറ്റും ഉയർത്തുന്നതും ആഘോഷിക്കുന്നതുമായ മലബാർ കലാപത്തിൻ്റെ നൂറ്റാണ്ടു ചരിത്രമാണ്. മധ്യകാലം മുതൽ പാശ്ചാത്യാധിനിവേശങ്ങൾക്കെതിരെ പോരാടിയ ഒരു ചരിത്ര പാരമ്പര്യത്തിൽ കേരളത്തിലെ മുസ്‌ലിം സ്വത്വത്തെ നിർമ്മിക്കുന്ന ചരിത്ര വ്യാഖാനങ്ങളിലാണ് ഈ ആഘോഷ ചരിത്രങ്ങൾ നിലനിൽക്കുന്നത്. പാശ്ചാത്യ അധിനിവേശത്തിനെതിരായ മുസ്‌ലിം പ്രതിരോധത്തിൻ്റെ ഐതിഹാസികമായ അവസാനത്തെ പോരാട്ട ഗാഥയായി 1921-നെ ആഘോഷിക്കുന്ന ചരിത്രഭാഷ്യങ്ങൾ വിവിധങ്ങളാണ്. സമകാലികമായി മുസ്‌ലിം ജനത അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടേതു കൂടിയാണ് ഈ ആഘോഷത്ത ആഖ്യാനങ്ങൾ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
മൈസൂർ സുൽത്താൻമാരുടെ കേരള ഇടപെടൽ മുതൽ 1921 ലെ മലബാർ കലാപം വരെയുള്ള ചരിത്ര സംഭവങ്ങളിലെ മുഖ്യ എതിർപക്ഷത്തുണ്ടായിരുന്നത് ബ്രിട്ടീഷുകാരാണ്.

ബ്രിട്ടീഷുകാർ ടിപ്പുവിനെ പറ്റിയും മലബാറിലെ മാപ്പിളമാരെപ്പറ്റിയും നിർമ്മിച്ച ആഖ്യാനങ്ങളും വിവരണങ്ങളും പിന്തുടരുന്നവർ എക്കാലത്തും മലബാറിലെ മുസ്‌ലിംകളെ മുൻനിർത്തി നിർമ്മിച്ച ഇസ്‌ലാംപേടിയെ അഭിമുഖികരിക്കാൻ മലബാറിനെ കേന്ദ്രമാക്കി നിലനിൽക്കുന്ന കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക നേതൃത്വത്തിനും വിവിധ സംഘടനാ നേതൃത്വങ്ങൾക്കും പോർച്ചുഗീസ് കാലഘട്ടം മുതൽ 1921-ലെ മലബാർ സമരം വരെയുള്ള പാശ്ചാത്യാധിനിവേശ വിരുദ്ധവും കൊളോണിയൽ വിരുദ്ധതയും മുസ്‌ലിം സ്വത്വത്തെ നിർമ്മിച്ച പ്രധാന പ്രതിരോധ സംസ്ക്കാരമായി നിലനിർത്തേണ്ടത് ആവശ്യമായി തീരുന്നു. പ്രതിരോധ സംസ്കാരം അസ്തിത്വ കെണിയുടെ ചരിത്ര ഭാരമായി തീർന്ന അവസ്ഥ നിർമ്മിച്ചു എന്നതാണ് മറ്റൊരു പ്രതിസന്ധി.
കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്‌ലിംകൾ
ഏത് തരം മുസ്‌ലിമാണ് ?ഏത് തരം മുസ്‌ലിംകളാണ് സമരത്തിൽ പങ്കെടുത്തത്? കലാപകാരികളുടെ കീഴാളസ്വത്വവും ജാതി അടിമകളുടെ പങ്കാളിത്തവും രാഷ്ട്രീയമായി അടയാളപ്പെടുത്തിയിട്ടുണ്ടോ? ഖിലാഫത്ത് സമര ബോധ്യം എന്തുകൊണ്ടാണ് വാരിയൻ കുന്നൻ താൽകാലികമായിട്ടാണെങ്കിലും ഒരു കേരള രാജ്യം എന്ന ഭാഷ സാംസ്കാരിക ഭൂമി ശാസ്ത സങ്കല്നത്തിലും രാഷ്ട്രീയ ബോധ്യത്തിലും ആവിഷ്ക്കരിച്ചു? മുസ്‌ലിം സ്വത്വത്തെ കീഴാളസ്വത്വവും കലാപത്തിലെ കീഴാള അടിമജാതി വിഷയവും എന്തായിരുന്നു? മലബാർ സമര കാലങ്ങളിൽ എല്ലാ ജാതി വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഹിന്ദു മത സമൂഹം നിലനിന്നിരുന്നുവോ? സമര കാലങ്ങളിലെ ഹിന്ദുക്കൾ ആരായിരുന്നു? ജാതി അടിമകൾ ആ ഹിന്ദുവിൻ്റെ ഭാഗമായിരുന്നോ? കലാപത്തിലെ ജാതി അടിമത്ത പ്രശ്നങ്ങളും മാപ്പിള കീഴാളത്വവും എങ്ങനെ ചരിത്ര പാഠങ്ങളിൽ അദ്യശ്യമായി? മലബാർ “ലഹള “യിൽ “ഹിന്ദു” വിനെ ഇരയാക്കി സവർണ്ണ ജാതിസ്വത്വം മുസ്‌ലിം പേടിയായി വളർന്നു വന്നതെങ്ങനെ? മലബാർ സമരങ്ങളെ ചുറ്റിപ്പറ്റി ഇസ്‌ലാം പേടി എങ്ങനെ വികസിച്ചു വന്നു?, എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നു വരുന്നു.
മാപ്പിളമാരുടെ കീഴാളസ്വത്വത്തെ കർഷിക പ്രക്ഷോഭമായി, വിധ്വംസകമായി, ബ്രിട്ടീഷ് ഭരണ നടപടിക്കും ജന്മിത്വത്തിനും എതിരെ പൊട്ടിത്തെറിക്കുന്ന കലാപബോധമുള്ള ജനതയായി സ്ഥാനപ്പെടുത്തുന്ന സാമ്പ്രദായിക സബാൾട്ടേൺ പഠനങ്ങൾ (Subaltern) മാപ്പിളമാരുടെ കീഴാളത്വത്തിൻ്റെ സാംസ്കാരികവും ജനവംശ (Ethno graphic) തലങ്ങളെയും പരിഗണിച്ചിട്ടില്ല. മാപ്പിളമാരുടെ മിശ്രിതകീഴാളത്വത്തെയും (Multiple Subalternity) അതിൻ്റെ ജനവശംപരമായ സാംസ്കാരികതയെയും അന്വേഷിച്ചിട്ടില്ല. ഏകത്വമായി നിർമ്മിക്കപ്പെട്ട മുസ്‌ലിം മതസ്വത്വമായി ഏകാത്മകമാക്കാനാണ് സമരങ്ങളെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളെല്ലാം ശ്രമിച്ചത്. ഇത് മുസ്‌ലിം വൈജ്ഞാനികതയെയും ബൗദ്ധിക സംസ്കാരത്തെയും മലബാറിൽ മാത്രം ഒതുങ്ങി നിന്ന ഒന്നാക്കി മാറ്റി.
യൂറോപ്യൻ കോളോണിയൽ അധിനിവേശത്തിനെതിരെയും പാശ്ചാത്യ ഭരണ നടപടിക്രമങ്ങളിലൂടെ തദ്ദേശീയ ജനതകളെ കോളനി ജനതകളാക്കുന്ന ഭരണവ്യവസ്ഥയ്ക്കും, അതിൻ്റെ ബൗദ്ധീക അധിനിവേശത്തിനും, അധീശത്വ സംസ്കാരത്തിനും, ഭരണ പ്രക്രിയക്കും എതിരെയും ആഗോള തെക്കൻ (Global South) പ്രദേശങ്ങളിൽ നിന്നും ഉണ്ടായി വന്ന ജ്ഞാനപരവും രാഷ്ടീയവുമായ പ്രതിരോധങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലബാർ സമരങ്ങൾ. ബ്രട്ടീഷ് ഭരണവ്യവസ്ഥയും തദ്ദേശീയ ഭൂപ്രഭുക്കന്മാരും മലബാറിലെ ജനസഞ്ചയങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച രാഷ്ട്രീയവും സാമ്പത്തികവുമായ പരമാധികാരത്തെ നിഷേധിച്ച വൈജ്ഞാനികവും ബൗദ്ധീകവുമായ പ്രതിരോധ സംസ്കാരത്തെ ഭൂഗോള തെക്കൻ രാജ്യങ്ങളിൽ പടർന്ന യൂറോപ്യൻ അധിനിവേശ വിരുദ്ധമായ പ്രതിസംസ്കാരത്തിൻ്റെ ഭാഗമായാണ് സ്ഥാനപ്പെടുത്തേണ്ടത്.