“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും ‘ഉത്തരകാലം’ ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും?

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ സവര്‍ണ സംവരണം നടപ്പിലാക്കിയത്. നിശ്ചയമായും, മുന്നോക്ക സമുദായ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് അത് ചെയ്തത്. കീഴാള വോട്ടുബാങ്ക് തങ്ങള്‍ക്ക് കരുതലായി ഉള്ളതിനാല്‍ മറിച്ചുള്ള മുന്നോക്ക വോട്ടുകള്‍ കൂടുതലായി സമാഹരിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രതീക്ഷിച്ച പോലെ മുന്നാക്ക വോട്ടുകള്‍ കിട്ടിയില്ലെന്നതാണ് വസ്തുത. സത്യത്തില്‍ കേരളത്തിലെ മുന്നാക്ക വോട്ടുകള്‍ മുമ്പേ തന്നെ കോണ്‍ഗ്രസ്- ബിജെപി കക്ഷികള്‍ക്ക് അനുകൂലമായി മാറിയിട്ടുണ്ടായിരുന്നു. അവര്‍ക്കിടയിലുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധത ശക്തമായി തുടരുന്നതിനാല്‍ സവര്‍ണ സംവരണം കൊണ്ടൊന്നും അതിനെ അനുകൂലമാക്കുക എളുപ്പമല്ല.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്; പൗരത്വ ഭേദഗതി നിയമവും കാര്‍ഷിക പരിഷ്‌കരണ ബില്ലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണ്. ഇവ രണ്ടും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേര്‍ വിപരീത ദിശയില്‍ മോദി സര്‍ക്കാരിന്റെ സവര്‍ണ സംവരണ നിയമം നടപ്പാക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്തു. മുന്നാക്കക്കാരെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ശേഖരിക്കാതെയും കോടതി വിധിക്ക് കാത്തുനില്‍ക്കാതെയുമായിരുന്നു തിടുക്കത്തില്‍ ഈ അട്ടിമറി. ഇതിനര്‍ഥം, ഭരണഘടന വിരുദ്ധമായ സംവരണ അട്ടിമറി തന്നെയാണ് നടത്തിയത് എന്നാണ്. ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന വലിയ വിജയത്തെ അവര്‍ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. എങ്കിലും ഭരണത്തുടര്‍ച്ച കിട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഉടലെടുത്തിട്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്‌നങ്ങളും മറ്റും എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം.

സര്‍ക്കാരിനു മേല്‍ വന്ന സ്വര്‍ണക്കടത്തും പിന്‍വാതില്‍ നിയമനങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങളും ജനഹിതത്തിനെ എത്രത്തോളം മാറ്റിമറിക്കും, യുഡിഎഫിന് അത്തരം പ്രചരണങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?

സ്വര്‍ണക്കടത്ത് വിഷയം കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ തിരിച്ചുവിട്ടതാണ്. യഥാര്‍ഥത്തില്‍ പൗരാവകാശ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുസ്‌ലിം സംഘടനകളെ കുടുക്കാന്‍ പഴുത് തേടിയാണ് കേന്ദ്ര ഏജന്‍സികളെത്തിയത്. അവര്‍ക്കത് അസാധ്യമായപ്പോള്‍ ഫെഡറല്‍ വ്യവസ്ഥയെ തുരങ്കം വെച്ചുകൊണ്ട് സംസ്ഥാന ഭരണ നടപടികളില്‍ കൈകടത്തുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ നടത്തി. മാധ്യമങ്ങളോടൊപ്പം പ്രതിപക്ഷവും ഇവ ഏറ്റുവിളിച്ചു. ഇതിന്റെ ഫലമായി പിണറായി വിജയനും ഇടതു സര്‍ക്കാരിനും ഒരു രക്തസാക്ഷി പരിവേഷം കിട്ടുകയും, കീഴാള സമുദായങ്ങളിലും ലിബറല്‍ പൊതുമണ്ഡലങ്ങളിലും ഒരു അനുകമ്പ തരംഗം രൂപപ്പെടുകയും ചെയ്തു. അഴിമതി എന്ന ഒറ്റ വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ വിമര്‍ശനം ഫലം കണ്ടില്ലെന്നു വ്യക്തമാണ്.

ഇതേ സമയം ആഭ്യന്തര വകുപ്പിന്റെ പരാജയവും പിന്‍വാതില്‍ നിയമനങ്ങളും വേണ്ടത്ര കാര്യക്ഷമമായി വിനിയോഗിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. ഇതില്‍ പിന്‍വാതില്‍ നിയമനത്തിന്റെ പ്രശ്‌നങ്ങള്‍ കുറെയൊക്കെ ചര്‍ച്ചകളിലൂടെയും കോടതി ഉത്തരവുകളിലൂടെയും ഒതുക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ പരാജയം മാത്രമല്ല, ആ വകുപ്പ് തന്നെ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് കാതലായ പ്രശ്‌നം. എന്നാല്‍ ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസോ മറ്റിതര കക്ഷികളോ തുനിയുന്നില്ലെന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതിനര്‍ഥം, ഇടതുപക്ഷ മുന്നണി പരാജയപ്പെടുകയോ വലതുപക്ഷ മുന്നണി അധികാരത്തിലേറുകയോ ചെയ്യുകയാണെങ്കിലും, ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം ഹിന്ദുത്വ ശക്തികളില്‍ തന്നെയായിരിക്കും എന്നതാണ് മനസിലാക്കേണ്ടത്.

ഫാഷിസ്റ്റു ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഇരുമുന്നണികളെയും തള്ളിപ്പറഞ്ഞ കൊണ്ടും മുസ്‌ലിം വിദ്വേഷം ആളിക്കത്തിച്ചു കൊണ്ടും പരസ്യമായി രംഗത്തു വന്ന ഒരു പ്രത്യേക സാഹചര്യം മുന്നിലുണ്ട്, ഈ സാഹചര്യം എങ്ങനെയൊക്കെ ക്രിസ്തുമത വിശ്വാസികളെയും കേരളത്തിലെ ബഹുസ്വര അന്തരീക്ഷത്തെയും ബാധിക്കും?

കേരളത്തിലെ ക്രൈസ്തവ സഭകളിലെ വളരെയധികം സവര്‍ണവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം മുമ്പേ തന്നെ മുസ്‌ലിം രാഷ്ട്രീയത്തെ അപരവല്‍ക്കരിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. മതപരമായ വേര്‍തിരിവുകളാണ് കുറെയൊക്കെ ഇതിനു കാരണം. മാത്രമല്ല, മുസ്‌ലിംകളുടെ പുതുരാഷ്ട്രീയ സംഘാടനങ്ങളെ ആഗോള ഭീകരവാദവുമായി ബന്ധപ്പെടുത്തി കാണുന്ന സാമ്രാജ്യത്വ പ്രചാരണവും അവര്‍ കുറെയൊക്കെ സ്വീകരിച്ചിട്ടുണ്ട്. ലൗ ജിഹാദ് പോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ചില ക്രിസ്ത്യന്‍ മതമേധാവികള്‍ മടിക്കാത്തതിന് കാരണം ഈ വലതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ്.

നെഹ്‌റുവിന്റെ കാലം മുതല്‍ കേന്ദ്രത്തിലും കേരളത്തിലെ ഇടത്-വലത് മുന്നണി ഭരണത്തിലും വലിയ ഭരണസ്വാധീനമാണ് ക്രിസ്ത്യന്‍ സഭകള്‍ക്ക് പലതിനും ലഭിച്ചിട്ടുള്ളത്. അവയില്‍ പലതും അനര്‍ഹവുമാണ്. ബിജെപി അധികാരത്തിലേറിയതോടെ ഇത്തരം സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയെന്ന കുതന്ത്രമാണ് പ്രയോഗിക്കുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള ആയിരക്കണക്കിന് എന്‍ജിഒ കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി, സ്റ്റാന്‍ സ്വാമിയെ പോലുള്ള മിഷണറിമാരെ തടവിലാക്കി. ബിലിവേഴ്‌സ് ചര്‍ച്ച് പോലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. ഇതേ സമയം വമ്പിച്ച സ്വത്ത് സമ്പാദിച്ചിട്ടുള്ള അമൃതാന്ദമയി മഠം അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ആദായ നികുതി വകുപ്പ് എത്തിനോക്കുന്നു പോലുമില്ല.

മുന്‍കാലത്ത് ഹിന്ദുത്വ വിമര്‍ശനം നടത്തിയിരുന്ന ആര്‍ച്ച് ബിഷപ്പ് സൂസ പാക്യത്തെ പോലുള്ള ക്രൈസ്തവ മതമേലധികാരികള്‍ ഇപ്പോള്‍ ആര്‍എസ്എസിനെയും ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തുന്നവരായി മാറിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ ക്രൈസ്തവരിലെ കീഴാള ജനസഞ്ചയവുമായി പുതിയ സംവാദ മേഖലകള്‍ തുറക്കുന്നതിനൊപ്പം, തങ്ങളുടെ ഹിന്ദുത്വ വിമര്‍ശനത്തിന് ആഴം വര്‍ദ്ധിപ്പിക്കുകയുമാണ് മുസ്‌ലിം സംഘടനകളും ദലിത്- പിന്നാക്ക പ്രസ്ഥാനങ്ങളും ചെയ്യേണ്ടത് എന്ന് തോന്നുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയെയും ലീഗീനെയുമടക്കം മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തിയിരുന്നല്ലോ? ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം ആയി മാത്രം അത്തരം ആരോപണങ്ങളെ കാണാമോ? ഇസ്‌ലാമോഫോബിക് ആയ ഇടതുപൊതു ധാരയുടെ പ്രതിഫലനമല്ലേ അത്?

തീര്‍ച്ചയായും, കേവലമായ രാഷ്ട്രീയ തന്ത്രം മാത്രമല്ലയിത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അണികളില്‍ ഭൂരിപക്ഷമായ അവര്‍ണ- സവര്‍ണ ഹിന്ദുക്കളെ ഏകീകരിച്ചു നിര്‍ത്താനായി ഇസ്‌ലാമോഫോബിയയെ ബോധപൂര്‍വ്വം തന്നെ ഉപയോഗപ്പെടുത്തുകയാണവര്‍ ചെയ്യുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയെയും, ഇതര മുസ്‌ലിം സംഘടനകളെയും പിശാചുവല്‍ക്കരിച്ചു കൊണ്ടുള്ള പ്രചാരണ നടപടികള്‍, വിശാലമായ അര്‍ഥത്തില്‍ മുസ്‌ലിം സമുദായത്തെയും മതത്തെയും തന്നെയാണ് അന്യവല്‍ക്കരിക്കുകയെന്ന വസ്തുത അറിയാത്തവരല്ല മാര്‍ക്‌സിസ്റ്റുകള്‍. എങ്കിലും സംഘപരിവാറിനെ പ്രതിരോധിക്കുന്നവര്‍ തങ്ങളാണെന്ന രക്ഷക സ്ഥാനം നേടാനും, ഹിന്ദു പൊതുബോധത്തില്‍ മുസ്‌ലിം അപരരോടുള്ള ശത്രുത നിലനിര്‍ത്തുകയുമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. മുസ്‌ലിം സംഘടനകള്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് ഉള്ളതെന്നതും, ലിബറല്‍ സമൂഹം ഇപ്പോഴും മുസ്‌ലിം രാഷ്ട്രീയത്തെ സംശയത്തോടു കൂടിയാണ് കാണുന്നതെന്നതുമാണ് ഇസ്‌ലാമോഫോബിയയെ ഇടതുപക്ഷ ലേബലില്‍ അവതരിപ്പിക്കാന്‍ സഹായകമാകുന്ന ഘടകങ്ങള്‍.

കെകെ കൊച്ചിന്റെ ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം തഴയപ്പെട്ടതിന്റെയും ആര്‍എല്‍വി രാമകൃഷ്ണന് നേരിട്ട അവഹേളനത്തിന്റെയുമെല്ലാം പശ്ചാത്തലത്തില്‍ കീഴാള സാഹിത്യത്തോടും സംസ്‌കാരത്തോടും മുഖ്യധാരാ ഇടതു- ലിബറല്‍ വൃത്തങ്ങള്‍ പുലര്‍ത്തുന്ന അയിത്തത്തെക്കുറിച്ച്..

കെ കെ കൊച്ചിന്റെ ആത്മകഥയുടെ മേലുള്ള അവഗണനയും ആര്‍ എല്‍ വി രാമകൃഷ്ണനോടു ചെയ്ത അവഹേളനവും കേരളത്തിലെ ഇടതു പൊതുബോധം ജാതിമേധാവിത്വത്തിന് വിധേയമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനകളാണ്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വ്യവഹാരം തന്നെ ഉള്ളുപൊള്ളയായ സവര്‍ണ ചിന്താഗതികളാണെന്ന വസ്തുത മറച്ചുവെച്ചിട്ടു കാര്യമില്ല. ഈ വ്യവഹാരം കീഴാളരില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും തങ്ങള്‍ക്കു വിധേയരായ വിനീത ദാസന്‍മാരെയോ ദാസികളെയോ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അതിനു വഴങ്ങാത്തവരെ അവര്‍ തിരസ്‌കരിച്ചോ അവഹേളിച്ചോ ഒഴിവാക്കുകയാണ് സ്വാഭാവികമായിട്ടുള്ളത്.

ദളിത് മുന്നേറ്റങ്ങൾ/പ്രസ്ഥാനങ്ങൾ, അവയുടെ നിലവിലുള്ള മുന്നോട്ടു പോക്കിനെക്കുറിച്ച്, ഭാവിയെക്കുറിച്ച്..
മുസ്‌ലിം – കീഴാള രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച്..
വിശദീകരിക്കാമോ
.

കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങള്‍ വളരെ വളരെ ദുര്‍ബലമാണ്. കല്ലറ സുകുമാരന് ശേഷം ജനസ്വാധീനമുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കുറെയൊക്കെ ജനപിന്തുണയുള്ള ഡി എച്ച് ആര്‍ എം ന് ദലിതരുടെ പുരോഗമന പക്ഷത്തെ ഉള്‍ക്കൊള്ളാനും പറ്റുന്നില്ല. മാത്രമല്ല, ശക്തമായ വിഭാഗീയത മൂലം ആ പ്രസ്ഥാനവും ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിക്കു കാരണം ശക്തരായ സംഘടനകളും സ്ഥാപനങ്ങളും ഉണ്ടാക്കാനും നിലനിര്‍ത്താനും കഴിയുന്നവരായ മധ്യവര്‍ഗം ദലിത് പ്രസ്ഥാനങ്ങളിലേക്ക് വന്നിട്ടില്ലെന്നതാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ചെറിയൊരു മധ്യവര്‍ഗം ദളിതരില്‍ രൂപപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലും ജാതി സംഘടനകളിലും തന്നെയാണ് നിലനില്‍ക്കുന്നത്. അവരെ അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഭൗതിക സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍, ഉള്ള ദലിത് പ്രസ്ഥാനങ്ങള്‍ തന്നെ ചുരുങ്ങിപ്പോവുകയോ, ചിതറിപ്പോവുകയോ ആണ് സംഭവിക്കുന്നത്.

ഈ പറഞ്ഞതിനര്‍ഥം ദലിത് പ്രസ്ഥാനങ്ങള്‍ അപ്രസക്തമാണെന്നല്ല. ഇപ്പോഴും കീഴാള ബഹുജനങ്ങള്‍ക്കിടയില്‍ സാമൂഹിക വിപ്ലവത്തിന്റെ തുടര്‍ച്ചകള്‍ നിലനിര്‍ത്തിയും സാമൂഹിക നീതിയെക്കുറിച്ച ആശയങ്ങള്‍ പ്രചരിപ്പിച്ചും പൊതുമണ്ഡലത്തെത്തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന വൈജ്ഞാനിക വിഷയങ്ങള്‍ ഉന്നയിച്ചും ദലിത് മൂവ്‌മെന്റുകള്‍ സജീവമാകുന്നു.

ഇതേസമയം, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് സ്വന്തം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തനും നിലനിര്‍ത്താനും കഴിയുന്നുണ്ട്. ഭരണകൂട അതിക്രമങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും സാധ്യമായിട്ടുണ്ട്. ഇതിനു സഹായകരമായ കാര്യം മുസ്‌ലിംകളിലെ മധ്യവര്‍ഗത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞതിനാലാണ്.

കേരളത്തില്‍ ഇടുക്കി ജില്ലയിലെ ചില പഞ്ചായത്തുകള്‍ ഒഴികെ ഒരിടത്തും ദലിതര്‍ക്ക് ഗണ്യമായ ഭൂരിപക്ഷമില്ല. മറ്റെല്ലാ സ്ഥലങ്ങളിലും അവരുടെ ജനസംഖ്യ ന്യൂനപക്ഷാവസ്ഥയില്‍ ചിതറിക്കിടക്കുകയാണ്. ഈ അവസ്ഥയില്‍ എവിടെയെങ്കിലും വിപുലമായ ദലിത് സംഘടന പ്രവര്‍ത്തനം നടക്കുകയാണെങ്കില്‍ അതിനെ ദുഷ്പ്രചരണങ്ങളിലൂടെയും കായികമായും തകര്‍ക്കാന്‍ ഇടതു- വലത് ഹിന്ദുത്വ ശക്തികള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നതാണ് അനുഭവം.

ദളിതരുടെ ഈ ന്യൂനപക്ഷ അവസ്ഥ മൂലം അവര്‍ മറ്റു ഹൈന്ദവേതര പ്രസ്ഥാനങ്ങളുമായും മുസ്‌ലിം സംഘടനകളോടും വിവിധ കീഴാള ധാരകളുമായും ഐക്യപ്പെടേണ്ടത് അനിവാര്യമാണ്.

അഭിമുഖം: റമീസുദ്ദീൻ വി എം

By Editor