പൊമ്പിള്ളൈ ഒരുമൈ സമര നേതാവ് ഗോമതിയുമായി നിയമസഭ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍, തോട്ടം മേഖലയിലെ പ്രതിസന്ധികള്‍, വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി നടത്തിയ സംഭാഷണം
2016 ല്‍ പൊമ്പിള്ളൈ ഒരുമൈ സമരം വളരെ ശക്തമായി നടന്ന വര്‍ഷമാണ്. അതില്‍ സര്‍ക്കാര്‍ ഭയക്കുകയും ആവശ്യങ്ങള്‍ നിറവേറ്റാമെന്നും ഉറപ്പു നല്‍കിയല്ലോ, അഞ്ചു വര്‍ഷത്തിനിപ്പുറം അനുഭവമെന്താണ്?
അന്ന് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തോട്ടംതൊഴിലാളികളുടെ സമരം വീണ്ടും ഉയര്‍ന്നു വരുമോ എന്ന പേടി ഉള്ളതുകൊണ്ട് കൂലി കുറച്ചുകുറച്ച് കൂട്ടിത്തന്നിട്ടുണ്ട്. ഈ അഞ്ചു വര്‍ഷത്തില്‍ നാനൂറു രൂപയിലാണ് കൂലിയെത്തിയിട്ടുള്ളൂ. ലയങ്ങളുടെ കാര്യത്തിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു വീട്ടില്‍ അഞ്ചും പത്തും കുടുംബങ്ങളാണ് എന്നെല്ലാം പറഞ്ഞ് ഞങ്ങള്‍ ദുരിതാവസ്ഥ വിശദീകരിച്ചതാണ്, ഒരു മാറ്റവും ഉണ്ടായിട്ടില്ല പക്ഷെ.
പെട്ടിമുടിയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു ഉപരോധമേര്‍പ്പെടുത്താന്‍ ശ്രമിച്ചതും, വാളയാര്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിരാഹാരം കിടന്നതുമാണ് താങ്കളെ അടുത്തകാലത്തായി സമരമുഖത്ത് ശ്രദ്ധിക്കപ്പെട്ട സംഭവങ്ങള്‍. മുഖ്യമന്ത്രി ദുരിതാശ്വാസം പ്രഖ്യാപിച്ചെങ്കിലും, ലയങ്ങളുടെ, തൊഴിലാളികളുടെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനു അത് മതിയാകുന്നതാണോ?
പെട്ടിമുടിയില്‍ ഞങ്ങള്‍ കേസുമായി മുന്നോട്ടു നീങ്ങിയതു കൊണ്ടല്ലേ പെട്ടെന്ന് ഈ എട്ടു പേര്‍ക്ക് വീട് വെച്ചു കൊടുത്തത്.വീടു വെച്ചു കൊടുത്ത ആ സ്ഥലമാകട്ടെ ഇപ്പോഴും ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള, ആന ശല്യമുള്ള സ്ഥലമാണത്. മണ്ണിനടിയില്‍ നിന്നും രക്ഷിച്ചെടുത്ത ഈയാളുകള്‍ ശാരീരീകമായി ഒട്ടേറെ ദീനതകള്‍ അനുഭവിച്ചാണ് അവിടെ കഴിയുന്നത്. അവര്‍ക്ക് നല്ല ചികിത്സ കിട്ടിയിട്ടില്ല. ആ വീട്ടില്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. പെട്ടിമുടി സര്‍ക്കാര്‍ ഇടപെട്ടു, മുഖ്യമന്ത്രിയുടെ വണ്ടി തടയാന്‍ ശ്രമിച്ചു എന്നതു കൊണ്ട് അത് വലിയ വാര്‍ത്തയായി. പക്ഷെ അവിടെ ഭാഷ എന്ന വലിയൊരു വേര്‍തിരിവുണ്ടായി. അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കരുതെന്ന് ലക്ഷ്യമിട്ടാണ് വേഗത്തില്‍ ഇവര്‍ക്ക് വീട് വെച്ചു കൊടുത്തിട്ടുള്ളത്. അഡ്വ. അനൂപ് വി ആര്‍ കോടതിയെ സമീപിക്കുകയും അവര്‍ക്ക് വീടു വെച്ചു കൊടുക്കാന്‍ വിധിക്കുകയും ചെയ്തു. അല്ലെങ്കില്‍ പ്രഖ്യാപിച്ച ആ അഞ്ചു ലക്ഷം കൊടുക്കുകയല്ലാതെ വീട് വെച്ചു കൊടുക്കുമായിരുന്നില്ല. ദുരന്തത്തില്‍ കാലിനു പരിക്കു പറ്റി, കമ്പിയിട്ട ഒരു അമ്മ എന്നെ വിളിക്കുകയും ചികിത്സക്ക് വകയില്ല, നീരുവെച്ച് വളരെ വേദനയാണ് എന്നെന്നെ വിളിച്ചറിയിക്കുകയും, ഞാന്‍ കണ്ണന്‍ ദേവൻ്റെ മാനേജറെ വിളിച്ചു പറയുകയും ചെയ്തതു കൊണ്ട് മാനേജര്‍ അവരെ സന്ദര്‍ശിക്കുകയുണ്ടായി. രാഷ്ട്രീയക്കാര്‍ക്ക് ഈ കമ്പനിക്കാര്‍ ഒരുപാട് പണം കൊടുക്കുന്നുണ്ട്, രാഷ്ട്രീയക്കാര്‍ തിരിച്ചും അവരെ സഹായിക്കുന്നുണ്ട്. ഇവര്‍ പരസ്പരം സഹകരിച്ചു കൊണ്ടാണ് ജീവിച്ചു പോകുന്നത്. ട്രേഡ് യൂണിയനുകളെല്ലാം അതാണ് ചെയ്യുന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ പെട്ടിമുടിയില്‍ വീടു വെച്ചു കൊടുത്തു എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയായതു കൊണ്ടു മാത്രമാണ് അതെങ്കിലും സാധ്യമായത്.

ഞങ്ങളില്‍ പലര്‍ക്കും കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിക്കാന്‍ പേടിയുണ്ട്. കാരണം, ഞങ്ങള്‍ തമിഴരല്ലേ, കേരള സര്‍ക്കാര്‍ പലതും ചെയ്തു തരുന്നുണ്ടല്ലോ എന്ന ബോധമാണത്. എനിക്കങ്ങനെ ഭയപ്പെടേണ്ട കാര്യമില്ല. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവളാണ് ഞാന്‍. രാഷ്ട്രീയക്കാരുടെ പിന്നാലെ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ചു നിന്നാല്‍ ഒരു പ്രശ്‌നവുമില്ല. എതിര്‍ത്തു ആരെങ്കിലും ചോദ്യം ചോദിക്കാന്‍ ചെന്നാല്‍ അവരെ കേസിലുള്‍പ്പെടുത്തുക, ഭീകരവാദിയെന്നും മാവോയിസ്‌റ്റെന്നും പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിലെ അന്യായങ്ങള്‍ കണ്ട് വെറുതെയിരിക്കാന്‍ എനിക്കു കഴിയില്ല. നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കല്‍ എന്റെ കടമയാണ്.
ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ ലൈഫ് പോലുള്ള പദ്ധതികൾ പര്യാപ്തമാണോ? താങ്കളുടെ വ്യക്തിപരവും കുടുംബപരവുമായ അനുഭവം എന്താണ്? മൂന്നാറില്‍ ഒപ്പമുള്ളവരുടെയും കിടപ്പാടത്തിന്റെ അവസ്ഥ എന്താണ്?
പൊമ്പിള്ളൈ ഒരുമൈ സമരം വരുന്നതിനു മുമ്പ് കുറെപ്പേര്‍ക്ക് പത്തു സെന്റ് ഭൂമി കൊടുത്തിരുന്നു. പിന്നെയത് നിര്‍ത്തി വെച്ചു. പിന്നെ ഞങ്ങള്‍ ഭൂസമരം തുടങ്ങുമെന്ന് പറഞ്ഞപ്പോ വീണ്ടും കുറേപ്പേര്‍ക്ക് കൊടുത്തിട്ടുണ്ട്. അതും സ്വന്തമായി ഭൂമിയും വീടുമുള്ള രാഷ്ട്രീയക്കാര്‍ക്കു തന്നെ ‘ലൈഫ്’ ല്‍ വീണ്ടും വീട് കൊടുത്തിരിക്കുന്നു. രണ്ടു മൂന്നും വീടുകള്‍ സ്വന്തമാക്കിയ ആളുകളുണ്ട്. ഇതൊക്കെ ആര് ചോദിക്കും? എന്നെപ്പോലെ വീടില്ലാത്ത ആളുകള്‍ എത്രയോ ഉണ്ട്. സിപിഎം ന് സപ്പോർട്ട് ഉള്ളതു കൊണ്ട് വീട് ലഭിച്ചവർ ഞങ്ങൾക്കിടയിലുണ്ട്. ഞാനും സിപിഎം ന് സപ്പോര്‍ട്ട് ആണെങ്കില്‍ എനിക്കുമവര്‍ വീട് തരും. എങ്ങനെയെങ്കിലും എന്റെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. മുമ്പത്തെ ലിസ്റ്റുകളില്‍ എന്റെ പേരുണ്ടായിരുന്നു. പുതിയ ലിസ്റ്റിലുള്ളവര്‍ എന്റെ പേര് വെട്ടി. എനിക്കവര്‍ എന്തായാലും തരാന്‍ പോകുന്നില്ല.
നൂറു വര്‍ഷത്തിനു മുമ്പ് ആരൊക്കെ ഭൂമിയില്ലാതെ കഷ്ടപ്പെട്ടുവോ, അവര്‍ തന്നെയാണ് ഇന്നും ഭൂമിയില്ലാത്തവര്‍. കോര്‍പ്പറേറ്റു കമ്പനികള്‍ക്ക് ഭൂമി എഴുതിക്കൊടുക്കുകയാണിവിടെ.
സര്‍ക്കാര്‍ ധീരമായി തീരുമാനങ്ങളെടുക്കുന്നില്ല. ശബരിമല വിഷയത്തില്‍ എന്തായിരുന്നു നിലപാട്. ധീരമായ ഒരു നിലപാടുണ്ടോ ഗവണ്‍മെന്റിന്? സ്ത്രീകള്‍ കയറണമെന്നോ, കയറേണ്ടതില്ലയെന്നോ ഒരു കൃത്യവും വ്യക്തവുമായ നിലപാടുണ്ടോ? വനിത മതിലില്‍ പങ്കെടുത്ത സ്ത്രീകളൊക്കെ എവിടെയാ? വാളയാര്‍ അമ്മ തലമുണ്ഡനം ചെയ്ത് സമരമുഖത്താണ്, എത്ര വനിതകള്‍ വന്ന് പിന്തുണ നല്‍കി?
എല്ലാം തന്ത്രമാണിവര്‍ പയറ്റുന്നത്. ഭൂമിക്ക് വേണ്ടി സമരം ചെയ്യാന്‍ തുനിഞ്ഞാല്‍, ഉടനെ നിങ്ങളുടെ പേര് ആ ലിസ്റ്റിലുണ്ട് എന്നെല്ലാം പറഞ്ഞു കൊണ്ട് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കും. എന്നാല്‍ ലിസ്റ്റിലുള്ളത് നടപ്പിലാവുമോ. പ്രതിപക്ഷം എന്താണ് പറയുന്നത്? അദാനിക്കും അംബാനിക്കും കൊടുക്കേണ്ട മണ്ണല്ല, ഞങ്ങളിവിടെ ജനിച്ചു വളര്‍ന്നതാണ്, ഞങ്ങള്‍ക്കവകാശപ്പെട്ട മണ്ണാണ്. അരി കൊടുത്തതും കിറ്റ് കൊടുത്തതും പറഞ്ഞാണ് വോട്ടു ചോദിക്കുന്നത്.
ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പറയുകയുണ്ടായല്ലോ? തീരുമാനത്തിന് എന്താണ് സംഭവിച്ചത്?
മത്സരിച്ചില്ല. പഴയ കേസുകളൊക്കെ പോലീസുകാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. മാത്രമല്ല, ജനങ്ങള്‍ എനിക്കു വോട്ടു ചെയ്യുമെങ്കിലും പ്രചാരണത്തിനും മറ്റും ഞാന്‍ ഒറ്റക്കാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വണ്ടിക്കാര്‍ പോലും വന്നില്ല, വിളിച്ചിട്ട് ഫോണെടുത്തില്ല. ആരും കൂടെ നില്‍ക്കില്ല.

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വാര്‍ത്തയാണ് ഇന്നലെ കേള്‍ക്കുന്നത്.എല്ലാ പാര്‍ട്ടികളും താങ്കളെ ക്ഷണിച്ചിരുന്നുവെന്ന് ഒരു ചാനലില്‍ പറയുന്നതായി കണ്ടു, വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ എത്താനുള്ള കാരണം?
ബിജെപിയില്‍ നിന്നും എഐഎഡിഎംകെയില്‍ നിന്നും ഡിഎംകെയില്‍ നിന്നുമെല്ലാം എനിക്ക് കോടിക്കണക്കിന് രൂപയുടെ ഓഫര്‍ വന്നതാണ്. ഞാന്‍ പോയില്ല. ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരോട് അങ്ങോട്ടു പോയി സംസാരിക്കുകയാണുണ്ടായത്. ഞാന്‍ ഒട്ടേറെ സമരവേദികളില്‍ പങ്കെടുത്തിട്ടുണ്ട്, അവിടെയെല്ലാം ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഈ പാര്‍ട്ടിയുടെ ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കുറേ പൊതുപ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചു. അവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നെ സംബന്ധിച്ചെടുത്തോളം സമരം ചെയ്യലാണ് പ്രധാനം. ഫേസ്ബുക്ക് പോരാളിയല്ല ഞാന്‍. ജനങ്ങളോടൊപ്പം സമരം ചെയ്യാന്‍ എനിക്കൊരു വേദി വേണം, പിന്തുണ വേണം. ആരും തരുന്നില്ല. സ്ത്രീ കൂട്ടായ്മകള്‍ ഉണ്ടല്ലോ ഇവിടെ, അവര്‍ പോലും വിളിക്കുന്നില്ല. അവരുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിളിക്കും, പക്ഷേ ഒരു സ്ത്രീ സംഘടന പോലും അവരുടെ പാര്‍ട്ടിയിലേക്ക് വിളിച്ചില്ല. രമച്ചേച്ചിയൊക്കെ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രശ്‌നങ്ങളൊക്കെയറിയാം. “ഗോമതി എന്തിനാണ് ഒറ്റയ്ക്കു നില്‍ക്കുന്നത്, ഞങ്ങളുടെ ആര്‍എംപിയിലേക്ക് വരൂ” എന്നു പക്ഷേ പറഞ്ഞിട്ടില്ല. അതേ പോലെ, പെണ്‍കൂട്ട് എന്ന സംഘടനയോടും കോഴിക്കോട് പോയി സംസാരിച്ചിട്ടുണ്ട്, അവരും സംഘടനയിലേക്കു വിളിച്ചില്ല.
കാരണം ഗോമതി അവിടെപ്പോയാല്‍ അവര്‍ക്കവിടെ റോളില്ലാതെ വരും എന്നതു കാരണമാണെന്നു ഞാന്‍ മനസിലാക്കുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി എനിക്കോ, ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കോ ഒരു ഓഫറും കൊടുത്തിട്ടില്ല. ഗോമതി എന്ന പേരില്ലാതായിക്കൊണ്ടിരിക്കുന്നു. എനിക്കു എന്റെ ജനങ്ങള്‍ക്കു വേണ്ടി സമരം ചെയ്യണം. പീരുമേട്ടിലും മൂന്നാറിലും വയനാട്ടിലും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും എല്ലാം ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവിടെയൊക്കെ എനിക്ക് പ്രവര്‍ത്തിക്കണം, സമരം ചെയ്യണമെന്ന് ഞാനവരോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കൂടെ നില്‍ക്കാം എന്ന മറുപടിയാണെനിക്ക് ലഭിച്ചത്. മറ്റു പാര്‍ട്ടികള്‍, “അതൊക്കെ നമുക്ക് ചെയ്യാം, പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കൂ, നമുക്ക് തീരുമാനിക്കാം” എന്നെല്ലാം പറയുമ്പോള്‍, “ഗോമതി അക്ക എടുക്കുന്ന തീരുമാനത്തില്‍ കൂടെ വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാകും” എന്ന ഒറ്റ ഉറപ്പാണ് നല്‍കിയത്. അങ്ങനെയൊരു സംഘടനയാണ് എനിക്കു വേണ്ടത്. വീടോ പണമോ ആഗ്രഹിച്ചല്ല ഞാനവിടെ പോകുന്നത്, അങ്ങനെയാണെങ്കില്‍ ഞാന്‍ ബിജെപിയില്‍ പോകുമായിരുന്നു. കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനുമെല്ലാം നേരിട്ടു വന്ന് വിളിച്ചതാണ്. ജനപക്ഷത്തിനു വേണ്ടി പീരുമേട്ടി്ല്‍ മത്സരിക്കാന്‍ പി സി ജോര്‍ജും വന്ന് വിളിച്ചു. പോയില്ലല്ലോ.
ഭൂസമരങ്ങളില്‍ സജീവ സാന്നിധ്യമായ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇരുമുന്നണികളും ആ പാര്‍ട്ടിക്കു നേരെ നടത്തുന്ന അപവാദ പ്രചരണങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം പേടിയുണ്ട്. അവരെക്കാളും മുന്നില്‍ പോകുമോ എന്ന പേടി. എന്റെ വിഷയം തന്നെ നോക്കൂ, എന്നെ മാവോയിസ്‌റ്റെന്നും മറ്റും പറഞ്ഞ് ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെയും കാരണം ഇതു തന്നെയല്ലേ. വര്‍ഗീയപ്പാര്‍ട്ടിയെന്നോ, വായില്‍ തോന്നുന്നത് എന്തു വേണമെങ്കിലും അവര്‍ പറഞ്ഞോട്ടെ, എന്റെ സമരത്തിനൊപ്പം അവര്‍ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഫ്രട്ടേണിറ്റിയിലെ വിദ്യാര്‍ഥികള്‍ എനിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചവരാണ്. പക്ഷെ, പാര്‍ട്ടിയെ കേരളത്തില്‍ അധികം അറിഞ്ഞു തുടങ്ങിയിട്ടില്ല. തോട്ടം മേഖലയിലുള്ളവര്‍ക്കുമറിയില്ല. ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പോയി, മാധ്യമങ്ങള്‍ പക്ഷെ അത് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കാത്തതു പോലെയാണ് തോന്നിയത്. ഫേസ്ബുക്കിലും പോസ്റ്റുകളില്ല.
കേരളത്തില്‍ പ്രതിപക്ഷമെന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. ആളുകള്‍ക്കതറിയാം. ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്ത പോലും പ്രചരിപ്പിക്കാത്തത് ആ പേടി കൊണ്ടാണ്.
സുരേന്ദ്രന്‍ വന്നോ? എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാകാന്‍ പോകുന്നുണ്ടോ? ചര്‍ച്ച നടത്തിയോ എന്നെല്ലാം ചോദിച്ചുകൊണ്ട് മുമ്പ് സ്ഥിരമായി വിളിയായിരുന്നു മീഡിയക്കാര്‍. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മറ്റു ആരോപണങ്ങളെ ഞാന്‍ വിലവെക്കുന്നില്ല.
ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ എത്തരത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വിചാരിക്കുന്നു, ഈ പുതിയ തീരുമാനത്തോട് പൊമ്പിള്ളൈ ഒരുമൈയുടെ താങ്കളുടെ അനുയായികള്‍ കൂടെയുണ്ടാകുമോ?
എന്റെ ഭാവിയെപ്പറ്റി എനിക്കറിയില്ല, എന്റെ ജനങ്ങള്‍ക്കു വേണ്ടി സമരം ചെയ്യണം, അവകാശങ്ങള്‍ നേടിയെടുക്കണം, അതേയുള്ളൂ ലക്ഷ്യം. പൊമ്പിള്ളൈ ഒരുമൈ ഇപ്പോ ഇല്ലല്ലോ. രാജേശ്വരി ചേച്ചിയോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. നീ ആ പാര്‍ട്ടിയില്‍ ചേര്‍ന്നോ, എങ്ങനെയെന്ന് നോക്കിയിട്ട് ഞാനും വരാം എന്നൊക്കെ ചേച്ചി പറഞ്ഞിട്ടുണ്ട്. പിന്നൊരു കാര്യം, പാര്‍ട്ടിയെപ്പറ്റി ആളുകള്‍ അറിയണം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടി കൂടുതല്‍ ഊര്‍ജിതമാക്കണം എന്നതാണ്. മരണം പോലുള്ള ചടങ്ങുകളില്‍ ആ വീട്ടുകാര്‍ വിളിക്കാതെ തന്നെ അവിടെയെത്തണം. ഒന്നുമറിയാത്ത എനിക്ക് ഇത്രയും ധൈര്യത്തോടെ സമരം ചെയ്യാന്‍ കഴിയുന്നില്ലേ, അതിനു കാരണം നമ്മുടെ എതിരാളികളാണ്. അവരാണെന്നെ വളര്‍ത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത് നാടകമാണെന്നു വരെ പറഞ്ഞു പരത്തി, അതെ, നാടകമാണ്, എംഎം മണി പറഞ്ഞ പോലെ ‘മറ്റേ പണി’ ഒന്നുമല്ലല്ലോ ചെയ്തത്. അത്ര വേഗത്തില്‍ ചീറിപ്പായുന്ന വണ്ടിയുടെ മുന്നിലേക്ക് ആ പോലീസുകാരി കൈ പിടിച്ചതു കൊണ്ടു മാത്രമാണ് വീഴാതിരുന്നത്. അന്നുവരെ ഫേസ്ബുക്കില്‍ തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി ഘോര ഘോരം പോസ്റ്റുകളിട്ട മൂന്നാറിലുള്ള കുറേ വിദ്യാര്‍ഥികള്‍, മുഖ്യമന്ത്രിയുടെ വാഹനം ഞാന്‍ തടയാന്‍ ശ്രമിച്ചതിനു ശേഷം ഒരക്ഷരം മിണ്ടീട്ടില്ല. കുറെ പേര്‍ എന്നെ ബ്ലോക്കും ചെയ്തു.
അഭിമുഖം: റമീസുദ്ദീൻ വി എം