‘ഒരു മുസ്‌ലിം യുവാവെന്ന നിലയില്‍ എനിക്കു ചിലത് പറയാനുണ്ട്’;ഷര്‍ജീല്‍ ഉസ്മാനിയുടെ എല്‍ഗര്‍ പരിഷത് പ്രഭാഷണം

മുസ്ലിം ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി എൽഗർ പരിഷത് 2021 കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. യുപി സർക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് ഷർജീലിനെതിരെ ഈ പ്രസംഗത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

“വേദിയിലിരിക്കുന്ന മാന്യവ്യക്തിത്വങ്ങളേ, പ്രിയ സുഹൃത്തുക്കളേ ജ്യേഷ്ഠന്മാരേ, എന്നെ എന്റെ പേരില്‍ നിന്നും പൗരത്വത്തില്‍ നിന്നും എന്റെ നല്ല മുഖങ്ങളില്‍ നിന്നുമെല്ലാം ഒഴിച്ചു നിര്‍ത്തി, എന്നെയൊരു മുസ്‌ലിം യുവാവ് എന്ന നിലയ്ക്ക് കേള്‍ക്കണമെന്ന് നിങ്ങളോടെല്ലാവരോടും ആദ്യമായി അഭ്യര്‍ഥിക്കുകയാണ്.

എന്റെ വേദന പങ്കുവെക്കാനും രോഷം ഇറക്കിവെക്കാനും പോരാട്ട പ്രഖ്യാപനം നടത്താനുമാണ് ഒരു മുസ്‌ലിം യുവാവായ ഞാനിവിടെ വന്നിരിക്കുന്നത്. എല്ലാ ആദരവോടെയും നിങ്ങളെയെല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു, അസ്സലാമു അലൈകു വ റഹ്മതുള്ളാഹി വ ബറകാത്തുഹു (അല്ലാഹുവിന്റെ രക്ഷയും സമാാധാനവും കാരുണ്യവും നിങ്ങളുടെ മേലുണ്ടാകട്ടെ).

ഹര്‍ഷാലി ജി എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം ഞാനൊന്ന് പരിഭ്രമിച്ചു. കാരണം ആദ്യമായാണ് ഒരു അമുസ്‌ലിം സദസിനെ അഭിമുഖീകരിച്ച് സംസാരിക്കേണ്ടി വരുന്നത്. എന്ത് പറയണം, എങ്ങനെ പറയണമെന്ന് എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഞാനിവിടെ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ വിയോജിപ്പോ അനിഷ്ടമോ ഉണ്ടാവുകയാണെങ്കില്‍ ആദ്യമേ ഞാനതിന് മാപ്പു ചോദിച്ചു കൊള്ളട്ടെ, നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം ഇവിടെ പ്രകടിപ്പിക്കണമെന്ന് രണ്ടാമതായി ഞാനാഗ്രഹിക്കുന്നു.

സഹോദരന്‍ പ്രശാന്ത് കണ്ണോജ്യ സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കിനി പറയാന്‍ വാക്കുകളില്ലാതായി. പക്ഷേ നമ്മള്‍ ഒരുമയെക്കുറിച്ചും അടിച്ചമര്‍ത്തലിനെക്കുറിച്ചും മര്‍ദിത സമുദായങ്ങള്‍ ഒന്നിച്ചു നിന്ന് മര്‍ദകര്‍ക്കെതിരെ ആഞ്ഞടിക്കണമെന്ന് പറയുമ്പോഴും, ഇതൊക്ക കഴിഞ്ഞ 30 വര്‍ഷത്തോളമായി പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെയാണ്. പ്രശ്‌നമെന്തെന്നാല്‍ ഒരു ദളിത് നേതാവ് അയാളുടെ വേദിയില്‍ നിന്ന് നമ്മള്‍ മുസ്‌ലിംകള്‍ക്കൊപ്പമാണെന്നു പറയുമ്പോഴും, അല്ലെങ്കില്‍ ഒരു മുസ്‌ലിം നേതാവ് അയാളുടെ വേദിയില്‍ നിന്നുകൊണ്ട് നമ്മള്‍ ദളിതുകള്‍ക്കൊപ്പമാണെന്നു പറയുമ്പോഴും, സത്യത്തില്‍ ഈ പറഞ്ഞ സമുദായങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവര്‍ പരസ്പരം വെറുക്കുകയും ചെയ്തുപോരുന്നു.

എന്നാല്‍ അവരീ ഒത്തുകൂടലില്‍ വന്നിരിക്കും നേരം അവരുടെ സൗഹൃദത്തെക്കുറിച്ചയവിറക്കുകയും മറ്റുള്ളവരുടെ വേദനകള്‍ കാണാനും തുടങ്ങുന്നു. കുറഞ്ഞപക്ഷം ഈ സന്ദേശം നമ്മുടെ വീടുകളിലും അയല്‍പക്കങ്ങളിലുമെത്തിക്കാന്‍ കഴിയണം എന്നതിലപ്പുറം വന്‍ ഐക്യങ്ങളെക്കുറിച്ചും മര്‍ദിതരുടെ ഒത്തൊരുമയെക്കുറിച്ചും വാചാലമാകുന്നത് മിഥ്യാബോധമായാണ് എനിക്കു തോന്നുന്നത്.

പെഷവാകളുടെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഭീമ കൊറേഗാവെന്ന ഉജ്ജ്വല യുദ്ധത്തിന്റെ അനുസ്മരണത്തിലാണ് നമ്മള്‍. ആ യുദ്ധത്തില്‍ തക്ബീര്‍ മുഴക്കി വാളേന്തിക്കൊണ്ട് മുസ്‌ലിംകളും നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ലേ? മര്‍ദകര്‍ക്കെതിരായ സമരത്തില്‍ മുസ്‌ലിംകള്‍ക്ക് ഒപ്പം കൂടാമെങ്കില്‍ എന്തുകൊണ്ട് ഇന്ന് കഴിയില്ല?

രാജ്യമൊന്നാകെ അലയടിച്ച പൗരത്വ സമരത്തെത്തുടര്‍ന്നാണ് ഞാന്‍ തിരിച്ചറിയപ്പെട്ടു തുടങ്ങിയത്. അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാന്‍ എന്നോടാവശ്യപ്പെട്ടിരുന്നു പൗരത്വ നിയമത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് നിങ്ങള്‍ക്കറിവുണ്ടാകുമല്ലോ. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളായ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന നിയമമാണത്. ആ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്നവര്‍ക്കുള്ള പൗരത്വമാണത്രേ. 130 കോടി ജനസംഖ്യയുള്ള ഈ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 25 കോടിയാണ്. ശേഷിക്കുന്ന 105 കോടിപ്പേര്‍ ശ്രീലങ്കയിലെ തമിഴരെയും മുസ്‌ലിംകളെയും കുറിച്ചന്വേഷിച്ചോ? അഫ്ഗാനിസ്ഥാനില്‍ ബുദ്ധമതക്കാരുണ്ട് എന്നാല്‍ മ്യാന്‍മറിലെ വംശഹത്യയെക്കുറിച്ചന്വേഷിച്ചോ? അവര്‍ക്ക് അഭയം വേണ്ടേ?

ആരും അങ്ങനെയൊരു ചോദ്യം ചോദിക്കില്ല. എന്നാല്‍ ഇങ്ങനെ ചോദിക്കാം, എന്തിനാണ് ബംഗ്ലാദേശിലുള്ളവര്‍ക്ക് ഇന്ത്യയില്‍ വന്ന് താമസിക്കേണ്ടയാവശ്യം? നിലവില്‍ അവര്‍ക്ക് ഇന്ത്യയുടെതിനാക്കാളും മികച്ച ജിഡിപി വളര്‍ച്ച നിരക്കും തൊഴിലവസരങ്ങളുെമല്ലാമുണ്ട്. എന്തിനവരിവിടെ വരുന്നു? ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ്. ആര്‍എസ്എസ് സ്ഥാപകന്‍ അയാളുടെ പുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്, ‘മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ല, അവര്‍ക്കിവിടെ ജീവിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. അല്ലെങ്കില്‍ പൗരത്വമില്ല.’

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഞാന്‍ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. നമ്മുടെ ഹൃദയങ്ങളില്‍ വേരൂട്ടപ്പെട്ട വലിയൊരു നുണയുണ്ട്. ‘നാമെല്ലാവരും ഒറ്റ ജനതയാണ്. ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരും ഒരൊറ്റ സമുദായമാണ്’. 1930 കളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഈ നുണ പറഞ്ഞുനടന്നത്. ദാദാസാഹേബ് ഭീം റാവു അംബേദ്കര്‍ അത് നിഷേധിക്കുകയും ‘ദളിതുകള്‍ നിങ്ങളുടെ സമുദായത്തിന്റെ ഭാഗമല്ല’ എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഖാഇദെ അസമും മൗലാനാ ഹസ്‌റത് മൊഹാനിയും മുസ്‌ലിംകളും നിങ്ങളുടെ സമുദായത്തിന്റെ ഭാഗമല്ലയെന്ന് പ്രസ്താവിച്ചു. ഇന്നതൊക്കെ ഒരു ഭാഗത്തു വെച്ച് നമ്മളൊറ്റ ദേശമാണെന്ന ധാരണയിലെത്തി. കാരണം ഇക്കൂട്ടര്‍ ‘ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, സിഖുകാര്‍, ക്രൈസ്തവര്‍ എല്ലാവരും സഹോദരങ്ങള്‍’ എന്ന മുദ്രാവാക്യം മുഴക്കി രംഗത്തു വന്നു. ഇക്കൂട്ടര്‍ എന്തൊരു സത്യസന്ധതയില്ലാത്തവരാണ്. ഒന്നാമത്, ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമല്ലാത്ത ഈ മുദ്രാവാക്യത്തിലുള്‍പ്പെടാത്ത എത്രയോ സമുദായങ്ങളിന്ത്യയിലുണ്ട്. രണ്ടാമത്, മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍, സിഖ് സഹോദരങ്ങളാണെങ്കില്‍ അതില്‍ ഒരു സഹോദരന്‍ മാത്രമെന്താണ് എപ്പോഴും അടിച്ചമര്‍ത്തപ്പെടുകയും മര്‍ദനമേറ്റു വാങ്ങേണ്ടിവരികയും ചെയ്യുന്നത്? ഇതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടാതെ നമ്മളെങ്ങിനെ ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോകും?

ഇന്ത്യ ഒരൊറ്റ ദേശമാണ്, ഒരൊറ്റ സമുദായമാണ് എന്നവര്‍ പറയുന്നു. ദേശത്തെയും സമുദായത്തെയും നിര്‍വചിക്കാനുള്ള ശക്തിയുള്ളവരാരോ അവരാണ് ഈ രാജ്യമെങ്ങനെ മുന്നോട്ടു പോകണമെന്നും ആര്‍ക്ക് അധികാരം വേണമെന്നും ആര്‍ക്ക് അവകാശങ്ങള്‍ വേണമെന്നും തീരുമാനിക്കുന്നത്. ഇതുവരെ ഈ രാജ്യത്തിന്റെ അധീശത്വം അധികാരമുള്ളവര്‍ക്കായിരുന്നു. നമ്മളും ഈ രാജ്യത്തെ മറ്റെല്ലാ മര്‍ദിത സമൂഹങ്ങളും ഒന്നു ചേര്‍ന്ന് ആ അധികാരത്തെ അവരില്‍ നിന്നും തട്ടിയെടുത്ത്, ഈ രാജ്യം അവരുടെതല്ല നമ്മുടെതാണെന്ന് ഓര്‍മിപ്പിക്കണം.

ഭരണഘടനയിലേക്ക് വന്നാല്‍, എന്താണ് ഭരണഘടന? നമ്മളതിനെ ലളിതമായി എങ്ങനെ പറഞ്ഞുകൊടുക്കും.. ഈ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ സമുദായങ്ങള്‍ക്കും സമാധാനത്തോടെയും സമത്വത്തോടെയും നിലകൊള്ളാനുള്ള ഒരു കരാര്‍. നമ്മുടെ ഭരണഘടനയില്‍ ഒപ്പുവെച്ച ഈ കരാര്‍ ഇന്ന് രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യതയിലേക്കു വരുമ്പോള്‍ ഈ കരാറിനെ പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍വരുത്തേണ്ടതുണ്ട്. ഞാനും നിങ്ങളും തുല്യരാണ്, അതിനാല്‍ നമുക്കിടയിലെ കലഹങ്ങളൊരു വശത്ത് മാറ്റിവെച്ചു കൊണ്ട് ഒന്നിച്ചു നിന്ന് ഈ പോരാട്ടത്തില്‍ പങ്കുചേരണം.

ഭരണഘടനയിലെഴുതിവെച്ച നിബന്ധനകളൊന്നും നടപ്പായിട്ടില്ല. ആ കരാറില്‍ സ്ഥിരതയില്ലെങ്കില്‍ കരാറവസാനിക്കും, കരാറവസാനിക്കുന്ന മുറയ്ക്ക് യുദ്ധവുമുണ്ടാകും. മുഴുവന്‍ ഉത്തരവാദിത്തത്തോടെ തന്നെ പറയട്ടെ, നമ്മള്‍ യുദ്ധമുഖത്താണ്.

ജുഡീഷ്യറി,പോലീസ്, നിയമനിര്‍മ്മാണ സഭ, എക്‌സിക്യൂട്ടിവ്, മീഡിയ എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് ഒരു സ്‌റ്റേറ്റിനുള്ളത്. മുനവ്വര്‍ ഫാറൂഖി ഒരു കൊമേഡിയനായിരുന്നു, അദ്ദേഹമൊരു തമാശ പറഞ്ഞുവരികയായിരുന്നു, പക്ഷേ പറഞ്ഞിട്ടില്ല, ഇവിടുത്തെ അന്തരീക്ഷത്തിനു ഭീഷണിയാകും വിധമുള്ള ഒന്നിലേക്ക് പറഞ്ഞുവരികയായിരുന്നു. അദ്ദേഹമിന്ന് ജയിലിലാണ്. ഇന്ത്യ ഒരു മനോഹരമായ രാജ്യമാണ്, പക്ഷേ എനിക്ക് നിങ്ങള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നാണ് ജഡ്ജി പറയുന്നത്.

ബാബരി വിധിയിലേക്കു നോക്കൂ, ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ തുനിയുന്നില്ല, എന്നിരുന്നാലും അതിന്ന് വിശ്വാസയോഗ്യമല്ല എന്നെങ്കിലും ഞാന്‍ പറയേണ്ടിയിരിക്കുന്നു.

തുറന്നു പറഞ്ഞാല്‍ എനിക്ക് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസമില്ല. ഇവിടെ നിങ്ങള്‍ക്കിടയിലിരിക്കുന്ന ചാരന്മാര്‍ കേള്‍ക്കാന്‍ തന്നെ വീണ്ടും പറയുന്നു, ‘എനിക്ക് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസമില്ല’. ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍ വിശ്വാസം ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്, ആ വിശ്വാസത്തിനു കോട്ടം തട്ടിയാല്‍ പൗരന്മാരോട് ക്ഷമ ചോദിച്ച് അത് പരിഹരിക്കേണ്ടതും സര്‍ക്കാരാണ്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇത്തരം തീരുമാനങ്ങള്‍ ആഘോഷിക്കപ്പെടുകയാണ്. എന്റെ നാടായ യുപിയിലെ മുഖ്യമന്ത്രി തുറന്നടിച്ചു പറയുന്നു, ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുമെന്ന്. ഏറ്റുമുട്ടല്‍ കൊലകള്‍ ഒരു ദുര്യോഗമാണ്. ആരെങ്കിലും സ്വരക്ഷക്കായി നിങ്ങളെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ പോലീസിനയാളെ വെടിവെച്ചു കൊല്ലാം, നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് ‘ഞങ്ങള്‍ ഏറ്റുമുട്ടല്‍ കൊല നടത്തും’.

അധികാരം കിട്ടിയതിന് ശേഷം 19 ഏറ്റുമുട്ടല്‍ കൊലകളാണ് നടന്നത്, അതിനിരയാവരാകട്ടെ ദളിതുകളും മുസ്‌ലിംകളും. ഈ പോലീസ്, ഐഎഎസ് ഓഫീസര്‍മാരാണ് പൗരത്വ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതും അവരോട് പാകിസ്ഥാനിലേക്ക് പോകാനാക്രോശിച്ചതും.

ഈ പോലീസിനെ എങ്ങനെ വിശ്വസിക്കുമെന്ന് ആരെങ്കിലും പറഞ്ഞു തരൂ. ‘ഇന്ത്യന്‍ പോലീസില്‍ എനിക്ക് വിശ്വാസമില്ല’. നിയമസഭയിലിരിക്കുന്നവര്‍, നിയമങ്ങള്‍ ചുട്ടെടുക്കുന്നവര്‍, വംശഹത്യാപരമായ ബില്ലുകളുമായി വരുന്നവര്‍, കാര്‍ഷിക ബില്ലുമായി വരുന്നവര്‍ നമുക്കെല്ലാം അവരെക്കുറിച്ച് പൊതുവായ ഒരഭിപ്രായമുണ്ട്, ‘നമ്മള്‍ പാര്‍ലമെന്റിലിരിക്കുന്നവരെ വിശ്വസിക്കുന്നില്ല’. ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ആരെയാണ് അനുസരിക്കുന്നത്, എക്‌സിക്യൂട്ടിവുകളെയും ഞാന്‍ വിശ്വസിക്കുന്നില്ല. മീഡിയയെപ്പറ്റി മിണ്ടാന്‍ തന്നെ ഞാനാഗ്രഹിക്കുന്നില്ല. മൊത്തത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സ്റ്റേറ്റിനെ ഇന്ന് ഞാന്‍ അവിശ്വസിക്കുന്നു. അബദ്ധത്തില്‍ പറയുന്നതല്ല.

ആരെങ്കിലും എന്നോട് വന്ന് ‘നീ സ്‌റ്റേറ്റില്‍ അവിശ്വസിക്കുന്നു, നീ രാജ്യദ്രോഹിയാണ്’ എന്ന് പറയുകയാണെങ്കില്‍, സ്റ്റേറ്റിനെ വിശ്വസിക്കല്‍ എന്റെ ഉത്തരവാദിത്തമല്ല, മറിച്ച് വിശ്വാസമാര്‍ജിക്കല്‍ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് എന്നേ പറയാനുള്ളൂ.

ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, പാകിസ്ഥാന്‍ ഒരു മോശം സ്ഥലമൊന്നുമല്ല. ഇന്ത്യയായാലും പാകിസ്ഥാനായാലും നല്ലത് മോശം എന്നൊന്നില്ല. എന്തുതരം സ്ഥലമാണെന്ന് തീരുമാനിക്കപ്പെടുന്നത് അവിടുത്തെ സമൂഹമാണ്, അവിടെ എത്രത്തോളം സമത്വമുണ്ട് എന്നതുമാണ്. അല്ലാതെ പാകിസ്ഥാന്‍ എന്ന പേരല്ല. ദേശീയതയെന്നാല്‍ സ്വതവേ ഭീതിദമായ ആശയമാണ്. ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്.. എന്നിങ്ങനെ ഏതൊരു രാജ്യം ഈ ലോകത്ത് നിലനില്‍ക്കുന്നുവെന്നതിന്റെ ഒറ്റക്കാരണത്താല്‍ നമ്മള്‍ അതിനു വേണ്ടി ലോങ് ലിവ് മുദ്രാവാക്യം വിളിക്കുന്നു. നിങ്ങളുടെത് ഒരു നല്ല രാജ്യമായിരുന്നെങ്കില്‍ സമത്വമിവിടെ നിലനിന്നേനെ, വിശന്നു കൊണ്ട് വയറൊട്ടി കിടന്നുറങ്ങേണ്ടി വരാതെ ഇരുന്നേനെ, ജയിലുകള്‍ ശൂന്യമായിരുന്നേനെ, നിങ്ങള്‍ക്ക് നീതിയുണ്ടായിരുന്നെങ്കില്‍ എല്ലാവരും അഭിമാനത്തോടെ സംസാരിച്ചേനെ, അത് ഇന്ത്യയോ പാകിസ്ഥാനോ മറ്റേതൊരു രാജ്യവുമായിക്കോട്ടെ. പക്ഷേ ഇവിടെയും അവിടെയുമെല്ലാം സമാന പ്രശ്‌നങ്ങളാണ്. അതിനാല്‍ നിലനില്‍ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ എന്തിനാണ് ഒരു രാജ്യത്തെ വാഴ്ത്തുന്നത്? ഒരു ശത്രുവിനെ വേണമെന്നതാണ് ദേശീയതയുടെ ഏറ്റവും വലിയ പ്രശ്‌നം, അല്ലെങ്കില്‍ നിങ്ങളൊരു ദേശീയവാദിയാവില്ല. ഇന്ത്യയില്‍ നിങ്ങള്‍ക്കൊരു ദേശീയവാദിയാവണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം. ഒന്ന്, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു പറയണം, രണ്ട്, പാകിസ്ഥാന്‍ തുലയട്ടെയെന്നും. എന്നാല്‍ മാത്രമേ നിങ്ങള്‍ നാഷണലിസ്റ്റായി എണ്ണപ്പെടൂ. അതുപോലെത്തന്നെ, പാകിസ്ഥാനിലും ദക്ഷിണാഫ്രിക്കയിലും വ്യത്യസ്ത നിര്‍വചനങ്ങളാണ് രാജ്യസ്‌നേഹിക്കുള്ളത്. വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ ദേശീയതയില്‍ വിശ്വസിക്കുന്നില്ല.

ഞാനിവിടെ എന്തിനാണ് വന്നതെന്ന് ഇനി പറയാം. ഇന്ന് ഇന്ത്യയിലെ ഹിന്ദു സമൂഹം ചീഞ്ഞളിഞ്ഞതാണ്. ഓടുന്ന ട്രയിനില്‍ പതിനാലുകാരനായ ഹാഫിള് ജുനൈദ് 31 തവണ ആള്‍ക്കൂട്ടത്താല്‍ കുത്തേറ്റു, മരിച്ചു.ആരും അവരെ തടയാന്‍ വന്നില്ല. ഈയാളുകള്‍ ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ സമൂഹത്തില്‍ നിന്നാണ് വരുന്നത്. ആരെയെങ്കിലും കൊന്നുകഴിഞ്ഞ് ഈ കൊലപാതകികളും പീഡകരും വീട്ടിലേക്ക് തിരിച്ചുചെന്ന് എന്തു ചെയ്യുന്നുണ്ടാകും എന്നു ഞാന്‍ അമ്പരക്കാറുണ്ട്. തങ്ങളുടെ കൈകള്‍ ഔഷധങ്ങളുപയോഗിച്ച് നന്നായി കഴുകി കുളിക്കുമോ? എന്താണവര്‍ ചെയ്യുക? അവര്‍ തിരികെ വന്ന് നമുക്കിടയിലിരുന്ന് അടുത്ത ദിവസം പുതിയൊരാളെ പിടിക്കുന്നു, കൊല്ലുന്നു, വീണ്ടും സാധാരണ ജീവിതത്തിലേക്ക്..

അവരവരുടെ വീടുകളില്‍ വളരെ സ്‌നേഹപൂര്‍വം അവര്‍ പരിചരിക്കപ്പെടുന്നുണ്ടാകാം. അവരുടെ പിതാക്കളുടെ പാദങ്ങളില്‍ ആദരവോടെ വണങ്ങുന്നുണ്ടാകാം, അമ്പലങ്ങളിൽ പോവുകയും ആരാധനകള്‍ നടത്തുകയും പിന്നെ പുറത്തിറങ്ങി അതേ കുറ്റകൃത്യം ചെയ്യുകയും ചെയ്യുന്നുമുണ്ടാകാം. ഇതെല്ലാം വളരെ സാധാരണമായി മാറിയിരിക്കുന്നു. ആരെങ്കിലും ആള്‍ക്കൂട്ടക്കൊലക്കിരയായാള്‍ ആര്‍ക്കും ഒന്നും സംഭവിക്കില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുസ്‌ലിമിനെ കൊലപ്പെടുത്താന്‍ കാരണം വേണമായിരുന്നു. ഇന്ത്യന്‍ മുജാഹിദീനുമായോ സിമിയുമായോ അയാള്‍ക്ക് ബന്ധം വേണമായിരുന്നു. ഒരു കഥ മെനഞ്ഞുണ്ടാക്കുമായിരുന്നു. ഒരു സ്‌ഫോടനക്കേസില്‍ പിടിച്ചു കഴിഞ്ഞാല്‍ ആണ് ആ മുസ്‌ലിമിനെ പീഡിപ്പിക്കല്‍ നിയമവിധേയമാകുന്നത്. ഇന്ന് സ്ഥിതി മാറി. പിന്നാമ്പുറ കഥകളുടെ ആവശ്യമില്ല. ചിക്കനോ മട്ടനോ ബീഫോ ഏത് ഇറച്ചി തിന്നാലും നിങ്ങളൊരു മുസ്‌ലിമാണെങ്കില്‍ കൊല്ലപ്പെടും. ട്രെയിനില്‍ വെച്ച് സീറ്റ് ചോദിച്ചാല്‍ കൊല്ലപ്പെടും. ഒരു പശുക്കുട്ടി മോഷ്ടിക്കപ്പെടുന്നതിന് പകരമായി ജീവന്‍ കൊടുക്കേണ്ടി വരും. മുസ്‌ലിമിനെ കൊല്ലല്‍ ഇന്ന് ഇന്ത്യയിലൊരു സാധാരണ സംഭവമാണ്. സാധാരണമാക്കപ്പെട്ടു കഴിഞ്ഞു. ആര്‍ക്കെതിരെയാണ് നാം പോരാടുന്നതെന്ന് ഇനിയൊന്ന് ചിന്തിച്ചു നോക്കൂ.

ഒരു വ്യക്തിക്കോ, മതത്തിനോ, രാഷ്ട്രീയപ്പാര്‍ട്ടിക്കോ എതിരെയല്ല പോരാട്ടം. നമ്മുടെ പോരാട്ടം വെറുപ്പിനെതിരെയാണ്. മുസ്‌ലിമാണെങ്കില്‍ കൊല്ലപ്പെടണമെന്നു പറയുന്ന വെറുപ്പിനെതിരെ, മുസ്‌ലിമാണെങ്കില്‍ വാടകയ്ക്ക് കിടപ്പാടം തരില്ലെന്ന് പറയുന്ന വെറുപ്പിനെതിരെ. അവസരം വരുമ്പോള്‍ അടിച്ചമര്‍ത്തുന്ന വെറുപ്പിനെതിരെ. നിങ്ങള്‍ ആള്‍ക്കൂട്ടത്തിലൊരുവനെ കൊന്നിട്ടില്ലായിരിക്കാം, പക്ഷേ മുസ്‌ലിം പേരുകാരനെന്ന കാരണത്താല്‍ വാടകയ്ക്ക് വീട് നിഷേധിച്ചാല്‍ നിങ്ങളും ഇതിനുത്തരവാദിയാണ്. ഈ വെറുപ്പ് കൊണ്ടാണ് ഗവണ്‍മെന്റ് ശക്തിയാര്‍ജിക്കുന്നതും ഇത്തരം നിയമങ്ങള്‍ പടക്കുന്നതും. ഈ വെറുപ്പിനൊരു അന്ത്യം നമ്മള്‍ കാണേണ്ടിയിരിക്കുന്നു.ഈ വെറുപ്പിനെ തുടച്ചു നീക്കേണ്ടത് നമ്മുടെ ജോലിയാണ്, മുസ്‌ലിംകളുടെ പണിയല്ല, ഈ വെറുപ്പ് പരത്തുന്നവരുടെ പണിയാണ്. ‘ഈ വിദ്വേഷത്തില്‍ നിന്നും ഞങ്ങള്‍ക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല’. വെറുക്കുന്നവനാരോ അവന്‍ സ്വന്തത്തെ അതില്‍ നിന്നും മോചിപ്പിക്കണം. നിങ്ങളെന്താണ് ചെയ്യുന്നതെന്നും, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും പറയാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ, ഞങ്ങളത് പറഞ്ഞു കൊണ്ടേയിരിക്കും.

രണ്ടാമതൊരു പ്രശ്‌നം, മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഇവിടെ മുസ്‌ലിമിന്റെ ഒരു ചിത്രമാണ് അവതരിപ്പിക്കുന്നത്. ഈ രാജ്യത്ത് ജീവിക്കാനാഗ്രഹിക്കാത്ത തീവ്രവാദിയായ മുസ്‌ലിമാണെങ്കില്‍ അവനെ കൊല്ലൂ. അടുത്തത്, ഹിന്ദു സമൂഹത്തിലെ നല്ലവരെന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍, അവരുടെ കണ്ണില്‍ മുസ്‌ലിംകള്‍ ദരിദ്രരും പീഡിതരുമാണ്. അതിനാല്‍ ഈ രാജ്യത്തെ മുസ്ലിംകള്‍ ഒന്നുകില്‍ മോശക്കാരോ അല്ലെങ്കില്‍ നിസ്സഹായരോ ആയിരിക്കുമെന്ന്. അതല്ലാതെ മറ്റൊരു സങ്കല്‍പ്പനം സാധ്യമല്ല.

ബിരുദം പൂര്‍ത്തിയാക്കിയ 23 വയസുകാരനായ യുവാവാണ് ഞാന്‍. എന്റെ ഉമ്മയുടെ എന്നെക്കുറിച്ചുള്ള സ്വപ്‌നമെന്തായിരിക്കും? മികച്ച സ്ഥലത്ത് പഠനം, നല്ലൊരു ജോലി, അന്തസോടെയുള്ള ഒരു ജീവിതം. പക്ഷേ എന്റെ ഉമ്മയുടെ സ്വപ്‌നം ഞാന്‍ സുരക്ഷിതമായി, പോലീസിനാല്‍ അകാരണമായി പിടിക്കപ്പെടാതെ യാത്ര ചെയ്യണം എന്നാണ്. തന്റെ മകന്‍ സുരക്ഷിതമായി ജീവനോടെ വീട്ടില്‍ തിരിച്ചെത്തണമെന്നാണ്. നമ്മളിതില്‍ കെട്ടുപിണഞ്ഞ് കിടക്കണം എന്നാണവരാഗ്രഹിക്കുന്നത്, അതിനാല്‍ യഥാര്‍ഥ ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്ക് കഴിയില്ല. പോലീസില്‍ 2 ശതമാനം മാത്രമാണ് മുസ്‌ലിംകളെങ്കില്‍ ജയിലില്‍ 30 ശതമാനവും മുസ്‌ലിംകളാണ്. പാര്‍ലമെന്റിലാകട്ടെ, നാലോ ആറോ ശതമാനം, ജനസംഖ്യയുടെ ഒരു കുഞ്ഞുഭാഗം. കലാപങ്ങളിലും ഏറ്റുമുട്ടലിലും കൊല്ലപ്പെടുന്നവരുടെ ലിസ്റ്റിലാണെങ്കില്‍ നമ്മള്‍ മുസ്‌ലിംകളാണ് കൂടുതലും. ഇതൊന്നും ചോദ്യം ചെയ്യപ്പെടാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നില്ല. ഹിന്ദു സമൂഹത്തിലെ ആളുകളോട് ഞങ്ങളുടെ താക്കീതാണ് പറയുന്നത്, എത്ര ദുര്‍ബലനോ അധകൃതനോ ആയിക്കോട്ടെ, അവരുടെ ജീവന്‍ വെച്ച് കളിച്ചാല്‍ ഒരുനാള്‍ നിങ്ങളതിന് സമാധാനം പറയേണ്ടി വരിക തന്നെ ചെയ്യും.

ഒരു പല്ലിയുടെ ഉദാഹരണമെടുത്താല്‍, ആരെയും അത് കടിക്കുകയില്ല, പക്ഷേ അതിനെ രണ്ടു തവണ ഉപദ്രവിക്കാന്‍ ചെന്നു നോക്കൂ, അത് കടിക്കും. ആരെയും ഒരുപാടങ്ങ് ദ്രോഹിക്കാന്‍ ചെല്ലല്ലേ..അനുഭവിക്കും. വിമത സ്വരമുയര്‍ത്തും വരെ ആരെയും ദ്രോഹിക്കരുത്. ഭീമ കൊറേഗാവ് യുദ്ധത്തെപ്പറ്റി ആലോചിച്ചു നോക്കൂ. ഇത് ‘എല്‍ഗാര്‍ പരിഷത്’ ആണ്. എല്‍ഗാറെന്നാല്‍ യുദ്ധ പ്രഖ്യാപനമെന്നര്‍ഥം. പോരാടാനാളും ത്യജിക്കാനുള്ള മനസ്സുമുണ്ടെങ്കിലാണ നാം യുദ്ധ പ്രഖ്യാപനം നടത്തുക. പണ്ടൊക്കെ നമുക്ക് സ്വന്തം രക്തവും ജീവനും ബലികഴിക്കേണ്ടിയിരുന്നു, എന്നാലിന്ന് ചെറിയ ത്യാഗങ്ങള്‍ മതിയാകും.നിങ്ങളുടെ മകന്‍ ഒരു വിദ്വേഷപ്രചരകനോ പ്രൊപഗണ്ടിസ്റ്റോ ആണെന്നിരിക്കട്ടെ, അവന്‍ സ്വയമേ മറ്റുള്ളവരെക്കാള്‍ ഉന്നതനായി വിചാരിക്കും. അതിനാല്‍ സ്ഥിരമായി തിരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നീ വെറുക്കുന്നത് നിന്റെ തന്നെ പ്രതിരൂപത്തെയാണ്, സ്‌നേഹിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിച്ചു കൊടുക്കണം. അമ്പലത്തിലോ പാഠശാലയിലോ വെച്ച് നിങ്ങളുടെ കുട്ടി വെറുപ്പിന്റെ പാഠങ്ങള്‍ പഠിച്ചാല്‍ അതിനെ തിരുത്തേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. നിങ്ങളുടെ അധ്യാപകന്‍ ഏകപക്ഷീയമായി പെരുമാറുന്നെങ്കില്‍, നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയും നിങ്ങളീ രാജ്യത്തെ രണ്ടാം കിട പൗരനാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണെങ്കില്‍, ബാബാ സാഹിബിന്റെ മാതൃക, തിരിച്ചടിക്കേണ്ട ബാധ്യത നിങ്ങളുടെതാണെന്നാണ്. അതുമൊരു ത്യാഗമാണ്. ഇത്തരം ചെറിയ ത്യാഗങ്ങളാണ് ഇന്ന് വേണ്ടത്.

ഈ വിദ്വേഷം അവസാനിപ്പിക്കാന്‍ പരസ്പര വിരോധം അവസാനിപ്പിച്ച് പോരാടണം. അതോടൊപ്പം, യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍, യുദ്ധം പ്രഖ്യാപിക്കുകയും യുദ്ധം ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുമ്പോള്‍ നമുക്ക് എന്താണ് ബാക്കിയുള്ളത്? നമ്മളെന്തിന് യുദ്ധം ചെയ്യുന്നുവെന്ന കാരണം. ഇവിടെയിരിക്കുന്ന യല്‍ഗാര്‍ പരിഷതിന്റെയാളുകളെങ്കിലും അംബേദ്കറൈറ്റുകളുടെയും മുസ്‌ലിംകളുടെയും പക്ഷത്താണെന്ന് ഞാനൂഹിക്കുന്നു. നമ്മള്‍ ഹൃദയത്തില്‍ വേദനയുടെ ഭാരമേറ്റുന്നതിനാല്‍ നമ്മുടെ ആളുകളുടെ ഹൃദയങ്ങളിലേക്കെത്താന്‍ നമുക്ക് കഴിയാറില്ല. ഈ വേദന അവരോട് പങ്കുവെക്കാന്‍ നമുക്ക് കഴിയണം.

അവസാനമായി, കഴിഞ്ഞ ആറ് വര്‍ഷമായി മുസ്ലിംകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്, ഇസ്‌ലാം ടാര്‍ജറ്റ് ചെയ്യപ്പെടുന്നു, ആര്‍ക്കും വന്ന് അവര്‍ക്ക് ആവശ്യമുള്ളതെന്തും പറയാന്‍ കഴിയുന്ന അവസ്ഥ. കഴിഞ്ഞ മാസം ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ ഒരാള്‍ പരസ്യമായി പറഞ്ഞു, “ആരെങ്കിലും ഖുറാന്‍ വായിച്ചാല്‍ അയാൾ ഒരു പിശാചായി മാറും,നമ്മളവരെ കൊല്ലണം. നാല് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഈ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റും, മുസ്ലിംകള്‍ക്ക് ഒരു പദവിയും അവശേഷിക്കുകയില്ല, അവരുടെ വീടിന്റെ കൈവശാവകാശം..അവരുടെ പെണ്‍മക്കള്‍.. നിങ്ങളോടൊപ്പമുണ്ടാകും”. എന്റെ രണ്ടു കൈയ്യിലെയും ചൂണ്ടുവിരല്‍ ചൂണ്ടിപ്പറയട്ടെ, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നരും സംസാരിക്കുന്നവരുമാണ് നിങ്ങളുടെ സമൂഹത്തെ മലീമസമാക്കുന്നയാളുകള്‍.

അത്തരം പരിപാടികളില്‍ നിന്ന് നിങ്ങളുടെയാളുകളെ പുറത്തെത്തിക്കാനുള്ള ചുമതല നിങ്ങള്‍ക്കുണ്ട്. അതിനു ശേഷം മാത്രം നമുക്ക് ഐക്യത്തെക്കുറിച്ച് സംസാരിക്കാം. സത്യം ചെയ്യലും വാഗ്ദാനം തരലും മുദ്രാവാക്യം വിളിക്കലുമൊന്നും യഥാര്‍ഥത്തില്‍ ഞങ്ങളുടെ ചുമതലയല്ല. ഡല്‍ഹിയില്‍ നിന്നും വരുന്ന രാഷ്ട്രീയക്കാരുണ്ട്, ഞങ്ങള്‍ക്കിടയിലിരുന്ന് മുദ്രാവാക്യം വിളിച്ച് പോകുന്നവര്‍.അവര്‍ നിങ്ങള്‍ക്കു വേണ്ടി പണിയെടുക്കില്ല. നിങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് ഓരോരുത്തരെയായി മുഖാമുഖം സംസാരിച്ചു കൊണ്ടല്ലാതെ പണി നടക്കില്ല. നമ്മളെ ഇഷ്ടപ്പെടുന്നവരോട് സംസാരിക്കേണ്ട കാര്യമില്ല നിങ്ങള്‍ക്ക്, ഇഷ്ടമില്ലാത്തവരോടാണ് സംസാരിക്കേണ്ടയാവശ്യം. നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്, തിരിച്ചും. നമ്മള്‍ വരുന്നു, ഒത്തുകൂടുന്നു, പരസ്പരം പ്രശംസിക്കുന്നു, എഴുന്നേറ്റു പോകുന്നു. സ്വാതന്ത്ര്യം- അതിങ്ങനെയൊന്നും കിട്ടില്ല, നമ്മള്‍ നമ്മുടെ ജനത്തെ വിളിച്ചുകൂട്ടേണ്ടതുണ്ട്.

ہم امن چاہتے ہیں مگر ظلم کے خلاف

گر جنگ لازمی ہے تو پھر جنگ ہی سہی

(നമുക്ക് സമാധാനം വേണം, പീഡനത്തിൽ നിന്ന്

അതിനു യുദ്ധമാണ് വേണ്ടതെങ്കിൽ, അങ്ങിനെ തന്നെ)”

Courtesy: Maktoob

വിവ: റമീസുദ്ദീൻ വി എം

By Editor