ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക
സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ കലാപങ്ങള്‍ക്കു ശേഷമായിരിക്കും ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് മാറുമറക്കാനുള്ള അവകാശം നേടാന്‍ കഴിയുക. അമ്പലത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മതംമാറിയവര്‍ക്ക് മോചനം കിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യം മറ്റൊരു രീതിയില്‍ കാണാം, മതപരിവര്‍ത്തനം അടിച്ചമര്‍ത്തല്‍ സംവിധാനത്തിനെതിരെ പോരാട്ടത്തിനു കളമൊരുക്കുന്നു. കാരണം മതംമാറിയവര്‍ക്ക് എളുപ്പത്തില്‍ ആധുനിക മാര്‍ഗങ്ങളുപയോഗിച്ചു കൊണ്ട് കാര്യങ്ങളെ എതിരിടാന്‍ കഴിയുന്നു.
മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണം
അന്താരാഷ്ട്ര തലത്തിലെ ഇന്ത്യയുടെ സ്ഥിതിയുടെയും സെക്യുലര്‍ പോളിസിയുടെ ജയപരാജയങ്ങളുടെയും വെളിച്ചത്തില്‍ മീനാക്ഷിപുരം സംഭവം അഖിലേന്ത്യാ തലത്തിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ഹിന്ദു സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റും വിഷയത്തില്‍ അന്തര്‍ഭവിച്ചു കിടക്കുന്ന വലിയ രാഷ്ട്രീയ നേട്ടങ്ങളെ മുന്നില്‍ കണ്ടു. ദേശത്ത് ഹിന്ദുക്കളെ ജനസംഖ്യയില്‍ പിന്നിലാക്കിക്കൊണ്ട് മുസ്‌ലിംകളുടെ വര്‍ധനവ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമായ ശ്രമമാണെന്നും, മതമൗലിക വാദികളായ പാന്‍ ഇസ്‌ലാമിസ്റ്റുകളും എണ്ണ സമ്പന്നമായ അറബ് രാജ്യങ്ങളുമാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധേയമായ ഒരു പ്രചാരണം.
അന്താരാഷ്ട്ര ആര്യന്‍ ലീഗിന്റെ വൈസ് പ്രസിഡന്റ് വന്ദേമാതരം രാമചന്ദ്ര റാവു, “മതപരിവര്‍ത്തനങ്ങളെ രാജ്യത്തെ നശിപ്പിക്കാനുള്ള മുസ്‌ലിം മതഭ്രാന്തരുടെ ശ്രമമായി” വ്യാഖ്യാനിച്ചു. പശ്ചിമേഷ്യയുടെയും കിഴക്കിന്റെയും ഇടയിലുള്ള മുഴുവന്‍ രാജ്യങ്ങളിലും ഒരു പാന്‍ ഇസ്‌ലാമിക് അധീശത്വം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ഇസ്‌ലാമിക വല്‍ക്കരിക്കലാണ് മതപരിവര്‍ത്തനങ്ങള്‍ കൊണ്ടുദ്ദേശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മറ്റൊരു ഹിന്ദു സംഘടനയായ ആര്യ പ്രതിനിധി സഭ, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു പറഞ്ഞുകൊണ്ട് മതപരിവര്‍ത്തനങ്ങളെ അപലപിച്ചു. കഞ്ചി കാമകോതി പോയത്തമിലെ സ്വാമി പറഞ്ഞത് മതപരിവര്‍ത്തനങ്ങള്‍ ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാണെന്നായിരുന്നു. വിദേശ പണത്തിന്റെ സഹായത്തോടെ ഗള്‍ഫുകാരനായിരുന്ന ഒരു ഇന്ത്യന്‍ മുസ്‌ലിമാകാം ഈ മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന് അടല്‍ ബിഹാരി വാജ്‌പേയി സംശയം പ്രകടിപ്പിച്ചു. മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലാഭങ്ങളാണെന്നും ഗള്‍ഫ് പണത്തിന് വലിയ പങ്കുണ്ടെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി ആര്‍ വി സ്വാമിനാഥന്‍ ആരോപിച്ചു. അറബ് പണം ഹരിജനങ്ങളെ ഇസ്‌ലാമിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രിയും ആരോപിച്ചു. ഓരോ ഹരിജനും അഞ്ഞൂറു രൂപ വീതം കൊടുക്കുന്നുണ്ടെന്നും, ലോഡുകണക്കിന് വസ്ത്രങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്യാന്‍ എത്തുന്നതായും താന്‍ തന്റെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ കണ്ടെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി യാദറാവു ജോഷി പറഞ്ഞു. ഭൂരിഭാഗം മുസ്‌ലിംകളും ദരിദ്രരായ രാജ്യത്ത് ഈ മുസ്‌ലിം സമുദായം ധനികരായതിനു പിന്നില്‍ വിദേശ പണമാണെന്നും അയാള്‍ ആരോപിച്ചു.
ജനത പാര്‍ട്ടി എംഎല്‍എയും ആര്യ സമാജത്തിന്റെ നേതാവുമായിരുന്ന സ്വാമി അഗ്നിവേശ് മതഭ്രാന്തരായ മുസ്‌ലിം സംഘടനകളും വിദേശ പണവുമാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന വാദത്തെ പിന്തുണച്ചു. വിഷയത്തില്‍ പാകിസ്ഥാനു പങ്കുണ്ടെന്നു വരെ അദ്ദേഹം സംശയമുന്നയിച്ചു.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും സമാനവാദവുമായെത്തി. മതപരിവര്‍ത്തനങ്ങള്‍ നടന്ന ഗ്രാമങ്ങളില്‍ പഠനം നടത്തിയ വിശ്വ ഹിന്ദു പരിഷത്തിന്റെ കണ്ടെത്തല്‍ മതംമാറ്റങ്ങള്‍ സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നുവെന്ന സംഗ്രഹത്തിലാണെത്തിയത്.
മതപരിവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെയും പങ്ക് കണ്ടവരുമുണ്ട്. ഹൈദരാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആറാം അഖിലേന്ത്യാ സമ്മേളന സമയത്തു തന്നെ മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങള്‍ നടന്നുവെന്നതും അതിന് ബലമേകി. അറബ് പ്രതിനിധികള്‍ പങ്കെടുത്ത ഹൈദരാബാദ് സമ്മേളനത്തില്‍ ഉരുവംകൊണ്ട ചര്‍ച്ച, ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 80 മില്യണില്‍ നിന്ന് 200 മില്യണിലേക്കുയര്‍ത്തുന്നതിനെക്കുറിച്ചായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
ഹിന്ദുമതത്തില്‍ നിന്നുള്ള പരിവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ചില മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും മതപരിവര്‍ത്തന നിരോധനത്തിന് സര്‍ക്കാര്‍ മടികാണിക്കുകയില്ലെന്ന് പ്രസ്താവിച്ചു. ആര്‍എസ്എസ് ഉം ആര്യസമാജവും മതപരിവര്‍ത്തനങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധികളുമെല്ലാം സംഭവസ്ഥലത്ത് പഠനം നടത്തി. എന്നിരുന്നാലും മതപരിവര്‍ത്തന നിരോധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നിയമസഭയില്‍ ഉയര്‍ന്നു വരുമ്പോഴേക്ക് മന്ത്രിമാര്‍ അതിനെ പ്രതിരോധിക്കും. കേന്ദ്ര മന്ത്രി യോഗേന്ദ്ര മക്വാന, മതസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും ഗവണ്‍മെന്റിന് തടയിടാന്‍ അധികാരമില്ലെന്നും, വിദേശ പണത്തിന് അതില്‍ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നും രാജ്യസഭയിലെ സംവാദത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രായോഗിക മതേതരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ എല്ലാ പ്രതികരണങ്ങളിലും അന്തര്‍ലീനമായിരുന്നു. റിപ്പബ്ലികിന്റെ ശൈശവാവസ്ഥയിലുള്ള ഇന്ത്യ പോലുള്ളൊരു രാജ്യത്ത്, അതിന്റെ മതേതര മുഖം അഴിച്ചുവെക്കാതെ മതപരിവര്‍ത്തനത്തെക്കുറിച്ച് നിലപാടുകള്‍ പറയുക സാധ്യമല്ലയെന്ന പാര്‍ലമെന്റ് എംപി സിപി മാത്യൂവിന്റെ അഭിപ്രായത്തോട് യോജിക്കാം. 1981 ആഗസ്റ്റ് 15 ന് കാണ്‍പൂരിലെ ജില്ലാ ഭരണകൂടം കൂട്ട മതപരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ദളിത് പാന്തര്‍ നേതാക്കളെ അറസ്റ്റു ചെയ്യാന്‍ കല്‍പ്പിച്ചപ്പോള്‍, മതപരിവര്‍ത്തനങ്ങള്‍ കുറ്റകൃത്യമായി എണ്ണാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ദി സ്റ്റേറ്റ്‌സ്മാന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേമപദ്ധതികളും വികസനവും ത്വരിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ദ്രുതഗതിയിലെ നീക്കത്തെ മതകീയ കാര്യങ്ങളില്‍ ഇടപെടുന്ന മതേതര സര്‍ക്കാറെന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടു. സെയ്ദ് ഷഹാബുദ്ദീന്‍ എംപി ചോദിച്ച പോലെ:
“ഹരിജനങ്ങളുടെ മതപരിവര്‍ത്തനം തടയാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി കിണര്‍ കുത്താനൊരുങ്ങുന്നത്?ഇതിന്റെ ലക്ഷ്യം അവരെ ഹിന്ദു ഫോള്‍ഡിനുള്ളില്‍ തളച്ചിടലാണെങ്കില്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 27 ന് വിരുദ്ധമാകും വിധം കോഴകൊടുക്കല്‍, പ്രീണനം, അവിഹിതമായി സ്വാധീനിക്കല്‍ എന്നിവയാണത്. ഹരിജനങ്ങള്‍ പ്രീണനങ്ങള്‍ക്ക് വഴങ്ങി മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിക്കുന്നവര്‍ തന്നെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അത് തടയാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്.”
മതപരിവര്‍ത്തനവും ഘടനാപരമായ മാറ്റവും
മതപരിവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ ഘടനാപരമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഉദാഹരണത്തിന്, കേരളത്തിലെ കീഴാള ജാതികള്‍ മതം മാറിയും മതംമാറ്റ ഭീഷണി മുഴക്കിയും തങ്ങളുടെ പൗരാവകാശങ്ങള്‍ക്കു വേണ്ടി ദൃഢനിശ്ചയത്തോടെ ഉറച്ചുനിന്നത് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. മീനാക്ഷിപുരമടക്കമുള്ള മതപരിവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെ ഹിന്ദു മതത്തിനുള്ളിലെ ജീര്‍ണതകളെ തുടച്ചുനീക്കി നവീകരിക്കണമെന്ന ആവശ്യം ഹിന്ദുമതത്തിനുള്ളില്‍ തന്നെ ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്.
ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമായി രാഷ്ട്രീയ അധികാരമോ അതിന്റെ അഭാവമോ കടന്നുവരുന്നുണ്ട്.
നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ആദര്‍ശത്തിന്റെ വ്യാപനം മതപരിവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്ന മറ്റൊരു പ്രധാന ശക്തിയായി മിക്ക സംഭവങ്ങളിലും ദര്‍ശിക്കാം. ജാതി ഘടനയിലെ താഴെക്കിടയിലുള്ളവര്‍ മതത്തെ പരിവര്‍ത്തനമെന്ന പ്രവൃത്തിയിലൂടെ തങ്ങളുടെ സാമൂഹിക പദവിയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു. മതപരിവര്‍ത്തനങ്ങളെ ‘ചലനാത്മകത’ (an idiom of mobility) യായി ചരിത്രരേഖകളിലൂടെയും തമിഴ്‌നാട്ടെ സംഭവവികാസങ്ങളിലൂടെയും വായിച്ചെടുക്കാം. മത നേതാക്കന്മാര്‍ക്കപ്പുറം മതപരിവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ്, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ എന്നു തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുമുണ്ടാക്കുന്ന ആഘാതങ്ങളിലൂടെ മതമെന്നത് ആത്മീയതയോ ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെയോ മാത്രം ബാധിക്കുന്ന കാര്യമല്ല, മറിച്ച് അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും, സാംസ്‌കാരികവുമായ പ്രതിഫലനങ്ങളുണ്ടാക്കുന്ന ഒന്നാണെന്ന് തെളിഞ്ഞു. മതപരിവര്‍ത്തനമെന്ന പദം തന്നെ അതിനുള്ളിലടിഞ്ഞു കിടക്കുന്ന അസംഖ്യം മാനങ്ങളെ പ്രതിനീധികരിക്കുന്നതിന് അപര്യാപത്മാണെന്നും ഈ ചര്‍ച്ചയിലൂടെ മനസിലാകുന്നു. ഇന്ത്യയില്‍ മതപരിവര്‍ത്തനം ഒരു ഘടനാപരമായ ചോദ്യമാണ്.
കീഴാള ജാതികള്‍ക്ക് പദവിയുടെ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരസ്പര പൂരകമാണ്. സമൂഹത്തില്‍ അവഗണന അനുഭവിച്ചു കൊണ്ടുള്ള സാമ്പത്തിക മുന്നേറ്റം കീഴാളര്‍ക്ക് മറ്റൊരു മതത്തിലെ സൗകര്യങ്ങളിലേക്ക് നോക്കാന്‍ പ്രേരണയാകുന്നു. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയുടെ പരാജയമാണ് മതപരിവര്‍ത്തനങ്ങള്‍ കൊണ്ട് വെളിവാകുന്നതെന്നാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നിരീക്ഷണം.
Courtesy: EPW
വിവ: റമീസുദ്ദീൻ വി എം