പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ  ഇവിടെ പറയാം ;

1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം  സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എസ് ഐ ഒവിനെതിരെ എം ഇ എസ് അസ്മാബി കോളേജിൽ ഉയർന്ന ഒരു പോസ്റ്റർ.

2 .പൗരത്വ സമരത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്യാമ്പസ്സിലേത് പോലെ കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലും രണ്ടു തവണ വിദ്യാർത്ഥി റാലികൾ നടക്കുകയുണ്ടായി. ഈ രണ്ട് റാലിയിലും തങ്ങളുടെ പങ്കാളിത്തം ഇല്ല എന്ന് എസ് എഫ് ഐ നേതൃത്വം ഉറപ്പ് വരുത്തിയിരുന്നു.

ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയത്തിലെ പുതു ചലനങ്ങൾക്ക് ഏറെ ദൃശ്യത നൽകിയ രണ്ട് നിമിഷങ്ങളാണ് രോഹിത് വെമുലയും പൗരത്വ പ്രക്ഷോഭവും. ദളിത് രാഷ്ട്രീയത്തെയും ന്യൂനപക്ഷ രാഷ്ട്രീയത്തെയും കുറച്ചെങ്കിലും പൊതു സമൂഹം കേൾക്കാൻ തയ്യാറായ രാഷ്ട്രീയ സന്ദർഭങ്ങളായിരുന്നു ഇവ രണ്ടും. ഈ മാറിയ ക്യാമ്പസ് രാഷ്ട്രീയ സാഹചര്യങ്ങളെയും അതിന്റെ നാൾ വഴികളെയും മുന്നോട്ട് പോക്കിനെയും ചർച്ച ചെയ്യുന്ന പുസ്തകമാണ് പുതിയ ക്യാമ്പസ് പുതിയ രാഷ്ട്രീയം. സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗ് സർവകലാശാലയിലെ ഗവേഷകനായ കെ അഷ്‌റഫ് എഴുതിയ ഈ ലേഖനസമാഹാരം പുതു ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവമുള്ള ചർച്ചകൾ തുറന്നിടുന്നുണ്ട്.

രോഹിത് വെമുല

ക്യാമ്പസുകളിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിന് വേഗത നൽകിയ പ്രധാന ആയുധം സംവരണം തന്നെയാണ്.  മണ്ഡലും 2006 ലെ രണ്ടാം മണ്ഡൽ എന്ന് അറിയപ്പെടുന്ന സെൻട്രൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ആക്റ്റും 200 പോയിന്റ് റോസ്റ്റർ സിസ്റ്റം എന്നിങ്ങനെ സംവരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തന്നെയാണ് വൈവിധ്യമാർന്ന ക്യാമ്പസുകളെ നിർമിച്ചത്. ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് സംവരണത്തെയും അതിന്റെ ചരിത്രത്തെയും വ്യവഹാരത്തെയും മാറ്റി നിർത്തിയുള്ള ഒരു ചർച്ച കീഴാള പക്ഷത്ത് നിന്ന് സാധ്യമാവില്ല. ഷാഹു മഹാരാജിലൂടെയും അംബേദ്കറിലൂടെയും ഇന്ത്യയുടെ നിയമവ്യവസ്ഥയിലേക്ക് ചേർത്ത ഒരു നീതി നിർവഹണ പ്രക്രിയയാണ് സംവരണം. സംവരണത്തിന്റെ ചരിത്രവും വർത്തമാനവുമെല്ലാം പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. സംവരണത്തിന്റെ ചരിത്രം എന്നത് സംവരണ അട്ടിമറിയുടെ കൂടി ചരിത്രമാണ്.  ഉദ്യോഗങ്ങളിൽ ആദ്യത്തെ നിയമനം SC/ST വിഭാഗങ്ങൾക്ക് നൽകണമെന്ന വ്യവസ്ഥ എടുത്തു കളഞ്ഞതു മുതൽ ഏറ്റവും  അവസാനം സാമ്പത്തിക സംവരണം ഉൾപ്പെടെ നയപരവും സാങ്കേതികവുമായ ഒരുപാട് മാര്ഗങ്ങളിലൂടെ ബ്രാഹ്മണ്യ വ്യവസ്ഥ സംവരണത്തെ അട്ടിമറിച്ച ചരിത്രം വരെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഐഐടി മദ്രാസ് പോലുള്ള ഉന്നത അക്കാദമിക സ്ഥാപനങ്ങൾ എങ്ങനെയാണ് അയ്യർ അയ്യങ്കാർ ഇൻസ്റ്റിട്യൂട്ടുകളായി മാറിയത്  എന്നുകൂടി പുസ്തകം  വിശദമായി ചർച്ച ചെയ്യുന്നുണ്ട്.വളരെ നേരത്തെ തന്നെ 65% പിന്നോക്ക സമൂഹങ്ങൾക്ക് സംവരണം ലഭ്യമായ തമിഴ്‌നാട്ടിൽ തന്നെയാണ് ഐഐടി പോലൊരു സമ്പൂർണ്ണ വരേണ്യ ക്യാമ്പസും നിലനിൽക്കുന്നത്. മെറിറ്റിന്റെ പേരിൽ 15 ലധികം വർഷമാണ് സംവരണം നടപ്പിലാക്കാതെ ദലിത് അവർണ്ണ വിഭാഗങ്ങളെ പാടെ അകറ്റി നിർത്തിയത്. പിന്നീട് പലവിധ സംവരണ അട്ടിമറികളിലൂടെ ഈ സ്റ്റാറ്റസ്കോ നിലനിർത്താൻ സവർണ്ണ അധികാരികൾക്ക് സാധിച്ചു. ഫാത്തിമ ലത്തീഫ് സംഭവമടക്കം പരിശോധിക്കുമ്പോൾ ഈ ചരിത്ര പരിശോധന ഏറെ നിർണായകമാണ്.

ഫാത്തിമ ലത്തീഫ്

ക്യാമ്പസുകളിൽ പുതുപക്ഷങ്ങൾ

സംവരണ രാഷ്ട്രീയം  ചൂടുപിടിച്ച കാലത്തു തന്നെയാണ് ഇന്ത്യൻ ക്യാമ്പസുകളിൽ ജാതിവിരുദ്ധ രാഷ്ട്രീയ സാന്നിധ്യങ്ങളായ എഎസ്എ (അംബേദ്കർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ) പോലുള്ള സംഘടനകൾ രൂപംകൊള്ളുന്നത്. പിന്നീട് പല സമയങ്ങളിലായി ഉയർന്നു വന്ന മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യങ്ങളും കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള  ക്യാമ്പസുകളിൽ പ്രധാന ശക്തിയായി മാറി. അധികാര രാഷ്ട്രീയത്തിലും കീഴാള പക്ഷത്ത് നിന്നുള്ള  മുന്നണികളും സംഘടനകളും കരുത്തുകാട്ടി. എന്നാൽ ഇതേ സമയത്ത് തന്നെ ക്യാമ്പസുകളിൽ അധികാര ശക്തികളായി നിലനിന്നിരുന്ന എസ് എഫ് ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അബ്രാഹ്മണിക ജാതിവിരുദ്ധ രാഷ്ട്രീയ ധാരയെ  ഒട്ടും സുഖകരമായല്ല നേരിട്ടത്. കേരളം പോലുള്ള ഇടങ്ങളിൽ ഫാഷിസ്റ്റ് സ്വഭാവത്തോട് കൂടിയ സമഗ്രാധിപത്യമാണ് പ്രകടമാക്കിയതെങ്കിൽ കേന്ദ്ര സർവ്വകലാശാലകളിൽ അവരെ പല അർത്ഥത്തിൽ പൈശാചികവത്കരിക്കാനാണ് ശ്രമിച്ചത്. വ്യത്യസ്ത കീഴാള സമുദായങ്ങളിലെയും ന്യൂനപക്ഷ സമൂഹങ്ങളിലെയും വിദ്യാർത്ഥികളുടെ   കർതൃത്വത്തിൽ ഉയർന്ന് വന്ന പ്രസ്ഥാനങ്ങളെ ആഗോളീകരണവും മുതലാളിത്തവും സാധ്യമാക്കിയ ഒരു പ്രതിസന്ധിയാണെന്ന ഇടത് വിലയിരുത്തലിനെ ഗ്രന്ഥകാരൻ വിമർശിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയവുമായോ കീഴാള രാഷ്ട്രീയവുമായോ മുന്നോട്ട് വരുന്ന വിദ്യാർത്ഥികളെ വർഗ്ഗീയ ചാപ്പയുമായി നേരിടുകയാണ് ഇടത് വിദ്യാർഥികൾ ചെയ്തത്.

വർഗീയത,ജാതീയത തുടങ്ങിയ പരികല്പനകൾക്കപ്പുറത്ത് കീഴാള പക്ഷത്തെ വിദ്യാർഥികൾ ഉന്നയിച്ച നീതിയെയും രാഷ്ട്രീയ അധികാരത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാനോ മനസ്സിലാക്കാനോ ഇടതു പക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് കഴിഞ്ഞില്ല.

ദേശീയതയുടെ മറവിൽ വലത് പക്ഷം മുസ്‌ലിംകളെ ഭീകരവാദികളാക്കിയത് പോലെ മതനിരപേക്ഷയുടെ “കട്ടിയുള്ള നിർവചനത്തിൽ” ഇടതുപക്ഷത്തിന് മുസ്‌ലിം സംഘടനകൾ  വർഗീയവാദികളും ദളിത് പിന്നാക്ക വിഭാഗങ്ങൾ ജാതിവാദികളുമായി .

ഈ സമീപനത്തിന്റെ വസ്തുതാപിശകിനെക്കാളും പ്രശ്നം അവർ അദൃശ്യവത്കരിക്കുന്ന ഈ മുന്നേറ്റമാണെന്ന് പുസ്തകത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. അതായത് മുസ്‌ലിംകളും ദളിത് പിന്നാക്ക ജനതയും സംഘടിക്കുന്നത് മുതലാളിത്തം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഉരുത്തിരിയാൻ കാരണമാകുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. അതുകൊണ്ടു തന്നെ കീഴാള ബഹുജൻ കൂട്ടായ്മകൾ ഉന്നയിക്കുന്ന ഘടനാപരമായ വിവേചനവും പുറന്തള്ളലുമെല്ലാം ഇടതു പക്ഷം തള്ളിക്കളയുകയാണ്. അടിസ്ഥാനപരമായി ജാതി/ ബ്രാഹ്മണ്യം ഉത്പാദിപ്പിക്കുന്ന ഈ പ്രശ്നം അഭിസംബോധന ചെയ്യുന്നില്ല എന്ന് മാത്രമല്ല കൈരളി, മൈത്രി പോലുള്ള സെൻട്രൽ യൂണിവേഴ്സിറ്റികളിലെ ഇടത് സംഘടനാ നിയന്ത്രണത്തിലുള്ള മലയാളി  കൂട്ടായ്മകൾ നടത്തുന്ന സവർണ സാംസ്കാരിക പ്രകടനങ്ങളിലൂടെ ജാതിബോധത്തെ ആന്തരികവത്കരിക്കുക കൂടി ചെയ്യുന്നുണ്ട് ഇടതർ.

രോഹിത് വെമുലയുടെ ജീവത്യാഗത്തിൽ നിന്നും നജീബിലേക്ക് വരുമ്പോൾ, ഈ വിഷയം മുസ്‌ലിംകൾ ഒറ്റക്ക് ഏറ്റെടുക്കരുത് എന്നു  പറഞ്ഞ് എസ് ഐ ഓ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിൽ നിന്ന് വിട്ട് നിന്ന ജെ എൻ യു ഗവേഷകൻ കൂടിയായ മുസ്‌ലിം എംഎൽഎ ഉണ്ട് നമ്മുടെ നാട്ടിൽ. അതുപോലെ ജെ എൻ യു പോലുള്ള ക്യാമ്പസുകളിൽ സംവരണ അട്ടിമറി ഒന്നും ഇടതു പ്രസ്ഥാനങ്ങൾക്ക് പ്രശ്നമാകാറില്ല. അന്ന് അവർക്ക് ഇസ്ലാമോഫോബിയ ഒരു അക്കാദമിക് ജാർഗൺ മാത്രമായിരുന്നു. അതൊരു സാമൂഹിക യാഥാർഥ്യമാണെന്ന് പൂർണമായി ഉൾകൊള്ളാൻ പോലും തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് 2019 ലേക്ക് വരുമ്പോൾ ഫാത്തിമ ലത്തീഫ് ഇസ്ലാമോഫോബിയയുടെ ഇരയാണെന്ന് പറയാൻ അവർ നിർബന്ധിതരായി..

മാറുന്ന ഭാഷയും കാഴ്ചയും

ഭാഷ ഏറെ മൂർച്ചയുള്ള ആയുധമാണ്. ഓരോ വാക്കും ഉത്പാദിപ്പിക്കുന്ന അർഥം വ്യത്യസ്തമായിരിക്കും. പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് അവർ മുന്നോട്ട് വെച്ച ഭാഷ വ്യവഹാരം. രോഹിത് വെമുലയുടെ മരണം സ്ഥാപനവൽകൃത കൊലപാതകം എന്ന വാക്കുകൊണ്ടാണ് അടയാളപ്പെടുത്തിയത്. ഈ ആഖ്യാനം പിന്നീട് മുഖ്യധാരാ രാഷ്ട്രീയ  സമൂഹം ഏറ്റെടുക്കുക പോലുമുണ്ടായി. വിദ്യാർത്ഥികളുടെ ആത്മഹത്യയോട് ചേർത്ത് വായിക്കുന്ന ആത്മവിശ്വാസക്കുറവ്, കഴിവില്ലായ്മ എന്നിങ്ങനെയുള്ള വൈയക്തിക കാര്യങ്ങൾക്കുപരി സാംസ്കാരികവും രാഷ്ട്രീയവുമായ കാരണങ്ങൾ ചർച്ച ചെയ്യപ്പെടാൻ ഇത് കാരണമായി എന്ന് പുസ്തകത്തിൽ വായിക്കാൻ സാധിക്കും. തുടർന്ന് വന്ന സമാന സംഭവങ്ങളെയും ഈ വാക്ക് കൊണ്ട് അടയാളപ്പെടുത്തി രാഷ്ട്രീയ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരാൻ സാധിച്ചു. അതുപോലെ നജീബ് അഹമ്മദുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ “നിർബന്ധിത തിരോധാനം” എന്ന പദവും രാഷ്ട്രീയ കൃത്യതയോടെ ഉയർത്തി കൊണ്ട് വരാൻ ന്യൂനപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് സാധിച്ചു.  ഫാത്തിമ ലത്തീഫുമായി ബന്ധപ്പെട്ട് ഇസ്ലാമോഫോബിയയെ ചർച്ചയുടെ മുൻപിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഒരുവേള സാങ്കേതിക ജാർഗൺ മാത്രമായിരുന്ന ഇസ്ലാമോഫോബിയ ഇടത്-ലിബറലുകൾ അടക്കമുള്ളവർ ഉന്നയിക്കാൻ നിർബന്ധിതരായി എന്നത് പുതു ക്യാമ്പസ് ഉയർത്തിയ രാഷ്ട്രീയത്തിന്റെ മുന്നേറ്റമാണ്.

പുതിയ ക്യാമ്പസ്സിനെയും രാഷ്ട്രീയത്തെയും മാധ്യമ സമൂഹം എങ്ങനെ സമീപിച്ചു എന്നതും ഏറെ പ്രധാനമാണ്. രോഹിത് വെമുല സംഭവുമായി ബന്ധപ്പെട്ട് കീഴാള പക്ഷത്ത് നിന്നുകൊണ്ടുള്ള ആഖ്യാനങ്ങളെ ഉൾക്കൊള്ളിച്ച് വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. അതേ സമയത്ത് ജെ എൻ യുവിൽ നടന്ന സംഭവങ്ങളും അവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയം രോഹിത് വെമുല മൂവ്മെന്റിനെ മാധ്യമ ദൃശ്യതക്ക് പുറത്ത് നിർത്തി എന്ന വിമർശനം വ്യത്യസ്ത തുറകളിൽ നിന്ന് വന്നിരുന്നു.  പ്രശസ്ത റാപ് മ്യൂസിഷ്യൻ സുമീത് സാമോസ് കഴിഞ്ഞ വര്ഷം നടന്ന ജെ എൻ യു ആക്രമണ സമയത്ത് സമാനമായ പ്രശ്‌നം പൗരത്വ പ്രക്ഷോഭത്തിനും വരാം എന്ന് സൂചന നൽകിയിരുന്നു.

എന്നാൽ പുതിയ ക്യാമ്പസുകൾ സാധ്യമാക്കിയ ചില മാറ്റങ്ങൾ എടുത്ത് പറയേണ്ടതാണ്.

ചെറുതെങ്കിലും ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഉൾകൊള്ളാൻ മാധ്യമങ്ങൾ തയ്യാറായി. ജെ എൻ യു എന്ന ഇടത് രാഷ്ട്രീയ ക്യാമ്പസിനൊപ്പം ജാമിഅയും അലിഗഢും പോലുള്ള ന്യൂനപക്ഷ സർവ്വകലാശാലകൾക്കും മാധ്യമങ്ങളിൽ ഇടം നേടാനായി എന്നത് ശ്രദ്ധേയമാണ്.

ഹൈദരാബാദിൽ ഉയർന്ന ജാതി വിരുദ്ധ രാഷ്ട്രീയത്തെയും മാധ്യമ സ്‌ക്രീനുകളിൽ കാണാൻ സാധിച്ചു. കീഴാള രാഷ്ട്രീയത്തോടുള്ള സമീപനത്തിലെ മൗലികമായ ഒരു മാറ്റമായി ഇതിനെ കാണാൻ സാധിക്കില്ലെങ്കിലും മാധ്യമ സ്ഥാപനങ്ങൾ അവ്വിധം വഴങ്ങാൻ നിര്ബന്ധിതരാകുന്ന തരത്തിൽ പുതിയ ബഹുജൻ രാഷ്ട്രീയത്തിന് മുന്നേറാൻ സാധിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം.

പുതിയ ക്യാമ്പസ് പുതിയ രാഷ്ട്രീയം എന്ന തലക്കെട്ടിലൂന്നി നിന്നു കൊണ്ട് പല സന്ദർഭങ്ങളിലായി വ്യത്യസ്ത വിഷയത്തെ കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം .ഇനിയും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ഗൗരവപ്പെട്ട  വിഷയങ്ങളുണ്ടായിരുന്നു എന്ന് തന്നെയാണ് പുസ്തകത്തെ കുറിച്ച് പ്രധാനമായും തോന്നുന്നത്.  ‘ഫീ മസ്റ്റ് ഫാൾ” എന്ന മുദ്രാവാക്യമുയർത്തി ആഫ്രിക്കയിലും മറ്റും ഉയർന്ന പ്രക്ഷോഭത്തെയും അതിന്റെ ഉത്ഭവത്തെയും ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട് പുസ്തകം. പിന്നീട് ഈ സമരം എങ്ങനെ സൂക്ഷ്മവും സ്ഥൂലവുമായ അടിസ്ഥാന  രാഷ്ട്രീയ പ്രശ്നങ്ങളെ കൂടി അഭിസംബോധന ചെയ്തു എന്നും പറയുന്നുണ്ട്. എന്നാൽ ഇന്ത്യൻ ക്യാമ്പസുകളിൽ നിന്ന് അത്തരത്തിൽ കാര്യഗൗരവപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തെ നയിക്കാൻ സാധിച്ചില്ല എന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു. അതിനു കാരണമായി പറയുന്നത് അധ്യാപകർ ഉൾപ്പെടുന്ന അധികാര  വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ഇല്ലാത്ത സാഹചര്യമാണ്. 

വ്യത്യസ്ത ലേഖനങ്ങളിലായി അന്താരാഷ്ട്ര പ്രശസ്തരായ നിരവധി ഗവേഷകരെ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അജന്ത സുബ്രഹ്മണ്യം, കാഞ്ച ഐലയ്യ, റാമോൺ ഗ്രോസ്‌ഫുഗേൽ, സൂസി താരു തുടങ്ങിയവരെ പുസ്തകത്തിലെ വാദങ്ങൾക്ക് പിൻബലമായി ഉദ്ധരിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻറെ പേരിൽ  അറസ്റ്റിലായ ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ഹാനി ബാബുവിനെ കുറിച്ചുള്ള ലേഖനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ക്യാമ്പസ് രാഷ്ട്രീയവും ആക്ടിവിസവും അക്കാദമിക മേഖലയിലെ ഫീസ്, സിലബസ്, അക്കാദമിക സ്വാതന്ത്ര്യം എന്നിവയോടൊപ്പം തന്നെ അവിടെ നടന്നുകൊണ്ടിരിക്കുന്ന ഘടനാപരമായ വിവേചനത്തെയും പുറന്തള്ളലിനെയും കുറിച്ചു കൂടിയുള്ള വർത്തമാനങ്ങളാണ്. അതുപോലെ ഇന്ത്യൻ ക്യാമ്പസ്‌ സംസാരിക്കാതെ മാറ്റി നിർത്തിയിരുന്ന ജാതി, മതം, ദേശം, ലിംഗം, നിറം തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങൾ കൂടി ഉൾപ്പെടുന്നതുമാണ് ക്യാമ്പസുകൾ. ഈ വൈവിധ്യത്തെ ദേശീയം-ദേശാവിരുദ്ധം, വർഗീയം-മതേതരം, ഇടതു-വലത് തുടങ്ങിയ ബൈനറികൾ കൊണ്ട് മൂടിവെക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയം. ആ വൈവിധ്യത്തെ കുറിച്ചുള്ള രാഷ്ട്രീയം കൂടിയാണ് പുതിയ ക്യാമ്പസുകൾക്ക് പറയാനുള്ളത്.ഈ പ്രകടമായ മാറ്റം ഇന്ത്യൻ ക്യാമ്പസുകളിൽ  വ്യത്യസ്ത സമൂഹങ്ങളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ രാഷ്ട്രീയ മുന്നേറ്റത്തെ രേഖപ്പെടുത്തി വെക്കേണ്ടത് ഇതേ രാഷ്ട്രീയത്തിൻറെ തന്നെ ഒരു പ്രധാന ആവശ്യമാണ്, പ്രത്യേകിച്ചും അധികാരത്തിനും ഘടനക്കും വെളിയിൽ നിന്ന് കൊണ്ട് രാഷ്ട്രീയം  ഉയർത്തി കൊണ്ട് വരാൻ നിർബന്ധിതരാകുന്ന ഈ സാഹചര്യത്തിൽ. അങ്ങനെ നോക്കുമ്പോൾ ബഹുജൻ രാഷ്ട്രീയത്തിൻറെ തന്നെ ഭാഗമാണ്  പുതിയ ക്യാമ്പസ് പുതിയ രാഷ്ട്രീയം എന്ന പുസ്തകം.

പുസ്തകം ലഭിക്കാൻ ക്ലിക്കു ചെയ്യുക

By ഫായിസ് എ. എച്ച്

Law Student, CUSAT