കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ.
മീനാക്ഷിപുരത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള മേക്കരൈ ഗ്രാമത്തിലേക്ക് ഒരു തേവര്‍ പെണ്‍കുട്ടിയെയും കൊണ്ട് കടന്നതാണ് തങ്കരാജ്. തേവരുടെ പ്രതികാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ മുഹമ്മദ് യൂസുഫ് എന്ന പേരു സ്വീകരിച്ച് മുസ്‌ലിമായി. തേവന്‍മാര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ അയാള്‍ പ്രതിരോധിച്ചു. സ്വയരക്ഷക്ക് വേണ്ടി ചെയ്തതാണെന്നു പറഞ്ഞതു കൊണ്ട് പോലീസിന് തങ്കരാജിനെതിരെ കേസെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ കൂടെനിന്നു. ഗ്രാമമൊന്നാകെ ഇസ്‌ലാമിലേക്ക് കടന്നു വന്നതിനു ശേഷം ‘റഹ്മത്ത് നഗറി’ലേക്ക് പോലീസ് പ്രവേശിച്ചിട്ടില്ല. മീനാക്ഷിപുരത്തെ ഭൂരിഭാഗം ഭൂമിയും കൈവശപ്പെടുത്തിയിട്ടുള്ള തിരുവടുത്തുരാജ് അധീനത്തിന്റെ പേരില്‍ ധനസമാഹരണത്തിനിറങ്ങിയ രണ്ട് തേവര്‍മാരുടെ കള്ളം തുറന്നുകാണിക്കാന്‍ തങ്കരാജ് ധൈര്യപ്പെട്ടു. ഹരിജന്‍ സ്ത്രീ- പുരുഷന്‍മാരെ തേവര്‍മാര്‍ നഗ്നരാക്കി മര്‍ദിക്കുമായിരുന്നുവെന്നദ്ദേഹം പറയുന്നു. ഒരു ഹരിജന്‍ സ്ത്രീയുടെ മുലക്കണ്ണ് മുറിച്ചുകളഞ്ഞു. ആ സംഭവത്തോടെ ഇതിനെല്ലാമറുതി വരുത്താന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഹരിജനങ്ങൾ തീരുമാനിക്കുകയായിരുന്നു.
മീനാക്ഷിപുരത്തെക്കാള്‍ സാമ്പത്തിക ശേഷി കൂടിയ നഗരത്തിലെ ഹരിജനങ്ങളുടെ സ്ഥിതിയും പക്ഷേ വ്യത്യസ്തമായിരുന്നില്ല. മദ്രാസിനടുത്തെ കല്‍പ്പാക്കത്തുള്ള എഴുന്നൂറോളം പട്ടികജാതി തൊഴിലാളി കുടുംബങ്ങള്‍ മേല്‍ജാതി ജീവനക്കാരില്‍ നിന്നും നേരിട്ട ജാതിവിവേചനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും മറുപടിയായി 1981 ആഗസ്റ്റ് 15 ന് കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കുകയുണ്ടായി. 1981 ജൂലൈയില്‍ കല്‍പ്പാക്കം റീക്രിയേഷന്‍ ക്ലബിന്റെ വരാന്തയില്‍ നിന്നും ജാതി ഹിന്ദു ഓഫീസ് ജോലിക്കാര്‍ അംബേദ്കറുടെ ഒരു ചിത്രം അകത്തുള്ള മുറിയിലേക്ക് മാറ്റിയതായിരുന്നു അവരെ ഏറ്റവുമധികം പ്രകോപ്പിച്ചത്. ഒരു വര്‍ഷം മുമ്പ് അംബേദ്കറുടെ 90 ആം ജന്മദിനത്തില്‍ സ്ഥാപിച്ച ചിത്രമായിരുന്നുവത്.
പട്ടികജാതിയില്‍ മതംമാറിയവര്‍ക്ക് നിയമപ്രകാരം അതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടും. തമിഴ്‌നാട്ടിലെ പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് പോസ്റ്റ് മെട്രിക് വരെയുള്ള സൗജന്യ വിദ്യാഭ്യാസം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ഹോസ്റ്റല്‍ സൗകര്യങ്ങള്‍, സംവരണ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍, കൃഷിക്കും പാര്‍പ്പിടത്തിനും വേണ്ട ലോണുകളും ഗ്രാന്‍റുകളും, എന്നിവയെല്ലാം നഷ്ടപ്പെടും.
ഹരിജനങ്ങളെന്ന നിലയില്‍ തങ്ങളനുഭവിച്ചു വന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന ബോധ്യത്തോടുകൂടി തന്നെയാണ് മതപരിവര്‍ത്തനങ്ങളുണ്ടാകുന്നത്. ആനുകൂല്യങ്ങളെക്കാളും ആത്മാഭിമാനത്തിന് വില കല്‍പ്പിക്കുകയാണ് ഇന്ന് സമുദായം.
‘മനുഷ്യരെന്ന നിലയില്‍ വളരെ മന്ദഗതിയില്‍ ഞങ്ങള്‍ പുരോഗമിക്കുകയാണ് രണ്ടാംകിട പൗരന്മാരെന്ന നിലയിലുള്ള ത്വരിതവികസനത്തെക്കാളുമുത്തമം’. കടലാസില്‍ കെട്ടിക്കിടക്കുന്ന ഇത്തരം ആനുകൂല്യങ്ങളെല്ലാം ഗ്രാമങ്ങളിലേക്കെത്താറില്ലയെന്നതും വസ്തുത.
മതംമാറ്റങ്ങള്‍ നടന്നതിനു ശേഷം ഹരിജനങ്ങളുടെ തുല്യപദവിക്ക് വേണ്ടി പൊതുവായ ശ്രമങ്ങള്‍ ഗ്രാമത്തിലുണ്ടായി. മീനാക്ഷിപുരം സന്ദര്‍ശിച്ച ശേഷം സ്വാമിജിയും പേജവാര്‍ മുട്ടം നിരീക്ഷിക്കുന്നു. ‘സാമ്പത്തിക സഹായത്തെക്കാളും ഹരിജനങ്ങള്‍ ആവശ്യപ്പെടുന്നത് സമൂഹത്തിലെ തുല്യതയ്ക്ക് വേണ്ടിയാണ്’.പട്ടികജാതി- പട്ടികവര്‍ഗ പാര്‍ലമെന്റ് കമ്മിറ്റിയോട് തമിഴ്‌നാട് സാമൂഹ്യ ക്ഷേമ സമിതി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത്, പട്ടികജാതിക്കാരിലെ പാവപ്പെട്ടയാളുകളല്ല, മറിച്ച് വിദ്യാഭ്യാസമുള്ളവരാണ് മതംമാറുന്നവരിലധികവും. കാരണം, സാമ്പത്തിക സഹായമല്ലാതെ അവരുടെ സമൂഹിക സമത്വത്തിന് വേണ്ടി ഒന്നും നടപ്പിലാവുന്നില്ല. മീനാക്ഷിപുരം സംഭവമന്വേഷിച്ച മദ്രാസിലെ കേന്ദ്ര പട്ടികജാതി- പട്ടികവര്‍ഗ ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, ‘അയിത്തത്തില്‍ അധിഷ്ഠിതമായ കാലങ്ങളായി തുടരുന്ന സാമൂഹിക വിവേചനവും, ഹിന്ദു സമൂഹത്തിലെ വലിയ ഉഛനീചത്വങ്ങളുമാണ് മതപരിവര്‍ത്തനങ്ങളുടെ ഹേതു’.
ജഗജീവന്‍ റാമിന്റെ അഭിപ്രായത്തില്‍, ‘സ്വാതന്ത്യം ലഭിച്ച് 34 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, മതപരിവര്‍ത്തനത്തിലൂടെ മാത്രമേ ഹരിജനങ്ങള്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ’.
മതംമാറ്റ ഭീഷണി
സൂക്ഷമതലത്തില്‍, മതംമാറ്റങ്ങള്‍ സാമൂഹിക- സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനങ്ങളാണ്. മര്‍ദിത ജനതക്ക് സാമൂഹിക നീതിയും സാമ്പത്തിക മുന്നേറ്റവും പ്രദാനം ചെയ്യുന്നതില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെടുകയും അവരെ അസമത്വത്തില്‍ തുടര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍, അധികാര വ്യവസ്ഥയെ മാറ്റിമറിക്കാന്‍ അവര്‍ മതത്തെ ഉപയോഗിച്ചത് അവരെ സംബന്ധിച്ചെടുത്തോളം മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണെന്നു പറയാം.
ഈ രാഷ്ട്രീയവല്‍ക്കരണത്തിന് വേറൊരു മാനം കൂടിയുണ്ട്. തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇസ്‌ലാമിലേക്ക് മതം മാറുമെന്ന് ഭീഷണിപ്പെടുത്തുന്നു. അസമത്വവും ഭരണകൂടത്തിന്റെ അവഗണനയും തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ് അത്തരം ഭീഷണികളിലൂടെ. മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങള്‍ക്ക് ശേഷം, എവിടെയൊക്കെ മതപരിവര്‍ത്തന ഭീഷണിയുണ്ടാകുന്നുവോ അവിടെയെല്ലാം ഗവണ്‍മെന്റ് ജാഗ്രതയോടെ കുടിവെള്ള വിതരണവും വീടുവെക്കാന്‍ ഭൂമി അനുവദിക്കലും പോലുള്ള നടപടികള്‍ ചെയ്തുകൊടുത്തു. ‘മതംമാറ്റങ്ങള്‍ തടയാന്‍’ വേണ്ടി പോലീസും റവന്യൂ ഉദ്യോഗസ്ഥരും സകീമുകള്‍ നടപ്പിലാക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമൂഹ്യ സംഘര്‍ഷത്തില്‍ മതംമാറ്റ ഭീഷണിയുടെ പങ്ക് എത്രത്തോളമാണെന്ന് പോണ്ടിച്ചേരിക്കടുത്ത തിമ്മനായ്ക്കമ്പാളയം ഗ്രാമത്തിലെ ഹരിജനങ്ങളുടെ ഉദാഹരണത്തിലൂടെ മനസിലാക്കാം. ഹരിജനങ്ങള്‍ അവിടെ ഗ്രാമസഭയുടെ രേഖകളില്‍ ഉള്‍പ്പെടാത്ത ‘വാചിക’ കുടിയാന്‍മാരരും പണിക്കാരുമായിരുന്നു. അവരുടെ ഉല്‍പ്പാദനത്തിനു പുറമേ ഭൂവുടമകള്‍ ജലവിതരണത്തിന്റെയും ഭൂമിയുടെ വാടകയുടെയുമിനത്തില്‍ കൂടുതല്‍ ചൂഷണം നടത്തിയിരുന്നു. ഹരിജനങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ലഭിച്ചിരുന്ന ചില്ലറ സഹായങ്ങള്‍ പോലും ഭൂവുടമകള്‍ അലങ്കോലപ്പെടുത്തി. പാട്ടക്കരാര്‍ അവസാനിക്കുന്ന വര്‍ഷം ഭൂവുടമകള്‍ ഭൂമി തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹരിജനങ്ങള്‍ അതിനു തയ്യാറായില്ല. കലഹങ്ങളുണ്ടാവുകയും ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപെടുകയും ചെയ്തു. മൂന്നാം കക്ഷിയുടെ ഇടപെടലില്‍ വാടക പുനര്‍നിര്‍ണയിക്കുകയും കുടിയാന്‍മാര്‍ക്ക് കൃഷി തുടരാനും തീരുമാനമായി. പക്ഷേ ഭൂവുടമകള്‍ കരാര്‍ ലംഘിക്കുകയും ജലവിതരണം തടയുകയും ചെയ്തു. അതുമൂലം വിളകള്‍ നശിക്കുകയും കുടിയാന്‍മാര്‍ക്ക് ലോണ്‍ തിരിച്ചടക്കാനോ വാടക നല്‍കാനോ കഴിയാതെ വരികയും ചെയ്തു. ബാങ്ക് പുതുതായി ഒരു കാഷ് ക്രെഡിറ്റ് സിറ്റം അവതരിപ്പിച്ച് കുടിയാന്‍മാര്‍ക്ക് ആ വര്‍ഷം താല്‍ക്കാലിക ആശ്വാസം ന്ല്‍കി. അവരുടെ അവസ്ഥ റവന്യൂ സംവിധാനം ചെവിക്കൊണ്ടില്ല. ഭൂവുടമകള്‍ നിരവധി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാടക കുടിശ്ശികയുള്ളവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഭൂവുടമകള്‍ കൊടുത്ത ഹരജിക്ക് സിവില്‍ കോടതി അനുകൂലമായ വിധി കൊടുത്തു. കുടിയാന്‍മാര്‍ക്ക് നിയമപോരാട്ടത്തിനുള്ള പണമുണ്ടായില്ല. സര്‍ക്കാര്‍ സാമ്പത്തികമോ, നിയമപരമോ ആയ സഹായങ്ങളും നല്‍കിയില്ല. ഇവരുടെ ദുരിതം അഞ്ചു വര്‍ഷക്കാലം നീണ്ടു. ഒടുവില്‍ മതംമാറ്റ ഭീഷണി നടത്തിയതോടെയാണ് ഉന്നത തലങ്ങളില്‍ നിന്നും വരെ അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
മതംമാറ്റ ഭീഷണിയുടെ ഉപയോഗം പുതുതായുണ്ടായതല്ല. അരനൂറ്റാണ്ടു മുമ്പേ കേരളത്തില്‍ ദളിതുകള്‍ സമൂഹത്തില്‍ ഉന്നതിക്കു വേണ്ടി മതത്തെ ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദു ധര്‍മ അടിസ്ഥാനമാക്കി ഭരിച്ചിരുന്ന സ്‌റ്റേറ്റില്‍ പൗരാവകാശങ്ങള്‍ ചോദിക്കാന്‍ വേണ്ടി, ഈഴവ- പറയ- പുലയ സമുദായങ്ങള്‍ ഇസ്‌ലാം- ക്രൈസ്തവ മതങ്ങളെ കരുവാക്കിയിട്ടുണ്ട്. 1930 കളില്‍ ഈഴവര്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളെക്കുറിച്ച് ബോധവാന്മാരായ ഘട്ടത്തില്‍, ഭരണകൂടം തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്ട്ടില്ലയെന്ന് അവര്‍ തിരിച്ചറിഞ്ഞു. സമൂഹത്തില്‍ പദവിക്കു വേണ്ടി ഫലപ്രദമായ വഴിയായി മതംമാറ്റ ഭീഷണി മാറി. മാറാനുദ്ദേശിക്കുന്ന മതത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ഹൈന്ദവ മതത്തെ ഉപേക്ഷിച്ചു കൊണ്ട് അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്ലാവരും ഉറച്ചുനിന്നു. 1933 ജൂലൈ 31 ന് അഖില തിരുവിതാംകൂര്‍ ഈഴവ യൂത്ത് ലീഗ് എസ്എന്‍ഡിപി യോഗത്തോട് ഈഴവരെ അഹിന്ദുക്കളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. 1934 ജൂലൈയില്‍ എസ്എന്‍ഡിപി യോഗം ചേര്‍ന്ന മീറ്റിംഗില്‍ ഒരു മതപരിവര്‍ത്തന പ്രമേയം അവതരിപ്പിക്കപ്പെട്ടു. ജാതിഹിന്ദുക്കള്‍ ആധിപത്യം സ്ഥാപിച്ച ഹിന്ദു സമുദായത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജാതികള്‍ വളരെ അസ്വസ്ഥരായിരുന്നു. ക്ഷേത്രപ്രവേശനം അവരുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തിക്കൊണ്ട് മതംമാറ്റ ഭീഷണിക്കു മുന്നില്‍ അധികാരികള്‍ മുട്ടുമടക്കി. മതംമാറ്റ ഭീഷണിയും മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെയും കീഴാളര്‍ നേടിയെടുത്ത വിജയമായിരുന്ന ആ സംഭവം.
മതപരിവര്‍ത്തനം സാമൂഹിക പദവിയെ ബാധിക്കുന്നത്
തമിഴ്‌നാട്ടിലെ മതപരിവര്‍ത്തിത സമൂഹത്തിന് തങ്ങളുടെ പദവി എത്രത്തോളം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്ന് കാലത്തിനു മാത്രമാണ് പറയാന്‍ കഴിയുക. പക്ഷേ മൂന്നു തലങ്ങളില്‍ ഉടനെയുള്ള ഫലം കാണാം, ഒന്ന്, മതംമാറിയവര്‍ക്ക് സ്വന്തത്തോടുള്ള കാഴ്ച്ചപ്പാടില്‍, രണ്ട്, മുസ്‌ലിം സമുദായത്തിന് പരിവര്‍ത്തനം ചെയ്തവരോടുള്ള സമീപനത്തില്‍, മൂന്ന്, മതംമാറിയവരോട് പൊതു സമൂഹത്തിന്റെ സമീപനം.
മതംമാറിയവരുടെ പൊതുവായുള്ള കാഴ്ച്ചപ്പാട്, തങ്ങള്‍ ഇസ്‌ലാമില്‍ ആശ്വാസം കണ്ടെത്തിയെന്നതായിരുന്നു. ഇസ്‌ലാം സ്വീകരിച്ച മീനാക്ഷിപുരത്തെ ഹരിജനങ്ങള്‍ക്കിടയില്‍ ദി ഹിന്ദു ഒരു സര്‍വേ നടത്തിയിരുന്നു. രാമനാഥപുരത്തെ അതിയൂത്ത് ഗ്രാമത്തിലെ മതംമാറിയവര്‍ തങ്ങള്‍ ഇനിമുതല്‍ അപമാനഭാരത്തോടെ ജീവിക്കേണ്ടതില്ലെന്ന കാരണത്താല്‍ ആഹ്ളാദഭരിതരായിരുന്നു. ഇളമന്നൂര്‍, മേലക്കോട്ടൈ, കൊറയൂര്‍ ഗ്രാമങ്ങളിലെ മതംമാറിയവര്‍ മദ്യപാനം ഉപേക്ഷിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചു മാത്രം നടക്കുകയും ചെയ്തു. മതംമാറിയ ഹരിജനങ്ങളുടെ ആവലാതികളോട് ഹിന്ദുക്കളെക്കാള്‍ മുസ്‌ലിംകള്‍ വളരെ അനുഭാവപൂര്‍വം പ്രതികരിച്ചതായി അവര്‍ക്കനുഭവപ്പെട്ടു. “ഞങ്ങള്‍ക്കിനി തലയുയര്‍ത്തി നടക്കാം, സമൂഹത്തില്‍ ഞങ്ങള്‍ തുല്യരായി” കൊറയൂര്‍ ഗ്രാമത്തിലെ ഒരു ഹരിജന്‍ പറയുന്നു.
മുസ്‌ലിം സമുദായത്തിന്റെ കാര്യമെടുത്താല്‍, അവര്‍ തങ്ങളുടെ പെണ്‍മക്കളെ പുതുമുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ മുന്നോട്ടു വന്നു. മതംമാറിയവര്‍ക്ക് പൂര്‍ണ സമത്വമനുഭവപ്പെട്ടു.
വലിയൊരു സമൂഹത്തില്‍, കൂട്ടമായുള്ള മതംമാറ്റം മതംമാറിയവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും കോലാഹലങ്ങളുണ്ടാക്കാറുണ്ട്. ജാതി ഹിന്ദുക്കള്‍ക്ക് മതംമാറിയവരോട് തെല്ലു ബഹുമാനമുണ്ടാകില്ല, ഹരിജനങ്ങള്‍ അവര്‍ക്കെതിരെ തിരിയുകയാണ് പതിവ്. ജാതിഹിന്ദുക്കളുടെ നിലങ്ങളില്‍ മതംമാറിയവര്‍ പണിയെടുക്കാന്‍ വിസമ്മതിച്ചു. സമീപഗ്രാമങ്ങളില്‍ ജോലി ചെയ്യാനാരംഭിച്ചു. പ്രദേശത്തെ മുസ്‌ലിംകളില്‍ ചിലര്‍ ജോലികള്‍ നല്‍കി. ഇസ്‌ലാമിന്റെ പാഠങ്ങള്‍ അഭ്യസിക്കുന്നതിനായി ചിലര്‍ വെല്ലൂരിലേക്കോ പൊന്നാനിയിലേക്കോ പോയി.
മതപരിവര്‍ത്തനങ്ങളിലൂടെ സാമൂഹിക ചലനാത്മകത തനിയേ ഉണ്ടായി വരികയില്ലെന്നത് വ്യക്തമാണ്. ഹിന്ദു മതമല്ലാത്ത മറ്റൊരു മതത്തിലെ സാന്നിധ്യം തരുന്ന ആചാരപരമായ സ്ഥാനം സാധ്യമാണ്. 1880കളില്‍ മലബാറിലെ കളക്ടറും മജിസ്‌ട്രേറ്റുമായിരുന്ന വില്യം ലോഗന്‍ സാക്ഷ്യപ്പെടുത്തുന്നത്, “ഒരു താഴ്ന്ന ജാതിക്കാരന്റെ മുഹമ്മദനിസത്തിലേക്കുള്ള മാറ്റം അയാളുടെ സാമൂഹ്യ സ്ഥിതി ഉയര്‍ത്തുകയും ഹിന്ദുക്കളാല്‍ കൂടുതല്‍ ബഹുമാനത്തോടെ പരിഗണിക്കപ്പെടാനും കാരണമായിട്ടുണ്ട്”. മതംമാറ്റത്തെക്കുറിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഗ്രെമിയുടെ റിപ്പോര്‍ട്ട് അദ്ദേഹം ഉദ്ധരിക്കുന്നു. “ഒരു പ്രത്യേക സ്ഥാനത്തു മാത്രം ഇരിക്കാന്‍ കല്‍പ്പിക്കപ്പെട്ട ശ്രേണിയില്‍ അയാള്‍ ഇനിമുതല്‍ കണ്ണിയല്ല. അദ്ദേഹത്തിന്റെ മുന്‍കഴിഞ്ഞ മോശം ഗുണങ്ങളെല്ലാം അയാളുടെ പുതിയ വിശ്വാസം നിര്‍വീര്യമാക്കിയിരിക്കുന്നു. ജാതിഹിന്ദുക്കളാല്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിച്ച അധകൃതനല്ല ഇനിമുതലദ്ദേഹം. അത്തരം ശുദ്ധിയാചരണങ്ങളുടെ മാറാപ്പുകളില്ലാത്തൊരു കൂട്ടത്തിലാണ് താന്‍”.
ഭാഗം രണ്ട് വായിക്കാൻ ക്ലിക്കു ചെയ്യുക
Courtesy: EPW
വിവ: റമീസുദ്ദീൻ വി എം