കുടിയിറക്കപ്പെടുന്ന ഭൂരഹിതരുടെ കേരളം

[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text]

നെയ്യാറ്റിൻകരയിലെ മൂന്ന് സെൻ്റ് കോളനിയിൽ കുടിയിറക്കലിനെതിരെ സ്വയം പ്രതിരോധത്തിനിടെ കൊല ചെയ്യപ്പെട്ട രാജനും ഭാര്യ അമ്പിളിയും, അതുപോലെ ഭരണകൂടത്തിൻ്റെയും, അധീശ സാമൂഹിക-നിയമാധികാരത്തിൻ്റെയും നേർക്ക് വിരൽ ചൂണ്ടി കൊണ്ട് മാതാപിതാക്കൾക്ക് വേണ്ടി കുഴിമാടം വെട്ടിയ പതിനേഴുകാരനായ ദലിത് വിദ്യാർത്ഥിയുടെ കാഴ്ച്ചയും നടുക്കത്തോടൊപ്പം പുരോഗമന കേരള മോഡലിൻ്റെ കാപട്യങ്ങളിലേക്ക് വീണ്ടും വീണ്ടും വിരൽ ചൂണ്ടുന്നു. കേരളത്തിലെ ഭരണകൂട കൊലപാതകങ്ങൾ, പോലീസ് ഹിംസ, ദുരഭിമാനകൊലകൾ എന്നിവയെ യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി സമീകരിച്ചും, സവിശേഷമായി, “ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ?” എന്ന് ആശ്ചര്യപ്പെടുന്നത് തന്നെ കേരളത്തിൽ ജാതി അധികാരം നിലനിൽക്കുന്നു എന്ന് അംഗീകരിക്കാൻ മലയാളി സമൂഹം ഒരിക്കലും തയ്യാറല്ല എന്നതാണ് തെളിയിക്കുന്നത്.

കേരളം മതേതരമായ ആധുനികതയിലേക്ക് പ്രവേശിക്കുന്നതോടെ മലയാളി, ജാതിരഹിത, മതരഹിത മനുഷ്യനായെന്നും, ജാതി വിദൂരതയിലെവിടെയോ ഒറ്റപ്പെട്ട് സംഭവിക്കുന്ന പ്രതിഭാസമായി കണ്ട് ലഘൂകരിക്കാനുമാണ് മലയാളി സമൂഹം താൽപര്യപെടുന്നത്. കീഴാള സാമൂഹിക വിഭാഗങ്ങളുടെ പോരാട്ടങ്ങളുടേയും, വ്യത്യസ്ത സാമുദായിക രൂപീകരണ ചോദ്യങ്ങൾ കൊണ്ടും ഉയർന്ന് വന്ന കേരളത്തിൻ്റെ നവോത്ഥാന ചരിത്രം വഴിയിലുപേക്ഷിച്ച് ഐക്യകേരളം കൂടുതൽ സവർണവൽക്കരിക്കപ്പെടുകയാണുണ്ടായത്. പാലക്കാട് തേങ്കുറിശിയിലെ അനീഷിൻ്റെ ദുരഭിമാനകൊലയും, ഭരണകൂടത്തിൻ്റെയും സാമൂഹിക-നിയമ സംവിധാനങ്ങളുടെ മനുഷ്യത്വവിരുദ്ധത കൊണ്ട് നിറഞ്ഞ നെയ്യാറ്റിൻകര സംഭവവുമെല്ലാം, കേരളത്തിലെ ഭൂപ്രശ്നം, ജാതികോളനികൾ, വിഭവ വിതരണം, അധികാരം തുടങ്ങിയ സാമൂഹിക -രാഷ്ട്രീയ പ്രശ്നങ്ങളുടെ ഗൗരവമായ പുനരാലോചനകൾക്ക് വഴിവെക്കുന്നുണ്ട്.

ഭൂമി, ജാതി, അധികാരം

ഭൂപ്രഭുക്കൻമാരിലും, കൊളോണിയൽ അധികാരികളിലുമായി വ്യാപിച്ചുകിടന്ന ഭൂമിയിൽ കുടികിടപ്പുകാരും, തൊഴിലാളികളുമായിരുന്നു കേരളത്തിലെ ദലിത്-ആദിവാസി പിന്നോക്ക സാമൂഹിക വിഭാഗങ്ങൾ. അയ്യങ്കാളിയുടേയും, പൊയ്കയിൽ അപ്പച്ചൻ്റെയുമൊക്കെ നേതൃത്വത്തിൽ പൊതുമണ്ഡലത്തിലേക്കുള്ള ദൃശ്യതക്കും, വിദ്യാഭ്യാസത്തിനുമായി അനേകം സാമൂഹിക പോരാട്ടങ്ങൾ നടന്നെങ്കിലും, ഭൂഉടമസ്ഥാവകാശം, വിഭവാധികാരം, കൃഷിഭൂമിയുടെ നീതിപൂർവ്വമായ വിതരണം എന്നിവ മുൻനിർത്തി സംഘടിതമായ വലിയ സമര പോരാട്ടങ്ങൾ ദലിതർ അടക്കമുള്ള പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യാനന്തരം 1948- ൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ കെ.പി വള്ളോൻ ഭൂമിപ്രശ്നം പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ അതിജീവന പ്രശ്നമായി ഉന്നയിച്ച് പ്രമേയം അവതരിപ്പിക്കുന്നത്. അന്ന് അത് വലിയ ചർച്ചകൾക്ക് വഴിവെച്ചില്ലെങ്കിലും പിന്നീട് ഐക്യകേരളത്തിൽ അധികാരത്തിലേറിയ ഇം.എം.എ.സിൻ്റെ നേത്യത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ ഭൂമിക്ക് പരിധി നിശ്ചയിച്ചു കൊണ്ടുള്ള കാർഷിക ഭൂപരിഷ്ക്കരണ ബില്ല് കൊണ്ട് വരുകയും 1970 ലെ സി. അച്ചുതമേനോൻ സർക്കാർ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കുകയുമുണ്ടായി. ജന്മിത്വ ഭൂപ്രഭു വ്യവസ്ഥ ഇല്ലാതാക്കും, കേരളത്തിലെ എല്ലാവർക്കും ഭൂമി ലഭ്യമാക്കും, കേരള മോഡലിൻ്റെ ആരംഭം, തുടങ്ങിയ വലിയ അവകാശവാദങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുന്നോട്ട് വെച്ചിരുന്നത്.

ആരായിരുന്നു കേരളത്തിലെ ഭൂമിയുടെ ഗുണഭോക്താക്കൾ? ഭൂപ്രഭുക്കന്മാരുടേയും, നാടുവാഴികളുടേയും, കൊളോണിയൽ കാലഘട്ടത്തിനു ശേഷവും ഭൂമി കൃത്യമായി സവർണ പുരുഷനിൽ കേന്ദ്രീകൃതമായിരുന്നു.

കാർഷിക ഭൂപരിഷ്ക്കരണ ബില്ല് കൊണ്ടു വന്ന് രണ്ട് വർഷത്തിനു ശേഷം, ‘ചാത്തു പൂട്ടാൻ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ’ തുടങ്ങിയ മുദ്രാവാക്യവുമായി വിമോചനസമരത്തിലൂടെ സവർണ ക്രിസ്ത്യൻ, നായർ അധികാരശക്തികളും ഭൂമാഫിയകളും ചേർന്ന് ഭരണത്തിലുണ്ടായിരുന്ന ഇടത് സർക്കാറിനെ താഴെയിറക്കി എന്നു മാത്രമല്ല, കേരളത്തിലെ ദലിതരടക്കമുള്ള പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ ഭൂവുടമസ്ഥത, അധികാരം, പൊതു ദൃശ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു. കേരളത്തിലെ മാറി മാറി വന്ന വലത്-ഇടത് സർക്കാറുകളിൽ ഇരിപ്പിടമുറപ്പിച്ച സവർണ ശക്തികളുമായി സന്ധി ചെയ്യുന്ന നിലപാടാണ് പിൽക്കാലത്ത് ഇടതുപക്ഷം സ്വീകരിച്ചുപോന്നത്. ദേവസ്വം ബോർഡിലും, ഉദ്യോഗ, വിദ്യാഭ്യാസ അധികാര സംവിധാനങ്ങളിലുമെല്ലാം നടപ്പിലാക്കിയ സവർണ സംവരണം ഇതിനുദാഹരണമാണ്. ദേശീയതലത്തിൽ ‘കൃഷിഭൂമി കർഷകന്’ തുടങ്ങിയ ഉപരിപ്ലവ മുദ്രാവാക്യങ്ങളും, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ പാടി നടന്ന ‘നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ തുടങ്ങിയ കാൽപനികതക്കൊന്നും ദലിതർ അടക്കമുള്ള പിന്നോക്ക സാമൂഹ്യ വിഭാഗങ്ങളുടെ ഭൂപ്രശ്നത്തെ സവിശേഷമായി അഭിമുഖീകരിക്കാൻ തയ്യാറായില്ല. കേരളത്തിലെ ഭൂരാഹിത്യത്തിൻ്റെ അടിസ്ഥാനമായ ജാതിയെ മറച്ചുപിടിച്ച് കൊണ്ട് ദലിതർ അടക്കമുള്ള ഭൂരഹിത കർഷകരെ, പാട്ട കുടിയാനും, വാര കുടിയാൻമാരാക്കി സംഘടനയുണ്ടാക്കി, ഇല്ലായ്മകളെയും, വല്ലായ്മകളെയും സത്താവൽക്കരിച്ച് കേവലം കർഷക തൊഴിലാളി എന്ന ഒറ്റമൂലി സംവർഗ്ഗത്തിലേക്ക് ന്യൂനീകരിക്കുകയുമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്തത്.

ഭൂവിതരണം, തൊഴിൽ, ഭൂവിനിയോഗം

കേരളത്തിലെ കാർഷിക ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് തോട്ടം മേഖല, ബിനാമി ഇടപാടുകൾ, കുടുംബ ട്രസ്റ്റുകൾ തുടങ്ങിയവയെ 15 ഏക്കർ പരിധിയിൽ നിന്ന് ഒഴിവാക്കിയാണ് ഭൂവിതരണം നടത്തിയത്. ഭൂപ്രഭുക്കൻമാരുടെയും കൊളോണിയൽ കാലയളവ് മുതൽ മണ്ണിൽ പണിയെടുത്തിരുന്ന ദലിതർ അടക്കമുള്ള ഭൂരഹിതരായ തൊഴിലാളികൾക്ക് രണ്ട്, മൂന്ന് സെൻ്റ് ജാതി കോളനികളിലും, പുറമ്പോക്കിലുമായി പതിച്ചു നൽകുകയും, തോട്ടം, ബിനാമി, കുടുംബ ട്രസ്റ്റ് എന്നിവയുടെ ആനുകൂല്യത്തിൽ സംഘടിത സവർണ ശക്തികളും, വൻകിട കുത്തകകളും അവരുടെ ദല്ലാളൻമാരും ഇടനിലക്കാരായി നിന്നവർ ഭൂമി കൈക്കലാക്കുകയായിരുന്നുവെന്നാണ് ഭൂപരിഷ്ക്കരണവുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മറ്റൊന്ന് ഭൂരാഹിത്യ പ്രശ്നം ഭൂമിയുടെ അസന്തുലിതമായ വിതരണത്തിൻ്റെ മാത്രം പ്രശ്നമല്ല മറിച്ച് ഭൂമി എന്ന സാമൂഹിക സാമ്പത്തിക, സാംസ്കാരിക മൂലധനത്തിൻ്റെ വ്യത്യസ്ത പദവി രൂപീകരണത്തിൻ്റെയും, വിനിയോഗത്തിൻ്റെയും തലങ്ങൾ കൂടി അവയ്ക്കകത്തുണ്ട്.

1970 കളോടെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ കാർഷിക വൃത്തിയിൽ നിന്ന് അസംഘടിത മേഖലയിലേക്കും, സർവ്വീസ് സെക്ടറിലേക്കും മാറാൻ തുടങ്ങി. ഇതിൻ്റെയടിസ്ഥാനത്തിൽ ഭൂമി മറ്റു പല വിനിമയോപാധികൾക്കാണ്(വിദ്യാഭ്യാസം,തൊഴിൽ, സംരംഭങ്ങൾ) സംഘടിത സവർണ ശക്തികൾ വിനിയോഗിച്ചത്. പക്ഷേ ദലിതരും, കുടിയാന്മാരും തങ്ങൾക്ക് ലഭിച്ച തുണ്ട് ഭൂമിയിൽ പണിയെടുത്ത് വിളവെടുത്ത് സംരക്ഷിക്കണമെന്ന വ്യവസ്ഥയോടെ മറ്റു മേഖലകളിലേക്ക് അനായാസം കടക്കാനാവാതെ സാമൂഹിക ചലനാത്മകയില്ലാത്തവരായി തീർന്നു.

ഭൂമി, തൊഴിൽ, സാമൂഹിക പദവി എന്നിവയിൽ സത്താവാദപരമായ ഇടത് പുരോഗമന കാൽപനികവാദം, ദലിതർ അടക്കമുള്ള പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ ഭൂമിക്ക് മേലുള്ള സാമൂഹിക സാംസ്കാരിക മൂലധന അഭാവം, കീഴാള ജീവിതാവസ്ഥകളെ, വൈജ്ഞാനികതയെ, പൊതുമണ്ഡലദൃശ്യതയെ ഇല്ലാതാക്കി. മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും, സവർണ മൂലധന ശക്തികൾക്കും ദലിതർ അടക്കമുള്ള കീഴാള സാമൂഹിക വിഭാഗങ്ങൾക്കും മേൽ ആഖ്യാനങ്ങൾ നിർമ്മിക്കാനും, അവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാനും, സമുദായം എന്ന നിലയിൽ കീഴാള സമുദായങ്ങളുടെ സംഘാടന ശക്തി നിഷ്ക്രിയമാക്കാനും സാധിച്ചു. മറ്റൊരു സംഗതി ഇതിനോട് ഒപ്പം ചേർത്ത് വായിക്കേണ്ടത്,
1921 ലെ മലബാർ വിപ്ലവത്തിനു ശേഷം അരക്ഷിതാവസ്ഥയിലായ, സാമൂഹികവും, സാംസ്കാരിക മൂലധനമില്ലാതിരുന്ന മുസ്ലിം സമുദായം 1970 കൾക്കു ശേഷമുള്ള സവിശേഷമായ ഗൾഫ് ബൂമിലൂടെ മൊബിലിറ്റിയും, സാമ്പത്തിക മൂലധനവും കൈവരിക്കുകയും,മുസ്ലിം ലീഗ് എന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സംഘാടനത്തിലൂടെ ഒരു പരിധിവരെയെങ്കിലും കേരളീയ സാമൂഹിക രാഷ്ട്രീയ സവർണ മണ്ഡലത്തിൽ പിടിച്ച് നിൽക്കാനുമായി.

ജാതി കോളനികൾ

ഏതാണ്ട് രണ്ടര ലക്ഷം കുടുംബങ്ങൾ അധിവസിക്കുന്ന ഇരുപത്തിഏഴായിരത്തിനടുത്ത് ജാതി കോളനികൾ കേരളത്തിലുണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ ജാതി കോളനികളെ കുറിച്ച് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നത് കേരളത്തിൽ അര ലക്ഷത്തിനടുത്ത് ജാതി കോളനികളും, അയ്യായിരത്തിനടുത്ത് ആദിവാസി കോളനികൾ ഉണ്ട് എന്നതാണ്.

കേരളത്തിലെ മുഖ്യധാര സാമൂഹിക മണ്ഡലത്തിൽ നിന്നുള്ള പുറംതള്ളലിൻ്റെ
(exclusion) മാത്രം പ്രശ്നമല്ല ജാതി കോളനികൾക്കുള്ളത്, മറിച്ച് ആധുനിക സാമൂഹിക-നിയമ അധികാര സംവിധാനത്തിൽ പ്രവൃത്തിക്കുന്ന ജാതി ഘടനയാണ് ജാതി കോളനികളും പുറംമ്പോക്കുകളും ലയങ്ങളുമുണ്ടാക്കിയതെന്ന് അംഗീകരിക്കാൻ മലയാളി പൊതുസമൂഹം തയ്യാറാവില്ല.

നഗരത്തിൻ്റെ മാലിന്യക്കൂമ്പാരത്തിൽ, പൊതുസ്മശാനത്തിൽ നിന്ന് ബഹിഷ്കൃതരായ പുറംമ്പോക്ക് ജീവിതങ്ങൾക്ക് നരകതുല്യമായ അടിമ ജീവിതമാണെന്ന് മാത്രമല്ല, മേൽവിലാസവും, ഐഡൻ്റിറ്റിയുമില്ലാത്ത, ജീവിച്ചിരിക്കുന്നതിന് പോലും തെളിവില്ലാത്ത കീഴാള ദലിത് പിന്നോക്ക ശരീരങ്ങളാണ് അവർ.
പൗരത്വ നിഷേധത്തിൻ്റെ സവിശേഷ പശ്ചാത്തലത്തിൽ അവകാശങ്ങളേതുമില്ലാത്ത അർദ്ധ മനുഷ്യരായും, മനുഷ്യപദവി തന്നെ പൂർണമായും നിഷേധിക്കപ്പെട്ടവരായുമാണ് കേരളത്തിലെ കോളനികളിലെ ലയങ്ങളിലെ, പുറമ്പോക്ക് റെയിൽവേ ട്രാക്ക് ജീവിതങ്ങൾ.

ഇതു കൂടാതെ കോളനി പോലയുള്ള പദപ്രയോഗങ്ങളെ വംശീയ ചുവയുള്ള അധിക്ഷേപമായിട്ടാണ് സവർണ ഫാൻ്റസികളും, സാഹിത്യങ്ങളും നോക്കിക്കാണുന്നത്. ആറാം തമ്പുരാൻ സിനിമയിൽ, സവർണ ഹൈന്ദവ ജനപ്രിയ ഉത്സവത്തിനിടക്ക്, ഉത്സവത്തെ ചൊല്ലിയുള്ള കുടിപ്പക തീർക്കാൻ വേണ്ടി പോലീസിനെ ഒഴിവാക്കാൻ പറയുന്നത് നോക്കൂ, ചാലിക്കര കോളനിക്ക് തീയിട്ടു എന്ന വാർത്ത പ്രചരിപ്പിക്കുകയാണ്. സവർണ ഇംഗിതത്തിന് മുന്നിൽ ആ ഹിംസ അവിടെ സ്വഭാവികമായി അദൃശ്യവൽക്കരിക്കപ്പെടുകയും, വെന്തുരുളുന്ന, യാതൊരു ഉറപ്പും പരിരക്ഷയുമില്ലാത്ത ശരീരങ്ങളാണ് കീഴാള, കോളനി ജീവിതങ്ങൾ എന്നാണ് അതിലൂടെ പറഞ്ഞ് വെക്കുന്നത്.

ഇത്തരത്തിൽ നിറത്തിൻ്റെയും രൂപത്തിൻ്റെയും പേരിൽ വിനായകനെ കൊലപ്പെടുത്തിയ കേരളം. വടയമ്പാടിയും, ദേവികയും, ആർഎൽവി രാമകൃഷ്ണനും, അശാന്തനും ഉൾപ്പെടെ ജാതീയവും സാമൂഹികവുമായ വിവേചനങ്ങൾ നടന്നു കഴിഞ്ഞ, മോഷണകുറ്റം ആരോപിച്ച് ആദിവാസിയായ മധുവിനെ അടിച്ചു കൊന്ന ‘അട്ടപ്പാടിയിൽ ഉള്ളവർക്കെന്താ ലുലു മാളിൽ കാര്യം’ എന്ന സവർണ ഹാസ്യം വിറ്റഴിക്കപ്പെടുന്ന കേരളത്തിലാണ് ലൈഫ് മിഷനിലൂടെ ദലിതരെ ഉടമസ്ഥാവകാശമില്ലാത്ത ലക്ഷം വീട് ഫ്ളാറ്റ് കോളനികളിൽ തളച്ചിടുന്ന ഒറ്റമൂലികൾ വലിയ വികസന പകിട്ടോടെ നടപ്പിലാക്കുന്നത്.

ഭൂസമരങ്ങൾ, ഭാവി

അഞ്ചരലക്ഷത്തോളം അനധികൃത ഭൂമിയാണ് ടാറ്റ, ഹാരിസൺ മലയാളം പ്ലാൻ്റേഷൻ, കണ്ണൻ ദേവൻ പോലയുള്ള വൻകിട കുത്തകകൾ കൈവശം വെച്ചിരിക്കുന്നത് എന്ന് രാജമാണിക്യം, നിവേദിത. പി.ഹരൻ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാറിന് മുന്നിൽ സമർപ്പിച്ചതാണ്. കേരളത്തിൽ ഭൂമിയെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ കമ്മീഷൻ റിപ്പോർട്ടുകൾ. കൊളാണിയൽ കാലയളവിൽ ഭൂപ്രഭുക്കൻമാരിൽ നിന്ന് തുഛമായ വിലയ്ക്ക് ഭൂമി വാങ്ങിയ വിദേശ കുത്തകകൾക്ക് ഐക്യകേരളത്തിൽ എങ്ങനെയാണ് ഭൂമിയുടെ വലിയ പങ്കും കൈക്കലായത് എന്ന് മാത്രമല്ല, ഈ എസ്റ്റേറ്റ് ഭൂമി മുറിച്ച് വിൽക്കുകയും സർക്കാറിന് വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലുമാണ്. 18 ലക്ഷം ഹെക്ടറോളമുണ്ടായിരുന്ന കേരളത്തിലെ മിച്ചഭൂമി പിന്നീട് വളച്ചുകെട്ടിയും മറ്റും ഇഷ്ടദാനം നടത്തുകയായിരുന്നു. അതേ പോലെ വ്യവസായികളും, ആഭ്യന്തര കുടിയേറ്റക്കാരും, റിസോർട്ട് മുതലാളിമാരും കാട്ടിലേക്ക് കടക്കുകയും 1980ലെ വനവകാശ നിയമത്തെ അട്ടിമറിച്ച് ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്നെല്ലാം ആട്ടി പറഞ്ഞയക്കുകയുമായിരുന്നു. കൊളോണിയൽ കാലത്ത് ആദിവാസികളെ വന്യജീവികളെ പോലെ നിയന്ത്രിച്ചിരുന്ന Hill ment ചട്ടങ്ങൾ 1966 വരെ കേരളത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ സവർണ ജാതി ശക്തികളും, മൂലധനശക്തികളും, ഭൂമാഫിയക്കാരടങ്ങുന്ന ശൃംഖലക്കെതിരെ ചെറുവിരലനക്കാൻ ഇടത്-വലത് സർക്കാറുകൾക്ക് ഇഛാശക്തിയില്ല എന്നതാണ് വാസ്തവം.

1970 കളാനന്തരം ദലിത് സംജ്ഞ കീഴാള വൈജ്ഞാനിക, പ്രതിരോധ വ്യവഹാരമായി ഉയർന്ന് വന്ന് ഭൂവധികാര നിഷേധത്തെ പ്രശ്നവൽക്കരിച്ചെങ്കിലും, രണ്ടായിരമാണ്ടിനു ശേഷമാണ് ഭൂപ്രശ്നത്തെ രാഷ്ട്രീയ അതിജീവന പ്രശ്നമായി കണ്ട് മുത്തങ്ങയിലും, അരിപ്പയിലും, ചെങ്ങറയിലുമെല്ലാം കുടിൽകെട്ടി സംഘടിതമായി ദലിത്-ആദിവാസി പിന്നോക്ക സാമൂഹ്യ വിഭാഗങ്ങൾ സമര പോരാട്ടങ്ങൾക്കിറങ്ങുന്നത്. ഭൂവധികാരബന്ധങ്ങളിലെ ജാതി, വിഭവാധികാരം, ദലിത്-ആദിവാസി പിന്നോക്ക സാമൂഹ്യ വിഭാഗങ്ങൾക്ക് പത്ത് സെൻ്റ് വീതം ഉടമസ്ഥാവകാശമുള്ള ഭൂമി, കേരളത്തിലെ ജാതി കോളനികൾ ഇല്ലാതാക്കുക(ചലോ തിരുവനന്തപുരം) തുടങ്ങിയ സാമൂഹികവും നിയമപരവുമായ അവകാശ ചോദ്യങ്ങളെ കേരളത്തിലെ സിവിൽ സമൂഹവും മാധ്യമങ്ങളും നിസ്സാരവൽക്കരിക്കുകയും, ഭരണകൂടവും പോലീസും ചേർന്ന് അടിച്ചമർത്തുകയുമാണ് ചെയ്തത്. മുത്തങ്ങയിൽ ഐക്യ ജനാധിപത്യ സർക്കാറിൻ്റെ കാലത്ത് പോലീസ് തേർവാഴ്ച്ച നടത്തുകയും, ജോഗി എന്ന ആദിവാസി യുവാവ് രക്തസാക്ഷിയാവുകയും ചെയ്തു. ഇടതുപക്ഷ രക്ഷാകർതൃത്വങ്ങളും, സിഐടിയു പോലെയുള്ള ട്രേഡ് യൂണിയൻ സംഘടനകളെ നിരാകരിച്ച ചെങ്ങറ സമരക്കാർ മോഷണ കൂട്ടമാവുകയും, സലീന പ്രക്കാനം നേതൃത്വം നൽകിയ DHRM പോലയുള്ള ദലിത് സംഘടനകളെ തീവ്രവാദികളാക്കിയും, ഗോമതിയുടെ നേതൃത്വത്തിലെ തോട്ടം തൊഴിലാളികളുടെ പൊമ്പിളെ ഒരുമൈ സമരത്തെ അസൻമാർഗികളാക്കിയുമാണ് ഇടതുപക്ഷം നേരിട്ടത്.

കേരളത്തിലെ ദലിതർ അടക്കമുള്ള പിന്നാക്ക സാമൂഹ്യ വിഭാഗങ്ങളുടെ ഭൂരാഹിത്യത്തെ പാർപ്പിട പ്രശ്നമായാണ് ഇപ്പോഴും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, സിവിൽ സമൂഹവും നോക്കി കാണുന്നത്. സർക്കാർ ഭൂമി വാങ്ങി വീട് വെച്ച് കൊടുത്തും, ധനസഹായം നൽകിയും, ഫ്ളാറ്റ് കോളനികൾ നൽകിയും, വ്യക്തികളും, കൂട്ടായ്മകളടക്കം ഭവന ചലഞ്ച് നടത്തുകയാണ് നെയ്യാറ്റിൻകര സംഭവത്തിലും, മുമ്പ് നടന്ന ജിഷ സംഭവത്തിലും നാം കണ്ടത്.

ജാതിബന്ധിതമായ സവർണ ഭൂവധികാരം, കുടിയൊഴിപ്പിക്കലിൻ്റെ അമിതാധികാര രൂപമായ സർഫാസി നിയമം എന്നിവയെ നിരന്തരം ചോദ്യം ചെയ്യേണ്ടതുണ്ട്. വിഭവാധികാരം, നിയമപരമായ പരിരക്ഷ, കേരളത്തിലെ ജാതി കോളനികൾ ഇല്ലാതാക്കുക തുടങ്ങിയ ഭൂസമര പ്രക്ഷോഭ മുദ്രാവാക്യങ്ങൾക്ക്, തുടർച്ചയുണ്ടാവണം. കേരള മോഡൽ വികസനം കുമിളയാണെന്ന് നിരന്തരം വിളിച്ച് പറയണം.
പൗരത്വം പോലെ ഭൂവിഷയത്തെയും രാഷ്ട്രീയ അതിജീവന പ്രശ്നമായി ഉറപ്പിച്ച് ദലിതർ, ആദിവാസികൾ, മത്സ്യതൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, മതന്യൂനപക്ഷങ്ങൾ, നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മറ്റു പിന്നോക്ക സാമൂഹ്യ വിഭാഗങ്ങൾ എന്നിവരുടെ ഐക്യനിരയിലും നേതൃത്വത്തിലുമായി സാമൂഹിക- നിയമ അധികാര സമ്മർദ്ദങ്ങളും, പ്രക്ഷോഭങ്ങളും വരും കാലങ്ങളിലും കൂടുതൽ ശക്തമാവേണ്ടതുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
By സി. യഹിയ

PG Student, HCU