സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത ‘ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്’ (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്.”ദളിത് രൂപ”മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും മറ്റുമാണ് രാജാമണി ഉയർത്തിക്കാണിക്കുന്നത്. ദളിത് രക്ഷകപാത്രങ്ങളാകാൻ ശ്രമിക്കുന്ന സവർണ ശരീരങ്ങളെ ആത്മപരിശോധന നടത്താൻ പ്രേരണ നൽകുന്ന ചിത്രം കപടരക്ഷക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചുറ്റുമുള്ളവരെ സരസമായി വരച്ചുകാണിക്കുന്നു.

ഹ്രസ്വചിത്രത്തിലെ സവർണ കഥാപാത്രങ്ങൾക്ക് അവർ നിർമിക്കുന്ന ചിത്രത്തിലേക്ക് ഒരു ദലിത് കഥാപാത്രത്തെ കണ്ടെത്താനാവാതെ വരുന്നു. അങ്ങനെ “ദലിതനെ പോലെ തോന്നിക്കുന്ന” ഒരു അഭിനേതാവിനെ അവർ തേടുകയാണ്. ഏറ്റവുമൊടുവിൽ അവർ കണ്ടെത്തുന്ന ദലിതയായ അഭിനേതാവ് ‘ദലിതാവാൻ കഴിയാത്തവണ്ണം സുന്ദരിയാണ്’. അവരുടെ വർണ്ണനകൾക്ക് വേണ്ടി തങ്ങളുടെ തന്നെ മുഖത്ത് ചായമടിച്ചും മറ്റും ഇരുണ്ടതാക്കി ‘ദളിത്‌ രൂപ’ത്തിൽ പ്രദർശിപ്പിക്കയാണിവിടെ. ദളിത് സ്വതത്തെ അടയാളപ്പെടുത്താൻ വേണ്ടി നടത്തുന്ന ഇത്തരം നിറചാർത്തലുകൽ പാശ്ചാത്യ വംശീയതയുടെ പ്രതിഫലനമായാണ് ചിത്രീകരിക്കുന്നത്‌.

അഭിനേതാക്കളുടെ നിറവും മറ്റും നോക്കി അവരെ ചായം തേച്ച് ദരിദ്രരും താഴ്‌ന്നജാതിയിൽപ്പെട്ടവരുമാക്കി മാറ്റുന്ന ജാതീയമായ കലാ സംസ്കാരത്തിൽ ബോളിവുഡ് ഏറെ മുൻപിലാണ്. 2019ൽ പുറത്തിറങ്ങിയ സൂപ്പർ 30 എന്ന ചിത്രത്തിലെ ഹൃഥ്വിക് റോഷൻ അവതരിപ്പിച്ച ആനന്ത്‌ കുമാർ, ഉഡ്ത പഞ്ചാബിൽ(2016) ആലിയ ഭട്ട് അവതരിപ്പിച്ച ബൗരിയ, 2019ൽ തന്നെ പുറത്തിറങ്ങിയ ബാലയിലെ ഭൂമി പെദ്നെക്കർ വേഷം നൽകിയ ലതികയുമെല്ലാം ഇതിന് സമീപകാല ഉദാഹരണങ്ങളാണ്. ഇന്ത്യൻ സിനിമാ വ്യവസായത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ജാതീയതയെ ഉയർത്തിക്കാട്ടുകയാണ് ഉയർന്ന ജാതിക്കാരനുമേൽ ചായംതേച്ച്‌ താഴ്ന്നവരായ്‌ ചിത്രീകരിക്കുന്നതിനെ വിമർശിക്കുന്നതിലൂടെ രാജാമണി ലക്ഷ്യമാക്കുന്നത്.

ജാതിയിൽ താഴ്ന്നവരായവരെ അഭിനയിപ്പിക്കാതിരിക്കുന്ന ചലച്ചിത്ര നിർമ്മാതാക്കളിലേക്കും ഇദ്ദേഹം ശ്രദ്ധക്ഷണിക്കുന്നുണ്ട്. പാ രഞ്ജിത്ത്(തമിഴ്), നീരജ്‌ ഘയ്‌വൻ(ഹിന്ദി), നാഗരാജ് മഞ്ജുളെ
(മറാത്തി) തുടങ്ങിയ ബഹുജൻ ചലച്ചിത്രകാരമാരും സത്യജിത് റേ, അനുഭവ്‌ സിൻഹ, ശേഖർ കപൂർ തുടങ്ങിയ ചുരുക്കം ചിലരും ഇതിന് അപവാദമായേക്കാം. ഇവരെപ്പോലെയുള്ള ബഹുജൻ ചലച്ചിത്ര പ്രവർത്തകരുടെ കടന്നുവരവിലൂടെയാണ് ഇന്ത്യൻ അഭ്രപാളികളിൽ ജാതിയതയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ വന്ന് തുടങ്ങിയത് തന്നെ. ബഹുജൻ കാഴ്ചപ്പാടുള്ള ഇത്തരം സംവിധായകരുടെയും നിർമ്മാതാക്കളുടെയും കടന്നുവരവ് ദളിത് ജീവിതങ്ങൾ ദിനംപ്രതി കടന്നു പോയികൊണ്ടിരിക്കുന്ന വിവേചനങ്ങൾ തുറന്നുകാണിക്കുകയും ചെയ്തു.

വൈവിധ്യമാർന്ന സിനിമകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ബഹുജൻ സംവിധായകരുടെ മാത്രം ചുമതലയായി ഒതുങ്ങിയിരിക്കുന്ന ഇക്കാലത്ത് ഇത്തരം ചിത്രങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രാതിനിധ്യം നൽകുന്ന നിലയിലേക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായരംഗം ഉയരേണ്ടതുണ്ട്.

കുറെയേറെ ന്യൂനതകളും മറ്റുമുണ്ടെങ്കിലും കറുത്ത ശരീരങ്ങളെ വെളിത്തിരയിലെത്തിച്ച് അവരുടെ പ്രാതിനിധ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ എക്കാലത്തും ഹോളിവുഡ് മാതൃകയാണ്.

ഹോളിവുഡ് സിനിമാ വ്യവസായത്തിലെ വംശ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ തയ്യാറാക്കുന്ന ‘ഹോളിവുഡ് ഡിവേഴ്സിറ്റി റിപ്പോർട്ട്’ പ്രകാരം അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന കറുത്ത വർഗക്കാരുടെ ഹോളിവുഡിലെ പ്രാതിനിധ്യം 28 ശതമാനം മാത്രമാണ്. കറുത്ത വംശജരായ സംവിധായകർ ഹോളിവുഡ് സിനിമാ വ്യവസായത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയതിന്റെ പ്രതിഫലനമാണ് മോർഗൻ ഫ്രീമാൻ, ഡെൻസിൽ വാഷിംഗ്‌ടൺ, വിയോള ഡേവിസ്, സാമുവേൽ ജാക്സൺ തുടങ്ങിയ അതുല്യപ്രതിഭകളുടെ ജനനം. അവർ സ്വന്തമാക്കിയ വേഷങ്ങളും പുരസ്കാരങ്ങളും അടയാളപ്പെടുത്തടുന്നതുമിതാണ്.

ഹോളിവുഡിലെ സാംസ്കാരികമാറ്റത്തെ അടയാളപ്പെടുത്തുന്നവയാണ് നായക, സൂപ്പർഹീറോ പരിവേഷങ്ങളിലേക്കെല്ലാം കറുത്തവർഗക്കാർക്ക് നൽകുന്ന പ്രാധാന്യവും കൂടാതെ ഇത്തരം സ്വത്വങ്ങളെ ആഘോഷിക്കുന്നതുമെല്ലാം. ചാഡ്വിക് ബോസ്മനിന്റെ ബ്ലാക്ക് പാന്തറി(2018)ലെ കഥാപാത്രവും ക്യാപ്റ്റൻ അമേരിക്ക:സിവിൽ വാർ (2016) ലെ അന്തോണി മക്കീ അവതരിപ്പിച്ച ഫാൽക്കൺ, ജസ്റ്റിസ് ലീഗ്(2017)ൽ റേ ഫിഷർ തകർത്തഭിനയിച്ച സൈബോർഗ് തുടങ്ങിയവയെല്ലാം ഹോളിവുഡിന്റെ മാറിവന്ന താല്പര്യങ്ങളെയും മറ്റും വ്യക്തമാക്കുന്നവ തന്നെയാണ്. ജനപ്രീതി നേടിയ കറുത്ത വംശജരായ മാൽകം എക്സ് (മാൽകം എക്സ്), ജെസ്സെ ഔൺസ് (റേസ്), ബ്രൈൻ സ്റ്റീവൻസൺ (ജസ്റ്റ് മേഴ്‌സി), ജാക്കി റോബിൻസൺ (42), ബറാക്ക് ഒബാമ (ബാരി) എന്നിവരുടെയെല്ലാം ജീവചരിത്ര ചിത്രങ്ങൾ കറുത്ത വംശജരുടെ പങ്ക് വ്യക്തമാക്കാനും അതിലപ്പുറം ഒരു സാംസ്കാരിക മാറ്റത്തിന് തുടക്കമിടാനും വേണ്ടി വളരെയധികം പരിശ്രമിച്ചവയാണ്.

സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യൻ സിനിമ വ്യവസായം എവിടെയാണ്?

ഇന്ത്യൻ സിനിമ, പ്രധാനമായും ബോളിവുഡ്, ജാതി വ്യവഹാരങ്ങളോടും ദളിത്,കീഴാള ആഖ്യാനങ്ങളോടും മുഖംതിരിച്ചു തന്നെയാണുള്ളത്. ജാതി, മതം മുതലായ പാർശ്വവൽകൃത സമൂഹത്തിന്റെ അടയാളപ്പെടുത്തലുകളെ പലപ്പോഴും ‘വർഗ്ഗ വിവേചന’ത്തിന്റെയും ‘ദാരിദ്ര്യ’ത്തിന്റെയും മറപിടിച്ചുകൊണ്ട് ദുർബലപ്പെടുത്തുകയാണ് നമ്മുടെ സിനിമാ ലോകം.

സവർണ്ണ ചലച്ചിത്രകാരന്മാരുടെ സിനിമകളിലേക്ക് നോക്കുകയാണെങ്കിൽ രക്ഷകപാത്രമായ നായകനെ ഉയർന്ന ജാതിക്കാഴ്ചയായി നിലനിർത്തിക്കൊണ്ടാണ് പലപ്പോഴും ഇവ നിർമ്മിക്കുന്നത്. ഈ ചിത്രങ്ങൾ ജാതീയതയെ ശാശ്വതമായി നിലനിർത്തുകയോ, അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിവേചനം, ദാരിദ്ര്യം, അടിച്ചമർത്തൽ, സാമൂഹിക ചലനാത്മകത, അവരുടെ അഭിലാഷങ്ങൾ എന്നിവയെയെല്ലാം വികലമാക്കി ചിത്രീകരിക്കുകയോ ചെയ്യുകയാണ് ഏറിയ പങ്കും.

ജാതീയമായ അക്രമത്തെ വരച്ചുകാണിക്കാൻ ശ്രമിച്ചു എന്ന പേരിൽ വളരെയധികം ആഘോഷിക്കപ്പെട്ട ആർട്ടിക്കിൾ15 (2019) എന്ന ചിത്രത്തിലും നീതിയും മാന്യതയും കാത്തുസൂക്ഷിക്കാൻ ദളിതരെ സഹായിക്കുന്ന ‘രക്ഷക’ സവർണ്ണ കഥാപാത്രത്തെയാണ് സംവിധായകൻ നിലനിർത്തിയിരിക്കുന്നത്‌. ദളിത് നേതൃത്വത്തിലുള്ള പോരാട്ടങ്ങളെ അംഗീകരിക്കാൻ തയ്യാറാകാത്ത സവർണ്ണ നിലപാട് തന്നെയാണിത്. ദളിത് അഭിനേതാക്കളോ ദളിത് കർതൃത്വത്തെയോ അംഗീകരിക്കാത്ത തരത്തിൽ നിർമ്മിച്ചിട്ടുള്ള ആർട്ടിക്കിൾ 15 തീർത്തും ചൂഷണവും മറ്റും കൈമുതലാക്കിയ സവർണ്ണ ചട്ടക്കൂട്ടിലുള്ള സിനിമയാണ്. പ്രസ്തുത സിനിമയിലെ ദളിത് അഭിനേതാക്കളുടെ അഭാവത്തെക്കുറിച്ച് ഹഫ്‌പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഉയർന്ന് വന്ന ചോദ്യത്തിന് സംവിധായകൻ അനുഭവ്‌ സിൻഹയുടെ മറുപടിയും അപ്രകാരം തന്നെയാണ്. ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ തന്നെയൊരു ജാതിവാദിയാക്കി മാറ്റുമെന്നും തന്റെ അഭിനേതാക്കളും സഹപ്രവർത്തകരുമെല്ലാം ‘യോഗ്യത’യുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ജാതിയല്ലെന്നും പറയുന്നു. ദളിതർക്ക് നിഷിദ്ധമാക്കിവെച്ചിരിക്കുന്ന കമ്പോളത്തിലേക്ക് കടന്നുവരാനുള്ള സാധ്യതകളെ പോലും നിരസിക്കുന്നതാണീ മനോഭാവം. അതുകൊണ്ട് തന്നെയാണ് സവർണ്ണ ചലച്ചിത്ര സംവിധായകനെന്ന തീർത്തും പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഒരു സമുദായത്തിന് ഈ മേഖലയിലേക്ക് പ്രവേശനം ലഭിക്കാത്തത് ജാതീയമായ കാര്യമല്ലെന്നദ്ദേഹം പറയുന്നതും.

ദളിത് വേഷങ്ങളിൽ ദളിതരെ തന്നെ അഭിനേതാക്കളാക്കുന്നതിന് ഇന്ത്യൻ സിനിമ വ്യവസായ മേഖലക്ക് ഇപ്പോഴും ചിന്തിക്കുകപ്പോലും ചെയ്യാനാവാത്ത കാര്യമാണ്.

2011ൽ പുറത്തിറങ്ങിയ അരക്ഷനിൽ ദീപക്‌ കുമാറായി സൈഫ്‌ അലി ഖാൻ വേഷമിട്ടത്‌ മുതൽ ഇങ്ങ്‌ 2019ൽ പുറത്തിറങ്ങിയ ആർട്ടിക്കിൾ 15ൽ നിഷാദ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി ശീഷാൻ അയ്യൂബിനെ തിരിഞ്ഞെടുത്തത് വരെ ഇക്കാരണം കൊണ്ട്‌ തന്നെയാണ്. ഇതെല്ലാം ഇന്ത്യൻ പനോരമക്ക് ഒരു ദളിത് അഭിനേതാവിനെ തിരഞ്ഞെടുക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നവയാണ്. ദളിത്‌ എഴുത്തുകാരെയോ ദളിതരെയൊ ഭാഗവാക്കാക്കാതെ പല സവർണ്ണ ചലച്ചിത്രകാരന്മാരും നിർമ്മിക്കുന്ന ചിത്രങ്ങൾ പലപ്പോഴും അത്തരക്കാരുടെ അഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.

1976ൽ പുറത്തിറങ്ങിയ ‘മന്തൻ’ മുതൽ 2019ലിറങ്ങിയ ‘ആർട്ടിക്കിൾ 15’ വരെയുള്ള മുഖ്യധാരയിലോ സമാന്തരധാരയിലോ പെട്ട സവർണ്ണ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങളിൽ ദളിത് കഥാപാത്രത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ഇത്തരം ഉയർന്ന ജാതിമാനങ്ങൾ കാണാനാവും. ദളിത് നായക സങ്കൽപ്പത്തെയും ദളിത് മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതിനോടൊപ്പം തന്നെ അവർക്ക് വേണ്ടിയുള്ളൊരു നായക(രക്ഷക)പാത്രത്തെ അനിവാര്യമാക്കുകയുമാണ്.

‘ഡിസ്ക്രീറ്റ്‌ ചാം ഓഫ് സവർണ്ണാസ്’ പ്രസക്തമാക്കുന്നതും ഇന്ത്യൻ വെളിത്തിരയിലെ ഈ മാറ്റിനിർത്തലുകളെയും ജാതീയ മുൻവിധികളെയും ചിത്രീകരിക്കാൻ ശ്രമിക്കുന്നിടത്താണ്. സവർണ്ണ ചലച്ചിത്രകാരന്മാരോട് ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജാതി ചിന്തകളും മുൻവിധികളും മാറ്റിവെച്ചുകൊണ്ട് സവർണ്ണതയിൽനിന്നും ക്യാമറകണ്ണുകൾ പാർശ്വവത്കൃതരുടെയിടയിലേക്ക് ഇറക്കിവെക്കാനും ചിത്രം ആഹ്വാനം ചെയ്യുന്നു. ഇത്‌ ബഹുജൻ ചലച്ചിത്രപ്രവർത്തകർക്ക് ബഹുജൻ ജീവിതങ്ങളെ അടയാളപ്പെടുത്താനും അതുവഴി ഇന്ത്യൻ സിനിമാവ്യവസായത്തെ ദൃഢപ്പെടുത്താനും അവരുടെ ജീവിതത്തെയും പോരാട്ടത്തെയും നേരിടുന്ന അനീതികളെയും മനസ്സിലാക്കാൻ സവർണ്ണ ചലച്ചിത്രകാരന്മാർക്ക് സാധിക്കുമെന്നും ഒരേസമയം ഓർമ്മിപ്പിക്കുന്നു.

Courtesy: EPW

വിവ: നിഹാൽ .എ

By ഗൗതം രാജ് കൊണ്ട