അറബ് വസന്തം: പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വായന

2010 ഡിസംബറിൽ തുനീഷ്യയിൽ തുടക്കം കുറിച്ച അറബ് വസന്തം നിലനിർത്തുവാൻ കഴിഞ്ഞ ഏക രാജ്യം തുനീഷ്യ മാത്രമാണ്. അവിടത്തെ ജനങ്ങൾക്ക് ഇന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കാം അവരെ വിമർശിക്കാം, എങ്കിലും അവിടെ വിപ്ലവം വിജയിച്ചിട്ടുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. അവിടുത്തുകാർ വിപ്ലവത്തെ ശപിക്കുകയാണ് എന്ന തരത്തിൽ ഒരു ലേഖനം ഗാർഡിയൻ പത്രത്തിൽ കഴിഞ്ഞ ഡിസംബർ 17 ന് പ്രസിദ്ധീകരിച്ചിരുന്നു. അത് പൂർണമായി ഉൾക്കൊള്ളേണ്ടതില്ല എങ്കിലും തള്ളികളയുവാനും സാധിക്കില്ല. 2019 ലെ ലോക ബാങ്കിന്റെ കണക്കനുസരിച്ച് തുനീഷ്യയുടെ വളർച്ച 1.8 % ആണ് അറബ് വസന്തത്തിന് മുൻപ് അത് 4.7 % ആയിരുന്നു. അവിടത്തെ യുവാക്കളിൽ 85 % തൊഴിൽ രഹിതരാണ്. വലിയ ഒരു വിഭാഗം ജീവിതം കരുപ്പിടിപ്പിക്കാൻ എന്തെകിലും മാർഗത്തിൽ ഇറ്റലിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു.

ഇത് വിപ്ലവം വിജയിച്ച തുനീഷ്യയുടെ കാര്യം. ലിബിയ, ഈജിപ്ത്, യെമൻ, സിറിയ, ബഹ്‌റൈൻ തുടങ്ങി വിപ്ലവം അരങ്ങേറിയ മറ്റു നാടുകളുടെ അവസ്ഥ പഴയതിനെക്കാളും കൂടുതൽ സങ്കീർണമാണ്. അറബ് വസന്തം, അടിച്ചമർത്തപ്പെടുന്നവർക്കും മുസ്‌ലിംകൾക്കും എന്നും വലിയ പ്രചോദനവും പാഠങ്ങളുമാണ് നൽകുന്നത്. അറബ് വസന്താനന്തരം ഉള്ള അറേബ്യയെ ഒന്ന് വിശകലനത്തിന് വിധേയമാക്കിയാൽ പ്രത്യേകിച്ച് ഈജിപ്തിനെ, വിപ്ലവം വിജയിക്കുകയും ഒരു വർഷകാലം ജനാധിപത്യ സർക്കാർ നിലനിൽക്കുകയും ചെയ്തിട്ടും പ്രതിവിപ്ലവത്തിലൂടെ അല്ലെങ്കിൽ സൈനിക അടിമറിയിലൂടെ വിപ്ലവത്തെ തട്ടിത്തെറുപ്പിക്കുന്ന കാഴ്ച്ച കാണാം. ഉപരിപ്ലവമായി ഇതിന് കാരണക്കാരായി ഗൾഫ് മേഖലയിലെ ഭരണകൂടത്തെ പഴിചാരാം. അത് ഒരളവ് വരെ ശരിയാണ് എങ്കിലും അവർക്ക് ഇടപെടാൻ ഉള്ള വലിയ വിടവ് അവിടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. ആ വിടവുകൾ കണ്ടെത്തി പഠിക്കുകയും നികത്തുകയും ചെയ്യുക എന്നത് ഇത്തരം വിപ്ലവങ്ങൾക്ക് കോപ്പുകൂട്ടുന്ന പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ മുസ്‌ലിംകള്‍ക്കും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും ആ ഉത്തരവാദിത്തമുണ്ട്. വർഗീയ ഫാസിസ്റ്റുകൾക്ക് എതിരെ നിലനിൽപിന് വേണ്ടി സമരം ചെയുന്നവരാണവർ.

എത്ര പ്രാധാന്യത്തോട് കൂടി വിപ്ലവത്തിന് വേണ്ടി പരിശ്രമിക്കുന്നുവോ അത്രയോ അതിൽ അധികമോ പ്രാധാന്യം വിപ്ലവാനന്തര പ്രവർത്തനങ്ങൾക്കും നൽകണം.

അറബ് വസന്തം പോലുള്ള മാറ്റങ്ങളെ തല്ലിക്കെടുത്താനും തട്ടിത്തെറിപ്പിക്കാനും ഒരു ശക്തമായ നിഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ട് എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. 51.7% വോട്ട് നേടി അധികാരത്തിലേറിയ മുഹമ്മദ് മുർസി ഒരു വർഷത്തിനകം കാരാഗൃഹത്തിൽ അകപ്പെടുകയും തുടർന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ലോകം സാക്ഷിയാവുകയും ചെയ്തു. അറബ് ലോകത്ത് ജനാധിപത്യം നാട്ടാൻ കച്ചകെട്ടിയിരുന്ന പാശ്ചാത്യർ ഈ ജനാധിപത്യ ധ്വംസനത്തെ ഒരു ചെറുവിരൽ കൊണ്ടുപോലും പ്രതിരോധിച്ചില്ല. ഇസ്‌ലാമിക പാർട്ടികളുടെ അധികാരാരോഹണത്തെ തടയാൻ പരിശ്രമിക്കുന്ന ഒരു നിഗൂഢ ശക്തിയെ കുറിച്ച് സെക്കുലർ ആയ മുൻ തുനീഷ്യൻ പ്രസിഡന്റ് ഡോ മുൻസ്വിഫ് മർസൂഖി ചുണ്ടിക്കാട്ടുന്നുണ്ട്.

സാധാരണ ഈജിപ്തുകാർ പറയുന്നത് മുർസിയുടെ കാലഘട്ടത്തിൽ ഞങ്ങൾക്ക് ഭക്ഷണം മുതൽ അടിസ്ഥാന ആവശ്യങ്ങൾക്കുവരെ ബുദ്ധിമുട്ട് നേരിട്ടുവെന്നൊക്കെയാണ് പ്രതിവിപ്ലവത്തിന്റെ സന്ദർഭങ്ങളിൽ ഉയർന്ന ശക്തമായ വൈകാരിക മുദ്രാവാക്യം “ഞങ്ങൾക്ക് ഭക്ഷണം വേണം, ഞങ്ങൾക്ക് പണം വേണം” എന്നായിരുന്നു. വിപ്ലവം അരങ്ങേറിയ ആ നാളുകളിൽ പൊതുജനം ഒരിക്കലും ചിന്തിച്ചു കാണില്ല ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും അവർ ബുദ്ധിമുട്ട് നേരിടേണ്ടിവരും എന്ന്. ഈജിപ്തിൽ വിപ്ലവത്തെ അട്ടിമറിക്കാൻ ഉപയോഗപ്പെടുത്തിയ അതേ ഫോർമുലയാണ് ആ നിഗൂഢ സംഘം തുനീഷ്യയിലും തുർക്കിയിലും എന്തിന് ഖത്തറിൽ വരെ പയറ്റിയത്. ആദ്യം പൊതു ജനങ്ങൾക്കുള്ള ഭക്ഷ്യ വിതരണത്തിൽ ഇടപെട്ട് ആ സംവിധാനം താറുമാറാക്കും പിന്നിട് ആരോഗ്യ മേഖലയിലും ഇടപെടും. തുർക്കിയും തൂനീഷ്യയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നയം കൊണ്ടും ഖത്തർ അവരുടെ നയതന്ത്ര ബന്ധങ്ങളിലൂടെയും ആണ് ഈ ഫോർമുലയെ തകർത്തത്. ഭക്ഷണവും ആരോഗ്യ സേവനവും നിഷേധിച്ചാൽ വിപ്ലവത്തിന് അനുകൂലമായിരുന്ന പൊതു ജനം അതിനെതിരിൽ തിരിയാൻ വേറെ പ്രത്യേക കാരണങ്ങൾ ഒന്നും വേണ്ട. പൊതു ജനങ്ങൾ ഒരു പാർട്ടി കേഡർ അല്ല എന്ന തിരിച്ചറിവ് എല്ലായിപ്പോഴും നന്മക്കും നീതിക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങൾ മറന്നു പോകരുത്.

ഇത്രയും ശത്രുക്കളുടെ നടുവിൽ നിലകൊള്ളുന്ന ഇസ്രായേൽ അവരുടെ സൈനിക മേഖലയിൽ ഉള്ള ഗവേഷണ നിർമാണ പ്രവർത്തനത്തേക്കാൾ കൂടുതൽ കാർഷിക ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുന്നത് എന്തിനാണ് എന്ന് ആലോചിക്കേണ്ടതുണ്ട്. കാർഷിക ആരോഗ്യ സൈനിക മേഖലകളുടെ പ്രാധാന്യം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു തുർക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ. അവർക്ക് അധികാരം ലഭിക്കുന്നതിന് മുൻപ് തന്നെ ഈ മേഖലകളിൽ അവർക്ക് പോളിസികൾ ഉണ്ടായിരുന്നു. കേവലം സാമൂഹ്യ ശാസ്ത്രാടിസ്ഥാനത്തിൽ മാത്രം ഒതുങ്ങി നിന്നില്ല അവരുടെ പോളിസികൾ. ഭക്ഷണവും ആരോഗ്യ സേവനങ്ങളും ജനങ്ങൾക്ക് തടഞ്ഞ് ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിച്ചെടുക്കും. ഇത്തരം ഒരു അന്തരീക്ഷത്തിൽ ഇവാഞ്ചലിസ്റ്റ് – സിയോണിസ്റ്റ് – ഫാസിസ്റ്റ് നേതൃത്വം നൽകുന്ന നിഗൂഢ സംഘത്തിന്റെ പ്രവർത്തനം വളരെ എളുപ്പമായി തീരും. അതിന് അവരുടെ സാന്നിധ്യം പോലും വേണമെന്നില്ല.

ഈജിപ്തിൽ ഇസ്ലാമിസ്റ്റ് ഭരണകൂടത്തെ തകർക്കാൻ അവരുടെ തന്നെ ആളുകളെ ആണ് ഉപയോഗപ്പെടുത്തിയത്. ഇവാഞ്ചലിസ്റ്റുകളുടെയോ സീയോണിസ്റ്റുകളുടെയോ ഫാസിസ്റ്റുകളുടെയോ ബൗദ്ധിക സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല, മറിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്ന് പറഞ്ഞു മുതലക്കണ്ണീർ വാർക്കുകയായിരുന്നു ഈ കൂട്ടർ.
അറബ് വസന്താനന്തരം മുസ്‌ലിം ലോകത്തിലും അറബ് ലോകത്തിലും വന്നിട്ടുള്ള മാറ്റങ്ങൾ പരിശോധിച്ചാൽ, 2010ൽ തുടക്കം കുറിച്ച വിപ്ലവം വിജയത്തിൽ പര്യവസാനിപ്പിക്കുവാൻ കൃത്യമായ സ്ട്രാറ്റജിയും ആ സ്ട്രാറ്റജിക്കുള്ള ആഴവും വളരെ നിർണായക ഘടകമാണെന്ന് കാണാം. പരമ്പരാഗത പ്രവർത്തന രീതിയിൽ മുൻപോട്ട് നീങ്ങി സാഹചര്യങ്ങൾ ഒത്തു വരുമ്പോൾ ഇറങ്ങി കളിക്കാം എന്ന പഴകിയ ധാരണ കൊണ്ട് ഒരിക്കലും ഈ ലക്ഷ്യം സാധ്യമാകില്ല. ഇസ്ലാമിക ലോകത്തെ സസൂക്ഷ്മം ഒരു നിഗൂഢ സംഘം വീക്ഷിക്കുന്നുണ്ട് എന്ന് ഓർമ്മയിൽ എപ്പോഴും ഉണ്ടായിരിക്കണം. അതിന് കാരണം മതമാകാം അല്ലങ്കിൽ അവിടുത്തെ പ്രകൃതി വിഭവമാകാം.

2500 വർഷം പഴക്കമുള്ള ജാതിയിലൂടെയുള്ള ചൂഷണത്തെയാണ് ഇസ്‌ലാമിന്റെ വിജയം കൊണ്ട് ഇന്ത്യയിൽ തല്ലികെടുത്തുന്നത്. ഇന്ത്യയിൽ ഫാസിസ്റ്റുകൾക്ക് എതിരെയുള്ള വിജയം അത്ര എളുപ്പത്തിൽ സ്വാഭാവികമായി സാധിക്കുന്ന ഒന്നല്ല. മറിച്ച് നന്മ സ്ഥാപിക്കാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കപ്പേടേണ്ടതുണ്ട്. ആരെല്ലാമാണ് സഖ്യകക്ഷികൾ എന്നും ആരാണ് ശത്രു എന്നും തിരിച്ചറിയേണ്ടതുണ്ട്.

മിക്ക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും കേവല പ്രബോധന പ്രവർത്തനങ്ങളിലൂടെയാണ് ഇതു പോലുള്ള മഹത്തായ ലക്ഷ്യം സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കുന്നത്. പലർക്കും താങ്കളുടെ അഭിസംബോധകർ ആരാണെന്ന് ഇപ്പോഴും നിശ്ചയമില്ല.

ഇസ്‌ലാം ഒരു മാനവിക വിമോചന പ്രത്യയശാസ്ത്രം ആണെങ്കിലത് ആരുടെ വിമോചനമാണ് ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യത്തിന് വളരെ ലഘുവായ ഒരു ഉത്തരമാണ് ലഭിക്കാറുള്ളത്. ആ ഉത്തരത്തിൽ വേട്ടക്കാരനും ഇരയും ഉടമയും അടിമയും ഉൾപ്പെടും എന്നതാണ് വിചിത്രം. ആരാണ് ശത്രു എന്ന് പോലും ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് അറിയില്ല. അത് ഈജിപ്തിൽ കണ്ടതാണ്, മുഹമ്മദ് മുർസിയുടെ മന്ത്രി സഭാംഗമായിരുന്നു അബ്ദുൽ ഫത്താഹ് സിസി.

ശക്തി, ദൗർഭല്യം, അവസരങ്ങൾ, ഭീഷണി (SWOT analysis) എന്നിവ മുൻനിർത്തി പ്രത്യേക ശ്രദ്ധ വേണ്ട മേഖലകൾ, തിരുത്തേണ്ട മേഖലകൾ, പുതിയ അവസരങ്ങൾ ഇവയെല്ലാം കണ്ടെത്തുന്നതിനും ലക്ഷ്യത്തിലേക്കുള്ള മാസ്സ് മൊബിലൈസഷനും വേണ്ടി ധൈഷണിക കേന്ദ്രങ്ങൾ (think tank) രൂപകല്പന ചെയ്യേണ്ടതുണ്ട്. വിപ്ലവാനന്തര പ്രവർത്തനങ്ങൾ കൂടി ഉൾകൊള്ളുന്നതായിരിക്കണം ഈ think tank കളുടെ മേഖല. നിലവിൽ ഉള്ള വ്യവസ്ഥിതിയിൽ ഇടപെടാൻ വേണ്ടി മാത്രമാകരുത് ഈ സംവിധാനങ്ങൾ. പുതിയ വ്യവസ്ഥിതിക്ക് വേണ്ടി ശക്തമായ ആലോചനകളും അതിനുതകുന്ന പ്രവർത്തന പദ്ധതികളും രൂപീകരിക്കുവാൻ കൂടിയായിരിക്കണം. നിർഭാഗ്യകരമെന്നു പറയട്ടെ തുർക്കി ഒഴിച്ച് ഒട്ടുമിക്ക ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇത്തരം പ്രവർത്തനങ്ങളുടെ കാര്യത്തിൽ ബഹുദൂരം പുറകിൽ ആണ്. പ്രത്യേകിച്ച് അവരുടെ ശത്രുക്കളുമായി താരതമ്യം ചെയ്യുമ്പോൾ.

ഇനിയും ലാഘവത്തോടെ മുമ്പോട്ട് പോകാൻ സാധിക്കില്ല. മുസ്‌ലിംകളും അടിച്ചമർത്തപ്പെടുന്നവരും പീഡനങ്ങളിൽ നിന്ന് പീഡനങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. മർദ്ദിതർ കൂടുതൽ മർദ്ദനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ചൂഷകർ തടിച്ചു കൊഴുത്തു കൊണ്ടിരിക്കുന്നു. പല നാടുകളിലും മുസ്‌ലിംകൾ ഇന്ന് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ ആണ്. അറബ് വസന്തത്തിനു ശേഷം മുസ്‌ലിംകൾ ലോകത്തെ ഏറ്റവും വലിയ floating population ആയത് ആരുടെ കഴിവ് കേടുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഫാസിസ്റ്റുകളാൽ ഇന്ത്യൻ മുസ്‌ലിംകളുടെ പതനം ലോക മുസ്‌ലിംകൾക്ക് താങ്ങാനോ കൈകാര്യം ചെയ്യാനോ കഴിയുന്നതിനപ്പുറമുള്ള ആഘാതമായിരിക്കും. സിറിയ, ഇറാഖ്, റോഹിങ്ക്യ തുടങ്ങി അടുത്തകാലത്ത് നടന്ന സംഭവങ്ങൾ നൽകുന്ന പാഠങ്ങളാണത്.

ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ മനുഷ്യ വിമോചന വിപ്ലവ പ്രവർത്തനത്തോടൊപ്പം വിപ്ലവാനന്തര പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രത്യേകിച്ച് കൃഷി, ആരോഗ്യ രംഗം തുടങ്ങി അവർ അഭിസംബോധനം ചെയ്യുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സാമ്പത്തിക ഭദ്രത മുതലായവയിൽ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാര്യമായ പാഠങ്ങൾ ഒന്നും പഠിച്ചിട്ടില്ല എന്നതാണ് 2019 ൽ അൾജീരിയയിൽ നടന്ന പ്രക്ഷോഭം നൽകുന്ന സൂചനകൾ. 2010ൽ മുഹമ്മദ് ബൂഅസീസി തിരികൊളുത്തിയ വിപ്ലവാഗ്നി ഇന്നും കെട്ടടങ്ങിയില്ല എന്നത് ശുഭസൂചനയാണ്. 2020ൽ നിന്ന് 2010 ലേക്ക് തിരിഞ്ഞു നോക്കിയാൽ ലോക ഇസ്ലാമിസ്റ്റുകൾ നെഞ്ചോട് ചേർത്ത ഖിലാഫത്ത് പോലുള്ള പല വാക്കുകളും അശ്ളീലമായി ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചു കഴിഞ്ഞതായി കാണാം. മുസ്ലിം ലോകം ദീർഘവീക്ഷണത്തോടെ മുന്നോട്ടു നീങ്ങേണ്ട ഘട്ടമാണിത്.

By നബ്ഹാന്‍ സൈദ് കൊളത്തോട്‌