അഗ്നിവേശും ആധുനിക ഇന്ത്യയും

സാമൂഹികമായി കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് നാമിന്ന്. ഇതര ആശയങ്ങളോടും ചിന്ത പ്രസ്ഥാനങ്ങളോടും എത്തരത്തിലുള്ള സമീപനമാണ് വെച്ച് പുലർത്തുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ്  നാം ആരെന്നു വിലയിരുത്തപ്പെടുക. ഇന്ത്യൻ ജനത ഇരുതലമൂർച്ചയുള്ള വാളിനിടയിൽ പെട്ട അവസ്ഥയിലാണിന്ന്. സാമൂഹികമായി അനീതിയുടെയും അക്രമത്തിന്റെയും ചൂഷണത്തിന്റെയും പിടിയിലമർന്ന ജനങ്ങൾ, അതിനേക്കാൾ രൂക്ഷമായി തന്നെ ആഴത്തിൽ വേരൂന്നിയ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ഇരകളായി ദുരിതമനുഭവിക്കുന്നു. ലോകത്ത് മറ്റെങ്ങുമില്ലാത്ത ജാതീയതയാണ്  ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ അതിനോടുള്ള പ്രതികരണങ്ങൾ സവിശേഷമായ ശ്രദ്ധയർഹിക്കുന്നു . വളരെ ഗൗരവത്തിൽ കൈകാര്യം ചെയ്യേണ്ട ഒന്നായി ഈ വിഷയത്തെ കാണേണ്ടതുണ്ട്. പ്രത്യേകിച്ചും ഭരണാധികാരികൾ തന്നെ മർദ്ദകരായി മാറുന്ന ആധുനിക  ഇന്ത്യയിൽ.

പീഢകർ ഒറ്റക്കെട്ടായിരിക്കുകയും ഭൂരിപക്ഷമായ പീഡിതർ അസംഖ്യം ജാതി മത വിഭാഗങ്ങളായി വേർതിരിഞ്ഞു ഐക്യപ്പെടലിൻറെ സാധ്യതകളെപ്പോലും ഇല്ലാതാക്കുന്ന തരത്തിൽ  ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ശത്രുവാര് മിത്രമാര് എന്ന് വ്യക്തമായിത്തന്നെ ഇരകൾ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

ഫാസിസം  അതിന്റെ സകല ദംഷ്ട്രകളും പുറത്തുകാണിച്ച് ഉറഞ്ഞുതുള്ളുന്ന ആധുനിക ഇന്ത്യയിൽ, വർഗ്ഗീയ ഭരണകൂടത്തോടും കാവിഭീകരതയോടും കലഹിക്കുകയും അതിന്റെ ഫലമായി മർദ്ദനമേറ്റുവാങ്ങി കാലയവനികക്കുള്ളിൽ മറയുകയും ചെയ്ത ഒരു മനുഷ്യനുണ്ടായിരുന്നു ഇന്ത്യയിൽ – സ്വാമി അഗ്നിവേശ്. ഇന്ത്യൻ ജനാധിപത്യത്തെ സമൂലം വിഴുങ്ങിയ ഹൈന്ദവ ഫാസിസത്തിനെതിരെ ഉറച്ചുനിന്നു കൊണ്ട് തന്നെ  പോരാടി അദ്ദേഹം. വർഗ്ഗീയത രാഷ്ട്രീയായുധമാക്കി വിജയിച്ച ഫാസിസ്റ്റു ശക്തികൾ എന്തുകൊണ്ട് ഒരു ഹിന്ദു സന്യാസിയെ ഭീഷണിയായിക്കണ്ട്‌  മർദ്ദിക്കുകയും ഇല്ലാതാക്കാൻ  ശ്രമിക്കുകയും ചെയ്തു എന്ന് പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രസക്തി തിരിച്ചറിയുന്നത്. സ്വാമി അഗ്നിവേശ് മണ്മറഞ്ഞുവെങ്കിലും  അദ്ദേഹം നിലകൊണ്ട സാമൂഹിക രാഷ്ട്രീയ പ്രതലം ആധുനിക ഇന്ത്യയുടെ തിരിച്ചുനടത്തത്തിനു എത്രത്തോളം പ്രധാനമാണ് എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. കാരണം, ഫാസിസത്തിനും വർഗ്ഗീയതക്കും വംശീയ ഉന്മൂലന സിദ്ധാന്തങ്ങൾക്കുമെതിരെ ഉയരുന്ന  ഓരോ ശബ്ദവും അത്രമേൽ അമൂല്യമായിക്കൊണ്ടിരിക്കുന്ന ഒരു ദശാസന്ധിയിലൂടെയാണല്ലോ നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തില്‍ 1939 സെപ്തംബര്‍ 21 നാണ് ‘ശ്യാം വേപ റാവു’  ജനിക്കുന്നത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം അധ്യാപകനായും അഭിഭാഷകനായും ജോലി ചെയ്തുവെങ്കിലും,  ആത്മീയാന്വേഷണങ്ങള്‍ ആരംഭിച്ചതോടെ സ്വാമി അഗ്നിവേശായി ആര്യസമാജത്തിലെത്തുന്നു.

ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന വർഗീയ ഫാസിസ്റ്റു ഹിന്ദുത്വ നിലനിൽക്കുന്നതു മുസ്‌ലിം അപരനെ സ്യഷ്ടിച്ചുകൊണ്ടുള്ള വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായ വൈകാരിക പ്രതലത്തിലാണ്. ജാതീയതയും അന്ധവിശ്വാസങ്ങളും ഫാസിസ ധമനികളിൽ രക്തംപോലോഴുകുന്ന ഒന്നാണ്.

ഈയൊരു  പശ്ചാത്തലത്തിൽ നിന്നാണ് സ്വാമി അഗ്നിവേശ് തൻറെ ചിന്തകൾക്കും  രാഷ്ട്രീയത്തിനും ഊർജ്ജം സംഭരിച്ചത്. ആര്യസമാജത്തിന്റെ നേതാവായിരിക്കെ തന്നെ ദയാനന്ദ സരസ്വതി സ്വീകരിച്ച ത്രീവവും അന്ധവുമായ മത- വേദ വിമര്‍ശന ശൈലി അഗ്നിവേശില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നില്ല.

ആർ എസ് എസ്  സംഘ് പരിവാർ ശക്തികൾ ആസൂത്രണം ചെയ്ത ഗുജറാത്ത് വംശഹത്യ  മുതൽ CAA, NRC വരെയുള്ള വിഷയങ്ങളിൽ ഇരകളുടെ പക്ഷത്ത് നിന്നുകൊണ്ട് അദ്ദേഹം പോരാടി. വർഗീയ കലാപങ്ങളിലെ ആർ എസ് എസ്  സംഘ്പരിവാർ പങ്ക് തുറന്നുകാട്ടി. ഗവൺമെൻറിൻറെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും അദ്ദേഹം ശബ്‌ദമുയർത്തി.  ഹാശിംപുരയിൽ പോലീസിൻറെ  വെടിയേറ്റ് കൊല്ലപ്പെട്ട നാല്പത്തിയെട്ട് മുസ്‌ലിംകളുടെ നീതിക്കായി ശബ്‌ദിക്കുകയും ദൽഹിയിൽ നിന്നും മീറത്ത് വരെ പദയാത്ര നടത്തി ഐക്യപ്പെടുകയും ചെയ്തു. ഇതേ കാരണങ്ങൾകൊണ്ട് തന്നെയാണ് സംഘപരിവാർ ഫാസിസം അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്തിയതും. എല്ലാമനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളുകയും, സാമൂഹിക ക്ഷേമമെന്നാൽ, വൈജാത്യങ്ങൾക്കപ്പുറം നിന്നുകൊണ്ട് എല്ലാ മനുഷ്യരുടെയും ക്ഷേമമാണെന്നും ഉദ്ഘോഷിക്കുന്ന ഏതൊരു ശബ്‌ദവും  ഫാസിസത്തിന്റെ ശത്രുവാകുക സ്വാഭാവികവുമാണ്.

ഫാസിസത്തിന്റെ വേരുകൾ വിഭാഗീയതയിൽ നിന്നുരുവം കൊള്ളുമ്പോൾ, മതാന്തര സമവായങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. മർദ്ദനത്തെയും ചൂഷണത്തെയും വർഗീയതയും അപരവിദ്വേഷത്തെയും യോഗി ആദിത്യനാഥിൻറെയും പ്രഗ്യാ സിംഗിൻറെയും സാക്ഷി മഹാരാജിൻറെയും കാഷായം പ്രതീകവൽക്കരിക്കുമ്പോൾ, വിപരീതദിശയിൽ സഞ്ചരിച്ച സ്വാമി അഗ്നിവേശ് ഉൾക്കൊണ്ട മൂല്യങ്ങൾ അന്യംനിന്നുപോകാതിരിക്കേണ്ടതുണ്ട്.

ശബ്‌ന അസീസ്

By Editor