ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

“അധികാരമാണ് ഒരാൾക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്പാര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം”ഡോ. അംബേദ്കര്‍.

ഇന്ത്യയിലിപ്പോഴും 1.80 ലക്ഷം ദലിത് കുടുംബങ്ങള്‍ നിർബന്ധിത തോട്ടിപ്പണി ചെയ്യുന്നു. 7.90 ലക്ഷം പൊതു-സ്വകാര്യ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലി അവരുടേതാണ്. ജാതീയമായിട്ടാണ് ഈ തൊഴില്‍ അവരില്‍ അടിച്ചേല്പികക്കപ്പെടുന്നത്. ഇക്കഴിഞ്ഞ അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദൽഹില്‍ നടന്ന ദലിത് സ്വാഭിമാന യാത്ര, ജാതിവിരുദ്ധതയുടെ ചരിത്രത്തിൽ സുപ്രധാനമായിത്തീരുന്നത് അങ്ങനെയാണ്. ‘സഫായി കർമകചാരി ആന്തോളന്‍’ എന്ന സംഘടനയുടെ നേതാവ് ബേസ്‌വാഡാ വിൽ‌സനനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പട്ടിണി കിടന്ന് മരിച്ചാലും അഴുക്കുചാല്‍ കോരാന്‍ മക്കളെ വിടില്ലെന്ന് ഉറപ്പിച്ചുപറയുന്ന രക്ഷിതാക്കള്‍ അവിടെ നിറഞ്ഞുനിന്നു.

ഗുജറാത്തില്‍ ചത്ത പശുവിന്റെ ശവം പേറാനില്ലെന്ന് പ്രഖ്യാപിച്ച ദലിത് സമരവും ബൃഹത്തായ ഒരു രാഷ്ട്രീയനീക്കത്തിലേക്ക് വികസിച്ചു കഴിഞ്ഞു. ‘പുലയൻ്റെ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പുലയനുണ്ടാക്കുന്ന നെല്ലൊന്ന് നിങ്ങള്‍ തിന്നുന്നത് കാണട്ടെ’ എന്ന അയ്യങ്കാളിയുടെ ധീരമായ പ്രഖ്യാപനമാണ് ഇവിടെ ഓർമയിലെത്തുന്നത്. ദലിത് തൂപ്പുകാരുടെ കോളനിയില്‍ പിറന്ന വിൽസൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ചെന്നപ്പോള്‍ ജോലി കോളത്തില്‍ തൂപ്പുജോലി എന്ന് പൂരിപ്പിക്കാന്‍ നിർബന്ധിതനായി. അന്ന് അപേക്ഷാ ഫോറം കീറിയെറിഞ്ഞ് ഇറങ്ങിനടന്ന വിൽസ്‌നാണ് പിന്നീട് ‘ചൂലുപേക്ഷിക്കൂ, പേനയേന്തൂ’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ചേരികള്‍ കയറിയിറങ്ങി നേതാവായി മാറിയത്.

ദുർബലരും വിധേയരുമായ മനുഷ്യര്‍, എക്കാലവും സഹതാപ നോട്ടത്തില്‍ കഴിയണം എന്നതാണ് മുഖ്യധാരയുടെ താല്പര്യം. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്ന ദലിത് പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ വിമോചനത്തിന്റെ നല്ല സന്ദേശങ്ങളാണ് നല്കുന്നത്. ദലിത്ആദിവാസിപിന്നാക്കമുസ്‌ലിം സഹവർത്തിത്വത്തിന്റെ രാഷ്ട്രീയമാണ് അത് മുന്നോട്ടുവെക്കുന്നത്. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഈ സമരത്തിനു പിന്നിലുണ്ട്. ഒന്ന്, ബ്രാഹ്മണാധികാരത്തിനു കീഴൊതുക്കപ്പെട്ട ‘ഹിന്ദു’ എന്ന നിർമിതിക്കു പുറത്തുള്ളവരാണ് ദലിതര്‍ എന്ന പ്രഖ്യാപനം. രണ്ട്, ദലിത് മുസ്‌ലിം സഹവർത്തിത്വത്തിലൂടെയുള്ള രാഷ്ട്രീയ മുന്നേറ്റം.

ഈ പശ്ചാത്തലത്തിലാണ് നാം തമിഴ്‌നാട്ടിലെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പെരിയാറിന്റെ നിലപാടുകള്‍ വായിച്ചെടുക്കേണ്ടത്. മുക്കാല്‍ നൂറ്റാണ്ടോളം പെരിയാര്‍ നയിച്ച നവോത്ഥാന പ്രവർത്തനങ്ങള്‍ ഏറ്റവും പ്രകോപിപ്പിച്ചത് സവർണ മേൽക്കോയ്മയെ ആയിരുന്നു. യുക്തിവാദി എന്ന നിലയില്‍ സാമൂഹിക ജീവിതത്തെ നിരീക്ഷിക്കുമ്പോഴും അബ്രാഹ്മണ മതങ്ങളുടെ വിമോചന സാധ്യതയെ അദ്ദേഹം കാണാതിരുന്നില്ല. ഇസ്‌ലാമിനെ സവിശേഷമായും അദ്ദേഹം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹിക ചിന്തയോട് ചേര്ത്തു വെച്ചു.

പെരിയാര്‍ ഇ.വി രാമസ്വാമി (1879-1973) തമിഴ്‌നാട്ടിലെ മേധാവിസമൂഹം തന്നെയായ ‘നായ്ക്കര്‍’ എന്ന ശൂദ്ര വിഭാഗത്തിലാണ് പിറക്കുന്നത്. ജാതിവ്യവസ്ഥയെ യുക്തിവാദത്തിന്റെയും ബുദ്ധിസത്തിന്റെയും തത്ത്വങ്ങളുപയോഗിച്ച് വിമർശിച്ച അയോത്തി ദാസായിരുന്നു പെരിയാറിന്റെ മാതൃക. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന പെരിയാറിന്റെ ജാതിവിരുദ്ധ നയങ്ങളെ കോൺഗ്രസിലെ സവർണർ വെച്ചുപൊറുപ്പിച്ചില്ല. 1925 നവംബറില്‍ കാഞ്ചീപുരത്ത് നടന്ന കോൺഗ്രസ് സമ്മേളനത്തില്‍ 50% സംവരണം അബ്രാഹ്മണർക്ക് നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ പ്രമേയം ബ്രാഹ്മണര്‍ തടസ്സപ്പെടുത്തിയപ്പോള്‍ തന്റെ അനുയായികളുമൊത്ത് പെരിയാര്‍ കോൺഗ്രസ് വിട്ടു. 1925 ഡിസംബറില്‍ തന്നെ അദ്ദേഹം സ്വാഭിമാന പ്രസ്ഥാനത്തിന് രൂപംകൊടുത്തു. തമിഴ്‌നാട്ടിലുടനീളം അനവധി പ്രക്ഷോഭങ്ങള്‍ അദ്ദേഹം നടത്തി.

1947ല്‍ ഇന്ത്യ സ്വതന്ത്രമായി നാടൊട്ടും ആഘോഷം നടക്കുമ്പോള്‍ ‘തമിഴരുടെ ദുഃഖദിന’മെന്നാണ് പെരിയാര്‍ അതിനെ വിളിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ ബ്രാഹ്മണർക്കു കൈമാറുകയേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു പെരിയാറിന്റെ പക്ഷം.

1950ലെ റിപ്പബ്ലിക് ദിനം ദുഃഖദിനമായി ആചരിച്ചതിനാല്‍ പെരിയാറിനെ ജയിലിലടച്ചു. രക്ഷിതാക്കളുടെ പാരമ്പര്യത്തൊഴില്‍ കുട്ടികളെ പഠിപ്പിക്കണമെന്ന നിയമത്തെ പെരിയാര്‍ എതിർത്തു . പ്രക്ഷോഭത്തെത്തുടർന്ന് മുഖ്യമന്ത്രി സി. രാജഗോപാലാചാരിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. ശേഷം വന്ന കെ. കാമരാജ് ഈ നിയമം എടുത്തുമാറ്റി. പല കാലങ്ങളില്‍ പെരിയാറും സംഘവും ധീരമായ പ്രക്ഷോഭങ്ങള്‍ ദക്ഷിണേന്ത്യയിലുടനീളം നടത്തി. വിദ്യാഭ്യാസത്തിലും തൊഴിലിലും സമ്പത്തിലും രാഷ്ട്രീയ അധികാരത്തിലും ജനസംഖ്യാനുപാതികമായ പങ്കാളിത്തം ദലിത്പിന്നാക്കന്യൂനപക്ഷങ്ങൾക്കു ലഭിക്കുമ്പോള്‍ മാത്രമേ ‘ജനാധിപത്യ ഇന്ത്യ’ എന്ന സങ്കല്പം പൂർണ്ണമാവുകയുള്ളൂ എന്ന വിചാരങ്ങള്‍ ഉണർത്തി വിടാന്‍ ഇത് കാരണമായി.

സാമൂഹിക ചിന്തകനായ പ്രഫ. ജി. അലോഷ്യസ് സമാഹരിച്ച പെരിയാറിന്റെ പ്രഭാഷണങ്ങളാണ് Periyar On Islam. പെരിയാര്‍ 1929 മുതല്‍ 1969 വരെ നടത്തിയ പ്രധാനപ്പെട്ട അഞ്ച് പ്രഭാഷണങ്ങളും ഒരു ലഘുലേഖയുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ജാതീയത, മതംമാറ്റം, ഇസ്‌ലാം: പെരിയാറിന്റെ പ്രഭാഷണങ്ങള്‍ എന്ന പേരില്‍ പി. ഹാഫിസ് വിവർത്തനം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത പുസ്തകം കാലികമായ വായനാനുഭവം നല്കുന്നുണ്ട്. ഇസ്‌ലാമിന്റെ വിമോചന മൂല്യത്തെ എടുത്തുകാണിക്കുന്ന ഈ പ്രഭാഷണങ്ങള്‍ ദക്ഷിണേന്ത്യയിലെ ദ്രാവിഡ മുന്നേറ്റത്തിന് സ്വാതന്ത്ര്യപൂര്വഎ കാലത്ത് വലിയ ഊര്ജം് നല്കിയിട്ടുണ്ട്.

പെരിയാറിനെ തീവ്ര പാശ്ചാത്യ നിരീശ്വരവാദിയായി ഉയർത്തിക്കാട്ടിയത് ബ്രാഹ്മണ്യത്തിന്റെ പ്രചാരവേലയായിരുന്നു എന്നാണ് ആമുഖപഠനത്തില്‍ അലോഷ്യസ് ചൂണ്ടിക്കാട്ടുന്നത്. ഈശ്വര വിശ്വാസികളായ ബഹുജനത്തെ പെരിയാറിൽ നിന്നും അകറ്റാനുള്ള തന്ത്രമായിരുന്നു അത്. ‘നാസ്തിക്’ എന്ന പദം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നയാള്‍’ എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്. ‘എത്തിയിസ്റ്റ്’ എന്ന വാക്കിന് ദൈവാസ്തിക്യ നിഷേധി എന്നാണർഥം. യഥാർഥത്തിൽ ദൈവനിഷേധം തന്റെ ഉദ്ദേശ്യമല്ലെന്ന് പെരിയാര്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. നാസ്തികന്റെ പര്യായമായി ‘എത്തിയിസ്റ്റ്’ എന്ന ഇംഗ്ലീഷ് വാക്കുപയോഗിക്കുമ്പോള്‍ നടക്കുന്ന അട്ടിമറി പെരിയാറിന്റെ വൈരികള്‍ നന്നായി മുതലെടുക്കുകയായിരുന്നു.

ഒരു തത്ത്വശാസ്ത്രം എന്ന നിലയില്‍ മതത്തോടോ ദൈവചിന്തയോടോ ആയിരുന്നില്ല പെരിയാറിന്റെ യുദ്ധം. മറിച്ച്, സാമൂഹിക അസമത്വങ്ങള്‍ അടിച്ചുറപ്പിക്കുന്ന ബ്രാഹ്മണമതത്തോടായിരുന്നു. യുക്തിവാദിയായിരുന്നിട്ടുകൂടി ഇസ്‌ലാമിന്റെ വിമോചനാശയത്തെയും സാഹോദര്യത്തെയും അദ്ദേഹം എടുത്തു പറയുന്നുണ്ട്. പെരിയാറിന്റെ ജന്മദേശമായ ഇറോഡില്‍ 1929 ഒക്‌ടോബറില്‍ 69 അധഃസ്ഥിതരുടെ ഇസ്‌ലാം സ്വീകരണത്തെ അനുമോദിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം പ്രസിദ്ധമാണ്. ”സഖാക്കളേ…. ഈ 69 ആദി ദ്രാവിഡരിൽ നിന്നും അയിത്തം ഒഴിഞ്ഞുപോയിരിക്കുന്നു. ഇനി മുതല്‍ അവരെയാരും ചക്കിലി, ചണ്ഡാളന്‍, പറയന്‍ എന്നൊന്നും വിളിക്കുകയില്ല. ചിലരെ കാണുമ്പോള്‍ തമ്പ്രാ എന്നു വിളിച്ച് തീണ്ടാപ്പാടകലെ മാറിനിൽക്കേണ്ടി വരില്ല. അവരുടെ കാൽക്കൽ വീണ് നമസ്‌കരിക്കേണ്ടി വരികയുമില്ല. സ്വന്തം ഗ്രാമത്തിനു പുറത്തുപോയി ജീവിക്കേണ്ടിവരികയോ കുടിക്കാനും കുളിക്കാനുമുള്ള വെള്ളം നിഷേധിക്കപ്പെടുകയോ ഇല്ല. അവര്ക്ക് അലക്കുകാരുടെയും ക്ഷുരകന്മാരുടെയും സഹകരണമില്ലാത്തതുകൊണ്ട് നാറുന്ന വസ്ത്രവും കരടിയെപ്പോലെ നീണ്ട മുടിയുമായി കാഴ്ചക്കാരില്‍ അറപ്പുളവാക്കുന്നവരായി കഴിയേണ്ടിവരില്ല. അവർക്കിനി ഏതു തെരുവിലും നടക്കാം. ഏതു ജോലിയും ചെയ്യാം. ആരോടും മത്സരിക്കാം. രാഷ്ട്രീയത്തിലിറങ്ങാം. മതകാര്യങ്ങളില്‍ പോലും അവർക്കിപ്പോള്‍ കൂടുതല്‍ സ്വാതന്ത്യം ലഭിച്ചു. അവരുടെ ആരാധനാലയങ്ങളില്‍ കയറാനും വേദപാരായണം നടത്താനും അവർക്കിപ്പോള്‍ പറ്റും. അവര്‍ സാമൂഹിക അധഃസ്ഥിതത്വം, സാമ്പത്തിക പരാധീനത, രാഷ്ട്രീയ പാർശ്വവൽക്കരണം എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നു എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മതത്തിന്റെയും വേദശാസ്ത്രങ്ങളുടെയും പേരില്‍ നടമാടുന്ന തൊട്ടുകൂടായ്മ, കണ്ടുകൂടായ്മ എന്നീ ക്രൂരതകള്ക്ക് ഒരന്ത്യം വേണ്ടേ എന്ന എന്റെ ആഗ്രഹമാണ് ഇപ്പോഴത്തെ ഈ സന്തോഷത്തിനു പിന്നില്‍” (പുറം. 23)

ഇസ്‌ലാമിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അക്രമണോത്സുക മതമാണതെന്നും പലരും പെരിയാറിനെ ഉപദേശിച്ചിരുന്നു. അതിനും അദ്ദേഹം ശ്രദ്ധേയമായ രീതിയില്‍ മറുപടി പറയുന്നുണ്ട്. ”ഇസ്‌ലാം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ അതില്‍ ചേരുന്നവര്‍ ഇനിയങ്ങോട്ട് അടിമകളെപ്പോലെ പെരുമാറുന്നതെങ്കിലും നിർത്തുമല്ലോ. അവരുടെ ആക്രമണ സ്വഭാവം പേടിച്ച് മറ്റുള്ളവര്‍ അവരെ ബഹുമാനിക്കാനും സാധ്യമായില്ലേ? അതല്ല, ആക്രമണ സ്വഭാവമായി നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് അവരുടെ ധീരതയെയാണ്. നിന്ദക്കും മാനഹാനിക്കും കീഴൊതുങ്ങാത്ത ധൈര്യം. തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുന്നവര്‍ ഈ തന്റേടം നേടിയെടുത്താല്‍ പിന്നെ മതപരിവർത്തനത്തിൻ്റെ ആവശ്യം തന്നെയില്ല. എന്നാല്‍ ഹിന്ദുക്കളായി തുടരുന്നേടത്തോളം കാലം ഇതു നേടിയെടുക്കാന്‍ എളുപ്പമല്ല” (പേജ് 23).

1947ല്‍ തിരുച്ചിറപ്പള്ളിയിലും കുംഭകോണത്തും ദ്രാവിഡരുടെ അധഃസ്ഥിതത്വത്തിനു പരിഹാരം ഇസ്‌ലാമാണെന്ന് പെരിയാര്‍ പ്രസംഗിച്ചു. ഇതിനെതിരെയും വിമർശനങ്ങളുയർന്നു.

”ജാതിവിവേചനത്തിൽ നിന്ന് സ്വതന്ത്രരാകണം എന്നാഗ്രഹിക്കുന്നവര്‍ മുസ്‌ലിംകളായി മാറണം എന്ന് ഏകദേശം 20 വർഷങ്ങളായി ഞാന്‍ പ്രസംഗിക്കുന്നു. അവരെക്കൊണ്ട് ഇക്കാര്യം സ്വീകരിപ്പിക്കുന്നതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും 1924-25 വർഷങ്ങളിൽ മലയാളി ഈഴവർക്കിടയിലും മറ്റു അയിത്ത ജാതിക്കാർക്കിടയിലും ഞാനീ സന്ദേശം പ്രചരിപ്പിച്ചു. എല്ലാവരും അനുകൂലമായി പ്രതികരിക്കുകയാണുണ്ടായത്. അവരുടെ സമ്മേളനങ്ങളില്‍ ഈ വിഷയത്തില്‍ പ്രമേയങ്ങള്‍ പാസ്സാക്കപ്പെട്ടു. 2000-3000 ആളുകള്‍ ഇവിടെയും 600-700 ആളുകള്‍ കേരളത്തിലും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അതോടെ അവരുടെ അധഃസ്ഥിതത്വം പടിപടിയായി ഇല്ലാതായിക്കൊണ്ടിരുന്നു. അവരുടെ പ്രശ്‌നങ്ങൾക്ക് ഏതാണ്ട് പ്രതിവിധിയായിരിക്കുന്നു. ഇങ്ങനെ മദ്രാസ് അസംബ്ലിയില്‍ ബ്രാഹ്മണനായ ഡോ. രാജന്‍ ക്ഷേത്രപ്രവേശന ബില്ലിനനുകൂലമായി പറഞ്ഞത് കേൾക്കണോ നിങ്ങൾക്ക് ? ഹിന്ദു സമൂഹത്തിന്റെ അംഗബലം ദിനേന കുറഞ്ഞ് അത് ദുർബലപ്പെടുന്നത് ഇല്ലാതാക്കാന്‍ ഞാന്‍ ഈ ബില്ലിനെ പിന്താങ്ങുന്നു എന്ന്. ഹിന്ദുമതത്തെ രക്ഷിക്കുകയാണ് ലക്ഷ്യം” (പുറം. 37)

‘ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും’ എന്ന കൃതിയില്‍ ജെ. രഘു ഈ പ്രശ്‌നത്തെ വിശകലനം ചെയ്യുന്നുണ്ട്. ഏകീകൃതമായ ഒരു മതസമുദായമാണ് ഹിന്ദുയിസം എന്ന് സ്ഥാപിച്ചുറപ്പിക്കുന്നതിലൂടെ സവർണ-അവർണ വൈരുധ്യങ്ങളെയും അധഃസ്ഥിതകീഴാള പ്രതിരോധങ്ങളെയും നിർവീര്യമാക്കുകയാണ് ലക്ഷ്യം. ‘ഹിന്ദു’മതത്തിൽ നിന്ന് ദലിതര്‍ വിമോചിതരായി സംഘടിച്ചാൽ ഹിന്ദു മതത്തിന്റെ പ്രഖ്യാപിത വക്താക്കളായ സവർണർ ഒരു നിസ്സാര ന്യൂനപക്ഷമായി മാറും. ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ സവർണർ സ്ഥാപിച്ചിട്ടുള്ള ആധിപത്യവും നഷ്ടപ്പെടും. ഇക്കാരണത്താലാണ് സവർണർക്കു മേൽക്കൈയുള്ള മതേതര പാർട്ടികൾ ഇന്നും ജാതീയതയെ അഭിമുഖീകരിക്കാതെ, വർഗീയതയെ മാത്രം പ്രശ്‌നമാക്കുന്നത്.

മതംമാറ്റനിരോധം എന്ന മുദ്രാവാക്യത്തിലൂടെ ദലിത്പിന്നാക്കക്കാരില്‍ മുസ്‌ലിം എന്ന ബാഹ്യശത്രുവിനെ മുന്നിൽ നിർത്തി ഹിന്ദു ഐക്യവും രക്ഷാകർതൃത്വവും സന്നിവേശിപ്പിക്കാന്‍ സവർണർക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അധഃസ്ഥിതര്‍ അവരുടെ ദൈനംദിന ജീവിതലോകത്തില്‍ നേരിടുന്ന സവർണാധിപത്യത്തിന്റെ നീചതകളെ മറയ്ക്കാന്‍ എന്നിട്ടും കഴിയുന്നില്ലെന്നതാണ് സമകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇവിടെയാണ് പെരിയാറിനെപ്പോലുള്ളവര്‍ പ്രസക്തമാകുന്നത്.

മതപരിവർത്തനം എന്ന സാധ്യതയേക്കാള്‍ ദലിതരുടെ സ്വതന്ത്ര കർതൃത്വമാണ് ദലിത് ചിന്തകര്‍ ഇന്ന് മുന്നോട്ടുവെക്കുന്നത്. അത്തരം ചുവടുവെപ്പുകള്ക്കും പെരിയാറിന്റെ ആശയങ്ങള്‍ പ്രയോജനപ്രദമായിരിക്കും. കാരണം, മതപരിവർത്തനം എന്ന വാക്ക് തന്നെ പ്രശ്‌നഭരിതമാണ്. ഒരു മതമുണ്ടായിരിക്കെ അതു വിട്ട് മറ്റൊരു മതത്തിലേക്ക് മാറുന്നതിനെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. നിലവില്‍ ഒരു മതവുമില്ലാത്തവരാണ് തങ്ങളെന്ന് അംബേദ്കറും പെരിയാറുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാലാണ് ഇസ്‌ലാം പോലുള്ള മതങ്ങളിലേക്ക് ദലിതര്‍ കൂട്ടമായി കടന്നുവന്നത്. ഇതിനെയാണ് മതാരോഹണം എന്ന അർഥത്തിലെടുക്കണമെന്ന് ടി.എന്‍ യേശുദാസനെപ്പോലുള്ള എഴുത്തുകാര്‍ വിശേഷിപ്പിക്കുന്നത്.

പെരിയാര്‍ പറയുന്നത് കാണുക. ”ദൈവത്തിന്റെ പേരു പറഞ്ഞ് നിരവധി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരേക്കാള്‍ എത്രയോ മെച്ചമായിരുന്നു മുഹമ്മദ് നബി. ഒരുപാട് ദൈവങ്ങളിലുള്ള വിശ്വാസം വെടിഞ്ഞ് ഒരു ദൈവമാണ് ശരി എന്ന് നിങ്ങള്‍ അംഗീകരിക്കൂ ആദ്യം. നബി അടുത്തതായി പറഞ്ഞത്, എല്ലാവരും ജന്മനാ തന്നെ തുല്യരാണ് എന്നാണ്. കുറേ മഹാന്മാര്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ദൈവമൊന്ന്, മനുഷ്യരൊന്ന് എന്നൊക്കെ. എന്നാല്‍, അതൊക്കെ ഏട്ടിലൊതുങ്ങി, പ്രയോഗത്തില്‍ വന്നില്ല. എന്നാല്‍, മുസ്‌ലിം സമൂഹത്തില്‍ ഏകദൈവാരാധനയും ജന്മനാടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മയും പ്രയോഗത്തിലുള്ളതാണ്” (പുറം. 40).

1953ല്‍ ചെന്നൈയില്‍ ഒരു നബിദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ടാണ് പെരിയാര്‍ ഈ പ്രഭാഷണം നടത്തിയത്. അവസാനം അദ്ദേഹം പറഞ്ഞു: ”മുസ്‌ലിംകള്‍ തങ്ങളുടെ മതകാര്യങ്ങളില്‍ പങ്കെടുക്കാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നതു പോലെ മറ്റു മതക്കാരും ചെയ്യണം. അപ്പോള്‍ മാത്രമേ, പുരോഗതിയിലേക്കുള്ള വഴികള്‍ തുറക്കപ്പെടുകയുള്ളൂ” (പുറം 40)
ഇവിടെ സാമൂഹിക സമത്വത്തെ മുൻനിർത്തിയാണ് പെരിയാര്‍ മതങ്ങളെ വിശകലനം ചെയ്യുന്നത് എന്ന് കാണാവുന്നതാണ്. ദലിത്- ആദിവാസി- പിന്നാക്കമുസ്‌ലിം ജനവിഭാഗങ്ങള്‍ ബ്രാഹ്മണ്യത്തിൽ‌ നിന്നും കടംകൊണ്ട പല തരം ശ്രേണീവിഭജനങ്ങള്‍ അവർക്കിടയിൽ നിന്നും തൂത്തുമാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ആന്തരിക വൈരുധ്യങ്ങള്‍ അവരെ പോരാട്ടത്തിന് അശക്തരാക്കും. സവർണന്റെ പാഠ്യവസ്തുവായി ‘ഇര’മൂല്യമോ ഫോക്‌ലോര്‍ മൂല്യമോ കാണിച്ച് വിധേയപ്പെട്ടുനിൽക്കാതെ, ഭരണ-തൊഴില്‍-വിദ്യാഭ്യാസ പങ്കാളിത്തവും സാമൂഹിക കർതൃത്വവും ദൃശ്യപ്പെടുത്തി മുന്നേറാനും അതുമാത്രമാണ് വഴി. ഈ അർഥത്തിൽ ‘പെരിയാറിന്റെ പ്രഭാഷണങ്ങള്‍’ പുതിയ രാഷ്ട്രീയത്തിന് പ്രചോദനമേകാനും മലയാളിയുടെ സാമൂഹിക ഭാവനയെ അഴിച്ചുപണിയാനും കരുത്ത് പകരും എന്നതില്‍ സംശയമില്ല.

By ഡോ. വി ഹിക്മത്തുള്ള

Asst. Professor,Dept. Of Malayalam and Kerala Studies, University of Calicut