‘ആഗോള തലത്തില്‍ത്തന്നെ പ്രതിസന്ധിയായി മാറിയിരിക്കുന്ന മതമാണിന്ന് ഇസ്‌ലാം’, കഴിഞ്ഞ മാസം രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞ വാക്കുകളാണിത്. പൊതുവിടങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി തടയുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച് പതിപ്പ്, ലൈസിറ്റെ (Laïcité ) ഊര്‍ജിതമാക്കാനുള്ള പദ്ധതികളും പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ചു. തുടര്‍ന്ന്, സ്‌കൂള്‍ അധ്യാപകന്റെ തലയറുത്ത സംഭവവും, രണ്ടു മുസ്‌ലിം സ്ത്രികള്‍ക്കെതിരെ നടന്ന മര്‍ദനവും, മറ്റു ഡിപ്ലോമാറ്റിക് തര്‍ക്കങ്ങളുമെല്ലാം ഇസ്‌ലാം- ലൈസിറ്റെ സംബന്ധിച്ച ആഗോള ആശങ്കകളെ ആളിക്കത്തിച്ചു. ലൈസിറ്റെയെ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിവേചനത്തിന് ആയുധമാക്കുന്നതിനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എഷ്യനാഫ്രിക്കന്‍ വന്‍കരകളിലെ ദശലക്ഷക്കണക്കിനു ജനങ്ങളെ ക്രൂരമായി കോളനിവല്‍ക്കരിക്കാനുള്ള ഉപായമായി ഫ്രഞ്ച് ലിബറലിസത്തെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പഠനങ്ങളുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഫ്രഞ്ച് ചരിത്രത്തില്‍ ആഴ്ന്നിറങ്ങിയത്ര തന്നെ അക്രമവും പ്രതിഷ്ഠ നേടിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം മാത്രമാണ് ഫ്രാന്‍സിന്റെ സംഭാവനയായി ഉയര്‍ത്തിക്കാണിക്കപ്പെടാറുള്ളത്. തങ്ങളുടെ രാഷ്ട്രീയ അപരര്‍ക്കെതിരെ അഴിച്ചുവിട്ട ചരിത്രത്തില്‍ തുല്യതയില്ലാത്ത ആക്രമണങ്ങളും ലിബറലിസത്തിന്റെ ഇരുണ്ട മുഖവും എന്നും വിസ്മൃതിയിലാണ്ടു പോയിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ ഇതിനെക്കുറിച്ചൊന്നും അജ്ഞരായിരുന്നില്ല.

മാക്രോണിന്റെ പരാമര്‍ശം എന്നിലുണര്‍ത്തിയ പ്രഥമ ചോദ്യം, ‘ഇസ്‌ലാം’ എന്നതില്‍ ആരൊക്കെയുള്‍പ്പെടുമെന്നതാണ്. ലിബറലിസത്തിന്റെയും ജ്ഞാനോദയത്തിന്റെയും എതിര്‍ദിശയില്‍ ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആഖ്യാനങ്ങള്‍ പുതിയതല്ലാത്തതിനാല്‍ ഇവിടെ സൂചിപ്പിക്കുന്നില്ല. ഇസ്‌ലാം പ്രതിസന്ധിയിലാണോ എന്നതിന് ഉത്തരം കണ്ടെത്തുന്നതിന് ആദ്യം നമുക്ക് ഇതിലെ പദാവലികള്‍ നിര്‍വചിക്കേണ്ടതുണ്ട്. ‘ഇസ്‌ലാം’ എന്നതുകൊണ്ട് നോര്‍ത്ത് അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവടങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെയാണ് വിവക്ഷിക്കുന്നതെങ്കില്‍ മുസ്‌ലിമായിരിക്കുന്നതിന് കൂടുതല്‍ കൗതകരമായ സമയം മറ്റൊന്നില്ല. മാക്രോണും പൂര്‍വികരും ‘ഇസ്‌ലാമിന്റെ’ ആന്റി തിസീസായി അവതരിപ്പിച്ചിട്ടുള്ള പാശ്ചാത്യലോകത്താണ് മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും ഏറ്റവും സമ്പന്നമായ വ്യവഹാരങ്ങള്‍ ഉയര്‍ന്നു വരുന്നത്.

ഇനി ഇസ്‌ലാം എന്നതുകൊണ്ട് മാക്രോണ്‍ ഉദ്ദേശിച്ചത് മുസ്‌ലിം ലോകത്തെയാണെങ്കില്‍ നിസ്സംശയം അത് വാസ്തവമാണു താനും. അറബ് വസന്തം സമ്മിശ്ര ഫലങ്ങളാണുണ്ടാക്കിയത്. അതില്‍ കൂടുതല്‍ ഭയാനകമായതാകട്ടെ, സിറിയ, ലിബിയ, യെമന്‍ എന്നീ രാഷ്ട്രങ്ങളിലും, ഫലസ്തീന്‍ ഇസ്രയേല്‍ കയ്യേറിയതും കശ്മീര്‍ ഇന്ത്യ കയ്യേറിയതും തുടരുന്നു. തുര്‍ക്കിയിലും പാകിസ്ഥാനിലും വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കുന്നുമുണ്ട്. ഇറാനില്‍ പിന്‍തലമുറകള്‍ തടവറയിലാക്കപ്പെടുന്നു. രാഷ്ട്രീയവകാശങ്ങളെ പിച്ചിച്ചീന്തി, സാമൂഹിക ഉദാരവല്‍ക്കരണം നടപ്പില്‍ വരുത്തുകയാണ് ഗള്‍ഫ്- അറബ് ഭരണാധികാരികള്‍. അമേരിക്കയുടെ നിലയ്ക്കാത്ത യുദ്ധങ്ങളില്‍ ഉലയുന്ന അഫ്ഗാനിസ്ഥാനും ഇറാഖും. പുറന്തള്ളല്‍ ദേശീയവാദത്തിന്റെ ഫലമെന്നോണമാണ് ബാല്‍ക്കന്‍സിലെ ബോസ്‌നിയന്‍ വംശഹത്യ നടന്നത്. അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്തി ഏകാധിപതികളെ അപ്പടി അനുസരിക്കാന്‍ അറബ് ജനത വിസമ്മതിക്കുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാൻ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. തങ്ങളുടെ യാതനകള്‍ കണ്ടില്ലെന്നു നടിക്കുന്ന ലോകത്തിനു മുന്നില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നിശബ്ദരായിരുന്നില്ല.

ഇവയിലെല്ലാം നീതി കിട്ടുമോ എന്നതല്ല, നീതി എപ്പോള്‍ എന്നതാണ് വിഷയം. എന്തൊക്കെ സംഭവിച്ചാലും ലോകം ഏറ്റവും നികൃഷ്ടമായതിനെ മുന്നോട്ടു വെക്കുമ്പോള്‍ മുസ്‌ലിംകളും കൂട്ടരും അതിമഹത്തായവ സമ്മാനിക്കുന്നു. ഫറോവക്കെതിരായ മൂസമാരാവുന്നു.

തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രാചീനമായ അടിച്ചമര്‍ത്തല്‍ മുറകളെ നിലനിര്‍ത്തുന്നതില്‍ ഫ്രഞ്ച്- അമേരിക്കന്‍ ഗവണ്‍മെന്റുകളുടെ പങ്ക് വിസ്മരിക്കാവതാണ്. ഇസ്രയേല്‍, ഇന്ത്യ, ഈജിപ്ത്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവയെല്ലാം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സഖ്യങ്ങളാണ്. അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ ആയുധങ്ങളും അവര്‍ ആസ്വദിച്ചു പോരുന്നു. പടിഞ്ഞാറിന്റെ പ്രഖ്യാപിത ശത്രുവായ ഇറാന്‍ പോലും, ദേശീയമായ ലെജിറ്റിമസിയെ ഉയര്‍ത്തിക്കാണിക്കാന്‍ അവര്‍ക്കെതിരെ നടക്കുന്ന അമേരിക്കൻ ഭീഷണികളെ ഉയർത്തിക്കാണിക്കുന്നു.

തീവ്ര വലതുപക്ഷപ്രസ്ഥാനങ്ങൾ അഭൂതപൂർവ്വം ശക്തിയാർജിക്കുമ്പോൾ, ഭരണ നിർവഹണ സ്ഥാപനങ്ങൾ തകർന്നടിയുമ്പോൾ, അസമത്വം വാഴുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധി അതിരൂക്ഷമാകുമ്പോൾ ഇസ്ലാം പ്രതിസന്ധിയിലാണെന്ന ജൽപനങ്ങൾ അതിശായവഹമാണ്. യഥാർഥത്തിൽ ഉദാരവാദം എന്ന രാഷ്ട്രീയ തത്വചിന്ത തന്നെയാണ് പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. അതിൻ്റെ അനുരണനങ്ങൾ ഇന്ന് അനേകം യൂറോപ്പിതര രാഷ്ട്രങ്ങളിലും ദൃശ്യമാണ്. കൂടാതെ, ആഗോളധാരയെ നിയന്ത്രിക്കുന്നത് യൂറോപ്പാണു താനും.

തങ്ങളുടെ രാഷ്ട്രീയ അപരരെ വംശീയ ഹിംസയാൽ നിർവീര്യമാക്കുന്ന രീതിയാണ് ലിബറലിസത്തിനുള്ളത്. സമത്വത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ മറപിടിക്കാൻ കഴിയാത്ത വിധം ലിബറലിസം അഴിച്ചു വിട്ട ആഗോള ഹിംസകൾ അവരുടെ തന്നെ വിള്ളലുകളെ തുറന്നുകാട്ടുന്നു. ലിബറലിസത്തിന്റെ വിജയമായ സ്വാതന്ത്ര്യം, സമത്വം എന്നിവയെ തങ്ങളിലേക്കു ചേർത്തു പറയുമ്പോൾ തന്നെ അതിന്റെ പരാജയങ്ങളായ നൂറ്റാണ്ടുകൾ നീണ്ട ചൂഷണവും തുടർന്നുള്ള ആഗോള അസമത്വങ്ങളും കാലാവസ്ഥാ പ്രതിസന്ധിയും മറ്റുള്ളവരിലേക്ക് ചാർത്താൻ ശ്രമിക്കുന്നു. രണ്ടാം ലോക മഹായുദ്ധം വരെ ആധുനിക ലോകം സൃഷ്ടിച്ചത് ഞങ്ങളാണെന്ന് വാദിച്ചിരുന്ന യൂറോപ്യൻ നാഗരികത, ഭീതിദമായ ഭാവിയെ നേരിടേണ്ടി വന്നപ്പോൾ മനുഷ്യകുലം സ്വയംനശീകരണത്തിന്റെ വഴിയിലാണെന്ന തരത്തിൽ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് തലാൽ അസദ് പറയുന്നു.

‘ഭൂമിയിലെ ഹതഭാഗ്യരെ’ന്ന് കോളനി വിരുദ്ധ തത്വചിന്തകൻ ഫ്രാൻസ് ഫാനൻ വിശേഷിപ്പിച്ചവർക്ക് ലിബറലിസത്തിന്റെ ഫലങ്ങളുടെ സൽപ്പേര് ലഭിക്കാതിരിക്കുകയും, അതിന്റെ ദോഷങ്ങൾക്ക് ഉത്തരവാദപ്പെട്ടവരായി മുദ്രകുത്തപ്പെടുകയും ചെയ്തതെന്തുകൊണ്ടാണ്?

മുസ്ലിംകൾ അനേകം പ്രതിസന്ധികൾ തരണം ചെയ്തവരാണ്, ഇനിയങ്ങോട്ടും അങ്ങനെയായിരിക്കുമെന്ന് മാക്രോണിന് ആശ്വസിക്കാം. മുസ്ലിംകളെയും മറ്റുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ആഗോള പ്രതിസന്ധികളെ ഒരുമിച്ച് സഹിഷ്ണുതയോടെ നേരിടാൻ പഠിക്കാം. ലിബറലിസത്തിന്റെ പ്രതിസന്ധിയെ നേരിടാൻ ഇസ്ലാം ഇതുവരെ നൽകിയ സംഭാവനകൾ അനിഷേധ്യമാണ്.

Courtesy: Al Jazeera

വിവ: ഫർഹത്തുള്ള കെ. പുല്ലഞ്ചേരി

Comments