ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് ‘ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം’ എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്.

  1. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തിന് ഇവിടെ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ, വംശീയ വിഷം തുപ്പുന്ന സംഘപരിവാർ മാധ്യമ പ്രവർത്തകനായ അർണബ് ഗോ സാമിക്ക് വളരെ വേഗം തന്നെ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും എന്നാൽ സിദ്ധീഖ് കാപ്പന്റെ വിഷയത്തിൽ അതേ സുപ്രീംകോടതി കാണിക്കുന്ന അവധാനതയും അനീതിയും ഒരു വിഷയമാണ്. മറ്റൊന്ന് സിദ്ധീഖ് കാപ്പൻ എന്ന വ്യക്തി മലയാളിയായിരിക്കെ കേരള സർക്കാർ അദ്ദേഹത്തിന്റെ വിഷയത്തിൽ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന വിഷയം കൂടി പരിഗണിക്കണം. തുഷാർ വെള്ളാപ്പള്ളി UAE അറസ്റ്റിലായപ്പോൾ ഉടൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധീഖ് കാപ്പൻ വിഷയത്തിൽ കാണിക്കുന്ന മൗനം മുസ്‌ലിം രാഷ്‌ട്രീയ, സാമൂഹിക ഇടപാടുകളോടുള്ള നിഷേധാത്മകമായ സമീപനമാണ് എന്ന് മനസിലാക്കേണ്ടി വരും. ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങൾ ഈ കുറിപ്പിന്റെ ഒരു ഭാഗത്ത് വരുന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.
  2. ചിത്രലേഖയുടെ ഇസ്‍ലാം സ്വീകരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ. ഏഷ്യാനെറ്റ് ന്യൂസ് ഒളികാമറയിൽ നടത്തിയ വൃത്തികെട്ട നാടകവും പിന്നീട് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഈ പുസ്തകം വായിക്കാൻ എടുക്കുമ്പോൾ സംഭവിച്ച കാര്യങ്ങളാണ്.

ആഗോളവ്യാപകമായി നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരത്തെ പരിശോധിക്കുന്ന, 2009 മുതൽ 2019 വരെ കേരളത്തിലെ വിവിധ മുസ്‌ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കെ അഷ്‌റഫിന്റെ ഇരുപത്തിനാലോളം വരുന്ന ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ് പെൻഡുലം ബുക്സ് പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമോഫോബിയ : മലയാള ഭൂപടം’ എന്ന പുസ്തകം. ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമോഫോബിയയുടെ കേരള പശ്ചാത്തലം എന്താണ് ? എങ്ങിനെയാണ് കേരളത്തിൽ ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നത് ? എന്താണ് അതിന്റെ ചരിത്രം ? ഇങ്ങനെ തുടങ്ങി കേരളത്തിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പുസ്തകത്തിൽ കണ്ടെത്താം.

കേരള മുസ്‌ലിംകളുടെ ഭൂതകാല – വർത്തമാനകാല രാഷ്ട്രീയത്തിൽ അബ്ദുൽ നാസർ മഅ്‌ദനി എന്ന മുസ്‍ലിം പണ്ഡിതൻ ആഴ്ത്തിൽ ചെലുത്തിയ സ്വാധീനം ഒരു പക്ഷെ അദ്ദേഹത്തിന്റെ തടവ് ജീവിതാരംഭം മുതലായിരിക്കണം കൂടുതൽ ശക്തമായത്. അബ്ദുൽ നാസർ മഅ്‌ദനി എന്ന വ്യക്തി ഒരു മുസ്‌ലിം പണ്ഡിതൻ മാത്രമല്ല, കേരള മുസ്‌ലിംകളിൽ ഒരു വിഭാഗത്തെ രാഷ്‌ട്രീയമായി സംഘടിപ്പിക്കുകയും ‘അവർണന് അധികാരം’ എന്ന വിമോചന മുദ്രാവാക്യം മുന്നോട്ട് വെക്കുകയും ചെയ്ത വ്യക്തി കൂടിയാണ്. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ജയിൽ വാസം ഒരു മുസ്‌ലിം എന്ന നിലയിൽ അനുഭവിക്കുന്ന എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഉദാഹരണം കൂടിയാണ്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദൃശ്യത സാധ്യമാക്കിയതിന്റെ പേരിൽ, ചാർത്തപ്പെട്ട കേസുകൾ തെളിയിക്കപ്പെടാതെ കേവലം വിചാരണാ തടവുകാരനായി രണ്ട് പതിറ്റാണ്ടോളം ജീവിതം തടവറക്കുള്ളിൽ മാത്രമായി ചിലവഴിച്ച അബ്ദുൽ നാസർ മഅ്‌ദനിയെ അറസ്റ്റ് ചെയ്യാൻ എല്ലാ വിധ സൗകര്യകളും ഒരുക്കി കൊടുത്തത് ഇടതുപക്ഷ സർക്കാരായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തെയും സാമൂഹ്യ ഇടപെടലുകളെയും കേരളത്തിലെ ഇടത്പക്ഷം എത്രത്തോളം ഭയപ്പെടുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ ജീവിതവും ഇടത് സമീപനങ്ങളും വ്യക്തമാക്കി തരുന്നു. അബ്ദുൽ നാസർ മഅ്‌ദനിയുടെ തടവ് ജീവിതത്തെ കുറിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ കർണാടകയിലേക്ക് പോയ തെഹൽകയുടെ റിപ്പോർട്ടർ ഷാഹിന തയാറാക്കിയ റിപ്പോർട്ട് പുറത്ത് വന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കർണാടക പോലീസ് ഷാഹിനക്കെതിരെ കേസിലെ സാക്ഷികളെ ഭീക്ഷണിപ്പെടുത്തി എന്നാരോപിച്ച് ഐ പി സി 506 ചുമത്തി കേസ് ചാർജ് ചെയ്തു. കേസിലെ സാക്ഷികളുമായി ഒരു മാധ്യമ പ്രവർത്തക/പ്രവർത്തകൻ നടത്തുന്ന ആശയവിനിമങ്ങൾ ഒരു തരത്തിലും ഭീക്ഷണിയായി സങ്കൽപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം നടപടി എന്നത് ശ്രദ്ധേയമാണ്.

മുസ്‌ലിം പ്രശ്നങ്ങളെ കുറിച്ചുള്ള ബോധപൂർവമായ കൂട്ടമറവിയാണ് അബ്ദുൽ നാസർ മഅ്‌ദനി വിഷയത്തിലും ബീമാപള്ളി വെടിവെപ്പിലും ദൃശ്യമായത്. അങ്കമാലി വെടിവെപ്പ് ശേഷം കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണ് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2009 മെയ് 17 ന് ബീമാപള്ളിയിൽ നടന്നത്.

ബീമാപള്ളിക്കാരോട് ഉണ്ടായ വിദ്വേഷത്തിനും വെടിവെപ്പിനു ശേഷം നടന്ന അനീതിക്കും പ്രധാനമായ കാരണങ്ങൾ ഒന്ന്, അവർ മത്സ്യ തൊഴിലാളികളാണ്, രണ്ട്, അവർ മുസ്‌ലിംകളാണ് എന്നതാണ്. വെടിവെപ്പിൽ 7 പേര് തൽസമയം കൊല്ലപ്പെടുകയും 50 ഓളം ആളുകൾക്ക് പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു. എന്നാൽ ഈ 50 പേരിൽ ഭൂരിഭാഗവും പിന്നീട് രോഗം മൂർഛിച്ച് മരണപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ഒരു വിഭാഗത്തോടുള്ള ഭരണകൂട ഹിംസയുടെ ആഴവും വ്യാപ്തിയും എത്രത്തോളമുണ്ട് എന്ന് ബീമാപള്ളി നമുക്ക് കാണിച്ചു തരുന്നു. പള്ളി വിഷയത്തിലെ കൂട്ട മറവി എന്നതിനേക്കാൾ പുസ്തകം ഉയർത്തുന്ന സാമൂഹിക മരണം (Social Death) എന്ന തലകെട്ടാണ് ഏറ്റവും മികച്ചത്. ഈ സാമൂഹിക മരണത്തിന്റെ ആഘാതം അബ്ദുൽ നാസർ മഅ്‌ദനിയുടെയും പരപ്പനങ്ങാടിയിലെ സക്കരിയയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട് എന്നത് മഅ്‌ദനി,സക്കരിയ വിഷയങ്ങളിലെ മതേതര സമൂഹത്തിന്റെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്. മതേതര സമൂഹത്തിന്റെ തിരസ്കാരം എന്നതിലുപരി മുസ്‌ലിം സമുദായതിന്റെ ഉള്ളിൽ മഅ്‌ദനിയും സക്കരിയയും എത്രത്തോളം ഒരു രാഷ്ട്രീയ – സാമുദായിക വിഷയമായിട്ടുണ്ട് എന്ന് വിലയിരുത്തണം.

മുസ്‌ലിമിനെയും മുസ്‌ലിം ജീവിതത്തെയും വിദ്വേഷ മുൻവിധിയോടെ സമീപിക്കുന്നതിൽ സിനിമകളും കലാവിഷ്‌കാരങ്ങളും ചെറുതല്ലാത്ത ദൗത്യമാണ് നിർവഹിച്ചത്. 2013ൽ റിലീസ് ചെയ്ത വിശ്വരൂപം എന്ന സിനിമയെ മുൻനിർത്തി പുസ്തകം ഇത്തരം മനോഭാവങ്ങളെ പ്രശ്നവൽക്കരിക്കുന്നുണ്ട്. 2017 ൽ റിലീസായ ടേക്ക് ഓഫ് എന്ന മലയാള സിനിമാ ഇസ്‌ലാമോഫോബിയയുടെ ആഘോഷമായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. മുസ്‌ലിംകളെ കുറിച്ചുള്ള ഇത്തരം വെറുപ്പ് നിറഞ്ഞ ആവിഷ്‌കാരങ്ങൾക്കെതിരെ മുസ്‌ലിം പക്ഷത്തു നിന്ന് എതിർ ശബ്ദങ്ങൾ ഉയർന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം, ഭീകരവാദം, തീവ്രവാദം തുടങ്ങിയ തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. തലാൽ അസദിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ് എന്ന് തോന്നുന്നു. ലിബറൽ ജനാധിപത്യത്തിൽ അതിന്റെ മുഖമുദ്രയായി കരുതപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, എങ്ങനെയാണ് മതത്തിന് മുകളിലുള്ള ആധിപത്യ സ്ഥാപനത്തിന്റെ ഭാഗമായി മാറുന്നത് എന്ന് അസദ് നിരീക്ഷിക്കുന്നു. ഈ ആധിപത്യ സ്ഥാപന മനോഭാവം കാർട്ടൂൺ രചന, സിനിമാ ചിത്രീകരണം, സീരിയൽ തുടങ്ങിയ വ്യവഹാരങ്ങളിലൂടെ ആഗോളവ്യാപകമായി തന്നെ നിലനിൽക്കുന്ന യാഥാർഥ്യമാണ്. ഇത്തരം ആവിഷ്‌കാരങ്ങളുടെ സ്വാധീനം സംഘപരിവാർ ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത് ബാബരി മസ്ജിദ് തകർക്കുന്നതിന് മാസങ്ങൾ മുമ്പ് തന്നെ ദൂരദർശൻ ചാനലിൽ ശ്രീ രാമനെ കുറിച്ചുള്ള സീരിയൽ സംപ്രേഷണം ചെയ്തിരുന്നു എന്നും ഇത് ജനങ്ങളിൽ വലിയ തരത്തിൽ സ്വാധീനിക്കപ്പെട്ടു എന്നും നിരീക്ഷണമുണ്ട്. ബാബരി മസ്ജിദിന് ശേഷമുള്ള മലയാള സിനിമകളിൽ മുസ്‌ലിം തീവ്രവാദ കഥകൾ ധാരാളമായി കടന്ന് വന്നിട്ടുണ്ട്. അത് കേവലം ആഭ്യന്തര വിഷയമായല്ല ആവിഷ്കരിക്കപ്പെട്ടത്. മറിച്ച്, ഇന്ത്യാ – പാക് അതിർത്തികളും അഫ്ഗാവൻ അതിർത്തികളും തുടങ്ങി അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങൾ ഉൾപ്പെടെ ചിത്രീകരിക്കപ്പെട്ടു എന്ന് പുസ്തകം നിരീക്ഷിക്കുന്നു. മലയാള സിനിമയിൽ അൽ ഖൊയ്ദ, താലിബാൻ പോലെയുള്ള വാക്കുകൾ കടന്ന് വന്നത് ബാബരി മസ്ജിദിന് ശേഷമുള്ള കാലഘട്ടത്തിലാണ്.

മുസ്‌ലിം ജീവിതങ്ങളെ കുറിച്ച് നിർമിക്കപ്പെട്ടിട്ടുള്ള ‘പരമ്പരാഗത’ പൊതുബോധങ്ങളിലൂടെയാണ് മലയാള സിനിമകൾ സമീപ കാലം വരെ സഞ്ചരിച്ചത്. അപരിഷ്കൃതർ, വിദ്യാഭ്യാസമില്ലാത്തവർ, ബഹുഭാര്യത്വം, അമിത ലൈംഗികത, കള്ളപ്പണം, ഹവാല, തീവ്രവാദം, വർഗീയത തുടങ്ങിയ നിലകളിലാണ് മലയാള സിനിമയിലെ മുസ്‌ലിം കഥാപാത്രങ്ങൾ ജീവിച്ചത്. ഇത്തരം പൊതുബോധ നിർമിതികൾക്ക് സിനിമകൾ തന്നെ പ്രധാന കാരണമാണ് എന്ന വസ്തുത മറച്ചു പിടിക്കാനാകില്ല. ഇത്തരം നിർമാണങ്ങളുടെ ഫലമായി മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ കുറിച്ചും വർഗീയമായാണ് സിനിമകൾ പറയാൻ ശ്രമിച്ചിരുന്നത്. അതുകൊണ്ടാണ് ആറാം തമ്പുരാൻ എന്ന സിനിമയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പറയുമ്പോൾ ‘ബോംബാണെങ്കിൽ ഈസിയാണ്, മലപ്പുറത്ത് സാധനം കിട്ടും’ എന്ന് പറയുന്നത്. വിനോദയാത്ര എന്ന സിനിമയിൽ പോലീസുകാരനായ തന്റെ അച്ഛനെ കുറിച്ച് പറയുമ്പോൾ ‘മലപ്പുറത്ത് നടന്ന വർഗീയ ലഹളയിലാണ് അച്ഛന് കുത്തേറ്റത്’ എന്ന് പറയുന്നത് കാണാം. കാലഗണന വെച്ച് നോക്കുമ്പോൾ ഇല്ലാത്ത/സംഭവിക്കാത്ത വർഗീയ ലഹളയും സംഘർഷവുമാണ് സിനിമയിൽ നിർമിക്കപ്പെടുന്നത് എന്ന് മനസിലാക്കാം.

KL 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകൾ അദൃശ്യമായിരുന്ന മുസ്‌ലിം ജീവിത യാഥാർഥ്യങ്ങളും പരിസരവും ദൃശ്യമാക്കി. മുസ്‌ലിം പക്ഷത്തുനിന്നുള്ള കലാവിഷ്‌കാരം എന്നത് പോലെ തന്നെ പുരോഗമന മുസ്‌ലിംകളെ കുറിച്ചുള്ള, അല്ലെങ്കിൽ അവരുടെ പച്ചയായ ജീവിതം പറയുന്ന ഹലാൽ ലവ് സ്റ്റോറി മുസ്‌ലിം സമൂഹം എങ്ങനെ സ്വീകരിച്ചു എന്നതിനേക്കാൾ ഇത് മതേതര പൊതുമണ്ഡലം എങ്ങനെ സ്വീകരിച്ചു എന്ന് പരിശോധിച്ചാൽ, മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഉള്ളടക്കവും പൊതുമണ്ഡലം അപരിഷ്കൃതരായി കണ്ടിരുന്ന മുസ്‌ലിം സമുദായം സർഗാത്മകതയുടെയും സാംസ്കാരിക ഇടപെടലുകളുടെയും മേഖലകളിൽ തങ്ങളുടെതായ സ്ഥാനം അടയാളപ്പെടുത്തുന്നതും കേരളത്തിലെ മതേതര ലിബറൽ ലോകത്ത് പോറൽ ഏല്പിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

സാമ്രാജ്യത്വ വിമർശനം, കൊക്കക്കോള വിരുദ്ധ സമരം, ഭൂസമരം തുടങ്ങിയ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും ഇടത് രാഷ്ട്രീയ വ്യവഹാരങ്ങളുടെ ശക്തമായ ഭാഗമായി നിലനിൽക്കുന്ന കാലത്താണ് അത്തരം വ്യവഹാരങ്ങളിൽ മത സംഘടനകൾ ഇടപെടുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇത്തരം ഇടപെടലുകളെ ശക്തമാക്കുകയും മുസ്‌ലിം കീഴാള രാഷ്ട്രീയത്തെ ഉയർത്തികൊണ്ട് വരികയും ചെയ്തു. അങ്ങനെ മുസ്‌ലിം സമുദായത്തിന് മേൽ ഭീകരവാദ, തീവ്രവാദ ആരോപണങ്ങൾ ചാർത്തി കൊടുക്കുകയും ചെയ്‌ത് വന്നു. ദളിത് – ആദിവാസി വിഭാഗങ്ങൾക്ക് മേൽ മാവോയിസ്റ്റ്, നക്സലൈറ്റ് മുദ്രകളും ചാർത്തി കൊടുത്തു. അതിന്റെ തുടർച്ച ഇന്നും കാണവുന്നതാണ്. പിണറായി സർക്കാരിന്റെ ഭരണത്തിൽ മാത്രം 8 പേരാണ് വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലൂടെ കൊല്ലപ്പെട്ടത്. ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് മാറി ടാഡ, പോട്ട എന്ന ഭീകര നിയമങ്ങൾ നടപ്പിലാക്കാതിരുന്ന സംസ്ഥാനമായിരുന്ന കേരളത്തിൽ UAPA ഇടത്- വലത് മുന്നണികൾക്ക് എങ്ങനെ ഒരേപോലെ സ്വീകാര്യമായി എന്നതിനെ കുറിച്ച് ശക്തമായ ചോദ്യങ്ങൾ ഗ്രന്ഥകാരൻ ഉയർത്തുന്നുണ്ട്.

“ടാഡയും പോട്ടയും നടപ്പിലാക്കാത്ത സംസ്ഥാനമായിരുന്ന കേരളത്തിൽ എന്തുകൊണ്ട് ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സ്വീകാര്യതയോടെ യുഎപിഎ നടപ്പിലായി? ജയിലിലടക്കപ്പെട്ട മലയാളികളിൽ ബഹുഭൂരിപക്ഷവും എന്തുകൊണ്ട് മുസ്‌ലിംകളായി? കേരളത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ശക്തിയുണ്ടെന്ന് പറയപ്പെടുന്ന മുസ്‌ലിംകൾക്ക് എന്തുകൊണ്ട് നിയമപരിരക്ഷ പോലും നിഷേധിക്കപ്പെട്ട് ഈ നിയമത്തിന്റെ പേരിൽ വർഷങ്ങളോളം വിചാരണ പോലും കൂടാതെ ജയിലിൽ കഴിയേണ്ടിവരുന്നു?” തുടങ്ങിയ ചോദ്യങ്ങൾ പുസ്തകത്തിൽ കാണാം.

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്നാണ് ഇടത് മന്ത്രിസഭാംഗമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഗെയിൽ സമരവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവർ മുസ്‌ലിം തീവ്രവാദികളാണ് എന്ന് പറഞ്ഞത് ഇടതുപക്ഷ നേതാവാണ്. അബ്ദുൽ റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ഉണ്ടായ പച്ചബോർഡ് വിവാദം പോലെയുള്ള സംഗതികളിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായത്തെ വരെ പ്രതിസ്ഥാനത്ത് നിർത്തിയിരുന്നു. എന്നാൽ ഇത്തരം അനുഭവങ്ങൾ ഇടത് വിദ്യാഭ്യാസ മന്ത്രിയായ സി രവീന്ദ്രനാഥോ അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായത്തിനൊ അനുഭവക്കേണ്ടി വരില്ല. കാരണം, ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണവത്കൃത മതേതരത്തിന്റെയും അത് വികസിച്ചു വന്ന മുസ്‌ലിം വിരുദ്ധതയുടെയും ഫലമാണ്.

പുസ്തകങ്ങളെയും അക്ഷരങ്ങളേയും വേട്ടയാടുന്ന ഭരണകൂടത്തെയും രണ്ട് പതിറ്റാണ്ടിനിടയിൽ കേരളം കണ്ടതാണ്. മുസ്‌ലിം പ്രസിദ്ധീകരണാലയങ്ങളും സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തീവ്രവാദാരോപണങ്ങൾ ചാർത്തുകയും ചെയ്‌ത ഒരു കാലം കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. മാവൂർ റോഡിലെ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനമായ ഹിറാ സെന്ററിലെ ലൈബ്രറി, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങൾ  വരെ പ്രസിദ്ധീകരിച്ച കോഴിക്കോട്ടെ അദർ ബുക്സിന്റെ ഷോറൂം, കോഴിക്കോട് മിട്ടായി തെരുവിലെ നന്മ ബുക്സിന്റെ ഷോറൂം തുടങ്ങിയ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ ജ്ഞാനശാസ്ത്ര വയലൻസിന് വിധേയമായിട്ടുണ്ട് എന്ന് പുസ്തകം നിരീക്ഷിക്കുന്നു.

ഖിലാഫത്ത് പ്രക്ഷോഭത്തിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിം ചെറുപ്പക്കാർ ജയിലിൽ അടക്കപ്പെട്ടത് ഭീകര നിയമങ്ങൾ ചാർത്തപ്പെട്ടാണ് എന്ന് പുസ്തകം നിരീക്ഷിക്കുന്നു. UAPA കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിത നിലപാട് സ്വീകരിച്ച കേരളത്തിലെ ഇടത് സർക്കാരിന് പക്ഷെ സ്വന്തം പാർട്ടിയിലെ അലൻ ശുഐബ്, താഹാ ഫസൽ എന്ന രണ്ട് ചെറുപ്പക്കാരെ ലഘുലേഖയും പുസ്തകങ്ങളും കയ്യിൽ വെച്ചതിന്റെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ UAPA ചാർത്തി മാസങ്ങളോളം ജയിലിലടച്ചു. എന്നാൽ ഈ ലഘുലേഖയും പുസ്തകങ്ങളും ഏതെങ്കിലും നിരോധിത സംഘടനയുടെതല്ലതാനും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം അലൻ ശുഐബും താഹാ ഫസലും ഇടതുപക്ഷ പ്രവർത്തകർ ആണെന്നിരിക്കെ ഇരുവരും മുസ്‌ലിം സ്വത്വം പേറുന്നവരാണ് എന്നതാണ്.

ഇടതു സർക്കാറിന്റെ നാലര വർഷത്തെ ചില നടപടികൾ പരിശോധിച്ചാൽ മുസ്‌ലിംകൾ ഇരസ്ഥാനത്ത് വരികയും RSS പ്രതിസ്ഥാനത്ത് വരികയും ചെയ്ത കേസുകളിൽ UAPA പോലെയുള്ള ഭീകര നിയമങ്ങൾ (UAPA പോലെയുള്ള ഭീകര നിയമങ്ങൾ എതിർക്കപ്പെടേണ്ടതാണ്) ചുമത്തേണ്ട കേസുകളും ഉണ്ടായിരിക്കെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല എന്നത് ഇടത് പക്ഷത്തിന്റെ സംഘപരിവാർ പ്രീണനവും മുസ്‌ലിം വിരുദ്ധതയും രാഷ്ട്രീയ കാപട്യവുമാണ് വ്യക്തമാക്കുന്നത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ലഘുലേഖ വിതരം ചെയ്ത മുസ്‌ലിംകളെ സംഘപരിവാർ ഭീകരമായി മർദിച്ചപ്പോൾ അതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് സംഘപരിവാറിന് മരുന്നിട്ട് കൊടുക്കരുത് എന്നാണ്. ഭരണഘടനപരമായ അവകാശത്തെ ഉപയോഗപ്പെടുത്തി മതപ്രബോധനം നടത്തിയ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുകയും അക്രമികളെ വെള്ളപൂശുന്നതുമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇവിടെ മുസ്‌ലിമിന് നീതി നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.

കൊടിഞ്ഞി ഫൈസലിനെ വധിച്ച RSS പ്രവർത്തർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് സാധിച്ചില്ല. കാസർകോട് റിയാസ് മൗലവിയെ തല അറുത്ത് കൊന്ന RSS പ്രവർത്തകർ ലഹരിപ്പുറത്ത് ചെയ്തതാണ് എന്നാണ് ഇടത്പക്ഷം സ്വീകരിച്ച നിലപപാട്.

ഹാദിയ വിഷയത്തിലും നജ്മൽ ബാബു വിഷയത്തിലും ഇടതുപക്ഷം സംഘപരിവാറിന് അനുകൂലമായ നിലപാടുകളും തീരുമാനങ്ങളുമാണ് സ്വീകരിച്ചത്.

പരിവർത്തനം എന്നത് ഭരണഘടനാപരമായ അവകാശമായി നിലനിൽക്കെ, ഇസ്‍ലാം സ്വീകരിച്ച ഹാദിയയെ കേരളത്തിലെ നിയമ സംവിധാനങ്ങൾ അടക്കം മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചു. സംഘപരിവാറിന്റെ നുണ കഥയായ ലവ് ജിഹാദ് ആരോപണങ്ങൾ ഹാദിയ വിഷത്തോടനുബന്ധിച്ച് മതേതര മാധ്യമ ലോകം ഏറ്റുപിടിച്ചു. ഇസ്‍ലാം സ്വീകരിച്ചതിന്റെ പേരിൽ ഹാദിയ അടക്കം ഒരുപാട് പെൺകുട്ടികൾ തൃപ്പൂണിത്തുറയിലെ ഘർവാപ്പസി കേന്ദ്രത്തിൽ വെച്ച് തങ്ങൾക്കേറ്റ ശാരീരിക – മാനസിക പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞെങ്കിലും അതിനെതിരെ നടപടി എടുക്കാൻ കേരളാ സർക്കാർ തയ്യാറായില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഗീർവാണങ്ങൾ മുഴക്കുന്ന കേരളത്തിലെ സോ കോൾഡ് ‘പുരോഗമന മനുഷ്യാവകാശ സംഘടനകൾക്കും’ വനിതാ കമ്മീഷനും ഹാദിയ ഒരു വിഷയമേ ആയില്ല. ഹാദിയാ വിഷയത്തിൽ കേരളത്തിലെ മുഖ്യാധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളു’ടെ മൗനവും നിലപാടുകളും അവർ ഹിന്ദുത്വ ഫെമിനിസത്തിന്റെ’ വക്താക്കളാണ് എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു.

ഇടത് സഹയാത്രികനായിരുന്ന ടി എൻ ജോയി ഇസ്‍ലാം സ്വീകരിച്ച് നജ്മൽ ബാബു എന്ന് പേര് സ്വീകരിച്ചു. എന്നാൽ നജ്മൽ ബാബുവിനോട് അദ്ദേഹത്തിന്റെ മരണാനന്തരം ഹിന്ദുത്വ മതേതര സമൂഹം സ്വീകരിച്ച നിലപാട് തന്റെ മയ്യത്ത് ചേരമാൻ പള്ളിയിൽ ഖബറടക്കണം എന്ന് അദ്ദേഹം എഴുതി തയ്യാറാക്കി വെച്ചിരുന്ന വസ്വിയ്യത്തിന് വിരുദ്ധമായിരുന്നു. അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്തുക്കൾക്ക് പോലും മയ്യത്ത് നിസ്കരിക്കാൻ അനുവദിക്കാതെ പോലീസിന്റെ സഹായത്തോടെ മയ്യത്ത് കത്തിച്ചു കളയുകയായിരുന്നു. മുസ്‌ലിമായ ഒരു വ്യക്തി രേഖപെടുത്തി വെച്ച അഭിലാഷം പോലും സാധിച്ചു കൊടുക്കാതിരിക്കാൻ മാത്രം കേരളത്തിൽ ഇസ്‍ലാമോഫോബിയ ശക്തമാണ് എന്നുവേണം മനസിലാക്കാൻ. ഇസ്‍ലാം സ്വീകരിച്ച് മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയായ കേരളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയെ കമലാ സുരയ്യ എന്ന് അഭിസംബോധന ചെയ്യാനോ അങ്ങനെ അനുസ്മറിക്കാനോ മുഖ്യാധാര സഹിത്യ ലോകത്തിന് സാധിച്ചിട്ടില്ല. അവിടെ മാധവിക്കുട്ടി എന്ന പേരാണ് സ്വീകരിക്കപ്പെട്ടത്. ഇസ്‍ലാം സ്വീകരിച്ചതിന്റെ പേരിൽ തന്നെ വധിക്കാൻ ബിരിയാണിയിലും ലഡുവിലും ആളുകൾ വിഷം പുരട്ടി നൽകിയിട്ടുണ്ട് എന്ന് അവർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക ലോകത്ത് ഇസ്‌ലാമോഫോബിയയുടെ ആഴം എത്രത്തോളമുണ്ട് എന്ന് കമലാ സുരയ്യയുടെ ഈ തുറന്നു പറച്ചിൽ മാത്രം മതി.

ഇത്തരം വംശീയതയുടെയും വിദ്വേഷത്തിന്റെയും ലോകത്ത് മുസ്‌ലിം രാഷ്ട്രീയം, മുസ്‌ലിം സ്വത്വം എന്നീ തലങ്ങളിൽ നിന്ന് കൊണ്ട് കോവിഡ് കാലത്തെ നിരീക്ഷിക്കുമ്പോൾ കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടം ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ വംശീയ വൈറസായി ‘പരിവർത്തിക്കപ്പെട്ടു’ എന്ന് കാണാം. പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് വർത്തമാനകാല ഇന്ത്യയിലും ഭൂതകാല ഇറ്റലിയിലും ചില സമാനതകൾ കണ്ടെത്താൻ സാധിക്കും. “1348 ൽ ഇറ്റലിയിലെ സിസിലിയിൽ യൂറോപ്പിനെയാകെ ബാധിച്ച ഒരു മഹാമാരി പൊട്ടിപുറപ്പെട്ടു. കാട്ടുതീ പോലെ യൂറോപ്പിലാകെ പടർന്നു കയറി മരണവും അരക്ഷിതാവസ്ഥയും സൃഷ്‌ടിച്ച പ്ലേഗ് രോഗമായിരുന്നു ആ വിപത്ത്. യൂറോപ്പിനെ ആസകാലം ഗ്രസിച്ച ഈ രോഗം അവിടത്തെ ജനസംഖ്യയുടെ അറുപത് ശതമാനം വരെ കവർന്നെടുത്തതായി  ചരിത്രം പറയുന്നു. ഈ പ്ലേഗ് ബാധയുടെ ഉറവിടം ജൂതന്മാരിൽ നിന്നാണെന്നാണ് യൂറോപ്പിൽ പ്രചരിപ്പിക്കപ്പെട്ടത്. ജൂതന്മാർ യൂറോപ്പിലെ പൊതു കിണറുകളിൽ വിഷം കലർത്തുകയും ശേഷം ഇത്തരം കിണറുകളിൽ നിന്ന് വെള്ളമെടുക്കാതെ വിട്ടുനിൽക്കുകയും ചെയ്തു എന്ന കിംവദന്തി വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടു. വംശീയ വിദ്വേഷത്തിൽ ഊട്ടപ്പെട്ട ഈ കള്ളക്കഥ പ്ലേഗ് ബാധയോടൊപ്പം യൂറോപ്പിലാകെ പടർന്നു. തദ്ഫലമായി ജൂത സമൂഹം വ്യാപകമായ ആക്രമണങ്ങൾക്കും കൂട്ടകൊലകൾക്കും വിധേയരായി”. – (ഐ പി എച്ച് പ്രസിദ്ധീകരിച്ച കോവിഡും കോവിഡാനന്തര ലോകവും ഒരു ഇസ്‌ലാമിക വായന എന്ന പുസ്തകത്തിൽ നിന്ന്)

വംശീയ വിദ്വേഷ പ്രചാരണങ്ങളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാം എന്നതിന്റെ ചരിത്രസാക്ഷ്യമാണ് മുകളിൽ പരാമർശിച്ചത്. സമാനമായ ചില സംഗതികൾ ഇന്ത്യയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കും. നിസാമുദ്ദീനിൽ സംഘടിപ്പിക്കപ്പെട്ട തബ്‌ലീഗ് സമ്മേളന ശേഷം കൊറോണയെ കുറിച്ചുള്ള നിരവധി കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ വംശീയ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയ ലൗ ജിഹാദ് പോലെയുള്ള പദാവലികളുടെ കൂടെ കൊറോണ ജിഹാദ് എന്ന സംജ്ഞ കൂടി പൊതുസമൂഹത്തിൽ  ഇട്ടുകൊടുത്ത് മുസ്‌ലിം വിരുദ്ധ- വംശീയ പൊതുബോധത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സംഘപരിവാർ അനുകൂല ദേശീയ മാധ്യമങ്ങളും ഈ കൊണ്ടുപിടിച്ച ശ്രമങ്ങൾക്ക് നിറംപകരുന്നുണ്ട്.

തബ്‌ലീഗ് പ്രവർത്തകർ കൊറോണ വ്യാപിക്കാൻ തങ്ങളുടെ മൂത്രം കുപ്പിയിലാക്കി പൊതുവഴികളിൽ ഉപേക്ഷിക്കുന്നു എന്ന വാർത്ത നൽകിയത് എൻ.ഡി.ടി.വിയാണ്. “2020 മാർച്ച് 26-ന് ദി ഹിന്ദു ദിനപത്രം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ കൊറോണ വൈറസിനെ വരച്ചെടുത്തിരിക്കുന്നത് പത്താനി സ്യൂട്ട് ഉടുപ്പിച്ചുകൊണ്ടാണ്. കാർട്ടൂണിൽ തെളിഞ്ഞ മുസ്‌ലിം വിരുദ്ധത എടുത്തുകാട്ടി വായനക്കാരുടെ വിമർശനം ഉയർന്ന് വന്നപ്പോൾ പത്താനി സ്യൂട്ടിന് പകരം സ്റ്റിക് നൽകി ഓൺലൈനിൽ പത്രം തിരുത്ത് കൊടുത്തു. ഭീകരതക്ക് വസ്ത്രമുണ്ടെങ്കിൽ അത് മുസ്‌ലിം വസ്ത്രധാരിയാകാമെന്നും അല്ലെങ്കിൽ അത് അരൂപിയായിരിക്കുമെന്നുമാണ് തിരുത്തലൂടെയും തെളിയിക്കപ്പെട്ടത്”. – (ഐ പി എച്ച് പ്രസിദ്ധീകരിച്ച കോവിഡും കോവിഡാനന്തര ലോകവും ഒരു ഇസ്‌ലാമിക വായന എന്ന പുസ്തകത്തിൽ നിന്ന്) കോവിഡ് ബാധയില്ല എന്ന് തിരിച്ചറിഞ്ഞ് വിട്ടയക്കപ്പെട്ട തബലീഗ് പ്രവർത്തകനെ ആൾക്കൂട്ടം തല്ലി ചതച്ച് ജീവച്ഛവമാക്കിയത് ഭൂതകാലത്തെ ഇറ്റലിയിൽ നിന്ന് വർത്തമാനകാല ഇന്ത്യയിലേക്ക് വലിയ ദൂരമില്ല എന്നാണ് വ്യക്തമാക്കുന്നത്. സമീപ കാലത്തൊന്നും ചർച്ചകൾ തീരില്ലെങ്കിലും കൊറോണ വൈറസ് മനുഷ്യ നിർമിതമാണോ അല്ലെ എന്ന കാര്യത്തിൽ വാദങ്ങൾ നടന്നുകൊണ്ടിരിക്കെ തന്നെ ഐ.എസുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ് എന്നത് മുസ്‌ലിം തീവ്രവാദത്തിനും ഭീകരവാദത്തിനും വേണ്ടി നിർമിക്കപ്പെട്ട ജൈവായുധമാണ് എന്ന് വരെ പ്രചാരണങ്ങൾ നടന്നിരുന്നു.

ഇത്തരം ഭീകരമായ മുസ്‌ലിം വിരുദ്ധ സാമൂഹ്യ സാഹചര്യങ്ങൾ നിലനിൽക്കെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും മുസ്‌ലിമിന്റെതായ ഐഡന്റിറ്റിയും ശബ്ദങ്ങളും മുദ്രാവാക്യങ്ങളും തിരസ്കരിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. എറണാകുളത്ത് നടന്ന ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യ സംഗമത്തിൽ പക്ഷെ, ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ മുസ്‌ലിമിന്റെ സാന്നിധ്യം ബോധപൂർവം ഒഴിവാക്കിയിരുന്നു.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും ജാമിഅഃ മില്ലിയയിലും രൂപപ്പെട്ട പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിൽ മുസ്‌ലിമിനെ രാഷ്ട്രീയമായും ആത്മീയമായും ഉദ്ദീപിപ്പിക്കാൻ കഴിയുന്ന ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, ഇൻഷാ അല്ലാഹ് പോലെയുള്ള മുദ്രാവാക്യങ്ങൾ പക്ഷെ കേരളത്തിലെ ജനകീയ സമരങ്ങളിൽ ഒഴിവാക്കപ്പെട്ടു. അതിനുള്ള ന്യായമായി പറഞ്ഞത് മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കും എന്നാണ്. എന്നാൽ ജയ് ഭീം പോലെയുള്ള ദലിത് – കീഴാള മുദ്രാവാക്യങ്ങളും ശബ്ദങ്ങളും ജനകീയ സമരങ്ങളിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇത്തരം ഒരു ദലിത് – കീഴാള ജനകീയ അടിത്തറയുള്ള പ്രസ്ഥാനം രോഹിത് വെമുലക്ക് വേണ്ടി രൂപെടുകയും എന്നാൽ നജീബിന് വേണ്ടി അത്തരം ജനകീയ അടിത്തറ വികസിക്കാതെ പോയതിന്റെയും കാരണങ്ങളെ പുസ്തകം വിശകലനം ചെയ്യുന്നു.

മുസ്‌ലിം ചിഹ്നങ്ങളും ശബ്ദങ്ങളും സ്വീകരിക്കുവാൻ ഇവിടത്തെ ബഹുസ്വരത ഇനിയും പാകമാകാതെ നിൽക്കുന്നത് കൊണ്ടാണ് കേരളത്തിലെ പൗരത്വ സമരങ്ങളിൽ മുസ്‌ലിം മുദ്രാവാക്യങ്ങൾ തിരസ്കരിക്കപ്പെട്ടത്. മുസ്‌ലിമിനെ ഉൾക്കൊള്ളാൻ സാധിക്കാത്ത പ്രശ്നമായിട്ടുകൂടി അതിനെ മനസിലാക്കണം. കാരണം മുസ്‌ലിമിനെ അപരവൽക്കരിച്ചും അദൃശ്യവൽക്കരിച്ചുമാണ് ഇന്ത്യൻ മതേതരത്വം വികസിച്ചു വന്നത്.

കോഴിക്കോട്ടെ ഡൗൺ ടൗൺ കഫെ സംഘ്പരിവാർ ആക്രമിച്ചപ്പോൾ അതിലെ മുസ്‌ലിം വിഷയത്തെ അദൃശ്യമാക്കിയാണ് പ്രതിഷേധങ്ങൾ നടന്നത്. എന്നാൽ ആ കാലത്ത് തന്നെ നടന്ന ‘കിസ് ഓഫ് ലവ്’ എന്ന സമരരൂപത്തെ എതിർത്ത മുസ്‌ലിമിനെ അപരിഷ്കൃതൻ, പിന്തിരിപ്പൻ തുടങ്ങിയ ലേബലുകളിൽ കെട്ടിയിടാൻ ശ്രമിച്ചിരുന്നു. കത്വയിലെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും വേണ്ടി നടന്ന ജനകീയ ഹർത്താലിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തിയ ‘പിതൃശൂന്യ ഹർത്താൽ’ പോലെയുള്ള പ്രയോഗങ്ങൾ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും മുഖ്യാധാരയിൽ നിന്ന് മുസ്‌ലിം – കീഴാള – ബഹുജൻ വിഭാഗത്തിലേക്ക് മാറുന്നതിന്റെ ആകുലതകൾ കൊണ്ടാണ് രൂപപ്പെടുന്നത്. ജനകീയ ഹർത്താലിനെ അടിച്ചമർത്താൻ ഭരണകൂടം തന്നെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹർത്താൽ നടത്തി പ്രതിഷേധിച്ച ആളുകളെ, വിശിഷ്യാ ചെറുപ്പക്കാരെ തെരെഞ്ഞുപിടിച്ച് അറ്റസ്റ്റ് ചെയ്തത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ആളുകളേയും പല സ്ഥലങ്ങളിലും കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ കപടതയും സംഘപരിവാർവൽക്കരണവും എത്രത്തോളം ഉണ്ട് എന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൗരത്വ സമരങ്ങൾ ആവിർഭവിച്ച കേന്ദ്ര സർവകലാശാലകളിലേയും ഐ ഐ ടി കളിലെയും ബ്രാഹ്മണ മേൽക്കോയ്മയും മുസ്‌ലിം വിരുദ്ധതയും ജാതി വിവേചനങ്ങളും ചെന്നൈ ഐ ഐ ടിയിൽ സ്ഥാപനവൽകൃത കൊലപാതകത്തിന് ഇരയായ ഫാത്തിമാ ലത്തീഫിന്റെ ജീവിതം മുന്നിൽ വെച്ച് പുസ്തകം സമർത്ഥിക്കുന്നു.

ഒന്നിലധികം നിർവചനങ്ങൾക്ക് സാധ്യതയുള്ള അല്ലെങ്കിൽ പല തരത്തിലുള്ള നിർവചനങ്ങൾ തേടുന്ന ഒരു വ്യവഹാരമായി ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നു. എന്നിരിക്കെ ഇസ്‌ലാമിനും മുസ്‌ലിമിനുംമേൽ പലതരത്തിലുമുള്ള അധീശത്വം സ്ഥാപിക്കാൻ ഇസ്‍ലാമോഫോബിയയുടെ വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് കഴിയുന്നു എന്നത് അനുഭവയാഥാർഥ്യമാണ്. ആഗോളതലത്തിലെ സഞ്ചാരത്തിന് സമാന്തരമായി മറ്റൊരു രീതിയിൽ കേരളത്തിലും ഇസ്‌ലാമോഫോബിയ സഞ്ചരിക്കുന്നുണ്ട് എന്ന് പുസ്തകം വായിച്ചു തീർക്കുമ്പോൾ മനസിലാകും. ശരീഅത്ത് വിവാദം മുതലോ അതിന് മുമ്പോ കേരളത്തിൽ മുസ്‌ലിം വിരുദ്ധ ആശയങ്ങൾക്ക് നേതൃത്വം നൽകിയതിൽ കൂടുതലും ഇടത്പക്ഷമാണ് എന്ന് ബോധ്യപ്പെടും. അതിൽ പ്രധാന കാരണങ്ങളിൽ ഒന്ന്, കേരളത്തിലെ സാംസ്കാരിക ലോകം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ആയതിനാൽ തന്നെ ‘സാംസ്കാരികമായ ഇസ്‍ലാമോഫോബിയ’ കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് സമകാലിക അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ നിന്ന് കൊണ്ട് കേരളത്തിലെ ഇസ്‌ലാമോഫോബിയയെ ആഴ്ത്തിൽ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ശ്രമമാണ് ‘ഇസ്‌ലാമോഫോബിയ : മലയാള ഭൂപടം’ എന്ന പുസ്തകം. ഇസ്‌ലാമോഫോബിയക്കെതിരെ ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ പ്രതിരോധങ്ങൾ ഉയർന്ന് വരേണ്ടതിന്റെ അവശ്യകതയും അനിവാര്യതയും പുസ്തകം മുന്നോട്ട് വെക്കുന്ന പ്രധാന കാര്യമാണ്.

By മുഷ്താഖ് ഫസൽ

Post Graduate Student, Al Jamia Al Islamiyya, Santhapuram